കാലത്തെ വായിച്ച സാരഥി

പി റുക്‌സാന No image

കാലത്തിന്റെ ഗതിവിഗതികളെ കൃത്യമായി വായിച്ചെടുത്ത് ഇസ്‌ലാമിനേയും മുസ്‌ലിം പെണ്ണിനേയും പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ച നേതാവ് സൗദ പടന്നയെ അങ്ങനെ വിശേഷിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇസ്‌ലാമിക പ്രസ്ഥാനം മാത്രമല്ല ഏതൊരു സംഘടനയും ഇന്നും കഠിനമായ ക്ഷാമം അനുഭവിക്കുന്ന മേഖലയാണ് പൊതുസമൂഹത്തില്‍ കാര്യങ്ങള്‍ അവധാനതയോടെ അവതരിപ്പിക്കാന്‍ പ്രാപ്തയായ സ്ത്രീ പ്രതിനിധി എന്നത്. അതിന് ഇസ്‌ലാമിക പ്രസ്ഥാനം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ വ്യക്തിത്വമായിരുന്നു സൗദ പടന്ന. നവോത്ഥാന സംഘടനകളിലെ മുസ്‌ലിം സ്ത്രീകള്‍ ഇസ്‌ലാമിക പാഠങ്ങളും വിശ്വാസിനിയുടെ ബാധ്യതകളും ധാരാളമായി ചര്‍ച്ച ചെയ്തിരുന്ന കാലത്ത് അതിനെ കുറച്ചു കൂടി വിശാലമായ രീതിയില്‍ പൊതുസമൂഹത്തിലേക്ക് അവതരിപ്പിക്കാന്‍ സധൈര്യം മുന്നോട്ട് വന്ന ചുരുക്കം ചില വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു അവര്‍. ഫെമിനിസത്തെയും സാമ്രാജ്യത്വ അധിനിവേശത്തെയും മുതലാളിത്ത കച്ചവടവത്കരണത്തെയും സ്ത്രീകളുമായി ചേര്‍ത്തു വായിക്കാനും  കാലത്തിനനുസരിച്ചുള്ള വിശകലനം നടത്താനും അതില്‍ ഇസ്‌ലാമിലെ സ്ത്രീയുടെ പ്രൗഢിയെ അവതരിപ്പിക്കാനും അവര്‍ ശ്രമിച്ചു.
2003-2005 മീഖാത്തിലെ കാലയളവില്‍ അവര്‍ ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ നടത്തിയ 'സാംസ്‌കാരിക അധിനിവേശത്തിനെതിരെ സ്ത്രീശക്തി' എന്ന കാമ്പയ്ന്‍ ഒരു പുതിയ വായനയിലേക്കാണ് സ്ത്രീകളെ നയിച്ചത്. ഇതിന്റെ സമാപനത്തോടനുബന്ധിച്ച് കോഴിക്കോട് മുതലക്കുളത്ത്  വെച്ച് അവര്‍ നടത്തിയ പ്രഭാഷണം ഇന്നും കോഴിക്കോട്ടുകാരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.
