വാസ്തു വിഴുങ്ങുന്ന വാസസ്ഥലങ്ങള്‍

വാസ്തു ശാസ്ത്രം / എം.ഋജു No image

മ്മുടെ വാസസ്ഥലങ്ങളെ ഇന്നൊരു ഭൂതം പിടികൂടിയിരിക്കയാണ്. വാസ്തുപുരുഷനെന്ന ഭൂതം. വീട് എവിടെ പണിയണമെന്നതുതൊട്ട് കക്കൂസിന്റെയും കുളിമുറിയുടെയും സ്ഥാനംവരെ ഇന്ന് തീരുമാനിക്കുന്നത് ഇദ്ദേഹമാണ്. അതുകൊണ്ടുതന്നെ കെട്ടുന്നതിനേക്കാള്‍ കൂടുതല്‍ പൊളിക്കലാണിപ്പോള്‍ നടക്കുന്നത്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ഉന്നത മധ്യവര്‍ഗത്തിന്റെ ഉച്ചക്കിറുക്ക് മാത്രമായിരുന്നു വാസ്തുവെങ്കില്‍ ഇന്നത് കൊച്ചുപുരയിടങ്ങളെ പോലും വിഴുങ്ങുന്ന രീതിയില്‍ പന്തലിച്ചിരിക്കുന്നു. അതാണ് എറ്റവും ഭയക്കേണ്ടതും.
അവര്‍ക്ക് പണി പൊളിച്ചെടുക്കല്‍
മകള്‍ക്ക് എസ്.എസ്.എല്‍.സിക്ക് മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ വീടുപൊളിച്ചു പണിത രക്ഷിതാക്കളെ കുറിച്ച് ലോകത്തെവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഭാര്യയൂടെ സ്തനാര്‍ബുദം മാറാനായി വീടിന്റെ കോണി പൊളിച്ചുമാറ്റി പൂജാമുറിയാക്കുന്ന ഗൃഹനാഥന്‍, ഏതു വേനലിലും വറ്റാത്ത നെല്ലിപ്പലകയുള്ള ഒന്നാന്തരം കിണര്‍ മൂടി പറമ്പിന്റെ എതിര്‍വശത്ത് പുതിയതൊന്ന് കുഴിക്കുന്നത് കടബാധ്യതയില്‍ നിന്ന് രക്ഷനേടാന്‍! കുടുംബ കലഹങ്ങള്‍ അകറ്റണോ; സ്വര്‍ണത്തിലോ വെള്ളിയിലോ തീര്‍ത്ത പഞ്ചശിരസ്സ് (സിംഹം, പോത്ത്, ആന, പന്നി, ആമ) ചെമ്പുപാത്രത്തിലാക്കി മുറിയിലടച്ച് നിശ്ചിത സ്ഥാനങ്ങളില്‍ വെച്ചാല്‍ മതി. പടിഞ്ഞാറുഭാഗത്തുള്ള ആല കിഴക്കോട്ട് മാറ്റിയാല്‍ നാല്‍ക്കാലികളുടെ അകാല മരണവും ഒഴിവാക്കാം. ഒറ്റനോട്ടത്തില്‍ തന്നെ അസംബന്ധകൂമ്പാരമെന്ന് വ്യക്തമാവുന്ന ഈ കോപ്രായങ്ങളൊക്കെ കേരളത്തില്‍ തന്നെയാണ് സംഭവിക്കുന്നത്. അതും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള മധ്യവര്‍ഗത്തിനിടയില്‍. ഈ ഇടിച്ചുപൊളിക്കലും മാറ്റിപ്പണിയലും തൂര്‍ക്കലുമൊക്കെ 'സയന്‍സിന്റെ' പേരിലാണ്. അതാണ് വാസ്തു ശാസ്ത്രം.
പണ്ടം പണയം വെച്ചും ബാങ്കുലോണെടുത്തും ആയുസ്സിന്റെ സമ്പാദ്യങ്ങളായി ഉണ്ടാക്കിയ പുരയിടങ്ങളാണ് കേരളത്തില്‍ ഇപ്പോള്‍ ഇടിച്ചുപൊളിച്ചുകൊണ്ടിരിക്കുന്നത്. സയന്‍സ് പഠിച്ചു പുറത്തിറങ്ങിയ എഞ്ചിനീയര്‍മാരിലും ഇപ്പോള്‍ വാസ്തുവിന്റെ ആരാധകര്‍ ഒട്ടേറെ. വീടിന് മാത്രമല്ല സ്ഥലത്തിനുമുണ്ട് വാസ്തു. ബ്രോക്കര്‍മാരാരെങ്കിലും വാസ്തു ശരിയില്ല എന്നുപറഞ്ഞാല്‍ മതി ആ മണ്ണ് പിന്നെ ഒരുത്തനും വേണ്ട. പത്തുസെന്റ് ഭൂമി വാങ്ങി സ്വന്തം അഭിരുചിക്കനുസരിച്ച് വീടുവെക്കുകയെന്നത് ഇനി നടക്കില്ല.
ലോക വ്യാപാര കേന്ദ്രത്തിനുള്ളിലേക്ക് തീവാണങ്ങളായി വിമാനങ്ങള്‍ ഇടിച്ചിറങ്ങിയത് വാസ്തു ശരിയല്ലാത്തതുകൊണ്ടെന്നാണ് കോഴിക്കോട് ആസ്ഥാനമായ പ്രമുഖ വാസ്തുസംഘടന 'ഗവേഷണം' ചെയ്ത് കണ്ടെത്തിയിരിക്കുന്നത്! ഇന്ത്യക്കുമാത്രമല്ല ലോകത്തിനാകമാനം പ്രായോഗികമാണത്രെ ഈ 'ശാസ്ത്രം'. പൊതുമുതല്‍ ഉപയോഗിച്ച് വാസ്തുപരീക്ഷണങ്ങള്‍ നടത്തിയ രാഷ്ട്രീയക്കാരാണ് ഇന്ത്യയില്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് പ്രചാരം നല്‍കിയത്. കഴിഞ്ഞ എന്‍.ഡി.എ ഭരണകാലത്ത് ഡല്‍ഹിയില്‍ നിരവധി ഔദ്യോഗിക ഭവനങ്ങളുടെ മുഖം വാസ്തു വിധിപ്രകാരം സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണമെടുത്ത് മിനുക്കിയിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിയുണ്ടാകുമ്പോഴൊക്കെ ഉത്തരേന്ത്യയിലെ ബി.ജെ.പി- കോണ്‍ഗ്രസ് ഓഫീസുകള്‍ പൊളിച്ചു പണിയപ്പെടാറുണ്ട്. പാര്‍ട്ടിഓഫീസുകളില്‍ വ്യാളികളുടെ ചിത്രങ്ങള്‍ തൂക്കുക, ഇരിപ്പിടങ്ങള്‍ മാറ്റുക തുടങ്ങിയ ചെപ്പടി വിദ്യകളുമുണ്ട്.
