പുറം മോടിയിലും കാര്യമില്ലേ?

എക്സ്റ്റീരിയര്‍ / മനാല്‍ അബ്ദുല്‍ ഹമീദ്‌ No image

വീട് നമ്മുടെ തൃപ്തിക്കും ആവശ്യങ്ങള്‍ക്കുമനുസരിച്ചാണ് പ്ലാന്‍ ചെയ്യേണ്ടത്. വിദഗ്ധരുമായി ചര്‍ച്ച ചെയ്തും വീട്ടിലെ അംഗങ്ങളുടെ അഭിപ്രായനിര്‍ദേശങ്ങള്‍ ആരാഞ്ഞുമായിരിക്കണം വീടിനുള്ള പ്ലാന്‍ തയ്യാറാക്കേണ്ടത്.
പ്ലാനിലുള്ള രണ്ട് വശങ്ങള്‍ അതിന്റെ ഇന്റീരിയറും എക്സ്റ്റീരിയറും ആണ്. ഇന്റീരിയറിനെക്കുറിച്ച് അറിയാമെങ്കിലും ആരും അതിന് പ്ലാനിംഗില്‍ പ്രധാന്യം കല്‍പിക്കാറില്ല. വീടിന്റെ സ്‌ട്രെക്ച്ചര്‍ അല്ലെങ്കില്‍ അതിന്റെ ഒട്ടുമിക്ക പണികളും പൂര്‍ത്തിയായശേഷം മാത്രമേ അതിനെക്കുറിച്ച് ആലോചിക്കാറുള്ളൂ. വീട് പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ ബെഡ്‌റൂമില്‍ കട്ടില്‍, വാഡ്രോബ് എന്നിവ എവിടെ ഇടണം, അടുക്കളയില്‍ സിങ്ക്, ഫ്രിഡ്ജ് മുതലായവ എവിടെ വെക്കണം തുടങ്ങിയവയെക്കുറിച്ചെല്ലാം വിശദമായ കാഴ്ചപ്പാട് വേണം. പ്ലാനിംഗില്‍ തന്നെ അതിന്റെയെല്ലാം സ്ഥാനം നിശ്ചയിച്ചിരിക്കണം.
വീടിന്റെ ഭംഗി ആ നാടിന്റെ ഭംഗി കൂടിയാണ്. പ്രകൃതിക്ക് വലിയ പരിക്കേല്‍പിക്കാതെയാവണം വീട് ഡിസൈന്‍ ചെയ്യേണ്ടത്. പല ഇടങ്ങളിലും കണ്ട ഓരോ ഇഷ്ടപ്പെട്ട ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്ന വീടുകള്‍ക്ക് ഭംഗി നഷ്ടപ്പെട്ടേക്കാം. അതിനു പകരം ഏതെങ്കിലും ഒരു ശൈലി തെരഞ്ഞെടുത്ത് അതിനൊത്ത ഒരു ഭവനം കെട്ടിപ്പടുക്കാനാണ് ശ്രദ്ധിക്കേണ്ടത്.
കേരളീയര്‍ കലാമൂല്യം കാത്തു സൂക്ഷിക്കുന്നവരും വ്യത്യസ്തതകള്‍ ഇഷ്ടപ്പെടുന്നവരുമാണ്. അതിനാല്‍ പരമ്പരാഗത കേരളീയ ശൈലിയില്‍ നിന്ന് വ്യത്യസ്തമായ കൊളോണിയല്‍ (colonial), വിക്‌ടോറിയല്‍ (victorial), കണ്ടംപററി (contemperary), മിനിമലിസ്റ്റിക് (minimalistic) തുടങ്ങിയ ശൈലികളെക്കുറിച്ച് മനസ്സിലാക്കുന്നത് നല്ലതാണ്.
നേര്‍രേഖകള്‍ക്ക് പ്രധാന്യം നല്‍കുന്ന നിര്‍മാണ രീതിയാണ് കണ്ടംപററി (contemperary). ആകര്‍ഷകമായ എക്സ്റ്റീരിയറും പ്രകൃതിയോട് കൂറു പുലര്‍ത്തുന്ന ഇന്റീരിയറുമാണ് ഇതിന്റെ പ്രത്യേകത. 'L,T,H,U' എന്നീ ആകൃതിയിലുള്ള പ്ലാനുകളാണ് കൂടുതലായും ഈ ശൈലിയില്‍ കണ്ടുവരുന്നത്. സണ്‍ഷേഡുകള്‍ ഇല്ല എന്നതാണ് ഇതിന്റെ പ്രത്യേകത. കെട്ടിടങ്ങള്‍ക്ക് പാരപ്പെറ്റുകള്‍ ഇല്ലെന്ന തോന്നല്‍ ഉളവാക്കുന്ന തരത്തിലാണ് നിര്‍മാണം. ജനലുകള്‍ വലുതായിരിക്കും. അതുമാത്രമല്ല അവക്ക് കൃത്യമായ സ്ഥാനമോ ആകൃതിയോ ഉണ്ടെന്ന് വരില്ല. അകത്തും പുറത്തും പരഗോള ഉപയോഗിക്കാം. വാള്‍പേപ്പര്‍, നാച്വറല്‍ സ്റ്റോണ്‍, ക്ലാഡിംഗ്, ഗ്ലാസ്, സ്റ്റീല്‍ എന്നിവ ഉപയോഗിച്ച് എക്സ്റ്റീരിയര്‍ ആകര്‍ഷകമാക്കാം. ഒട്ടും ആര്‍ഭാടങ്ങള്‍ കടന്നുവരാത്ത രീതിയില്‍ നേര്‍രേഖക്ക് പ്രധാന്യം നല്‍കി വേണം ഈ രീതി അവലംബിക്കാന്‍.
