പ്രസ്ഥാനത്തിന് കനത്ത നഷ്ടം

കെ.കെ ഫാത്തിമ സുഹറ No image

''എനിക്ക് ഭേദമായിട്ട് പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവമാകണം. അതിന് നിങ്ങള്‍ പ്രാര്‍ഥിക്കണം.'' മരിക്കുന്നതിന്റെ നാലു ദിവസം മുമ്പ് ലേക്‌ഷോര്‍ ഹോസ്പിറ്റലില്‍ സൗദയെ സന്ദര്‍ശിച്ചപ്പോള്‍ മുഖത്തുവെച്ച മാസ്‌ക് പൊക്കി ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരിയോടെ സൗദ മൊഴിഞ്ഞു. ഏതാനും മാസങ്ങള്‍ മുമ്പ് കണ്ണൂര്‍ വസതിയില്‍ സൗദയെ സന്ദര്‍ശിച്ചപ്പോഴും പ്രസ്ഥാനത്തെക്കുറിച്ചു മാത്രമാണവള്‍ക്ക് അന്വേഷിച്ചറിയാനുണ്ടായിരുന്നത്. സംസ്ഥാന വനിതാ നേതാക്കള്‍ മരണത്തിന്റെ രണ്ടാഴ്ച മുമ്പ് ആശുപത്രിയില്‍ അവരെ കാണാനായി ചെന്നപ്പോള്‍ ആയുഷ്‌കാലം മുഴുവന്‍ പ്രസ്ഥാനത്തിന് സമര്‍പ്പിക്കാതെ അധ്യാപന മേഖലയില്‍ സമയം ചെലവഴിച്ചതില്‍ ഖേദം പ്രകടിപ്പിക്കുകയുണ്ടായി. പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ സൗദ അതിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാന്‍ ആയുര്‍ദൈര്‍ഘ്യമുണ്ടാകുവാന്‍ ആഗ്രഹിക്കുക സ്വാഭാവികം മാത്രം.
ആവേശവും ആര്‍ജവവും കര്‍മോത്സുകതയുമായിരുന്നു സൗദയുടെ എടുത്തുപറയേണ്ട സവിശേഷതകള്‍. അവര്‍ അവ സഹപ്രവര്‍ത്തകര്‍ക്ക് പകര്‍ന്നു നല്‍കുക കൂടി ചെയ്തിരുന്നു. ആരെയും അലസരായി ഇരിക്കാന്‍ സൗദ സമ്മതിച്ചില്ല. അവര്‍ ജില്ലാ പ്രസിഡണ്ടായിരുന്നപ്പോള്‍ കണ്ണൂര്‍ ജില്ലയിലുണ്ടായിരുന്ന വനിതാ മുന്നേറ്റം അതിന്റെ മതിയായ തെളിവാണ്. പറയാനുള്ളത് ആര്‍ജവത്തോടെ വ്യക്തമായി പറയുമായിരുന്നു. വനിതാ സ്റ്റേറ്റ് കൗണ്‍സില്‍ യോഗങ്ങളെ ചടുലവും സജീവവുമാക്കുന്നതില്‍ സൗദയുടെ സാന്നിധ്യം വലിയ പങ്ക് വഹിച്ചു.
