സ്വഫിയ്യ

ഷെമീന സമീര്‍ No image

ഇസ്‌ലാമിനുവേണ്ടി പോര്‍ക്കളത്തില്‍ ഇറങ്ങിയ വീരാംഗണനയാണ് അബ്ദുല്‍ മുത്ത്വലിബിന്റെ മകള്‍ സ്വഫിയ്യ. ഇസ്‌ലാം വിഭാവനം ചെയ്യുന്ന മുസ്‌ലിം സ്ത്രീകളുടെ ജീവിതം അടുക്കളയില്‍ പരിമിതമല്ലെന്നും വേണ്ടുന്ന ഘട്ടത്തില്‍ മതത്തെയും സമൂഹത്തെയും സേവിക്കാന്‍ അവര്‍ക്കു കഴിയുമെന്നും ഈ മഹതി തെളിയിച്ചു.
ഒരു മുശ്‌രിക്കിനെ കൊലപ്പെടുത്തിയ ആദ്യത്തെ സ്വഹാബി വനിത എന്നു ചരിത്രം രേഖപ്പെടുത്തിയ സ്വഫിയ്യ വിവേകവും അഭിപ്രായദാര്‍ഢ്യവും ലക്ഷ്യബോധവും കൊണ്ട് സമ്പന്നയായിരുന്നു. തിരുമേനിയുടെ പിതാമഹനായ അബ്ദുല്‍ മുത്ത്വലിബാണ് പിതാവ്. നബിയുടെ ഉമ്മയായ ആമിന ബിന്‍ത്ത് വഹബിന്റെ സഹോദരി ഹാല മാതാവും. ഉമയ്യ വംശത്തലവനായ അബൂസുഫ്‌യാനുബ്‌നു ഹര്‍ബിന്റെ സഹോദരന്‍ ഹാരിസായിരുന്നു അവരുടെ ആദ്യ ഭര്‍ത്താവ്. അയാളുടെ മരണ ശേഷം പ്രമുഖ അറബി വനിതയും നബി പത്‌നിയുമായ ഖദീജ ബിന്‍തു ഖുവൈലിദിന്റെ സഹോദരന്‍ അവ്വാം വിവാഹം ചെയ്തു. സുബൈറുബ്‌നു അവ്വാം അവരുടെ മകനാണ്.
ആയോധന വിദ്യയായിരുന്നു ഇസ്‌ലാമിനു മുമ്പുണ്ടായിരുന്ന പ്രധാന കല. അന്ന് ഒരാള്‍ക്ക് നേടാന്‍ കഴിയുന്ന ഏറ്റവും വലിയ യോഗ്യതയും അതു തന്നെ. മകന്‍ അവ്വാമിന് ബാലനായിരുന്നപ്പോള്‍ തന്നെ ആയോധനകലയില്‍ അവര്‍ പരിശീലനം നല്‍കി. ആല്‍പഘട്ടങ്ങളെ അഭിമുഖീകരിക്കുവാനും മകനെ അവര്‍ പരിശീലിപ്പിച്ചു.
സത്യബോധനം ചെവികൊണ്ടവരുടെ മുന്‍നിരയില്‍ സ്വഫിയ്യയുമുണ്ടായിരുന്നു. കുലീനതയോടൊപ്പം ഇസ്‌ലാമിന്റെ വീര്യവും കൂടിയായപ്പോള്‍ അവര്‍ പ്രസിദ്ധിയിലേക്ക് ഉയര്‍ന്നു.
ജീവിതത്തെ നൂതനമായ ദിവ്യധാരയിലേക്കു തിരിച്ചുവിട്ടതോടെ സ്വഫിയ്യയും യുവാവായ സുബൈറുബ്‌നുല്‍ അവ്വാമും ഖുറൈശികളുടെ മര്‍ദനങ്ങള്‍ക്കും വിരോധത്തിനും ഇരയായി. മദീനയിലേക്ക് ഹിജ്‌റ പോകാന്‍ തിരുമേനിക്കും അനുയായികള്‍ക്കും അനുമതി ലഭിച്ചപ്പോള്‍ ജന്മഭൂമിയോട് വിടപറഞ്ഞ് തന്റെ സത്യവിശ്വാസം കൊണ്ട് അല്ലാഹുവിലേക്കും റസൂലിലേക്കും പ്രയാണം ചെയ്തു.
