ആര് നല്‍കും നിശബ്ദ സേവനത്തിനുള്ള പ്രതിഫലങ്ങള്‍?

ഖാസിദ കലാം No image

വീട്ടമ്മ, കുടുംബിനി, ഗൃഹനാഥ എന്നൊക്കെ നമ്മുടെ ഭാഷയിലും ഹൗസ് വൈഫ്, ഹോം മെയ്ക്കര്‍ എന്നൊക്കെ സായിപ്പിന്റെ ഭാഷയിലും പറയപ്പെടുന്ന ഒരുവിഭാഗമുണ്ട് നമ്മുടെ നാട്ടില്‍. ഇവര്‍ ചെയ്യുന്ന ജോലിയെക്കുറിച്ചും അതിനവര്‍ക്ക് കൊടുക്കേണ്ട കൂലിയെപ്പറ്റിയും ചര്‍ച്ചകള്‍ സജീവമാകുകയാണിന്ന്. വീട്ടമ്മമാര്‍ക്ക് ഭര്‍ത്താക്കന്മാര്‍ മാസശമ്പളം കൊടുക്കണം എന്ന നിയമം കൊണ്ടുവരാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. വീട്ടമ്മമാര്‍ക്ക് പെന്‍ഷനോ ക്ഷേമനിധിയോ ഏര്‍പ്പെടുത്തണമെന്ന് വനിതാസംഘടനകള്‍, തല്‍ക്കാലം അത്തരം കാര്യം പരിഗണനയിലില്ലെന്ന് കേരള സര്‍ക്കാര്‍, നിയമം കൊണ്ടുവരേണ്ടത് സര്‍ക്കാര്‍ ആയതിനാല്‍ തങ്ങള്‍ക്കതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന ഹൈക്കോടതി... കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് മുന്നോട്ടു പോകുന്നത്.
വീട്ടമ്മമാര്‍ക്ക് മാസശമ്പളമെന്ന പദ്ധതി കേന്ദ്ര സര്‍ക്കാരിന്റേതാണ്. കേന്ദ്ര വനിതാ-ശിശുക്ഷേമ വികസന മന്ത്രി കൃഷ്ണ തിരാത്തിന്റെതാണ് ഈ ആശയം. 2012 സെപ്തംബര്‍ 17,18 തീയതികളിലായി സംസ്ഥാന മന്ത്രിമാരുടെ യോഗത്തിലാണ് ഈ ആശയം അവര്‍ പ്രഖ്യാപിച്ചത്. അതുപ്രകാരം വീട്ടമ്മമാരുടെ വേതനം നിശ്ചയിക്കാനാരംഭിച്ച സര്‍വേ ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. സര്‍വേയുടെ അടിസ്ഥാനത്തില്‍ കരടുരേഖ തയ്യാറാക്കി പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്കെടുക്കും. ഇതിനെല്ലാം പറഞ്ഞ കാലാവധി ആറുമാസമാണ്. അതിനാല്‍ അടുത്തുതന്നെ ഒരു പുതിയ നിയമം വരും. ഈ നിയമപ്രകാരം ഭാര്യക്ക് ഭര്‍ത്താവ് മാസം ശമ്പളം കൊടുക്കണം. അതും വരുമാനത്തിന്റെ 10-20 ശതമാനം.
