കേരളത്തിലെ മുസ്ലിം വനിത മുന്നേറ്റം

ശൈഖ് മുഹമ്മദ് കാരകുന്ന്‌ / ഓര്‍യുടെ ഓളങ്ങളില്‍ No image

എന്റെ കുഗ്രാമത്തില്‍ ആദ്യമായി ഒരു എല്‍.പി. സ്‌കൂള്‍ ആരംഭിച്ചത് 1995-ലാണ്. അതിനു മുമ്പ് ഗ്രാമീണരില്‍ വിരലിലെണ്ണാവുന്ന ചിലരല്ലാതെ ആരും സ്‌കൂളില്‍ പോയിരുന്നില്ല. പെണ്‍കുട്ടികള്‍ സ്‌കൂള്‍ കണ്ടിട്ടു പോലുമുണ്ടായിരുന്നില്ല. എന്റെ പിതാവിന്റെ വിദ്യാഭ്യാസ യോഗ്യത നാലാം ക്ലാസാണ്. മാതാവിന് അത്യാവശ്യം എഴുതാനും വായിക്കാനുമറിയാമായിരുന്നുവെങ്കിലും ഔപചാരിക സ്‌കൂള്‍ വിദ്യാഭ്യാസം ഒട്ടും കിട്ടിയിരുന്നില്ല. സമൂഹത്തില്‍ അക്കാലത്ത് സ്‌കൂള്‍ വിദ്യാഭ്യാസത്തോട് ആര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. ഇംഗ്ലീഷ് പഠനത്തോട് പ്രത്യേകിച്ചും. പെണ്‍കുട്ടികള്‍ പഠിക്കാന്‍ പാടില്ലെന്ന അഭിപ്രായവും വളരെ ശക്തമായിരുന്നു.
ക്രമേണ മുസ്‌ലിം സമുദായം വിദ്യാഭ്യാസത്തോട് ആഭിമുഖ്യം പുലര്‍ത്താന്‍ തുടങ്ങി. പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്ക് ഈ രംഗത്ത് സുപ്രധാന പങ്കുവഹിക്കാന്‍ സാധിച്ചു. എങ്കിലും മാറ്റം വളരെ സാവധാനത്തിലായിരുന്നു. പ്രത്യേകിച്ചും സ്ത്രീ വിദ്യാഭ്യാസ കാര്യത്തില്‍.
വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച കുതിച്ചു ചാട്ടം സാധ്യമാക്കിയത് ഗള്‍ഫ് സാന്നിധ്യമാണ്. സാമ്പത്തിക വളര്‍ച്ച പഠന സൗകര്യം ഗണ്യമായി വര്‍ധിപ്പിച്ചതോടൊപ്പം ഗള്‍ഫിന്റെ സാമൂഹ്യാന്തരീക്ഷത്തിന്റെ സ്വാധീനവും ഈ രംഗത്ത് വമ്പിച്ച സ്വാധീനം ചെലുത്തി. അവിടെ ചെന്ന് നാട്ടില്‍ തിരിച്ചെത്തിയവര്‍ വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി. തങ്ങള്‍ക്ക് നഷ്ടപ്പെട്ടത് തങ്ങളുടെ കുട്ടികള്‍ക്ക് കിട്ടണമെന്ന് കൊതിച്ചു. ഗള്‍ഫ് നാടുകളില്‍ സ്ത്രീകളും വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നിലാണെന്ന വസ്തുത തിരിച്ചറിഞ്ഞതോടെ സ്ത്രീ വിദ്യാഭ്യാസ രംഗത്തും വമ്പിച്ച മുന്നേറ്റമുണ്ടായി. മുസ്‌ലിം ലീഗിന്റെയും മുസ്‌ലിം എജുക്കേഷണല്‍ സൊസൈറ്റിയുടെയും കേരള നദ്‌വത്തുല്‍ മുജാഹിദീന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനം വിദ്യാഭ്യാസ പുരോഗതിയില്‍ നിര്‍ണായകമായ പങ്കുവഹിച്ചു.
