കര്‍മസൗന്ദര്യങ്ങളുടെ നക്ഷത്രത്തിളക്കം

സി.കെ മുനവ്വിര്‍ No image

'സംഭവബഹുലമായ ജീവിതം' എന്നത് ഭാഷയില്‍ ആലങ്കാരിക പ്രയോഗമാണെങ്കിലും സൗദ ടീച്ചറെ സംബന്ധിച്ചെടത്തോളം അര്‍ഥവത്തായ പദവിയിലാണത്. ടീച്ചറുമായി അടുത്തിടപഴകുന്ന ആര്‍ക്കുമത് എളുപ്പത്തില്‍ ബോധ്യമാകും. മതവും മാനവികതയും കലയും സംസ്‌കാരവും അന്തര്‍ദേശീയവും എല്ലാം അവിടെയിരുന്ന് ചര്‍ച്ചചെയ്യാം. ദേഷ്യം പിടിക്കില്ല, അഭിപ്രായങ്ങള്‍ സാകൂതം ശ്രവിക്കും. വിയോജിപ്പുകള്‍ മുഖം നോക്കാതെ രേഖപ്പെടുത്തും. അറിവന്വേഷണത്തിന് വിഭിന്നമാര്‍ഗങ്ങള്‍ തേടുന്നവര്‍ക്ക് ടീച്ചര്‍ വിസ്മയം തന്നെയായിരുന്നു. പ്രതീക്ഷിച്ച മരണമായിട്ടും കൂടുതല്‍ അസ്വസ്ഥപ്പെടുത്തിയതും ടീച്ചറെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പ് എന്നില്‍ ദുഷ്‌കരമാവുന്നതും അതുകൊണ്ടാണ്.
ഉള്ളുകൊണ്ട് എല്ലാവരെയും സ്‌നേഹിക്കുക എല്ലാവര്‍ക്കും സാധ്യമല്ല. പുറമെ ദേഷ്യമുണ്ടെന്ന് വിചാരിക്കുമ്പോഴും അകമേ നിറഞ്ഞ നിഷ്‌കളങ്കതയോടെ സ്‌നേഹിക്കാന്‍ കഴിയുന്നത് ഗുണമല്ല. ഈ അപൂര്‍വതയാണ് ടീച്ചറുടെ സ്വഭാവസൗന്ദര്യം. ജീവിതത്തില്‍ കറുത്ത അധ്യായങ്ങള്‍ സമ്മാനിച്ച വേദനയോടെ മാത്രം ടീച്ചറെന്നും ഓര്‍ക്കാറുള്ള തൊഴിലിടത്തിലെ പതിനഞ്ചാണ്ടുകളിലെ എഴാണ്ടുകാലമാണ് ഞാന്‍ ടീച്ചറോടൊത്തുണ്ടായത്. അധ്യാപകരുടെ നിസ്സഹകരണത്തിന്റെ ഭാഗമായി കരഞ്ഞുപോയ മുഹൂര്‍ത്തങ്ങളില്‍ 'ഞാനെന്ത് തെറ്റാണ് ചെയ്തതെ'ന്ന് ടീച്ചര്‍ ചോദിക്കുമ്പോഴും ടീച്ചറില്‍ പകയുടെ നേര്‍ത്ത കണങ്ങള്‍ പോലും കാണാനാകുമായിരുന്നില്ല. യോഗം കഴിഞ്ഞ് ടീച്ചറുടെ കാബിനില്‍ കയറുമ്പോള്‍ പറഞ്ഞുതുടങ്ങുക സഹപ്രവര്‍ത്തകരുടെ നന്മകളെക്കുറിച്ചും അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന വിലമതിക്കാനാവാത്ത സേവനങ്ങളെക്കുറിച്ചുമാണ്. ഒരാള്‍ക്ക് തന്നോട് വിദ്വേഷം വെച്ചുപുലര്‍ത്തുന്നവരെ ഇത്രമാത്രം സ്‌നേഹിക്കാന്‍ കഴിയുമോ എന്ന് അത്ഭുതപ്പെട്ടുപോയിട്ടുണ്ട്. ഉള്ളില്‍ നിറഞ്ഞു തുളുമ്പുന്ന നന്മയുള്ളവര്‍ക്കേ അതിന് സാധിക്കുകയുള്ളൂ.