1999 മുതല്‍ 2005 വരെ തുടര്‍ച്ചയായ ആറുവര്‍ഷക്കാലം ജി.ഐ.ഒവിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു സൗദ പടന്ന. മൂല്യബോധമുള്ള വിദ്യാര്‍ഥിനി സമൂഹത്തിന്റെ ബാധ്യതയാണ് സാമൂഹിക രാഷ്ട്രീയ മേഖലയില്‍ വിദ്യാര്‍ഥിനികളെ ബാധിച്ചിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയെന്നത് എന്ന് ആ കാലയളവിലെ പരിപാടികളിലൂടെ ജി.ഐ.ഒ, സമൂഹത്തിനറിയിച്ചു കൊടുത്തു. 1999-2001 കാലയളവിലെ ജി.ഐ.ഒ പോളിസി പ്രോഗ്രാമിന്റെ ആമുഖത്തില്‍ അവര്‍ കുറിച്ചിട്ടത് ഇങ്ങനെയാണ്. 'വരും നൂറ്റാണ്ടില്‍ സമൂഹത്തിന് നല്‍കാവുന്ന സംഭാവനയെക്കുറിച്ച് ചിന്തിക്കാന്‍ കെല്‍പ്പുള്ള സ്വന്തമായ ഭാവനയും, കര്‍മോത്സുകതയുമുള്ള ഒരു തലമുറ വിദ്യാര്‍ഥിനികളില്‍ നിന്നും വളര്‍ന്നു വരേണ്ടതുണ്ട്'. ഇതിനോടനുബന്ധിച്ച് സംസ്ഥാനതലത്തില്‍ നടന്ന പരിപാടികളാണ് പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് മീറ്റും ലൈംഗിക 'അരാജകത്വത്തിനെതിരെ' എന്ന വിഷയത്തില്‍ ക്യാമ്പസുകളില്‍ നടത്തിയ സര്‍വേയും. ജി.ഐ.ഒവിന്റെ ചരിത്രത്തില്‍ പ്രത്യേകം ഇടം നേടിയ അറക്കല്‍ സമ്മേളനവും സൗദ പടന്ന സംഘടനയെ നയിച്ചിരുന്ന ആ കാലയളവിലായിരുന്നു.
    പരമ്പരാഗത സംഘടനാ രീതികളെ മാറ്റി നിര്‍ത്തി പുതിയ കാലത്തിനനുസരിച്ച് സംഘടനയെ ചലിപ്പിക്കാനും ജൈവികതയുള്ള ഒന്നാക്കി തീര്‍ക്കാനും ശ്രമിച്ച നേതാവായിരുന്നു സൗദ പടന്ന. ജി.ഐ.ഒ കേരളയുടെ നിലവിലെ പോളിസി പ്രോഗ്രാമുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങളാരായാന്‍ അവരുടെ വീട്ടില്‍ ചെന്നപ്പോള്‍ രോഗാവസ്ഥയിലായിരുന്നിട്ടുപോലും അവര്‍ സംഘടനയെക്കുറിച്ചും ഭാവി വളര്‍ച്ചയെക്കുറിച്ചും ധാരാളമായി സംസാരിച്ചു. ''സംസ്‌കരണം ലഭിച്ചിട്ടില്ലാത്ത ഒരു സംഘടനക്കും ആയുസ്സില്ല. പക്ഷേ ഈ ആത്മസംസ്‌കരണം പുതിയ കാലത്തെ വിദ്യാര്‍ഥികളിലേക്കെത്തിക്കാന്‍ പരമ്പരാഗത രീതികളില്‍ നിന്നും മാറി നവമാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള രീതി വളര്‍ത്തി കൊണ്ടുവരേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു''.
1995 മുതല്‍ 2003 വരെ കണ്ണൂര്‍ ജി.ഐ.ഒ ജില്ലാ പ്രസിഡന്റായിരുന്ന അവര്‍ 2006 മുതല്‍ 2009 വരെ കണ്ണൂര്‍ വനിതാ ജില്ലാ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് 2012 വരെ ജ.ഇ വനിതാവിഭാഗം സംസ്ഥാന സമിതിയംഗമായിരുന്നു. പതിനഞ്ച് വര്‍ഷകാലം അദ്ധ്യാപികയായി ജോലി ചെയ്തതും ആറു വര്‍ഷത്തിന് ശേഷം ഒരു കുഞ്ഞ് പിറന്നതും പ്രസ്ഥാന പൊതുപ്രവര്‍ത്തനത്തിന് തടസ്സമായില്ല. ഗര്‍ഭാവസ്ഥയുടെ ആദ്യഘട്ടം തന്നെ സകലതില്‍ നിന്നും വിട്ടു നില്‍ക്കുന്ന സ്ത്രീകളെ ഏറെ ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു ആ ത്യാഗസന്നദ്ധത.
