സ്ത്രീ കൂട്ടായ്മകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം

നീല സ്വര്‍ണമെന്നറിയപ്പെട്ട ജലം ഭൂമുഖത്തുനിന്ന് കാണെക്കാണെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇനിയൊരു യുദ്ധമുണ്ടാവുകയാണെങ്കില്‍ അത് വെള്ളത്തിനു വേണ്ടിയായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പുനല്‍കിയിട്ടുമുണ്ട്. ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിന്നാധാരമായ വെള്ളത്തിന്റെ ഉറവകള്‍ ഭൂമിയുടെ മാറില്‍ നിന്നും കിനിഞ്ഞ് വരാത്തതിനാല്‍ ദുരിതമനുഭവിക്കുന്നവരാണ് നമ്മുടെ നാട്ടില്‍ ഏറെ പേരും. എന്നാല്‍ അതിനെക്കാള്‍ വലിയൊരു ദുരിതം നാം അനുഭവിക്കുന്നുണ്ട്, അത് നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്ന മറ്റൊരു 'വെള്ള'ത്തിന്റെ പേരിലാണ്. മദ്യമെന്ന ആ വെള്ളമാണ് നാട്ടില്‍ നടക്കുന്ന സകല അതിക്രമത്തിനും പിന്നിലെന്ന് തെളിവെള്ളം പോലെ വ്യക്തമാണ്. മദ്യത്തിനെതിരെ ശക്തമായ നിലപാടെടുത്ത സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെയും മതത്തിന്റെയും അനുയായികളാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. നാട്ടില്‍ അരാജകത്വത്തിനും കുടുംബശൈഥില്യത്തിനും കാരണമായ മദ്യത്തിനെതിരെ അവരാരും ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, വിദേശമദ്യമടക്കമുള്ള ലഹരികള്‍ സുലഭമായി കിട്ടുന്ന തരത്തില്‍ ഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഗ്രാമങ്ങളിലടക്കം തുറന്നിട്ടുകൊടുത്ത ഷാപ്പുകളില്‍ ലഹരി നുണയാന്‍ എത്തുന്നത് കൗമാരക്കാരടക്കമുള്ളവരാണ്.
കുടുംബത്തിനകത്തും സമൂഹത്തിലും മദ്യപാനികളുയര്‍ത്തുന്ന സാമൂഹ്യ-സദാചാര-ആരോഗ്യ പ്രശ്‌നങ്ങളെ ഇനിയും കാണാതിരുന്നുകൂടാ. മാറിമാറി വരുന്ന സര്‍ക്കാറിന്റെ മുന്നിലെ മുഖ്യവരുമാന മാര്‍ഗം മദ്യത്തില്‍ നിന്നുള്ളതാണ്. അയ്യായിരത്തില്‍ പരം കള്ളുഷാപ്പുകളും ഇരുനൂറോളം ബിയര്‍ പാര്‍ലറുകളും മുന്നൂറിലധികം വിദേശ മദ്യഷാപ്പുകളും എഴുനൂറോളം ബാറുകളും ഇന്ന് കേരളത്തിലുണ്ട്. കൂടാതെ സര്‍ക്കാറിന്റെയും തദ്ദേശ സ്വയംഭരണ മേധാവികളുടെയും ഒത്താശയോടെ ഓരോ ജില്ലയിലും ബീവറേജ് ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ച് വിദ്യാര്‍ഥികളെയും വൃദ്ധരെയും ഒന്നടങ്കം മദ്യാസക്തരായി വളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഗ്രാമപഞ്ചായത്ത് നഗരപാലികാ ബില്ലിലെ 232, 447 വകുപ്പ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അധികാരമുപയോഗിച്ച് എട്ട് പഞ്ചായത്തുകളിലും രണ്ട് നഗരസഭയിലും ഒരു കോര്‍പറേഷനിലും ഏതാനും ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാനുളള തീരുമാനം പുതുതായി ഉണ്ടായിട്ടുണ്ട്. അതില്‍ കോഴിക്കോട് കോര്‍പറേഷന്‍ തീരുമാനത്തെ കടുത്ത ജനകീയ നീക്കങ്ങള്‍ കൊണ്ട് ഇല്ലാതാക്കാനായി.
