ശരീഅത്ത് സംവാദത്തിന്റെ സുന്ദര സ്മരണകള്‍

ശൈഖ് മുഹമ്മദ് കാരക്കുന്ന് No image

മലപ്പുറം ജില്ലയിലെ എടക്കരയില്‍ നദീറ തന്റെ മൂന്ന് മക്കളോടൊന്നിച്ച് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു. ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചതായിരുന്നു കാരണം. അതോടെ ബഹുഭാര്യത്വത്തിനെതിരെ വമ്പിച്ച വിമര്‍ശനങ്ങളുയര്‍ന്നു. ഇസ്‌ലാമിക ശരീഅത്ത് പുരുഷന് തോന്നിയപോലെ വിവാഹം കഴിക്കാനും വിവാഹമോചനം നടത്താനും അനുവാദം നല്‍കുന്നുവെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ആറു മാസത്തോളം നദീറ സംഭവം പത്രങ്ങളില്‍ നിറഞ്ഞുനിന്നു. വാരികകളിലും മാസികകളിലും പലതവണ പലവിധത്തില്‍ ഇസ്‌ലാമിക ശരീഅത്ത് വിമര്‍ശന വിധേയമായി. പലതും പഠനങ്ങള്‍ക്കു പകരം ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ക്രൂരമായി പരിഹസിക്കുന്നവയായിരുന്നു. എല്ലാ മുസ്‌ലിംകളും രണ്ടാംകല്ല്യാണം കഴിക്കുന്നവരും മൊഴിചൊല്ലുന്നവരുമാണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു പ്രചാരണം.
നദീറ സംഭവം കെട്ടടങ്ങിയപ്പോഴേക്കും തെക്കന്‍ കേരളത്തിലെ ഭീമാപള്ളിയിലെ ഹദ്ദടി പ്രശ്‌നം ഉയര്‍ന്നുവന്നു. ഹീനമായ കുറ്റകൃത്യത്തിന് മഹല്ല് കമ്മറ്റി ശിക്ഷ പ്രഖ്യാപിച്ചതായിരുന്നു സംഭവം. പിന്നീട് മാസങ്ങളോളം ചര്‍ച്ച അതേക്കുറിച്ചായിരുന്നു. പത്രങ്ങള്‍ അതിനെ ഹഡ്ഡടി എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അപ്പോഴൊക്കെയും പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ടത് ഇസ്‌ലാമിക ശരീഅത്തായിരുന്നു.
ഇന്ത്യയില്‍ ഇസ്‌ലാമിക ശരീഅത്ത് എന്ന പേരില്‍ നിലനില്‍ക്കുന്നത് മുസ്‌ലിം വ്യക്തിനിയമമാണ്. 1937-ലെ ദ മുസ്‌ലിം പേഴ്‌സണല്‍ ലോ അപ്ലിക്കേഷന്‍ ആക്ടും 1939-ലെ മുസ്‌ലിം വിവാഹമോചന ആക്ടും 1954-ലെ വഖഫ് ആക്ടും ചേര്‍ന്നതായിരുന്നു മുസ്‌ലിം വ്യക്തിനിയമം. ശരീഅത്ത് വിവാദത്തെ തുടര്‍ന്ന് പാര്‍ലമെന്റ് പാസാക്കിയ മുസ്‌ലിം വനിതാ സംരക്ഷണ ബില്ല് കൂടി ഉള്‍ക്കൊള്ളുന്നതാണിപ്പോഴത്. ഇന്ത്യയില്‍ മുസ്‌ലിം വ്യക്തിനിയമം കൂടാതെ വിവിധ ജനവിഭാഗങ്ങള്‍ക്കായി ആറു വ്യക്തിനിയമങ്ങള്‍ കൂടിയുണ്ട്.
