പെണ്ണവകാശത്തിനുള്ള ചുവടുവെപ്പുകള്‍

മുംതാസ് സി.വി / തിരൂര്‍ No image

പെണ്ണവകാശത്തിനുള്ള
ചുവടുവെപ്പുകള്‍
ധനാര്‍ബുതം എങ്ങനെ നമ്മുടെ സമൂഹത്തെ കാര്‍ന്നു തിന്നുന്നു എന്ന ചിത്രം ജൂലൈ ലക്കം ആരാമം വരച്ചിടുകയുണ്ടായി. സ്ത്രീധനത്തെ നിരുത്സാഹപ്പെടുത്താനും യഥാര്‍ഥ മഹ്‌റിനെ പ്രോത്സാഹിപ്പിക്കാനും ആരാമം നടത്തുന്ന ചുവടുവെപ്പുകള്‍ ശ്ലാഘനീയമാണ്. പക്ഷേ വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്നുവെന്ന് പറയുന്ന നമ്മുടെ സമൂഹം അത് എത്രത്തോളം ഉള്‍ക്കൊള്ളുന്നു വെന്ന് ഉത്കണ്ഠയുണ്ട്. സ്വന്തം വീട്ടുകാര്‍ക്ക് ഭാരമാവുന്നതിനേക്കാള്‍ നല്ലത് ഉള്ളത് മുഴുവന്‍ കൊടുത്തിട്ടാണെങ്കിലും എവിടെയെങ്കിലും അഭയം പ്രാപിക്കാമെന്നു കരുതുന്ന എത്രയോ പെണ്‍കുട്ടികള്‍ നമുക്കിടയിലുണ്ട്. സ്ത്രീധനത്തിനതിരെ ശബ്ദമുയര്‍ത്താന്‍ ഒരു സാധാരണ പെണ്‍കുട്ടിയും ധൈര്യപ്പെടില്ല. സ്ത്രീധനത്തെ എതിര്‍ത്ത രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുള്ള പെണ്‍കുട്ടികളുടെ ഉദാഹരണങ്ങള്‍ക്കൊണ്ട് മറികടക്കാവുന്നതല്ല ഈ വിപത്ത്. സ്ത്രീധനം വാങ്ങുകയില്ലെന്ന് വിവാഹിതരാകാന്‍ പോകുന്ന ഓരോ ആണും അവരുടെ വീട്ടുകാരും തീരുമാനിക്കുമ്പോള്‍ സ്ത്രീധന വിരുദ്ധ പോരാട്ടങ്ങള്‍ക്ക് പുതിയ മാനം കൈവരും. താന്‍ തന്ന മഹ്‌റല്ലാതെയുള്ള സ്വര്‍ണാഭരണത്തില്‍ കവിഞ്ഞ് മറ്റൊന്നും വധു അണിയുകയോ കൊണ്ടുവരികയോ വേണ്ടന്നു പറയുന്ന എത്ര പുതിയാപ്പിളമാരെ നമുക്കിടയില്‍ കാണാന്‍ കഴിയും. പൊന്നിന്റെ കൂമ്പാരവുമായി വരുന്നവള്‍ക്ക് സന്തോഷത്തോടെ സ്വീകരിക്കുകയും എല്ലാം അവര്‍ക്ക് വേണ്ടി തന്നെയല്ലേ എന്ന പതിവ് പല്ലവിയില്‍ അതുപയോഗിക്കുകയും ചെയ്യുന്ന കാര്യത്തില്‍ ആരും ദീന്‍ പുലര്‍ത്താറില്ല. ശക്തമായ രീതിയില്‍ തന്നെ യുവാക്കള്‍ക്കിടയില്‍ സ്ത്രീധനം നിരുത്സാഹപ്പെടുത്തുകയും അത് അവര്‍ക്ക് അര്‍ഹതപ്പെട്ടതല്ലെന്നും അതിന്റെ പേരില്‍ നാളെ പരലോകത്ത് പിടികൂടപ്പെടുമെന്നുമുള്ള ബോധം ഇനിയും വളര്‍ന്നു വരേണ്ടതുണ്ട്. വിവിധ മത പ്രാസ്ഥാനിക സാംസ്‌കാരിക നേതൃത്വങ്ങള്‍ക്ക് ഇതില്‍ വലിയ പങ്കുവഹിക്കാനാവും.
മുംതാസ് സി.വി
തിരൂര്‍