വിവിധ മദ്യവര്‍ജന സന്നദ്ധ സമിതികളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും കൈയിലെ ഏകദേശ കണക്കുപ്രകാരം അറുപത്താറ് ലക്ഷത്തിലധികം മുഴു കുടിയന്മാരുണ്ടിവിടെ. അതില്‍ പതിനെട്ട് ലക്ഷത്തിലധികവും മദ്യം കിട്ടിയില്ലെങ്കില്‍ പ്രശ്‌നം ഉണ്ടാക്കുന്ന തരത്തില്‍ മദ്യാസക്തരാണ്. 2013-2014-ലെ പൊതു ബജറ്റില്‍ മദ്യത്തിന്റെയും സിഗരറ്റിന്റെയും നികുതി കൂട്ടി എന്നല്ലാതെ ഫലപ്രദവും ഗുണപരവുമായ മദ്യവര്‍ജന നടപടികളൊന്നും തന്നെയില്ല. മദ്യാസക്തിക്കെതിരെ ബോധവത്ക്കരിക്കാനും മദ്യത്തിനടിപ്പെട്ടവരെ ചികിത്സിക്കാനും എല്ലാ സര്‍ക്കാര്‍ ആശുപത്രികളോടും അനുബന്ധിച്ച് ഡി അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കാനുമുള്ള സംഖ്യ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. നമ്മുടെ നാട്ടിലെ കുടിയന്മാരുടെ ഏകദേശ കണക്ക് പ്രകാരം കേരളത്തില്‍ ഇരുപത് ലക്ഷം ലിറ്ററെങ്കിലും മദ്യം പ്രതിദിനം വേണ്ടിവരുമെങ്കിലും ആറോ എട്ടോ ലക്ഷം ലിറ്റര്‍ മാത്രമാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. ബാക്കിയത്രയും കലക്കാണ്. മദ്യമെന്ന വിഷവും അതില്‍ ചേര്‍ക്കുന്ന മറ്റനേകം വിഷങ്ങളും കുടിച്ച് എല്ലാ നിലക്കും രോഗാതുരമാവുന്ന ഒരു സമൂഹത്തെ രക്ഷിച്ചെടുക്കാന്‍ മദ്യം മുഖ്യവരുമാനമായി കാണുന്ന സര്‍ക്കാറുകള്‍ വരില്ല.
സമൂഹത്തിന്റെ അധഃപതനത്തിന് വഴിയൊരുക്കുന്ന ഈ തിന്മ തടയാന്‍ മതരാഷ്ട്രീയ സാമൂഹിക ചിന്തകള്‍ക്കതീതമായി പൊതുനന്മ ലക്ഷ്യം വെക്കുന്നവരുടെ മാത്രം ബാധ്യതയാണ്. ഇതിന് മുന്‍കൈ എടുക്കേണ്ടതും നേതൃത്വം നല്‍കേണ്ടതും അണിനിരക്കേണ്ടതും സ്ത്രീ വര്‍ഗത്തിന്റെ എറ്റവും വലിയ ഉത്തരവാദിത്തമാണ് 'മദ്യം എല്ലാ തിന്മകളുടെയും മാതാവാണെന്നും മദ്യപാനി, സ്വന്തം മാതാവിനെയും മാതൃസഹോദരിയെയും പിതൃസഹോദരിയെയുമെല്ലാം പ്രാപിക്കാന്‍ ഇടയുണ്ടെന്നു'മുള്ള ദൈവദൂതന്റെ മുന്നറിയിപ്പ് പുലര്‍ന്നുകൊണ്ടിക്കെ വിശേഷിച്ചും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top