സൗഹൃദങ്ങള്‍ ടീച്ചര്‍ വല്ലാതെ ആസ്വദിച്ചിരുന്നു. പിണക്കങ്ങളോട് കടുത്ത വെറുപ്പും. താമാശകള്‍ നിറചിരിയോടെ ആസ്വദിക്കുന്നത് കാണാന്‍ പ്രത്യേക രസമായിരുന്നു. 2011-ലെ അധ്യാപകദിനത്തോടനുബന്ധിച്ച് ടീച്ചേഴ്‌സിന് നടത്തിയ ബലൂണ്‍ വീര്‍പ്പിക്കലില്‍ ഒന്നാംസ്ഥാനം നേടുമ്പോഴുള്ള രക്ഷിതാക്കളുടെ പ്രോത്സാഹനത്തില്‍ സന്തോഷ പുളകിതയായ രംഗം കണ്ണില്‍ നിന്നും മായുന്നില്ല. കാണുമ്പോഴെല്ലാം എന്തെങ്കിലും മിണ്ടിയും പറഞ്ഞും കൊണ്ടിരിക്കണമെന്ന് ടീച്ചര്‍ ആഗ്രഹിച്ചു. ഏതെങ്കിലും വ്യക്തിപരമായ തിരക്കുകള്‍ക്കിടയില്‍ ഒന്നോ രണ്ടോ ദിവസം ടീച്ചറോട് മിണ്ടാന്‍ കഴിയാതെ പോയാല്‍ പരിഭവം പറയുമായിരുന്നു. സൗഹൃദങ്ങള്‍ കൃത്യവിലോപം കാണിക്കാനുള്ള വഴികളാകാതിരിക്കാനും ടീച്ചര്‍ ശ്രദ്ധിച്ചു. കൃത്യനിര്‍വഹണത്തില്‍ വിഘ്‌നം വരുത്തിയാല്‍ അത് തുറന്നുപറയുന്നതില്‍ സൗഹൃദം ടീച്ചര്‍ക്ക് തടസ്സമായിരുന്നില്ല. വാദിസ്സലാം കാമ്പസിലെ മുഴുവന്‍ അംഗങ്ങളും ടീച്ചറുടെ സൗഹൃദവലയത്തിനുള്ളില്‍ ഉണ്ടായിരുന്നു. വിദ്യാര്‍ഥികളും അധ്യാപകരും താഴെ തട്ടിലുള്ള ജീവനക്കാരുമെല്ലാം ടീച്ചറുടെ സ്‌നേഹത്തിന്റെ പരിമളം അനുഭവിച്ചവരാണ്. കാമ്പസിന്റെ ഗേറ്റ് കടക്കുമ്പോള്‍ കാണുന്ന സെക്യൂരിറ്റി ജീവനക്കാരനോട് തുടങ്ങുന്ന കുശലാന്വേഷണം കാണുന്നവരെയെല്ലാം പേരെടുത്ത് വിളിച്ച് സംസാരിച്ചാണ് ഓഫീസിലെത്തുക. കാമ്പസിലെ കൊല്ലങ്ങളായുള്ള കൃഷിപ്പണിക്കാരനാണ് കഴിഞ്ഞ വര്‍ഷം മരിച്ച ഗോവിന്ദേട്ടന്‍. അദ്ദേഹത്തിന്റെ മരണവിവരം അറിഞ്ഞ ഉടന്‍ ടീച്ചര്‍ വിളിച്ചു. സമയം രാത്രി ഒമ്പതിനോടടുത്തിരുന്നു. ടീച്ചറാവട്ടെ കീമോ ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ്. ഗോവിന്ദേട്ടന്റെ വീട്ടിലേക്ക് ഇടവഴികളിലൂടെ കുറച്ച് ദൂരം സഞ്ചരിക്കണം. ഇപ്പോള്‍ ടീച്ചര്‍ വരേണ്ടതില്ല രാവിലെ പോകാം നിര്‍ദ്ദേശിച്ചു. പക്ഷെ ടീച്ചര്‍ക്ക് രാത്രിയില്‍ തന്നെ പോയി ഗോവിന്ദേട്ടനെ കാണണം. സിദ്ദീഖയെ വിളിച്ചുവരുത്തി വണ്ടി പോകാവുന്ന ദൂരം വരെ സഞ്ചരിച്ച് ഇടവഴിയിലൂടെ നടന്നു പോകുമ്പോള്‍ ടീച്ചര്‍ കിതക്കുന്നുണ്ടായിരുന്നു.