മുസ്‌ലിംവ്യക്തിനിയമത്തിനൊരു ക്രോഡീകൃത രൂപമില്ല. വിവാഹം, വിവാഹമോചനം, രക്ഷാകര്‍തൃത്വം, പിന്തുടര്‍ച്ചാവകാശം, ദാനം, വഖ്ഫ്, ഈലാഅ്, ളിഹാര്‍, ജീവനാംശം, മഹര്‍ തുടങ്ങിയ വിഷയങ്ങളില്‍ മുസ്‌ലിംകള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ വ്യക്തിനിയമമനുസരിച്ച് തീര്‍പ്പ് കല്‍പിക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും അതിന് വ്യക്തതയും കൃത്യതയുമുള്ള ഖണ്ഡിത രൂപമില്ല. വ്യത്യസ്ത മദ്ഹബുകളിലെ കര്‍മശാസ്ത്രഗന്ഥങ്ങളെയും കോടതി വിധികളെയും അവലംബിക്കാനുള്ള പൊതു നിര്‍ദ്ദേശമാണുള്ളത്. അതുകൊണ്ടു തന്നെ മുസ്‌ലിം വ്യക്തിനിയമം ഇസ്‌ലാമിക ശരീഅത്തിനെ യഥാവിധി പ്രതിനിധീകരിക്കുന്നില്ല. അതിന്റെ അടിസ്ഥാനത്തിലുണ്ടാകുന്ന പല കോടതി വിധികളും ശരീഅത്തിന്റെ ചൈതന്യത്തിന് നിരക്കാത്തതായിത്തീരുകയും ചെയ്യുന്നു. വ്യക്തിനിയമം ശരീഅത്തിന്റെ കടുത്ത ദുരുപയോഗത്തിന് അവസരമൊരുക്കുകയും ചെയ്യുന്നു.
അതിനാല്‍ നദീറ സംഭവത്തിന് മുമ്പുതന്നെ കേരളത്തില്‍ മുസ്‌ലിം വ്യക്തിനിയമവും ഇസ്‌ലാമിക ശരീഅത്തും വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വിധേയമായിരുന്നു. പ്രമുഖ സാഹിത്യകാരന്‍ എന്‍.പി മുഹമ്മദാണ് അതിന് തുടക്കം കുറിച്ചത്. 1965 മെയ് 7,8,9 തിയ്യതികളില്‍ എറണാകുളത്ത് ചേര്‍ന്ന കേരളാ ഇസ്‌ലാമിക് സെമിനാറിന്റെ മൂന്നാമത്തെ സെഷനില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ അദ്ദേഹം മുസ്‌ലിം വ്യക്തിനിയമത്തെയും ഇസ്‌ലാമിക ശരീഅത്തിനെയും കടന്നാക്രമിച്ചു. ശരീഅത്ത് കാലാതിവര്‍ത്തിയല്ലെന്നും അത് സ്വീകരിക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരല്ലെന്നുമുള്ള നിലയിലായിരുന്നു അദ്ദേഹത്തിന്റെ വിഷയാവതരണം. 'ഇന്ത്യന്‍ മുസ്‌ലിംകളും ശരീഅത്ത് വ്യവസ്ഥകളും' എന്ന തലക്കെട്ടില്‍ നടത്തപ്പെട്ട പ്രസ്തുത സമ്മേളനം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. അതോടൊപ്പം മുസ്‌ലിം വ്യക്തിനിയമം ഇസ്‌ലാമിക ശരീഅത്തിന്റെ നേര്‍സാക്ഷ്യമല്ലെന്ന പൊതുധാരണ സൃഷ്ടിക്കാന്‍ അതു സഹായകമായി.
പിന്നീട് കേരളത്തില്‍ ഇസ്‌ലാമിക ശരീഅത്ത് വലിയ ചര്‍ച്ചയായത് നേരത്തെ ഈ പംക്തിയില്‍ വിശദീകരിച്ച പോലെ എം.ഇ.എസ് ജേര്‍ണലിന്റെ 1970 ഏപ്രില്‍ 13-ലെ ലക്കത്തില്‍ കോഴിക്കോട് ഡ്രസ്സ്‌ലാന്റ് ഉടമ ടി. അബ്ദുല്‍ അസീസ് ശരീഅത്തിനെ നിരാകരിച്ച് ലേഖനമെഴുതിയതോടെയാണ്. അത് എം.ഇ.എസ്സും മുസ്‌ലിം ലീഗും തമ്മില്‍ അകലാന്‍ കാരണമായെങ്കിലും വിവാദം ഏറെക്കാലം നീണ്ടുനിന്നില്ല. ലേഖനം എം.ഇ.എസ്സിന്റെ അഭിപ്രായമല്ലെന്ന് പ്രസിഡന്റ് ഡോ: പി.കെ അബ്ദുല്‍ ഗഫൂര്‍ വ്യക്തമാക്കിയതോടെ പ്രശ്‌നത്തിന്റെ ഗൗരവം ഇല്ലാതായി.
