സൗദ അമ്മായി

തയ്യിബ അര്‍ഷദ് No image

ങ്ങളുടെ ജ്യേഷ്ഠ സഹോദരന്‍ സിദ്ധീഖാക്കയുടെ ഭാര്യയാണ് കഴിഞ്ഞ ദിവസം അല്ലാഹുവിലേക്ക് യാത്രയായ, ഞങ്ങള്‍ സ്‌നേഹപൂര്‍വം അമ്മായി എന്ന് വിളിക്കുന്ന സൗദ പടന്ന... ഞങ്ങളുടെ 'ശാന്തി നികേതനി'ലെ രണ്ടാമത്തെ വിളക്കും അണഞ്ഞു. ഞങ്ങള്‍ക്ക് പ്രിയപ്പെട്ട ഉപ്പയുടെ വിയോഗത്തില്‍ നിന്നുള്ള വേദന അകറ്റും മുമ്പേ സൗദമ്മായിയും ഞങ്ങളെ വിട്ടുപോയി.
അമ്മായി എനിക്ക് വെറും അമ്മായിയല്ല; എന്റെ അധ്യാപിക കൂടിയാണ്. വാദിഹുദയില്‍ ഞങ്ങള്‍ക്ക് തഫ്‌സീറും അറബിക്കും പഠിപ്പിച്ചുതന്ന അവരുടെ അധ്യാപനത്തിന് എന്തോ ഒരു പ്രത്യേകതയുണ്ട്. അന്ന് പഠിപ്പിച്ച സൂറത്തുകളും ആശയങ്ങളും ഒന്നും ഞാന്‍ ഇന്നും മറന്നിട്ടില്ല.
ഞങ്ങളുടെ മൂത്ത സഹോദരിയും കുടുംബവും വീടുമാറിപ്പോവുന്നതിന് മുമ്പ് അവരടക്കം പത്തൊമ്പതോളം അംഗങ്ങളുള്ള കൂട്ടുകുടുംബത്തിലേക്ക് കണ്ണൂര്‍ ജില്ലക്കാരുടെ പുതിയാപ്ല സിസ്റ്റം വേണ്ടന്ന് വെച്ച് വ്യത്യസ്തമായ ജീവിത സാഹചര്യത്തില്‍നിന്നും ഞങ്ങളിലേക്ക് പടികയറി വന്ന് ശാന്തി നികേതനിലെ ശാന്തിയായി അമ്മായി മാറി.  പൊതുപരിപാടികളിലും മതപ്രഭാഷണത്തിനായും പോകുമ്പോള്‍ ഞങ്ങളെയും കൂടെ കൊണ്ടുപോയി. അമ്മായി ഞങ്ങളുടെ വീട്ടില്‍ ഉമ്മയടക്കമുള്ളവരുടെ ദീനീ വിഷയത്തിലെ സംശയനിവാരണത്തിനുള്ള ആളായിരുന്നു. ഞങ്ങളില്‍ തെറ്റുകള്‍ കാണുമ്പോള്‍ തന്നെ ഉടന്‍ തിരുത്താന്‍ ശ്രമിക്കും. നന്മ പ്രവര്‍ത്തിക്കുമ്പോള്‍ നല്ല പ്രോത്സാഹനവും പ്രചോദനവും തന്നു. അമ്മായിയുടെ വേഷത്തില്‍ പോലുമുണ്ടായിരുന്നു ലാളിത്യം. വിലയേറിയ വസ്ത്രം ധരിക്കുന്നതില്‍നിന്നും മറ്റ് ആര്‍ഭാടങ്ങളില്‍നിന്നും  വിട്ടുനില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഉയര്‍ന്ന ഉദ്യോഗവും വിദ്യാഭ്യാസവും പരന്ന വായനയും അമ്മായിയെ കൂടുതല്‍ വിനയാന്വിതയാക്കി. ഇസ്‌ലാമിക സാഹിത്യങ്ങളോടൊപ്പം മറ്റു സാഹിത്യങ്ങളും അമ്മായി നന്നായി വായിച്ചിരുന്നു. എങ്ങനെ പഠനവും ജോലിയും കുടുംബജീവിതവും സാമൂഹിക ജീവിതവും ഒരുമിച്ചു കൊണ്ടുപോകാമെന്ന് ജിവിതംകൊണ്ട് വരച്ചു കാട്ടി.