സംശയങ്ങള്‍ ഒരുപാടാണ്... വീട്ടിലെ ജോലി മുഴുവന്‍ പേറുന്ന സ്ത്രീ, ഭാര്യ തന്നെ ആയിരിക്കുമോ?, അവള്‍ അമ്മയായിക്കൂടെ? അമ്മക്ക് മക്കള്‍ മാസം ശമ്പളം കൊടുക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടോ? വിവാഹം അകന്നുമാറിനിന്ന അമ്മായിക്ക് ആര് ശമ്പളം കൊടുക്കും? അവരല്ലേ വീട്ടുജോലി മുഴുവനും എടുക്കുന്നത്? ഭര്‍ത്താവു മരിച്ച് സ്വന്തം വീട്ടില്‍ തിരിച്ചെത്തിയ പെങ്ങളാണ് വീട്ടുജോലി ചെയ്യുന്നതെങ്കില്‍ അവള്‍ക്കാര് ശമ്പളം നല്‍കും? ഭര്‍ത്താവ് അസുഖബാധിതനായി ജോലിക്ക് പോകാന്‍ പറ്റാത്ത അവസ്ഥയിലുള്ളവനാണെങ്കില്‍ ഭാര്യക്ക് ആര് ശമ്പളം കൊടുക്കും? എത്ര മണിക്കൂറാണ് ജോലി സമയം? വേതനത്തിനൊപ്പം ലീവ്, ഒഴിവുദിവസം എന്നിവകൂടി ലഭിക്കുമോ?
നിയമം കൊണ്ട് ഇവിടെ എന്തെങ്കിലും, എന്നെങ്കിലും നേരെയായിട്ടുണ്ടോ? പുരുഷാധിപത്യം നിലനില്‍ക്കാത്ത എത്ര ശതമാനം വീടുകളുണ്ട് നമ്മുടെ നാട്ടില്‍? തന്റെ ശമ്പളം കൃത്യമായി ഭാര്യയെ ഏല്‍പ്പിച്ച് വട്ടച്ചെലവിന് അവളോട് ചോദിച്ചു വാങ്ങുന്നവരും നമ്മുടെ ഇടയിലുണ്ടെന്ന സത്യം വിസ്മരിക്കുന്നില്ല. ഭാര്യക്കു കൂടി ജോലിയുണ്ടെങ്കിലും ഇല്ലെങ്കിലും പരസ്പരം ചര്‍ച്ച ചെയ്ത് കുടുംബത്തിന്റെ വരവ് ചെലവുകള്‍ നടത്തുന്നവരുമുണ്ട്. ഇവരെല്ലാം എണ്ണത്തില്‍ കുറവാണ്. എന്നാല്‍, ഒറ്റ പൈസ ഭാര്യക്കു കൊടുക്കുകയുമില്ല, ഒരു കണക്കും ബോധിപ്പിക്കുകയുമില്ല, അഞ്ചുപൈസയ്ക്കായി പത്തുതവണയെങ്കിലും താണുകേണു പറഞ്ഞാലായിരിക്കും മനസ്സലിയുക, ജോലിയുള്ളവളാണെങ്കില്‍ അവളുടെ വരുമാനം കൂടി പിടിച്ചുവാങ്ങി കീശയിലിട്ട് ഗമയിലങ്ങനെയിരിക്കും- ഇങ്ങനെയുള്ള വലിയ ഒരു വിഭാഗവുമുണ്ട് നമുക്ക് ചുറ്റും. ഇവരുടെ ഇടയിലേക്ക് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നിട്ട് എന്തെങ്കിലും കാര്യമുണ്ടോ എന്നുപോലും അധികാരികള്‍ ആലോചിച്ചില്ലല്ലോ? ഭാര്യയെ തൊഴിലാളിയും ഭര്‍ത്താവിനെ മുതലാളിയുമാക്കുന്ന നിയമം വിവാഹമെന്ന കരാറിനെ പരിഹസിക്കുക കൂടിയല്ലേ?
