ഏഴു പെണ്‍കുട്ടികള്‍

റഹ്മാന്‍ മുന്നൂര് No image

കാഴ്ച ഏഴ്
വ്യാപാരികളുടെ കൂടാരത്തില്‍ കുതിച്ചെത്തിയ അലിയ്യുബ്‌നു സുഫ്‌യാന്‍ അവരെ ചോദ്യം ചെയ്തു. അവര്‍ യഥാര്‍ഥത്തില്‍ വ്യാപാരികളല്ലെന്നും വേഷപ്രഛന്നരായ ചാരന്മാരാണെന്നും അദ്ദേഹം ഏതാണ്ട് ഊഹിച്ചിരുന്നു.
അ.സു: അപ്പോള്‍ അവര്‍ രണ്ടു പേരും ഇവിടെ വന്നിട്ടില്ല. നിങ്ങളവരെ കണ്ടിട്ടുമില്ല!
വ്യാപാ: സത്യമാണ് ഞങ്ങള്‍ പറഞ്ഞത്. ഞങ്ങളെ വിശ്വസിക്കണം. ഞങ്ങളവരെ കണ്ടിട്ടില്ല.
അ.സു: ഇന്നലെ രാത്രി ഇവിടെ രണ്ട് ഒട്ടകങ്ങള്‍ ഉണ്ടായിരുന്നല്ലോ. അവയിലൊന്ന് എവിടെ?
വ്യാപാ: ഇല്ല, ഒന്നേ ഉണ്ടായിരുന്നുള്ളൂ. അത്, അതാ, ആ മരത്തിന്റെ ചുവട്ടില്‍.
അ.സു: അത് ഞാന്‍ കണ്ടു. രണ്ടാമത്തെ ഒട്ടകത്തെക്കുറിച്ചാണ് എനിക്കറിയേണ്ടത്.
വ്യാപാ: രണ്ട് ഒട്ടകങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആരാണ് പറഞ്ഞത്?
അലിയ്യുബ്‌നു സുഫ്‌യാന്‍ നിലത്ത് പതിഞ്ഞുകിടക്കുന്ന ഒട്ടകക്കുളമ്പിന്റെ മുദ്രകള്‍ അവര്‍ക്ക് കാണിച്ചു കൊടുത്തു. അവ രണ്ട് ഒട്ടകങ്ങളുടേതാണെന്ന് വ്യക്തമായി തെളിഞ്ഞു കാണാം.
അ.സു: ഇതാ, ഈ കുളമ്പടികള്‍ തന്നെ. ഇവ മായ്ച്ചു കളയാന്‍ മറന്നു അല്ലേ? പക്ഷേ, ഞാനിത് ഇവിടേക്ക് വരുമ്പേള്‍തന്നെ ശ്രദ്ധിച്ചു പറയൂ, മറ്റേ ഒട്ടകത്തെ ആരാണ് കൊണ്ടുപോയത്?
വ്യാപാ: അത്... അത്... നിങ്ങളുടെ ഒരു പടത്തലവന്‍. ഫഖ്‌റുല്‍ മിസ്‌രി
അ.സു: അയാളോടൊപ്പം ഒരു പെണ്‍കുട്ടിയും.
വ്യാപാരി: ഉം. അവള്‍ കൂടാരത്തില്‍ നിന്നും ഒളിച്ചോടിപ്പോന്നതായിരുന്നു. സലാഹുദ്ദീന്‍ രാത്രിയില്‍ അവളെ തന്റെ കൂടാരത്തിലേക്ക് കൊണ്ടുപോയി. മദ്യപിച്ച് ലക്കുകെട്ട് അവളെ പീഡിപ്പിച്ചു. അദ്ദേഹത്തില്‍ നിന്നും രക്ഷപ്പെട്ട് അവള്‍ ഇവിടെയെത്തി. പിറകെ അവളെ അന്വേഷിച്ചു കൊണ്ട് ഫഖ്‌റുല്‍ മിസ്‌രി എന്ന ഒരു പടത്തലവന്‍ വന്നു. അയാള്‍ ഞങ്ങളുടെ ഒരു ഒട്ടകത്തെ അഴിച്ച് അവളെ അതിന്റെ പുറത്ത് ബലമായി പിടിച്ചിരുത്തി കൊണ്ടുപോയി.
