കോപം നിയന്ത്രിക്കാം

എന്‍.പി ഹാഫിസ് മുഹമ്മദ്‌ / മനസ്സിനും സമൂഹത്തിനും ശസ്ത്രക്രിയ No image

ഒരവധിക്കാലം കഴിഞ്ഞ്, കോളേജിലേക്ക് വരുമ്പോള്‍ ബസ്സിലുണ്ടായിരുന്ന വിദ്യാര്‍ഥിനിയോട് ചോദിച്ചു: 'എങ്ങനെയുണ്ടായിരുന്നു അവധിക്കാലം?' അവള്‍ മറുപടി തന്നു. 'സര്‍, ഹോളിഡെയ്‌സില്‍ വീട്ടില്‍ ഡാഡി ഉണ്ടായിരുന്നു. പിന്നെന്ത് ജോള്യാ? ഞാനെന്തു പറയണമെന്നറിയാതെ അവളെ നോക്കി. അവള്‍ തുടര്‍ന്നു: 'തെറ്റിദ്ധരിക്കേണ്ട ഐ ലവ് ഹിം. ഐ നോ, ഹി ലവ്‌സ് മി ടൂ. പക്ഷേ, എന്റെ ഡാഡിക്ക് ഭയങ്കരമായ ദേഷ്യാ. ഹി ഈസ് ടൈഗര്‍ ദെന്‍... ഉള്ള സന്തോഷം കാട്ടിപ്പോകും. ദേഷ്യാണെങ്കില്‍ എപ്പാ വര്വാന്നറിയൂല.'

ഞാന്‍ വിദ്യാര്‍ഥിയെ നോക്കി ഊഹിച്ചു. ഇടക്കിടെ ഡാഡിക്ക് തീപിടിക്കുന്നു. അവള്‍ക്കത് സഹിക്കുന്നില്ല. മകള്‍ മിണ്ടാതെ മുറിയിലേക്ക്. അവളാലോചിച്ചിട്ടുണ്ടാകും 'ഒന്ന് കോളേജ് തുറന്നെങ്കില്‍' അപ്പോള്‍ അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു: ''ദേഷ്യം പിടിക്കലിന് ഒരു നോബല്‍ സമ്മാനം ഉണ്ടെങ്കില്‍ എന്റെ ഡാഡിക്ക് കിട്ടും. കിട്ടിയയാള്‍ക്ക് വീണ്ടും കൊടുക്കുമെങ്കില്‍ വേറാരുമത് മോഹിക്കണ്ട.'
ചിലര്‍ അങ്ങനെയാണ്. മൂക്കത്തരിശം കൊണ്ടു നടക്കുന്ന അനിയന്ത്രിതമായ കോപം. അപ്പോള്‍ കഠിനവും ഉച്ചത്തിലുമായ വാക്കുകള്‍ തെറിക്കുന്നു.