ഇനി ഇങ്ങനെ ഭാര്യക്ക് ഭര്‍ത്താവ് ശമ്പളം കൊടുക്കുകയാണെങ്കില്‍, അവള്‍ വെച്ചുണ്ടാക്കിയ ആഹാരം അവള്‍ക്ക് കഴിക്കണമെങ്കില്‍ അങ്ങോട്ട് കാശു കൊടുക്കേണ്ടി വരില്ലേ? ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക്, അയാള്‍/അവള്‍ ചെയ്യുന്ന ജോലിക്കുള്ള കൂലി ലഭിക്കും. പക്ഷേ, ആ ഫാക്ടറിയില്‍ നിന്നുല്‍പാദിപ്പിക്കുന്ന ഉല്‍പന്നം കാശ് കൊടുത്ത് വാങ്ങേണ്ടിവരുമെന്നു മാത്രം. ഈ അവസ്ഥയാവില്ലേ നമ്മുടെ കുടുംബങ്ങളിലും? ഇതൊന്നും നമ്മുടെ കേന്ദ്ര നേതൃത്വം ആലോചിക്കാതെ പോയതെന്തേ? ഗാര്‍ഹിക പീഡനനിരോധന നിയമം അര്‍ഹരിലേക്ക് എത്തുന്നില്ല എന്നും, നിയമം ചില സൊസൈറ്റി ലേഡികള്‍ ചൂഷണം ചെയ്യുന്നുവെന്നുമുള്ള അപവാദങ്ങള്‍ പ്രചരിക്കുന്നതിനിടയിലേക്കാണ് പുതിയൊരു നിയമം കൂടി കുടുംബസംവിധാനത്തില്‍ വിള്ളല്‍ വീഴ്ത്താനായി സര്‍ക്കാര്‍ പടച്ചുണ്ടാക്കാന്‍ ശ്രമിക്കുന്നത്.
1920-കളില്‍ തന്നെ 'വീട്ടമ്മക്ക് വേതനം' എന്ന ചര്‍ച്ചക്ക് ഓസ്‌ട്രേലിയയില്‍ തുടക്കം കുറിച്ചിരുന്നു. പക്ഷേ, വീട്ടുജോലിയെ ഒരു സാമ്പത്തിക പ്രവര്‍ത്തനമായി പരിഗണിച്ചത് വെനിസ്വലേയാണ്. വെനിസ്വലേയുടെ പ്രസിഡണ്ട് ഹ്യൂഗോ ചാവേസാണ് 2006 ഫെബ്രുവരി 13-ന് ഈ ചരിത്രപ്രധാനമായ തീരുമാനമെടുത്തത്. മിനിമം കൂലിയുടെ 80 ശതമാനമാണ് നിലവില്‍ ഇവിടങ്ങളിലെ വീട്ടമ്മമാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ശമ്പളം. മാസം ഏകദേശം 950 രൂപ വരുമത്. പുറത്തുള്ള ഒരു പണിക്കും പോകാത്ത വീട്ടമ്മ ചെയ്യുന്ന ജോലികള്‍ക്കുള്ള ശമ്പളം കണക്കാക്കുകയാണെങ്കില്‍ 1.34 ലക്ഷം ഡോളര്‍ നല്‍കേണ്ടി വരുമെന്നാണ് സാലറി ഡോട്ട് കോം അമേരിക്കയില്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്.
ഒരു വീട്ടമ്മ മരിച്ചപ്പോള്‍, അവര്‍ക്ക് ജോലിയില്ലാത്തതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല എന്നായിരുന്നു ഇന്‍ഷൂറന്‍സ് കമ്പനിയുടെ നിലപാട്. ഇതിനെ ചോദ്യം ചെയ്ത് നല്‍കിയ കേസില്‍ മാസം 3000 രൂപ കണക്കാക്കി നഷ്ടപരിഹാരം നല്‍കാനാണ് മദ്രാസ് ഹൈക്കോടതി വിധിച്ചത്. അതായത് വീട്ടമ്മയുടെ ജോലിക്ക് വിലനല്‍കുന്നതായിരുന്നു ആ കോടതി വിധി. ഗോവയില്‍ വീട്ടമ്മമാര്‍ക്ക് 1000 രൂപ പ്രതിമാസ അലവന്‍സ് പ്രഖ്യാപിച്ച വാര്‍ത്തയും കഴിഞ്ഞവര്‍ഷം കണ്ടു. ഉത്തര്‍പ്രദേശില്‍ വനിതകള്‍ക്ക് തൊഴിലില്ലായ്മ വേതനമായി 100 രൂപ പ്രതിമാസം നല്‍കുന്നുണ്ട്.
