മൂല്യവത്തായ രചനകള്‍ ഇനിയും ഉണ്ടാവട്ടെ

ഷെല്‍ബീര്‍ അലി ചാവക്കാട്

ക്ടോബര്‍ ലക്കം 'വിവാഹങ്ങള്‍ ആരോപണത്തിനും ആഘോഷത്തിനുമിടയില്‍' എന്ന ലേഖനം വളരെയേറെ ശ്രദ്ധേയമായി. ഒരു സ്ത്രീയുടെ വിവാഹജീവിതത്തില്‍ സമൂഹം അവളെ അടിച്ചേല്‍പ്പിക്കുന്ന നൊമ്പരങ്ങള്‍ എന്താണെന്നും, വിവാഹത്തിന്റെ അടിസ്ഥാന തത്വങ്ങളുടെ ഗുണവശങ്ങള്‍ എന്തെന്നും, അതിലൂടെ സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കേണ്ട മാറ്റത്തിരുത്തലുകള്‍ ഏതെന്നും ചിന്തിച്ച് പ്രയത്‌നിക്കുമ്പോള്‍ വലിയൊരു മാനുഷിക മൂല്യം അതിലൂടെ സ്ഥാപിച്ചെടുക്കാന്‍ നമുക്ക് സാധിക്കും. ഇനിയും ഇത്തരം മൂല്യങ്ങള്‍ നിറഞ്ഞ രചനകള്‍ പ്രതീക്ഷിക്കുന്നു.


അഭിനന്ദനങ്ങള്‍
ഒക്ടോബര്‍ മാസത്തിലെ 'വിവാഹങ്ങള്‍ ആരോപണത്തിനും ആഘോഷത്തിനുമിടയില്‍' എന്ന ലേഖനം വളരെ നന്നായിട്ടുണ്ട്. സമകാലിക സമൂഹത്തില്‍ വേരൂന്നിയ ഇസ്‌ലാമിക നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടുള്ള വിവാഹമാമാങ്കത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുകയും ഇസ്‌ലാമിന്റെ നിലപാട് തുറന്നു പറയാന്‍ ചങ്കൂറ്റം കാണിക്കുകയും ചെയ്തിരിക്കുന്നു. ലേഖനത്തില്‍ പറഞ്ഞതത്രയും തുറന്ന സത്യങ്ങളാണ്. സംഘടനാതലത്തിലുള്ളവരാകട്ടെ പെണ്ണിന്റെ മിന്നിലും മേനിയിലുമാണ് താല്‍പര്യം കാണിക്കുന്നത്. നാലാളുകളുടെ മുഖത്ത് നോക്കി 'ഇതെന്റെ പെണ്ണ്' എന്ന് അഭിമാനത്തോടെ പറയാന്‍ പെണ്ണിന് മേനിയഴക് വേണം. സല്‍സ്വഭാവമോ ദീനോ പരിഗണിക്കാന്‍ അധിക ഇസ്‌ലാമിസ്റ്റുകള്‍ക്കും കഴിയുന്നില്ല. അല്ലാഹുവിന്റെ റസൂല്‍ കറുത്ത അടിമപ്പെണ്ണിനെ ചൂണ്ടി 'ഇവളെ വിവാഹം കഴിക്കുന്നവര്‍ക്ക് സ്വര്‍ഗമുണ്ട്' എന്ന് പ്രഖ്യാപിച്ചതൊക്കെ പ്രസംഗത്തില്‍ ഉദ്ധരിക്കാനുള്ളതാണ് പലര്‍ക്കും. സ്ത്രീധനം വേണ്ടെന്ന് പറയുന്നവര്‍ക്കുള്ള ഒരേയൊരു ഡിമാന്റ് തൊലിവെളുപ്പാണ്. അറുപത് കഴിഞ്ഞ വിഭാര്യനും വേണ്ടത് 28/30 വയസ്സായ യുവതിയെയാണ്. മേനിയഴക് എന്ന