അമ്മ ഒരു മാനേജ്‌മെന്റ് വിദഗ്ധ

ജിജി. നിലമ്പൂര്‍ No image

തലമുറകള്‍ക്ക് ജന്മം കൊടുക്കുന്ന സ്ത്രീ, അമ്മ. അവളുടെ മഹത്വം ചരിത്രകാരന്മാരുടെയോ കവികളുടെയോ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയോ രചനക്കും പ്രഭാഷണങ്ങള്‍ക്കും അപ്പുറത്താണ്.
പര്‍വതമുകളില്‍നിന്നും താഴോട്ടൊഴുകി സമുദ്രത്തില്‍ പതിക്കുന്ന നദിയുടെ സ്വഭാവമാണ് അമ്മക്കുള്ളത്. നദിയുടെ പ്രയാണത്തില്‍ അനേകം തടസ്സങ്ങളുണ്ട്. പാറകള്‍, കുഴികള്‍, കുറ്റിക്കാടുകള്‍... എന്നാല്‍ നനവുള്ള നദിയുടെ ഇരുവശത്തും പച്ചപ്പുമാണ്. ഈ പച്ചപ്പാണ് കുടുംബത്തിന്റെ അടിത്തറ. ഒരു കുഞ്ഞ് ആദ്യം ഉരുവിടുന്ന ശബ്ദം അമ്മ. വിദ്യാലയങ്ങളില്‍നിന്നും പുസ്തകക്കെട്ടുമായി നാലുമണിക്ക് ഓടിയെത്തുന്ന അവന്‍/അവള്‍ വിളിക്കുന്നു 'അമ്മേ... കഴിക്കാന്‍ വല്ലതും തായോ'... മക്കള്‍ മുതിര്‍ന്നാലും വിവാഹിതരായാലും വിദേശത്തായാലും തറവാട്ടിലേക്ക് വരുന്നു; അമ്മയെ കാണാന്‍. യു.എന്‍.ഒ സംഘടിപ്പിച്ച ഒരു അന്താരാഷ്ട്ര സെമിനാറില്‍ ചര്‍ച്ചചെയ്യപ്പെട്ട വിഷയം 'ലോകത്തില്‍ ഏറ്റവും ആദരിക്കപ്പെടുന്ന വ്യക്തി ആര്' എന്നതായിരുന്നു. രണ്ടു ദിവസത്തെ ചര്‍ച്ചക്ക് ശേഷം അവര്‍ ഉത്തരം കണ്ടെത്തി-അമ്മ. ഏറ്റവും ആദരിക്കപ്പെടേണ്ടവള്‍ അവള്‍ തന്നെ.
കുടുംബത്തിന്റെ സാഹചര്യങ്ങളും സൗകര്യങ്ങളും ഉള്‍ക്കൊണ്ട് അവള്‍ ഭാര്യയായി, അമ്മയായി, അമ്മൂമയായി മാറുകയാണ്. ഓരോ ഘട്ടത്തിലും അവള്‍ കാണിക്കുന്ന ജീവിത വിശുദ്ധി, കാര്യപ്രാപ്തി, ശുഭാപ്തി വിശ്വാസം, അര്‍പ്പണ മനോഭാവം, ദൈവാശ്രയം ഇതൊക്കെയാണ് കുടുംബത്തെ മുന്നോട്ടു നയിക്കുന്നത്. കുടുംബത്തിന്റെ താക്കോല്‍ കൈയില്‍ കിട്ടുന്ന നിമിഷം മുതല്‍ അവള്‍ വിവിധ രംഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന മാനേജ്‌മെന്റ് വൈഭവം ഏവരെയും അതിശയിപ്പിക്കുന്നതാണ്. എഴുതപ്പെടാത്ത കണക്കുപുസ്തകത്തില്‍ ആ വൈഭവമൊക്കെ മുങ്ങിപ്പോകുന്നു എന്നുള്ളതാണ് സത്യം.
കുടുംബത്തിന്റെ അനുദിന നടത്തിപ്പില്‍ അമ്മ എങ്ങനെ ഒരു കാര്യസ്ഥയായി പ്രവര്‍ത്തിക്കുന്നു എന്നു നോക്കാം.
