വീട് കൂടുമ്പോള്‍

ഇസ്‌ലാമിക മാനം / ഇല്‍യാസ് മൗലവി No image

വിശാലമായ വീട് മനുഷ്യന്റെ ഐശ്വര്യ ത്തില്‍പെട്ടതാണെന്നാണ് നബി (സ) പഠിപ്പിക്കു ന്നത്. അവിടുന്ന് ഒരിക്കല്‍ പറയുകയുണ്ടായി: 'നാല് കാര്യങ്ങള്‍ ഒരാളുടെ ഐശ്വര്യത്തില്‍ പെട്ടതാകുന്നു. സദ്‌വൃത്തയായ ഭാര്യ, വ്യത്യസ്ത ഭാഗങ്ങളുള്ള വിശാലമായ ഭവനം, ഹൃദ്യമായ വാഹനം, നല്ല അയല്‍വാസി.' മനുഷ്യന്റെ സ്വസ്ഥതയുടെയും സമാധാനത്തിന്റെയും ഗേഹമാണ് സ്വന്തമായ ഒരു വീട്.
പുറത്ത് എത്ര സൗകര്യങ്ങളും ആര്‍ഭാടങ്ങ ളുമുണ്ടായാലും സ്വന്തം വീട്ടിലെത്തുക എന്നത് എന്തെന്നില്ലാത്ത ആത്മനിര്‍വൃതി നമുക്കു ണ്ടാക്കിത്തരുന്നുണ്ട്.
പലപ്പോഴും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. അറേബ്യന്‍ ഉള്‍ക്കടലിന്റെ തീരത്ത് തിരമാലകള്‍ വന്ന് ചുംബിക്കുന്ന, മനോഹരമായ പൂന്തോട്ടങ്ങളും നയന മനോഹരമായ കാഴ്ചകളും, വിഭവ സമൃദ്ധമായ ഭക്ഷണ സൗകര്യങ്ങളും, കാതോര്‍ത്ത് കാത്തുനില്‍ക്കുന്ന പരിചാരകരുമെല്ലാമുള്ള ഹോട്ടലുകളില്‍ കഴിയുമ്പോഴും സ്വന്തം വീടണയു മ്പോള്‍ അനുഭവിക്കുന്ന ഐശ്വര്യം അവിടെങ്ങും ഇല്ല. അല്ലാഹുവിന്റെ വചനം എത്ര പരിശുദ്ധം!
മനുഷ്യജീവിതമെന്നത് എത്രത്തോളം വിശാല മാണോ അതേ വിശാലതയും വ്യാപ്തിയും ശരീ അത്തിനുമുണ്ട്. ആ ശരീഅത്തിന്റെ വിധികളും വിലക്കുകളും മനസ്സിലാക്കി പ്രയോഗവല്‍ക്കരി ക്കുന്നവരത്രെ യഥാര്‍ഥ വിജയികള്‍. വീട് ഐശ്വര്യ പൂര്‍ണമാകണമെങ്കില്‍ കേവലം ഒരു കെട്ടിടം അതിന്റെ എല്ലാ ആകാര ഭംഗിയോടെയും ശില്‍ പചാരുതയോടെയും ഉണ്ടായതുകൊണ്ടായില്ല മറിച്ച്. ശരീഅത്ത് ദീക്ഷിച്ച അടിസ്ഥാനങ്ങളും ഘടകങ്ങളും കൂടി ഉള്‍ച്ചേര്‍ന്നെങ്കില്‍ മാത്രമേ അത് സാധ്യമാകൂ. അല്ലാത്തപക്ഷം, മറ്റുള്ളവരുടെ ദൃഷ്ടിയില്‍ മനോഹരമായിരിക്കുമെങ്കിലും അതിന്റെ അകം നരകമായിരിക്കും. വീട് ഉണ്ടാക്കുന്നതിന് മുമ്പും ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴും ഉണ്ടാക്കിക്കഴിഞ്ഞ് അതില്‍ താമസമാരംഭിക്കുമ്പോഴും താമസം തുടരുമ്പോഴുമെല്ലാം ചില കാര്യങ്ങള്‍ അറിഞ്ഞിരി ക്കല്‍ ഐശ്വര്യം കൈവരുത്തുന്നതിന് ഏറെ ഉപകരിക്കും.