പ്രായം അറുപതോടടുത്ത സമയത്തും ചരിത്രം എന്നും കൃതജ്ഞതയോടും അഭിമാനത്തോടും കൂടി സ്മരിക്കുന്ന വീരകൃത്യങ്ങള്‍ സമരരംഗത്ത് സ്വഫിയ്യ കാഴ്ചവെച്ചു. സന്ദര്‍ഭത്തിന്റെ ഗൗരവം മനസ്സിലാക്കി ധീരമായ നടപടികള്‍ സ്വീകരിക്കാനും ജീവന്‍ പണയപ്പെടുത്തിയും ഇസ്‌ലാമിനെ സേവിക്കാനും അവര്‍ കാണിച്ച തന്റേടം മനസ്സിലാക്കാന്‍ ഉഹുദ് യുദ്ധത്തിലെയും ഖന്‍ദഖ് യുദ്ധത്തിലെയും രംഗങ്ങള്‍ മതി.
ഉഹുദിലേക്ക് മുസ്‌ലിം സൈന്യത്തെ നയിക്കാന്‍ ഉണ്ടായിരുന്ന ചുരുക്കം ചില സ്ത്രീകളുടെ കൂട്ടത്തില്‍ സ്വഫിയ്യയുമുണ്ടായിരുന്നു. ദാഹിച്ച ഭടന്മാര്‍ക്ക് കുടിവെള്ളം കൊടുക്കുക, ഭടന്മാരെ ശുശ്രൂഷിക്കുക തുടങ്ങിയവയായിരുന്നു അവരുടെ ജോലി.
ഓര്‍ക്കാപുറത്താണ് അത് സംഭവിച്ചത്. അല്‍പം പേരൊഴിച്ച് മുസ്‌ലിംകള്‍ നബിതിരുമേനിയെ വിട്ട് ഓടിപ്പോയി. മുശ്‌രിക്കുകള്‍ തിരുമേനിയെ ലക്ഷ്യമാക്കി ഓടിയടുക്കുന്നത് സ്വഫിയ്യ കണ്ടു. അദ്ദേഹത്തെ കൊല്ലലാണ് ശത്രുക്കളുടെ ലക്ഷ്യം.
ആ രംഗം കണ്ട സ്വഫിയ്യ സന്ദര്‍ഭത്തിനൊത്തുയര്‍ന്നു. വെള്ളം നിറച്ച തോല്‍ സഞ്ചി താഴെയിട്ട് പിന്തിരിഞ്ഞോടുന്ന ഒരു ഭടന്റെ കുന്തം പിടിച്ചെടുത്ത് ഗര്‍ജിച്ചുകൊണ്ട് അവര്‍ യുദ്ധരംഗത്തേക്ക് കുതിച്ചു.
''ഛെ, ഭീരുക്കള്‍! അല്ലാഹുവിന്റെ ദൂതരെ വിട്ട് നിങ്ങള്‍ തോറ്റോടുന്നോ?'' അവരുടെ ചോദ്യം മുസ്‌ലിംകളുടെ പൗരുഷത്തെയും ആത്മാഭിമാനത്തെയും ഉദ്ദീപിപ്പിക്കാന്‍ പര്യാപ്തമായിരുന്നു.
സ്വഫിയ്യ കുന്തവുമായി ഓടിവരുന്നത് കണ്ട നബിക്ക് ഉത്കണ്ഠയായി. അവരുടെ സഹോദരന്‍ ഹംസ രക്തസാക്ഷിയായി യുദ്ധക്കളത്തില്‍ കിടക്കുന്നു. അദ്ദേഹത്തിന്റെ മൃതദേഹം ശത്രുക്കള്‍ കുത്തിക്കീറി വികൃതമാക്കിയിട്ടുണ്ട്. ആ രംഗം സ്വഫിയ്യ കാണേണ്ടെന്നു കരുതി മകന്‍ സുബൈറിനോട് നബി വിളിച്ചു പറഞ്ഞു. ''സുബൈര്‍, ആ സ്ത്രീയെ ശ്രദ്ധിക്കൂ.''
