ഭാര്യഭര്‍ത്താക്കന്‍മാരുടെ കലഹങ്ങള്‍

എന്‍.പി. ഹാഫിസ് മുഹമ്മദ് No image

വിവാഹത്തിന് മുതിരാത്ത ഒരു സുന്ദരിക്കുട്ടിയെ രക്ഷിതാക്കള്‍ കൗണ്‍സലിംഗിന് കൊണ്ടുവന്നു. ബിരുദാനന്തര ബിരുദത്തിന്റെ അവസാന സെമസ്റ്ററിലാണ് പഠിക്കുന്നത്. പഠിക്കാന്‍ സമര്‍ഥയുമാണ്. രക്ഷിതാക്കള്‍ അവള്‍ കല്ല്യാണത്തിന് സമ്മതം നല്‍കാത്ത കാര്യം പറഞ്ഞു. പല നല്ല ആലോചനകളും അവള്‍ തട്ടിക്കളയുന്നു. കല്ല്യാണം ഉറക്കാതിരിക്കാന്‍ തക്കവിധം പെരുമാറുന്നു. പലരും പറഞ്ഞുനോക്കി. ഒരു രക്ഷയുമില്ല.
സുന്ദരിക്കുട്ടി മുന്നിലെത്തി. അവള്‍ പറഞ്ഞു: ''ഞാന്‍ കല്ല്യാണത്തിനു തയ്യാറല്ല. എന്താ, കല്ല്യാണം കഴിക്കാതെ കഴിഞ്ഞു കൂടെ?''
അത് ഓരോരുത്തരുടെയും താല്‍പര്യമനുസരിച്ചാണെന്ന് ഞാന്‍ പറഞ്ഞു.
''എനിക്ക് താല്‍പര്യമൊട്ടുമില്ല. കഴിക്കേണ്ടതില്ലെന്ന തീരുമാനത്തിന്റെ പിന്നിലെ കാരണങ്ങളെന്തെന്ന് ഞാനന്വേഷിച്ചു.
അവള്‍ പറഞ്ഞു: ''സര്‍, കല്ല്യാണത്തിന് വേണ്ടി പലവിധ ന്യായങ്ങളാ ഇവര് പറയുന്നത്. ഒന്നിനും ഒരു ഉറപ്പുമില്ലതാനും.''
ഞാന്‍ ചോദിച്ചു: ''അതെന്താണ്?''
''കല്ല്യാണം കഴിക്കാന്‍ വന്ന പയ്യന്‍ സുന്ദരനാണെന്ന് പറയുന്നു. സര്‍, സൗന്ദര്യം എക്കാലവും നിലനില്‍ക്കണമെന്ന് ഉറപ്പുണ്ടോ?'' അവള്‍ ചോദിച്ചു.
''ഒരു ഗ്യാരണ്ടിയും ഇല്ല'' ഞാന്‍ പറഞ്ഞു.
''നല്ല ജോലിയാ, നല്ല ശമ്പളമാ എന്ന് പറഞ്ഞാല്‍ അതില്‍ ഉറപ്പ് തരാന്‍ പറ്റ്വോ?''
''നോ, പറ്റില്ല.''
''കെട്ടാന്‍ വരുന്നോന്റെ അച്ഛനും അമ്മയും നല്ല സ്വഭാവമാ എന്ന് പറയുന്നു. സ്വഭാവം അതേപോലെ നില്‍ക്കുമെന്ന് വല്ല ഉറപ്പുണ്ടോ?''
''ഒരുറപ്പുമല്ല''
അവള്‍ എമ്പാടും ഇനിയും ചോദിക്കണ്ട എന്നു കരുതി ഞാന്‍ പറഞ്ഞു: ''ഒരു കാര്യത്തില്‍ ഗ്യാരണ്ടി തരാന്‍ പറ്റും.''
''അതെന്താ?'' അവള്‍ ആകാംക്ഷയോടെ ചോദിച്ചു.
''ഒന്നുറപ്പാ. കല്ല്യാണം കഴിഞ്ഞാല്‍ ആരായാലും തമ്മില്‍ ഇടക്കിടക്ക് അടിപിടിയുണ്ടാവും, ഗ്യാരണ്ടി.''
അവള്‍ പൊട്ടിച്ചിരിച്ചു: ''അത് ശര്യാ.''