വാസ്തുശാസ്ത്രവും
വാസ്തുവിദ്യയും
ജ്യോതിശാസ്ത്രവും ജ്യോതിഷവും തമ്മിലുള്ള ബന്ധമേ വാസ്തുശാസ്ത്രവും വാസ്തുവിദ്യയും തമ്മിലുള്ളൂ. ജ്യോതിഷം പൂര്‍ണമായും അന്ധവിശ്വാസമാണ്. എന്നാല്‍ ജ്യോതി ശാസ്ത്രത്തിലെ ചില ഘടകങ്ങള്‍ തന്ത്രപൂര്‍വം വിന്യസിച്ച് ഇതും ഒരു ശാസ്ത്രമാണെന്ന് പ്രചരിപ്പിക്കുന്നു. അതുപോലെ തന്നെ ലോകത്തിന്റെ എല്ലാ ഭാഗവും തദ്ദേശീയമായ സാങ്കേതിക വിദ്യയില്‍ ഊന്നിയ വാസ്തു വിദ്യകള്‍ ഉണ്ടായിരുന്നു. ഇന്ത്യക്കാകട്ടെ ഇക്കാര്യത്തില്‍ അഭിമാനാര്‍ഹമായ പാരമ്പര്യമുണ്ട്. ആരെയും അമ്പരപ്പിക്കുന്ന കൂറ്റന്‍ ക്ഷേത്രങ്ങളും മിനാരങ്ങളും കൊത്തുപണികളും നോക്കുക. കേരളത്തിലെ പരമ്പരാഗത തച്ചുശാസ്ത്രം തന്നെ നല്ലൊരു ഉദാഹരണം. എന്നാല്‍ ഈ വാസ്തുവിദ്യയും, അന്ധവിശ്വാസവും അസംബന്ധവും ചേരുംപടിചേര്‍ന്ന വാസ്തുശാസ്ത്രവും തമ്മില്‍ ബന്ധപ്പെടുത്തിയാണ് തട്ടിപ്പുകാര്‍ രക്ഷപ്പെടുന്നത്. നമ്മുടെ പഴയ മനകളോ നാലുകെട്ടോ ഒന്നും തന്നെ ഇന്ന് പ്രചരിക്കുന്ന വാസ്തു വിധി പ്രകാരം ഉണ്ടാക്കിയവയുമല്ല. 'മോഹന്‍ജോദാരോയിലെയും ഹാരപ്പയിലെയും വീടുകള്‍ പരിശോധിച്ചാല്‍ അവയൊന്നും വാസ്തുശാസ്ത്ര നിബന്ധനകളില്‍ പെടില്ലെന്ന് കാണാം. പരന്ന പ്രദേശത്ത് പാതക്ക് ഇരുവശവും അഭിമുഖമായി നില്‍ക്കുന്ന വീടുകളാണ് ഇവിടെയുണ്ടായിരുന്നത്'.
നമ്മുടെ നാട്ടില്‍ മറ്റൊരു സൗകര്യം കൂടിയുണ്ട്. ഇവിടെ എന്തും ശാസ്ത്രമാണ്. സയന്‍സ് എന്ന വാക്കിന്റെ തര്‍ജമയായാണ് ശാസ്ത്രം എന്ന വാക്ക് ഉപയോഗിക്കാറുള്ളതെങ്കിലും ഇന്ത്യന്‍ പ്രയോഗത്തില്‍ എല്ലാ ചിന്താപദ്ധതികളെയും പൊതുവെ ശാസ്ത്രമെന്ന് വിളിക്കുന്ന രീതിയുണ്ട്. പക്ഷിശാസ്ത്രത്തിനും ഗൗളിശാസ്ത്രത്തിനും ഹസ്തരേഖാ ശാസ്ത്രത്തിനുമൊക്കെ സയന്‍സിന്റെ വാലുമുളക്കുന്നത് ഇങ്ങനെയാണ്. അതുപോലൊന്നാണ് വാസ്തു ശാസ്ത്രവും. ആധുനിക സയന്‍സുമായി ഇതിന് വിദൂരബന്ധം പോലുമില്ല. എന്നിട്ടും നിരവധി യൂണിവേഴ്‌സിറ്റികള്‍ അംഗീകരിച്ചു, അമേരിക്കയില്‍ പഠനം നടക്കുന്നുണ്ട്, ആസ്‌ത്രേലിയയില്‍ നിന്ന് ഗവേഷക സംഘം കേരളത്തിലെത്തിയിട്ടുണ്ട് തുടങ്ങിയ പച്ച നുണകള്‍ പ്രചാരകര്‍ തട്ടിവിടുന്നുണ്ട്.
വാസ്തുപുരുഷനെന്ന ഭീകര സത്വം
വാസ്തുശ്രാസ്ത്രം എന്താണെന്നും അതിന്റെ പ്രയോഗത്തെചൊല്ലിയും ഐതിഹ്യത്തെക്കുറിച്ചും പ്രചാരകര്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ട്.
