വീട്ടുജോലിയും കൂലിയും

കെ.പി സല്‍വ

ഒറ്റ നിലയില്‍ ഓടിട്ട വീട്. പത്ത് സെന്റില്‍ കവിയാത്ത പുരയിടം. വീതി കുറഞ്ഞ വഴി. രണ്ടുമക്കള്‍ ഗള്‍ഫിലുള്ള കാരണം നിത്യവൃത്തിക്ക് ബുദ്ധിമുട്ടില്ല. വീട്ടിലെ ഉമ്മ ഇക്കുറി ഹജ്ജിന് പോയി. തന്റെ പേരിലുള്ള വസ്തു വിറ്റ് സ്വകാര്യ ഗ്രൂപ്പിലാണ് അവര്‍ പോയത്. സമ്പത്ത് കൊണ്ടും ആരോഗ്യം കൊണ്ടും ആവതില്ലാത്തത് കൊണ്ട് ഉപ്പ ഹജ്ജ് ചെയ്തിട്ടില്ല.
നാലഞ്ച് വര്‍ഷം മുമ്പാണ്. നാല് കുട്ടികളുള്ള ഒരു സഹോദരി വിളിച്ചു. ''നിങ്ങള്‍ ഇസ്‌ലാമില്‍ സ്ത്രീയുടെ പദവിയൊക്കെ പറയുന്ന ആളല്ലെ. എനിക്കൊരു പ്രയാസം പറയാനുണ്ട്. എനിക്ക് വിവാഹ സമയത്ത് ഭര്‍ത്താവിനേക്കാള്‍ വിദ്യാഭ്യാസ- തൊഴില്‍ സാധ്യതയുണ്ടായിരുന്നു. പ്രായമായ മാതാപിതാക്കളെയും കുട്ടികളെയും ശുശ്രൂഷിക്കേണ്ടതിനാല്‍ ജോലി വേണ്ടെന്ന് വെച്ചു. കുട്ടികള്‍ വലുതായി, ഉമ്മയും ഉപ്പയും മരിച്ചു. ഞാന്‍ ഫ്രീ ആയപ്പോള്‍ ഹജ്ജിന് പോയാല്‍ കൊള്ളാമെന്ന ആഗ്രഹം ഭര്‍ത്താവുമായി പങ്കുവെച്ചു. ''നിനക്ക് വരുമാനമില്ലല്ലോ, വരുമാനമുള്ള എനിക്കല്ലേ ഹജ്ജ് നിര്‍ബന്ധം. ഞാന്‍ ചെയ്തിട്ട് നിനക്ക് ചെയ്യാം.'' എന്നായിരുന്നു മറുപടി. ''ഇദ്ദേഹത്തെ വിവാഹം ചെയ്ത് ഇദ്ദേഹത്തിന്റെ മാതാപിതാക്കളെയും കുട്ടികളെയും നോക്കി വീട്ടിലിരുന്നത് കൊണ്ടല്ലെ എനിക്ക് വരുമാനമില്ലാതെ ആയത്. കുറച്ച് റിസ്‌കെടുത്ത് പോയിരുന്നെങ്കില്‍... ഇതെങ്ങനെയാണ് ന്യായീകരിക്കുക.'' എനിക്ക് മറുപടി അറിയില്ലായിരുന്നു. ഓര്‍ത്തുനോക്കിയാല്‍ ശരിയാണ്. ഹോം നഴ്‌സിങ്ങ്, വൃദ്ധസദനങ്ങള്‍ വാടക ഗര്‍ഭപാത്രം, ടെസ്റ്റ്ട്യൂബ് ബേബി, ക്രഷേ ഒക്കെ യുള്ള നാട്ടില്‍ ഈ പണികളൊക്കെ ചെയ്യണമെങ്കില്‍ എത്ര ചെലവ് വരും. അവര് ജോലിക്ക് പോയില്ല എന്നത് മാത്രമല്ല അവര്‍ ചെയ്ത ജോലിയൊന്നും ആരും കണ്ടില്ല. എന്നതും പ്രശ്‌നമാണ്. വീട്ടുജോലിക്ക് വേതനമെന്ന വിഷയത്തില്‍ ഒരു ലേഖനമെഴുതേണ്ടി വന്നപ്പോഴാണ് ഇതൊക്കെ വീണ്ടും ഓര്‍ത്തത്.