ആയുസ്സിന്റെ നല്ലൊരു ഭാഗം ചെലവഴിച്ച കാരുണ്യ നികേതന്‍ ബധിര വിദ്യാലയം ടീച്ചറുടെ ശക്തിക്ഷയങ്ങളുടെ സങ്കേതമായിരുന്നു. ഒന്നിനു പിറകെ ഒന്നായി സ്ഥാപനത്തിന്റെ സുഗമമായ ഗമനത്തിന് പ്രതിബന്ധങ്ങള്‍ നേരിടുമ്പോഴും വിദ്യാര്‍ഥികളുടെ പുഷ്‌കലമാവേണ്ട ഭാവിയെ ടീച്ചര്‍ സ്വപ്നം കണ്ടു. പാഠ്യ-പാഠ്യേതര മേഖലകളില്‍ കുട്ടികള്‍ക്ക് ലഭിക്കേണ്ട അവസരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തി. നേരാംവണ്ണം ആശയ വിനിമയം സാധ്യമാവാത്ത ഈ കുരുന്നുകള്‍ ദൈവം നമ്മെ ഏല്‍പ്പിച്ച അമാനത്തുകളാണെന്ന് സഹപ്രവര്‍ത്തകരെ ഉണര്‍ത്തിക്കൊണ്ടിരുന്നു. വിഷമിക്കുന്ന കുട്ടികള്‍ക്ക് ആശ്വാസമായും കൈതാങ്ങ് നഷ്ടപ്പെടുന്ന കുടുംബാംഗങ്ങള്‍ക്ക് സാന്ത്വനമായും ഒഴുകുന്ന കണ്ണുനീര്‍ തുടക്കുന്ന തൂവാലയായും ഉയരങ്ങള്‍ താണ്ടാന്‍ പ്രേരിപ്പിക്കുന്ന സമ്മാനമായും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മുമ്പില്‍ ടീച്ചര്‍ നിറഞ്ഞുനിന്നു.
ശ്രവണ സംസാര വൈകല്യം നിമിത്തം അരികിലാക്കപ്പെടുന്ന വിദ്യാര്‍ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുകയെന്ന സ്ഥാപനത്തിന്റെ പ്രഖ്യാപിത ലക്ഷ്യം പൂര്‍ത്തിയാക്കുന്നതില്‍ മത്സരിച്ചു. പിന്നാക്ക പ്രദേശങ്ങളില്‍ സര്‍വെയും മെഡിക്കല്‍ ക്യാമ്പും നടത്തി രക്ഷിതാക്കളെ ബോധവല്‍ക്കരിക്കാനും നേരത്തെ വൈകല്യം തിരിച്ചറിഞ്ഞ് പരമാവധി ചികിത്സകള്‍ ലഭ്യമാക്കാനും പ്രേരിപ്പിച്ചു. ഇത്തരം കുട്ടികള്‍ക്ക് ലഭ്യമാവേണ്ട സര്‍ക്കാര്‍ സഹായങ്ങള്‍ വാങ്ങിക്കൊടുക്കുന്നതില്‍ പരമാവധി ഉത്സാഹിച്ചു. കുട്ടികളില്‍ ധാര്‍മിക മൂല്യങ്ങള്‍ കരുപ്പിടിപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചു. രോഗം കിടക്കാന്‍ നിര്‍ബന്ധിച്ചപ്പോഴും ടീച്ചര്‍ ഏറെ പ്രതീക്ഷിച്ച 2012-13 ബാച്ചിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്കുള്ള യാത്രയയപ്പ് ചടങ്ങില്‍ കഴിഞ്ഞ മാര്‍ച്ച് 31-ന് ടീച്ചര്‍ വന്നിരുന്നു. ടീച്ചറുടെ വകയുള്ള ഉപഹാരമായി കുട്ടികള്‍ക്ക് കൊടുത്ത മൊമെന്റോയില്‍ ടീച്ചര്‍ ഇങ്ങനെ രേഖപ്പെടുത്തി. ''നാം ചെയ്യുന്ന സുകൃതങ്ങളാണ് ജീവിതത്തിന്റെ അടയാളങ്ങള്‍. ജീവിതാന്ത്യം വരെ സത്യവും ധര്‍മവും നീതിയും മുറുകെ പിടിക്കുക. വിജയം സുനിശ്ചിതം.''
എന്റോസള്‍ഫാന്‍ മേഖലകളില്‍ സഞ്ചരിച്ച് ശ്രവണ സംസാര വൈകല്യമുള്ള കുട്ടികളുടെ പുനരധിവാസം ഏറ്റെടുക്കണമെന്ന് ടീച്ചര്‍ ഏറെ ആഗ്രഹിച്ചു. കാമ്പസിലുള്ള സ്പീച്ച് തെറാപ്പി സെന്ററിനോടനുബന്ധിച്ച് നിരന്തര ശ്രമത്തിന്റെ ഭാഗമായി ശ്രവണ സംസാര വൈകല്യമുള്ള കുട്ടികള്‍ക്ക് മാത്രമായി പ്രീ പ്രൈമറി സ്‌കൂള്‍ ആരംഭിച്ചപ്പോള്‍ തെല്ലൊന്നുമല്ല ടീച്ചര്‍ ആഹ്ലാദിച്ചത്.