അ.സു: മതി... ഇനിയും കള്ളം പറയേണ്ട. നിങ്ങള്‍ വ്യാപാരികളാണെന്നല്ലേ പറഞ്ഞത്?
വ്യാപാ: അതേ, വ്യാപാരികളാണ്. വ്യാപാരികള്‍.
അ.സു: ശരി... എങ്കില്‍ എല്ലാവരും കൈ നീട്ടിപ്പിടിക്കൂ.
വ്യാപാരികള്‍ അവരുടെ കൈകള്‍ നീട്ടിപ്പിടിച്ചു. അലിയ്യുബ്‌നു സുഫ്‌യാന്‍ ഓരോരുത്തരുടെയും കൈകള്‍ തിരിച്ചും മറിച്ചും പരിശോധിച്ചു. എന്നിട്ട്, അവരില്‍ ഒരാളുടെ ഇടതു കൈ പിടിച്ചു.
അ.സു: ഈ തഴമ്പ് എന്തിന്റേതാണ്?
അയാള്‍ ഒന്നും മിണ്ടിയില്ല. അലിയ്യുബ്‌നു സുഫ്‌യാന്‍ തന്റെ പടയാളികളില്‍ ഒരാളെ അടുത്തേക്ക് വിളിച്ച് അയാളുടെ കൈ പിടിച്ച് അതിന്റെ പൊരുവിരലിനും ചൂണ്ടുവിരലിനും ഇടക്കുള്ള തഴമ്പ് കാണിച്ചിട്ട്-
അ.സു: ഈ തഴമ്പ് എങ്ങനെ ഉണ്ടായതാണ്?
ഭടന്‍: അമ്പുകള്‍ എയ്തുണ്ടായത്.
അ.സു: ഇദ്ദേഹം അമീര്‍ സലാഹുദ്ദീന്റെ വിലല്ലാളിയാണ്. ഇദ്ദേഹത്തെക്കാള്‍ വലിയൊരു സാക്ഷി ഇക്കാര്യത്തില്‍ ആവശ്യമില്ല. സത്യം പറ. എവിടെയാണ് ആയുധങ്ങള്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്? അല്ല, ഇനി അതും ഞാന്‍ തന്നെ കണ്ടുപിടിക്കണോ?
അവര്‍ അത് വെളിപ്പെടുത്താന്‍ സന്നദ്ധരായില്ല. അലിയ്യുബ്‌നു സുഫ്‌യാന്റെ കല്‍പനപ്രകാരം ഒരു ഭടന്‍ അയാളെ ഈത്തപ്പനയില്‍ കെട്ടിയിട്ടു. സലാഹുദ്ദീന്റെ വില്ലാളി അല്‍പം അകലേക്ക് മാറിനിന്ന് അയാളുടെ നെഞ്ചിലേക്ക് ഉന്നം വെച്ച് വില്ല് കുലച്ചു. അലിയ്യുബ്‌നു സുഫ്‌യാന്‍ സത്യം പറയാന്‍ അയാള്‍ക്ക് അവസാനത്തെ അവസരം കൊടുത്തു. പക്ഷേ, അയാള്‍ തന്റെ ശാഠ്യത്തില്‍ ഉറച്ചുനിന്നു. കുലച്ച വില്ലില്‍ നിന്ന് മിന്നല്‍ പിണര്‍ പാഞ്ഞു. മറ്റു നാലു പേരുടെ കണ്‍മുമ്പില്‍ ആ ഭടന്‍ പിടഞ്ഞു മരിച്ചു.