വരുമാനം/സമ്പത്ത് സമൂഹത്തില്‍ ആദരവിന്റെ ഒരു അടിസ്ഥാനമാണ്. കുടുബത്തിനകത്തും അതങ്ങനെയാണ് ഒന്നുകില്‍ വരുമ്പോള്‍ കൊണ്ടുവരണം അല്ലെങ്കില്‍ വന്നിട്ട് കൊണ്ടുവരണം എന്നതാണ് സ്ത്രീകളുടെ അവസ്ഥ. വരുമാനമില്ലാത്തവരും ഉള്ളവരും തമ്മില്‍ ഭക്ഷണത്തില്‍ പോലും വിവേചനം അനുഭവിക്കുന്നുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു. മറ്റൊന്ന് കുടുംബത്തിനകത്തെ വോയ്‌സ് ആണ്. തീരുമാനങ്ങളില്‍ അഭിപ്രായം പറയാനും സ്വീകരിക്കപ്പെടാനുമുള്ള ഇടം വരുമാനം നല്‍കുന്നുണ്ട്. കേരളത്തിലെ കുടുംബങ്ങളില്‍ വരുമാനവും വോയ്‌സും തമ്മില്‍ നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പരിഷത്തിന്റെ കേരള പഠനം പറയുന്നു. സ്ത്രീകളുടെ ഭക്ഷണം, വസ്ത്രം, ചികിത്സ എന്നിവയൊക്കെ നിവര്‍ത്തിക്കേണ്ടത് പുരുഷനാണെന്നാണ് മതങ്ങള്‍ പറയുന്നതും നാട്ടുനടപ്പുമൊക്കെ. പക്ഷേ അതിലൊതുങ്ങുന്നതല്ല സ്ത്രീയുടെ ആവശ്യം. നാട്ടില്‍ നിന്നും കുടുംബത്തില്‍ നിന്നും പറിച്ചു മാറ്റപ്പെട്ടവര്‍ക്ക് അവരുമായി ബന്ധം തുടരണമെങ്കില്‍ യാത്രയും വിനിമയമാര്‍ഗങ്ങളുമൊക്കെ വേണ്ടിവരും.
സാമൂഹിക പ്രവര്‍ത്തനവും ജ്ഞാനസമ്പാദനവുമൊക്കെ ആഗ്രഹിക്കുന്നവര്‍ക്കും പണം ആവശ്യമാണ്. അയല്‍പക്കത്തെ വിശേഷങ്ങളിലും വിഷമങ്ങളിലുമൊക്കെ പങ്ക് ചേരുമ്പോഴും അതെ. ഇതിലെല്ലാം വരുമാനമുള്ളവര്‍ക്ക് എളുപ്പമുണ്ട്. കുടുംബത്തിന്റെ പൊതു ആവശ്യങ്ങള്‍ വരുമാനമുള്ളവരുടെ ബോധ്യത്തില്‍ നിന്നും വരുന്നതിന് എപ്പോഴും മുന്‍ഗണന ലഭിക്കുന്നു. വരുമാനം എപ്പോഴും വ്യക്തിയുടെതായിരിക്കും, കുടുംബത്തിന്റെതല്ല. കുടുംബം അതിന്റെ മുഖ്യ ഗുണഭോക്താവാണെന്ന് മാത്രം. കുടുംബത്തിന്റെ ആവശ്യം കഴിഞ്ഞ് മിച്ചം വരുന്നത് വ്യക്തിയുടെ സമ്പാദ്യമാണ്. ഇങ്ങനെ വരുമാനം പല തലങ്ങളില്‍ വ്യക്തിത്വത്തെ പുഷ്ടിപ്പെടുത്തുന്ന ഒന്നായിരിക്കെ വരുമാനമില്ലാത്തവര്‍ അപകര്‍ഷരാവുക സ്വാഭാവികം മാത്രം.
അതുകൊണ്ടാണ് വീട്ടുജോലി ഇരട്ട ഭാരവും, കുട്ടികള്‍ ആകുലതകളും ആവുന്നത് വകവെക്കാതെ സ്ത്രീകള്‍ തൊഴില്‍ നേടുന്നത്. ഉയര്‍ന്നു വരുന്ന വിവാഹ മോചനത്തിനെ സ്ത്രീകള്‍ തൊഴിലിലൂടെ നേടുന്ന സ്വയംപര്യാപ്തതയുമായി ബന്ധിപ്പിക്കാറുണ്ട്. സാമ്പത്തിക വിധേയത്വവും ആശ്രിതത്വവും ഒരുക്കുന്ന നിവൃത്തികേടുകൊണ്ടാണ് ഒരു പെണ്ണ് കുടുംബത്തില്‍ തുടരുന്നതെങ്കില്‍ അതിനര്‍ഥമുണ്ടോ?