കേരളത്തില്‍ കൂടുതല്‍ പ്രചരിച്ചിട്ടുള്ള കഥ മല്‍സ്യപുരാണത്തില്‍ നിന്നുള്ളതാണ്. ഇതു പ്രകാരം ശിവന്റെ വിയര്‍പ്പില്‍ നിന്ന് ഉണ്ടായ സത്വമാണ് വാസ്തു പുരുഷന്‍. മല്‍സ്യപുരാണത്തിലെ 'വാസ്തുഭൂതോത്ഭവധ്യായത്തില്‍' ഇങ്ങനെ പ്രതിപാദിക്കുന്നു. 'അന്ധകാസുരനെ വധിച്ച ശിവന്റെ നെറ്റിയില്‍നിന്ന് ഒരു തുള്ളി വിയര്‍പ്പ് ഭൂമിയില്‍ പതിച്ചു. അതില്‍ നിന്ന് ഒരു ഭീകരരൂപി പ്രത്യക്ഷപ്പെട്ടു. അത് അന്ധകാസുര ഗോത്രത്തിന്റെ രക്തം മുഴുവന്‍ കുടിച്ചു. എന്നിട്ട് തൃശൂലിയെ തപസുചെയ്ത് വരുത്തി വരം വാങ്ങി മൂന്നുലോകവും വിഴുങ്ങാനുള്ള ശക്തിനേടി. വരം നേടിയ സത്വം ഭൂമിയില്‍ കമിഴ്ന്ന് വീണു. ഉടനെ ദേവന്മാരും അസുരരും ചേര്‍ന്ന് സത്വത്തെ ഭൂമിയില്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട് അതിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാനം പിടിച്ചു. അനങ്ങാന്‍ കഴിയാതായപ്പോള്‍ അത് ദയ യാചിച്ചു. ഒടുവില്‍ വീടുകള്‍ക്കും അവ നില്‍ക്കുന്ന സ്ഥാനത്തിനും മേല്‍ ഇതിന് അധീശത്വം നല്‍കപ്പെട്ടു. വീടുപണി തുടങ്ങും മുമ്പും പണികഴിഞ്ഞും, ഇതിനുമേല്‍ സ്ഥാനം പിടിച്ച മുഴുവന്‍ ദേവാസുരന്മാരെയും പ്രീതിപ്പെടുത്താനുള്ള കര്‍മ്മങ്ങള്‍ നടത്തിയിരിക്കണം. അല്ലാത്ത പക്ഷം വീട്ടുടമയുടെ സകല സൗഭാഗ്യങ്ങളെയും ഈ സത്വം ഇല്ലാതാക്കും. അന്നുമുതല്‍ ആ ഭൂതത്തെ ആളുകള്‍ വാസ്തുപുരുഷന്‍ അഥവാ വാസ്തുദേവന്‍ എന്ന് വിളിക്കാന്‍ തുടങ്ങി'. മുത്തശ്ശിക്കഥകളിലേതു പോലെ തോന്നുന്ന ഒരു കഥയില്‍ നിന്നാണ് വലിയൊരു 'ശാസ്ത്രം' കെട്ടിപ്പടുത്തിരിക്കുന്നത്!
വടക്കുകിഴക്കു ദിശയില്‍ തലവെച്ച് കമിഴ്ന്നാണത്രെ വാസ്തുപുരുഷന്റെ കിടപ്പ്. കൈകാലുകള്‍ മടക്കി, ഇടതു കൈമുട്ടും കാല്‍മുട്ടും വടക്കുപടിഞ്ഞാറു ദിശയിലും വലതുകൈമുട്ടും കാല്‍മുട്ടും തെക്ക് കിഴക്കുദിശയിലും കാല്‍പാദങ്ങള്‍ അന്യോന്യം ചേര്‍ത്ത് തെക്കുപടിഞ്ഞാറു ദിശയില്‍ വരത്തക്ക വിധവും വെച്ചിരിക്കുന്നു. ഇതിനു മുകളിലാണ് 45 ദേവാസുരന്മാര്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. കേന്ദ്രഭാഗത്ത് ബ്രഹ്മാവും വടക്ക് കുബേരനും തെക്ക് യമനും കിഴക്ക് സൂര്യനും പടിഞ്ഞാറ് വരുണനുമുണ്ടെന്നാണ് സങ്കല്‍പ്പം.
വാസ്തുപുരുഷന്റെ ശല്യമില്ലാത്ത ഉത്തമ ഭവനങ്ങളും കെട്ടിടങ്ങളും ഉണ്ടാക്കാനുള്ള നിബന്ധനകളെയാണ് വാസ്തുശാസ്ത്രമെന്ന് പൊതുവെ പറയുന്നത്. മാനസാരം, മയാമതം, സമരങ്കണസൂത്രധാര എന്നിവയാണ് ഇത്തരം പ്രമാണങ്ങളുള്ള മൂല കൃതികള്‍. കേരളത്തില്‍ മനുഷ്യാലയ ചന്ദ്രിക, വിശ്വകര്‍മ പ്രകാശിക എന്നീ ഗ്രന്ഥങ്ങളെയാണ് ആധാരമാക്കാറുള്ളത്. ആധുനിക എഞ്ചിനീയറിംഗിനു പോയിട്ട് സാമാന്യയുക്തിക്കുപോലും നിരക്കാത്ത അസംബന്ധങ്ങളാണ് വാസ്തു പ്രമാണങ്ങളെന്നറിയാന്‍ ചില സാമ്പിളുകള്‍ നോക്കുക.