വിവാഹ സങ്കല്‍പത്തെ മനസ്സഴക് എന്ന് തിരുത്തി വായിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പെണ്ണിന്റെ കണ്ണീരിന് ഒരു വിലയുമില്ലാത്ത കാലത്ത് പെണ്ണിനുവേണ്ടി ശബ്ദിക്കാന്‍ ആരാമത്തിന് ഇനിയും കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
ഹഫ്‌സ അബ്ദുല്‍ റഹ്മാന്‍
പാടൂര്‍

നിഷ്‌കളങ്കതയില്‍ അമ്മിണിച്ചേച്ചി
ഒക്ടോബര്‍ ലക്കത്തില്‍ ഏറ്റവും ഇഷ്ടമായത് 'പള്ളിയും മദ്രസയും അമ്മിണിച്ചേച്ചിയും' എന്ന ഫീച്ചറാണ്. നിഷ്‌കളങ്കതയില്‍ അമ്മിണിച്ചേച്ചിക്ക് പ്രായം തോന്നുന്നതേയില്ല. ബാലികയാവുമ്പോള്‍ തന്നെ വയറ്റാട്ടിയാകേണ്ടി വന്ന മാധവിയമ്മയും നല്ല സ്റ്റോറിയാണ്. ഗുരുവായൂരപ്പന്റെ നടയില്‍ പോലും പെറ്റമ്മയെ ഉപേക്ഷിക്കുന്ന നാട്ടില്‍ വൃദ്ധര്‍ക്ക് ഒരു പതിപ്പ് മാറ്റിവെച്ചത് നന്നായി. നുസ്‌റത്തിന്റെ ലേഖനം ഇസ്‌ലാമിലെ വൃദ്ധ സംരക്ഷണം ഓര്‍മപ്പെടുത്തുന്നു. ആഘോഷങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഇടയിലുള്ള വിവാഹങ്ങളെക്കുറിച്ച ലേഖനം പല തലങ്ങളിലൂടെ കടന്നുപോകുന്നു. ചിന്താര്‍ഹമാണ്. അറബിക്കല്യാണം കൊണ്ട് ക്ലച്ച് പിടിച്ചുപോയ ഒരുപാട് ദരിദ്രകുടുംബങ്ങളും കേരളത്തിലുള്ളത് ആരും അറിയാതെ പോകുന്നുണ്ട്.
ദിജു മറിയം
കണ്ണാടിക്കല്‍

പ്രിയ സൗദാ...
ആരാമം കഴിഞ്ഞ ലക്കം ആവര്‍ത്തിച്ചു വായിച്ചു. ആരാമത്തിന്റെ ചരിത്രത്തില്‍ ഇത്ര ശ്രദ്ധേയമായ മറ്റൊരു ലക്കം കടന്നുപോയിട്ടില്ല. പ്രിയ സഹോദരി സൗദ പടന്നയെ സംബന്ധിച്ച് വ്യത്യസ്ത മേഖലയിലുള്ളവര്‍ എഴുതിയ കുറിപ്പുകളത്രയും കണ്ണീരോടു കൂടിയാണ് വായിച്ചത്. നാല്‍പത്തിയൊന്ന് വര്‍ഷംകൊണ്ട് ഇരട്ടി കാലയളവില്‍ ചെയ്യാന്‍ കഴിയുന്നതിലപ്പുറം ചെയ്തുകൂട്ടി പ്രസ്ഥാനബന്ധുക്കളെ മുഴുവന്‍ കണ്ണീരിലാഴ്ത്തി ആ മഹതി റബ്ബിലേക്ക് യാത്രയായി. തീര്‍ച്ചയായും സൗദ അവിടെ ഒറ്റക്കല്ല. കഴിഞ്ഞുപോയ അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ കൂടെയുണ്ട്.