വനിതാ മേഖലയില്‍ കുറച്ചുകൂടി കാര്യക്ഷമവും സജീവവുമായ പ്രവര്‍ത്തനങ്ങള്‍ വേണമെന്ന് സൗദ ആഗ്രഹിച്ചിരുന്നു. നിലവിലുള്ള മീഖാത്തില്‍ സ്വതന്ത്രമായ ഒരു പ്രവര്‍ത്തന രീതി ആവിഷ്‌കരിക്കാന്‍ നിലവിലുള്ള സംസ്ഥാന ശൂറ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അതിനായി ഒരു പ്രത്യേക സംസ്ഥാന സമിതി വിളിച്ചു ചേര്‍ക്കുമെന്നും സൗദയെ അറിയിച്ചപ്പോള്‍ അസുഖത്തിനിടയിലും പ്രസ്തുത യോഗത്തില്‍ വരാന്‍ അവര്‍ താല്‍പര്യം പ്രകടിപ്പിച്ചത് അതുകൊണ്ടാവണം. രോഗം കാരണം പല സ്റ്റേറ്റ് കൗണ്‍സില്‍ യോഗങ്ങളിലും സംബന്ധിക്കാതിരുന്ന സൗദ പുതിയ വനിതാ പ്രവര്‍ത്തന രീതി ആവിഷ്‌കരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ഹിറാ സെന്ററില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അസുഖത്തെ തെല്ലും വകവെക്കാതെ ഉത്സാഹപൂര്‍വം പങ്കെടുത്ത് വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. പിന്നീട് അവര്‍ ചിന്തിച്ച് കണ്ടെത്തിയ നിര്‍ദേശങ്ങള്‍ ഹിറാ സെന്ററിലേക്ക്  അയച്ചു തരികയും ചെയ്തു. അവസാനമായി ആശുപത്രിയില്‍ അവരെ സന്ദര്‍ശിച്ച ഒരു സഹപ്രവര്‍ത്തക സൗദ അയച്ചു തന്ന നിര്‍ദ്ദേശങ്ങള്‍ വളരെയേറെ വിലപ്പെട്ടതാണെന്നും സംസ്ഥാനശൂറക്കു മുമ്പാകെ ഒരു പ്രവര്‍ത്തന രേഖ സമര്‍പ്പിക്കുവാന്‍ അവ ഉപകരിച്ചുവെന്നും അറിയിച്ചപ്പോള്‍ സൗദയുടെ മുഖത്ത് വല്ലാത്തൊരു വെളിച്ചം. പ്രസ്ഥാനത്തിന് തന്റെ ചിന്തകള്‍ പ്രയോജനപ്പെട്ടതിലുള്ള സന്തോഷമാവാം അതിനു കാരണം.
പ്രസ്ഥാന യോഗങ്ങളില്‍ വിഷയങ്ങളവതരിപ്പിക്കുവാന്‍ തെരഞ്ഞെടുക്കപ്പെടുന്ന ഏതാനും വ്യക്തികളില്‍ പ്രഥമ പരിഗണന അര്‍ഹിക്കുന്ന വ്യക്തിയായിരുന്നു അവര്‍. പുതിയ തലമുറ സാംസ്‌കാരികാധിനിവേശത്തിനടിപ്പെടുന്നതില്‍ ഏറെ വ്യാകുലയും അതിനെതിരെ ഏറെ വാചാലയുമായിരുന്നു. 'സാംസ്‌കാരികാധിനിവേശത്തിനെതിരെ സ്ത്രീ ശക്തി' എന്ന തലക്കെട്ടില്‍ വനിതാ വിഭാഗവും ജി.ഐ.ഒയും സംയുക്തമായി കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച പരിപാടിയില്‍ സൗദ നടത്തിയ ഉജ്വല പ്രസംഗം അവരുടെ പ്രസംഗങ്ങളിലെ മാസ്റ്റര്‍പീസായിരുന്നു. സാംസ്‌കാരികാധിനിവേശത്തിനെതിരെ യുവതികളോടും സ്ത്രീകളോടുമുള്ള വിപ്ലവകരവും ശക്തവുമായ സമരാഹ്വാനമായിരുന്നു ആ പ്രഭാഷണം.
സ്ത്രീശാക്തീകരണത്തെക്കുറിച്ച് പുരോഗമനപരവും വിപ്ലവകരവുമായ ഒരു കാഴ്ചപ്പാട് സൗദക്കുണ്ടായിരുന്നു. എന്നാല്‍ അത് ഫെമിനിസത്തോട് ഏറ്റുമുട്ടുന്നതും ഇസ്‌ലാമിന്റെ അന്തസ്സത്തയോട് യോജിക്കുന്നതുമായിരുന്നു. ഏതൊരു സ്ത്രീ മുന്നേറ്റവും അവരെ ആഹ്ലാദഭരിതയാക്കി. ഈയുള്ളവള്‍ പ്രഥമ വനിതാ ശൂറാംഗമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സൗദ പ്രത്യേകം അഭിനന്ദിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു. ശൂറാംഗമായി തെരഞ്ഞെടുക്കപ്പെട്ട ഉടനെ നടന്ന സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തില്‍ പനി കാരണം ഞാന്‍ പങ്കെടുക്കാതിരുന്നത് സൗദയെ അലോസരപ്പെടുത്തി. ശൂറായോഗത്തില്‍ പങ്കെടുത്ത എന്നില്‍ നിന്ന് പ്രഥമ ശൂറാ യോഗ അനുഭവങ്ങളും പ്രസ്ഥാനത്തിന്റെ ചുടു സ്പന്ദനവുമറിയാന്‍ അവര്‍ കൊതിച്ചിരുന്നു. പിന്നീട് ഫോണിലൂടെ ആ വിഷമം അവരെന്നോട് പങ്കുവെക്കുകയുണ്ടായി.