വിഡ്ഢിത്തങ്ങളുടെ വേദപുസ്തകം
കിടപ്പുമുറി തെക്കുപടിഞ്ഞാറും അടുക്കള തെക്കുകിഴക്കും പൂജാമുറി വടക്കുകിഴക്കും കുളിമുറി വടക്കുപടിഞ്ഞാറും ആകണം. തെക്കുപടിഞ്ഞാറ് ജലാശയം (കിണര്‍ പോലും) ദൗര്‍ഭാഗ്യകരമാണ്. തെക്കുപടിഞ്ഞാറു ഭാഗങ്ങളില്‍ കുന്നുണ്ടെങ്കില്‍ ശുഭകരമാണ്. കിഴക്കോ വടക്കോ വടക്കുകിഴക്കോ ജലാശയം ഉണ്ടെങ്കില്‍ ഉത്തമം. വാതിലുകളുടെയും ജനലുകളുടെയും എണ്ണം ഇരട്ടസംഖ്യ ആയിരിക്കണം, എന്നാല്‍ പൂജ്യത്തിലവസാനിക്കുന്ന സംഖ്യയാവാനും പാടില്ല. സ്ഥലത്തിന്റെ കിടപ്പ്, വഴിസൗകര്യം, സൂര്യപ്രകാശ ലഭ്യത എന്നിവയൊക്കെ നോക്കിയല്ലെ വീടു പണിയേണ്ടത്. കിടപ്പുമുറി തെക്കുപടിഞ്ഞാറിനുപകരം വടക്കുകിഴക്കായാലും ഒരു കുഴപ്പവും സംഭവിക്കില്ല. കിഴക്കോട്ട് കാറ്റുവീശുന്ന പ്രദേശത്തും തെക്കന്‍ കാറ്റുകിട്ടുന്ന പ്രദേശത്തും ഒരേ രീതിയാണോ പാലിക്കേണ്ടത്. തെക്കുപടിഞ്ഞാറ് ജലാശയം വേണ്ട എന്ന സിദ്ധാന്തം കേരളത്തില്‍ പ്രകൃതി കനിഞ്ഞരുളിയ ഒരുപാട് കുളങ്ങളെയും കിണറുകളെയുമാണ് നശിപ്പിക്കുന്നത്.
ഹൈന്ദവഗൃഹങ്ങളില്‍ ഇപ്പോള്‍ കാണുന്ന പ്രധാന പരിപാടിയാണ് പൂജാമുറി പൊളിച്ചുപണിയല്‍. 87-നു ശേഷം ഉണ്ടാക്കിയ മിക്ക കോണ്‍ക്രീറ്റു വീടുകളുടെയും പൂജാമുറി കോണിക്കൂട്ടിലാണ്. സ്ഥലസൗകര്യ ലാഭം ഏറെയുണ്ടതിന്. എന്നാല്‍ പുതിയ വാസ്തു വിശാരദന്‍മാരുടെ കാഴ്ചപ്പാടനുസരിച്ച്, ദാമ്പത്യകലഹങ്ങളും കുട്ടികളുടെ പഠന വൈകല്യവുമൊക്കെ ഈ ദോഷം കൊണ്ടാണ്. രാത്രി ഉറക്കം വരുന്നില്ലെങ്കില്‍ ഡോക്ടറെ കാണുകയോ രക്ത സമ്മര്‍ദം പരിശോധിക്കുകയോ അല്ല പോംവഴി. വാതിലുകളുടെയും ജനലുകളുടെയും ആകെ എണ്ണം പത്തെന്ന ഇരട്ട സംഖ്യയായതിനാല്‍ ഒരു ജനല്‍ എന്നെന്നേക്കുമായി അടച്ച് വീര്‍പ്പുമുട്ടല്‍ ഒന്നുകൂടി ശക്തമാക്കുക!
വീടിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തിന് വടക്കുകിഴക്കിനേക്കാള്‍ കൂടുതല്‍ ഉയരം വേണം, വീടിന്റെ വടക്കോ കിഴക്കോ പാതയുണ്ടെങ്കില്‍ മുഖ്യവാതില്‍ വടക്കുകിഴക്കോട്ടാക്കണം തുടങ്ങിയ ഉപദേശങ്ങള്‍ക്കും പ്രത്യേകിച്ച് യുക്തിയൊന്നും കാണാന്‍ കഴിയുന്നില്ല.
കക്കൂസും കമ്പ്യൂട്ടറും എവിടെ സ്ഥാപിക്കും
പണ്ടുകാലത്ത് ഇല്ലാതിരുന്നതിനാല്‍ ഗ്രന്ഥങ്ങളില്‍ പറയാതിരുന്ന പല കാര്യങ്ങള്‍ക്കും വാസ്തുകാരന്മാര്‍ ദോഷം കണ്ടെത്തുന്നു എന്നതാണ്. കമ്പ്യൂട്ടര്‍ സ്റ്റാന്റാണ് 'പ്രതികൂലോര്‍ജം' ഉണ്ടാക്കുന്നതെന്ന് പറഞ്ഞ് ഏറ്റവും പഴികേട്ടിട്ടുള്ളത്. അതിനാല്‍ കിടപ്പുമുറിയില്‍ കമ്പ്യൂട്ടര്‍ പാടില്ലെന്നാണ് ചട്ടം. ടി.വിക്കും ഇതേ പ്രശ്‌നമുണ്ട്. രണ്ട് അടുക്കള പാടില്ല എന്നു പറഞ്ഞതുപോലെ ഒരു വീട്ടില്‍ രണ്ടു ടി.വി പാടില്ലെന്നാണ് കോഴിക്കോട്ടെ ജ്യോതിഷികൂടിയായ വാസ്തു വിശാരദന്‍ ഉപദേശിക്കുന്നത്. വാസ്തു എഴുതുന്ന കാലത്ത് തീരെയില്ലായിരുന്ന കക്കൂസ് സംവിധാനത്തെ എങ്ങനെയാണ് ഇവര്‍ ബന്ധപ്പെടുത്തുക. ബുദ്ധിമുട്ടോര്‍ത്ത് ജനം അംഗീകരിക്കയില്ലെന്ന് കരുതിയാവണം ഇത് പൊളിച്ചുപണിയാന്‍ ആവശ്യപ്പെട്ടതായി കേട്ടിട്ടില്ല. അതിദ്രുത നഗരവത്കരണത്തിന്റെയും സങ്കേതിക വിദ്യയുടെ വളര്‍ച്ചയുടെയും ഭാഗമായി ഉണ്ടാകുന്ന പുതിയ മാറ്റങ്ങളെല്ലാം തങ്ങള്‍ പണ്ടേ പ്രവചിച്ചിരുന്നു എന്ന മട്ടിലാണ്.