1970 സെപ്തംബര്‍ 25-ന് കോഴിക്കോട് രൂപീകൃതമായ ശരീഅത്ത് വിമര്‍ശനത്തിന്റെ മുനയൊടിക്കാന്‍ 1972  ആഗസ്റ്റ് 21-ന് അവര്‍ തന്നെ സംഘടിപ്പിച്ച 'ഇസ്‌ലാമിക ശരീഅത്തും ഏക സിവില്‍കോഡും' എന്ന സിമ്പോസിയത്തിലെ ഒ.അബ്ദുറഹ്മാന്‍ സാഹിബിന്റെ പ്രസംഗത്തിന് സാധിച്ചു. അത് മോഡേണ്‍ എയ്ജ് സൊസൈറ്റിയെ തന്നെ പിറകോട്ട് തള്ളിമാറ്റാന്‍ കാരണമായി. എന്നാല്‍ കേരളത്തിലെ പ്രമാദമായ ശരീഅത്ത് സംവാദത്തിന് തുടക്കം കുറിച്ചത് ഇ.എം.എസ് നമ്പൂതിരിപ്പാടാണ്. 1984-ന്റെ ആരംഭത്തില്‍ അദ്ദേഹം ഏകസിവില്‍കോഡിന് വേണ്ടി വാദിക്കുകയും മുസ്‌ലിം വ്യക്തിനിയമത്തെയും ഇസ്‌ലാമിക ശരീഅത്തിനെയും രൂക്ഷമായി കടന്നാക്രമിക്കുകയും ചെയ്തു. 1985 ഏപ്രില്‍ 23-ലെ അഹ്മദ് ഖാന്‍- ശാബാനുകേസ് വിധിയെത്തുടര്‍ന്നുണ്ടായ വിവാദം മാര്‍ക്‌സിസ്റ്റുകളുടെ ശരീഅത്ത് വിമര്‍ശനത്തിന് ശക്തി പകര്‍ന്നു. അവരില്‍ പലരും ശരീഅത്തിനെ പ്രാകൃത നിയമമെന്ന് വിശേഷിപ്പിച്ചു. സി.പി കുഞ്ഞുവിനെപ്പോലുള്ള കമ്മ്യൂണിസ്റ്റുകാര്‍ ബഹുഭാര്യത്വത്തിന്റെയും വിവാഹമോചനത്തിന്റെയും പേരില്‍ ശരീഅത്തിനെ നിശിതമായി വിമര്‍ശിക്കുകയും ശരീഅത്ത് പക്ഷത്ത് നില്‍ക്കുന്നവരെ ക്രൂരമായി കളിയാക്കുകയും ചെയ്തു. 'തോന്നിയ പോലെ നാലുപെണ്ണ് കെട്ടാനുള്ള ഏര്‍പ്പാടാണ് ശരീഅത്തെന്ന് ഈ.എം.എസിനെ പോലുള്ളവര്‍വരെ പ്രസംഗിച്ചു നടന്നു. പരിഷ്‌കൃതലോകത്തിന് പറ്റിയതല്ല ഇസ്‌ലാമെന്ന ധാരണ സൃഷ്ടിക്കാനാണ്  മാര്‍ക്‌സിസ്റ്റുകാര്‍ ശ്രമിച്ചത്. ശരീഅത്ത് വിമര്‍ശനത്തിന്റെ ഉദ്ദേശ്യം അവര്‍ വ്യക്തമാക്കിയതിങ്ങനെയാണ്: ''അവരവര്‍ക്ക് ഇഷ്ടമുള്ള ഇണയെ തെരഞ്ഞെടുത്ത് ഇഷ്ടമുള്ള കാലത്തോളം ദാമ്പത്യ ജീവിതം നയിക്കുക, ദമ്പതിമാരില്‍ ആര്‍ക്കെങ്കിലും ഇഷ്ടമില്ലാതെ വരികയാണെങ്കില്‍ വിവാഹമോചനം നടത്തുക. ഇഷ്ടമുണ്ടെങ്കില്‍ പുതിയൊരു ഇണയെ കണ്ടെത്തി മറ്റൊരു ദാമ്പത്യത്തില്‍ ഏര്‍പ്പെടുക. ഈ സ്ഥിതി കൈവരിക്കുന്നതിന് വേണ്ടിയാണ് ആധുനിക ജനാധിപത്യവും അതിന്റെ ഉയര്‍ന്ന രൂപമായ സോഷ്യലിസവും പ്രവര്‍ത്തിക്കുന്നത്.'' (ചിന്ത വാരിക, 25 നവംബര്‍ 1983)
