അതിഥികള്‍ വന്നെത്തുമ്പോള്‍

എന്‍.പി ഹാഫിസ് മുഹമ്മദ് No image

നിങ്ങള്‍ സുഹൃത്തിന്റെ വീട്ടിലെത്തുമ്പോള്‍, സുഹൃത്ത് കുടുബാംഗങ്ങളോടൊപ്പമിരുന്ന് ടിവി കാണുന്നു. ഈ ദിവസം വീട്ടിലുണ്ടാകുമോ എന്ന് സുഹൃത്തിനെ വിളിച്ചു ചോദിച്ചതാണ്. ഇപ്പോഴെത്തുമെന്ന് പറഞ്ഞിട്ടില്ലെന്നുമാത്രം. സുഹൃത്തും ഭാര്യയും മക്കളും ടിവിയിലെ സിനിമാകഥയുടെ ഉദ്വേഗജനകമായ മുഹൂര്‍ത്തത്തില്‍ കണ്ണും മനസ്സും നട്ടിരിക്കുകയാണ്. നിങ്ങളെ കണ്ട് ആതിഥേയന്‍ എണീറ്റു നിന്ന് നമസ്‌ക്കാരം പറയുന്നു. ഇരിക്കാനാവശ്യപ്പെടുന്നു. മറ്റുള്ളവര്‍ നിങ്ങളെയും കുടുംബത്തെയും നോക്കി പരിചിതഭാവം മുഖത്തു വരുത്തി, വീണ്ടും ടിവി സ്‌ക്രീനിലേക്ക് മടങ്ങിപ്പോയി. സുഹൃത്ത് നിങ്ങളോട് കുശലാന്വേഷണം നടത്തുകയും ഇടക്ക് സിനിമയിലേക്ക് പോവുകയും ചെയ്യുന്നു. കുട്ടികളിരുവരും വീട്ടില്‍ മൂന്ന് അതിഥികള്‍ എത്തിയെന്നുള്ള ഓര്‍മപോലുമില്ലാതെ സ്‌ക്രീനിലെ കഥാ നായകനൊപ്പമാണ്. സുഹൃത്തിന്റെ ഭാര്യ അതിഥികളെയും ഇടക്ക് ടിവി സ്‌ക്രീനിലേക്കും നോക്കി, മറ്റെന്തു ചെയ്യുമെന്ന വേവലാതിയിലാണ്. നിങ്ങളപ്പോള്‍ മനസ്സില്‍ പറയുന്നു: ''വരേണ്ടിയില്ലായിരുന്നു.'' അന്നേരം ടിവി വീക്ഷിച്ചുകൊണ്ടു തന്നെ സുഹൃത്ത് പറയുന്നു: 'ഇരിക്കൂ ചായ കുടിച്ചു പോകാം.'' ആ വാക്കുകള്‍ക്കു പിന്നില്‍ അയാളുടെയും കുടുംബത്തിന്റെയും ആഗ്രഹം നിങ്ങള്‍ വായിച്ചെടുക്കുന്നു: ''ദയവുചെയ്ത് ഒന്നിറങ്ങിപോവുമോ?''
നിങ്ങള്‍ പ്രതീക്ഷിക്കുന്നത്, ആതിഥേയരുടെ ഹൃദയപൂര്‍വമുള്ള സ്വീകരണമാണ്. സ്‌നേഹത്തോടെ നിങ്ങളെ സ്വീകരിക്കുന്ന സുഹൃത്തിനെയും, പുഞ്ചിരിയോടെ വന്ദനം നടത്തുന്ന ഭാര്യയെയും, ആദരവോടെയും വിനയത്തോടെയും നിങ്ങളെ നോക്കിനില്‍ക്കുന്ന സുഹൃത്തിന്റെ മക്കളെയുമാണ് ആഗ്രഹിക്കുന്നത്. പിടിച്ചിരുത്തുന്നു, കുശലാന്വേഷണങ്ങളില്‍ നിന്ന് തുടങ്ങുന്നു. മാതാപിതാക്കളെക്കുറിച്ചും മകന്റെ പഠനത്തെക്കുറിച്ചും, പിന്നെ കാലാവസ്ഥയെക്കുറിച്ചുമെല്ലാം ഉള്ളുതുറന്ന് സംസാരിക്കുന്നു. അന്നേരം നിങ്ങളെ നോക്കി പുഞ്ചിരിച്ച്, 'നിങ്ങൡിക്കിന്‍ ഞാനിതാ വരുന്ന്..'' എന്നും പറഞ്ഞ് ഭാര്യ അടുക്കളയിലേക്ക് നീങ്ങുന്നു. ചായ പലഹാരങ്ങളൊരുക്കാനാണ് ആ പോക്കെന്ന് നിങ്ങള്‍ക്കറിയാം. അപ്പോഴും നിങ്ങളുടെ സുഹൃത്ത് സംസാരിക്കുകയും നിങ്ങളെ കേള്‍ക്കുകയും ചെയ്യുന്നുണ്ട്. മക്കള്‍ കൗതുകത്തോടെ പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുന്നുണ്ട്. അടുക്കളയില്‍ നിന്നപ്പോള്‍ വറവിന്റെ മണം...