നിറമുള്ള മണ്ണിന്റെ ജാതി
പുറംപൂച്ചിന് സോഷ്യലിസ്റ്റ് ആശയങ്ങളാണ് വാസ്തു പ്രേമികള്‍ പറയുന്നതെങ്കിലും ഇതിന്റെ അടിസ്ഥാനം ചാതുര്‍ വര്‍ണ്യവും ജാതിവ്യവസ്ഥയും തന്നെയാണെന്നതിന് വിശ്വകര്‍മപ്രകാശിക തന്നെയാണ് തെളിവ്. ഇതില്‍ മണ്ണിന്റെ നിറമനുസരിച്ച് ഭൂമി നാലുജാതികള്‍ക്കായി വീതിച്ചു നല്‍കിയിരിക്കയാണ്. വെള്ളമണ്ണ് ബ്രാഹ്മണര്‍ക്കും ചുവപ്പ്മണ്ണ് ക്ഷത്രിയര്‍ക്കും മഞ്ഞ വൈശ്യര്‍ക്കും കറുപ്പുമണ്ണ് ശൂദ്രര്‍ക്കും. ജാതി സങ്കലനം തീരെ ഒഴിവാക്കാന്‍ ഉണ്ടാക്കിയതാണ് ഇത്തരം കാര്യങ്ങളെന്ന് ഡി.ഡി കൊസാംബി നിരീക്ഷിച്ചിട്ടുണ്ട്.
വാസ്തുവിന് അഥവാ വീടുപണിയുന്ന സ്ഥലത്തിന് മൃഗങ്ങളുടെയും സംഗീത ഉപകരണങ്ങളുടെയുമൊക്കെ ആകൃതിയുണ്ടാകുമെന്നാണ് ഇതേ പുസ്തകം പറയുന്നത്. മൃദംഗ രൂപമുള്ള വാസ്തുവില്‍ പണിത വീട്ടിലെ കുടുംബം അന്യം നിന്നു പോകുമെന്നാണ് ഒരു സിദ്ധാന്തം. മൃദംഗ രൂപത്തില്‍ സ്ഥലം മുറിച്ചെടുക്കുന്നതെങ്ങനെയാണ്. അതുപോലെ ആനയുടെ രൂപമുള്ള വാസ്തു ധനം നല്‍കുമെന്നും സിംഹരൂപമാണെങ്കില്‍ സന്താനലബ്ധിയുണ്ടാകുമെന്നൊക്കെ വിശ്വകര്‍മ പ്രകാശിക പറയുന്നു. അസംബന്ധമെന്നല്ലാതെ എന്തു പറയാന്‍.
ഭൗമോര്‍ജവും അനൂകൂല-പ്രതികൂല ഊര്‍ജവും
വേവ് മെക്കാനിക്‌സില്‍നിന്ന് എടുത്തതാണ് ക്വാണ്ടം മെക്കാനിക്‌സിന്റെ വിശദീകരണമെന്നൊക്കെ പറഞ്ഞ് ശുദ്ധാത്മാക്കളെ തെറ്റിദ്ധരിപ്പിക്കുക എല്ലാ കപട ശാസ്ത്രക്കാരുടെയും പൊതു രീതിയാണ്. മനുഷ്യന്റെ ഉള്ളിലെ കാന്തിക ചക്രം ഉത്തേജിപ്പിക്കുകയും അതുവഴി പ്രതികൂലോര്‍ജത്തെ ഇല്ലാതാക്കുകയുമാണ് വാസ്തുശാസ്ത്രം ചെയ്യുന്നതെന്നാണ് പ്രചാരകര്‍ തട്ടിവിടുന്നത്. യഥാര്‍ഥത്തില്‍ മനുഷ്യശരീരത്തില്‍ യാതൊരു കാന്തിക ക്ഷേത്രവുമില്ല. അനുകൂല -പ്രതികൂല ഊര്‍ജങ്ങള്‍ എന്നതും കെട്ടുകഥയാണ്. ഭൂമിയുടെ കാന്തിക ക്ഷേത്രത്തിനാകട്ടെ മനുഷ്യശരീരത്തെ ആകര്‍ഷിക്കാനുള്ള കഴിവുമില്ല. എന്നാല്‍ ഭൂമിയിലെ കാന്തികക്ഷേത്രം രക്തത്തിലെ ഹീമോഗ്ലോബിനെ ആകര്‍ഷിച്ച് ശുദ്ധീകരിക്കുമെന്ന് ക്ലാസെടുക്കുന്നവരുണ്ട്. നമ്മൂടെ രോമത്തെപോലും ആകര്‍ഷിക്കുന്നതിനുള്ള കഴിവ് കാന്തത്തിന് ഇല്ലെന്നാണ് യാഥാര്‍ഥ്യം.
ശാസ്ത്രലോകത്തിന് ഇന്നുവരെ കണ്ടെത്താന്‍ കഴിയാത്ത ഊര്‍ജരൂപമാണ് ഭൗമോര്‍ജം. ഇതുവെച്ച് ഡൗസിംഗ്, ഷെങ്ങ്ഫൂയി എന്നീ തട്ടിപ്പുകളും പ്രചരിക്കുന്നുണ്ട്.