ഇസ്‌ലാമിക ശരീഅത്തിനെതിരെ കമ്മ്യൂണിസ്റ്റുകാര്‍ നടത്തിയ കടന്നാക്രമണത്തെ മുസ്‌ലിം സമുദായത്തിലെ പല സംഘടനകളും നേരിട്ടത് തീര്‍ത്തും വൈകാരികമായാണ്. ചിലര്‍ കമ്മ്യൂണിസ്റ്റുകാരെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു. വേറെ ചിലര്‍ ഘോഷയാത്രകളും പ്രകടനങ്ങളും നടത്തി നിര്‍വൃതിയടഞ്ഞു. അതില്‍ 'ഒന്നും കെട്ടും രണ്ടും കെട്ടും- ഇ.എം.എസ്സിന്റെ ഓളേം കെട്ടും മോളേം കെട്ടും' പോലുള്ള നിലവാരം കുറഞ്ഞ മുദ്രാവാക്യങ്ങള്‍ പോലും വിളിക്കപ്പെട്ടു. ഈ ഘട്ടത്തിലാണ് ജമാഅത്തെ ഇസ്‌ലാമി ശരീഅത്ത് പ്രശ്‌നങ്ങളെ ബുദ്ധിപരമായും പ്രാമാണികമായും യുക്തിനിഷ്ഠമായും നേരിടാന്‍ ശ്രമിച്ചത്. പ്രബോധനം വാരിക വ്യത്യസ്ത വീക്ഷണക്കാരെ അണിനിരത്തി ശ്രദ്ധേയമായ ഒരു സ്‌പെഷ്യല്‍പതിപ്പ് പ്രസിദ്ധീകരിച്ചു. ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ശരീഅത്തിന്റെ വിവിധ വശങ്ങള്‍ പഠിക്കാന്‍ സഹായകമായ അര ഡസണ്‍ പുസ്‌കങ്ങള്‍ പ്രസിദ്ധീകരിച്ചു. വിവാഹമോചനം (ജൂലൈ 1984), ബഹുഭാര്യത്വം (ജൂണ്‍ 1984), വൈവാഹിക ജീവിതം ഇസ്‌ലാമിക വീക്ഷണത്തില്‍ (ഏപ്രില്‍ 1986), അനന്തരാവകാശ നിയമങ്ങള്‍ ഇസ്‌ലാമില്‍ (നവംബര്‍ 1986), വിവാഹമുക്തയുടെ അവകാശങ്ങള്‍ ഇസ്‌ലാമിലും ഇന്ത്യന്‍ നിയമത്തിലും എന്നീ പുസ്തകങ്ങള്‍ ഈ ലേഖകന്‍ തയ്യാറാക്കി പുറത്തിറക്കിയത് ശരീഅത്ത് സംവാദത്തിന്റെ പശ്ചാത്തലത്തിലാണ്. കൂടാതെ വി.എ കബീറിന്റെ 'ശരീഅത്തും ഇന്ത്യന്‍ മുസ്‌ലിംകളും' (നവംബര്‍ 1985) ഒ. അബ്ദുറഹ്മാന്‍ സാഹിബ് ക്രോഡീകരിച്ച് എഡിറ്റ് ചെയ്ത 'ശരീഅത്തും ഏക സിവില്‍കോഡും' ശരീഅത്ത് സംവാദത്തോടനുബന്ധിച്ച് ഐ.പി.എച്ച് പുറത്തിറക്കിയ കൃതികളാണ്.