'മിനിമലിസം' കൊണ്ടുദ്ദേശിക്കുന്നത് കുറഞ്ഞ സ്ഥലത്തെ കൂടുതല്‍ ഉപയോഗമാണ്. ഫലപ്രദമായ രീതിയില്‍ ഓരോ സ്‌പെയ്‌സും ഉപയോഗപ്രദമാക്കി ഫളാറ്റ് റൂഫ് വാര്‍ത്താണ് മിനിമലിസം ശൈലിയില്‍ കെട്ടിടം നിര്‍മിക്കുന്നത്. ഇതില്‍ പുറംഭംഗിക്ക് പ്രാധാന്യം നല്‍കാതെ ഇന്റീരിയറിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. പ്രകൃതിദത്ത വെളിച്ചവും വായുവും വേണ്ടുവോളം കിട്ടുവാന്‍ ഓപണ്‍ പ്ലാനാണ് ഇതിനു സ്വീകരിക്കുന്നത്. കൂടുതല്‍ മുറികള്‍ കൊടുക്കുന്നതിന് പകരം മള്‍ട്ടിപര്‍പസ് റൂമുകളാണ് ഈ രീതിയില്‍ കണ്ടുവരുന്നത്.
വെറുതെ ഓടിട്ടതുകൊണ്ടോ, ചാരുപടികള്‍ നിരത്തിയതുകൊണ്ടോ ഒരു ട്രഡീഷണല്‍ കേരളീയ വീട് ഉടലെടുക്കണമെന്നില്ല. അതിനു മറ്റു പല ഘടകങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. പടിപ്പുരയും രണ്ട് പ്ലീന്തുകളും വരാന്തയും പൂമുഖവും നടുമുറ്റവും എല്ലാം ഉള്‍ക്കൊള്ളുമ്പോഴാണ് പരമ്പരാഗത ഭാവം കൈവരുന്നത്. തൂളിമാനങ്ങളും കെട്ടിടങ്ങളും കൊട്ടിലുകളും കേരളീയത തോന്നിപ്പിക്കാന്‍ സഹായിക്കും. തടിക്കും കൂടുതല്‍ പ്രാധാന്യം നല്‍കണം. ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് റൂമുകള്‍ എന്നിവ നടുമുറ്റത്തിന് ചുറ്റുമാകാന്‍ ശ്രദ്ധിക്കുക.
യൂറോപ്യന്‍ ശൈലിയില്‍ നിര്‍മിക്കുന്ന വീടുകളാണ് കൊളോണിയല്‍. അമേരിക്കന്‍ കൊളോണിയല്‍, സ്പാനിഷ് കൊളോണിയല്‍ എന്നിങ്ങനെ വ്യത്യസ്ത ശൈലികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈ ശൈലികളില്‍ നിര്‍മിക്കുന്ന വീടുകള്‍ക്ക് കൂടുതല്‍ ചെരിഞ്ഞ മേല്‍ക്കൂരയാണ് നല്‍കുന്നത്. ഭിത്തികള്‍ അരയടിയോളം വീതിയുള്ള നീളന്‍ തടിപ്പലകകള്‍ അടുക്കിപ്പണിതപോലെയാണ് നിര്‍മാണ രീതി. ഇതിനായി ഗ്രൂവ് ഇട്ടുകൊടുത്ത് പ്ലാസ്റ്റര്‍ ചെയ്യുന്നതാണ് ഉത്തമം. വെളുപ്പ്, ഇളം ചാരനിറം, ഇളം ബ്രൗണ്‍ നിറങ്ങളാണ് ഭിത്തികള്‍ക്ക് ഉചിതം. വാതിലിനും ജനലിനും വെള്ള നിറം നല്‍കിയാല്‍ ഈ ശൈലിയോട് കൂടുതല്‍ നീതി പുലര്‍ത്താന്‍ കഴിയും. ചിമ്മിനികള്‍ ഈ ശൈലിയില്‍ നിന്നും മാറ്റി നിര്‍ത്താനാവാത്ത ഘടകമാണ്. ചിമ്മിനിയുടെ ആവശ്യം ഇല്ലെങ്കിലും അവിടെ വാട്ടര്‍ ടാങ്കോ മറ്റോ നല്‍കി ഉപയോഗപ്രദമാക്കാം, ഡബിള്‍ ഹൈറ്റ് ജനാലകളും വീടിനു പുറത്തും അകത്തും അലങ്കാരങ്ങള്‍ തന്നെ കുറവായിരിക്കുന്നതും ഈ ശൈലിയുടെ പ്രത്യേകതകളാണ്.