കോപം പല വികാരങ്ങളിലൊന്നെങ്കിലും അത് നല്ലതോ ചീത്തയോ അല്ല. പക്ഷേ, കോപപ്രകടനത്തിന്റെ പ്രത്യാഘാതങ്ങള്‍ കോപിക്കുന്നവരിലും അതേറ്റുവാങ്ങുന്നവരിലും ഉണ്ടാക്കുന്നു. ഏറ്റുവാങ്ങുന്നവര്‍ പ്രകോപിതരാകുന്നു, ബന്ധങ്ങളെ ദുര്‍ബലപ്പെടുത്തുന്നു, ചിലപ്പോള്‍ തകര്‍ക്കുന്നു. ദേഷ്യമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളാണ് പലപ്പോഴും ബന്ധ ശിഥിലീകരണത്തിന് വഴിയൊരുക്കുന്നത്. ദേഷ്യപ്പെടുന്നത് ഒരു വിസിറ്റിംഗ് കാര്‍ഡ് കാണാത്തതിന്റെ പേരിലാവും. പക്ഷേ ദേഷ്യം കൊണ്ടു ചെന്നെത്തിക്കുന്നത് ഭാര്യയുടെ മാതാപിതാക്കളിലാവും. പഴയ സംഭവങ്ങളിലാവും. ഭാര്യയുടെയോ മറ്റുള്ളവരുടെയോ വീഴ്ചകളിലോ ദൗര്‍ബല്യങ്ങളിലോ ആകും. അത് പൊട്ടിത്തെറിക്കുന്ന ചീനപ്പടക്കം പോലെ പലതിലേക്കും പലരിലേക്കും കത്തിപ്പടരുന്നു. ആത്മാഭിമാനത്തില്‍ മുറിവുകളേല്‍പ്പിക്കുന്നു. അപ്പോള്‍ വിസിറ്റിംഗ് കാര്‍ഡ് പുഞ്ചിരിച്ചു കൊണ്ട് ഏതെങ്കിലും പുസ്തകത്തിനടിയില്‍ നിന്ന് പുറത്ത് ചാടുന്നു. അപ്പോഴേക്കും പ്രിയപ്പെട്ടവര്‍ വിവിധ ദ്വീപുകളില്‍ ചുട്ടു പഴുത്ത് കട്ടിയായി കഴിഞ്ഞിട്ടുണ്ടാവും.
ദേഷ്യത്തിന്റെ പ്രകടനം ശരീര തലങ്ങളില്‍ പലരിലും സമാനമാണ്. ഒരു ബാഹ്യതല ഹേതു കോപത്തിന് കാരണമാകുന്നു. ബാഹ്യതല ഹേതു വന്നെത്തുകയോ ചിലപ്പോള്‍ ഉണ്ടാകുകയോ ആവാം. ഞൊടിയടകൊണ്ട് രക്തസമര്‍ദം കൂടുന്നു കുറയുന്നു. വിചാരങ്ങള്‍ ദേഷ്യത്തിന്റെ ഹേതുവിലേക്ക്, സംഭവത്തിലേക്കോ വ്യക്തിയിലേക്കോ കേന്ദ്രീകരിക്കുന്നു. വിചാരങ്ങള്‍ ഏക പക്ഷീയമാകുന്നു. ശരീരത്തിലെ ആന്തരിക ഗ്രന്ഥികളില്‍ ചിലത് ചില എന്‍സൈമുകള്‍ പുറപ്പെടുവിക്കുന്നു. ചിലര്‍ക്ക് മുഖം ചുവന്ന് തുടിക്കുന്നു. വിറക്കുന്നു. പല്ല് ഞെരിക്കുന്നു. അങ്ങോട്ടുമിങ്ങോട്ടും പായിക്കുന്നു.
കോപിതനൊരു ജന്മഭാവമുണ്ട്, അത് തുടങ്ങിയാല്‍ ഒരിക്കലും ദീര്‍ഘ നേരം കത്തിജ്വലിച്ച് ഉച്ചിയില്‍ നില്‍ക്കില്ല. അടുത്തുള്ളവരെ ചുട്ടുപൊള്ളിച്ച് അത് അസ്തമയക്കടവില്‍ താഴും. പിന്നീട് ഒരു മൂലയില്‍ നിന്ന് നിഷ്‌കളങ്കമായി കടിച്ചു കീറിയ മനുഷ്യന്‍ തന്നെയോ, ഈ പച്ചപ്പാവം! കോപം ഒരാള്‍ക്കും സദാനേരവും കൊണ്ടുനടക്കാനാവാത്ത ആഡംഭരമാണെന്നതാണ് സത്യം, ഭാഗ്യവും.