മുഖത്ത് നോക്കി പുഞ്ചിരിക്കാന്‍ വിമ്മിഷ്ടം കാണിക്കുന്ന നമുക്കിടയില്‍ കടുത്ത വേദന കടിച്ചിറക്കി നിറഞ്ഞ പുഞ്ചിരിയോടെ നമ്മെ സ്വീകരിച്ച സൗദയെ മറക്കാന്‍ ആര്‍ക്കും കഴിയില്ല. ഒരു തലവേദന വന്നുപെട്ടാല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അവധികൊടുക്കുന്ന നമുക്കിടയില്‍ കുറ്റിപ്പുറം സ്വഫാനഗറിലെ സമ്മേളനത്തില്‍ കാന്‍സര്‍രോഗം തൊണ്ടയില്‍ അസ്വസ്ഥത സൃഷ്ടിച്ചപ്പോള്‍ അത് ലാഘവത്തോടെ കൈകാര്യം ചെയ്ത സൗദ തികച്ചും വ്യത്യസ്തയാണ്. വീട്ടുജോലികള്‍ ചെയ്തു തീര്‍ത്തില്ലെങ്കില്‍ പ്രസ്ഥാന പ്രവര്‍ത്തനത്തിന് ഇണയുടെ മേല്‍ ബ്രേക്കിടുന്ന ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഏറെ മാതൃകയാണ്. സൗദ എന്ന സഹോദരിയെ എല്ലാ തലങ്ങളിലും പരിചയപ്പെടുത്തിയ ആരാമം ശില്‍പികള്‍ക്ക് നന്ദി അറിയിക്കുന്നു.
സി.കോയ
പാലാഴി
കുടുംബബന്ധങ്ങള്‍
ബന്ധനങ്ങളാവാതിരിക്കുക
കുടുംബബന്ധ വ്യവസ്ഥ അല്ലാഹുവിന്റെ വലിയ അനുഗ്രഹമാണ്. വിശുദ്ധ ഖുര്‍ആനിലെ ഒരു അധ്യായത്തില്‍ അല്ലാഹുവെ സൂക്ഷിക്കുക എന്ന് പറഞ്ഞുകൊണ്ട് മനുഷ്യ ഉല്‍പത്തിയെകുറിച്ച് പറഞ്ഞതിനു ശേഷം അതീവ ഗൗരവത്തോടെ 'കുടുംബബന്ധങ്ങളെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. നിങ്ങളുടെ മേല്‍നോട്ടക്കാരന്‍ ഞാനാകുന്നു'വെന്ന് ഉണര്‍ത്തുന്നു. വിവാഹ കരാറിനെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് 'ബലിഷ്ടമായ കരാര്‍' എന്നാണ്. വിവാഹമോചനം നടക്കുമ്പോള്‍ അല്ലാഹുവിന്റെ 'ഹര്‍ശി'ളകുമെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ഈ കരാര്‍ അര്‍ഥവത്തായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്ന വ്യക്തികള്‍ക്കേ ഇഹവും പരവും സ്വര്‍ഗമായി മാറുകയുള്ളൂ. ഇണയെ തെരഞ്ഞെടുക്കുമ്പോള്‍ അവളുടെ സമ്പത്ത് സൗന്ദര്യം തറവാട് എന്നിവ പരിഗണിക്കാം. പക്ഷേ, ദീനിന് മുന്‍ഗണന നല്‍കണം എന്നാണ് പ്രവാചക അധ്യാപനം. എന്നാല്‍ മതനിഷ്ഠയില്‍ മുന്‍പന്തിയിലാണെന്ന് കരുതപ്പെടുന്നവര്‍  പോലും വിവാഹ രംഗത്ത് മറ്റുപല താല്‍പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. സഹനം, ക്ഷമ, വിട്ടുവീഴ്ച, അല്ലാഹുവിന്റെ മുമ്പില്‍ സമാധാനം ബോധിപ്പിക്കേണ്ടിവരുമെന്ന വിശ്വാസം ഇതെല്ലാമുള്ളവര്‍ക്കേ കരുത്തുറ്റ ജീവിതം നയിക്കാന്‍ കഴിയുകയുള്ളൂ. ഇണയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യം ദൈവം നമുക്ക് വിട്ടുതന്നിരിക്കുകയാണ്.