ഒരു കുടുംബത്തിനാവശ്യമുള്ള പല ചരക്കുകള്‍, ഭക്ഷണ സാധനങ്ങള്‍, ടോയ്‌ലെറ്റ് സാധനങ്ങള്‍ എന്തിന്, ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള എല്ലാ സാധനങ്ങളുടെയും ലിസ്റ്റ് തയ്യാറാക്കി സ്റ്റോക്ക് തീരുന്നതിന് മുമ്പ് വീട്ടില്‍ സാധനങ്ങള്‍ എത്തിക്കുവാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെടുന്നത് ഭാര്യയാണ്. ഈ സാധനങ്ങളൊക്കെയും വേണ്ടവിധം ക്രമപ്പെടുത്തി കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ലഭ്യമാകുംവിധം അവള്‍ ക്രമപ്പെടുത്തുന്നു.
ഒരമ്മയുടെ മാനേജ്‌മെന്റ് വൈദഗ്ധ്യം ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്നത് പോരായ്മകളും ഇല്ലായ്മകളും ഉള്ള അവസരത്തിലാണ്. ഒരേസമയത്ത് പല കാര്യങ്ങളും കൈകാര്യം ചെയ്യാനുള്ള കഴിവ് വീട്ടമ്മക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്. ഭക്ഷണം പാകംചെയ്യുന്നതിനിടക്കാവും വീട്ടിലെ ഫോണ്‍ബെല്ല് മുഴങ്ങുക. അതിനിടയിലാകും ഭര്‍ത്താവിന്റെ ഷര്‍ട്ട് ഇസ്തിരിയിട്ടോ എന്ന് ചോദിക്കുക. കുട്ടികള്‍ ഹോംവര്‍ക്ക് ചെയ്‌തോ എന്നൊരു മേലന്വേഷണം അത്യാവശ്യം. അപ്പോളതാ കോളിംഗ്‌ബെല്ലില്‍ ആരോ വിരലമര്‍ത്തിയിരിക്കുന്നു. വിരുന്നുകാരെ കുശലംപറഞ്ഞ് അകത്തിരുത്തിയപ്പോള്‍... ശോ... പവര്‍കട്ട്. ഇനി മിക്‌സി കറങ്ങില്ല. അരക്കല്ലില്‍ കറിയുടെ അരപ്പൊക്കെ അരച്ചെടുക്കണം. തേങ്ങ ചുരണ്ടിക്കൊണ്ടിരിക്കുമ്പോള്‍ മുറ്റത്തുനിന്നും ഒരു ശബ്ദം. ''അമ്മേ വല്ലതും തരണേ. ധര്‍മക്കാരാണേ''... അങ്ങനെ നൂറ് നൂറ് കാര്യങ്ങള്‍ ഒരു വീട്ടമ്മയുടെ മുന്നില്‍. അവയൊക്കെയും സമര്‍ത്ഥയായ അമ്മ എത്ര ഭംഗിയായിട്ടാണ് കൈകാര്യം ചെയ്യുക.
ലോകത്തില്‍ ഏറ്റവും അധികം പ്രതിബദ്ധത കാണിക്കുന്നത് ഒരു അമ്മയാണ് എന്നാണ് മനസ്സിലാക്കുന്നത്. ഭര്‍ത്താവിനും കുട്ടികള്‍ക്കും വേണ്ടി അവള്‍ എന്തിനും തയ്യാറാണ്. വിഷമഘട്ടങ്ങളില്‍ പുരുഷന്മാരെക്കാളധികം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് സ്ത്രീകളാണ്. മാനേജ്‌മെന്റ് വിദഗ്ധര്‍ക്ക് അവശ്യം വേണ്ട ഘടകങ്ങളാണ് പ്രതിബദ്ധതയും ആത്മവിശ്വാസവും. ഇതോടൊപ്പം പോകുന്നതാണ് ഉത്തരവാദിത്വ ബോധം. ഒരു കുടുംബത്തിന്റെ മുഴുവന്‍ കാര്യങ്ങളില്‍ അമ്മ വ്യാപൃതയാണ് എന്നുള്ളതുകൊണ്ടുതന്നെ അമ്മയുടെ ഉത്തരവാദിത്തബോധം കുടുംബത്തെ ഉയര്‍ച്ചയിലേക്ക്  നയിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ മാത്രമല്ല, മക്കളെ മൂല്യബോധങ്ങളില്‍ വളര്‍ത്തുന്നതിലും കുടുംബത്തിലെ മറ്റംഗങ്ങളെ ബഹുമാനിക്കുന്നതിലും ശുശ്രൂഷിക്കുന്നതിലും ഭര്‍ത്താവിന് നല്ലൊരു താങ്ങായി നിലകൊള്ളുന്നതിലും ബന്ധുജനങ്ങളുടെയും അയല്‍പക്കക്കാരുടേയും സ്‌നേഹം നേടിയെടുക്കുന്നതിലുമൊക്കെ ഈ ഉത്തരവാദിത്തബോധം പ്രകടമാണ്. കുടുംബത്തിനാവശ്യമുള്ള സാധന സേവനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി സമയത്ത് ലഭ്യമാക്കുന്ന കാര്യത്തിലും ഇല്ലായ്മകളും വല്ലായ്മകളും അടിയന്തര ഘട്ടങ്ങളും കൈകാര്യം ചെയ്യുന്ന കാര്യത്തിലും ഒരേ സമയം പല കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാനുള്ള അമ്മയുടെ കാര്യപ്രാപ്തിയും വിഷമഘട്ടങ്ങളില്‍ ഭര്‍ത്താവിനും മക്കള്‍ക്കും കൊടുക്കുന്ന ആത്മവിശ്വാസവും കുടുംബത്തോടുള്ള അമ്മയുടെ പ്രതിബദ്ധതയും എല്ലാം അവളിലെ മാനേജ്‌മെന്റ് വൈദഗ്ധ്യത്തെയാണു വെളിപ്പെടുത്തുന്നത്.
സമയക്രമീകരണങ്ങളില്‍ ഒരമ്മ കാണിക്കുന്ന ഉത്തരവാദിത്വം ഏറെ വിലപ്പട്ടതാണ്. വീട്ടില്‍ ആദ്യം ഉണരുന്നത് അമ്മയാണല്ലോ. പൂവന്‍കോഴി കൂവിയില്ലെങ്കിലും അലാറം അടിച്ചില്ലെങ്കിലും കാക്ക ശബ്ദിച്ചില്ലെങ്കിലും അമ്മ സമയത്തുതന്നെ ഉണരും. മറ്റുള്ളവരെയും ഭര്‍ത്താവിനേയും മക്കളെയും അവരുടെ സമയത്ത് ഉണര്‍ത്തേണ്ട ഉത്തരവാദിത്വം മിക്ക വീടുകളിലും അമ്മക്കു തന്നെ. രാവിലത്തെ കട്ടന്‍ ചായ മുതല്‍ രാത്രി അത്താഴം വരെ കൃത്യസമയത്തു ലഭ്യമാക്കുന്നതിന്റെ ഉത്തരവാദിത്വവും മറ്റാര്‍ക്കുമല്ലല്ലോ. ഭര്‍ത്താവിന്റെ ഓഫീസില്‍ പോക്ക്, മക്കളുടെ സ്‌കൂളില്‍ പോക്ക്, വീട്ടമ്മ ഉദ്യോഗസ്ഥയാണെങ്കില്‍ അവളുടെ യാത്രയുടെ സമയം- ഇതെല്ലാം ക്രമീകരിക്കുന്നത് അമ്മ തന്നെ. ഇതിനിടക്ക് മറ്റു വീട്ടുകാര്യങ്ങള്‍, പത്രം, ടി.വി, ന്യൂസ്, എല്ലാവരുടെയും കുളി, ശുചിത്വം, വീട് വൃത്തിയാക്കല്‍ എല്ലാം അമ്മയുടെ മേല്‍നോട്ടത്തില്‍ തന്നെ.
എല്ലാ വീട്ടമ്മമാരും പറയുന്ന, പരാതിപ്പെടുന്ന ഒരു കാര്യം: ''ഹൊ! സമയം തികയുന്നില്ല.'' സമയത്തിന്റെ വില ഏറ്റവും മനസ്സിലാക്കുന്നവള്‍ അമ്മ തന്നെ. ഒരു സെക്കന്റിന്റെ ആറിലൊരംശത്തിനും അവിടെ വിലയുണ്ട്. പി.ടി ഉഷയോട് ചോദിച്ചാല്‍ പറയും ഒളിമ്പിക്‌സിനു മെഡല്‍ നഷ്ടപ്പെട്ടത് ഒരു സെക്കന്റിന്റെ നൂറിലൊരംശത്തിനാണെന്ന്.