അ.സു: നിങ്ങള്‍ അഞ്ചുപേരും പരിശീലനം സിദ്ധിച്ച പടയാളികളാണ്. വില്ലാളി വീരന്മാര്‍. നിങ്ങളില്‍ നിന്ന് ഒരു ഒട്ടകത്തെയും പെണ്‍കുട്ടിയെയും തട്ടിയെടുത്ത് ഒരാള്‍ കടന്നുകളഞ്ഞുവെന്ന് ഞാന്‍ വിശ്വസിക്കണം? സലാഹുദ്ദീനെപ്പറ്റി നിങ്ങള്‍ പറഞ്ഞ കല്ലുവെച്ച നുണ ഞാന്‍ വിശ്വസിക്കണം, അല്ലേ? ഞാനെന്താ വിഡ്ഢിയാണെന്നാണോ നിങ്ങള്‍ ധരിച്ചിരിക്കുന്നത്. മര്യാദക്ക് സത്യം പറഞ്ഞാല്‍, നിങ്ങളെ മാന്യമായി നാട്ടിലെത്തിക്കാം. അതല്ല കള്ളം പറഞ്ഞ് കബളിപ്പിക്കാനാണ് ഭാവമെങ്കില്‍ ഇയാളുടേതിലും ഭീകരമായിരിക്കും നിങ്ങളുടെ അന്ത്യം. ഇനി പറ.. എവിടെയാണ് ആയുധങ്ങള്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്?
വ്യാപാ: സത്യമാണ് ഞങ്ങള്‍ പറഞ്ഞത്. ഞങ്ങള്‍ പടയാളികളല്ല. കച്ചവടക്കാരാണ്. ഞങ്ങളുടെ പക്കല്‍ ആയുധങ്ങളില്ല.
അ.സു: അപ്പോള്‍ നിങ്ങള്‍ കാണിച്ചുതരില്ല. വേണ്ട, ഞാന്‍ തന്നെ കണ്ടെത്തിക്കോളാം.
അലിയ്യുബ്‌നു സുഫ്‌യാന്റെ കല്‍പനപ്രകാരം ഭടന്മാര്‍ കൂടാരത്തിന്റെ അകത്തും പുറത്തും അരിച്ചു പെറുക്കി പരിശോധന നടത്തി. ഒന്നും കണ്ടെത്താനാവാതെ അവര്‍ തിരിച്ചു വന്നു. അ. സുഫ്‌യാന്‍ കൂടാര മുറ്റത്ത് കിടക്കുന്ന ഒട്ടകത്തെ ഒരു നിമിഷം ശ്രദ്ധിച്ചു നോക്കിയശേഷം അടുത്ത് ചെന്ന് അതിനെ തട്ടി എഴുന്നേല്‍പ്പിച്ചു. അദ്ദേഹം കല്‍പ്പിച്ചതനുസരിച്ച് രണ്ടു ഭടന്മാര്‍ ഒട്ടകം കിടന്ന സ്ഥലം മാന്തി മണല്‍ നീക്കി. അല്‍പം കുഴിച്ചപ്പോഴേക്കും അമ്പ്, വില്ല്, വാള്‍, കഠാര തുടങ്ങിയ ആയുധങ്ങള്‍ പ്രത്യക്ഷപ്പെട്ടു. അലിയ്യുബ്‌നു സുഫ്‌യാന്‍ അവ വ്യാപാരികളുടെ മുന്നിലേക്കെടുത്തിട്ടു.പരിഭ്രാന്തിയില്‍ അവര്‍ നിന്ന് വിറക്കാന്‍ തുടങ്ങി.
അ.സു: അഞ്ചുപേരെയും പിടിച്ചു കെട്ടി കേമ്പിലേക്ക് കൊണ്ടു പോവുക.

കാഴ്ച എട്ട്
വിശാലമായ മരുഭൂമിയിലൂടെ ഫഖ്‌റുല്‍ മിസ്‌രി ഒട്ടകത്തെ അതിവേഗത്തില്‍ ഓടിച്ചുകൊണ്ടിരുന്നു. സലാഹുദ്ദീന്റെ ഭടന്മാര്‍ തങ്ങളെ പിന്തുടരുമെന്ന് അയാള്‍ക്ക് നല്ല നിശ്ചയമുണ്ട്. മോബി പിന്നിലാണ് ഇരിക്കുന്നത്. അവള്‍ രണ്ടു കൈകള്‍ക്കൊണ്ടും അയാളെ ചുറ്റിപ്പിടിച്ചിരിക്കുകയാണ്. അതിന്റെ വല്ലാതൊരനുഭൂതി അയാളെ ഉന്മാത്തനാക്കുന്നുണ്ട്. രാത്രി കഴിച്ച ഹശീശിന്റെ ലഹരി പൂര്‍ണമായും വിട്ടുമാറിയിട്ടില്ല.