വിവാഹം കഴിച്ചവന്‍ ദീനിന്റെ പകുതി പൂര്‍ത്തിയാക്കി എന്ന് പറഞ്ഞത് യഥാര്‍ഥമായും അതിലേക്ക് സമര്‍പ്പിച്ചവനെക്കുറിച്ചാണ്. ഇഹലോകത്ത് നല്ല വിഭവങ്ങളായി പ്രവാചകന്‍ പറഞ്ഞത് നല്ല ഭാര്യയും, നല്ല വീടും, നല്ല വാഹനവുമാണ്. ദാമ്പത്യ ജീവിതത്തില്‍ ബാധ്യതകള്‍ നിര്‍വഹിച്ച് ജീവിക്കുന്ന സഹധര്‍മിണിയെയാണ് നല്ല ഭാര്യ എന്ന് പ്രവാചകന്‍ പറഞ്ഞത്. വീടെന്നത് താനും തന്റെ അധീനതയില്‍ സംരക്ഷിക്കപ്പെടുന്ന മാതാപിതാക്കളടക്കമുള്ളവരും കൂടിച്ചേരുന്ന സന്തോഷമുള്ള ഒരിടത്തെയാണ്. കുടുംബബന്ധങ്ങള്‍ക്ക് വിള്ളലുണ്ടാവാതിരിക്കാന്‍ ശ്രദ്ധിച്ചെങ്കില്‍ മാത്രമേ വീട് ഖുര്‍ആന്‍ പ്രയോഗിച്ച മസ്‌കനായി മാറുകയുള്ളൂ.
കുടുംബബന്ധങ്ങള്‍ക്ക് വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുകയില്ല. പ്രവാചകന്‍ (സ) ഒരു സദസ്സില്‍ വന്നപ്പോള്‍ ഇതില്‍ കുടുംബബന്ധം മുറിച്ചവര്‍ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചപ്പോള്‍ ഒരാള്‍ എഴുന്നേറ്റു നിന്നതും ബന്ധം പുതുക്കി വരാന്‍ പ്രവാചകന്‍ അയാളെ പറഞ്ഞയച്ചതും ഹദീസുകളില്‍ നിന്നും വായിച്ചിട്ടുണ്ട്. ഖദീജ (റ)വിന്റെ മരണ ശേഷവും അവരുടെ കുടുംബങ്ങളോടും കൂട്ടുകാരികളോടും വളരെ സൗഹാര്‍ദത്തില്‍ പ്രവാചകന്‍ പെരുമാറിയിരുന്നു. കണ്‍കുളിര്‍മയോടെ നോക്കാന്‍ കഴിയുന്ന ബന്ധങ്ങള്‍ക്കേ മനസ്സമാധാനം നല്‍കാന്‍ കഴിയൂ.
ഭാര്യാഭര്‍തൃ ബന്ധത്തെക്കുറിച്ച് അല്ലാഹു പറഞ്ഞത് നിങ്ങള്‍ പരസ്പരം വസ്ത്രങ്ങള്‍ പോലെയാണ് എന്നാണ്. കെട്ടുറപ്പുള്ള കുടുംബങ്ങളില്‍ നിന്നേ നല്ല തലമുറകള്‍ വളര്‍ന്നുവരുകയുള്ളൂ.
സുലൈഖ സുബൈര്‍
ശാന്തപുരം

കല്ല്യാണം കഴിക്കേണ്ട പെണ്ണിന്റെ
പ്രായം പതിനാറോ പതിനെട്ടോ.....? !
ഒരു പെണ്‍കുട്ടിയെ കെട്ടിച്ചു വിടാന്‍ സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും സമ്പത്തിന്റെയും പാരമ്പര്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും അതിര്‍വരമ്പുകള്‍ കടിഞ്ഞാണിടുന്നതിന്റെ ഇടയിലേക്ക് മറ്റൊരു വലിയ വാദപ്രതിവാദം കൊടുമ്പിരി കൊണ്ടിരിക്കുകയാണിപ്പോള്‍...