വീടുണ്ടാക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇഹലോകമെന്നത് സ്ഥിരതാവളമല്ല എന്നും പരലോകമാകുന്ന ശാശ്വത ഗേഹത്തിന് മുമ്പുള്ള ഒരിടത്താവളമാണ് അത് എന്നും വിശ്വസിക്കുന്ന ഒരു മുസ്‌ലിമിന് പുതിയ വീടുണ്ടാക്കലും അതില്‍ താമസിക്കലുമൊന്നും മുഖ്യ ലക്ഷ്യമല്ല. അതുകൊണ്ട് തന്നെ ഗൃഹപ്രവേശവുമായി ബന്ധപ്പെട്ട പ്രത്യേക നിര്‍ദേശങ്ങളോ മര്യാദകളോ ഒന്നും തന്നെ ഖുര്‍ആ നിലോ പ്രവാചകാധ്യാപനങ്ങളിലോ സ്വഹാബി കളുടെ ചര്യകളിലോ പരിശോധിച്ചിടത്തോളം കാണാന്‍ കഴിഞ്ഞിട്ടില്ല. പുതിയ വീട്ടില്‍ കൂടുന്നതു മായി ബന്ധപ്പെട്ടതാണീ പറഞ്ഞത്. എന്നാല്‍ ഒരാള്‍ തന്റെ വീടുമായി ബന്ധപ്പെട്ട് പാലിച്ചിരിക്കേണ്ട ധാരാളം മര്യാദകളും നിര്‍ദ്ദേശങ്ങളും ഖുര്‍ആനി ലും സുന്നത്തിലും ഗൗരവമാര്‍ന്ന ശൈലിയില്‍ തന്നെ കാണാം.
നമ്മുടെ നാട്ടില്‍ ഒരു വീട് വെക്കാന്‍ ഉദ്ദേശിച്ചാല്‍ അതിന്റെ സ്ഥലം നിര്‍ണയി ക്കുന്നതുമുതല്‍ ഒടുവില്‍ ഗൃഹപ്രവേ ശമെന്ന അന്തിമ ചടങ്ങുവരെയുള്ള വിവിധ ഘട്ടങ്ങളില്‍ പലതരത്തിലുള്ള ആചാരങ്ങളും കാണാവുന്നതാണ്.
സ്ഥലം നിര്‍ണയിക്കല്‍
വീടുണ്ടാക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ ഭൂപ്രകൃതി, കാറ്റിന്റെ ഗതി, ജല സ്രോത സ്സ്, നീരൊഴുക്ക് തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കുന്നത് നല്ലതാണ്. അത്തരം വിഷയങ്ങളെപ്പറ്റി അറിവും പരിചയവുമു ള്ളവരുടെ ഉപദേശ നിര്‍ദേശങ്ങള്‍ തേടുക എന്നത് പ്രോത്സാഹിപ്പിക്കപ്പെ ടേണ്ടതുമാണ്. അല്ലാഹു പറഞ്ഞല്ലോ 'നിങ്ങള്‍ക്കറിയില്ലെങ്കില്‍ ബോധമുള്ളവ രോട് അന്വേഷിക്കുക'” എന്ന്. ഇത്തരം കാര്യങ്ങള്‍ അതാതിന്റെ പ്രാവീണ്യമുള്ള വരോട് അന്വേഷിക്കേണ്ടതാണെന്ന് തിരു മേനിയും പഠിപ്പിച്ചിട്ടുണ്ട്.“നിങ്ങളുടെ ഭൗതിക കാര്യങ്ങള്‍ നിങ്ങള്‍ക്കാണ് ഏറ്റവും നന്നായി അറിയുക എന്ന് തിരു മേനി പറഞ്ഞു.
