മക്കളെ ഒന്ന് ശ്രദ്ധിക്കണേ

അഷ്‌റഫ് കാവില്‍ No image

ഇന്ന് ഇളം പ്രായത്തില്‍ തന്നെ കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗം തുടങ്ങുന്നുണ്ട്. പ്രശസ്ത ആന്റി വൈറസ് കമ്പനിയായ 'മെക് അഫീ', ഇന്ത്യയിലെ പ്രമുഖ മെട്രോ നഗരങ്ങളില്‍ നടത്തിയ ഏറ്റവും പുതിയ സര്‍വേയുടെ റിപ്പോര്‍ട്ട് പ്രകാരം, കുട്ടികള്‍ പതിമൂന്ന് വയസ്സാകുമ്പോഴേക്കും ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങുന്നു, ദിവസവും ഫേസ്ബുക്ക് ഉപയോഗിക്കുന്ന കുട്ടികള്‍ 53 ശതമാനവും ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ 54 ശതമാനവും വരും. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കൗമാരക്കാരില്‍ 47 ശതമാനം പേര്‍ പരീക്ഷകള്‍ക്കും മറ്റുമായി ഓണ്‍ലൈന്‍ വഴി വിവരം ശേഖരിക്കുന്നവരാണ്. എന്നാല്‍ ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യുന്ന കൗമാരക്കാരായ കുട്ടികളുടെ എണ്ണം അനുദിനം കൂടിവരികയാണെന്ന് സര്‍വെ വ്യക്തമാക്കുന്നു.
കൗമാരക്കാരായ കുട്ടികളില്‍ പകുതിയിലധികം പേരും ഇന്റര്‍നെറ്റില്‍ അശ്ലീലം കാണുന്നവരാണ്. 'മെക് അഫീ' സര്‍വെ വെളിപ്പെടുത്തുന്നത് അബദ്ധത്തില്‍ അശ്ലീലം കാണുന്നവരാണ് 53 ശതമാനം കുട്ടികളെന്നാണ്. അശ്ലീലം കാ ണാന്‍ മാത്രം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കൗമാരക്കാര്‍ 35 ശതമാനം വരും. വീട്ടിലെ കമ്പ്യൂട്ടറില്‍ അശ്ലീലം കാണുന്നവര്‍ 32 ശതമാനമാണെങ്കില്‍, 45 ശതമാനം കൗമാരക്കാര്‍ ഇന്റര്‍നെറ്റ് അശ്ലീലം ആ സ്വദിക്കുന്നത് സ്മാര്‍ട്ട് ഫോണുകളിലാണ്. കുട്ടികള്‍ക്ക് വിലകൂടിയ മൊബൈല്‍ഫോണുകള്‍ വാങ്ങിക്കൊടുക്കുകയും യഥേഷ്ടം ഇന്റര്‍ നെറ്റ് ഉപയോഗിക്കാനുള്ള സ്വാത ന്ത്ര്യം നല്‍കുകയും ചെയ്യുന്ന രക്ഷിതാക്കളുടെ കണ്ണു തുറപ്പിക്കേണ്ടതുണ്ട് ഈ കണ്ടെത്തലുകള്‍.
അശ്ലീല സൈറ്റുകളോടുള്ള അമിതമായ താല്‍പര്യം കുട്ടികളുടെ മാനസികവും വൈകാരികവുമായ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. ഈ ദുശ്ശീലത്തിന് അടിമകളാകുന്ന കുട്ടികള്‍ പഠന കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരിക്കുകയും സ്‌കൂളില്‍ പോകാന്‍ മടികാണിക്കുകയും ചെയ്യും. അശ്ലീല ചുവയുള്ള സംസാരം, കമന്റടി, ദ്വയാര്‍ഥപ്രയോഗത്തിലുള്ള സംഭാഷണം തുടങ്ങിയ ദുസ്വഭാവങ്ങള്‍ ഇത്തരം കുട്ടികളില്‍ കണ്ടുവരുന്നു.