സുന്ദരിക്കുട്ടി നാല് സെഷനുകളിലെ കൗണ്‍സലിംഗിന് ശേഷം വിവാഹിതയാവാന്‍ തയ്യാറായി. വിവാഹത്തെക്കുറിച്ചുള്ള അവളുടെ ഭയം മറ്റു പലതുമായിരുന്നു. പക്ഷേ, വിവാഹാനന്തരം ഭാര്യാഭര്‍ത്താക്കന്മാര്‍ ഏറ്റവും ചുരുങ്ങിയത്, വാക്കാലുള്ള യുദ്ധം നടക്കുമെന്നത് ചുറ്റുവട്ടത്തുനിന്ന് ആര്‍ക്കും നിരീക്ഷിക്കാനാവുന്ന വസ്തുതയാണ്. ഭാര്യാഭര്‍തൃ സംഘര്‍ഷം അതിരൂക്ഷമാകുമ്പോള്‍ പല വിവാഹങ്ങളും വേര്‍പിരിയലിലെത്തിച്ചേരുന്നു. എന്നാല്‍ ദുരന്തപൂര്‍ണമായ കാര്യം, പല ഭാര്യാഭര്‍ത്താക്കന്മാരും 'അടിപിടി'യുണ്ടാക്കി കഴിയുന്നുവെന്നാണ്.
വിവാഹം രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളുടെ സമ്മേളനമാണ്. വ്യക്തികളോരോന്നും സൂക്ഷ്മനിരീക്ഷണത്തില്‍ വൈരുധ്യഘടകങ്ങളുള്ളവരാണ്. സയാമീസ് ഇരട്ടകള്‍ പോലും രണ്ട് സ്വഭാവ വിശേഷങ്ങളോടുകൂടിയവരാണ്. വ്യത്യസ്തമായ ഇഷ്ടാനിഷ്ടങ്ങളുടെ ഉടമകളാണ്. രണ്ട് വ്യത്യസ്ത രുചിഭേദങ്ങള്‍ അവരെ വേര്‍തിരിച്ച് നിര്‍ത്തുന്നു. ജൈവശാസ്ത്രപരവും മനശ്ശാസ്ത്രപരവുമായ ഘടകങ്ങള്‍ ഈ വ്യത്യസ്തത നിലനിര്‍ത്തുന്നു. ശാരീരികമായ ഘടകങ്ങളിലുള്ള വ്യത്യസ്തത. പിന്നീട് മാനസികവും സാമൂഹികവുമായ തലങ്ങളിലേക്ക് പടരുന്നു. ഒരു വ്യക്തിയുടെ ചുറ്റുവട്ടം ഇക്കാര്യത്തില്‍ സാരമായ പങ്ക് വഹിക്കുന്നുണ്ട്. രക്ഷിതാക്കള്‍, സഹോദരങ്ങള്‍, അയല്‍പക്കം, വിദ്യാലയം, മതം, രാഷ്ട്രീയ ചുറ്റുപാട്, മാധ്യമങ്ങള്‍, സൗഹൃദ സംഘങ്ങള്‍ തുടങ്ങിയവയില്‍നിന്നാണ് ഒരാളുടെ വ്യക്തിത്വം പൂര്‍ണവികാസം സാധിക്കുന്നത്. ഈ ഘടകങ്ങള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമാണെന്നതിനാല്‍ തന്നെ വ്യക്തിത്വവും അതിനനുസരിച്ച് വ്യത്യസ്തമാകുന്നു. ഇങ്ങനെ വേറിട്ട് നില്‍ക്കുന്ന രണ്ട് വ്യക്തിത്വങ്ങളാണ് വിവാഹത്തിലൂടെ ഒന്നിച്ചുള്ള ജീവിതം സ്വീകരിക്കുന്നത്. ചിലര്‍ക്ക് ഭാഷയുടെയോ ദേശത്തിന്റെയോ വ്യത്യാസങ്ങള്‍ വേറെയും കാണാം. ശാരീരിക മാനസിക സാമൂഹിക ഘടകങ്ങളിലെ ചില സമാനതകള്‍ വ്യക്തികള്‍ പങ്കിട്ടേക്കാമെങ്കില്‍ തന്നെയും വിവാഹിതരാകുന്നവരില്‍ വേര്‍പിരിഞ്ഞ് നില്‍ക്കുന്ന എമ്പാടും ഘടകങ്ങള്‍ മരണം വരെയും തീവ്രമായി പരസ്പരം അഭിമുഖീകരിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. ഈ അഭിമുഖീകരണത്തിനിടയില്‍ ചിലര്‍  പൊരുത്തപ്പെടലുകളിലും ചിലര്‍ സംഘര്‍ഷങ്ങളിലുമെത്തിച്ചേരുന്നു. സംഘര്‍ഷത്തിലെത്തിച്ചേരുന്ന ഭാര്യാഭര്‍ത്താക്കന്മാരുടെ എണ്ണം മറ്റേത് കാലത്തേക്കാളുമേറെ ഇന്ന് കൂടുതലാണ് എന്നതാണ് വസ്തുത.