കോപത്തിന്റെ പ്രത്യാഘാതങ്ങള്‍ അതു പ്രകടിപ്പിക്കുന്ന നമ്മളില്‍ മാത്രമല്ല, മറ്റുള്ളവരിലും മാറാവ്രണങ്ങളാണുണ്ടാക്കുക. കേള്‍ക്കുന്നവരുടെ വൈകാരിക നിലയെ ബാധിക്കുന്നു. മൂഡ് മാറുന്നു. അമിത വൈകാരികതയിലേക്ക് മറ്റുള്ളവരെയും കൊണ്ടുപോകുന്നു. അവരിലും ശാരീരികമായ മാറ്റങ്ങളുണ്ടാകുന്നവരുമുണ്ട്. അവരിലും രക്തസമ്മര്‍ദം കൂടുന്നു. അസ്വസ്ഥപ്പെടുത്തുന്നു. കോപിക്കുന്നയാളല്‍പം കഴിഞ്ഞ് തണുത്തുറക്കുമെന്നറിവുണ്ടെങ്കില്‍ പോലും, മറ്റുള്ളവരുടെ നിയന്ത്രണം നഷ്ടപ്പെടുന്നു.
ഒരാളുടെ ആവര്‍ത്തിക്കപ്പെടുന്ന കോപം വ്യക്തികള്‍ക്കിടയിലുള്ള സംഘര്‍ഷം പരിഹാരം കാണാതെ കിടക്കാന്‍ കാരണമാകും. നേരത്തെയുണ്ടാക്കിയെടുത്ത പരിഹാരവും ആസ്വാസവും കത്തിച്ചാമ്പലാകും. അത് വ്യക്തിബന്ധങ്ങളെ ബാധിക്കുന്നു. ഭാര്യാഭര്‍ത്താക്കന്മാരുടെ കോപപ്രകടനം കുട്ടികളെ ബാധിക്കുന്നു. കുടുംബത്തിന്റെ സ്വസ്ഥതയെ തകര്‍ക്കുന്നു. വിവാഹമോചനത്തിന് വഴിയൊരുക്കുന്നു. സുഹൃത്തുക്കളാണെങ്കില്‍ തമ്മില്‍ തല്ലിപ്പിരിയുന്നു.
ദേഷ്യവും പ്രായവും തമ്മില്‍ ബന്ധമുണ്ട്. മധ്യവയസ്സിന്റെ കടുപ്പത്തിലാണ് പലരിലും ദേഷ്യം കത്തിയാളുന്നത്. ജീവിതത്തില്‍ അവര്‍ മറ്റുള്ളവരില്‍ വെച്ചുപുലര്‍ത്തുന്ന സ്വാധീനമോ ആധിപത്യമോ തീവ്രമായി നില്‍ക്കുന്നത് ഈ പ്രായത്തിലാണ്. കോപക്കാര്‍ തങ്ങളുടെ അവസ്ഥക്ക് പലവിധ ന്യായീകരണങ്ങളും നിരത്തും. പെട്ടെന്ന് പൊട്ടിത്തെറിക്കുന്നവരുടെ കൂട്ടത്തില്‍ കൗമാരക്കാരുമുണ്ട്. അച്ഛനമ്മമാരുടെ വാക്കുകളോ ഉപദേശമോ അവരെ പ്രകോപിതരാക്കുന്നു. അവരും അലറും. മേശപ്പുറത്ത് ഒരിടിയിടിച്ച് മുറിയില്‍ കേറി ആഞ്ഞുവലിച്ച് ഒച്ചയുണ്ടാക്കി വാതിലടച്ച് അവരത് പ്രകടിപ്പിക്കും. കൗണ്‍സലിംഗിനു വന്ന ഒരു പിതാവ് കൗമാരക്കാരനായ മകന്റെ അടുത്തിരുന്ന് പറഞ്ഞത്: 'ഞാന്‍ ശുണ്ഠിക്കാരനാ. ഇവന് എന്റെ ശുണ്ഠി താങ്ങാനാവുകയില്ലെന്നുമറിയാം. പക്ഷേ ഇവന്റെ പെരുമാറ്റങ്ങള്‍ എന്റെ കോപത്തെ ആളിക്കത്തിക്കുമ്പോള്‍ അത് വിചാരിക്കാത്ത അവസ്ഥകളിലെത്തിക്കുന്നു. രണ്ട് ദേഷ്യക്കാര്‍ ഒരിടത്തുമെത്തില്ല. ഞാനിപ്പോ അവനെ കാണരുതേ എന്ന പ്രാര്‍ഥനയോടെയാ വീട്ടിലേക്ക് കേറുന്നത്' കൂടുതല്‍ ഭവിഷ്യത്തുകളുണ്ടാവാതിരിക്കുവാന്‍ ഇരു കൂട്ടരും നടത്തുന്ന പ്രതിരോധം.
