മിനിസ്‌ക്രീനിനു പിന്നില്‍ സംഭവിക്കുന്നത്

കെ.വൈ.എ No image

ഇനിയും ഈ വെളിപ്പെടുത്തല്‍ തടഞ്ഞുവെക്കുന്നതിലര്‍ഥമില്ല. ടെലിവിഷന്‍ സ്‌ക്രീനിലെ അവതാരകരെപ്പറ്റി ആക്ഷേപങ്ങള്‍ പലതുണ്ട്. അവര്‍ പലപ്പോഴും അക്രമോത്സുകരാകുന്നു; വലത്തോട്ടു ചരിഞ്ഞ്, വലതുകൈമുട്ട് ഡെസ്‌കില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ വെച്ച്, സുരക്ഷിതമായ അകലത്തില്‍ നിന്ന് ഏതോ ഇരകളെ ചോദ്യം കൊണ്ട് ഭേദ്യം ചെയ്തുള്ള ആ ഇരിപ്പിനെപ്പറ്റി. എന്നാല്‍ എന്തുകൊണ്ട് അവര്‍ ഇങ്ങനെയായി എന്ന് ആരും ചേദിക്കാറില്ല. പൊതുവെ സൗമ്യശീലരായ മനുഷ്യജീവികള്‍ മിന്‌സ്‌ക്രീനിലെത്തുമ്പോള്‍ വേട്ടക്കാരാകുന്നതെന്ത്?
സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതിനു മിനിറ്റുകള്‍ക്ക് മുമ്പ് അവര്‍ കടന്നുപോയ കടുത്ത ജീവിതാനുഭവങ്ങളാണ് മാറ്റത്തിനു കാരണമെന്ന് തോന്നുന്നു. ഒരു സ്റ്റുഡിയോയിലൂടെ കടന്നുപോയപ്പോള്‍ കേള്‍ക്കാനിടയായ ഏതാനും സംഭാഷണങ്ങളാണ് ഇവിടെ പകര്‍ത്തുന്നത്. ഒളിമൊബൈലില്‍ പിടിച്ചത്.
 ****
സാറ് ആദ്യമായിട്ടാണ് ടിവിയില്‍ വരുന്നതെന്ന് തോന്നുന്നു? അത് പിന്നെ ഈ പരിഭ്രമം കണ്ടാലറിഞ്ഞൂടെ? വാതില്‍ ഓട്ടോമറ്റിക്കാണ് സാറെ. തുറക്കില്ല. മെയ്ക്കപ്പിട്ട് കഴിഞ്ഞാലേ തുറക്കൂ. ഉവ്വ്, വെള്ളം ദാ ഇവിടെ ഉണ്ട്. കുടിച്ചോളൂ.
കസേരയില്‍ ഇങ്ങനെ അറ്റത്ത് ചാരിയിരിക്കാതെ ശരിക്കങ്ങ് കേറിയിരുന്നോളൂ. എന്താ പറഞ്ഞത്? അല്ലല്ല, ഇത് ഡെന്റിസ്റ്റിന്റെ കസേരയല്ല. സാധാരണ മെയ്ക്കപ്പ് കസേര മാത്രം. വ്യത്യാസമോ? സാറങ്ങ് കേറിയിരുന്നാട്ടെ. നമുക്ക് വേഗം തീര്‍ക്കണം.
ഇത് കത്തിയൊന്നുമല്ല. സ്‌കിന്നിന്റെ ടോണ്‍ ശരിയാക്കാനുള്ള സ്റ്റിക്കാണ്. ഇല്ല, മൂര്‍ച്ചയില്ല. കണ്ണടച്ചിരുന്നോളൂ. പെട്ടെന്നു തീര്‍ക്കാം. അങ്ങനെ...
പെയിന്റ് അല്ല ഫേഷ്യല്‍ ടോണറാണ്. വെറും രണ്ടു കോട്ട് മതി. പിന്നെ എണ്ണയിട്ട് കഴുകിയാലും രണ്ടുദിവസത്തേക്ക് ഇളകിപ്പോകില്ല. അത്ര കേമനാ.
പുരികം ശരിയല്ലല്ലോ സാറേ. കുറച്ചൂടെ കൂര്‍പ്പിക്കാം. മൂക്കിന്റെ പൊസിഷന്‍ ഒട്ടും കൃത്യമല്ല കേട്ടോ.
അടുത്ത തവണ വെക്കാമെന്നോ? അയ്യോ സാറെ, സാറു വിഷമിക്കാന്‍ പറഞ്ഞതല്ല. തല്‍ക്കാലം നമുക്ക് ഇതുമതിയെന്നു വെക്കാം...