സംഘര്‍ഷമേറിവരാന്‍ പല കാരണങ്ങളുമുണ്ട്. വ്യക്തികള്‍ക്ക് ഇന്ന് ഏറെ സ്വാതന്ത്ര്യമുണ്ട്. വൈയക്തികമായ കാര്യങ്ങള്‍ക്ക് മുമ്പത്തേക്കാളേറെ പ്രസക്തിയും പ്രാധാന്യവുമുണ്ട്. വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളെയും സ്വാതന്ത്ര്യത്തെയും അംഗീകരിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇന്നുള്ളത്. വിധേയത്വത്തിന്റെയും ആശ്രയത്വത്തിന്റെയും കാലം തേഞ്ഞില്ലാതാവുകയാണ്. സ്ത്രീകള്‍ക്കും പുരുഷനെപ്പോലെ വിദ്യാഭ്യാസം നേടാനും തൊഴിലെടുക്കാനുമുള്ള അവകാശമുണ്ട്. അതുകൊണ്ടുതന്നെ ഒരാളെ അടിച്ചമര്‍ത്തി 'ഭരിക്കുക' എന്നത് എളുപ്പമല്ല. വിവാഹിതരാകുന്നവരിലെ എതിര്‍പ്പുകളും സംഘര്‍ഷങ്ങളും അതുകൊണ്ടുതന്നെ പല കുടുംബാന്തരീക്ഷത്തെയും യുദ്ധക്കള സമാനമാക്കുന്നു.
ഭാര്യാഭര്‍തൃബന്ധം യുക്തിയിലും വിചാരത്തിലും മാത്രം അടിയൂന്നിയുള്ള ബന്ധമല്ല. അത് ഔപചാരികമായ ഒരു കൂട്ടുകെട്ടുമല്ല. താല്‍ക്കാലികമല്ല വൈവാഹികമായ ബന്ധമെന്നാണ് 'കരാറി' ലേര്‍പ്പെടുന്ന ഭാര്യാഭര്‍താക്കന്മാര്‍ കണക്കാക്കുന്നത്. ഒന്നിച്ചുള്ള സഹവാസം, അതും ദീര്‍ഘകാലത്തേക്കുള്ള ജീവിതം ഭാര്യാഭര്‍തൃബന്ധത്തിലെന്നപോലെ മറ്റൊരു ബന്ധത്തിലുമില്ല. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തിന്റെ അടിത്തറ പരസ്പര വിശ്വാസത്തിന്റെയും വൈകാരികതയുടേതുമാണ്. ഈ അനൗപചാരികതയും വൈകാരികതയും തന്നെയാണ് വിവാഹിതര്‍ക്കിടയില്‍ വാക്കുതര്‍ക്കങ്ങള്‍ക്കും വഴക്കുകള്‍ക്കും ചിലപ്പോള്‍ ശാരീരികമായ അക്രമങ്ങള്‍ക്കും കാരണമായിത്തീരുന്നതും. കടുത്ത എതിര്‍പ്പുകളുണ്ടെങ്കിലും അനിഷ്ടം തോന്നാമെങ്കിലും അയല്‍പക്കക്കാരോടോ സഹപ്രവര്‍ത്തകരോടോ ഒരാള്‍ വഴക്കിനും വക്കാണത്തിനും പോകുന്നില്ല. എന്നാല്‍ വൈവാഹിക ജീവിതത്തില്‍ ഭാര്യയും ഭര്‍ത്താവും ചിലപ്പോള്‍ കുട്ടികളുമായും, വാക്കിലും പ്രവൃത്തിയിലുമുള്ള സംഘര്‍ഷത്തിലെത്തിച്ചേരുന്നത് സാമൂഹ്യജീവിതത്തില്‍ സ്വാഭാവികമായ ഒരു പരിണതിയായി മാറിക്കഴിഞ്ഞിരിക്കുന്നു.