സൗദ ജി.ഐ.ഒ പ്രസിഡണ്ട് ആയിരിക്കെയാണ് ഹൈദരാബാദില്‍ വെച്ച് പ്രഥമ അഖിലേന്ത്യാ വനിതാ വിംഗിനും വിവിധ സംസ്ഥാനങ്ങളില്‍ ജി.ഐ.ഒക്കും രൂപം കൊടുക്കുന്നത്. അതിനായി ഹൈദരാബാദില്‍ വിളിച്ചു ചേര്‍ക്കപ്പെട്ട യോഗത്തില്‍ കേരളത്തില്‍ നിന്ന് വനിതാ വിഭാഗത്തെ പ്രതിനിധീകരിച്ച് ഈയുള്ളവളും ജി.ഐ.ഒയുടെ പ്രതിനിധിയായി സൗദയുമാണ് പങ്കെടുത്തത്. ഇന്ത്യയില്‍ തന്നെ ആദ്യമായി ജി.ഐ.ഒക്ക് രൂപം കൊടുത്ത  സംസ്ഥാനമെന്ന നിലയില്‍ കേരള പ്രതിനിധികള്‍ പ്രത്യേക ക്ഷണിതാക്കളായിരുന്നു. അവരില്‍ നിന്ന് വിലപ്പെട്ട ഉപദേശ നിര്‍ദേശങ്ങള്‍ അഖിലേന്ത്യാ നേതൃത്വം ആരായുകയും ചെയ്തിരുന്നു. അന്ന് അഖിലേന്ത്യാ വനിതാ നേതാക്കളില്‍ ഇംഗ്ലീഷ് ഭാഷ അറിയുന്നവര്‍ വിരളമായിരുന്നു. ഉറുദു ഭാഷ മാത്രമേ അവര്‍ക്കറിയുമായിരുന്നുള്ളൂ. ഈയുള്ളവള്‍ അറിയുന്ന ഉറുദു ഭാഷ വെച്ച് കുറച്ചൊക്കെ പറഞ്ഞൊപ്പിച്ചു. എന്നാല്‍ സൗദയെ ഉറുദു ഭാഷാ പരിജ്ഞാനക്കുറവ് പ്രയാസപ്പെടുത്തി. എന്തൊക്കെയോ ആശയങ്ങള്‍ അവരുടെ വശമുണ്ട്. അവസാനം ഉറുദു ഭാഷയിലേക്ക് അവരുടെ അഭിപ്രായങ്ങള്‍ ഞാന്‍ ഭാഷാന്തരം ചെയ്തു. ആശയങ്ങളല്ലേ ഭാഷാന്തരം ചെയ്യാനൊക്കൂ. അവരുടെ വികാരങ്ങളും ആവേശവും പകര്‍ന്നു കൊടുക്കാന്‍ കഴിയില്ലല്ലോ? അവസാനം അവര്‍ ഇംഗ്ലീഷില്‍ അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എഴുതി സമര്‍പ്പിച്ചത് ജി.ഐ.ഒ രൂപീകരണത്തിന് ഇതര സംസ്ഥാനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെട്ടിട്ടുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നു.
ഹൈദരാബാദിലുള്ള പ്രശസ്തമായ സ്‌പെഷല്‍ സ്‌കൂളിലെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനും ആ യാത്രയില്‍ സൗദ സമയം കണ്ടെത്തി. അന്ന് സൗദക്ക് മകനുണ്ടായിരുന്നില്ല. കുശലാന്വേഷണങ്ങള്‍ക്കിടയില്‍ സൗദക്ക് മക്കളില്ലെന്നറിഞ്ഞത് അഖിലേന്ത്യാ നേതൃത്വത്തിന് വിഷമമുണ്ടാക്കി. അഖിലേന്ത്യാ നേതൃത്വം അവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു. അധികം താമസിയാതെ ഗര്‍ഭിണിയായതറിഞ്ഞ അഖിലേന്ത്യാ വനിതാ നേതാക്കള്‍ ഞങ്ങളുടെ പ്രാര്‍ഥന കൊണ്ടാണ് സൗദക്ക് സന്താന സൗഭാഗ്യമുണ്ടായതെന്നും അത് സൗദയോട് പറയണമെന്നും തമാശക്ക് പലപ്പോഴും പറയാറുണ്ട്. ഒരിക്കല്‍ സൗദയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അത് ശരിവെച്ചു കൊണ്ട് സൗദ അര്‍ഥഗര്‍ഭമായ പുഞ്ചിരിയോടെ തലയാട്ടി.