കേരളത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ ഓരോ വര്‍ഷവും വര്‍ധിക്കുകയാണെന്നാണ് കണക്ക്. കേരള പോലീസിന്റെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിന്റെ റിപ്പോര്‍ട്ട് പ്രകാരം 2009-ല്‍ സംസ്ഥാനത്ത് 36976 സൈബര്‍ കുറ്റകൃത്യങ്ങളാണ് റജിസ്റ്റര്‍ ചെയ്യപ്പെട്ടതെങ്കില്‍ 2010- ല്‍ അത് 89.23 ശതമാനം വര്‍ധിച്ച് 69 940 ആയി ഉയര്‍ന്നു. 2011-ല്‍ അത് 73605 ആയി വര്‍ധിച്ചു. മൊബൈല്‍ ഫോണും ഇന്റര്‍ നെറ്റും വഴിയുള്ള അശ്ലീല സന്ദേശം, നഗ്ന ചിത്രങ്ങളുടെ പ്രദര്‍ശനം, അസഭ്യമെയില്‍ ഫേസ്ബുക്കിലും ഓര്‍ക്കൂട്ടിലും വ്യാജ അക്കൗണ്ടുകള്‍ ആരംഭിച്ച് അശ്ലീലം പ്രചരിപ്പിക്കല്‍ തുടങ്ങിയവയാണ് സൈബര്‍ ലോകത്തെ പ്രധാന കുറ്റകൃത്യങ്ങള്‍. നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്റര്‍നെറ്റ് വഴി അശ്ലീലം പ്രസിദ്ധപ്പെടുത്തുന്നതില്‍ രാജ്യത്ത് ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത് കേരളമാണ്. ഇന്റര്‍നെറ്റ് വഴി പ്രചരിക്കുന്ന അശ്ലീല പ്രസിദ്ധീകരണങ്ങളില്‍ 27 ശതമാനവും ന മ്മുടെ സംസ്ഥാനത്ത് നിന്നാ ണ്. ഇരകളാകുന്നവരും കൂടുതല്‍ അശ്ലീല വെബ്‌സൈറ്റുകള്‍ കാണുന്നവരും കുട്ടികളാണ്.
മൊബൈല്‍ഫോണ്‍ ക്യാമറയില്‍, അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതില്‍, ഇന്റര്‍നെറ്റിലെ നീലച്ചിത്രസ്വാധീനത്തിന് വലിയ പങ്കുണ്ട്. മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്തത് ചോദ്യം ചെയ്ത ഗര്‍ഭിണിയെ കൊലപ്പെടുത്തിയതും, അയല്‍ക്കാരി കുളിക്കുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതും ഉള്‍പ്പെടെ നിരവധി കേസുകള്‍ കുട്ടികള്‍ക്കെതിരെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ അശ്ലീലം ആസ്വദിക്കുന്ന കുട്ടികളില്‍ ലൈവ് വെബ് കാം സെക്‌സിന് വരെ താല്‍ പര്യം ജനിക്കുകയും ക്രമേണ ഇന്റര്‍നെറ്റിലെ ലൈം ഗിക ദൂഷിത വലയത്തില്‍ നിന്ന് രക്ഷപ്പെടാനാവാത്ത വിധം അകപ്പെട്ട് പോകുകയും ചെയ്യുന്നു.
മഞ്ഞപ്പുസ്തകങ്ങള്‍ക്കും നീല ചിത്രങ്ങള്‍ക്കും അടിമകളാകുന്ന കുട്ടികളാണ് മുതിരുമ്പോള്‍ ലൈംഗിക പീഡന കേസുകളിലും പെണ്‍വാണിഭ കുറ്റകൃത്യങ്ങളിലും പ്രതികളാകുന്നതെന്ന് കാണാം. ലൈംഗിക ദാഹം തീര്‍ക്കാനായി വേശ്യാലയങ്ങളില്‍ അഭയം തേടി, ഒടുവില്‍ മാരകമായ ലൈംഗിക രോഗങ്ങള്‍ക്ക് ഇരകളാകുന്നവരില്‍ വലിയൊരു വിഭാഗം ഇത്തരക്കാരായ വ്യക്തികളാണ്. ഇന്റര്‍നെറ്റിലെ രതിവൈകൃതങ്ങള്‍ കാണുന്ന കുട്ടിയില്‍ ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസമല്ല, മറിച്ച് വികലമായ ലൈംഗിക ധാരണകളാണ് വേരുറക്കുന്നത്. ഇത്തരം മ്ലേച്ഛമായ ലൈംഗിക ധാരണകള്‍, പരപീഡനത്തില്‍ ആഹ്ലാദം കണ്ടെത്തുന്ന മാനസികാവസ്ഥയിലേക്കും, ലൈംഗിക മനോരോഗങ്ങളിലേക്കും കുട്ടികളെ നയിക്കുന്നു. അതുകൊണ്ടുതന്നെ മുതിര്‍ന്നുവരുമ്പോള്‍ അവരുടെ ദാമ്പത്യ ജീവിതവും തൃപ്തികരമാകാനിടയില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വികലവും പ്രകൃതി വിരുദ്ധവുമായ ലൈംഗിക അഭിരുചികളുമായി പൊരുത്തപ്പെടാന്‍ ഇവരുടെ ജീവിതപങ്കാളിക്ക് കഴിയണമെന്നില്ല. തത്ഫലമായി കുടുംബ ജീവിതം തകരുന്നു. കേരളത്തില്‍ വര്‍ധിച്ചു വരുന്ന വിവാഹ മോചനങ്ങള്‍ക്ക് ഒരു പ്രധാന കാരണം ദമ്പതികള്‍ക്കിടയിലെ ലൈംഗിക ജീവിതത്തിലെ അസംതൃപ്തിയാണെന്ന കണ്ടെത്തല്‍ ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.