അതോടൊപ്പം കേരളത്തിന്റെ എല്ലാ മുക്കുമൂലകളിലും എല്ലാ മുസ്‌ലിം സംഘടനകളുടെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയും നൂറുകണക്കിന് ശരീഅത്ത് വിശദീകരണ യോഗങ്ങള്‍ നടത്തി. കേരളത്തില്‍ മുസ്‌ലിം ഐക്യം ഏറ്റവും കൂടുതല്‍ ശക്തിപ്രാപിച്ച കാലമായിരുന്നു അത്. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വിയുടെ സാന്നിധ്യത്തില്‍ കേരളത്തിലെ എല്ലാ മുസ്‌ലിം സംഘടനാ നേതാക്കളും ഒത്തുകൂടി. അവ്വിധമുള്ള കേരളത്തിലെ ആദ്യത്തെ മുസ്‌ലിം കൂട്ടായ്മയായിരുന്നു അത്. തുടര്‍ന്ന് കേരളത്തിലുടനീളം ഇവ്വിധമുള്ള കൂട്ടായ്മയോടെ ശരീഅത്ത് വിശദീകരണയോഗങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ജമാഅത്ത് പ്രഭാഷകര്‍ക്ക് ഏറ്റവും തിരക്ക് പിടിച്ച കാലമായിരുന്നു അത്. എല്ലാവരും അവരുടെ സാന്നിധ്യവും പ്രസംഗവും അതിയായി ആഗ്രഹിച്ചു. വ്യക്തിപരമായി ഏറ്റവും കൂടുതല്‍ പരിപാടികളില്‍ പങ്കെടുത്ത് പ്രസംഗിച്ചത് ശരീഅത്ത് സംവാദകാലത്താണ്. ഒരേ ദിവസം നിരവധി പരിപാടികളില്‍ പങ്കാളിയാവാനും പ്രഭാഷണം നിര്‍വഹിക്കാനും നിര്‍ബന്ധിതനായി.
പ്രധാനമായും ആറ് ഉദ്ദേശ്യങ്ങളോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്.
1. മുസ്‌ലിംകളല്ലാത്തവര്‍ക്ക് ഇസ്‌ലാമിക ശരീഅത്തിനെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ നീക്കി അതിനെ ശരിയാംവിധം പരിചയപ്പെടുത്തുക.
2. മുസ്‌ലിം സമൂഹത്തെ ശരീഅത്തിനെ സംബന്ധിച്ച് ശരിയാംവിധം ബോധവല്‍ക്കരിക്കുകയും അതിന്റെ ലംഘനവും ദുരുപയോഗവും ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
3. മുസ്‌ലിം സമൂഹത്തിലുണ്ടായ അപകര്‍ഷ ബോധമകറ്റി അവര്‍ക്ക് ആത്മവിശ്വാസം നല്‍കുക. ഇസ്‌ലാമിക ശരീഅത്ത് കിടയറ്റതാണെന്നും മറ്റൊരു നിയമവ്യവസ്ഥയും അതിനോട് കിടപിടിക്കുന്നതായി ഇല്ലെന്നുമുള്ള അവബോധം വളര്‍ത്തുക. കാലാതീതവും മുഴു ജീവിത സ്പര്‍ശിയുമായ നിയമ വ്യവസ്ഥയാണ് തങ്ങളുടെ വശമുള്ള ഇസ്‌ലാമിക ശരീഅത്തെന്ന ആത്മാഭിമാനം അവരില്‍ ഉണര്‍ത്തുക.
4. ഇസ്‌ലാമിക ശരീഅത്തിന്റെ വികാസക്ഷമതയെ സംബന്ധിച്ച കൃത്യമായ ധാരണ വളര്‍ത്തുക.