പെണ്‍കുഞ്ഞ് ജനിച്ചതു മുതല്‍ പലവിധ ആധികളാല്‍ സങ്കടപ്പെടുന്നത് മാതാപിതാക്കളാണ്. അവരിപ്പോള്‍ പെണ്‍കുട്ടികളെ കുറിച്ചുയര്‍ന്നുവന്ന പുതിയ പ്രശ്‌നത്തില്‍ എങ്ങനെ ഇടപെടണം എന്നറിയാത്ത മൂഡാവസ്ഥയിലാണെന്ന് തോന്നുന്നു. രാഷ്ട്രീയക്കാരും മതസംഘടനക്കാരും ഏറ്റെടുത്ത പ്രശ്‌നത്തിലിടപ്പെടാന്‍ മാതാപിതാക്കള്‍ക്കായി ഒരു സംഘടന ഉണ്ടായിരുന്നെങ്കില്‍ അവരുടെ പ്രതികരണം കൂടി അതിന്റെ ഇടയിലൂടെ കേള്‍ക്കുമായിരുന്നു.
പെണ്‍കുട്ടിയുടെ  ജീവിതനിലവാരം ഏറെ ഉയരത്തിലെത്തിയിട്ടും ഇപ്പോഴും  വിവാഹപ്രായമെങ്കിലും സ്വന്തം ഇഷ്ടത്തിനു തീരുമാനിക്കാനാവാതെ, അതിനെ ശക്തമായി എതിര്‍ക്കാനാവാതെ അവള്‍ ചില അധികാരനിയന്ത്രണങ്ങളുടെ കെട്ടുകളില്‍ നിന്നും അടര്‍ന്നു മാറാനാവാത്ത വിധം ബന്ധിക്കപ്പെട്ടിരിക്കുകയാണ്.  
വിവരണാതീതമായി വര്‍ണ്ണപ്പൊലിമയോടെ ഉയര്‍ന്ന വിദ്യാഭ്യാസത്തിന്റെ മഹിമകള്‍ വാഴ്ത്തുന്ന ഈ കാലഘട്ടത്തിലും മാറ്റാനാവാത്ത സമൂഹത്തിന്റെ ചില ദുഷിച്ച മനസ്ഥിതിയിലേക്ക് മനപ്പൂര്‍വ്വമെന്നതുപോലെ അപരാധത്തിന്റെ ബലിയാടുകളായി, മുഷിപ്പിന്റെ മുറുമുറുപ്പോടെ, തീരാത്ത ദുരിതത്തിന്റെ അവശേഷിപ്പായി ഒരിക്കലും വറ്റാത്ത കണ്ണീരോടെ ജീവിതം എന്തിനോ വേണ്ടി ജീവിച്ചു തീര്‍ക്കുന്ന പെണ്‍ജന്മങ്ങള്‍ നമുക്കിടയില്‍ ഒരുപാടുണ്ട്.
കഴിഞ്ഞുപോയ കാലമല്ല, ഇനി നമ്മുടെ മുമ്പിലുള്ളത്. വീട്ടില്‍നിന്നും പുറത്തിറങ്ങാത്ത സ്ത്രീകളില്‍ നിന്നും ഇന്നിന്റെ സ്വാതന്ത്ര്യം അവള്‍ക്ക് ഒരുപാട് അവകാശങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്. ആ അവകാശങ്ങള്‍ അവള്‍ പക്വതയോടെ കാര്യങ്ങളെ തീരുമാനിക്കുന്നതിലേക്കും തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിലേക്കുമുള്ള ഉള്‍ക്കരുത്തിന്റെ ആര്‍ജ്ജവമായി പുതിയ കാലത്തില്‍ അവളിലൂടെ ചരിത്രം മാറ്റിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് കഴിഞ്ഞ കാലത്തെ ചില തെറ്റായ രീതിയുമായി ഇപ്പോഴത്തെ കാലത്തെയും ജീവിതാവസ്ഥയെയും വിലയിരുത്താനാവില്ല.