മണല്‍കാടുകളും മരുപ്പച്ചകളും കുന്നുകളും സമതലങ്ങളും പിന്നിട്ട് ഒട്ടകം ഓടി. അതിനിടയിലെപ്പോഴോ മോബിയുടെ കയ്യില്‍ നിന്നും ഭക്ഷണസഞ്ചി തെറിച്ചു വീണു. അതറിഞ്ഞപ്പോള്‍ അവള്‍ ഒട്ടകത്തെ നിര്‍ത്താന്‍ ഫഖ്‌റുല്‍ മിസ്‌രിയോട് ആവശ്യപ്പെട്ടു.
ഫ.മി: എന്താണ് കാര്യം?
മോബി: ഭക്ഷണ പൊതി വീണുപോയി. അതെടുക്കണം.
ഫ.മി: അത് പോകട്ടെ.
മോബി: പറ്റില്ല, ഒട്ടകത്തെ നിര്‍ത്ത.്
അവള്‍ വാശിപിടിച്ച് രണ്ടു കൈകള്‍കൊണ്ടും അയാളുടെ പുറത്ത് തുരുതുരാ ഇടിച്ചു. കോപത്തോടെ അയാള്‍ ഒട്ടകത്തെ നിര്‍ത്തിയപ്പോള്‍ അവള്‍ ചാടിയിറങ്ങി തിരിഞ്ഞേടാന്‍ തുടങ്ങി. അയാള്‍ അവളെ പിടിച്ച് ബലമായി ഒട്ടകപ്പുറത്തിരുത്തി അവളുടെ പിന്നില്‍ കയറിയിരുന്ന് ഒട്ടകത്തെ മുന്നോട്ട് തെളിച്ചു.
കാഴ്ച ഒമ്പത്
അലിയ്യുബ്‌നു സുഫ്‌യാന്‍ പത്ത് അശ്വഭടന്മാരോടൊപ്പം മോബിയെയും ഫഖ്‌റുല്‍ മിസ്‌രിയെയും പിന്തുടര്‍ന്ന ഓട്ടകത്തിന്റെ കാല്‍പാടുകള്‍ നിരീക്ഷിച്ചുകൊണ്ട്, ഇരുവരും പോയ വഴിയിലൂടെ അവര്‍ കുറേ ദൂരം ഓടി. കുളമ്പടികള്‍ കാണാതായപ്പോള്‍ മനസ്സില്‍ ഒരു ഏകദേശ ധാരണ വെച്ച് വീണ്ടും കൂറേ ദൂരം കുതിരകളെ പായിച്ചു. അതിനിടയില്‍ മോബിയുടെ കയ്യില്‍ നിന്നും വീണുപോയ ഭക്ഷണപ്പൊതി ലഭിച്ചത് അവരില്‍ പ്രതീക്ഷയുണര്‍ത്തി. ഒരു ഭടന്‍ ഒട്ടകത്തെ നിര്‍ത്തി താഴെ ഇറങ്ങി പൊതി എടുത്ത് അ. സുഫ്‌യാനെ ഏല്‍പിച്ചു. അദ്ദേഹം അതിന്റെ കെട്ടഴിച്ച് അതില്‍ നിന്ന് ഒരു പൊടിയെടുത്ത് മണപ്പിച്ചു.
അ.സു: ഹശീഷ് ആണ്.
മറ്റുള്ളവര്‍ കൗതുകത്തോടെ അത് മണത്തുനോക്കി.
അ.സു: ഈ പാച്ചിലും തെരച്ചിലും കൊണ്ട് എന്തെങ്കിലും ഫലമുണ്ടാകുമെന്ന് തോന്നുന്നില്ല.
ഒരു ഭടന്‍: ശരിയാണ്. അവരിപ്പോള്‍ എത്തേണ്ടിടത്ത് എത്തിയിട്ടുണ്ടാകും.
അ.സു: കൈറോയിലേക്കാണ് അവര്‍ പോയിട്ടുണ്ടാവുക. കഴിയും വേഗം നമുക്കവിടെ എത്തണം.
മറ്റൊരു ഭടന്‍: കുറുക്കു വഴി പിടിക്കാം.
അവര്‍ കുതിരകളെ മറ്റൊരു ദിശയിലേക്ക് തിരിച്ചു നിര്‍ത്തി.

(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top