ഇതൊക്കെ നിങ്ങളുടെ മോഹം. എന്നാല്‍ ആതിഥേയര്‍ സിനിമയില്‍ നിന്നിറങ്ങി വരുന്നില്ല. നിങ്ങളെന്തുചെയ്യും?
ചിലപ്പോള്‍ ഇറങ്ങിപ്പുറപ്പെട്ട നിമിഷത്തെയോര്‍ത്ത് സ്വയം ശപിക്കും. സന്ദര്‍ശനത്തിന് പ്രേരിപ്പിച്ച ഭര്‍ത്താവിനെ മനസാ പഴി ചാരുന്നുണ്ടാവുമപ്പോള്‍ ഭാര്യ. നേരത്തെ പുറപ്പെടാത്തതിനോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണത്തിനോ നിങ്ങള്‍ ഭാര്യയെ മനസ്സില്‍ തെറി വിളിച്ചിട്ടുണ്ടാകാം. ഇടക്ക് മകന്‍ നിങ്ങളുടെ ഷര്‍ട്ടില്‍ പിടിച്ച് ഒരു വലി. ഭാര്യയുടെ ഒരു നോട്ടം. രണ്ടും നല്‍കുന്നത് ഒരേ സന്ദേശം, എത്രയും നേരത്തെ ഇവിടെ നിന്നിറങ്ങാം.
വിഷമം പിടിച്ച സന്ദര്‍ഭം തന്നെ. കാണാനാവാതെപോയ ഒരു സിനിമ കാണാന്‍ മറ്റുപലതുമൊഴിവാക്കി വീട്ടില്‍ തന്നെ തങ്ങിയ ആതിഥേയര്‍ ഒരു ഭാഗത്ത്. പലതവണ ക്ഷണിച്ചപ്പോള്‍ അണിഞ്ഞൊരുങ്ങി പുറപ്പെട്ട അതിഥികള്‍ മറുപക്ഷത്ത്. ആതിഥേയര്‍ ചെയ്യേണ്ടതെന്തെന്നതിലിരുപക്ഷമില്ല. ടിവിയങ്ങ് ഓഫാക്കുക. അതിഥികളെ പുഞ്ചിരി പൊഴിച്ച് സ്വീകരിക്കുക. എല്ലാ ശ്രദ്ധയും വന്നെത്തിയ അതിഥികളിലേക്ക് കേന്ദ്രീകരിക്കുക. അതിഥികളോട് മനസ്സറിഞ്ഞ് സംസാരിച്ചു തുടങ്ങുക...
എന്തുകൊണ്ടാണ് ആതിഥേയര്‍ ഇങ്ങനെയൊക്കെയാവണമെന്ന് നമ്മുടെ സമൂഹത്തിലൊരു ധാരണയും പ്രതീക്ഷയും നിലകൊള്ളുന്നത്? ഒരു കുടുംബത്തിന്റെ സംഗീതം ഹൃദയങ്ങളിലാവാഹിച്ച് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കാനെത്തുന്നവരാണ് നമുക്കതിഥികള്‍. വേറൊരര്‍ഥത്തില്‍ പറഞ്ഞാല്‍ നിങ്ങളുടെ കുടുംബത്തിന്റെ ആരും നിയമിക്കാത്ത അനൗദ്യേഗിക അംബാസഡര്‍മാര്‍.