ജാതി, മത, ഭേദമന്യേ വീട്ടിലെ ജോലികള്‍ സ്ത്രീകള്‍ ചെയ്യണമെന്നത് അലിഖിത നിയമമാണ്. ഭൂരിപക്ഷം സ്ത്രീകളും വീട്ടമ്മമാര്‍ (വീടിന് അഛന്മാരില്ല) ആയിരിക്കെ വീട്ടുവേലക്ക് വേതനമെന്നത് നല്ല ആശയമാണ്. അല്ലെങ്കിലും സ്വന്തം വീട്ടിലെ ജോലിക്കേ വേതനമില്ലാത്തതുള്ളൂ. ഇത്രയും കാലം മറച്ചു വെക്കപ്പെട്ട ഒരു തൊഴിലും തൊഴിലാളികളും അംഗീകരിക്കപ്പെടുന്നത് നല്ല കാര്യം തന്നെയാണ്. വരുമാനവും സമ്പാദ്യവുമൊക്കെ ഉണ്ടാവുമ്പോള്‍ തരം താഴ്ത്തലില്‍ നിന്നും രക്ഷപ്പെടുകയും ചെയ്യാം. പക്ഷേ ഇതാരു തരും? ഗവണ്‍മെന്റിന് തരാന്‍ വകുപ്പില്ലത്രെ? പുരുഷന്മാരില്‍ നിന്ന് ഈടാക്കണമെന്നു വന്നാല്‍ പുരുഷന്മാരില്ലാത്തവരെന്തു ചെയ്യും? വരുമാനമില്ലാത്ത പുരുഷന്മാരെന്തു ചെയ്യും? പുരുഷന്മാരെടുക്കുന്ന വീട്ടുജോലിക്കാര് ശമ്പളം നല്‍കും? തൊഴില്‍ മേഖലകളിലെ അവധിയും ആനുകൂല്യങ്ങളുമൊക്കെ ഇതിനുണ്ടാവുമോ? റിട്ടയര്‍മെന്റും വളണ്ടറി റിട്ടയര്‍മെന്റുമൊക്കെ ബാധകമാകുമോ? ഗര്‍ഭം, പ്രസവം, മുലയൂട്ടല്‍ ഒക്കെ വീട്ടുവേലയില്‍ പെടുമോ? കൂടുതല്‍ പ്രസവിച്ചാല്‍ വേതന വര്‍ധനവുണ്ടാകുമോ? ഇതിനെല്ലാമുപരി ശമ്പളം വാങ്ങുന്നു എന്ന കാരണത്താല്‍ ആരോഗ്യമോ പ്രായമോ പരിഗണിക്കാതെ വീട്ടുജോലി മരണം വരെ സ്ത്രീയുടെ ബാധ്യതയായി മാറുകയും ചെയ്യും.
ഉയര്‍ന്ന വരുമാനവും സാമൂഹ്യ പദവിയുമുള്ള സ്ത്രീകള്‍ പോലും വീട്ടുജോലികളില്‍ നിന്നും മുക്തരല്ല. വ്യവസ്ഥാപിത തൊഴിലുകളുടെ ചട്ടക്കൂട് നിലവിലുള്ള സ്ത്രീ ജീവിതത്തെ ഉള്‍ക്കൊള്ളുന്നില്ല. സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റാണ് കുടുംബമെന്നത് ഒരു ക്ലീഷേയാണ്. പക്ഷേ, ഈ കുടുംബത്തെ കുടുംബമല്ലാതെ സമൂഹത്തിലെ മറ്റൊരു മണ്ഡലവും ഉള്‍ക്കൊണ്ടിട്ടില്ല. കുടുംബത്തെ മുന്‍നിര്‍ത്തിയല്ല സാമൂഹിക വ്യവഹാരങ്ങളുടെ ഘടന രൂപപ്പെട്ട് വരുന്നത്. അതുകൊണ്ടാണ് കുടുംബത്തോടെ സമീകരിക്കപ്പെടുന്ന സ്ത്രീ അവിടങ്ങളിലൊക്കെ അന്യവല്‍ക്കരണം നേടുന്നത്.