എന്നാല്‍ ഇന്ന പ്രദേശത്ത് ശകുനപ്പി ഴയുണ്ട്, നഹ്‌സുണ്ട്, അല്ലെങ്കില്‍ പൈശാചിക ബാധയേല്‍ക്കാന്‍ ഇടയുണ്ട്, പോക്കുവരവുണ്ട് തുടങ്ങിയ വിശ്വാസ ങ്ങള്‍ക്കും തദടിസ്ഥാനത്തിലുള്ള സ്ഥല നിര്‍ണയത്തിനും ഖുര്‍ആനിലോ സുന്ന ത്തിലോ യാതൊരു തെളിവുമില്ല. മാത്രമല്ല അങ്ങനെയുള്ള വിശ്വാസവും അത്തരം കാര്യങ്ങള്‍ പ്രവചിക്കുന്നവരെ വിശ്വസിക്കലും ദൈവ വിശ്വാസം തന്നെ നശിപ്പിച്ചുകളയുന്നതിലേക്ക് നയിക്കുന്ന താണ്. ചില മൂഢധാരണകളും അന്ധ വിശ്വാസങ്ങളും സാധാരണക്കാരില്‍ പ്രചരിപ്പിച്ച് ഉപജീവനം തേടുന്ന പുരോഹിതന്മാരുടെ വേലകളല്ലാതെ മറ്റൊന്നുമല്ല ഇത്തരം കാര്യങ്ങള്‍.
കട്ടില വെക്കല്‍
വീട് നിര്‍മാണത്തിന്റെ നിര്‍ണായക ഘട്ടമായി കണക്കാക്കപ്പെടുന്ന കര്‍മമാ ണിത്. നാട്ടുനടപ്പ് എന്ന രീതിയില്‍ കണ്ട് അതൊരു ചടങ്ങാവുന്നതിനോ അന്ന് സന്തോഷം പങ്കുവെച്ച് മധുര പലഹാര ങ്ങള്‍ വിതരണം ചെയ്യുന്നതിനോ വിരോ ധമില്ല. എന്നാല്‍ അതിലും വിശ്വാസ പരമായ വല്ലതും ഉള്‍ച്ചേര്‍ന്നിട്ടുണ്ടെങ്കില്‍ ഒഴിവാക്കുക തന്നെവേണം.
ശുദ്ധ മുസ്‌ലിമായിട്ടു കൂടി കട്ടിലവെക്കും മുമ്പ് ആശാരിയെ കൊണ്ട് പൂജയര്‍പ്പിച്ച് സ്വര്‍ണം വരെയുള്ള മൂല്യമുള്ള വല്ലതും വെറ്റിലയില്‍ പൊതിഞ്ഞ് ചുണ്ണാമ്പും കൂട്ടി കട്ടിലക്കടിയില്‍ കുഴിച്ചിടുകയും അതിന്‍മേല്‍ കട്ടിലപ്പടി എടുത്തുവെക്കുകയും ചെയ്യുന്ന സമ്പ്രദായം അന്ധവിശ്വാസത്തിലധിഷ്ഠി തമാണ്. അതിനാല്‍ അത്തരം ഏര്‍പാടുകള്‍ മുസ്‌ലിമിന് ചേര്‍ന്നതല്ല. അത്തരം കാര്യങ്ങള്‍ ദോഷം തടുക്കുമെന്ന വിശ്വാസം പൊറുക്കപ്പെടാത്ത ശിര്‍ക്കിലേ െക്കത്തിച്ചേരുമെന്നും മനസ്സിലാക്കുക. ഇസ്‌ലാമിക വിശ്വാസ പ്രകാരം ദോഷം തടുക്കുന്നവന്‍ ദൈവം മാത്രമാണ്.
ഗൃഹ പ്രവേശം
പാലുകാച്ചല്‍ എന്നപേരില്‍ സാര്‍വത്രികമായ ചടങ്ങാണിവിടെ പ്രധാനപ്പെട്ടത്. ചിലയിടങ്ങളില്‍ അടുപ്പില്‍ തീ കത്തിക്കലാണ് പ്രധാന ചടങ്ങ്. അടുപ്പും പുകയും ചരിത്രത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കെ പലയിടങ്ങളിലും അതില്ല.