ദേഷ്യം വന്നാല്‍ എന്താണ് ചെയ്യുക എന്ന് പ്രവചിച്ചു കൂടാ. കയ്യിലുള്ളത് വലിച്ചെറിയും തല്ലിത്തകര്‍ക്കും. അവര്‍ക്ക് തന്നെ നാശനഷ്ടങ്ങള്‍ വരുത്തും. മാതാപിതാക്കളെപ്പോലും പീഡിപ്പിക്കും. കയ്യാങ്കളികള്‍ പലരുടെയും സ്വാസ്ഥ്യം കെടുത്തുന്നു.
കുട്ടിക്കാലത്തോ കൗമാര കാലത്തോ കോപം പ്രകടിപ്പിക്കുമ്പോള്‍ കുടുംബാംഗങ്ങള്‍ 'ആളൊരു ചൂടനാ/ചൂടത്തിയാ' എന്ന് പലവട്ടം ആവര്‍ത്തിക്കുമ്പോള്‍ അത് കോപിക്കാനുള്ള പച്ചക്കൊടി വിശാലമായി മാറുന്നു. ചിലരുടെ ജനിതക ഘടകങ്ങള്‍ കോപഹേതുവായിട്ടുണ്ടാവാം. അതുകൊണ്ട് വീടുകളില്‍ കോപബാധിത സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. കുട്ടികളുടെ വ്യവഹാര രൂപീകരണത്തില്‍ അത് സ്വാധീനം ചെലുത്തുന്നു. ഇതൊന്ന് ദൃഢീകരിക്കാന്‍ തക്കതായ പ്രതികരണം നല്‍കുന്നു: 'അച്ഛന്റെ ദേഷ്യം അതേ പോലെ കിട്ടീട്ടുണ്ട്.' കോപത്തെ നിയന്ത്രിക്കുകയും കോപ പ്രത്യാഘാതങ്ങളെ തടയുകയും ചെയ്യുന്നവരുടെ ചുറ്റുവട്ടത്ത് വളരുന്ന കുട്ടികള്‍ അതായിരിക്കും സ്വാംശീകരിക്കുക. ദൃഢീകരിക്കപ്പെട്ട കോപപ്രകടനത്തെ മാറ്റിയെടുക്കാനും പുതിയ അന്തരീക്ഷത്തിനാവും. ഒരു ആശ്രമമോ സൂഫീവര്യന്റെ സാമീപ്യമോ കോപിക്കുന്നവരില്‍ സാരമായ മാറ്റമുണ്ടാക്കുന്നത് മറ്റൊന്നുകൊണ്ടല്ല. ഇരു കൈ കൂട്ടിയിടിക്കുമ്പോള്‍ ശബ്ദമുണ്ടാകുന്നു ഒരു കൈ മാറുമ്പോള്‍ മറുകൈ മാറ്റത്തിനനുസൃതമായേ ഭവിക്കുന്നുള്ളൂ.
ഈയിടെ ഒരു ഇസ്‌ലാമിക പണ്ഡിതന്‍ ചെറുപ്പക്കാരോട് പറഞ്ഞത് കേള്‍ക്കാനിടയായി: 'നിങ്ങള്‍ കല്ല്യാണം കഴിക്കാനാശിക്കുന്നവരാണെങ്കില്‍ നിര്‍ബന്ധമായും രണ്ട് കോഴ്‌സുകള്‍ ചെയ്തിരിക്കണം. ടൊറന്റോയിലെ ഇസ്‌ലാമിക് ഇന്‍സിറ്റിയുട്ട് ഡയറക്ടറായ ഇ.കെ അഹമ്മദ് കുട്ടിയുടെ വാക്കുകള്‍. 'ഒന്ന് കോപ നിയന്ത്രണ പരിശീലനം, രണ്ടാമത്തേത് പാചക പരിശീലന കോഴ്‌സ് കോപം നിയന്ത്രിക്കാനാവാത്ത ഒരു വ്യവഹാര ശീലമാണെന്ന് കരുതുന്നവര്‍ ഇത്തരത്തിലുള്ള കോഴ്‌സുകളെ കുറിച്ച് അജ്ഞരായിരിക്കും. പല വിദേശ സര്‍വകലാശാലകളും കോപ നിയന്ത്രണ പരിശീലനത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ നടത്തുന്നുണ്ട്.