കുറ്റവാസനയും അക്രമോത്സുകതയുമുള്ള പുരുഷന്റെ അനിയന്ത്രിത ലൈംഗിക ദാഹം ബലാല്‍സംഗത്തിലേക്കും മറ്റു ലൈംഗിക പീഡനങ്ങളിലേക്കും നയിക്കുന്ന ഘടകമാണ്. മക്കളെപ്പോലും കാമദാഹത്തിന് ഇരയാക്കുന്ന മൃഗതുല്യരായ പിതാക്കളെ സൃഷ്ടിക്കുന്നതില്‍ ഇന്റര്‍നെറ്റ് അശ്ലീലത്തിന് വലിയ പങ്കുണ്ട്.
ബ്ലൂഫിലിം സിഡികളിലും ഇന്റര്‍നെറ്റിലും സ്ഥിരമായി ലൈംഗിക വൃത്തികേടുകള്‍ ആസ്വദിക്കുന്നത് കൗമാരക്കാരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ശരീരത്തെയും മനസ്സിനെയും ഒരുപോലെ ക്ഷീണിപ്പിക്കുന്ന ലൈംഗിക ദുശ്ശീലങ്ങളില്‍ ഇവര്‍ ആനന്ദം കണ്ടെത്തുന്നു. പെണ്‍കുട്ടികളെയും സ്ത്രീകളെയും കാമാതുരമായ കണ്ണോടെ മാത്രം കാണുകയും ലൈംഗിക താല്‍പര്യത്തോടെ സമീപിക്കുകയും ചെയ്യുന്ന വികല മനസ്സിന്റെ ഉടമകളായി ഈ കുട്ടികള്‍ മാറുന്നു. തന്മൂലം ആരോഗ്യകരമായ ഒരു ആണ്‍-പെണ്‍ സൗഹൃദം പോലും ഇവര്‍ക്ക് വളര്‍ത്തിയെടുക്കാന്‍ കഴിയുന്നില്ല.
വായ്‌നോക്കികളായും പൂവാലന്മാരായും ടോയ്‌ലറ്റില്‍ ഒളിക്യാമറ സ്ഥാപിക്കുന്നവരായും ടോയ്‌ലറ്റ് ചുമരുകളില്‍ അശ്ലീല സാഹിത്യങ്ങള്‍ എഴുതുന്നവരായും മാറി, സ്ത്രീകളുടെ സ്വകാര്യ ജീവിതത്തിന് ശല്യം ചെയ്യുന്ന സാമൂഹ്യ ദ്രോഹികള്‍ ഇത്തരം കുട്ടികളാണെന്ന് കാണാം. പെണ്‍വാണിഭത്തിന്റെ വിവിധ കച്ചവട മേഖലകളില്‍ കൂട്ടിക്കൊടുപ്പുകാരായും, ഏജന്റുമാരായും പ്രവര്‍ത്തിക്കുന്നത് ഇത്തരം വ്യക്തികളാണ്. അശ്ലീല സാഹിത്യ പ്രസിദ്ധീകരണങ്ങളുടെയും നീലച്ചിത്ര സീഡികളുടെയും നിര്‍മാതാക്കളും വില്‍പനക്കാരായും മാറുന്നതും ഇവരാണ്.
