പാഴ് പെണ്മൊഴി
മലികാ മറിയം
നിശാഗന്ധിപ്പൂവിന്റെ
മകളുതന്നെയാണ്
തന്തയില്ലാത്ത
ജന്മവുമാണ്.
ഒരുത്തന്
നടുറോട്ടില്‍ വെച്ച്
കേറിപ്പിടിച്ചതും
ആളുകള്‍ ആര്‍ത്തു ചിരിച്ചതും
സത്യമാണ്.
മറ്റൊരുത്തന്
ഒളികണ്ണെയ്ത്
എന്നും പണിസ്ഥലത്ത്
ചുറ്റിപ്പറക്കുന്നത്
അറിയുന്ന കാര്യവുമാണ്.
ഒരായിരം പുരുഷക്കണ്ണുകള്‍
ചുറ്റുമപ്പോഴും
തെളിഞ്ഞു കത്തുന്നുണ്ട്.
അരയിലെ കത്തിയില്ലായിരുന്നെങ്കില്
എന്നോ ചവിട്ടിമെതിക്കപ്പെടേണ്ട
പാഴ്പറമ്പുമാണ്.
എന്നുവെച്ച്
പഴങ്കഞ്ഞി കുടിച്ചത്
തികട്ടിയെന്നുവെച്ച്
തലകറങ്ങിവീണെന്നുവെച്ച്
എന്താണിത്ര അമര്ത്തിപ്പറയാന്?
കാറ്റുവഴി പരാഗണം നടത്താന്‍
ഞാനെന്താ പൂവോ?