ചൈനാമോഡല്‍ അന്ധവിശ്വാസം
ഇന്ത്യന്‍ അന്ധവിശ്വാസങ്ങള്‍ പോരാത്തവര്‍ക്കിതാ ചൈനാ മാര്‍ക്കറ്റിന്റെ സാധ്യതകളും. ചൈനീസ് വാസ്തുവിദ്യയായി പറയുന്ന ഷെങ്ങ്ഫൂയിക്കും ആരാധകര്‍ ഒട്ടേറെ. ചൈനീസ് ഡ്രാഗണുകള്‍കൊണ്ടും ഗോളങ്ങള്‍ കൊണ്ടും മൊട്ടത്തലയന്‍ രൂപങ്ങള്‍ കൊണ്ടുമൊക്കെയുള്ള അയ്യരുകളിയാണിത്. സിദ്ധാന്തം, പഴയ അനുകൂലോര്‍ജവും പ്രതികൂലോര്‍ജവും തന്നെ. അതിനൊക്കെ ചൈനീസ് പേരുകളാണെന്ന വ്യത്യാസം മാത്രമുണ്ട്. എന്ത് പ്രശ്‌നങ്ങളും ഇങ്ങനെ വ്യാളികളെയും മൊട്ടത്തലയന്മാരെയും തൂക്കി പരിഹരിക്കാമത്രേ. പ്രത്യേക റെയ്ക്കി വിദ്യകളിലൂടെ വ്യാളികളുടെ ഊര്‍ജം വര്‍ധിപ്പിക്കുന്ന രീതിയുമുണ്ട്. ചൈനീസ് മാതൃകയില്‍ വ്യാളികള്‍ പൂമുഖം അലങ്കരിക്കുന്ന വീടുകള്‍ നിര്‍മിച്ചുകൊടുക്കുന്ന പ്രൊഫഷണല്‍ സംഘങ്ങള്‍ കൊച്ചിയിലുണ്ട്. ഉപഭോക്താവിനടുത്ത് നേരിട്ടെത്തുന്ന മൊബൈല്‍ ഷെങ്ങ്ഫൂയി കേന്ദ്രങ്ങളുടെയും പരസ്യങ്ങള്‍ ഈയിടെയായി കാണുന്നുണ്ട്. ഫോണ്‍ ചെയ്ത് സ്ഥലം പറഞ്ഞാല്‍ മാത്രം മതി ഇവര്‍ എത്തി വ്യാളീ ചികില്‍സ നടത്തി പ്രശ്‌നം പരിഹരിച്ചോളും. ഇന്ത്യന്‍ വാസ്തുവുമായി തട്ടിച്ചുനോക്കുമ്പോള്‍ താരതമ്യേന ചെലവു കുറഞ്ഞതാണിത്. പൊളിക്കലും മറ്റും പരമാവധി കുറവാണുതാനും. ഇത്തരം കാര്യങ്ങള്‍ കേരളീയ വാസ്തുവിലുമുണ്ട്. തുടക്കത്തില്‍ പറഞ്ഞ പഞ്ചശിരസ് ഉദാഹരണം.
അച്ചുതണ്ട് ശക്തികളുടെ അട്ടിമറി
ജ്യോതിഷി, വാസ്തുശാസ്ത്രക്കാരന്‍, കോണ്‍ട്രാക്ടര്‍. ഈ അച്ചുതണ്ടുശക്തികളാണ്, മലയാളികളുടെ യുക്തിബോധത്തെ അരികിലേക്ക് മാറ്റി വാസ്തുവിനെ കെട്ടഴിച്ച് മേയാന്‍ വിട്ടത്. പിന്നാക്ക ജാതിക്കാര്‍ തന്നെ പൂജ നടത്തുന്ന നിരവധി കാവുകളെ ജ്യോതിഷി-ബ്രാഹ്മണ കൂട്ടുകെട്ട് പിടിച്ചെടുത്തതുപോലുള്ള വിശ്വാസപരമായ അട്ടിമറി കൂടിയായിപ്പോയി ഇത്. കള്ളുകുടിക്കുന്ന ദ്രാവിഡ-ഗ്രോത്രദൈവങ്ങളുള്ള കാവുകളില്‍ സ്വര്‍ണ- താംബൂല പ്രശ്‌നങ്ങളിലൂടെ പുതിയ ദൈവങ്ങളെ പ്രതിഷ്ഠിക്കയും പൂജക്കുള്ള അധികാരം ദളിതനില്‍ നിന്ന് കവര്‍ന്നെടുക്കയും ചെയ്യപ്പെടുന്നത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ നാട്ടിന്‍പുറങ്ങളിലെ നേര്‍ക്കാഴ്ചയാണ്. അതുപോലെ തന്നെ ബ്രാഹ്മണിക്കല്‍ ആഢ്യസംസ്‌കൃതിയോട് പൊരുത്തപ്പെടുന്ന രീതിയില്‍ തുളസിത്തറയും പൂമുഖവും മച്ചകവുമൊക്കെയാണ് വാസ്തുപ്രകാരം വീടുകള്‍ പുനഃസൃഷ്ടിക്കപ്പെടുന്നത്. മൃഗങ്ങളെ പോറ്റിയും കൃഷിചെയ്തുമൊക്കെ ജീവിക്കുന്നവര്‍ക്ക് കുഴിമുറ്റവും തുളസിത്തറയും കൂവളത്തടവുമൊന്നുമല്ല വേണ്ടത്. ചായ്പും അലയും ചാണകക്കുഴിയും പോലുള്ളവയാണ്. വാസ്തു ഇങ്ങനെ വീടിന്റെ ജൈവ ഘടനയെ തന്നെ അട്ടിമറിച്ചു കളയുന്നു.
ദളിത് പൂജാരികള്‍ പുറത്തായതുപോലെ തൊഴിലാളികളും പുറത്താകുന്നുണ്ട്. ഫൈനാട്‌സ്‌കോളേജിലെ കുട്ടികളെ പോലെ പ്രത്യേക പരിശീലനം കിട്ടിയവരെയാണ് വാസ്തുവിന് ആവശ്യം. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരളപഠനത്തിലെ കണക്കുപ്രകാരം കേരളത്തിനകത്ത് മലയാളികള്‍ ഏറ്റവും കൂടുതല്‍ പണിയെടുക്കുന്നത് നിര്‍മാണമേഖലയിലാണ്. അതിനാല്‍ ചെറുതെങ്കിലും സാരമുള്ളതാണ് ഈ വരുമാന നഷ്ടവും.
പ്രശ്‌നപരിഹാരത്തിനെത്തുന്നവരെ വാസ്തുവിശാരദനും ജ്യോതിഷിയും പരസ്പരം പൊക്കിപ്പറഞ്ഞ് കൈമാറുകയാണ് ചെയ്യാറ്. പിന്നെ അന്ധവിശ്വാസികളായ കുറെ കരാറുകാരും. വീടിന് കുറ്റിയടിക്കുന്നതിന് മുമ്പേതന്നെ വാസ്തുപ്രകാരം ഉണ്ടാക്കണമെന്ന് പറഞ്ഞ് ഇവര്‍ ശല്യം തുടങ്ങും. എല്ലാ പൊട്ടത്തരങ്ങളെയും പ്രോല്‍സാഹിപ്പിക്കാറുള്ള നമ്മുടെ മുഖ്യധാരാമാധ്യമങ്ങള്‍ 'മനഃശാസ്ത്രജ്ഞനോട് ചോദിക്കുക' - പോലെ വാസ്തുസംശയങ്ങളും മറുപടികളും കൊടുക്കുക കൂടി ചെയ്തതോടെ, എല്ലാം പെട്ടെന്നായിരുന്നു. മറുഭാഗത്താകട്ടെ ഫ്‌ളാറ്റുകളിലൂടെ മറ്റൊരു സംസ്‌കാരം വളര്‍ന്നതല്ലാതെ ഇതിനെ പ്രതിരോധിക്കാന്‍ ആരും തയ്യാറായില്ല.