സന്തോഷ വേളകളിലും മറ്റും ഭക്ഷണം വിളമ്പുന്നതും സദ്യയൊരുക്കുന്നതും മധുരം വിതരണം ചെയ്യുന്നതുമെല്ലാം അനുവദനീയമായ കാര്യങ്ങളില്‍ പെടുന്നു. സൗഹൃദം ഊട്ടിയുറപ്പിക്കാന്‍, കുടുംബ ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍, പിണങ്ങിയവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കാന്‍, അനുഗ്ര ഹത്തിന് ദൈവത്തോട് നന്ദി പ്രകടിപ്പിക്കാന്‍ തുടങ്ങിയവക്കൊക്കെ ഇതാകാമെന്ന് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.
എന്നാല്‍ പാലുകാച്ചല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചടങ്ങിന് ഹൈന്ദവ വിശ്വാസവുമായി ബന്ധമുണ്ട്. അവര്‍ തന്നെ വ്യക്തമാക്കുന്നത് കാണുക; മറ്റെല്ലാ ആചാരങ്ങളെയും പോലെ ബാഹ്യരൂപം ഭൗതികമാണെങ്കിലും ആന്തരികാര്‍ഥത്തില്‍ പാലുകാച്ചലും ആദ്ധ്യാത്മിക ജ്ഞാനത്തെ ഉണര്‍ത്തുന്നതിനുള്ള പ്രതീകമാകുന്നു, പാല്‍ അഥവാ ക്ഷീരം ഈ ലോകത്തിന്റെ പ്രതീകമാണ്. ക്ഷീര സാഗരത്തില്‍ ഭഗവാന്‍ വിഷ്ണു ശയിക്കുന്നതായി ഏവരും കേട്ടിട്ടുണ്ടല്ലോ? പാലില്‍ നെയ്യടങ്ങിയിട്ടുണ്ടെങ്കിലും അത് ദൃശ്യമല്ലാത്ത തുപോലെയും സര്‍വ പദാര്‍ഥവുമാകുന്ന പാലില്‍ അദൃശ്യമായി ലയിച്ചുകിടക്കുന്ന ഈശ്വരനെ ഇപ്രകാരം കണ്ടെത്തണമെന്നുള്ള സന്ദേശമാണ് ഭവന ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ആദ്യം പാല്‍ കാച്ചുന്നതിലൂടെ നാം ചെയ്യുന്നത്. (ഹൈന്ദവാചാര രഹസ്യങ്ങള്‍: ശ്രീമദ് ഹരിസ്വാമികള്‍, യജ്ഞ പ്രസാദം പുസ്തക കുടുംബം)
ഇതില്‍ നിന്ന് മനസ്സിലാവുന്നത് കേവലം ഒരാചാരം എന്നതിലുപരി ഇവക്കെല്ലാം ഹൈന്ദവ വിശ്വാസവുമായി ബന്ധമുണ്ട് എന്നതാണ്. മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ആദര്‍ശമായ ദൈവത്തിന്റെ ഏകത്വം എന്ന അന്തസ്സത്തക്ക് നിരക്കാത്ത ഇത്തരം ബഹുദൈവവിശ്വാസത്തിലധിഷ്ഠിതമായ അനുഷ്ഠാനം കേവല സമ്പ്രദായത്തില്‍പ്പെടുത്തി നിസ്സാരമായിക്കാണുക വയ്യ. വിശ്വാസാദര്‍ശങ്ങളില്‍ അവരെ പിന്‍പറ്റലും അവരോട് സാദൃശ്യം പുലര്‍ത്തലുമാവും അത്. അതാകട്ടെ ഇസ്‌ലാം വിലക്കുകയും ചെയ്തിരിക്കുന്നു.
ഗൃഹപ്രവേശം ഒരു സന്തോഷവേള എന്ന അടിസ്ഥാന ത്തില്‍ ചായ സല്‍ക്കാരമോ സദ്യയോ ആകുന്നതിന് വിരോധ മില്ല. അതിലൊന്നും പ്രത്യേക വിശ്വാസപരമായി ബന്ധപ്പെടുന്ന ഒന്നുമില്ല. ആ കൂട്ടത്തില്‍ ചായ പറ്റാത്തവര്‍ക്ക് പാല്‍ കാച്ചി കൊടുത്താലും കുഴപ്പമില്ല.