കൗണ്‍സലര്‍ എന്ന നിലയില്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലെ സംഘര്‍ഷം പ്രധാനമായും പ്രകടമാകുന്നത് 'ആശയ വിനിമയ' ത്തിലാണെന്ന്  നിരീക്ഷിക്കാനായിട്ടുണ്ട്. വൈവാഹിക ജീവിതത്തിലെ സംഘര്‍ഷം പ്രകടമാകുന്നത് പ്രധാനമായും വൈകാരികതയാല്‍ പരസ്പരം പൊട്ടിത്തെറിക്കുമ്പോഴാണ്. പലരിലും വിവാഹത്തിന്റെ ആദ്യനാളുകള്‍ കഴിയുമ്പോള്‍ തന്നെ ഇത് തുടങ്ങുന്നു. പരസ്പരം കുറ്റപ്പെടുത്തലുകളാരംഭിക്കുന്നു. ജീവിത പങ്കാളിയുടെ കുറ്റങ്ങളും കുറവുകളും പറയുന്നതില്‍നിന്ന് കുടുംബാംഗങ്ങളിലേക്ക് കടക്കുന്നു. വാക്‌യുദ്ധത്തിനൊടുവില്‍ സാധാരണ ഭാര്യ കരയുകയോ പിണങ്ങുകയോ ചെയ്യുന്നു. മനസ്സുകൊണ്ടകന്ന് തുടങ്ങുകയും ചെയ്യുന്നു.
വാക്കുകൊണ്ടുള്ള കലഹം പടരുന്ന രോഗം പോലെയാണ്. ആദ്യമൊക്കെ വാക്‌യുദ്ധങ്ങള്‍ക്കൊടുവില്‍ പരസ്പരം മാപ്പ് പറഞ്ഞേക്കും. ഒന്നോ രണ്ടോ ദിവസത്തെ 'മിണ്ടായ്മ'യും ദേഷ്യവും മാറി പഴയപോലെയാകാന്‍ തീരുമാനിക്കുന്നു. എന്നാലൊരിക്കലും എന്തുകാര്യത്തിന് പ്രശ്‌നമുണ്ടാക്കിയോ അതിന് പരിഹാരം ചെയ്യുന്നില്ല. പലവട്ടം നടക്കുന്ന വഴക്കുകളില്‍ പരസ്പരം പറയുന്ന ചില വാക്കുകളും, ആരോപണങ്ങളും ഒരു നിക്ഷേപം പോലെ പിന്നീട് രണ്ടുപേര്‍ക്കും ഉപയോഗിക്കാനുള്ള ആയുധമായിത്തീരുന്നു. വാക്കുകള്‍ തുടരുന്നതോടെ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള അകല്‍ച്ചയുമേറുന്നു. പിണക്കങ്ങളുടെ ഭാഗമായി ഭാര്യ സ്വന്തം വീട്ടിലേക്ക് പോകുന്നു. ശാരീരിക ബന്ധത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നു. ചിലര്‍ ഒരു കിടപ്പുമുറിയില്‍ രണ്ടിടങ്ങള്‍ തേടുന്നു. മറ്റു ചിലര്‍ ഒരേ കിടക്കയില്‍ തിരിച്ചിട്ട 'റ'കളായി മാറുന്നു.
വാക്പയറ്റില്‍ അതിവൈകാരികത ഇരുവരേയും മുറിവേല്‍പ്പിക്കുന്നുണ്ട്. അമിതമായ കോപം ഇരുവരും പ്രകടിപ്പിക്കുന്നു. പല വിവാഹബന്ധങ്ങളിലും ഭര്‍ത്താവിന്റെ അനിയന്ത്രിതമായ കോപമാണ് മുഖ്യവില്ലന്‍. കോപാന്ധതയില്‍ ചില ഭര്‍ത്താക്കന്മാര്‍ ശാരീരിക പീഡനം തുടങ്ങുന്നു. തുടക്കത്തില്‍ തന്നെ അത് പാടെ നിര്‍ത്താന്‍ ശ്രമിക്കാതെ, രക്തസാക്ഷിയായി കരഞ്ഞുകിടക്കുന്ന ഭാര്യമാര്‍ പലപ്പോഴും തുടര്‍മര്‍ദ്ദനങ്ങള്‍ക്ക് വിധേയമാകുന്നു. ചില ഭാര്യമാര്‍ മര്‍ദ്ദനത്താലേല്‍ക്കുന്ന പരിക്കുകളോ അടയാളങ്ങളോ തന്റെ രക്തസാക്ഷിത്വത്തിന്റെ മുറിവുകളായി പിന്നീടുള്ള വഴക്കുകളില്‍ കൂട്ടിച്ചേര്‍ക്കുന്നു. മറ്റു ചിലര്‍ക്കുമുമ്പില്‍- പ്രത്യേകിച്ച് ഭര്‍ത്താവിന്റെ രക്ഷിതാക്കള്‍ക്ക് മുന്നില്‍- അവ പ്രദര്‍ശിപ്പിക്കുന്നു. ചില ഭാര്യമാര്‍ വഴക്കുകളില്‍ ഭര്‍ത്താവിനെ ശാരീരികമായി പീഡിപ്പിക്കുന്നതും അറിഞ്ഞിട്ടുണ്ട്. ശാരീരിക പീഡനങ്ങള്‍ ബന്ധത്തെ താറുമാറാക്കിക്കൊണ്ടിരിക്കുന്നു. വേര്‍പിരിയലിന് പലപ്പോഴും അത് പ്രധാന കാരണമായിത്തീരുന്നു.
ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സംഘര്‍ഷം മറ്റു പല രൂപങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഭര്‍ത്താവിന്റെ സൗഹൃദങ്ങളിലത് മാറ്റങ്ങള്‍ വരുത്തുന്നു. പെണ്‍ സൗഹൃദത്തിന് ശ്രമിക്കുന്നു. അതിരുവിട്ട പെണ്‍ സൗഹൃദങ്ങള്‍ക്ക് ന്യായീകരണമായി ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള വഴക്കുകളെ ഉപയോഗിക്കുന്നു. പുരുഷന്മാരില്‍ പലരും വിവാഹബന്ധത്തിലെ പാളിച്ചകള്‍ മദ്യപിക്കാനുള്ള ലൈസന്‍സായി കണക്കാക്കുന്നു. കൂട്ടുകെട്ടുകള്‍ മദ്യപാനത്തിന്റെ ഇടവേളകള്‍ കുറക്കുന്നു, അളവ് കൂട്ടുന്നു. കുടിച്ചുവന്ന് ഭാര്യയോട് വാക്കാലും പ്രവര്‍ത്തിയാലുമുള്ള പീഡനം തുടരുന്നു.
ഭാര്യമാരില്‍ നിരന്തരമായ കലഹങ്ങള്‍ പലവിധ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ട്. ശാരീരിക പീഡനങ്ങള്‍ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു. എന്നാല്‍ മാനസികമായ സംഘര്‍ഷം വാക്കുകളാല്‍ രൂക്ഷമായി മാറുന്നതുകൊണ്ട് ഭാര്യമാരില്‍ പലര്‍ക്കും കടുത്ത തലവേദന, വയറുവേദന, സന്ധിവേദന, തുടങ്ങിയ ശാരീരികമായ രോഗങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം രോഗങ്ങളുടെ ശാരീരികമായ ഹേതു കണ്ടെത്താനാവാത്തതിനാല്‍ മരുന്നുകള്‍ വിഫലങ്ങളാകുന്നു. പലര്‍ക്കും മാനസികമായ അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാവുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭര്‍ത്താക്കന്മാര്‍ ഒടുവിലത്തെ ആയുധമെടുക്കുന്നു: 'നിനക്ക് മാനസിക രോഗമാണ്.' ചിലര്‍ ഭാര്യയുടെ കുടുംബാംഗങ്ങളിലും ഈ ആരോപണം നടത്തുന്നു. ചില ഭാര്യമാര്‍ക്ക് നിരന്തരമായ ആരോപണത്താല്‍ രോഗമില്ലാതെ തന്നെ രോഗമുണ്ടോ എന്ന സംശയവും ഉണ്ടായിത്തുടങ്ങുന്നുണ്ട്. ചില ഭാര്യമാര്‍ ഭര്‍ത്താക്കന്മാരുടെ മറ്റ് കാര്യങ്ങളിലെ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടേയിരിക്കുന്നു.
ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രണ്ടുതരത്തിലുള്ള പ്രതികരണങ്ങള്‍ക്കാണ് വഴിവെക്കാറുള്ളത്. ഒന്ന്, പരസ്പരം വഴക്കും വക്കാണവും ചിലപ്പോള്‍ പീഡനങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കല്‍. രണ്ട്, പരസ്പരം അവഗണിച്ചും പരിഹസിച്ചും വിധിയെ പഴിച്ചും ഒളിച്ചോടല്‍. ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് കാണിക്കാന്‍ അയാള്‍ ശ്രമിക്കുന്നു. വീട്ടില്‍ വൈകി വരിക, സ്വന്തം ഇഷ്ടങ്ങള്‍ നടപ്പില്‍ വരുത്തുക, മദ്യപിക്കുക തുടങ്ങിയ പെരുമാറ്റങ്ങള്‍ അതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ കൂടിയാണ്. ഭര്‍ത്താക്കന്മാര്‍ പലരും ഭാര്യയെ പാടെ അവഗണിക്കുന്നതും ഇത്തരം സംഘര്‍ഷങ്ങളുടെ പ്രത്യാഘാതമാണ്. ചിലര്‍ വ്യവഹാരപരമായ ലംഘനങ്ങളിലേക്കും പെരുമാറ്റപരമായ ധിക്കാരങ്ങളിലേക്കും നീങ്ങുന്നു. വഴക്കുകള്‍ അതിനുള്ള ന്യായീകരണമായി ചൂണ്ടിക്കാണിക്കുന്നു.