വെണ്ണക്കല്ല് പാകിയാലും ശീതീകരണ സംവിധാനങ്ങള്‍ ഘടിപ്പിച്ചാലും തൂവല്‍സ്പര്‍ശമനുഭവപ്പെടുന്ന സോഫാസെറ്റുകളൊരുക്കിവെച്ചാലും, അതുകൊണ്ടു മാത്രം ഭവനം അതിഥികള്‍ക്ക് ആകര്‍ഷകമാകണമെന്നില്ല. വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ തീന്‍മേശയില്‍ ഒരുക്കിയതുകൊണ്ടുമാത്രം ഒരാളുടെ ഗൃഹാന്തരീക്ഷം ആഹ്ലാദകരമായ ഒരനുഭവമായി മാറണമെന്നില്ല. ഇതൊന്നുമില്ലെങ്കിലും വീട് മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കാവുന്നതാണ്. ആതിഥേയരുടെ സന്മനസ്സാണ് അതിഥികളുടെ ഹൃദയം കീഴടക്കുന്നത്. സ്‌നേഹസൗഹൃദങ്ങള്‍ക്കാണ് അതിഥികളുടെ അകം സ്പര്‍ശിക്കാന്‍ വഴിവെക്കുക. മനസ്സറിഞ്ഞുള്ള ഹൃദയഭാഷണം അതിഥികള്‍ക്ക് ഇല്ലായ്മകള്‍ പോലും പ്രശ്‌നമല്ലാതാക്കും. നല്‍കുന്നതെങ്ങിനെയെന്നതാണ് ആതിഥേയരെ അതിഥികളുടെ ഹൃദയത്തില്‍ കുടിയിരുത്തുന്നത്.
സമ്പന്നന്‍ വഴിപാടായി കൊടുക്കുന്ന വിഭവസമൃദ്ധമായ സദ്യയേക്കാള്‍ വിലപിടിച്ചതാവും ദരിദ്രന്‍ നല്ല മനസ്സോടെ നല്‍കുന്ന കഞ്ഞി. ആതിഥേയരൊരുക്കുന്ന പട്ടുമെത്തയോ സദ്യയോ പറയുന്ന വാക്കുകളോ ഹൃദ്യമാകുന്നത് അതു നല്‍കുന്ന മനസ്സിലെ ഭാവമനുസരിച്ചാണ്. വന്നു കേറിയിരിക്കുന്നു എന്ന മട്ടില്‍ പെരുമാറിയാല്‍ അതിഥിയിലുണ്ടാവുന്ന മാറ്റം ആദ്യമറിയുക ആതിഥേയര്‍ തന്നെയായിരിക്കും.
ഒരര്‍ഥത്തില്‍ അതിഥികള്‍ അനുഗ്രഹമാണ്. നിങ്ങളൊറ്റക്കല്ലെന്ന സന്ദേശമാണ് അതിഥികള്‍ നല്‍കുന്നത്. സന്തോഷവും സന്താപവും പങ്കിടാനാണവര്‍ വരുന്നത്. ഉന്നതമായ ഒരു സാമൂഹികാവബോധത്തിന്റെ പ്രതിഫലനമാണത്. അതുകൊണ്ടാണ് അതിഥികളെത്തുമ്പോള്‍ വീട് കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. സമൂഹം ഒരാളെയോ ഒരു കുടുംബത്തെയോ അംഗീകരിക്കുന്നുവെന്ന അറിയിപ്പ് കൂടിയാണിത്. ഒരു കുടുംബത്തിന്റെ എളിയ നന്മകള്‍ പോലും കൈമാറാന്‍ കിട്ടുന്ന അവസരമാണത്. ഒരു വീട്ടില്‍ പോകുന്നത്, മറ്റൊരാള്‍ക്ക് ആഹ്ലാദകരമായ അനുഭവമാകുമ്പോള്‍, ആ വാതില്‍ എപ്പോഴും അവര്‍ക്ക് വേണ്ടി തുറന്നിട്ടിരിക്കുന്നുവെന്ന ധാരണയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ഇതു തന്നെയാണ് അതിഥിയെ കുടുംബത്തിന്റെ വലിയ സമ്പാദ്യമാക്കി മാറ്റുന്നതും.
അനുഭവങ്ങളും അറിവുമുള്ള അതിഥിയെ കിട്ടുമ്പോള്‍ ആതിഥേയരാണ് അനുഗ്രഹിക്കപ്പെടുന്നത്. വീട്ടിലുള്ള കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള അതിഥികളുമായി അഭിമുഖീകരിക്കാനുള്ള അവസരമുണ്ടാക്കിക്കൊടുക്കണം. ഒരുപാട് ഗ്രന്ഥങ്ങള്‍ വായിച്ച അനുഭവമായിരിക്കും അത് കുട്ടികള്‍ക്ക് പ്രദാനം ചെയ്യുക.