എന്നാല്‍ ഗൃഹപ്രവേശത്തിന്റെ മുഹൂര്‍ത്തങ്ങളില്‍ പാല്‍ കാച്ചുക എന്നത് ഐശ്വര്യത്തിന്റെയും അനുഗ്രഹത്തിന്റെയും ഭാഗമായി കാണുകയും പാല്‍ തന്നെ വേണമെന്ന് ശഠിക്കുകയു മൊക്കെ ചെയ്തുകൊണ്ട് നടത്തപ്പെടുന്ന ഇത്തരം ആചാരാ നുഷ്ഠാനങ്ങള്‍ വര്‍ജിക്കുക തന്നെ വേണം.
കണ്ണേറ്
കണ്ണേറ് തട്ടാതിരിക്കാനായി കലമോ കോലമോ ഉണ്ടാക്കിവെക്കല്‍, പ്രത്യേക പ്രാര്‍ഥനകള്‍, പൂജകള്‍, വഴിപാടുകള്‍, ബലിനേര്‍ച്ചകള്‍ തുടങ്ങി ഓരോ ഘട്ടത്തിലും പ്രത്യേകം ചടങ്ങുകള്‍. ഇവക്കൊന്നും യാതൊരടിസ്ഥാനവുമില്ല. ഏറ്റവും വിദഗ്ധരായ നിര്‍മാണരംഗത്തെ പിടിപാടുള്ളവരുടെ ഉപദേശ നിര്‍ദേശങ്ങള്‍ തീര്‍ച്ചയായും പരിഗണിക്കാം. ഇതര മതസ്ഥരില്‍ നിന്ന് വ്യത്യസ്തമായി മുസ്‌ലിം വീട്ടില്‍ പ്രത്യേക പൂജാമുറി അനിവാര്യഘടകമല്ല. വൃത്തിയുള്ള ഏത് മുറിയിലും ഖിബ്‌ലക്ക് തിരിഞ്ഞുനിന്ന് നമസ്‌കരിക്കാം. ഖിബ്‌ലക്ക് ഒപ്പിച്ച് വീട് നിര്‍മിക്കുന്നതിന് പ്രത്യേകിച്ച് തടസ്സമൊന്നുമില്ലെങ്കില്‍ മാത്രം അങ്ങനെയൊരു നിഷ്‌കര്‍ഷത പുലര്‍ത്തിയാല്‍ മതി. എന്നാല്‍ സ്ഥലപരിമിതി, വീടിന്റെ സൗകര്യം, പരിസരവും മുറ്റവും തുടങ്ങി പ്രായോഗിക തടസ്സങ്ങള്‍ സൃഷ്ടിക്കുമെങ്കില്‍ വീടിന്റെ കിടപ്പ് ഖിബ്‌ലക്ക് നേരെയാകണമെന്ന് ശഠിക്കാന്‍ ആരും നിര്‍ദേശിച്ചിട്ടില്ല. നമസ്‌കരിക്കുമ്പോള്‍ ഖിബ്‌ലക്ക് തിരിയല്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട ഉപാധിയാണെ ന്നത് ശരിയാണ്. എന്നാല്‍ വീടിന്റെ ദിശ അങ്ങനെയാവണമെന്ന് യാതൊരു നിര്‍ദേശവുമില്ല.
ഇനി വീടിനുള്ളിലെ കക്കൂസുകളുടെ ദിശയും പലര്‍ക്കും സംശയമുള്ള കാര്യമാണ്. ഖിബ്‌ലക്ക് മുന്നിട്ടോ പിന്നിട്ടോ മലമൂത്ര വിസര്‍ജനം വിലക്കപ്പെട്ടിട്ടുണ്ട്. അത് പക്ഷെ വിജനമായ പ്രദേശമാണെങ്കിലാണ്. ചുമരോ മറ്റോ വഴി നാലുഭാഗവും ഭദ്രമായി മറച്ച അവസ്ഥയില്‍ ആ വിലക്ക് ബാധകമല്ല എന്നതാണ് പണ്ഡിതമതം. എങ്കിലും നേരത്തെ പറഞ്ഞതുപോലെ ഖിബ്‌ലയുടെ ദിശ ഇവിടെയും ശ്രദ്ധിക്കുന്നത് നല്ലതാണ് എന്നതില്‍ തര്‍ക്കമില്ല.