ഭാര്യമാരില്‍ പലരും സ്വന്തം തലവിധിയെ പഴിച്ച് കഴിയുന്നു. അവര്‍ ആദ്യമൊക്കെ ഈ വഴക്കുകള്‍ മറ്റാരേയും അറിയിക്കാതെ ഒളിപ്പിക്കാന്‍ ശ്രമിക്കും. ചിലര്‍ സ്വയം പരിഹരിക്കാനാവുമെന്ന് കരുതും. പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുമ്പോള്‍ ദൈവത്തെപ്പോലും കുറ്റപ്പെടുത്താന്‍ തുടങ്ങും. നിസ്സഹായതയില്‍ ദുര്‍ബലരായിക്കഴിയാന്‍ വിധിക്കപ്പെട്ടവളാണ് താനെന്ന് ചിലര്‍ കരുതുന്നു. വഴക്കുകള്‍ ബന്ധത്തെ കൂടുതല്‍ ബാധിക്കുമ്പോള്‍, പലപ്പോഴും ഭാര്യയെമാത്രം സകലരും കുറ്റപ്പെടുത്തുകയും ചെയ്യുമ്പോള്‍, ആത്മഹത്യയുടെ മാര്‍ഗം തേടുന്നവരുമുണ്ട്.
നമ്മുടെ നാട്ടില്‍ കുടുംബങ്ങള്‍ വൈവാഹിക ജീവിതത്തെ അനുകൂലമായും പ്രതികൂലമായും ബാധിക്കുന്നുണ്ട്. ചിലരുടെയെങ്കിലും സംഘര്‍ഷങ്ങള്‍ രണ്ട് കുടുംബങ്ങളുടെയും സമയോചിതമായ ഇടപെടലുകളിലൂടെ, ചിലപ്പോള്‍ വിദഗ്ധരുടെ സഹായത്തോടെ, പരിഹരിക്കപ്പെടാറുണ്ട്. എന്നാല്‍ ഭൂരിപക്ഷം ഭാര്യാഭര്‍തൃ സംഘര്‍ഷങ്ങളും അതിസങ്കീര്‍ണവും പരിഹാരം കാണാനാവാത്തവിധം ഗുരുതരാവസ്ഥയിലിലെത്തിക്കുന്നതും കുടുംബങ്ങള്‍ തന്നെയാണ്. ഭര്‍തൃകുടുംബം സാധാരണ പുരുഷനെ സംരക്ഷിക്കുന്നു. സ്ത്രീയെ കുറ്റപ്പെടുത്തുന്നു. 'നീ ഈ വീട്ടില്‍ വന്ന ശേഷമാണ് പ്രശ്‌നങ്ങളൊക്കെയും തുടങ്ങിയതെ'ന്ന് ആക്ഷേപിക്കുന്നു. മകന്റെ/സഹോദരന്റെ കല്ല്യാണം കഴിയുംമുമ്പ് വിവാഹസംഘര്‍ഷമുണ്ടാകില്ല എന്ന വാസ്തവം പോലും അറിയാതെ പോകുന്നു. ഭാര്യാകുടുംബവും സ്വന്തം കക്ഷിയെ ന്യായീകരിക്കാനാണാദ്യം ശ്രമിക്കുക. ആദ്യവഴക്കുകളില്‍ അവര്‍ മകള്‍ക്ക് രക്ഷാകവചം പണിയാന്‍ ശ്രമിക്കുന്നു. സ്വന്തം വീട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നു. അനുരഞ്ജനങ്ങള്‍ക്ക് ശേഷം തിരിച്ചയക്കുന്നു. സംഘര്‍ഷ പരിഹാരം നടക്കാതെ പോകുന്നതിനാല്‍ വഴക്കുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ഭാര്യാഭര്‍തൃ സംഘര്‍ഷങ്ങള്‍ പലതും തുടക്കത്തില്‍തന്നെ പരിഹരിക്കാനാവുന്നതാണ്. ഭാര്യയും ഭര്‍ത്താവും പ്രശ്‌നത്തിന്റെ ഹേതു കണ്ടെത്താനും പരിഹാരം കാണാനും ശ്രമിക്കുന്നില്ല. പരസ്പരം ആക്ഷേപങ്ങളുന്നയിക്കുന്നതവസാനിപ്പിച്ച് ആത്മവിശകലനത്തിന് മുതിര്‍ന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് പരിഹാരത്തിലെത്തിച്ചേരാനാവും. അതിവൈകാരികതയെ മാറ്റിനിര്‍ത്തി, യുക്തിയോടെ പ്രശ്‌നത്തെ കാണാന്‍ ശ്രമിക്കുകയാണെങ്കില്‍ സംഘര്‍ഷം അധികരിക്കാതിരിക്കാനെങ്കിലും സഹായിച്ചേക്കും. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ സമചിത്തതയോടെ ഒന്നിച്ചിരുന്ന് പരിഹാരം  കാണാനാണ് ആദ്യമേ ശ്രമിക്കേണ്ടത്. സംഘര്‍ഷം അതിന്റെ പാരമ്യതയിലെത്തിയിട്ടുണ്ടെങ്കില്‍ വിദഗ്ധരുടെ സഹായം തേടുന്നതാണ് വിവേകം.