കുടുംബത്തില്‍ നിന്നുള്ള ഒരതിഥി ആരോഗ്യകരമായ രക്തബന്ധത്തിന്റെ തെളിവാണ്. അത് കുടുംബബന്ധങ്ങള്‍ നിലനിര്‍ത്താനുള്ള മോഹവും വേരുകളെക്കുറിച്ചറിയാനുള്ള താല്‍പര്യവുമായി ഭവിക്കുന്നു. വൈവാഹിക ബന്ധങ്ങളില്‍ നിന്നുണ്ടാകുന്ന അതിഥികള്‍ രണ്ട് വ്യക്തികള്‍ക്കപ്പുറം രണ്ടു കുടുംബങ്ങളുടെ സംയോജനമാണ് സാധ്യമാക്കുന്നത്. വിവാഹം രണ്ട് കരങ്ങളെ ബന്ധിപ്പിക്കുന്ന പാലമായി നിലകൊള്ളുമ്പോള്‍ വിവാഹബന്ധത്തിലെ അതിഥികള്‍ വിലപിടിച്ച സ്വത്താണ്. പാവപ്പെട്ടവരും പണക്കാരുമെത്തുന്ന വീട് ഏറ്റവുമേറെ ആദരിക്കപ്പെടുന്നു. അതിഥികളില്‍ വ്യത്യസ്ത ജാതി മത വിഭാഗങ്ങളുണ്ടാവുമ്പോള്‍ അത് ഒരു കുടുംബത്തിന്റെ മൈത്രീ ഭാവത്തെയും മതനിരപേക്ഷമായ കാഴ്ചപ്പാടിനെയുമാണ് അവതരിപ്പിക്കുന്നത്.
എങ്ങനെയായിരിക്കണമപ്പോള്‍ അതിഥികളെ സ്വീകരിക്കേണ്ടത്? എങ്ങനെയാവരുത് എന്നതിന് എന്റെ സുഹൃത്ത് പറഞ്ഞ അനുഭവം ഓര്‍മയിലുണ്ട്. സുഹൃത്ത് ഒരു മലയാള ദിനപത്രത്തിന്റെ ഫോട്ടോഗ്രാഫറായി പടംപിടിക്കാന്‍ ഒരു പ്രശസ്ത എഴുത്തുകാരന്റെ വീട്ടിലെത്തി. പരസ്പരമറിയാം. നേരത്തെ വിളിച്ച് അനുവാദം വാങ്ങിയാണ് പോയത്. പുറത്താളില്ല. മണിയടിച്ചപ്പോള്‍ അകത്ത് കേറിയിരിക്കാന്‍ നിര്‍ദേശം വായുവിലെത്തി. കോലായിലെ കസേരയിലിരുന്നു. ഏറെ കഴിഞ്ഞാണ് എഴുത്തുകാരന്‍ മുന്നിലെത്തിയത്. എത്തിയയുടനെ അയാള്‍ സംസാരിച്ചു തുടങ്ങി. പ്രധാനമായും അയാള്‍ക്കിഷ്ടമില്ലാത്ത എഴുത്തുകാരെക്കുറിച്ചുള്ള കുറ്റപ്പെടുത്തലുകളും തെറിപറച്ചിലുമാണ് പറയാനുണ്ടായിരുന്നത്. ഫോട്ടോ എടുത്ത് രക്ഷപ്പെടാമെന്നുള്ള മോഹത്താല്‍ സുഹൃത്ത് വേഗം പണി തീര്‍ത്തു. ഫോട്ടോകളെടുത്ത് യാത്ര ചോദിച്ചിട്ടും എഴുത്തുകാരന്‍ പിടിച്ചിരുത്തി ഏകഭാഷണം തുടര്‍ന്നു. സുഹൃത്തിന് വാ തുറക്കാനവസരമില്ല. മണിക്കൂറുകള്‍ കഴിഞ്ഞ് ഒരുവിധം പാടുപെട്ട് ഇറങ്ങാന്‍ നേരം പോലും ഒരു ഗ്ലാസ് വെള്ളം കുടിച്ചുപോകാമെന്നുള്ള ഉപചാരവാക്കില്ല. കടുത്ത അമര്‍ഷത്തോടെ സുഹൃത്ത് എന്നോട് ചോദിച്ചു: ''നീ പറ, ഇയാളാണോ മനുഷ്യത്വത്തെക്കുറിച്ചും വിശ്വസ്‌നേഹത്തെക്കുറിച്ചും എഴുതുവാനര്‍ഹതപ്പെട്ടവന്‍? ഇതാണോ നിങ്ങളെഴുത്തുകാരുടെ വിശ്വപ്രേമം?''