19-ാം നൂറ്റാണ്ടില്‍ ജന്മം കൊണ്ട നിര്‍മാണ ശൈലിയാണ് വിക്‌ടോറിയന്‍ ശൈലി. വിക്‌ടോറിയന്‍ ഭവനങ്ങളുടെ തൂമാനങ്ങളും, ജനല്‍ ഫ്രെയിമുകളും ഫര്‍ണിച്ചറുകളും എന്നുവേണ്ട എല്ലാ ഭാഗങ്ങളും ഡിസൈനുകള്‍ കൊണ്ട് സമൃദ്ധമായിരിക്കും. പുറംഭിത്തികള്‍ തേക്കാതെ ഇഷ്ടിക ദൃശ്യമാകുന്ന തരത്തിലായിരിക്കും നിര്‍മാണം. പല ഉയരങ്ങളായിട്ടായിരിക്കും മേല്‍ക്കൂരകള്‍ സ്ഥിതിചെയ്യുന്നത്. ബെയ് വിന്റോകള്‍ ആണ് മറ്റു ശൈലിയില്‍ നിന്നും ഇതിനെ വ്യത്യസ്തമാകുന്നത്. പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഇരിപ്പിടമുള്‍കൊള്ളുന്ന ജനാലകളാണ് ബെയ് വിന്റോകള്‍, വെളുത്ത പെയിന്റടിച്ച വാതിലുകളും ജനാലകളും കൊത്തുപണികള്‍ക്കൊണ്ട് സംപുഷ്ടമായ ഫര്‍ണിച്ചറുകളുമാണ് പൊതുവെ ഈ ശൈലിയില്‍ കണ്ടുവരുന്നത്. ഭംഗി കൂട്ടാന്‍ കാസ്റ്റ് അയേണ്‍ കൊണ്ടുള്ള വിളക്കുകളും വോള്‍ ഹാംഗിങ്ങുകളും മറ്റും ഉപയോഗിക്കാവുന്നതാണ്.
ഇവ കൂടാതെ മെഡിറ്ററേനിയന്‍, മുഗള്‍, ജാപ്പനീസ് തുടങ്ങിയ ശൈലികളും കേരളത്തില്‍ പ്രചാരം നേടിയിട്ടുണ്ട്. ഇവയെല്ലാം കേരളീയ അന്തരീക്ഷത്തെ തന്നെ മാറ്റിമറിച്ച് ഒരു മിശ്രിത ശൈലി കൊണ്ടുവരാന്‍ സഹായകമായിട്ടുണ്ട്. അങ്ങനെ മലയാളികളുടെ ഭവനസ്വപ്നങ്ങള്‍ വ്യത്യസ്തമായ നിര്‍മാണ ശൈലികളാല്‍ സംപുഷ്ടമാണ്.
ഏതു നിര്‍മാണ ശൈലി തെരഞ്ഞെടുത്താലും വീടിന്റെ എക്സ്റ്റീരിയര്‍ മോടി പിടിപ്പിക്കുന്നതില്‍ ഊന്നല്‍ നല്‍കേണ്ട പല പ്രധാന സംഗതികളുമുണ്ട്. ഒരു സംക്ഷിപ്ത രൂപം വിവരിക്കാം.
എക്സ്റ്റീരിയര്‍ എന്നത് ഒരു വീടിന്റെ മുഖമാണ്. ചില വീടുകള്‍ ആദ്യ കാഴ്ചയില്‍ തന്നെ നമ്മെ മടുപ്പിക്കുന്നതും മറ്റു ചിലത് മനസ്സ് കവര്‍ന്നെടുക്കുന്നതുമായിരിക്കും. മോടി കൂട്ടുന്ന വിവിധ ഘടകങ്ങളുടെ കൃത്യമായ ഉപയോഗത്തിലൂടെ മാത്രമേ ഏറ്റവും ആകര്‍ഷകമായ എക്സ്റ്റീരിയര്‍ കൈവരിക്കാന്‍ കഴിയൂ. ഈ ഘടകങ്ങളുടെ അമിതവും അനാവശ്യവുമായ ഉപയോഗം എക്സ്റ്റീരിയര്‍ വികൃതമാക്കും.