ഇത് പ്രശ്‌നത്തെ അഭിമുഖീകരിക്കലല്ല ഒളിച്ചോടലാണ്. സ്ത്രീകളെക്കുറിച്ച ചര്‍ച്ച തുടങ്ങേണ്ടത് അവരുടെ മാനുഷിക പദവിയില്‍ നിന്നുമായിരിക്കണം. മുസ്‌ലിം സ്ത്രീയെ ഉദാഹരണമായി എടുത്താല്‍ മുസ്‌ലിമെന്ന നിലയില്‍ അവര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും പ്രമാണ ബന്ധിതമായി നമ്മള്‍ വിശദീകരിക്കും. സ്ത്രീയെന്ന നിലയിലുള്ള അവകാശ ബാധ്യതകളും വിശദീകരിക്കും. അതിനൊക്കെ മുകളില്‍ ഒരു മനുഷ്യാസ്തിത്വമെന്ന യാഥാര്‍ഥ്യത്തെ അവഗണിക്കുകയും ചെയ്യും. ഭൂമിയില്‍ മനുഷ്യന്റെ ബാധ്യത ദൈവീക പ്രാതിനിധ്യമാണ്. അതിനാവശ്യമായ ശാരീരികവും മാനസികവുമായ കഴിവുകളും സാധ്യതകളും ഉള്‍ച്ചേര്‍ത്തുകൊണ്ട് അല്ലാഹു മനുഷ്യനെ ഭൂമിയിലേക്കയച്ചത്. അതെല്ലാമുപയോഗിച്ച് ദൈവീക നീതിയെ തേടലാണ് ഓരോരുത്തരുടെയും ഖിലാഫത്ത്. അങ്ങനെയെങ്കില്‍ ഗര്‍ഭം ധരിക്കുക, പ്രസവിക്കുക, മുലയൂട്ടുക തുടങ്ങിയവയില്‍ ഒടുങ്ങുന്നതാണോ സ്ത്രീയുടെ ഖിലാഫത്ത്? അവരിലെ മറ്റു ഗുണങ്ങള്‍ എന്തിന് വേണ്ടിയാണ്? ഗര്‍ഭം ധരിക്കാനും പ്രസവിക്കാനുമൊന്നും കഴിയാത്ത സ്ത്രീകള്‍ ദൈവത്തിന് പറ്റിയ കൈപിഴ ആയിരിക്കുമോ?
കുടുംബത്തിന് വേണ്ടി സമ്പാദിക്കലും പ്രജനനവും നൈരന്തര്യം ആവശ്യമുള്ള ജോലികളാണ്. സമ്പാദിക്കുകയെന്ന 'ബാധ്യതയില്‍' നിന്നും സ്ത്രീകള്‍ മാറ്റി നിര്‍ത്തപ്പെട്ടത് സ്ത്രീ സൗഹാര്‍ദ പരമായ നിലപാടാണ്. അതിനര്‍ഥം അവര്‍ സമ്പാദിച്ചു കൂടെന്നല്ല സ്‌ത്രൈണതയുടെ പൂര്‍ത്തീകരണത്തോടൊപ്പം ഇതര രംഗങ്ങളിലെ ഖിലാഫത്തിനും അവസരസംവിധാനമുണ്ടാക്കുകയാണാവശ്യം.
തൊഴിലെടുക്കുന്നവര്‍ക്ക് മാത്രമല്ല വീട്ടുജോലി ഇരട്ട ഭാരമാകുന്നത്. വീടിന്റെ അകത്തൊതുങ്ങാത്ത സാമൂഹിക സര്‍ഗാവിഷ്‌കാരങ്ങളിലേര്‍പ്പെടുന്നവര്‍ക്കൊക്കെയും ഇടുക്കമില്ലാത്ത വീട്ടുവേല ഭാരമാണ്. വീട്ടു ജോലികള്‍ ഭംഗിയായി പൂര്‍ത്തിയാക്കി മറ്റ് കാര്യങ്ങളിലേര്‍പ്പെടല്‍ അസാധ്യമാണ്. എന്നിട്ടും പുരുഷന്റെ കൂടെ സാമ്പത്തിക ബാധ്യത കുടുംബത്തില്‍ പങ്കിടുന്ന സ്ത്രീകള്‍ക്ക് പോലും വീട്ടുജോലിയില്‍ പുരുഷ സഹായം ലഭിക്കുന്നില്ലെന്നതാണ് സങ്കടകരം. ഇനിയാരെങ്കിലും അങ്ങനെ ചെയ്യുന്നെങ്കില്‍ തന്നെ അവരെ കൂട്ടത്തില്‍ പെടാത്തവരോ (henpeck)കളോ ഒക്കെ ആയി അത്ഭുതം കൂറുകയോ പരിഹസിക്കുകയോ ചെയ്യും. കുട്ടികളുടെ സമൂഹ വല്‍ക്കരണത്തില്‍ തുടങ്ങുന്നു ഈ വിവേചനം. ആണ്‍കുട്ടികള്‍ വീട്ടുജോലികള്‍ ചെയ്യേണ്ടാത്തവരും പെണ്‍കുട്ടികള്‍ ചെയ്യേണ്ടവരുമാക്കി വളര്‍ത്തുന്നതില്‍ യാതൊരപാകതയും നമ്മള്‍ കാണാറില്ല. പെണ്‍കുട്ടികള്‍ കെട്ടിച്ചുവിടേണ്ടവരാണ്. അവിടെ ചെന്ന് വേല ചെയ്തില്ലെങ്കില്‍ പ്രശ്‌നമായിരിക്കും എന്ന ചിന്തയില്‍ നിന്നാണിത് വരുന്നത്.