5. അറബികല്ല്യാണം, ശൈശവ വിവാഹം, സ്ത്രീധനം, വിവാഹവുമായും കുടുംബവുമായും ബന്ധപ്പെട്ട അത്യാചാരങ്ങള്‍, ധൂര്‍ത്ത്, ദുര്‍വ്യയം തുടങ്ങിയ തിന്മകള്‍ക്കെതിരെ സമുദായത്തെ ബോധവല്‍ക്കരിക്കുക.
6. ശരീഅത്ത് വിമര്‍ശനത്തിന്റെ പൊള്ളത്തരം തുറന്ന് കാണിക്കുക.
7. വിവാഹം കുടുംബജീവിതം തുടങ്ങിയവയെ സംബന്ധിച്ച മാര്‍ക്‌സിയന്‍ കാഴ്ചപ്പാടിന്റെ ദൗര്‍ബല്യവും അപകടവും തുറന്ന് കാണിക്കുക. ഭൗതികപ്രത്യയശാസ്ത്രങ്ങളുടെ അയുക്തികതയും അപ്രായോഗികതയും വ്യക്തമാക്കുക.
8. പ്രായോഗിക രംഗത്ത് വിവാഹമോചനവും ബഹുഭാര്യത്വവുമെല്ലാം നിയമപരമായി അനുവദിക്കപ്പെട്ട മുസ്‌ലിംകളെക്കാള്‍ അത് വിലക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്ത ഹൈന്ദവ സമൂഹത്തിലാണ് കൂടുതലെന്ന വസ്തുത വ്യക്തമാക്കുക.
9. കാറള്‍മാക്‌സ് ഉള്‍പ്പെടെ കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ പലരും കുത്തഴിഞ്ഞ ലൈംഗിക ജീവിതം നയിക്കുന്നവരായിരുന്നുവെന്നും വ്യക്തമായ സദാചാരവ്യവസ്ഥപോലുമില്ലാത്ത, കുടുംബം സ്വകാര്യ ഉടമാവകാശത്തിന്റെ ഫലമായുണ്ടായതാണെന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഏകഭാര്യത്വം സംബന്ധിച്ചും വിവാഹത്തെ സംബന്ധിച്ചും സംസാരിക്കാന്‍ അര്‍ഹതയില്ലെന്നും സമര്‍ഥിക്കുക.
എല്ലാ അര്‍ഥത്തിലും ശരീഅത്ത് സംവാദം ഇസ്‌ലാമിക പക്ഷത്തിന് വമ്പിച്ച വിജയമായിരുന്നു. ഇസ്‌ലാമിക ശരീഅത്തിന്റെ നന്മയും മേന്മയും തുറന്ന് കാണിക്കാന്‍ അത് അവസരമൊരുക്കി. അത് കാലാതിവര്‍ത്തിയും നിത്യനൂതനവുമാണെന്ന് സമര്‍ഥിക്കാന്‍ സാധിച്ചു. അവസാനം ശരീഅത്ത് സംവാദത്തിന് തിരികൊളുത്തിയ ഇ.എം.എസിന് തന്നെ തുറന്ന് സമ്മതിക്കേണ്ടി വന്നു; താന്‍ ശരീഅത്തിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്ന്.
ഇസ്‌ലാമിക പ്രസ്ഥാനത്തിന് എന്തുകൊണ്ടും അഭിമാനിക്കുന്ന ഒന്നാണ് ശരീഅത്ത് സംവാദം. ജമാഅത്ത് വിമര്‍ശകനായ എന്‍.പി മുഹമ്മദിനുപോലും അതിന്റെ പ്രവര്‍ത്തകരെ 'മുസ്‌ലിം സമുദായത്തിലെ സര്‍ഗാത്മക ന്യൂനപക്ഷ'മെന്ന് വിശേഷിപ്പിക്കേണ്ടിവന്നത് ശരീഅത്ത് സംവാദത്തിന്റെ അനുഭവ പശ്ചാതലത്തിലാണ്. അതുകൊണ്ടുതന്നെ പ്രസ്ഥാനപ്രവര്‍ത്തകര്‍ക്ക് അതേക്കുറിച്ച സ്മരണകള്‍ ഏറെ സുന്ദരവും മധുരതരവുമാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top