വാഴ വെറും പിണ്ടിയല്ല

ഡോ: മുഹമ്മദ് ബിന്‍ അഹ്മദ്‌ / വീട്ടുമുറ്റം No image

ലോകത്തെവിടെ ചെന്നാലും കിട്ടുന്ന ജനകീയ പഴമാണ് വാഴപ്പഴം. മൈസൂര്‍, പാളങ്ങോടന്‍, പൂവന്‍, കദളി, ചെങ്കദളി, കുന്നന്‍, മാണില്ലാക്കുന്നന്‍, പടല്‍ (പടല്‍പ്പൂവന്‍), കുഴിനേന്ത്ര, ചെട്ടിക്കായ, റോബസ്റ്റ്, നേന്ത്രപ്പഴം, ഇലക്കദളി, ഞാലിപ്പൂവന്‍ ഇങ്ങനെ പോകുന്നു അതിന്റെ നീണ്ട നിര. ഒരു കാലത്ത് കര്‍ഷകന് പിടിപ്പത് വില കിട്ടുമെന്നതു കൊണ്ട് ഓണത്തിനടുത്ത് വിളവെടുക്കുന്ന രീതിയിലായിരുന്നു നേന്ത്രവാഴ കൃഷി ചെയ്തിരുന്നത്. എല്ലാ കാലത്തും എല്ലാതരം പഴങ്ങള്‍ക്കും നല്ല വില കിട്ടിത്തുടങ്ങിയപ്പോള്‍ കര്‍ഷകര്‍ കാലവ്യത്യാസമന്യേ വാഴ കൃഷി ചെയ്യാന്‍ തുടങ്ങി. സര്‍വസാധാരണമായി റോബസ്റ്റ് ആ സ്ഥാനം പിടിച്ചുപറ്റി. അതിലൊരു യുക്തിയുമുണ്ട്. ധാരാളം വിളവു തരുന്നതും വിലയില്‍ കുറവുമായതുകൊണ്ടു തന്നെ. 