വസ്ത്രങ്ങളും, പാത്രങ്ങളും കഴുകി വീട് വൃത്തിയാക്കി ഭക്ഷണമൊരുക്കി കുട്ടികളുടെ പഠനവും ചികിത്സയും ശ്രദ്ധിച്ച് പ്രായമായവരെ ശ്രദ്ധിച്ച് വീട്ടിലെല്ലാവര്‍ക്കും വേണ്ടി എല്ലാം ചെയ്ത് സ്വയം അദൃശ്യയും ആഹ്ലാദവതിയുമായ സ്ത്രീ 'വീട്ടിലെ മാലാഖ'യാണ്. ഇത് വിക്ടോറിയന്‍ കാഴ്ചപ്പാടാണ്. കുടുംബവുമായി കൂടുതല്‍ ബന്ധപ്പെടേണ്ടവര്‍ അതിനകത്ത് കുടുങ്ങിപ്പോവാതിരിക്കാനാവണം അവരെ അതിന്റെ ഭരണാധികാരികളാക്കിയത്. അധികാരം ഉത്തരവാദിത്തമാണെന്ന് പറയുന്നവര്‍ പക്ഷേ, അധികാരമില്ലാതെ ഉത്തരവാദിത്തമുണ്ടാവുകയില്ല എന്ന് മനസ്സിലാക്കുന്നില്ല.
മനുഷ്യന്‍ പരാശ്രിതനാണ്. ഈ പരാശ്രിതത്വത്തെ തന്റേതാണെന്ന ബോധ്യത്തില്‍ വകവെച്ച് കൊടുക്കുന്നത് കൊണ്ടാണ് കുടുംബങ്ങള്‍ നിലനില്‍ക്കുന്നത്. സാമൂഹികം, സാമ്പത്തികം, ലിംഗപരം ഒക്കെ ആയ ആധിപത്യങ്ങളോട് വിധേയപ്പെട്ട് ആശ്രിതത്വം നിലനില്‍ക്കാം, പരസ്പരം ആദരിച്ചുകൊണ്ടും ആശ്രിതത്വം നിലനില്‍ക്കും. ലിംഗ, പ്രായ, പദവി ഭേദമന്യേ കുടുംബാംഗങ്ങള്‍ക്ക് ലഭിക്കുന്ന ആദരവാണ് കുടുംബം ധന്യമാക്കുന്നത്.
അങ്ങനെയുമുണ്ട് ചില കുടുംബങ്ങള്‍. വിഭവങ്ങളും ചുമതലകളും പങ്കുവെച്ച് കൂടിയാലോചനയിലൂടെ നടപ്പില്‍ വരുത്തി കുടുംബാംഗങ്ങളുടെ ജീവിത സാക്ഷാല്‍കാരത്തിന് തുല്യ പരിഗണനയും പ്രോത്സാഹനവും നല്‍കുന്ന കുടുംബങ്ങള്‍. അവിടെ തൊഴിലും വരുമാനമൊന്നും പ്രശ്‌നമല്ല.
പ്ലെയിന്‍ഗ്ലാസ്
മലേഷ്യന്‍ നിയമാവലിയില്‍ മാട്രിമോണിയല്‍ പ്രോപര്‍ട്ടി എന്നൊരു പ്രയോഗമുണ്ട്. വിവാഹത്തിന് ശേഷം സമ്പാദിച്ചതില്‍ രണ്ടുപേര്‍ക്കും തുല്യാവകാശം എന്ന ആശയമാണത് മുന്നോട്ട് വെക്കുന്നത്. ഇതിനെ അടിസ്ഥാനപ്പെടുത്തി അവിടെ വിധികള്‍ നടപ്പാവുന്നുണ്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top