റൂഫ്
ഒരു വീടിന്റെ തലയെടുപ്പ് മേല്‍ക്കൂരയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ശൈലിയിലുള്ള വീടിനും ഓരോ തരം റൂഫാണ് നല്‍കാറുള്ളത്. ഇത് വീടിന്റെ നിറത്തിനും മുറ്റത്തെ പേവ്‌മെന്റിനും ഇണങ്ങുന്നതായിരിക്കണം. മേല്‍ക്കൂരയുടെ ഷേഡും മെറ്റീരിയലും ട്രസ്സ് വര്‍ക്ക് ചെയ്ത് ഓട് പാകുന്നതാണ് ഇപ്പോഴത്തെ പുതിയ ട്രെന്റ്. ചെലവ് കുറവാണെന്നതിലുപരി ചോര്‍ച്ച തടയാനും ചൂട് കുറക്കാനും ഇത് സഹായിക്കും. ഏത് മേല്‍കൂര തെരഞ്ഞെടുത്താലും ചൂടും ചോര്‍ച്ചയും തടയാനുള്ള ഉപാധികള്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. പരന്ന മേല്‍ക്കൂരക്ക് ചോര്‍ച്ച തടയാന്‍ വാട്ടര്‍ പ്രൂഫിംഗ് ചെയ്യാം. പിന്നെ ചൂട് തടയാന്‍ അലൂമിനിയം ഫോയില്‍, തര്‍മോ ടൈല്‍, ഗ്ലാസ് വൂള്‍, ടെറാകോട്ട ടൈല്‍സ് എന്നിവ ഉപയോഗിക്കാം. മേല്‍ക്കൂരക്ക് അല്‍പം ഉയരം കൂട്ടിയാല്‍ അകത്ത് ഫോള്‍ സീലിംഗ് ഉപയോഗിച്ചും ചൂട് കുറക്കാവുന്നതാണ്.
ക്ലാഡിംഗ്
ചുമരുകളില്‍ ടൈല്‍, മാര്‍ബിള്‍, ഗ്രാനൈറ്റ് തുടങ്ങിയവ ഒട്ടിച്ച് മനോഹരമാക്കുന്നതാണ് ക്ലാഡിംഗ്. ചുമരുകള്‍ ക്ലാഡിംഗ് ചെയ്യുന്നതിലൂടെ വര്‍ഷാവര്‍ഷം പെയിന്റ് അടിക്കാന്‍ ചെലവാകുന്ന സംഖ്യയില്‍ ഒരു പരിധിവരെ കുറവ് വരുത്താന്‍ സാധിക്കും. പുറം ഭംഗിക്ക് ഹൈലേറ്റ് ചെയ്യേണ്ട തൂണുകള്‍, ചുമരുകള്‍ തുടങ്ങിയ ഭാഗങ്ങളിലാണ് സാധാരണ ക്ലാഡിംഗ് ചെയ്യാറുള്ളത്. ചെലവ് അല്‍പം കൂടുതലാണെങ്കിലും ക്ലാഡിംഗില്‍ എന്നും തിളങ്ങി നില്‍ക്കുന്നത് നാച്വറല്‍ സ്റ്റോണാണ്. നാച്വറല്‍ സ്റ്റോണുകള്‍ പലതരത്തിലും ഫിനിഷിംഗിലും ഉണ്ടെങ്കിലും ഇവക്ക് പകരക്കാരനായി ചെലവു കുറഞ്ഞ ആര്‍ട്ടിഫിഷല്‍ സ്റ്റോണും ടൈല്‍സും വിപണിയില്‍ ലഭ്യമാണ്. അലൂമിനിയം ക്ലാഡിംഗ് ഷീറ്റ്, ഗ്ലാസ് സ്ട്രിപ്പ് സിമന്റ് ബേസ്ഡ് ക്ലാഡിംഗ് ഉല്‍പന്നങ്ങള്‍ തുടങ്ങിയ പലതരം ക്ലാഡിംഗ് ഉല്‍പന്നങ്ങള്‍ വിപണിയില്‍ സുലഭമാണ്. ഇവ ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന പശ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പ് വരുത്തുക. ചിലത് ഡ്രില്‍ ചെയ്തു പിടിപ്പിക്കേണ്ടവയായിരിക്കും. വാട്ടര്‍ പ്രൂഫിംഗ് ചെയ്യേണ്ടിടത്ത് ചെയ്യാന്‍ ശ്രദ്ധിക്കുക.
ചുറ്റുമതില്‍
ഇപ്പോഴെത്തെ ട്രെന്റ് മതിലിന്റെ ഹൈറ്റ് കുറച്ചു നല്ല സിംപിള്‍ ഡിസൈന്‍ എന്നതാണ്. ഒരാള്‍ പൊക്കത്തില്‍ വീട് പുറമെ നിന്ന് തീരെ കാണാത്ത വിധത്തില്‍ മതില്‍ കെട്ടുന്ന രീതി പഴഞ്ചനായിക്കഴിഞ്ഞു. മതിലുകളില്‍ ഇടവിട്ട് ക്ലാഡിംഗ് അല്ലെങ്കില്‍ ഗ്രില്‍ വെച്ച് ഏതെങ്കിലും ലളിതമായ ഡിസൈന്‍ നല്‍കുന്നതാണ് ഇപ്പോഴത്തെ രീതി. ക്ലാഡിംഗ് അമിതമാക്കുന്നത് അഭംഗിയാണ്. ചുറ്റു മതിലിന്മേല്‍ ചാലുകള്‍ വാര്‍ത്ത് അതില്‍ ചെടികള്‍ പിടിപ്പിച്ചും പരീക്ഷണങ്ങള്‍ നടത്താം.
