ആ തറവാട്ടിലിന്നും സുശീലാമ്മയുണ്ട്‌

സുജിത മേലഴിയം (സാഫി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി, വാഴയൂര്‍) No image

നിളാതീരത്തെ പാലക്കാടന്‍ ഗ്രാമമായ ആനക്കരയിലെ വടക്കത്തു തറവാട്. ഒരുപാട് പ്രതിഭകളെ ഭാരതത്തിന് സംഭാവന ചെയ്യാന്‍ ഈ തറവാടിനു കഴിഞ്ഞു. ക്യാപ്റ്റന്‍ ലക്ഷ്മിയും, കുട്ടിമാളുവമ്മയും, അമ്മു സ്വാമിനാഥനും, മൃണാളിനി സാരാഭായിയുമെല്ലാം ഈ തറവാട്ടില്‍ നിന്നും വന്നവരാണ്. ജീവിതത്തിന്റെ ഒരു പങ്ക് ഇവിടെ ചെലവിട്ടവരാണ്.
സന്ദര്‍ശകരെ സ്വീകരിക്കാനും തറവാടിന്റെ ചരിത്രത്താളുകള്‍ കാത്തുസൂക്ഷിക്കുവാനും അവിടെയിപ്പോള്‍ നവതി കഴിഞ്ഞ സുശീലാമ്മയുണ്ട്. വിദ്യാഭ്യാസ കാലത്ത് 'ക്വിറ്റ് ഇന്ത്യ' സമരത്തില്‍ പങ്കെടുത്തതിന് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട് അവര്‍. സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങളിലും, സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു സുശീലാമ്മ. വാര്‍ധക്യ സഹജമായ രോഗങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും വീര്യം ചോര്‍ന്നുപോകാത്ത മനസ്സില്‍ ഇന്നും ക്യാപ്റ്റന്‍ ലക്ഷ്മിയുടെയും കുട്ടിമാളുവമ്മയുടെയും ധീരമായ പ്രവര്‍ത്തനങ്ങളും, അമ്മുസ്വാമിനാഥന്റെ ഫലവത്തായ സാമൂഹ്യ സേവനവും മൃണാളിനി സാരാഭായിയുടെയും മല്ലികാ സാരാഭായിയുടെയും നൃത്തച്ചുവടുകളും നിറഞ്ഞു നില്‍ക്കുന്നു.
വിദ്യാഭ്യാസ കാലത്തുതന്നെ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ സജീവമായിരുന്നു. അമ്മ വിദ്യാഭ്യാസം സ്വായത്തമാക്കിയ ആനക്കരയിലെ സ്വാമിനാഥ വിദ്യാലയത്തിലേക്ക് ഹെഡ്മാസ്റ്ററുടെ കൈയില്‍ തൂങ്ങി നടന്നത് ഇപ്പോഴും മനസ്സിലുണ്ട്. തോടുകളും വയല്‍വരമ്പുകളും പിന്നിട്ട് കുമരനെല്ലൂരിലൂടെയുള്ള കാല്‍നടയാത്ര ഇന്നും ഹരമാണിവര്‍ക്ക്. പുതുതലമുറയുടെ തിരക്കുകള്‍ക്കിടയില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അനുഭവങ്ങളെക്കുറിച്ച് ഈ അമ്മക്ക് ആവലാതിയാണ്.
എസ്.എസ്.എല്‍.സി ഒന്നാം ക്ലാസോടെ പാസായ ശേഷം മദ്രാസിലുള്ള ചെറിയമ്മ അമ്മുസ്വാമിനാഥന്റെ കൂടെയായി താമസം. അക്കാലത്താണ് വെല്ലിംഗ്ടണ്‍ കോളേജില്‍ ബി.എഡ്ഡിന് ചേര്‍ന്നത്. ബ്രിട്ടീഷുകാരോടുള്ള രോഷം ഗാന്ധിജിയുടെ നേതൃത്വത്തില്‍ ക്വിറ്റ് ഇന്ത്യാ സമരമായി അരങ്ങേറിയപ്പോള്‍ സുശീലാമ്മ വിദ്യാര്‍ഥിനിയായിരിക്കെ തന്നെ അതില്‍ പങ്കാളിയായി. ഇതുതന്നെയായിരുന്നു അവരുടെ രാഷ്ട്രീയത്തിലേക്കുള്ള ആദ്യത്തെ കാല്‍വെപ്പും. ക്വിറ്റ് ഇന്ത്യാ സമരത്തെ തുടര്‍ന്ന് മൂന്ന് മാസം വെല്ലൂര്‍ ജയിലില്‍ അറസ്റ്റിലായി. അവിടെയും ഒരു കൂട്ടായ്മക്ക് രൂപം കൊടുത്തു. അതിലേക്ക് സാന്ത്വനമെന്നോണം വൈകാതെ തന്നെ ചെറിയമ്മ അമ്മുസ്വാമിനാഥനും എത്തിച്ചേര്‍ന്നു.
ജയില്‍വാസം കഴിഞ്ഞ് തിരിച്ചെത്തിയ സുശീലാമ്മ കോണ്‍ഗ്രസ്സ് പ്രവര്‍ത്തനത്തില്‍ സജീവമായി. അക്കാലത്ത് അഛന്‍ എ.വി ഗോപാലമേനോന്‍ കോണ്‍ഗ്രസ്സ് പ്രസിഡണ്ടായിരുന്നു. കൊച്ചി, മലബാര്‍ മേഘലകളില്‍ സഞ്ചരിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. അഛന്റെ സഹായത്തോടെ 'ചര്‍ക്ക' എന്ന ആശയം സമൂഹത്തിനു മുന്നില്‍ പരിചയപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. നാലു ചുമരുകള്‍ക്കുള്ളില്‍ തഴഞ്ഞിട്ട സ്ത്രീ ജീവിതങ്ങളെ മുന്‍നിരയിലേക്കിറക്കാന്‍ ചര്‍ക്ക ഏറെ സഹായകമാകുമെന്ന് മനസ്സിലാക്കിയ അവര്‍ തന്റെ പ്രയത്‌നങ്ങളില്‍ വിജയം കണ്ടെത്തുക തന്നെ ചെയ്തു.