വീടിന്റെ വിശാലത ഇസ്‌ലാമിന്റെ കാഴ്ച്ചപ്പാട്
ധൂര്‍ത്തും ദുര്‍വ്യയവും ഇസ്‌ലാം ശക്തമായി വിലക്കിയ ദുഃസ്വഭാവങ്ങളാണ്. ആരാധനകളില്‍ പോലും അതിരു കവിയുന്നത് വിലക്കിയ ഇസ്‌ലാം ബാക്കിയുള്ള വിഷയങ്ങളില്‍ അങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. എന്നാല്‍ വീടുമായി ബന്ധപ്പെട്ട് എല്ലാം ധൂര്‍ത്തായി ഒരു വിഭാഗം കാണുമ്പോള്‍, അങ്ങനെയൊരു ചിന്തയോ, അത് ഇസ്‌ലാമിക ദൃഷ്ട്യാ ഗൗരവമുള്ള കാര്യമാണെന്നോ മനസ്സിലാക്കാതെ തികഞ്ഞ ലാഘവമാണ് മറ്റൊരു വിഭാഗത്തിന്. ഓരോന്ന് ചൂണ്ടിക്കാണിച്ച് ഇത് ധൂര്‍ത്താണ് മറ്റേത് ധൂര്‍ത്തല്ല എന്നിങ്ങനെ വേര്‍തിരിക്കുക നന്നേ പ്രയാസം. എങ്കിലും ചില പൊതുനിര്‍ദേശങ്ങളും മാനദണ്ഡങ്ങളും വെക്കുകയും ബാക്കി കാര്യങ്ങള്‍ സാഹചര്യ ത്തിന്റെയും കാലദേശങ്ങളുടെയും വ്യത്യാസങ്ങള്‍ക്കനുസരിച്ച് വിടുകയുമാണ് ഇസ്‌ലാം ചെയ്തിട്ടുള്ളത്. ഇത്തരം സാഹചര്യങ്ങള്‍ പലതും ഒരേ നാട്ടില്‍ ഒരേ കാലത്ത് തന്നെയാണെങ്കില്‍ പോലും വ്യക്തികള്‍ക്കനുസരിച്ച് മാറും. ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
1. ശാന്തിയും സമാധാനവും കിട്ടണം. അല്ലാഹു പറഞ്ഞു: 'അല്ലാഹു നിങ്ങളുടെ വീടുകളെ നിങ്ങള്‍ക്കുള്ള വിശ്രമ സ്ഥലങ്ങളാക്കി. മൃഗത്തോലുകളില്‍നിന്ന് അവന്‍ നിങ്ങള്‍ക്ക് പാര്‍പ്പിടങ്ങളുണ്ടാക്കിത്തന്നു. നിങ്ങളുടെ യാത്രാ നാളുകളിലും താവളമടിക്കുന്ന ദിനങ്ങളിലും നിങ്ങളവ അനായാസം ഉപയോഗപ്പെടുത്തുന്നു. ചെമ്മരിയാടുകളുടെയും ഒട്ടകങ്ങളുടെയും കോലാടുകളുടെയും രോമങ്ങളില്‍നിന്ന് നിശ്ചിതകാലംവരെ ഉപയോഗിക്കാവുന്ന വീട്ടുപകര ണങ്ങള്‍ അവനുണ്ടാക്കിത്തന്നു. ഉപകാരപ്രദമായ മറ്റു വസ്തുക്കളും.' (അന്നഹ്ല്‍: 80)
2. വീട് വിശാലമായിരിക്കണം. നബി (സ) പറഞ്ഞു: ''മൂന്ന് കാര്യങ്ങള്‍ ഒരു മുസ്‌ലിമിന്റെ ഇഹലോകൈശ്വര്യ ത്തിന്റെ ഘടകങ്ങളാകുന്നു: നല്ല അയല്‍വാസി, വിശാലമായ വീട്, സൗകര്യപ്രദമായ വാഹനം.''