അമ്മായി ജീവിതത്തില്‍ ഒരു നിമിഷം പോലും പാഴാക്കാതെ നല്ല നിലയില്‍ സമയം ചെലവഴിച്ചു. രാവിലെ എഴുന്നേറ്റ് സ്‌കൂളില്‍ പോവുകയും വൈകീട്ട് വീട്ടിലെത്തിയതിന് ശേഷം മിക്ക ദിവസങ്ങളിലും അയല്‍പക്കത്തെ സ്ത്രീകള്‍ക്ക് ഖുര്‍ആന്‍ ക്ലാസ് എടുക്കുന്നതിനായി പോവുകയും ചെയ്തിരുന്നു. ഇതിന് ജ്യേഷ്ഠന്‍ സിദ്ധീഖാക്ക എല്ലാ പ്രോത്സാഹനവും സഹകരണവും നല്‍കും. ക്ലാസുകളുടെ ചെറുപ്പ വലിപ്പം ക്ലാസുകള്‍ ഏറ്റടുക്കുന്നതിന് അമ്മായിക്ക് യാതൊരു തടസ്സവുമുണ്ടാക്കിയിരുന്നില്ല. ജി.ഐ.ഒ സംസ്ഥാന പ്രസിഡണ്ടായ കാലയളവില്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ ജില്ലകളില്‍ അമ്മായി വിവിധ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. അമ്മായിയുടെ ആവേശംകൊള്ളിക്കുന്ന പ്രസംഗങ്ങള്‍ ഇന്നും കാതുകളിലുണ്ട്. എതാനും വര്‍ഷങ്ങള്‍ക്കുമുമ്പ,് 'സാമൂഹ്യ വിപ്ലവത്തിന് സ്ത്രീശക്തി' എന്ന കാമ്പയിന്‍ വേളയില്‍ കണ്ണൂര്‍ ടൗണില്‍ വെച്ച് നടന്ന പരിപാടിയില്‍ അതിഥിയായി എത്തിയ മറ്റു സംഘടനാ നേതാക്കളെ ആശ്ചര്യപ്പെടുത്തിക്കൊണ്ടുള്ള അമ്മായിയുടെ തീപ്പൊരി പ്രഭാഷണം ഇന്നും സന്തോഷത്തോടെ ഓര്‍ക്കുന്നു. പര്‍ദയും മഫ്തയും ധരിക്കുന്ന മാപ്പിള സ്ത്രീകളെല്ലാം വിദ്യാരഹിതരാണെന്ന് കുറ്റപ്പെടുത്തുന്നവര്‍ക്കുള്ള ചുട്ട മറുപടിയായിരുന്നു അമ്മായിയുടെ ഓരോ പ്രഭാഷണവും.
ഇനി ഇതെല്ലാം വെറും ഓര്‍മ. മനസ്സുകൊണ്ടംഗീകരിക്കാന്‍ കഴിയാത്ത വേര്‍പാട്.
അമ്മായി ഞങ്ങളുടെ വീട്ടില്‍ ഏറ്റവും അവസാനമായി വന്നത് കഴിഞ്ഞ ചെറിയപെരുന്നാളിനാണ്. ആ പെരുന്നാള്‍ ഞങ്ങളുടെ ഓര്‍മയില്‍ നിറഞ്ഞുനില്‍ക്കുന്നു. റമദാനില്‍ നാട്ടില്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍ത്തന്നെ ഞങ്ങളുടെ കുടുംബയോഗം ചേരണമെന്നും അമ്മായിയെക്കൊണ്ട് മുഖ്യക്ലാസെടുപ്പിക്കണമെന്നും ആലോചിച്ചിരുന്നു. പക്ഷെ, അമ്മായി ഞങ്ങള്‍ പ്രതീക്ഷിച്ചതിലും എത്രയോ ക്ഷീണിതയായിരുന്നു. കഴിഞ്ഞ ആഴ്ച്ച തിരിച്ച് കുവൈത്തിലേക്ക് വരുമ്പോള്‍ മനസ്സില്‍ ഏറ്റവും പ്രയാസം തോന്നിയത് നടക്കാതെ പോയ ആ യോഗത്തെക്കുറിച്ചാണ്.
അമ്മായിയുടെ രോഗം ഗുരുതരമായി ശരീരത്തില്‍ പടര്‍ന്നുതുടങ്ങി എന്നറിഞ്ഞതുമുതല്‍ എന്നും പ്രാര്‍ഥനയാണ്. കീമോതെറാപ്പി കഴിഞ്ഞ് മലബാര്‍ കാന്‍സര്‍ സെന്ററില്‍നിന്നും വീട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഡോക്ടര്‍ എന്തു പറഞ്ഞു എന്ന് അന്വേഷിച്ച എന്നോട് 'ഹോസ്പിറ്റലില്‍ നിന്റെ പ്രായവും അതിനേക്കാള്‍ പ്രായം കുറഞ്ഞവരെയുമൊക്കെ എന്നേക്കാള്‍ പ്രയാസമനുഭവിച്ചുകൊണ്ട് അവിടെ കണ്ടപ്പോള്‍ ഞാന്‍ 'അല്‍ഹംദുലില്ലാഹ്' എന്ന് പറഞ്ഞു.' എന്ന് വളരെ ആശ്വാസത്തോടെ പറയുകയുണ്ടായി. അമ്മായി എപ്പോഴും അങ്ങനെയായിരുന്നു. ഒരിക്കല്‍ പോലും വേദന എന്തെന്നോ എത്രത്തോളമെന്നോ ആരെയും അറിയിച്ചില്ല. മാരക വേദനയില്‍നിന്നും അവരെ രക്ഷിക്കണമെന്നായിരുന്നു എപ്പോഴും പ്രാര്‍ഥന. ഞങ്ങളുടെ കുടുംബം മുഴുവനും റമദാനില്‍ പ്രാര്‍ഥിച്ചതും അമ്മായിക്ക് വേണ്ടിയായിരുന്നു. ഷാദ് മോനും സിദ്ദീഖാക്കും വേണ്ടിയായിരുന്നു.