ഭൗതിക വിദ്യാഭ്യാസം നേടുന്നതോടെ മുസ്‌ലിംകള്‍ മതത്തില്‍ നിന്നകലുമെന്ന കണക്കുകൂട്ടലിലായിരുന്നു ഭൗതികവാദികള്‍. മുസ്‌ലിം കളുടെ മതനിഷ്ഠക്കു കാരണം വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന് അവര്‍ ധരിച്ചു. നിരന്തരം അങ്ങനെ പ്രചരിപ്പിക്കുകയും ചെയ്തു. മതപണ്ഡിതന്മാരും നേതാക്കന്മാരും ഇതേ വാദം ഏറ്റുപിടിച്ചു. പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ കാര്യത്തില്‍. സ്‌കൂളിലും കോളേജുകളിലും പോകുന്നതോടെ ഭൗതിക സംസ്‌കാരത്തിനും പടിഞ്ഞാറന്‍ പരിഷ് കാരത്തിനും അടിപ്പെട്ട് മതം കൈയൊഴിയുമെന്നായിരുന്നു ധാരണ. അന്നത്തെ അവസ്ഥ പൊതു ധാരണക്ക് ആക്കം കൂട്ടുകയും ചെയ്തു. അക്കാലത്ത് ഭൗതിക വിദ്യാഭ്യാസം നേടിയവര്‍ പൊതുവെ മതത്തോട് പുഛവും അവജ്ഞയും പുലര്‍ത്തുന്നവരായിരുന്നു. പലരും മത ചിഹ്നങ്ങളും ആരാധനാനുഷ്ഠാനങ്ങളും പാലിക്കാന്‍ തല്‍പരരായിരുന്നില്ല. പലര്‍ക്കും തങ്ങള്‍ മുസ്‌ലിംകളാണെന്ന് തുറന്ന് പറയാന്‍ പോലും മടിയായിരുന്നു. പെണ്‍കുട്ടികള്‍ വിദ്യാലയങ്ങളില്‍ തങ്ങളുടെ ഇസ്‌ലാമിക വ്യക്തിത്വം വ്യക്തമാകാതിരിക്കാനാണ് ശ്രമിച്ചിരുന്നത്.
അക്കാലത്ത് ഇസ്‌ലാമിക വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തകനെന്ന നിലയില്‍ കേരളത്തിലെ കോളേജുകള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കുക പതിവായിരുന്നു. അന്നൊക്കെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരൊറ്റ വിദ്യാര്‍ഥിനിയെ മുഖമക്കന ധരിക്കുന്നവളായി ഉണ്ടായിരുന്നുള്ളൂ. നിര്‍ഭാഗ്യവശാല്‍ അവരിപ്പോള്‍ ഇസ്‌ലാമിക സമൂഹത്തിന്റെ ഭാഗമല്ല. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഒന്നും എറണാകുളം മഹാരാജാസില്‍ ഒന്നും വീതം പെണ്‍കുട്ടികളെ ഇസ്‌ലാമിക വസ്ത്രധാരണം സ്വീകരിച്ചവരായി കാണപ്പെട്ടിരുന്നുള്ളൂ. മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവസ്ഥയും ഭിന്നമായിരുന്നില്ല. എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍, തിരുവനന്തപുരം തുടങ്ങി കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെല്ലാം മുസ്‌ലിം വിദ്യാര്‍ഥിനികളില്‍ എണ്‍പത് ശതമാനം പേരും ഇസ്‌ലാമിക വസ്ത്രധാരണ രീതി സ്വീകരിച്ചവരാണ്. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലും എഞ്ചിനീയറിംഗ് കോളേജുകളിലും മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതേ അവസ്ഥ നിലനില്‍ക്കുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജാമിഅ മില്ലിയ്യ, ഹംദര്‍ദ്, അലിഗര്‍, ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ സര്‍വകലാശാലയിലെല്ലാം ഇന്ന് മുഖമക്കന ധരിച്ച കേരളീയ മുസ്‌ലിം വിദ്യാര്‍ഥിനികളുടെ സജീവ സാന്നിധ്യമുണ്ട്. വിദ്യാഭ്യാസ രംഗത്ത് ഇന്ന് ആണ്‍കുട്ടികളെക്കാള്‍ ഏറെ മുന്നിലാണ് പെണ്‍കുട്ടികള്‍. വിശേഷിച്ചും ഉന്നത വിദ്യാഭ്യാസ രംഗത്ത്. കേരളത്തിലെ പോസ്റ്റ്ഗ്രാജ്വേഷന് പഠിക്കുന്നവരില്‍ എഴുപത് ശതമാനമോ അതില്‍ കൂടുതലോ പെണ്‍കുട്ടികളാണ്. ബിരുദ പഠനത്തിലിത് അറുപതിനും എഴുപതിനും ഇടയിലാണ്. മെഡിക്കല്‍, എഞ്ചിനിയറിംഗ് കോളേജുകളില്‍ മൂന്നു നാലു കൊല്ലം മുമ്പുവരെ മുസ്‌ലിം വിദ്യാര്‍ഥിനികളെക്കാള്‍ കൂടുതല്‍ വിദ്യാര്‍ഥികളായിരുന്നു. എന്നാലിന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. മലബാറിലെ ഏക സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായ കോഴിക്കോട് പോലും മുസ്‌ലിം പെണ്‍കുട്ടികളാണിന്ന് ആണ്‍കുട്ടികളെക്കാള്‍ കൂടുതല്‍. ഹോമിയോ കോളേജുകളിലും പാരാമെഡിക്കല്‍ കോഴ്‌സുകളിലും സ്ത്രീ സാന്നിധ്യം വളരെ കൂടുതലാണ്. ഇസ്‌ലാമിക വസ്ത്രധാരണത്തോടെ തന്നെ മുസ്‌ലിം പെണ്‍കുട്ടികള്‍ ഇന്ന് പത്രങ്ങളിലും ചാനലിലുമെല്ലാം ജോലി ചെയ്യുന്നു. സമൂഹ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും തലമറച്ച സ്ത്രീകളുടെ സാന്നിധ്യമുണ്ട്.