പ്രശംസക്കും പ്രോത്സാഹനത്തിനും ടീച്ചര്‍ പിശുക്ക് കാണിച്ചില്ല. കഴിവുകള്‍ കണ്ടെത്തി വളര്‍ത്തുന്നതില്‍ പ്രത്യേകം കണ്ണുവെച്ചു. എപ്പോഴെങ്കിലുമായി പ്രസിദ്ധീകരിക്കപ്പെടുന്ന എന്റെ കവിതകള്‍ ആവര്‍ത്തിച്ച് വായിക്കുകയും ആവോളം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കാമ്പസിലെ പ്രത്യേകിച്ച് അല്‍ഹുദാ കെയര്‍ഹോമിലെ കഴിവുള്ള കുട്ടികളെ കണ്ടെത്തി പ്രത്യേകം ശ്രദ്ധിക്കണമെന്ന് എന്നും പറഞ്ഞിരുന്നു. കുട്ടികള്‍ ജില്ലക്കകത്തും പുറത്തും ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ചാല്‍ അഭിനന്ദിക്കാന്‍ മറന്നുപോകാറില്ല.
ലാളിത്യത്തിലും എളിമയിലും കഴിയുമ്പോള്‍ തന്നെ ആര്‍ജവവും തന്റേടവും മുറുകെപ്പിടിച്ചു. ഏതു കൊലകൊമ്പനോടും നട്ടെല്ലു നിവര്‍ത്തി സംസാരിച്ചു. വിശിഷ്യാ ബധിര വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍. ടീച്ചറോടൊപ്പം എച്ച്.എം കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കാറുണ്ടായിരുന്നവര്‍ ഈ കാര്യം പ്രത്യേകമായി അനുസ്മരിക്കാറുണ്ട്.
സ്ഥാപനത്തിലെ സ്റ്റാഫ് അംഗങ്ങള്‍ക്ക് വേണ്ടി തുടങ്ങിവെച്ച വൈജ്ഞാനിക സായാഹ്നങ്ങളെ സാംസ്‌കാരിക അധിനിവേശം, എസ്പ്രസ് ഹൈവേ തുടങ്ങിയ ചൂടേറിയ വിഷയങ്ങള്‍ കൊണ്ട് ടീച്ചര്‍ ധന്യമാക്കി. പുതിയ പുസ്തകങ്ങളെക്കുറിച്ച് അറിഞ്ഞാല്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ പരമാവധി ശ്രദ്ധിക്കുമായിരുന്നു. പ്രഭാഷണങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ കൂടിയാലോചനകള്‍ നടത്തും. അഭിപ്രായങ്ങള്‍ പങ്കുവെക്കും. അവസാനമായി ടീച്ചര്‍ കൃത്യമായ മുന്നൊരുക്കങ്ങളോടെ നടത്തിയ ഒരു വലിയ പ്രഭാഷണം സ്വഫാനഗറില്‍ നടത്തിയ 'കുടുംബം' എന്ന തലക്കെട്ടിലുള്ളതായിരുന്നു. അറിവുള്ള വിഷയമായിട്ടും പുതിയ വായനകള്‍ നടത്തി. പതിവുപ്രഭാഷണങ്ങളില്‍ നിന്നും വ്യത്യസ്തമായി ശാന്തമായ ശൈലിയായിരുന്നു സ്വഫയില്‍. ചോദിച്ചപ്പോള്‍ പറഞ്ഞത് ധാരാളം സാധാരണ ജനങ്ങളാണ് വന്നത്, അവര്‍ക്ക് വേഗതയുള്ള വാക്കുകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ പ്രയാസമാവുമെന്നായിരുന്നു. രണ്ടുവര്‍ഷം മുമ്പ് ടീച്ചര്‍ കൗണ്‍സലിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിയത് രക്ഷിതാക്കളും കുട്ടികളുമൊത്തുള്ള സംവദിക്കലുകള്‍ സുഖമമാവുന്നതിന് വേണ്ടിയാണ്.
ടീച്ചറുടെ മരണവിവരം വൈകിയറിഞ്ഞ നേരത്തെ ക്ലാസില്‍ പങ്കെടുത്ത ഒരു മാതാവ് പറഞ്ഞത്: ''ഒരുപാട് ക്ലാസുകളില്‍ പങ്കെടുത്തിരുന്നു. പക്ഷെ അവളുടെ ക്ലാസ്...'' വാക്കുകള്‍ മാതാവിന് മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല... അതെ അത്രക്ക് ആകര്‍ഷകമായിരുന്നു ടീച്ചറുടെ സംസാരങ്ങള്‍.
ടീച്ചറുടെ വിയോഗത്തോടെ നമുക്ക് നഷ്ടമായത് സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെക്കാന്‍ കഴിയുന്ന ഒരു ജ്യേഷഠസഹോദരിയെയാണ്. കുട്ടികളുടെ സൗദട്ടീച്ചറെയാണ്...              

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top