ഗേറ്റ്
വീടുകള്‍ക്ക് പടിപ്പുര നല്‍കി അതിന്റെ പരമ്പരാഗത ശൈലിയോട് നീതിപുലര്‍ത്തുന്നവരാണ് മിക്കവരും. പക്ഷേ മറ്റു ശൈലികളില്‍ പണിത വീടിന് പടിപ്പുര നല്‍കി ഗേറ്റ് ചെയ്താല്‍ ആ വീടും ഗേറ്റും തീരെ ചേര്‍ച്ചയില്ലാതെ വരും. ഇപ്പോള്‍ പണ്ടത്തെപ്പോലെ, വീടു തീരെ ദൃശ്യമാകാത്ത തരത്തിലുള്ള ഫുള്‍ഷീറ്റ് അടിച്ച ഭീമന്‍ ഗേറ്റുകള്‍ കാണാനേയില്ല. പകരം ലളിതവും സുന്ദരവുമായ ഗേറ്റുകള്‍ക്കാണ് ഡിമാന്റ്. ഇവക്ക് ചെലവിലും താരതമ്യേന കുറവുള്ളതായി കാണാം. തടിയുടെ ഫിനിഷിംഗ് നല്‍കാനാണ് മിക്കവരും ശ്രദ്ധിക്കുന്നത്. തടി ഉപയോഗിക്കുന്നത് മഴ കൂടുതലുള്ള കാലാവസ്ഥക്ക് ഗുണകരമല്ലാത്തതുകൊണ്ട് ഒന്നുകില്‍ സ്റ്റീല്‍ ഫ്രെയിം തടിയുടെ ഫിനിഷിംഗില്‍ പെയിന്റ് ചെയ്യാറുണ്ട്. അല്ലെങ്കില്‍ സിമന്റ് ബോര്‍ഡ് സ്ട്രിപ്പില്‍ തടിയുടെ ഫിനിഷിംഗ് നല്‍കി സ്റ്റീല്‍ ഫ്രെയിം പിടിപ്പിക്കാം. എല്ലാ വര്‍ഷവും കൃത്യമായി പെയിന്റ് ചെയ്യുന്നത് നമ്മുടെ കാലാവസ്ഥയില്‍ ഗേറ്റിന്റെ ആയുസ്സ് വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഗേറ്റിന്റെ തൂണുകള്‍ക്ക് ക്ലാഡിംഗ് നല്‍കി സുന്ദരമാക്കാം. കൂടാതെ തൂണില്‍ കൊടുക്കുന്ന ലൈറ്റ് സിംപിളാക്കുന്നതാണ് ഭംഗി.
പെയിന്റ്
വീടിന്റെ നിറം അതിന്റെ ഭംഗിയെ ഏറെ സ്വാധീനിക്കുന്ന ഘടകമാണ്. അടുത്ത കാലം വരെ കടും നിറം കൊടുക്കുന്ന ട്രെന്റായിരുന്നു. വീട് ആകര്‍ഷകമാകും എന്നതായിരുന്നു അതിന്റെ കാരണം. കടും നിറം പെട്ടെന്ന് ദൃശ്യമാകുമെങ്കിലും കാണുന്നവരുടെ മനസ്സു കവരാന്‍ സാധിക്കില്ല. ചൂടും അസഹ്യമായിരിക്കും. വെള്ള, ഇളം ചാര നിറം, ഇളം നീല, ഇളം പച്ച, ക്രീം ഷേഡുകള്‍ തുടങ്ങിയ ഇളം നിറങ്ങളും ഇതിനോട് ചേര്‍ന്ന നിറങ്ങളുമാണ് വീടിനെ ആകര്‍ഷകമാക്കുകയും ചൂട് കുറക്കുകയും ചെയ്യുക. അന്തരീക്ഷത്തിനും കാലാവസ്ഥക്കും ഇണങ്ങുന്നതാവണം വീടിനു നല്‍കുന്ന നിറം. ധാരാളം മരങ്ങള്‍ തിങ്ങി നിറഞ്ഞ പ്ലോട്ടാണ് എങ്കില്‍ വെള്ളയും അതിനോട് ചേര്‍ന്ന നിറങ്ങളും നല്‍കാം. മരങ്ങള്‍ കുറഞ്ഞ ഇടമാണെങ്കില്‍ വെള്ളയില്‍ നിന്ന് മാറി മറ്റ് ഇളം നിറങ്ങള്‍ തെരഞ്ഞെടുക്കാവുന്നതാണ്. ഓടിന്റെ നിറം പേവ്‌െമന്റിന്റെ നിറം, എക്സ്റ്റീരിയറില്‍ ദൃശ്യമാകുന്ന മറ്റു വസ്തുക്കളുടെ നിറം എല്ലാം വീടിന്റെ നിറം തെരഞ്ഞെടുക്കുമ്പോള്‍ മനസ്സിലുണ്ടാവണം. കൂടുതല്‍ ഭാഗങ്ങളില്‍ ഇളം നിറവും പിന്നെ ഹൈലേറ്റ് ചെയ്യേണ്ട ഭാഗങ്ങളില്‍ കടും നിറവും നല്‍കുന്ന പ്രവണതയും കണ്ടു വരുന്നു. എക്സ്റ്റീരിയറില്‍ നല്‍കുന്ന പെയിന്റ് നല്ല ഗുണനിലവാരം ഉള്ളതാണെന്ന് ഉറപ്പ് വരുത്തുക. വെതര്‍ കോട്ടിംഗും, മഴയത്തും വെയിലത്തും മങ്ങാത്ത, പൂപ്പലും മറ്റും സംഭവിക്കാത്ത പെയിന്റ് കിട്ടാന്‍ പ്രയാസമാണെങ്കിലും ഒരു വിധം ഈടു നില്‍ക്കുന്ന നല്ല ബ്രാന്‍ഡുകളുടെ പെയിന്റുകള്‍ തെരഞ്ഞെടുക്കുക. ഓട് വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് പൈപ്പുകള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ പെയിന്റ് ചെയ്യുന്നതിന് മുമ്പ് ഓടും മറ്റുമെല്ലാം നല്ലവണ്ണം കവര്‍ ചെയ്യാന്‍ ശ്രദ്ധിക്കണം.