ഇത്രയും മൂല്യമുള്ള സമയം ഏറ്റവും സൂക്ഷ്മതയോടെ മാനേജ് ചെയ്യുന്നത് അമ്മ തന്നെയല്ലേ?
കുടുംബത്തിന്റെ വരവുചെലവുകള്‍ മാനേജ് ചെയ്യുവാന്‍ ഭര്‍ത്താവിനൊപ്പം നില്‍ക്കേണ്ടവളാണ് ആ വീട്ടിലെ വീട്ടമ്മ. പല കുടുംബങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളിലും കടക്കെണിയിലും വീഴുന്നത് അവരവരറിയാതെ ചെലവാക്കുമ്പോഴാണ്. കുടുംബത്തിന്റെ സമ്പത്ത്, വരുമാനം ഇതൊക്കെ വീട്ടമ്മ മാത്രമല്ല മക്കളും അറിഞ്ഞിരിക്കണം. പുരുഷന്മാരെക്കാള്‍ കൃത്യതയോടും സത്യസന്ധതയോടും മിതമായും സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് സ്ത്രീകളാണെന്നു പൊതുവെ പറഞ്ഞുകേള്‍ക്കാറുണ്ട്. ഒരമ്മയുടെ മാനേജ്‌മെന്റ് വൈഭവം ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത് അവള്‍ എങ്ങനെ കുടുംബത്തെ സ്‌നേഹസുന്ദരമായി  മുമ്പോട്ടുകൊണ്ടുപോകുന്നു എന്നു നോക്കിക്കാണുമ്പോഴാണ്.
അമ്മയുടെ ഏറ്റവും വലിയ കരുത്ത് അടിയുറച്ച ദൈവവിശ്വാസമാണ്. മക്കള്‍ ആദ്യമായി ദൈവശാസ്ത്രം പഠിക്കുന്നത് അവരുടെ അമ്മയില്‍ നിന്നാണ്. 'ദൈവം സ്‌നേഹമാണ്' എന്ന ബോധ്യം മക്കള്‍ക്കു ലഭിക്കുന്നത് അമ്മയില്‍നിന്നാണ്. വ്യവസ്ഥയില്ലാത്ത സ്‌നേഹം നല്‍കുന്നവനാണ് ദൈവം. എങ്കിലും തെറ്റുചെയ്താല്‍ ശിക്ഷയുണ്ട് എന്ന ബോധ്യവും മക്കള്‍ക്കു കൊടുക്കേണ്ടത് അമ്മയാണ്. ദൈവാനുഭവം ഒരു സുഖാനുഭവമാക്കാന്‍ ഒരമ്മക്കേ സാധിക്കൂ. വളരെ ചെറുപ്പത്തിലേ ദൈവചിന്തയും ദൈവാനുഭവവും മക്കളെ ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതും അമ്മയുടെ കടമ തന്നെയാണ്. ഇത് പാടത്ത് വിത്ത് വിതക്കുന്നതുപോലെയാണ്. ഉടനെ ഫലം തരണമെന്നില്ല. എങ്കിലും അമ്മ മക്കളുടെ മനസ്സില്‍, ആത്മാവില്‍ വിതറുന്ന വിത്ത് പാഴായിപ്പോവില്ല.
അപ്പോള്‍ ശരിയല്ലേ? ഒരമ്മചെയ്യുന്ന സേവനങ്ങള്‍ക്ക് വിലയിടാന്‍ പറ്റുമോ? ഇല്ല. അവള്‍ക്കു ശമ്പളം കൊടുക്കണോ?  വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ അവരുടെ കമ്പനി മാനേേജഴ്‌സിന് കൊടുക്കുന്ന ശമ്പളം കോടികളാണ്. അപ്പോള്‍ അവരെക്കാള്‍ വിദഗ്ദമായി എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി ചെയ്യുന്ന അമ്മ എന്ന മാനേജ്‌മെന്റ് വിദഗ്ധക്ക് എത്ര ശമ്പളം കൊടുക്കണം?
    

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top