ആഗ്രഹങ്ങളെയും ആസക്തികളെയും നിയന്ത്രിക്കാന്‍ പ്രാപ്തമായ സാമൂഹിക ബോധം ഉറക്കാത്ത പ്രായമാണ് കൗമാരം. കുട്ടികളില്‍ കാണുന്ന സ്വഭാവ മാറ്റങ്ങള്‍ ശ്രദ്ധിക്കേണ്ടതും അപകടങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതും കുട്ടികളെ ഇന്റര്‍നെറ്റ് ദുരുപയോഗത്തില്‍ നിന്ന് രക്ഷിക്കുന്നതിന് സഹായിക്കും.
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടിയുടെ മുറിയിലേക്ക് മറ്റാരെങ്കിലും കടന്നു ചെല്ലുമ്പോള്‍, കുട്ടി പെട്ടെന്ന് സെറ്റ് ക്ലോസ് ചെയ്യുന്നുവെങ്കില്‍ സംശയിക്കാന്‍ വകയുണ്ട്. തുറന്നിട്ട മുറിയില്‍ പരസ്യമായി കമ്പ്യൂട്ടര്‍ ഉപയോഗിച്ച കുട്ടി പെട്ടെന്ന് ഒരു ദിവസം മുതല്‍ മുറി പൂട്ടിയാണ് ഇന്റര്‍നെറ്റ് കാണുന്നതെങ്കിലും ജാഗ്രത പാലിക്കേണ്ടതുണ്ട്. നന്നായി പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടി, പഠനത്തില്‍ മോശമായാല്‍ രക്ഷിതാക്കള്‍ സൂക്ഷിക്കേണ്ടതുണ്ട്. കൂട്ടുകാരുമായുള്ള ചങ്ങാത്തവും, മറ്റ് വിനോദങ്ങളും ഒഴിവാക്കി സദാസമയവും കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്ന സ്വഭാവം തുടങ്ങിയാലും കുട്ടികളെ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഇന്റര്‍നെറ്റ് അശ്ലീലത്തിന് അടിമപ്പെടുന്ന കുട്ടികള്‍ നേരത്തെ ഇല്ലാത്ത ചീത്ത പെരുമാറ്റ ദൂഷ്യങ്ങള്‍ കാണിക്കുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും ലൈംഗിക കാര്യങ്ങളില്‍ അമിതമായ താല്‍പര്യം കാണിക്കുകയും ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഏതു കാര്യവും അറിയാനുള്ള അമിതമായ ആകാംക്ഷയുടെയും ജിജ്ഞാസയുടെയും ജീവിത കാലഘട്ടമാണ് കൗമാരം. ചില വികൃതികളും ഈ പ്രായത്തിന്റെ ലക്ഷണമാണ്. അതുകൊണ്ടു തന്നെ, പരിശോധനകളും പരിഷ്‌കരണങ്ങളും കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്ന തരത്തില്‍ ആവരുത്. കുട്ടി ഇന്റര്‍നെറ്റ് അശ്ലീലം കാണുന്നതായി ബോധ്യപ്പെട്ടു കഴിഞ്ഞാല്‍, കുട്ടിയെ 'പോലീസ് മുറ'യില്‍ ചോദ്യം ചെയ്യുകയോ കുറ്റപ്പെടുത്തുകയോ ശിക്ഷിക്കുകയോ ചെയ്യരുത്. കമ്പ്യൂട്ടറില്‍ ഇന്റര്‍നെറ്റ് സൗകര്യം വിച്ഛേദിക്കുന്നതും പരിഹാരമല്ല. പരീക്ഷകള്‍ക്കും തൊഴിലന്വേഷണങ്ങള്‍ക്കും മറ്റുമായി ഓണ്‍ലൈന്‍ വഴി വിവരം ശേഖരിക്കുന്ന കൗമാരക്കാരായ കുട്ടികള്‍ 47 ശതമാനം വരുമെന്നാണ് 'മെക് അഫീ' റിപ്പോര്‍ട്ടില്‍ പറയുന്നത്. അതുകൊണ്ടു തന്നെ, അറിവിന്റെ അനന്ത സാധ്യതകള്‍ തുറന്ന് തരുന്ന ഇന്റര്‍നെറ്റ് എന്ന ആധുനിക മാധ്യമത്തെ ആശ്രയിക്കുന്നത് കുറ്റകരമായ അപരാധമെന്ന ധാരണ കുട്ടികളില്‍ ഉണ്ടാക്കാതിരിക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇന്റര്‍നെറ്റ് ദുരുപയോഗത്തിന്റെ അപകടങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞ് മനസ്സിലാക്കുകയാണ് വേണ്ടത്. അവരുടെ രക്ഷക്കും നന്മക്കും വേണ്ടിയാണെന്ന ബോധ്യമുണര്‍ത്തി കുട്ടികളെ വിശ്വാസത്തിലെടുക്കേണ്ടതും പ്രധാനമാണ്.