എളുപ്പമല്ലെങ്കിലും, ബോധപൂര്‍വമായ ചില ശ്രമങ്ങള്‍ കൊണ്ട് ചിലര്‍ക്കെങ്കിലും കോപനിയന്ത്രണം സാധ്യമായേക്കാം. കോപം കനലായെരിയുന്ന നിമിഷം തന്നെ എന്താണ് തന്റെ കോപത്തിന്റെ കാരണമെന്ന് വിചാര തലങ്ങളില്‍ അന്വേഷണം നടത്താന്‍ ശ്രമിക്കാവുന്നതാണ്. കോപിക്കുമ്പോള്‍ തന്റെ ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്നത് ആത്മപരിശോധന നടത്തി തിരിച്ചറിയാനാവും. ചിലര്‍ ആമാശയത്തിലൊരു ബലംപിടുത്തം അനുഭവിക്കുന്നു. കൈകളടക്കി വെക്കാനാവുന്നില്ല. ശ്വസനത്തില്‍ വരുന്ന മാറ്റം, തലവേദന, വര്‍ധിച്ച ഹൃദയമിടിപ്പ്, ഇരിക്കപ്പൊറുതിയില്ലായ്മ തുടങ്ങിയവ പലരിലുമുണ്ടാകുന്ന ശാരീരിക മാറ്റങ്ങളാണ്. വ്യക്തിഭിന്നമാണീ മാറ്റമെങ്കിലും അവയെ മനസ്സിലാക്കുന്നത്, പിന്നീടൊരാള്‍ ദേഷ്യത്തിന്റെ ഇരുള്‍ കയങ്ങളിലേക്ക് നീങ്ങിപ്പോകുന്നത് തിരിച്ചറിയാന്‍ സഹായിക്കുന്നു. കോപിക്കുമ്പോള്‍ സംസാരിക്കുന്നതിന് മുമ്പ് ആലോചിക്കാന്‍ ശ്രമിക്കുക. നാം നമ്മുടെ കാര്യം സംസാരിക്കുക എന്നത് ശീലമാക്കുക. ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവരുടെ സഹായം തേടാവുന്നതുമാണ്.
പ്രൊഫഷണല്‍ സഹായം കൊണ്ട് കോപനിയന്ത്രണം സാധ്യമാക്കാന്‍ പറ്റും. മാറാനുള്ള മാനസിക സന്നദ്ധതയും വിദഗ്ധരുടെ മേല്‍നോട്ടത്തിലുള്ള പരിശീലനവും കോപാഗ്നിയെ ആളിപ്പടര്‍ത്താതിരിക്കാനുള്ള മാര്‍ഗം സ്വയവത്താക്കാന്‍ വഴിയൊരുക്കുന്നു.
ശേഷക്രിയ
1. നാം കോപിക്കാന്‍ ഇടവരുന്ന സാഹചര്യങ്ങളെക്കുറിച്ച് സ്വസ്ഥമായിരിക്കുന്ന നേരം ആത്മവിശകലനം നടത്തുക. കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ ഇതിന് സഹായം തേടാവുന്നതാണ്.
2. കോപത്താലുള്ള ശാരീരിക മാറ്റങ്ങളെക്കുറിച്ച് അറിവുണ്ടാക്കാവുന്നതാണ്. കോപ നിയന്ത്രണത്തിന് ഈ ശാരീരിക മാറ്റങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം.