വരാന്ത
വരാന്തയില്ലാത്ത വീടുകള്‍ മലയാളിക്ക് ചിന്തിക്കാന്‍ കഴിയാത്തതാണ്. അതുകൊണ്ടു തന്നെ വരാന്ത പുറം മോടിക്ക് മാറ്റു കൂട്ടാനുള്ള ഘടകമാണ്. മുന്‍ഭാഗം നല്ല കാഴ്ച കിട്ടുന്ന രീതിയില്‍ വരാന്ത നല്‍കാം. വരാന്തകളില്‍ പര്‍ഗോളയും, പാനലിംഗും, ക്ലാഡിംഗും, ചെടികളും മറ്റും നല്‍കി വേറിട്ടതാക്കാം. താഴത്തെ നിലകളില്‍ വരാന്തക്കുള്ള പ്രാധാന്യം തന്നെയാണ് മുകളിലത്തെ നിലകളില്‍ ബാല്‍ക്കണിക്ക് ഉള്ളത്. അതിനാല്‍ ഈ മോടിപിടിപ്പിക്കലൊക്കെ അവിടെയും പരീക്ഷിക്കാവുന്നതാണ്.
മുന്‍ ജനാലകളും മെയിന്‍ ഡോറും
എലിവേഷനില്‍ സ്വീകരിച്ച ശൈലിക്കനുസരിച്ചാവണം മുന്‍ ജനാലകളുടെയും പ്രധാന വാതിലിന്റെയും ഡിസൈന്‍. ജനലുകളുടെ ഫ്രെയിമിനു ചുറ്റും മഞ്ചാരി നല്‍കുന്നത് ട്രഡീഷണല്‍ ശൈലിക്ക് മാറ്റു കൂട്ടും. ഡബിള്‍ ഹൈറ്റ് ജനാലകള്‍ നല്‍കുന്നത് കൗതുകരമായിരിക്കും. ഫ്രഞ്ച്, ഫുള്‍, ഡോര്‍മര്‍, ആര്‍ച്ച്, സ്ലോപ്പി, ഫ്‌ളാറ്റ്, 'T' ഷേപ്പ്ഡ് തുടങ്ങി വിവിധ ആകൃതികളില്‍ ജനല്‍ നല്‍കാം. ഫുള്‍ഗ്ലാസ് ജനലുകള്‍ വീടിന്റെ ലാളിത്യം കൂട്ടും. ജനലിനുപയോഗിക്കുന്ന തടിയുടെയും പെയിന്റിന്റെയും നിറം വീടിന്റെ നിറത്തിന് ഇണങ്ങുന്നതാവണം. ജനലുകളുടെ വലിപ്പം ചിലയിടങ്ങളില്‍ കൂട്ടിയും കുറച്ചും നല്‍കുന്നത് ഭംഗിയേകും. പക്ഷേ മുന്‍ഭാഗത്ത് തന്നെ അധികം ജനലുകള്‍ വന്നാല്‍ അത് അഭംഗിയാവും. കണ്ടംപററി ശൈലിയിലാണ് വീടെങ്കില്‍ ജനലുകള്‍ അങ്ങിങ്ങായി നല്‍കുന്നത് വ്യത്യസ്തയേകും പുറത്തേക്ക് തള്ളി നില്‍ക്കുന്ന വിക്‌ടോറിയന്‍ ശൈലിയിലുള്ള ബേ വിന്‍ഡോ ആയോ, അകത്തേക്ക് തള്ളി നില്‍ക്കുന്ന പങ്‌ചേഡ് വിന്‍ഡോയോ നല്‍കി ആകര്‍ഷകമാക്കാം. ഏതു തരത്തിലുള്ള ജനലുകള്‍ തെരഞ്ഞെടുത്താലും അവയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാനുള്ള സൗകര്യം പരിഗണിക്കേണ്ടതാണ്.