ഭവനചിന്തയുടെ അമേരിക്കന്‍ പാഠങ്ങള്‍
നിത്യോപയോഗ സാധനങ്ങളെ പോലെ ഷോറൂമുകളിലൊ സൂപ്പര്‍മാര്‍ക്കറ്റുകളിലൊ പോയി ക്രെഡിറ്റ്കാര്‍ഡ് കാണിച്ച് വാങ്ങാവുന്ന ഉല്‍പ്പന്നമാവുകയാണോ ഭവനങ്ങളും! ഇത്തരം കാര്യങ്ങളിലെ അവസാന വാക്കായ അമേരിക്ക ആ രീതിയില്‍ മാറിക്കഴിഞ്ഞു. യാങ്കീ സാമ്പത്തിക പ്രതിസന്ധിക്ക് ഒരു പ്രധാന കാരണവും അതുതന്നെ. ബാങ്കുകള്‍ക്ക് മുമ്പേ പൊളിഞ്ഞത് വീട് നിര്‍മാണ-റിയല്‍ എസ്റ്റേറ്റ് കമ്പനികളായിരുന്നു. ഇന്ത്യയില്‍ 95 ശതമാനം ആളുകളും സ്വന്തമായി വീടുവെക്കുമ്പോള്‍ അമേരിക്കയില്‍ ഇത്തരക്കാര്‍ വെറും 15 ശതമാനമാണ്. ബാക്കിയുള്ളവരെല്ലാം റെഡിമെയ്ഡ് വീടു വാങ്ങുന്നവരാണ്. ഇതിന്റെ എല്ലാ കുഴപ്പങ്ങളും യു.എസ് സമ്പദ് വ്യവസ്ഥയിലും ബാധിച്ചെന്ന് ഇപ്പോള്‍ വിദഗ്ധര്‍ സമ്മതിക്കുന്നു.
വന്‍കിട റിയല്‍ എസ്റ്റേറ്റ് കമ്പനികളും ബില്‍ഡര്‍മാരും, കമ്യൂണിറ്റി ലിവിംഗിന്റെ പുതിയ സാധ്യതകള്‍ പരിചയപ്പെടുത്തി കേരളത്തിലേക്ക് കടന്നുവരുമ്പോള്‍ നാം ആദ്യം ഓര്‍ക്കേണ്ടത് അമേരിക്കയുടെ അനുഭവമാണ്. ഹെന്റിഫോര്‍ഡ്, കാര്‍ വ്യവസായത്തെ സംരക്ഷിക്കാനായി അമേരിക്കയിലെ പൊതുഗതാഗത സംവിധാനത്തെ എങ്ങനെ തകര്‍ത്തോ, അതുപോലുള്ള ചില തന്ത്രങ്ങള്‍ പയറ്റി നമ്മുടെ വീട് നിര്‍മാണ സ്വയം പര്യാപ്തത തകര്‍ക്കാന്‍ ഫഌറ്റ് ലോബി ശ്രമിക്കുന്നുണ്ട്. വാസ്തുശാസ്ത്രത്തിനും വേണ്ടത് ഈ സ്വയം പര്യാപ്തത തകര്‍ക്കലാണ്.
ഇഗ്ലുവിന്റെ ഈശാനകോണ്‍
സിമന്റും കമ്പിയുമില്ലാതെ, എഞ്ചിനീയറും കോണ്‍ട്രാക്ടറുമൊന്നുമില്ലാതെ വെറും മഞ്ഞുകട്ട കൊണ്ട് വീടുണ്ടാക്കുന്നവരുണ്ട്. ആര്‍ടിക് പ്രദേശത്ത് താമസിക്കുന്ന എസ്‌കിമോകള്‍ക്ക് വീടുണ്ടാക്കാന്‍ വേറെയെന്താണ് മാര്‍ഗം. മഞ്ഞുകട്ട ഇഷ്ടിക പോലെയാക്കി കെട്ടിപ്പടുത്ത വീടാണ് ഇഗ്ലു. കൂറ്റന്‍ ഹിമക്കരടിക്കുപോലും തകര്‍ക്കാന്‍ കഴിയാത്ത ഉറപ്പാണ് സിമന്റുചേര്‍ക്കാത്ത ഈ മഞ്ഞുകൂരക്ക്. മഞ്ഞുകെണ്ട് ഉണ്ടാക്കുന്നതായിട്ടും പുറത്തേക്കാള്‍ ചൂട് കൂടുതലായിരിക്കും ഇവിടെ. അതൊരു പ്രാദേശിക നിര്‍മാണ ടെക്‌നിക്കാണ്. പണിപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ എസ്‌കിമോ ഇഗ്ലുവിനകത്ത് തീ കൂട്ടുന്നു. ചൂടില്‍ മഞ്ഞുകട്ട കുറേശ്ശെ ഉരുകി കെട്ടിന്റെ വിടവുകളൊക്കെ നനയും. അപ്പോള്‍ പെട്ടെന്ന് ഇഗ്ലുവിന്റെ വാതില്‍ തുറന്ന് തണുത്ത കാറ്റിനെ അകത്തു പ്രവേശിപ്പിക്കും. അതോടെ നനഞ്ഞിരിക്കുന്ന മഞ്ഞുകട്ടകള്‍ തണുത്തുറഞ്ഞ് മഞ്ഞുകൂടാരമായി മാറും. ഐസ് നല്ല താപരോധിയായതിനാല്‍ പുറമെ എത്ര തണുപ്പായാലും അകത്ത് സുഖകരമായ ചൂട് നിലനില്‍ക്കും. ധ്രുവപ്രദേശത്തെ ചൂട് പൂജ്യം ഡിഗ്രിയിലും താഴെയായതുകൊണ്ടാണ് അകത്ത് ചൂടുകിട്ടുന്നത്. വെളളം പൂജ്യം ഡിഗ്രിയിലാണ് ഐസാകുന്നത് എന്ന