3. കോപാരംഭമറിഞ്ഞ്, ഉടനെ നീട്ടി ശ്വാസമെടുക്കുകയും പുറത്ത് വിടുകയും ചെയ്യുക. അതാവര്‍ത്തിക്കുക.
4. കോപത്താല്‍ ശാരീരീക മാറ്റമുണ്ടാവുന്ന ഭാഗങ്ങളില്‍, മെല്ലെ തടവുകയോ ആ ഭാഗം മുറുക്കുകയോ അയക്കുകയോ ചെയ്യുക. തലവേദനിക്കുമ്പോള്‍ നെറ്റിയില്‍ മസാജ് ചെയ്യുക. എക്‌സര്‍സൈസ് ചെയ്യുന്നതും ശീലിക്കാവുന്നതാണ്.
5. കോപാരംഭത്തില്‍ തന്നെ വളരെ സാവധാനം എന്നാല്‍ ഇടമുറി വരാതെ ഒന്നുമുതല്‍ നൂറുവരെയും നൂറുമുതല്‍ ഒന്ന് വരെയും മേലോട്ടും കീഴ്‌പോട്ടും എണ്ണുക. ആവശ്യമെങ്കില്‍ ഇതാവര്‍ത്തിക്കുക.
6. ആരോഗ്യകരമായ രീതിയില്‍ കോപത്തെ പ്രകടിപ്പിക്കാനുള്ള മറു മാര്‍ഗം കണ്ടെത്തുക. ശാന്തമായ വാദ്യസംഗീതം ആസ്വദിക്കാം. ചിത്രരചന നടത്താം. ചിലര്‍ ഇത്തരം നേരങ്ങളില്‍ കത്തെഴുതാന്‍ ശ്രമിക്കുന്നു.
7. കോപം വരുമ്പോള്‍ അതിനാലുള്ള ഗുണദോഷങ്ങളുടെ പട്ടിക തയ്യാറാക്കുക. കോപമടങ്ങിയ നേരങ്ങളില്‍ ഈ ഗുണദോഷങ്ങള്‍ നമ്പറിട്ട് എഴുതി നോക്കാവുന്നതും ഇടക്കതെടുത്ത് വായിക്കാവുന്നതുമാണ്.
8. ഹാസ്യഭാവം ജീവിതത്തിലേക്ക് കൊണ്ടുവരിക. തമാശ പടങ്ങള്‍, തമാശക്കുറിപ്പുകള്‍ എന്നിവ ആസ്വദിക്കുക. അവനവനെതന്നെ ഹാസ്യഭാവത്തോടെ കാണാനും വിലയിരുത്താനും ശ്രമിക്കാവുന്നതാണ്.
9. കോപപ്രകടനത്തിന്റെ സാധ്യതകള്‍ ഇല്ലാതാക്കാന്‍ പകരപ്രകടനങ്ങള്‍ കണ്ടെത്തുക, ചെയ്യുക. ഉച്ചത്തില്‍ പാടുക, ഷട്ട്ല്‍/വോളിബോള്‍/ബാസ്‌കറ്റ് ബോള്‍/ടെന്നീസ്/ടാബിള്‍ ടെന്നീസ് കളിക്കുക, നീന്തല്‍ നടത്തുക തുടങ്ങിയവ കോപപ്രകടനത്തിന്റെ വ്യാപ്തിയും തീവ്രതയും കുറക്കുന്നു.
10. കൗണ്‍സലര്‍, സൈക്കോളജിസ്റ്റ്, യോഗാതെറാപിസ്റ്റ് തുടങ്ങിയവരിലൊരാള്‍ക്ക് പ്രൊഫഷണല്‍ സഹായത്തോടെ കോപനിയന്ത്രണം ശീലമാക്കാന്‍ സാധിക്കുന്നു. പ്രൊഫഷണലിന്റെ മേല്‍നോട്ടത്തിലുള്ള റിലാക്‌സേഷന്‍ തെറാപ്പി പരിശീലിക്കുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top