വീട്ടുജോലിക്ക് കൂലികൊടുക്കുന്ന മുതലാളിയായി സര്‍ക്കാരിനെ കാണാന്‍ നിയമത്തില്‍ വകുപ്പില്ല എന്നാണ് കേന്ദ്രതലത്തിലെ വീട്ടമ്മമാരുടെ യൂണിയന്‍, ട്രേഡ് യൂണിയന്‍ രജിസ്ട്രാറെ സമീപിച്ചപ്പോള്‍ കിട്ടിയ മറുപടി. ആഗോളതലത്തില്‍ ഗ്ലോബല്‍ വിമന്‍സ് സ്‌ട്രൈക്ക് എന്ന സംഘടന ഈ ആവശ്യമുയര്‍ത്തി കഴിഞ്ഞ നാലു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്നു. വീട്ടമ്മമാരെയും തൊഴിലാളികളായി അംഗീകരിക്കണമെന്ന ആവശ്യമുയര്‍ത്തി കേരളത്തില്‍ 2012 മാര്‍ച്ചില്‍ രൂപീകൃതമായ സംഘടനയാണ് 'വുമന്‍സ് വോയ്‌സ്'. വീട്ടുവേലക്ക് മിനിമം കൂലി ബില്ലു കൊണ്ടുവരിക, സ്ത്രീകളുടെ വീട്ടുജോലി ഒരു തൊഴിലായി ദേശീയതലത്തില്‍ അംഗീകരിക്കുക, വീട്ടമ്മ തൊഴിലാളി- സര്‍ക്കാര്‍ തൊഴിലുടമ എന്ന വസ്തുതയും അംഗീകരിക്കപ്പെടുക, കാലാനുസൃതമായ മിനിമം വേതനം വീട്ടമ്മമാര്‍ക്കും നല്‍കണം, 60 വയസ്സുകഴിഞ്ഞാല്‍ പെന്‍ഷന്‍ നല്‍കാനുള്ള നിയമനിര്‍മ്മാണം കൊണ്ടുവരണം എന്നൊക്കെയാണ് ഈ സംഘടനയുടെ ആവശ്യങ്ങള്‍.
വനിതാകമ്മീഷന്‍ നിയമപ്രകാരം വീട്ടമ്മമാര്‍ക്ക് പ്രത്യേക ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഭരണഘടന ആര്‍ടിക്ക്ള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശവും ആര്‍ടിക്ക്ള്‍ 15 (3) പ്രകാരം വനിതകള്‍ക്കും വീട്ടമ്മമാര്‍ക്കും പ്രത്യേകം ആനുകൂല്യം നല്‍കാനും ഭരണഘടന അനുശാസിക്കുന്നുണ്ടെന്നും കേരള വനിതാ കമ്മീഷന്‍ ആക്ട് 16 പറയുന്നു. നാഷണല്‍ വനിതാ കമ്മീഷന്‍ ആക്ട് വകുപ്പ് 10 പ്രകാരം വീട്ടമ്മമാരുടെ സേവനത്തിന് പ്രതിഫലം നല്‍കാന്‍ ഭരണഘടന നിര്‍ദേശിക്കുന്നു. ജീവിക്കാനുള്ള അവകാശവും വീട്ടമ്മമാര്‍ക്ക് പ്രത്യേക ആനുകൂല്യവും ഭരണഘടന ഉറപ്പുനല്‍കുന്നു.
വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ എന്ന വിഷയത്തില്‍ ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാരിന്റെ നയതീരുമാനങ്ങളാണ്. അതിനാല്‍ കോടതിക്ക് ഇടപെടാന്‍ പരിമിതി ഉണ്ട്. ഈ ആവശ്യമുന്നയിച്ച് സാമൂഹ്യക്ഷേമ വകുപ്പിനെ സമീപിക്കാന്‍ സ്വാതന്ത്ര്യമുണ്ട് എന്നായിരുന്നു കേസിന്റെ വാദത്തിനിടെ ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. എന്നാല്‍ ഈ വിഷയത്തില്‍ സാമൂഹ്യക്ഷേമ വകുപ്പു മന്ത്രിയുടെ മറുപടിയോ, ''എല്ലാ വീട്ടമ്മമാര്‍ക്കും അവരുടെ ജോലിഭാരം പരിഗണിച്ച് പ്രത്യേകമായി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ ഇക്കാര്യം തത്ക്കാലം പരിഗണനയിലില്ല'' എന്ന്. (നിയമസഭാചോദ്യോത്തരം- നക്ഷത്രചിഹ്നമിടാത്ത ചോദ്യം നം. 7575, 17.07.2012 ന്റെ മറുപടി.)
ജീവിതത്തില്‍ പലപ്പോഴും ഒറ്റപ്പെട്ടു പോകുന്നത് സ്ത്രീകളാണ്. വൃദ്ധസദനങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്നതിലേറെയും അവരാണ്. വിവിധ തൊഴില്‍ ചെയ്യുന്നവര്‍ക്കും തൊഴിലില്ലാത്തവര്‍ക്കും വരെ സര്‍ക്കാര്‍ പെന്‍ഷനും ക്ഷേമനിധിയും പ്രഖ്യാപിക്കുന്നു. വാര്‍ധക്യകാല പെന്‍ഷന്‍, തൊഴിലില്ലാ വേതനം, വിധവ പെന്‍ഷന്‍ പോലെയുള്ള ക്ഷേമപദ്ധതികളാണ് വീട്ടമ്മമാര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കേണ്ടത്. ചികിത്സാ സഹായം, ഇന്‍ഷൂറന്‍സ്, പെന്‍ഷന്‍ എന്നിവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും വേണം. നടപ്പാക്കിയാല്‍ മാത്രം പോര, അത് അര്‍ഹരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. ആണധികാര കുടുംബത്തില്‍ കുടുംബശ്രീ പോലുള്ള സംരംഭങ്ങള്‍ പോലും അവളുടെ രക്ഷയ്‌ക്കെത്തുന്നില്ലായെന്ന് ചുറ്റുമുള്ള അനുഭവങ്ങള്‍ തെളിയിക്കുന്നു. ഗാര്‍ഹിക ജോലിക്ക് വേതനം നിശ്ചയിക്കുന്നതും അത് അവളുടെ കയ്യിലെത്തുന്നതും അല്‍പ്പമെങ്കിലും സ്ത്രീക്ക് സമൂഹത്തിലുള്ള സ്ഥാനം ഉയരാന്‍ കാരണമാകും. അത് അവളുടെ അധ്വാനത്തിന്റെ മൂല്യം കൂട്ടും.
സര്‍ക്കാര്‍ നിയമം കൊണ്ടുവന്ന് ഭര്‍ത്താക്കന്മാര്‍ ഭാര്യമാര്‍ക്ക് പ്രതിമാസ ശമ്പളം കൊടുക്കുന്ന അവസ്ഥ വന്നാലും, സര്‍ക്കാര്‍ തന്നെ നേരിട്ട് വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്ന അവസ്ഥയായാലും നമ്മുടെ നാട്ടില്‍ ഒരു വിഭാഗം സ്ത്രീകള്‍ക്ക് ഒരു ശാക്തീകരണവും സാമ്പത്തിക പുരോഗതിയും ഉണ്ടാകാന്‍ പോകുന്നില്ല. ചുരുക്കത്തില്‍ സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ ഖജനാവു നിറക്കാനുള്ള ഒരു കള്ളപ്പണി. കൂട്ടത്തില്‍ പലര്‍ക്കും കൈയിട്ടുവാരാനുള്ള ഒരു സാഹചര്യവും...


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top