ശാസ്ത്ര തത്വമൊക്കെ അറിയുന്നതിന് എത്രേയോ മുമ്പുതന്നെ എസ്‌കിമോകള്‍ മഞ്ഞുവീട് ഉണ്ടാക്കിയിട്ടുണ്ട്. അനുഭവമാണ് അവരുടെ ഗുരു. വാസ്തുശാസ്ത്രം സാര്‍വദേശീയമായി ഉപയോഗിക്കാന്‍ മഞ്ഞുവീടിനെ എങ്ങനെയാണ് കണക്കാക്കുന്നത്. കളിമണ്ണുമാത്രം കിട്ടുന്ന ബാബിലോണിയയില്‍ മണ്ണുവീടാണ്. മരം സുലഭമായ ആഫ്രിക്കയില്‍ മരഭവനവും. ഇതുപോലെ ഓരോ രാജ്യക്കാര്‍ക്കും അവരുടെ കാലാവസ്ഥയും ഭൂപ്രകൃതിയും നിര്‍മാണ സാമഗ്രികളുടെ ലഭ്യതയുമൊക്കെ അനുസരിച്ച് തദ്ദേശീയമായ നിര്‍മാണ സാങ്കേതിക വിദ്യകളുണ്ട്. മഴ കൂടുതലുള്ള രാജ്യത്തും, കുറവുള്ളിടത്തും, മരുഭൂമിയിലും, ഭൂകമ്പസാധ്യതാമേഖലയിലും, ഇടക്കിടെ വെള്ളപ്പൊക്കമുണ്ടാകുന്നിടത്തും എങ്ങനെയാണ് ഒരേ രീതി പിന്തുടരാന്‍ കഴിയുക. പാശ്ചാത്യ നിര്‍മാണ രീതിയോടുള്ള വിയോജിപ്പുകൊണ്ടാണ് വാസ്തുവിലേക്ക് തിരിയുന്നതെന്ന് പറയുന്നവരും നമ്മുടെ കാലാവസ്ഥക്കോ ഭൂപ്രകൃതിക്കോ അനുയോജ്യമല്ലാത്ത രീതിശാസ്ത്രമാണ് മുന്നോട്ടുവെക്കുന്നത്.
എന്റെ വീട് എഞ്ചിനീയറുടെതും
കഷ്ടപ്പെട്ട് കൂടുവെച്ച് പ്രജനനം നടത്തിയാല്‍പിന്നെ ജീവിതം അവസാനിക്കുന്ന ചില ജീവികളുണ്ട്. ഏതാണ്ട് അതുപോലെയാണ് മലയാളിയും. ശരാശരി മലയാളിയുടെ ആയുസ്സ് തീര്‍ന്നുപോകുന്നത് വീടുപണിയിലാണ്. മലയാളി സ്വന്തം ദേശീയ റെക്കോര്‍ഡ് ഓരോ വര്‍ഷവും തിരുത്തുന്ന അത്മഹത്യാ കണക്കെടുപ്പുകളിലെ വ്യത്യസ്തനായ വില്ലന്‍ ഇവനല്ലേ. വൈകീട്ട് ആറുമണിക്ക് തുറന്ന്, രാവിലെ എട്ടു മണിയോടെ വീണ്ടും അടക്കുന്ന രണ്ടോ മൂന്നോ പേര്‍ക്ക് പാര്‍ക്കാന്‍ നാട്ടില്‍ കൊള്ളാത്ത വീടുവേണമെന്ന് ആരാണ് പഠിപ്പിച്ചത്. സാമ്പത്തിക-പരിസ്ഥിതി പ്രശ്‌നം മാത്രമായിട്ടില്ല, ഒരു സാമൂഹിക പ്രശ്‌നമായും ഗൃഹനിര്‍മാണത്തെ കാണാന്‍ നമുക്കു കഴിയണം. അങ്ങനെ വരുമ്പോള്‍ ഡോക്ടര്‍മാരെ പോലെ വിചാരണ ചെയ്യപ്പെടേണ്ടý വിഭാഗമാവുകയാണ് എഞ്ചിനീയര്‍മാരും ആര്‍കി ടെക്റ്റുകളും. ജലദോഷപ്പനിക്കാരനെ സ്‌കാനിംഗ് അടക്കമുള്ള പരിശോധനക്ക് വിടുകയും കുറെ മരുന്നു തീറ്റിക്കുകയും ചെയ്യുന്ന അതേ ആര്‍ത്തിയല്ലേ, സിമന്റും കമ്പിയും കൂടുതല്‍ ചെലവാക്കാനായി, കുറഞ്ഞ സ്ഥലം കൂടുതല്‍ ഉപയോഗപ്പെടുത്താതെ എടുപ്പുകള്‍ കെട്ടിപ്പൊക്കുന്നതില്‍ കാണിക്കുന്നത്. മെഡിക്കല്‍ റെപ്രസന്റേറ്റീവുകള്‍ മാത്രമല്ല കാറും ബൈക്കും വിദേശയാത്രയുമൊക്കെ സംഘടിപ്പിച്ചുകൊടുക്കുന്നത്. സിമന്റ് ഉരുക്കു കമ്പനിക്കാര്‍ക്കും ഏജന്‍സിന് പഞ്ഞമില്ല. ഇത്തരം റാക്കറ്റുകളെക്കുറിച്ച് സമൂഹം വേണ്ടരീതിയില്‍ ബോധവാന്മാരുമായിട്ടില്ല. വാസ്തുവിശാരദരുടെ പൊളിവിപ്ലവവും ഇങ്ങനെ ചിന്തിച്ചാല്‍ തീര്‍ത്തും നിഷ്‌ക്കളങ്കമാണെന്ന് പറയാതൊക്കില്ല.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top