പാര്‍പ്പിടപ്പതിപ്പ് ശ്രദ്ധേയം: മെയ് ലക്കം 'തലചായ്ക്കാനൊരിടം' പതിപ്പ് പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നു. വാടക വീട്ടില്‍ നിന്ന് സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് പലപ്പോഴും തടസ്സം ഈ രംഗത്തെ പ്രൊഫഷണലുകളുടേയും സ്ഥാപനങ്ങളുടെയും കടന്നാക്രമണമാണ്. ഇത് കാരണം സാധാരണക്കാരന്‍ കടക്കെണിയിലും സങ്കടക്കടലിലും മുങ്ങിത്താഴാന്‍ വിധിക്കപ്പെടുന്നു. കൂട്ടുകുടുംബം എന്ന ആധുനിക സങ്കല്‍പം കുടുംബങ്ങളുടെ ഐക്യത്തിനും സഹകരണത്തിനും സ്‌നേഹത്തിനും സാമ്പത്തിക സുരക്ഷക്കും കൂടുതല്‍ പ്രയോജനകരമാണെങ്കിലും ഇന്നത്തെ വിദ്യാഭ്യാസം, ജോലി സങ്കല്‍പങ്ങളില്‍ കുടുംബം മുഴുവനും ഒന്നിച്ചു ജീവിക്കുക അസാധ്യമാകുന്നു. മാതാപിതാക്കള്‍ ഒന്നിച്ചാലും മക്കള്‍ ഉപരിപഠനത്തിന് ദീര്‍ഘകാലം ഹോസ്റ്റലില്‍ ദൂരെയാകും. തുടര്‍ന്ന് വിവാഹം കഴിഞ്ഞ് ഭാര്യ/ഭര്‍ത്താവുമായും അവര്‍ ജോല്സ്ഥലത്തേക്കു മടങ്ങുന്നു. മാതാപിതാക്കള്‍ ഒറ്റപ്പെടുന്നു. നമ്മുടെ നാട്ടില്‍ തന്നെ കൂടുതല്‍ ഉയര്‍ന്ന വിദ്യാഭ്യാസത്തിനും ജോലിക്കുമുള്ള സാധ്യതകള്‍ തുടങ്ങണം എങ്കിലേ പഴയകാല കൂട്ടുകുടുംബ വ്യവസ്ഥിതി തുടര്‍ന്നു കൊണ്ടുപോകാനാവൂ. വീടുണ്ടാക്കുന്നവര്‍ അവരുടെ കഴിവിനനുസരിച്ചുള്ള വീട് എന്ന നയത്തില്‍ ഉറച്ച് നില്‍ക്കണം. എങ്കില്‍ കടക്കെണിയില്‍ അകപ്പെടാതെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാം. ആര്‍.എം ഇബ്രാഹീം, വെളുത്തൂര്‍

പുണ്യമാസം
ജൂലൈ ലക്കം ഇല്യാസ് മൗലവിയുടെ പുണ്യമാസം എന്ന ലേഖനം വായിച്ചു. അറിവിന്റെ ഉറവിടമായ ഖുര്‍ആന്‍ ഇറങ്ങിയ മാസത്തിന്റെ വാര്‍ഷികാഘോഷമായ റമദാന്‍ മാസത്തെ വായനക്കാര്‍ക്ക് ഹൃദ്യമായ രൂപത്തില്‍ മനസ്സിലാക്കാന്‍ ആ ലോഖനത്തിലൂടെ സാധിച്ചു.
റഹീം കെ
പറവന്നൂര്‍

ചിന്തക്കൊരു ഗൈഡ്
ജൂണ്‍ ലക്കം ജമാലുദ്ദീന്‍ മാളിക്കുന്നിന്റെ 'പുതുതലമുറ കോഴ്‌സുകളിലേക്ക്' എന്ന ലേഖനം വളരെയേറെ ശ്രദ്ധേയമായിട്ടുണ്ട്. വിദ്യാര്‍ഥികളുടെ കരിയര്‍ ചിന്തക്ക് നല്ലൊരു ഗൈഡാണ് ഇതിലൂടെ അവതരിപ്പിച്ചത്. സബീഷ് തൊട്ടില്‍ പാലത്തിന്റെ 'ജീവിതം' എന്ന കവിത മികച്ച നിലവാരം പുലര്‍ത്തിയിട്ടുണ്ട്. ഓരോ വരികളിലൂടെയും മനുഷ്യ ജീവിതത്തെ ഹൃദ്യമായ രീതിയില്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. വായനക്കാരുടെ ഹൃദയം നിറക്കുന്ന ഇത്തരം വിഭവങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
നാദിറ ജമാല്‍
ഉള്ള്യേരി

ക്രിയാത്മക
ചിന്തക്കും ഇടമുണ്ട്
ജൂണ്‍ ലക്കം ആരാമം എന്തുകൊണ്ടും വ്യതിരിക്തമാണ്. 'ക്രിയാത്മക ചിന്ത വളര്‍ത്തിയെടുക്കാം' എന്ന അബ്ദുല്‍ ഹമീദ് കാരശ്ശേരിയുടെ ലേഖനവും സ്വപ്നങ്ങള്‍ക്ക് നിറം കൊടുക്കുമ്പോള്‍ എന്ന നൂറുദ്ദീന്‍ ചേന്നരയുടെ ലേഖനവും പുതിയ ചിന്തയിലേക്ക് വഴിതുറക്കുന്നവയാണ്. ആധുനിക സമൂഹത്തില്‍ നിഷ്‌കാസിതമായിക്കൊണ്ടിരിക്കുന്ന ക്രിയാത്മക ചിന്തയും ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ സ്വപ്നങ്ങള്‍ക്ക് പ്രത്യാശയുടെ പുതുനാമ്പുകള്‍ സമ്മാനിച്ചു കൊണ്ടുള്ള ഇത്തരം ലേഖനവും ഹൃദ്യമാണ്. വൈവിധ്യവും വൈജാത്യവും കൊണ്ട് വായനാ ഹൃദയങ്ങള്‍ കീഴടക്കിയ ആരാമത്തിലൂടെ തുടര്‍ന്നും ധൈഷണികവും മൂല്യവത്തായതുമായ ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.
കെ.സി സലീം അലി
കരിങ്ങാട്‌

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top