ശേഷക്രിയ
1. വ്യക്തികള്‍ ഒന്നിച്ചുകഴിയുമ്പോള്‍ ശാരീരികവും മാനസികവും സാമൂഹികവുമായ കാരണങ്ങളാല്‍ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന വാസ്തവം തിരിച്ചറിഞ്ഞ് സംഘര്‍ഷങ്ങളുടെ ആദ്യഘട്ടത്തില്‍ തന്നെ പരിഹാരം കണാന്‍ ഇരുവരും ശ്രമിക്കുക.
2. അതിവൈകാരികത ഒഴിവാക്കിയും കുറ്റാരോപണങ്ങള്‍ നിര്‍ത്തിയുമാവണം പരിഹാരത്തിന് ശ്രമിക്കേണ്ടത്. കഴിഞ്ഞകാല സംഭവങ്ങള്‍ നുള്ളിപ്പെറുക്കിപ്പറയുന്നത് ഉപേക്ഷിക്കുക. 'പ്രശ്‌നപരിഹാരം ഉണ്ടായേ ഒക്കൂ ഞാനതിന് തയ്യാറാണ്' എന്ന മനോഭാവമാണ് പ്രധാനം.
3. പരിഹാരം കാണേണ്ട അന്നുണ്ടായ/രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഉണ്ടായ പ്രശ്‌നം മുന്നില്‍ വെക്കുക. മുമ്പുണ്ടായ പല പ്രശ്‌നങ്ങളുമായതിന് ബന്ധമുണ്ടാകാം. പക്ഷേ, ആ സംഭവങ്ങളുമായോ അന്നു പറഞ്ഞ വാക്കുകളുമായോ കൂട്ടിക്കുഴക്കരുത്. എന്താണുണ്ടായത്, എന്തു പ്രത്യാഘാതമാണ് അതുണ്ടാക്കിയത് എന്ന വിചാരം നടത്താം. കഴിയുന്നതും ഈ വിചാരങ്ങളുടെ കുറിപ്പെടുക്കുക. വൈകാരികതയെ മാറ്റിവെച്ചാലേ ഇത് സാധ്യമാവൂ.
4. ഭാര്‍ത്താവുമായി/ഭാര്യയുമായി ഈ പ്രശ്‌നത്തെക്കുറിച്ച് അറിയാനും പരിഹരിക്കാനും ആഗ്രഹമുണ്ടെന്നറിയിക്കുക. പ്രശ്‌നമുണ്ടായി ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍, ഉണ്ടായ ഉടനെയല്ലാതെ, സമചിത്തത കൈവെടിയാതെ ഒന്നിച്ചിരിക്കാന്‍ തയ്യാറാവുക. മറ്റൊരാളുടെ സാന്നിധ്യം ഒഴിവാക്കുന്നതാണ് നല്ലത്.
5. ആരെങ്കിലുമൊരാള്‍ തന്റെ പ്രശ്‌നം അവതരിപ്പിക്കുക. അനുഭവിച്ച വിഷമങ്ങള്‍ അവതരിപ്പിക്കാം. എന്താണുണ്ടായതെന്ന ഒരാളുടെ വീക്ഷണമായിരിക്കും അവതരിപ്പിക്കുക. പ്രശ്‌നാവതരണത്തില്‍ ഒരിക്കലും മറ്റുള്ളവരെ കുറ്റപ്പെടുത്തരുത്. സ്വന്തം കാര്യം മാത്രം പറയുക.