കുട്ടികളുടെ ഇന്റര്‍നെറ്റ് ദുരുപയോഗത്തെക്കുറിച്ച് 75 ശതമാനം രക്ഷിതാക്കള്‍ക്കും അറിവില്ലെന്നാണ് 'മെക് അഫീ' റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. 79 ശതമാനം രക്ഷിതാക്കളും കുട്ടികളെ വിശ്വസിക്കുന്നവരുമാണ്. കമ്പ്യൂട്ടറില്‍ കുട്ടികള്‍ എന്ത് ചെയ്യുന്നു എന്ന് മനസ്സിലാക്കാനുള്ള സാങ്കേതിക വിവരം 61 ശതമാനം രക്ഷിതാക്കള്‍ക്കുമില്ല. 53 ശതമാനം രക്ഷിതാക്കള്‍ക്കും കുട്ടികളെ നിരീക്ഷിക്കാന്‍ നേരമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രക്ഷിതാക്കളുടെ വിശ്വാസവും അറിവില്ലായ്മയും നേരക്കുറവും മുതലെടുത്താണ് മിക്ക കുട്ടികളും ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യുന്നത്. ബ്രൗസിംഗ് ഹിസ്റ്ററി മായ്ച്ച് കളഞ്ഞും പ്രൈവസി സെറ്റിംഗുകള്‍ ഇഷ്ടപ്രകാരം സെറ്റ് ചെയ്തും വ്യാജ അക്കൗണ്ടും ഐ.ഡിയും ഉപയോഗിച്ചുമാണ് കൗമാരക്കാര്‍ ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യുന്നത.് രക്ഷിതാക്കള്‍ കമ്പ്യൂട്ടര്‍ സാക്ഷരത നേടേണ്ടതും കുട്ടികളെ നിരീക്ഷിക്കാന്‍ സമയം കണ്ടെത്തേണ്ടതും അത്യാവശ്യമാണ്.
ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ധാര്‍മികവും സാന്മാര്‍ഗികവും സദാചാരപരവുമായ ഒരു സംസ്‌കാരം വീട്ടില്‍ വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. മാതാപിതാക്കള്‍ നീലച്ചിത്രങ്ങള്‍ കാണുന്നത് അവരറിയാതെ കണ്ട് വളര്‍ന്നതാണ് തന്നെ കുറ്റകൃത്യത്തിലേക്ക് നയിച്ച കാരണമെന്ന്, ഇടുക്കി ജില്ലയില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ നാലാം ക്ലാസ് വിദ്യാര്‍ഥി പോലീസിനോട് പറയുകയുണ്ടായി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ കുട്ടികള്‍ക്ക് നല്ല വഴികാട്ടികളാവാന്‍ അച്ഛനമ്മമാര്‍ക്ക് കഴിയണം.
അശ്ലീല പുസ്തകങ്ങള്‍ക്കും അശ്ലീല വെബ്‌സൈറ്റുകള്‍ക്കും അടിമപ്പെടുന്ന കുട്ടികളെ കുറ്റപ്പെടുത്തുകയോ ശിക്ഷിക്കുകയോ അല്ല, മറിച്ച് ഇത്തരം കുട്ടികളുമായി സുദൃഢമായ ആത്മബന്ധം സ്ഥാപിച്ച് നിരന്തരമായ ബോധവല്‍ക്കരണത്തിലൂടെ അവരില്‍ സ്വഭാവ പരിവര്‍ത്തനം നടത്തുകയാണ് വേണ്ടത്. അതിന് രക്ഷിതാക്കള്‍ ആവശ്യമെങ്കില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെയും കൗണ്‍സിലര്‍മാരുടെയും മനഃശാസ്ത്രജ്ഞരുടെയും സഹായം തേടേണ്ടതുമുണ്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top