പ്രധാന വാതിലിന്റെ ഭംഗി അതിന്റെ പൂട്ടിനെക്കൂടി സ്വാധീനിച്ചിരിക്കും. ഭംഗിയോടൊപ്പം ബലവും ഗുണനിലവാരവും കൂടി ഉറപ്പുവരുത്തണം. കൊത്തുപണികളുടെ ആധിക്യം കുറഞ്ഞ വാതിലുകളാണ് ഇപ്പോഴത്തെ ആകര്‍ഷണം. ടഫന്‍ഡ് ഗ്ലാസ്സും സ്റ്റീലും നല്‍കിയോ സ്വന്തമായി ആവിഷ്‌കരിച്ച സ്റ്റൈലോ നലകി പ്രധാന വാതില്‍ ഭംഗിയാക്കാം.
പേവ്‌മെന്റ്
പണ്ടത്തെപ്പോലെ മുറ്റം വെറുതെയിടാതെ പേവ്‌മെന്റുകള്‍ നല്‍കി മനോഹരമാക്കുന്ന രീതിയാണിപ്പോള്‍. മഴക്കാലത്തെ വഴുക്കല്‍ തടയാനും എളുപ്പത്തില്‍ വൃത്തിയാക്കാനുള്ള സൗകര്യവും കാഴ്ചക്കുള്ള ഭംഗിയും ഇതിനോടൊപ്പമുണ്ട്. മുറ്റം മുഴുവന്‍ പേവ്‌മെന്റ് ചെയ്യാതെ ഇടകലര്‍ത്തി ലോണും ചെടികളും നല്‍കി ആകര്‍ഷകമാക്കാം. പേവ്‌മെന്റിന്റെ നിറം തെരഞ്ഞെടുക്കുമ്പോള്‍ വീടിന്റെ നിറവും റൂഫിന്റെ നിറവും ലാന്റ്‌സ്‌കേപ്പിംഗും എല്ലാമായി ഇണങ്ങിച്ചേരുന്ന തരത്തിലാവാന്‍ ശ്രദ്ധിക്കണം. പല നിറങ്ങള്‍ ഇടകലര്‍ത്തി നല്‍കാതെ ഏതെങ്കിലും രണ്ട് നിറങ്ങള്‍ ഇഷ്ടപ്പെട്ട പാറ്റേണില്‍ വിരിക്കുന്നതായിരിക്കും ഭംഗി.
ലൈറ്റിംഗ്
ഒരു വീടിന്റെ ലാന്റ്‌സ്‌കേപ്പിംഗിനു നല്‍കുന്ന ലൈറ്റിംഗും കെട്ടിടത്തിന് നല്‍കുന്ന ലൈറ്റിംഗും ഒരുപോലെ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. താഴെ നിന്ന് മുകളിലേക്ക് പ്രകാശം പരത്തുന്ന പോള്‍ പാഷറുകള്‍ എന്ന ലൈറ്റിംഗാണ് ഇപ്പോഴെത്തെ ട്രെന്റ്. ലൈറ്റിംഗിന്റെ ഷേഡും വീടിന്റെ ഷേഡും തമ്മില്‍ നല്ല ചേര്‍ച്ച ഉണ്ടായിരിക്കണം. അവിടെയും ഇവിടെയുമായി അനാവശ്യമായി ലൈറ്റുകള്‍ നല്‍കാതെ ഹൈലേറ്റ് ചെയ്യേണ്ടവ എടുത്തു കാട്ടുന്ന വിധത്തില്‍ വേണം ലൈറ്റുകള്‍ ക്രമീകരിക്കാന്‍. ലൈറ്റിംഗ് തെരഞ്ഞെടുക്കുമ്പോള്‍ വൈദ്യുതി ഉപയോഗം കുറവുള്ളവ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ കാര്യത്തില്‍ എല്‍.ഇ.ഡി തന്നെയാണ് താരം. സി.എഫ്.എല്ലിനേക്കാള്‍ 40 ശതമാനം കുറഞ്ഞ വൈദ്യുതി ഉപയോഗത്തില്‍, സാധാരണക്കാരനു താങ്ങാവുന്ന വില നിലവാരത്തിലാണ് കുറഞ്ഞ വോള്‍ട്ടേജില്‍ പോലും സുഗമമായി പ്രവര്‍ത്തിക്കുന്ന എല്‍.ഇ.ഡി വിളക്കുകള്‍ ഇപ്പോള്‍ ലഭിക്കുന്നത്. ലൈറ്റിംഗിലെ ഏറ്റവും നൂതനമായ പ്രവണതയാണ് ഓട്ടോമേഷന്‍. ഇതിലൂടെ നാം വീട് വിട്ട് പോയാലും ഒരു റിമോട്ട് കണ്‍ട്രോളിന്റെ സഹായത്തോടെ ലൈറ്റുകള്‍ തെളിയിക്കാനും, കെടുത്താനും സാധിക്കും. കൂടാതെ സെറ്റ് ചെയ്തു വെച്ചാല്‍ അതനുസരിച്ച് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സംവിധാനവും പ്രചാരം നേടിക്കഴിഞ്ഞു.