6. ജീവിത പങ്കാളിയോട് എന്താണിക്കാര്യത്തില്‍  പറയാനുള്ളത് എന്നാരായുക. 'എതിര്‍കക്ഷി'ക്ക് വിശദീകരണം നല്‍കാനുള്ള അവസരമാണിത്. ഭാര്യ/ഭര്‍ത്താവ് തന്റെ പക്ഷം പറയുമ്പോള്‍ ഇടങ്കോലിടരുത്. കുറ്റപ്പെടുത്തലുകള്‍ ഒരിക്കലും ഇരുപക്ഷത്തിനും പാടില്ല. വിശദീകരണം നല്‍കുമ്പോള്‍ എന്തുകൊണ്ട് ഇതുണ്ടായി എന്നു പറയാം. രണ്ടുപേരും വിശദീകരണം ശ്രദ്ധയോടെ കേട്ട് ഗ്രഹിക്കേണ്ടതുണ്ട്. വിശദീകരണം പുച്ഛത്തോടെയോ പരിഹാസത്തോടെയോ കേള്‍ക്കാന്‍ ശ്രമിക്കരുത്.
7. തുടര്‍ വിശദീകരണങ്ങള്‍ ആവശ്യമെങ്കില്‍ ആവാം. ഒരിക്കലും ഒരാള്‍ പറയുമ്പോള്‍ മറ്റെയാള്‍ പ്രതിരോധിക്കുകയോ കുറ്റപ്പെടുത്തുകയോ അരുത്. ഭാര്യക്ക് ഭര്‍ത്താവിന്റെ സ്ഥാനത്തു നിന്നും, ഭര്‍ത്താവിന് ഭാര്യയുടെ സ്ഥാനത്ത് നിന്നും, പരസ്പരം മനസ്സിലാക്കാന്‍ കഴിയണം.
8. പ്രശ്‌നവും വിശദീകരണവും കഴിയുമ്പോള്‍  ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമം നടത്തുക.  യുക്തിയോടെ വിചാരം നടത്തുന്നവര്‍ക്ക് സ്വന്തം വീഴ്ചകളെ കുറെയൊക്കെ കണ്ടെത്താനാവും. തെറ്റ് ഏറ്റ് പറയുക. തിരുത്താന്‍, സംഘര്‍ഷം ഒഴിവാക്കാന്‍, ഇനി എന്താണ് ചെയ്യേണ്ടതെന്ന് ഇരുവരും ആലോചിക്കുക. അഭിപ്രായങ്ങള്‍ പറയുക.
9. പ്രശ്‌നപരിഹാരത്തിനായി ഒരു പ്ലാന്‍ ഇരുവരും ഉണ്ടാക്കുക. പരിഹാര സാധ്യതകളില്‍നിന്ന് ആലോചിച്ച് മുന്‍ഗണനാ ക്രമത്തില്‍ ഭാര്യയും ഭര്‍ത്താവും ചെയ്യേണ്ട കാര്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വാക്കാലുള്ള ഒരു കരാറാവണം ഉണ്ടാക്കേണ്ടത്.
10. തീരുമാനം രണ്ടുപേരും ആത്മാര്‍ഥമായി നടപ്പില്‍ വരുത്തുക. മറ്റെയാളെന്തു ചെയ്യുന്നുവെന്ന് പരിശോധിച്ചാവരുത് ഈ ശ്രമം. അഥവാ കരാര്‍ലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍ പ്രകോപിതരാവാതെ വീണ്ടും ഒന്നിച്ചിരിക്കണം.
11. ജീവിത പങ്കാളി പ്രശ്‌നപരിഹാരത്തിന് താന്‍ ആഗ്രഹിക്കുന്ന വിധമോ കരാര്‍ പ്രകാരമോ പെരുമാറുന്നുവെങ്കില്‍ നന്ദിയും സന്തോഷവും അറിയിക്കണം. അത് രേഖപ്പെടുത്തണം. പലപ്പോഴും ആഹ്ലാദകരമായ ശാരീരികബന്ധങ്ങളിലൂടെ, ഒന്നിച്ച് പുറത്തുപോയി ഭക്ഷണം കഴിക്കുന്നതിലൂടെ, ഒരു യാത്രയിലൂടെ ആഘോഷിക്കാവുന്നതുമാണ്.
12. പ്രശ്‌നപരിഹാരം തങ്ങള്‍ക്ക് അപ്രാപ്യമാണെങ്കില്‍ കൗണ്‍സലര്‍മാരുടേയോ മനശ്ശാസ്ത്രജ്ഞരുടേയോ സഹായം തേടുക. ഇത് 'മനോരോഗ ചികിത്സ' യായി തെറ്റിദ്ധരിച്ച് ഒഴിവാക്കാറുണ്ട്. കൗണ്‍സലിംഗ് പ്രശ്‌നപരിഹാരത്തില്‍ രണ്ടുപേരെയും എത്തിക്കാനുള്ള വാചാചികിത്സയാണ്.               

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top