കഴിഞ്ഞ മെയ് മാസം എന്റെ ഭര്‍ത്താവ് അമ്മായിയെ പടന്നയിലെ വീട്ടില്‍ പോയി സന്ദര്‍ശിക്കുകയുണ്ടായി. അന്നേദിവസം അമ്മായി വാചാലയായത് മുഴുവന്‍ പ്രസ്ഥാനത്തെക്കുറിച്ചും സോളിഡാരിറ്റി യൂത്ത് സ്പ്രിംഗിന് ശേഷം ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്ന പ്രസ്ഥാന വിമര്‍ശനവും അതിന്റെ മറുപടിയെപറ്റിയുമായിരുന്നു. രോഗത്തിന്റെ ഒരു തളര്‍ച്ചയും ആ മുഖത്ത് ഉണ്ടായിരുന്നില്ല. രോഗത്തിന്റെ കാഠിന്യം മൂലം ജോലിയില്‍നിന്നും ലീവെടുത്തിട്ടും ആരാമം, പ്രബോധനം തുടങ്ങിയവയിലേക്ക് ഉത്സാഹത്തോടെ കുറിപ്പുകളെഴുതി.
ഒരിക്കല്‍ ഞാന്‍ സ്വപ്നം കാണുകയുണ്ടായി. റസൂല്‍ (സ) മകള്‍ ഫാത്തിമ (റ) യോട് താന്‍ മരണപ്പെടാന്‍ പോകുന്നു എന്നറിയിച്ചപ്പോള്‍ ഫാത്തിമ സങ്കടം സഹിക്കവയ്യാതെ കരയുകയും അതിന് ശേഷം പ്രിയ മകള്‍ ഫാത്തിമ തന്നെയാണ് തന്നെ ഏറ്റവും ആദ്യം തങ്ങളുടെ കുടുംബത്തില്‍ നിന്നും പിന്തുടരുക എന്നറിയിക്കുമ്പോള്‍ ഫാത്തിമ അതീവ സന്തോഷവതിയാക്കുന്ന ചരിത്രം നമുക്കറിയാവുന്നതുപോലെ നമ്മുടെ ഉപ്പ അമ്മായിയുടെ ചെവിയില്‍ ഉപ്പക്ക് ശേഷം പരലോകം പ്രാപിക്കുന്നത് അമ്മായിയാണ് എന്ന് അറിയിക്കുന്നതായിരുന്നു ആ സ്വപ്നം...
അവസാനമായി അമ്മായിയെ കണ്ടത് രണ്ടാഴ്ച മുമ്പേ എറണാകുളം ലേക്‌ഷോറില്‍ വെച്ച്. അമ്മായിയുടെ ഏക മകന്‍ ഷാദുമുണ്ടായിരുന്നു കൂടെ. അമ്മായി അന്ന് തീരെ ക്ഷീണിച്ചിരുന്നു എങ്കിലും തളരാത്ത മുഖം. മകന്‍ ഷാദിനെ അടുത്തിരുത്തി സ്‌നേഹപൂര്‍വം ചുംബനങ്ങള്‍ നല്‍കി. അവന് സ്‌നേഹത്തില്‍ പൊതിഞ്ഞ ഉപദേശങ്ങള്‍ നല്‍കി. കാണാന്‍ വരുന്നവരോടൊക്കെ പറഞ്ഞു, 'ജ്യേഷ്ഠന്‍ റഫീഖും കുടുംബവും അബൂദാബിയിലേക്ക് പോകുന്ന ദിവസം ഞാന്‍ നാട്ടിലേക്ക് തിരിച്ചുവരുമെ'ന്ന്. ജ്യേഷ്ഠനും കുടുംബവും അബൂദാബിയിലേക്കു പോകേണ്ട ദിവസമാണ് അമ്മായി ലോകത്തോട് വിടപറഞ്ഞത്.
പെട്ടെന്ന് അണയാനുള്ളതുകൊണ്ടാവണം ജീവിതം ആളിക്കത്തിയത്. ഒരായുസ്സിന്റെ പകുതിയേ അമ്മായി ജീവിച്ചിട്ടുള്ളൂ. പക്ഷെ, ഒരായുസ്സിന് ചെയ്തുതീര്‍ക്കാനുള്ളതെല്ലാം അതിനുള്ളില്‍ ചെയ്തുതീര്‍ത്തു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top