പറ്റില്ല സാറേ മുടി മുഴുവന്‍ കറുപ്പിക്കാനൊന്നും പറ്റില്ല. അതിന് ഇവിടെ സ്റ്റോക്ക് ചെയ്ത ഡൈ തികയില്ല. കുറച്ച് വെളുത്തു കിടക്കുന്നതാ ഇപ്പോഴത്തെ ഫാഷന്‍,
കണ്ണടച്ചോളൂ പോളകള്‍ക്ക് കുറച്ചൂടെ തടിപ്പ് വേണം. ഇനി തുറക്കൂ കണ്ണിന്റെ നിറം ശരിയല്ല കെട്ടോ. അടുത്ത തവണയാകട്ടെ, നല്ല ലെന്‍സിടാം. ഇനി എണീറ്റോളൂ.
കോട്ട് ഇതാണ് പാകം. ആദ്യമായി ഇടുന്നതല്ലേ. പ്രേക്ഷകര്‍ കണ്ട് പരിചയിക്കട്ടെ. തുടക്കത്തിലെ ഷോക്കാന്ന് മാറിക്കിട്ടിയാല്‍ നമുക്ക് കുറെക്കൂടി അടിപൊളി കോട്ടിടാം.
മണമോ? അത് കോട്ടിന്റെയാ. ദിവസവും എത്രപേര്‍ ഇടുന്നതാ. വഴിയുണ്ട് സാറേ. ഇങ്ങോട്ടിരുന്നാട്ടെ ദാ ഈ സ്‌പ്രേയുണ്ടല്ലോ. ഏത് മണവും അവനോടുതോല്‍ക്കും. അയ്യോ, കണ്ണിനിതാ ഇത്തിരി തിളക്കം കൂടി ബാക്കിയുണ്ടല്ലോ. കുറച്ചൂടെ കേറിയിരിക്ക് സാറേ, കണ്ണുതുറന്ന് മേലോട്ട് നോക്കൂ. കണ്ണിന്റെ ചുവടെ ചെറിയൊരു പ്രയോഗം. കരയാതെ! ദേ, മൂക്കില്‍ തേച്ചത് പോയി, ഒന്നുകൂടി...
ശരി, ഇനി വാതില്‍ തുറക്കാം. വേണം, കോട്ട് വേണം. അല്ല, ടൈയുടെ മുറുക്കം കൂടുതലല്ല; സാറിന് ശീലമില്ലാഞ്ഞിട്ടാ. ഇറങ്ങിക്കോളൂ. ദാ, അവിടെയാണ് സ്റ്റുഡിയോ. ആളുകള്‍ കാത്തുനില്‍ക്കുന്നതു കണ്ടില്ലേ?
***
(കാത്തുനില്‍ക്കുന്നത് ടെക്‌നീഷ്യന്മാരും മറ്റും. ഇന്നത്തെ ആദ്യത്തെ ഇരയാണ് ഈ വരുന്നത്.)
സാറ് വരൂ, ദാ, നിലത്തെ ഈ വരയില്‍ത്തന്നെ നിന്നോണം. ഇത് ശരിയായില്ലെങ്കില്‍ നമുക്ക് കസേരയിലിരിക്കാം. പക്ഷേ അതിന് മെയ്ക്കപ്പ് വേറെ വേണ്ടിവരും. എന്താ പറഞ്ഞത്? നിന്നോളാം, അല്ലേ? നല്ലത്.
അയ്യോ അനങ്ങരുത്. കാമറയിലേക്കുതന്നെ നോക്കണം. കണ്ണ് വല്ലാതെ അനക്കരുത്. എന്ത്? ഓ, ആയിക്കോട്ടെ. കണ്ണ് ഇടക്കൊക്കെ ചിമ്മാം. അധികമാകരുത്. ഉവ്വുവ്വ്, ശ്വാസം കഴിക്കാം. അധികമാകരുതെന്ന് മാത്രം.
കാമറയില്‍ നോക്ക് സാറേ, ലുക്ക് തെറ്റിയാല്‍ എല്ലാം പോകും. ദേ കാലനക്കി. സാറ് ഒരു പൊടി ഇടത്തോട്ട് തിരിയണം. എന്തെങ്കിലും പറഞ്ഞോ? അനങ്ങാം, ഞങ്ങള്‍ പറഞ്ഞിട്ടല്ലേ. മതി, മതി. ഇനി ഇത്തിരി വലത്തോട്ട്. മുഖം ലേശം പൊങ്ങണം... അത്ര വേണ്ട. ഇത്തിരി താഴണം. ഇനി അനങ്ങരുത്. കാമറയില്‍ നിന്ന് കണ്ണെടുക്കരുത്. ഓ ആവാം- ശ്വാസം വിടാം. പാകത്തിന് മാത്രം.
ഈ കോട്ട് ശരിയല്ലല്ലോ കണ്ടില്ലേ ഗ്രെയിന്‍സ്. മുന്നിലെ ലൈറ്റ് കുറേക്കൂടി അടുപ്പിക്കട്ടെ. മുകളിലെ ലൈറ്റും. ഇനി ഇടത്തേതും. അയ്യോ കണ്ണടക്കരുത്. ലൈറ്റ് കണ്ണില്‍ തുളച്ചാലും കാമറയില്‍ തന്നെ നോക്കണം.