ഒരു കാലത്ത് നടമാടിയിരുന്ന ശൈശവവിവാഹ ദുരന്തത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്തി, പ്രായപൂര്‍ത്തിയായതിനു ശേഷം വിവാഹത്തിനുള്ള അവകാശം നേടിയെടുത്തിരുന്നെങ്കിലും, ചില അവഗണനകള്‍ വീണ്ടും ശൈശവവിവാഹത്തിന്റെ രൂപത്തില്‍ അന്ധകാരത്തിലേക്ക് പെണ്‍കുട്ടികളെ തള്ളിവിടുന്നു. അത് കുടുംബത്തിന്റെ ബാധ്യത തീര്‍ക്കാനാണോ അവള്‍ കുടുംബത്തിന് പേര്‌ദോഷം കേള്‍പ്പിക്കാതിരിക്കാനുള്ള ഒരു ശല്യമൊഴിവാക്കാനാണോ. ജീവിതത്തെ കുറിച്ച് എന്തെങ്കിലും അറിയാനും മനസ്സിലാക്കാനും തുടങ്ങും മുമ്പെ ഉറക്കത്തില്‍ കണ്ട ഒരു സ്വപ്നലോകത്തേക്കെന്ന പോലെ അവളെ തള്ളിവിടുമ്പോള്‍ അവള്‍ ശരിക്കും ഉറക്കത്തില്‍ നിന്നല്ല ഞെട്ടിയുണരുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞു  തുടങ്ങുമ്പോഴേക്കും അവള്‍ക്ക്  യഥാര്‍ത്ഥ ജീവിതസന്തോഷങ്ങള്‍ കൈവിട്ടു പോയത് എങ്ങനെയെന്ന് പോലും തിരിച്ചറിയാതെയാവുന്നു.
പക്വതയില്ലാത്ത പ്രായത്തില്‍ വികാരങ്ങളുടെ വേലിയേറ്റത്തില്‍പെട്ടു ചില പെണ്‍കുട്ടികളുടെ ജീവിതതാളം തെറ്റിപ്പോവുന്നത് നമ്മള്‍ കാണുന്നതാണ്. ശരിയായ തീരുമാനമെടുക്കാനാവാത്ത പ്രായത്തില്‍ കാര്യങ്ങള്‍ അറിയാതെ, അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കാതെ അറിവുകേടുകൊണ്ട് സംഭവിക്കുന്നതാണ് പല അബദ്ധങ്ങളും.
വിവാഹത്തിന്റെ പ്രധാനലക്ഷ്യം സദാചാര സമൂഹത്തില്‍ സംശയത്തിന്റെ തുറിച്ച് നോട്ടമില്ലാതെ സ്വതന്ത്രരായി ഇണക്കിളികളെപോലെ ലോകം ചുറ്റിക്കറങ്ങാനുള്ള ലൈസന്‍സ് മാത്രമല്ല. ഒരു പക്വമതിയായ സഹധര്‍മ്മിണിക്ക്, ഒരു കുടുംബത്തിനെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും നിയന്ത്രിച്ചു കൊണ്ടുപോവാന്‍ കഴിയണം. അതിനുള്ള അറിവും, സഹനവും, സഹിഷ്ണുതയും, സ്‌നേഹവും അവള്‍ക്കാര്‍ജ്ജിക്കാന്‍ കഴിയണം. ശരിയേത്, ആവശ്യമേത് എന്ന് തിരിച്ചറിയാനും കാര്യങ്ങളില്‍ വേണ്ടവിധത്തില്‍ ഇടപെടാനും ഒരു ഭദ്രതയുള്ള കുടുംബത്തിന്റെ കടിഞ്ഞാണ്‍ നിയന്ത്രിക്കാനും എല്ലാ കാര്യത്തിലും സാമാന്യബോധമുള്ള ഒരു നല്ല കുടുംബിനിക്കേ കഴിയൂ.