3. അതുപോലെ വീട് ഓരോരുത്തര്‍ക്കും തങ്ങളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുവാന്‍ കഴിയു ന്നതായിരിക്കണം. അതുകൊണ്ടാണ് വീടിനുള്ളില്‍ സ്വന്തം സന്താനങ്ങള്‍ വരെ ഇതര റൂമുകളില്‍ പ്രവേശിക്കുമ്പോള്‍ അനുവാദം ചോദിക്കണമെന്ന് ഖുര്‍ആന്‍ (അന്നൂര്‍) പഠിപ്പിച്ചിട്ടുള്ളത്. ഒരു മുറി മാത്രമുള്ളിടത്ത് ഇതിന് പ്രസക്തിയില്ലല്ലോ.
4. പ്രായം കൂടുന്ന മുറക്ക് കുട്ടികളെ വേറിട്ട് കിടത്താന്‍ പാകത്തിലുള്ള വിശാലത. 10 വയസ്സാകു മ്പോള്‍ മക്കളെ ഒരേ വിരിപ്പില്‍ കിടത്തരുത് എന്ന് തിരുമേനി പഠിപ്പിച്ചിട്ടുണ്ട്. വീട്ടില്‍ അതിഥി വരുമ്പോള്‍ വിശ്രമിക്കാന്‍ അതിഥിക്ക് ഒരിടം. ഇത് തിരുമേനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: “'വീട്ടുകാരന് ഒരു ശയ്യ, വീട്ടുകാരിക്കും, ഒരെണ്ണം അതിഥിക്കും. നാലാമത്തെത് പിശാചിനുള്ളതാണ്. ഈ ഹദീസിലൂടെ അതിഥിക്കായി കിടക്കാനും വിശ്രമിക്കാനുമൊരിടം എന്നത് തിരുമേനി അംഗീകരിച്ചതാണെന്നും അതിലുമപ്പുറം വെറുതെ പൊങ്ങച്ചം പ്രകടിപ്പിക്കാനായി ധാരാളം മുറികള്‍ നിര്‍മിച്ചിടുന്നത് പിശാചിന് പാര്‍ക്കാനായിരിക്കുമെന്നും പഠിപ്പിക്കുകയാണ്. തിരുമേനിയുടെ ഒരു പ്രാര്‍ഥന അബൂഹുറൈറ ഇങ്ങനെ ഉദ്ധരിക്കുന്നു: “'അല്ലാഹുവേ, എന്റെ പാപം നീയെനിക്ക് പൊറുത്തുതരികയും, എന്റെ വീട്ടില്‍ നീയെനിക്ക് വിശാലത പ്രദാനം ചെയ്യുകയും നീയെനിക്ക് നല്‍കിയവയില്‍ അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ.' (തിര്‍മുദി)
വീടുമായി ബന്ധപ്പെട്ട് തന്നെയുള്ള കാര്യങ്ങളായ ഗൃഹപ്രവേശം, ബാങ്ക് കൊടുക്കല്‍, നമസ്‌കാരം ജമാഅത്തായി നിര്‍വഹിച്ചുകൊണ്ടുള്ള തുടക്കം, ഗൃഹപ്രവേശത്തോടനുബന്ധിച്ച് പ്രത്യേക ദിക്‌റുകള്‍, സ്വലാത്തുകള്‍ സംഘടിപ്പിക്കല്‍, ഖുര്‍ആന്‍ (മുസ്ഹഫ്) ആദ്യം പ്രവേശിപ്പിക്കല്‍, അടുപ്പില്‍ തീ കത്തിക്കല്‍ ചടങ്ങ്, ശകുനപ്പിഴ നോക്കല്‍, ഗൃഹപ്രവേശത്തിന് നാളും നക്ഷത്രവും മുഹൂര്‍ത്തവും നോക്കല്‍, ദിവസങ്ങളും മാസങ്ങളും തിരഞ്ഞെടുക്കല്‍ തുടങ്ങി ധാരാളം വിശ്വാസങ്ങളും ആചാരങ്ങളും ഇന്ന് നിലനില്‍ക്കുന്നു. ഇതില്‍ പലതും വിശ്വാസവുമായി ബന്ധപ്പെട്ടതാകയാല്‍ കേവലം നിസ്സാരങ്ങളായി തള്ളാന്‍ വയ്യ. പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഇവയൊന്നും സ്ഥാപിക്കുവാനാര്‍ക്കും സാധ്യമല്ല. അതിനാല്‍ ഇവി ടെയെല്ലാം വളരെയേറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top