അയ്യോ, ദാ ലേപ്പലിന്റെ ഷാഡോ കാണുന്നു. പിന്നിലെ ലൈറ്റ് കുറച്ചൂടെ അടുക്കട്ടെ. മുകളിലേതും. സാറ് അനങ്ങരുത്. വെള്ളം തരാം, അഡ്ജസ്റ്റ്‌മെന്റൊക്കെ ഒന്ന് കഴിഞ്ഞോട്ടെ.
ഇപ്പോ ഗ്രെയിന്‍സ് തലയിലാണ്. അയ്യോ സാറിന്റെ മൂക്ക് വലിയ പ്രശ്‌നമാണല്ലോ. ഓഹോ- മെയ്ക്കപ്പുകാരനും പറഞ്ഞു, അല്ലേ? മുടിയെപ്പറ്റി എന്തെങ്കിലും അയാള്‍ പറഞ്ഞോ? ഇല്ല? ഏതായാലും അതും ശരിയല്ല... വിഗ്ഗിടാം. മൂക്ക് ഇക്കുറി ഇങ്ങനെ പോട്ടെ. അടുത്ത തവണത്തേക്ക് പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്യാം.
ഈ വിഗ് ചേര്‍ച്ചയില്ല. മാറ്റിനോക്കാം. അയ്യോ സര്‍ ഇളകരുത്. കാമറയില്‍ തന്നെ നോക്കണം. ഓ, പ്രശ്‌നം മുടിയുടേതല്ല. തല തന്നെ വല്ലാതെ ഉരുണ്ടിട്ടാണ്. അടുത്ത തവണയാകട്ടെ...
സാര്‍ പിന്നെയും കാലനക്കി, അല്ലേ? കണ്ടോ, ഗ്രെയിന്‍സ് വീണ്ടും. ലൈറ്റ് ഒന്നുകൂടി മുഖത്തേക്കടുപ്പിക്കാം. ലൈറ്റ് കണ്ണിലടിക്കുന്നുണ്ടെന്നോ? അതു സാരമില്ല. ലൈറ്റില്ലാതെ ഷൂട്ട് നടക്കില്ലല്ലോ. സാര്‍ അനങ്ങാതെ നില്‍ക്കൂ. കണ്ണടക്കരുത്. കാമറയില്‍... ദാ, ഈ കര്‍ച്ചീഫ് കൊണ്ട് കണ്ണിലെ വെള്ളം ഒപ്പാം.
ഇത് എന്താണെന്നോ? കോളര്‍ മൈക്കാണ് സാര്‍ ഇത് കോട്ടിനിടയിലൂടെ കോളറിലേക്കെടുക്കണം. കാലനങ്ങരുത്. കണ്ണ് കാമറയില്‍ തന്നെ വേണം കേട്ടോ.
വെള്ളം കിട്ടാതെ പറ്റില്ലെന്നോ? ഇതാ കൈയും വായും മാത്രമേ അനങ്ങാവൂ. കണ്ണ് കാമറയില്‍ നിന്നെടുക്കരുത്. കാല്‍ പൊസിഷന്‍ മാറരുത്. ഓക്കെ തുടങ്ങാം.
സാറ് പറഞ്ഞോളൂ. അയ്യോ നിര്‍ത്ത്. കോട്ടില്‍ വീണ്ടും ഗ്രെയിന്‍സ്. കണ്ണ് പിന്നെയും തെറ്റി. കാല്‍ പൊസിഷന്‍ മാറി. ഷാഡോസ് പിന്നെയും വന്നു.
നമുക്ക് ആദ്യം മുതല്‍ എല്ലാം വീണ്ടും തുടങ്ങാം...
***
അവതാരകരുടെ മുഖത്തെ വിളര്‍ച്ച മെയ്ക്കപ്പിന്റെ മാത്രമല്ല എന്ന് മനസ്സിലായിക്കാണുമല്ലോ. അവര്‍ എന്തുകൊണ്ടാണ് ഇരുത്തത്തിലും നിര്‍ത്തത്തിലും അക്രമോത്സുകത കാണിക്കുന്നതെന്നും മനസ്സിലായിക്കാണും. ഇതെല്ലാം ഇവിടെ കുറിക്കുന്നത്, അവതാരകരെപ്പറ്റിയുള്ള തെറ്റായ ധാരണകള്‍ തിരുത്താന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്. ജന്തുക്കളോടുള്ള ക്രൂരത ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുന്ന എസ്.പി.സി.എ പോലുള്ളവരോ സാധാരണ ടി.വി പ്രേക്ഷകരോ ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു പീഡനപ്രശ്‌നം ചൂണ്ടിക്കാണിക്കാനേ ഇവിടെ ഉദ്ദേശിച്ചിട്ടുള്ളൂ. ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ അല്ലാത്തവരോ ആയ ആരോടെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കില്‍ അത് യാദൃച്ഛികമാകാന്‍ ഇടയില്ല. തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ ആ ഇരകള്‍ക്കായി ഇത് സമര്‍പ്പിക്കുന്നു.           

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top