സൗദയെപ്പോലുള്ള ഒരാളുടെ മരണം പ്രസ്ഥാനത്തിന് തീരാ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്ന് പറയാതെ വയ്യ. അല്ലാഹുവിന്റെ വിധിയെ തടുക്കാന്‍ ആര്‍ക്കും സാധ്യമല്ലല്ലോ? പക്ഷേ, സൗദ ഭാഗ്യവതിയാണ്. കര്‍മപഥത്തില്‍ തന്നെ ജീവിതാന്ത്യം വരെ അവര്‍ക്ക് നിലകൊള്ളാനായി. അത്തരം സൗഭാഗ്യം തങ്ങള്‍ക്കും ഉണ്ടാവണമെന്നാണ് ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതും പ്രാര്‍ഥിക്കുന്നതും.
ഏതൊരു പ്രസ്ഥാന പ്രവര്‍ത്തകയെയും പോലെ തന്റെ കുടുംബം തന്നോടൊപ്പമുണ്ടാവാന്‍ സൗദ കൊതിച്ചു. തന്റെ മകന്‍ സഅദിനെയും കൂട്ടി പലപ്പോഴും സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തില്‍ വരും. ഒരിക്കല്‍ അവന്റെ കൈ പിടിച്ച് ചിരിച്ചു കൊണ്ട് ഓഫീസിലേക്ക് കടന്നു വന്ന് പറഞ്ഞു: ''ടീച്ചറേ, സഅദിന് യോഗത്തില്‍ വരുന്നത് മുഷിപ്പാണ്, വെറുതെ ഇങ്ങനെ ഇരിക്കുന്നതിനാല്‍, മംഗലത്തിന് പോവാമെന്നാണ് അവന്‍ പറയുന്നത്.'' പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് കല്യാണങ്ങളില്‍ പങ്കെടുക്കുന്നതിനേക്കാള്‍ പലപ്പോഴും യോഗങ്ങള്‍ക്കാണ് മുന്‍ഗണന കല്‍പിക്കേണ്ടി വരികയെന്ന് വ്യംഗ്യമായി മകനെ പഠിപ്പിക്കുവാന്‍ ശ്രമിക്കുന്നതു പോലെ തോന്നി. സഅദിന് നഷ്ടപ്പെട്ടത് സ്‌നേഹനിധിയും വിവേകശാലിനിയുമായ ഒരുമ്മയെയാണ്. പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാവാത്ത സ്വന്തം അമ്മ. അല്ലാഹു പ്രസ്ഥാനത്തിന് ഒരു മുതല്‍ക്കൂട്ടാവാന്‍ സഹായിക്കട്ടെ.
സൗദ ആഗ്രഹിച്ചത്‌പോലെത്തന്നെ ഇന്ന് പ്രസ്ഥാനത്തില്‍ സജീവയാണ്; കര്‍മരംഗത്തല്ല, പ്രസ്ഥാന പ്രവര്‍ത്തകരുടെ മനസ്സുകളില്‍. പ്രസ്ഥാന പ്രവര്‍ത്തകര്‍ സൗദക്ക് സമുചിതമായ യാത്രയയപ്പു നല്‍കി. ഹിറാ സെന്ററില്‍ ആദ്യ ജനാസ നമസ്‌കാരം സൗദയുടേതായിരുന്നു. അവരുടെ ശവമഞ്ചം ആംബുലന്‍സിലേക്ക് എടുത്തു വെച്ചപ്പോള്‍ ഇനി ഹിറാ സെന്ററിലെ ചര്‍ച്ചകളെ ചടുലമാക്കാന്‍ സൗദയില്ലല്ലോയെന്നോര്‍ത്ത് സഹപ്രവര്‍ത്തകര്‍ വിതുമ്പി. അവരെയെല്ലാം നോക്കി സൗദ ചിരിച്ചു സലാം മടക്കുന്നതുപോലെ അനുഭവപ്പെട്ടു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top