തങ്ങളാണ് മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസ വളര്‍ച്ചക്കും പൊതു ജീവിതത്തിലെ അവരുടെ സജീവ സാന്നിധ്യത്തിനും കാരണമെന്ന ഭൗതികന്മാരുടെ അവകാശ വാദം തീര്‍ത്തും തെറ്റാണെന്ന് ഇത് തെളിയിക്കുന്നു. അവരായിരുന്നു പ്രമോട്ടര്‍മാരെങ്കില്‍ വിദ്യാലയങ്ങളിലും പൊതു രംഗത്തുമുള്ള മുസ്‌ലിം സ്ത്രീകള്‍ മതവിരുദ്ധരോ മതരഹിതരോ ആകുമായിരുന്നു.
വിദ്യാഭ്യാസ വളര്‍ച്ചയോടൊപ്പം ഇസ്‌ലാമിക ചര്യയും ചിഹ്നവും പാലിക്കുന്നവരാക്കി മുസ്‌ലിം വിദ്യാര്‍ഥിനികളെ മാറ്റിയെടുക്കുന്നതില്‍ ഒട്ടേറെ ഘടകങ്ങള്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഇസ്‌ലാമിക വനിതാ വിദ്യാലയങ്ങള്‍, ഇസ്‌ലാമിക വിദ്യാര്‍ഥിനി സംഘടനകള്‍, ജമാഅത്തെ ഇസ്‌ലാമിയുടെയും മറ്റു മുസ്‌ലിം സംഘടനകളുടെയും സ്ത്രീകള്‍ക്കിടയിലെ പ്രവര്‍ത്തനം, ഗള്‍ഫ് സാന്നിധ്യം തുടങ്ങിയവയെല്ലാം ഇസ്‌ലാമിക സ്വഭാവത്തോടെയുള്ള മുസ്‌ലിം വിദ്യാര്‍ഥിനികളുടെ വളര്‍ച്ചയിലും ശാക്തീകരണത്തിലും വലിയ പങ്കു വഹിച്ചു.
മര്‍ഹൂം കെ.സി അബ്ദുല്ല മൗലവിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യമായി ചേന്ദമംഗല്ലൂരില്‍ ഒരു വനിതാ ഇസ്‌ലാമിയ കോളേജ് സ്ഥാപിതമായി. തുടര്‍ന്ന് ജമാഅത്തിന്റെയും കേരളാ നദ്‌വത്തുല്‍ മുജാഹിദീന്റെയും നേതൃത്വത്തില്‍ വനിതകള്‍ക്കായുള്ള ഇസ്‌ലാമിക വിദ്യാലയങ്ങള്‍ നിലവില്‍ വന്നു. അടുത്ത കാലത്തായി ഇരു സമസ്തകളും വനിതകള്‍ക്കായുള്ള ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നടത്താന്‍ തുടങ്ങി. ഇവിടങ്ങളില്‍ നിന്നെല്ലാം പുറത്തുവന്ന പണ്ഡിതകളുടെ സാന്നിധ്യം കേരളീയ മുസ്‌ലിം സ്ത്രീകളെ വളരെയേറെ സ്വാധീനിച്ചു. 1984-ജൂലൈ ഏഴിന് ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ) രൂപംകൊണ്ടു. ഭൗതിക വിദ്യാലയങ്ങളിലെ വിദ്യാര്‍ഥിനികളില്‍ ഇസ്‌ലാമിക ജ്ഞാനവും ബോധവും ജീവിതരീതിയും കരുപ്പിടിപ്പിക്കുന്നതില്‍ അതിന് നിര്‍ണായക പങ്കുവഹിക്കാന്‍ സാധിച്ചു. പിന്നീട് 1987-ല്‍ രൂപീകരിക്കപ്പെട്ട മുജാഹിദ് സ്റ്റുഡന്‍സ് ആന്റ് വിമണ്‍സ് മൂവ്‌മെന്റും ഈ രംഗത്ത് നിര്‍ണായകമായ സ്വാധീനം ചെലുത്തി.