ഒരു പെണ്‍കുട്ടിക്ക് കുടുംബത്തില്‍ ചെയ്തു തീര്‍ക്കാനുള്ള ഒരുപാടു കടമകളുണ്ട്. അതിനവള്‍ക്ക് മാനസികമായ തയ്യാറെടുപ്പുകള്‍ ആവശ്യമുണ്ട്. കുടുംബത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട്  അച്ചടക്കമുള്ള, ബഹുമാനമുള്ള നല്ല തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ സ്ത്രീക്കുള്ള പങ്ക് നിസ്സാരമല്ല.
പല പെണ്‍കുട്ടികളും സ്വപ്നങ്ങളുടെ മായാലോകത്താണ്. വിവാഹവേദികളില്‍ ക്ഷണിക്കപ്പെട്ടവരുടെ മുമ്പില്‍ മേനി നിറയെ സ്വര്‍ണ്ണത്തിന്റെയും പതിനായിരങ്ങളാല്‍ അലംകൃതമായ വസ്ത്രങ്ങളുടെയും പരസ്യകോലങ്ങളായി വിവാഹധൂര്‍ത്തുകളില്‍ ആഢംബരത്തിന്റെ ഇരകളായി അവര്‍ മാറുന്നു. ഇങ്ങനെയുള്ള ആഢംബരകോലാഹലങ്ങള്‍ക്കിടയില്‍ വിവാഹം എന്നത്  സ്വപ്നം കാണാന്‍ പോലുമാവാത്ത, പാവപ്പെട്ട പെണ്‍കുട്ടികള്‍ പതിനെട്ടും ഇരുപത്തെട്ടും പ്രായം കഴിഞ്ഞ് നില്‍ക്കുമ്പോള്‍ അതിനൊരു പരിഹാരമുണ്ടാക്കാനല്ല വിവാഹവിവാദസംഘടനകള്‍ വായിലെ തുപ്പല്‍ വറ്റിക്കുന്നത്.
സ്വന്തം കുടുംബത്തിന്റെ അവസ്ഥകളെന്താണെന്നറിയാത്ത പെണ്‍കുട്ടികളാണ് അതുവരെ ജീവിച്ചുവളര്‍ന്നതില്‍ നിന്നും വ്യത്യസ്തമായ മറ്റൊരു കുടുംബത്തിന്റെ ഉത്തരവാദിത്വത്തിലേക്ക് ഒന്നുമറിയാതെ സാങ്കല്‍പ്പികമായ സ്വപ്നജീവിതത്തിലേക്കെന്ന പോലെ വലതുകാല്‍വെച്ച് കയറിചെല്ലുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങുമ്പോള്‍ അടക്കിവെച്ച അസ്വസ്ഥകള്‍ ചെറിയ ചെറിയ പ്രശ്‌നങ്ങളായി മുളപൊട്ടി തുടങ്ങും. അതുപിന്നെ പരിഹരിക്കപ്പെടാനാവാത്ത വലിയ കുടുംബപ്രശ്‌നങ്ങളായി പൊട്ടിത്തെറിക്കുകയും ചെയ്യും. ഒടുവില്‍ വിവാഹബന്ധം വേര്‍പ്പെടുത്തുന്ന അവസ്ഥയിലേക്കെത്തുന്നു. ഇന്നിപ്പോള്‍ വിവാഹം നടക്കുന്നതിനേക്കാള്‍ വിവാഹമോചനങ്ങള്‍ പെരുകി കൊണ്ടിരിക്കുകയാണ്. കുടുംബങ്ങള്‍ക്കുള്ളില്‍ വെച്ച് പറഞ്ഞു തീര്‍ക്കാവുന്ന ഏറ്റവും ചെറിയ ചില പ്രശ്‌നങ്ങളാണ് വലിയ തെറ്റിദ്ധാരണകളില്‍ കുടുങ്ങി തമ്മില്‍ തല്ലി തീര്‍ക്കുന്നത്.