മലശോധന ശരിയാക്കാനായി ഒന്നോ രണ്ടോ മൈസൂര്‍ പഴം തിന്നുന്ന ഒരു ശൈലി മലയാളികള്‍ക്കുണ്ട് താനും. പഴമായിട്ടല്ലാതെ ഉപ്പേരി, സാമ്പാര്‍, സാധാരണ കറി, ചിപ്‌സ്, പഴക്കൊത്ത്, പഴപ്പുഴുക്ക്, പ്രഥമന്‍ എന്നീ രൂപത്തിലും ഇത് ഉപയോഗിച്ചു വരുന്നു.
ഇല, മാണി, തണ്ട് (പിണ്ടി), പഴം, കിഴങ്ങ് തുടങ്ങി വാഴയുടെ എല്ലാ ഭാഗങ്ങളും മനുഷ്യന്‍ ഉപയോഗിച്ചു വരുന്നു. കൊളസ്‌ട്രോള്‍, മൂത്രാശയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം എന്നീ രോഗങ്ങള്‍ക്ക് ഭക്ഷണമായും മരുന്നായും ഇതിനെ ഉപയോഗിച്ചു വരുന്നു. വാഴപ്പിണ്ടി നീരായി അധികവും ഉപയോഗിക്കുന്നത് മൈസൂര്‍ വാഴയാണ്. പഴയകാലത്ത് മുടി, മുള്ള് മുതലായവ ശരീരത്തിനകത്ത് ചെന്ന് തടസ്സം നേരിട്ടാല്‍ പഴങ്ങളും ഉണ്ണിപ്പിണ്ടിയും ചികിത്സക്കായി വിഴുങ്ങാറുണ്ട്. പഴത്തിന്റെ തോല്, ഉണ്ണിപ്പിണ്ടി, വാഴയില എന്നിവ മൃഗങ്ങള്‍ക്കിഷ്ടപ്പെട്ട ആഹാരമാണ്. പച്ചയായി കറിക്കുപയോഗിക്കുമ്പോള്‍ അതിന്റെ തോല് ഉപയോഗിക്കുക സര്‍വ സാധാരണമാണ്. നല്ല പോലെ കഴുകി വൃത്തിയാക്കിയ തോല്‍ ഭക്ഷ്യയോഗ്യമാണ്. അതില്‍ ധാരാളം നാരുകള്‍ (ഫൈബറുകള്‍) ഉള്ളതുകൊണ്ട് ആളുകളെ പേടിപ്പിക്കുന്ന- കൊളസ്‌ട്രോള്‍- നിയന്ത്രിക്കാനുള്ള കഴിവും അതിനുണ്ടെന്ന സത്യം നാം മനസ്സിലാക്കണം. വയസ്സിന് മുമ്പ് കുട്ടികള്‍ക്ക് ആഹാരത്തിനായി ഉപയോഗിച്ചു വന്നിരുന്നത് കുന്നന്‍കായ തൊലികളഞ്ഞ് വെയിലത്തുണക്കി സ്വല്‍പം നല്ലജീരകം, കരിംജീരകം, അരിയാറും ചേര്‍ത്ത് പൊടിച്ചു സൂക്ഷിച്ചു വെച്ചതായിരുന്നു. പാലില്ലാത്ത അമ്മമാര്‍ക്കും കുട്ടികള്‍ക്കുമുള്ള ആഹാരമായി ഇത് ഉപയോഗിച്ചു പോന്നിരുന്നു.
മധുരവും സ്‌നിഗ്ദമൃദുഗുണവും ശീതവീര്യവും ആണ് ഇതിന്റെ ഗുണങ്ങള്‍. പഴയ കാലത്ത് പൊള്ളലേറ്റാല്‍ വാഴയിലയിലാണ് കിടത്തിയിരുന്നത്. തൊലിയുടെ പൊള്ളലേറ്റ ഭാഗം മറ്റുള്ളവയില്‍ കിടത്തിയാല്‍ അടര്‍ന്നുപോകുമെന്നുള്ളതു കൊണ്ടാണിത്. വാഴയില നീര് ഏറ്റവും നല്ല ആന്റിസെപ്റ്റിക് ആണെന്നും വ്രണഹരമാണെന്നും അവര്‍ മനസ്സിലാക്കിയിരിക്കണം.
ധാരാളം വിറ്റാമിനുകളും ധാതുക്കളും ഇതില്‍ അടങ്ങിയതു കൊണ്ടാകണം മനുഷ്യന്‍ ഇതിനെ പ്രധാന ഭോജ്യമാക്കിയത്. ഗവേഷകരുടെ അഭിപ്രായത്തില്‍ മനുഷ്യന്‍ ആദ്യമായി കൃഷിചെയ്ത് വന്നിരുന്നത് വാഴയാണ്.
വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളിലും തീരെ വെള്ളമില്ലാത്ത സ്ഥലങ്ങളിലും വാഴ കൃഷി ചെയ്യാറില്ല. കാരണം ചില സന്ദര്‍ഭങ്ങളില്‍ അവയില്‍ നിന്ന് ഉല്‍പാദനം കുറവേ ഉണ്ടാകൂ. വാഴയുടെ കുല വെട്ടിയെടുത്ത് അതിന്റെ കന്നുകള്‍ പറിച്ച് വീണ്ടും കൃഷിചെയ്യുകയാണ് കൃഷിരീതി.
കാലാവസ്ഥാ വ്യത്യാസമന്യേ കൃഷിചെയ്യാവുന്നതാണിത്. ചാലുകള്‍ കീറിയും തടമുണ്ടാക്കിയും ആവശ്യത്തിന് കാലിവെള്ളം, വെണ്ണീര്‍, പച്ചിലകള്‍ എന്നിവ ചേര്‍ത്ത് കൃഷി ചെയ്തിരുന്ന സമ്പ്രദായമാണ് പണ്ടുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ആവശ്യത്തിനു പച്ചിലകളും കാലിവെള്ളവും വെണ്ണീരും കിട്ടാത്തതു മൂലം വളപ്രയോഗം രാസവളത്തിലേക്കു മാറി. രണ്ടടി ആഴവും സമചതുരവുമുള്ള കുഴി (വൃത്താകൃതിയായാലും സമചതുരമായാലും മതി) ആണ് ഇവ കൃഷി ചെയ്യാനായി ഉപയോഗിക്കുന്നത്. വാഴപ്പോളയിലും പിണ്ടിയിലും വാഴ വളര്‍ച്ചക്കായി വെള്ളം സൂക്ഷിച്ചു വെക്കുന്നു. വെള്ളം ധാരാളം നല്‍കിയാല്‍ അവ കുലയില്‍ മെച്ചം കാണിക്കും.
പഴത്തില്‍ ജീവകം എ, ബി, സി എന്നിവയും ഇരുമ്പും അടങ്ങിയിട്ടുണ്ട്. ഏകദേശം 37 ശതമാനം സ്റ്റാര്‍ച്ചും ചിലയിനം പഴങ്ങളില്‍ 27 ശതമാനം വരെ പഞ്ചസാരയും ടാനിക് അമ്ലവും, ആല്‍ബുമിന്‍, കൊഴുപ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്. അവയെല്ലാം തന്നെ (പഞ്ചസാരയൊഴികെ) വാഴക്കൂമ്പിലും വാഴപ്പിണ്ടിയിലും അടങ്ങിയതു കൊണ്ട് എല്ലാ രോഗികള്‍ക്കും വിശേഷിച്ച് പ്രമേഹരോഗികള്‍ക്ക് ഉത്തമ ആഹാരമാണ്. ലൈംഗിക ശക്തി, ഉത്തേജക ശക്തി, എന്നിവക്കും അര്‍ശസ്, വയറ്റിലെ അസുഖങ്ങള്‍, മൂത്ര സംബന്ധമായ അസുഖങ്ങള്‍ എന്നിവക്കും നല്ലതാണ്. മൂത്ത നേന്ത്രക്കായ തൊലികളഞ്ഞ് ഉണക്കിപ്പൊടിച്ചു കഴിക്കുന്നത് വയറെരിച്ചില്‍- പുളിച്ചു തികട്ടല്‍, ഇടക്കിടെ ഉണ്ടാകുന്ന അതിസാരം എന്നിവക്ക് നല്ലതാണ്. വാഴപ്പിണ്ടി നീരില്‍ മഞ്ഞളും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് കഴിക്കുന്നത് പ്രമേഹഹരമാണ്. വാഴപ്പിണ്ടി നീരില്‍ മഞ്ഞള്‍ അരച്ച് വെയിലത്തു വെച്ചുണക്കി പൊടിയെടുത്ത് ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് കഴിക്കുന്നതും വാഴപ്പിണ്ടി നീരില്‍ നെല്ലിക്ക നീര്, മഞ്ഞള്‍ നീര് എന്നിവ സമമെടുത്ത് ഒരു ടീസ്പൂണ്‍ ചേര്‍ത്ത് കഴിക്കുന്നതും ഒന്നാന്തരം പ്രമേഹനാശിനിയാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top