മജ്‌ലിസ് സ്ഥാപനത്തിലെ പ്രസ്ഥാന പ്രവര്‍ത്തനവും ആവേശവും അദ്ധ്യയന വര്‍ഷാവസാനത്തില്‍ അവിടെ ഉപേക്ഷിച്ച് പോവേണ്ടി വരുന്ന അനേകം കുട്ടികളില്‍ ഒരുവളാകുമായിരുന്നു ഞാന്‍. അന്നേവരെ ഇസ്‌ലാമിക പ്രസ്ഥാനം ജില്ലയിലുണ്ടോ എന്നുപോലും അറിയാതിരുന്ന ഞാന്‍ ആദ്യമായി കാസര്‍ഗോഡ് ജില്ലയിലെ ജി.ഐ.ഒ ജില്ലാസമിതിക്ക് ക്ഷണിക്കപ്പെട്ടപ്പോള്‍ ആരാണ് എന്റെ പേര് നിര്‍ദേശിച്ചത് എന്ന അത്ഭുതത്തോടെയുള്ള ചോദ്യത്തിന് അവര്‍ തന്ന മറുപടി സൗദ പടന്ന എന്നായിരുന്നു.  അണികളുടെ പ്രവര്‍ത്തനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന നേതാവിനെ പിന്നീട് പലവട്ടവും ഞാന്‍ അനുഭവിച്ചിട്ടുണ്ട്. വിവാഹാലോചന സമയത്ത്, സംഘടനാ പ്രവര്‍ത്തനത്തിന് പ്രോത്സാഹനമേകുന്ന നല്ലപാതിയെ തെരഞ്ഞെടുക്കാന്‍ എന്നെ പ്രോത്സാഹിപ്പിച്ചും അതിന് വേണ്ടി മുന്നൊരുക്കങ്ങള്‍ നടത്തിയും ഒരു മാതാവിന്റെ റോള്‍ അവര്‍ ഭംഗിയായി നിര്‍വഹിച്ചു.
സമകാലിക സമൂഹത്തില്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായവും വിദ്യാഭ്യാസവും ഏറെ ചര്‍ച്ചക്ക് വിധേയമാകുമ്പോള്‍ പെണ്‍ഭ്രൂണഹത്യക്കെതിരെ സംസ്ഥാനത്തിലുടനീളമായി നടന്ന കാമ്പയിനും  ''സ്ത്രീ പദവിയും മഹത്വവും'' എന്ന തലക്കെട്ടോടുകൂടി മൂന്ന് ജില്ലകളിലായി നടന്ന സമ്മേളനങ്ങളും ജി.ഐ.ഒവിന്റെ പ്രയാണത്തില്‍ എത്രമാത്രം കാലിക പ്രസക്തിയുള്ളതായിരുന്നുവെന്ന് നമുക്ക് മനസ്സിലാവും. ഇതേ സമയത്ത് അവരുടെ പ്രഭാഷണത്തില്‍ നിന്നും ചില വാക്കുകള്‍ ഇവിടെ കുറിക്കുന്നത് നന്നാവും. 'മുസ്‌ലിം സമൂഹത്തിന്റെ പിന്നോക്കാവസ്ഥക്ക് പ്രധാന കാരണങ്ങളിലൊന്ന് സ്ത്രീ വിദ്യാഭ്യാസത്തിന്റെ അഭാവമാണ്. അറിവിന്റെയും സാങ്കേതിക വിദ്യയുടെയും രംഗത്ത് കുതിച്ചു ചാട്ടം നടക്കുന്ന ഈ വേളയില്‍ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ അവ കരസ്ഥമാക്കുന്നതിന് മത്സരബുദ്ധിയോടെ മുന്നോട്ട് വരേണ്ടതുണ്ട്. ഉത്തമ സമൂഹത്തിന്റെ സൃഷ്ടിക്ക് പുരുഷനേക്കാള്‍ സ്ത്രീക്ക് പങ്ക് വഹിക്കാനാവും'.    

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top