സ്ത്രീ ഒരു ഉപകരണം മാത്രമായി മാറ്റപ്പെടുമ്പോള്‍ എല്ലാ അവകാശങ്ങള്‍ക്കും അര്‍ഹതയുള്ള ഒരു വ്യക്തിയാണെന്നത് അവള്‍ക്ക് കൂടി ബോധ്യപ്പെടാനുള്ള സാധ്യത തള്ളിക്കളയുകയാണ്. കാലം മാറിക്കൊണ്ടിരിക്കുന്നതിനനുസരിച്ച് ഏതറ്റംവരെയെത്താമെന്ന വൃഗ്രതയിലാണ് ഇന്നിന്റെ പോക്ക്. എല്ലാറ്റിനും മേലാധികാരം അവകാശപ്പെടുന്ന പുരുഷന്മാരുടെ അടിമകളാക്കി അടിച്ചമര്‍ത്താനുള്ളതല്ല സ്ത്രീകള്‍. സ്ത്രീയും പുരുഷനും ഇണയും തുണയുമാണ്. അടിസ്ഥാനപരമായ യാഥാര്‍ത്ഥ്യങ്ങളെ തള്ളിക്കളയാന്‍ ആര്‍ക്കുമാവില്ല.
മാനസികവും ശാരീരികവുമായ പക്വതയോടെ കാര്യങ്ങളെ സമീപിക്കുന്ന ഒരു പെണ്‍കുട്ടിക്ക് ഒരിക്കലും അവളുടെ അവകാശങ്ങള്‍ തള്ളിക്കളയാനാവില്ല. അറിയാതെ തെറ്റിലേക്ക് എടുത്തു ചാടുകയുമില്ല. അവളുടെ അവകാശങ്ങള്‍ എങ്ങനെ പാലിക്കണമെന്ന് യാഥാര്‍ത്ഥ്യബോധത്തോടെ, കാര്യങ്ങള്‍ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യാനുള്ള തിരിച്ചറിവോടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ അവള്‍ക്ക് കഴിയും. അവളുടെ ഉത്തരവാദിത്വം നിറവേറ്റാന്‍ അവള്‍ക്ക് മാത്രമേ കഴിയൂ. കാരണം. അവള്‍ മകളാണ്, സഹോദരിയാണ്, കൂട്ടുകാരിയാണ്, സഹധര്‍മ്മിണിയാണ്, അമ്മയാണ്.  അതിനവള്‍ക്കു വേണ്ടത് ശക്തമായ പിന്തുണയാണ്. പിതാവിന്റെ, സഹോദരന്റെ, കൂട്ടുകാരന്റെ, ഭര്‍ത്താവിന്റെ, മകന്റെ. ഈ തണലും സംരക്ഷണവും പെണ്ണിനു തുണയുണ്ടായാല്‍, അവള്‍ എവിടെയും കാമാര്‍ത്തിയാല്‍ അക്രമിക്കപ്പെടില്ല. സ്ഥാനമാനങ്ങളുടെ പേരില്‍ അവഗണിക്കപ്പെടില്ല. ഒന്നിനും അര്‍ഹതയില്ലെന്ന കാരണത്താല്‍ തള്ളിമാറ്റപ്പെടില്ല.
ജീവിതം ദൈവത്തിന്റെ വരദാനമാണ്. അത് ആണിനും പെണ്ണിനും ഒരുപോലെ അവകാശപ്പെട്ടതാണ്. അത് തുല്യമായി പങ്കിട്ടെടുക്കേണ്ടതിനെ കുറിച്ച് തീരുമാനിക്കപ്പെടണം. അത് എങ്ങനെ, എപ്പോള്‍, ഏത് രീതിയില്‍ വേണമെന്ന് പക്വതയോടെ തീരുമാനിക്കപ്പെടട്ടെ.
മാരിയത്ത് സീ.എച്ച്


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top