1981-ല്‍ പ്രസിദ്ധീകരണമാരംഭിച്ച ആരാമവും1991-ല്‍ തുടങ്ങിയ പുടവയും 1988-ല്‍ പുറത്തിറക്കാന്‍ ആരംഭിച്ച പൂങ്കാവനവും മുസ്‌ലിം വിദ്യാര്‍ഥിനികളുടെയും വനിതകളുടെയും വിദ്യാഭ്യാസപരവും മതപരവുമായ വളര്‍ച്ചയില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചു. സ്ത്രീകളുടെ സംഘാടനത്തിലും ശാക്തീകരണത്തിലും ജമാഅത്തെ ഇസ്‌ലാമി വഹിച്ച പങ്ക് വളരെ വലുതാണ്. സ്ത്രീ പുരുഷന്മാര്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ പങ്കെടുത്ത 1969-ല്‍ മലപ്പുറത്ത് നടന്ന ജമാഅത്തിന്റെ സംസ്ഥാന സമ്മേളനത്തില്‍ വളാഞ്ചേരിയിലെ യു. ശരീഫ, ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ കോളേജിലെ എം.കെ നഫീസ, കെ.ടി ആസ്യ, കീഴുപറമ്പിലെ എം.സി ആമിന എന്നിവര്‍ ശ്രദ്ധേയമായ പ്രഭാഷണങ്ങള്‍ നടത്തി. തുടര്‍ന്നുണ്ടായ ക്രമപ്രവൃദ്ധമായ വളര്‍ച്ചയുടെ ഫലമായി ഒരു ലക്ഷത്തോളം വനിതകള്‍ പങ്കെടുത്ത ഗംഭീരമായ സമ്മേളനം സ്വയം സംഘടിപ്പിക്കാനും ഭംഗിയായി നടത്താനും തങ്ങള്‍ പ്രാപ്തരാണെന്ന് തെളിയിക്കാന്‍ കേരളീയ ഇസ്‌ലാമിക വനിതക്ക് സാധിച്ചു. കുറ്റിപ്പുറം അതിന് സാക്ഷ്യം വഹിക്കുകയും ചെയ്തു.
എന്റെ അറിവില്‍ കേരളത്തില്‍ വനിതകള്‍ മാത്രം മറ്റാരുടെയും പങ്കാളിത്തമില്ലാതെ നടത്തുന്ന ഏക വനിതാ മാസിക ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ പ്രസിദ്ധീകരണമായ 'ആരാമം' മാത്രമാണ്. ജമാഅത്ത് പ്രവര്‍ത്തകര്‍ നടത്തുന്ന 'മാധ്യമത്തിലും' ജമാഅത്ത് പ്രവര്‍ത്തകരുടെ മുന്‍കൈയോടെ സ്ഥാപിതമായ 'മീഡിയാവണ്‍' ചാനലിലും ഇസ്‌ലാമിക വസ്ത്രധാരണവും ചര്യയും ചിഹ്നവും സ്വീകരിച്ചും പാലിച്ചും പോരുന്ന വനിതകള്‍ ജോലി ചെയ്തുവരുന്നു. മീഡിയാ വണ്ണില്‍ തലമറച്ച സഹോദരി വാര്‍ത്ത വായിക്കുന്നു. ഇത്തരം മുസ്‌ലിം വനിതാ മുന്നേറ്റത്തില്‍ ഇസ്‌ലാം വിമര്‍ശകരായ കാരശ്ശേരിമാര്‍ക്കോ ഹമീദുമാര്‍ക്കോ ഒരു പങ്കുമില്ല. ഇസ്‌ലാമിക സംഘടനകളും പ്രവര്‍ത്തകരുമാണ് ഈ ശാക്തീകരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top