ജീവിതത്തിലെ മറക്കാനാവാത്ത സന്തോഷങ്ങള്‍ പങ്കുവെക്കുമ്പോള്‍ അവര്‍ കുളിര്‍കൊണ്ടു; മദ്രാസില്‍ ഹിന്ദി പ്രചാരസഭയെ അഭിമുഖീകരിക്കാന്‍ ഗാന്ധിജിയെത്തിയപ്പോള്‍ നേരില്‍കണ്ട് സംസാരിക്കാന്‍ കഴിഞ്ഞു. അന്ന് ഗാന്ധിജി നല്‍കിയ പ്രചോദനം ഇന്നും മനസ്സിലുണ്ട്.
1947-ലാണ് എഴുത്തുകാരനും സ്വാതന്ത്ര്യ സമരകാലത്തെ സഹപ്രവര്‍ത്തകനുമായിരുന്ന ടി.വി കുഞ്ഞികൃഷ്ണനെ വിവാഹം കഴിക്കുന്നത്. ജയില്‍വാസമനുഭവിക്കുമ്പോള്‍ കൂടെയുണ്ടായിരുന്നെങ്കിലും അന്ന് അടുത്ത പരിചയമുണ്ടായിരുന്നില്ല. മദ്രാസുകാരനായ അദ്ദേഹം കേരളത്തിലെത്തി സജീവ സമരപോരാളികളെയും ജയില്‍വാസം നടത്തിയവരെയും കുറിച്ച് അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് ആനക്കരയിലെ വടക്കത്ത് തറവാട്ടിലെ പോരാളികളെക്കുറിച്ചറിഞ്ഞ് അവിടെയുള്ള സുശീലാമ്മയെ ഭാര്യയായി സ്വീകരിച്ചത്.
മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി മദ്രാസില്‍ സ്ഥിരതാമസമാക്കിയെങ്കിലും സുശീലാമ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരശ്ശീല വീണിരുന്നില്ല. ഭര്‍ത്താവിന്റെ അനുകൂല സമീപനവും അദ്ദേഹം നല്‍കിയ പ്രചോദനവും ഉള്‍ക്കൊണ്ടായിരുന്നു പ്രവര്‍ത്തനങ്ങളിലേറെയും നടത്തിയിരുന്നത്.
വടക്കത്ത് തറവാട്ടിലെ ഒരു നീണ്ട നിരതന്നെ സമരരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരാണ്. സുശീലാമ്മയുടെ പിതാവ് എ.വി ഗോപാല മേനോന്‍ തികഞ്ഞ ഗാന്ധിയനായിരുന്നു. ''ആനക്കര ഗാന്ധി'' എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. എന്നിരുന്നാലും ചെറിയമ്മ അമ്മുസ്വാമിനാഥന്റെ കൈകളാലാണ് വടക്കത്തെ വിപ്ലവ വീര്യത്തിന് തിരികൊളുത്തപ്പെട്ടത്.
കുട്ടിമാളുവമ്മ, അമ്മുസ്വാമിനാഥന്‍, മക്കളായ ക്യാപ്റ്റന്‍ ലക്ഷ്മി, മൃണാളിനി സാരാഭായി എന്ന് തുടങ്ങി ചരിത്രത്താളുകളില്‍ ഇടം നേടിയ ധീര വനിതകളെ വാര്‍ത്തെടുക്കാനും ഒരുപാട് പ്രതിഭകളെ ഭാരതത്തിന് സംഭാവന ചെയ്യാനും കഴിഞ്ഞ തറവാട്ടിന്റെ പാരമ്പര്യ പ്രൗഢിയില്‍ സുശീലാമ്മക്ക് ഇപ്പോഴും അഭിമാനമാണ്. എങ്കിലും സ്വാതന്ത്ര്യാനന്തര ഇന്ത്യ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമൊത്ത് ഉയരാത്തതില്‍ നിരാശ തളം കെട്ടി നില്‍ക്കുന്നു ഈ മാതൃഹൃദയത്തില്‍. 'ഇങ്ങനെയാണെങ്കില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടേണ്ടായിരുന്നു' എന്നു പോലും അവര്‍ പ്രതികരിച്ചിട്ടുണ്ട്.
പങ്കുവെക്കാന്‍ ഓര്‍മയില്‍ തെളിയാത്ത ഒത്തിരി കാര്യങ്ങള്‍ ഇനിയുമുണ്ട്. എങ്കിലും വീര്യം ചോര്‍ന്നു പോകാത്ത തളരാത്ത വലിയ മനസ്സ് സുശീലാമ്മയില്‍ നമുക്ക് ദര്‍ശിക്കാനാവും. ആര്‍ക്കുമുമ്പിലും തുറന്നിട്ട വാതായനങ്ങളുമായി നിലകൊള്ളുന്ന വടക്കത്തു തറവാട്ടില്‍ ഇന്നും സുശീലാമ്മയുണ്ട്, പുതുതലമുറക്ക് ഊര്‍ജം പകരാനും അനുഭവങ്ങള്‍ പങ്കുവെക്കാനുമായി.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top