ഇതുകേട്ട് സുബൈര്‍ അവരുടെ അടുത്തേക്കു ചെന്ന് അഭ്യര്‍ഥിച്ചു. ''ഉമ്മ വിട്ടു നില്‍ക്കൂ. അങ്ങോട്ട് പോകരുത്.''
''എന്നെ തടയരുത് മാറി നില്‍ക്കൂ. നിനക്ക് ഉമ്മയില്ല.'' സ്വഫിയ്യ.
''മടങ്ങിപ്പോകാന്‍ അല്ലാഹുവിന്റെ റസൂല്‍ നിങ്ങളോട് കല്‍പിക്കുന്നു.'' സുബൈര്‍
എന്തിന്? എന്റെ സഹോദരനെ കൊന്ന് കുത്തിപ്പിളര്‍ന്നത് ഞാന്‍ അറിഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തിലാണ് അത് സംഭവിച്ചതെന്നും എനിക്കറിയാം- സ്വഫിയ്യ.
ഇത്രയുമായപ്പോള്‍ നബി ഇടപെട്ടു. ''സുബൈര്‍ അവരെ തടയേണ്ട വിട്ടേക്കൂ.''
യുദ്ധം നിലച്ചപ്പോള്‍ സ്വഫിയ്യ സഹോദരന്‍ ഹംസയുടെ മൃതദേഹത്തിനടുത്ത് ചെന്നു. ഭീകരമായ ആ കാഴ്ച അവരെ നടുക്കി. ഉദരം കുത്തിക്കീറി കരള്‍ മാന്തിയെടുത്തിരിക്കുന്നു. മൂക്കും കാതുകളും അരിഞ്ഞിട്ടിട്ടുണ്ട്. മുഖം വികൃതമായിക്കിടക്കുന്നു. അവര്‍ വേദന കടിച്ചിറക്കി. സാധാരണ സ്ത്രീകള്‍ ചെയ്യാറുള്ളതുപോലെ ബോധം കെട്ടു വീഴുകയോ മാറത്തടിച്ച് നിലവിളിക്കുകയോ ചെയ്തില്ല. സഹോദരന്റെ പാപമോചനത്തിനായി പ്രാര്‍ഥിക്കുകയും ചെയ്തു.
ഏക പുത്രനെ നല്ല നിലക്ക് വളര്‍ത്തിയെടുക്കുകയും സ്വസഹോദരന്റെ ദുരിത പൂര്‍ണമായ അന്ത്യത്തില്‍ ശ്ലാഘനീയമായ സഹനം കൈ ക്കൊള്ളുകയും പ്രതിസന്ധികളില്‍ ധൈര്യത്തോടും സമചിത്തതയോടും തന്റേടത്തോടും കൂടി പ്രവര്‍ത്തിക്കുകയും ചെയ്ത മാതൃക, സ്വഹാബി വനിത സ്വഫിയ്യ ബിന്‍തു അബ്ദുല്‍ മുത്ത്വലിബ്. ഒരു കവയിത്രി കൂടിയായ സ്വഫിയ്യയുടെ നബിയെക്കുറിച്ചുള്ള വിലാപ കവിത പ്രസിദ്ധമാണ്.
ഉമറുല്‍ ഫാറൂഖിന്റെ ഖിലാഫത്ത് കാലത്ത് ഹിജ്‌റ ഇരുപതിലാണ് അവര്‍ ഇഹലോകവാസം വെടിഞ്ഞത്. ഉമറിന്റെ നേതൃത്വത്തില്‍ നമസ്‌കരിച്ച ശേഷം മയ്യിത്ത് ബഖീളയില്‍ അടക്കം ചെയ്തു. മരിക്കുമ്പോള്‍ എഴുപതിലേറെ പ്രായമുണ്ടായിരുന്നു ഈ മഹതിക്ക്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top