കാര്‍പോര്‍ച്ച്
പോര്‍ച്ച് ഇന്ന് വീടിന്റെ ഒരു ഭാഗമാണ്. വാഹനമില്ലാത്തവര്‍ പോലും ഭാവി മുന്നില്‍കണ്ട് പ്ലാനില്‍ പോര്‍ച്ച് ഉള്‍പ്പെടുത്തുന്നു. കൂടുതല്‍ സ്ഥലമുള്ളവര്‍ക്ക് വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്ന പോര്‍ച്ചോ ഗരാജോ നല്‍കാം. വീടിനോട് ചേര്‍ന്നുള്ള പോര്‍ച്ചിന്റെ മുകളില്‍ ബാല്‍ക്കണിയോ ടെറസ് ഗാര്‍ഡനോ പണിയുന്നത് നന്നായിരിക്കും.
നെയിംബോര്‍ഡ്
വീടിന്റെ പേരുകള്‍ ഗ്ലാസ്, സിറാമിക്, മെറ്റല്‍, സ്റ്റോണ്‍ തുടങ്ങിയവയില്‍ എഴുതിപ്പിടിപ്പിക്കാം. ലൈറ്റിംഗ് നല്‍കിയാല്‍ ഭംഗിയേറും. സാധാരണയായി ഗേറ്റിലോ അതിനോട് ചേര്‍ന്ന തൂണിലോ വരാന്തയോട് ചേര്‍ന്ന ഭിത്തിയിലോ കോളിംഗ് ബെല്ലിനോട് ചേര്‍ന്നോ ഒക്കെയാണ് നെയിംബോര്‍ഡുകള്‍ സ്ഥാപിക്കുക.
പില്ലറുകള്‍
വീടിന്റെ താങ്ങായ തൂണുകള്‍ വീടിന്റെ മോടിയില്‍ പ്രധാന പങ്കു വഹിക്കുന്നു. ഡബിള്‍ ഹൈറ്റില്‍ തൂണുകള്‍ നല്‍കി ആഢ്യത്വം വര്‍ധിപ്പിക്കുന്നതുപോലെ ഒരു വലിയ തൂണിന് പകരം രണ്ട് ചെറിയ തൂണുകള്‍ നല്‍കുന്നതും ആകര്‍ഷകമാണ്. ഇതിന് കോണ്‍ട്രാസ്റ്റ് നിറങ്ങളും ക്ലാഡിംഗുമെല്ലാം വ്യത്യസ്തത നല്‍കും. വെട്ടുകല്ലിന്റെയോ കരിങ്കല്ലിന്റെയോ തടിയുടേയോ ഫിനിഷു കൊടുക്കുന്നതും തൂണുകള്‍ ഹൈലേറ്റ് ചെയ്യുന്നതുമാണ് പുതിയ ട്രെന്റ്. തൂണിന്റെ രണ്ടറ്റത്തും കൊത്തുപണികള്‍ ചെയ്ത് മോടി പിടിപ്പിക്കുകയുമാവാം.
പൂന്തോട്ടം
ഒരു വീടിന്റെ പുറംമോടിക്ക് പ്രധാന ഘടകമാണ് പൂന്തോട്ടം. ലോണും ഗാര്‍ഡന്‍ ഫര്‍ണിച്ചറുകളും ഗാര്‍ഡന്‍ ആക്‌സസറീസും ചെടികളും നിശ്ചിത അനുപാതത്തില്‍ കൊടുക്കാവുന്നതാണ്. വീട് പ്രകൃതിയുമായി ഇണക്കമുള്ളതാക്കുന്നതില്‍ ചെടികള്‍ക്ക് നല്ല പങ്കുണ്ട്. പൂക്കളില്ലാത്ത ചെടികളാണ് ഇപ്പോള്‍ ജനപ്രിയം. പൂക്കളുള്ളതില്‍ തന്നെ നന്ത്യാര്‍ വട്ടം പോലുള്ള വെള്ളപൂക്കളുള്ള ചെടികളാണ് താരം. പൂക്കളുള്ളതും ഇല്ലാത്തതുമായ ചെടികള്‍ ഇടകലര്‍ത്തി നടുന്നതും പൂന്തോട്ടത്തിന്റെ അഴകേറ്റും. ലാണിലെ നടപ്പാതകള്‍ നാച്വറല്‍ സ്റ്റോണ്‍ പേവ്‌മെന്റുകള്‍ ഉപയോഗിച്ച് മോടി പിടിപ്പിക്കാം. ഉയരമുള്ള ചെടികള്‍ തെരഞ്ഞെടുക്കുമ്പോള്‍ അവ വീടിനെ മറക്കാത്ത രീതിയില്‍ നടണം. പെബിള്‍സും പാറക്കല്ലുകളും ടെറാകോട്ട ശില്‍പങ്ങളുമെല്ലാം പൂന്തോട്ടത്തിന്റെ മൊഞ്ച് കൂട്ടുന്നു. അടുക്കള തോട്ടവും കൃത്യമായി പ്ലാന്‍ ചെയ്ത് വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. ഇങ്ങനെ പ്രകൃതിയുടെ വരദാനമായ മണ്ണും കാറ്റും വെളിച്ചവുമെല്ലാം ഉപയോഗപ്രദമാക്കാനും പ്രകൃതിയോട് നീതി പുലര്‍ത്താനും നമുക്ക് ശ്രമിക്കാം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top