ശത്രുവായാലും മിത്രമായാലും ഏത് വിഭാഗത്തില്‍ പെട്ടാലും അതിഥികള്‍ ആദരിക്കപ്പെടേണ്ടവരാണ്, നല്ല മനസ്സോടെ സ്വീകരിക്കപ്പെടേണ്ടവര്‍. ഉള്ളതുകൊണ്ട് ഭംഗിയായി ഉപചരിക്കപ്പെടേണ്ടവരാണ് അതിഥികള്‍. ഉള്ളതില്‍ വിലപിടിച്ചത് നല്‍കുന്ന ആതിഥേയര്‍ വാനോളം ഉയരുന്നു. തീറ്റിച്ച് കൊല്ലുന്നത് ആതിഥേയ മര്യാദയായി കണക്കാക്കുന്നവരുമുണ്ട്. വിഭവസമൃദ്ധമായ സദ്യ വിളമ്പിയില്ലെങ്കില്‍ മര്യാദക്കേടാണ് എന്ന വിചാരമുള്ളവരാണവര്‍. വരുന്നവരുടെ സൗകര്യവും അവസ്ഥയും നോക്കിയാവണം വിഭവങ്ങള്‍ ഒരുക്കുന്നത്. ആതിഥേയരുടെ സമ്പത്തല്ല, അതിഥികളുടെ അന്നേരത്തെ അവസ്ഥയാണ് പരിഗണിക്കേണ്ടത്. ആതിഥേയരുടെ രുചിഭേദങ്ങളല്ല, അതിഥികളുടെ താല്‍പര്യമാണ് വിലമതിക്കപ്പെടേണ്ടത്. നമുക്ക് വേണ്ടാത്ത ഒരു പലഹാരമോ ഭക്ഷണമോ അല്ല നാം അതിഥികള്‍ക്ക് നല്‍കേണ്ടത്. നാളേറെ പഴകിയ ഒരിനവുമല്ല. ഒരാഴ്ചയോളം ഫ്രിഡ്ജില്‍ വെച്ച ഒരു പലഹാരം അതിഥികള്‍ക്കുമുമ്പില്‍ എടുത്തുവെച്ചതും അതിന്റെ 'പ്രായ'മറിഞ്ഞപ്പോള്‍ തിന്നത് തികട്ടി വന്നതും എന്റെ ഒരു ബന്ധുവിന്റെ അനുഭവമാണ്. നാം പാചകം ചെയ്തുണ്ടാക്കുന്ന ഭക്ഷണപദാര്‍ഥം നാലഞ്ച് ബേക്കറി വിഭവങ്ങളെക്കാള്‍ രുചികരമാകും. അതിനാല്‍ ആതിഥേയരുടെ മനസ്സും അധ്വാനവും ചേര്‍ന്നതാകയാല്‍ എമ്പാടും ഇനങ്ങള്‍ തീന്‍ മേശയില്‍ ഒരുക്കുന്നതിനേക്കാള്‍ ഭേദം രുചികരമായ ഒന്നോ രണ്ടോ വിഭവങ്ങള്‍ സന്തോഷത്തോടെ നല്‍കുന്നതായിരിക്കും. രാസപദാര്‍ഥങ്ങളാലുണ്ടാക്കുന്ന ശീതള പാനീയങ്ങളേക്കാള്‍ ഉചിതം ആതിഥേയരുണ്ടാക്കുന്ന നാരങ്ങാ വെള്ളമോ സര്‍ബത്തോ ചായയോ ആയിരിക്കും. പകലോ രാത്രിയോ ഭക്ഷണത്തിനുണ്ടാകുമെന്ന് അറിയിച്ചെത്തുന്ന അതിഥികള്‍ക്ക് അവരെത്തും മുമ്പ് വിഭവങ്ങളൊരുക്കുന്ന പണി കുറെയൊക്കെ തീര്‍ത്തുവെക്കുന്നതാണുചിതം. അവരെ സ്വീകരണ മുറിയില്‍ തനിച്ചാക്കി, ഉള്ളനേരമൊക്കെയും ആതിഥേയര്‍ അടുക്കളയില്‍ കഴിയുന്നത് കഴിയാവുന്നത്ര ഒഴിവാക്കുന്നതാണുചിതം. പ്രധാനമായും എന്ത് അതിഥികള്‍ക്ക് നല്‍കുന്നുവെന്നതല്ല, എങ്ങനെയുള്ള മനസ്സോടെ നല്‍കുന്നുവെന്നതാണ് വിലയിരുത്തപ്പെടുന്നത്.
പലപ്പോഴും ആതിഥേയരൊരുക്കുന്ന ഭക്ഷണ വിഭവങ്ങളേക്കാള്‍ അതിഥികളോടുള്ള ഭാഷണമാണ് പ്രധാനം. ഇഷ്ട വിഷയങ്ങള്‍ സംസാരിക്കാം. ഇരു കൂട്ടര്‍ക്കുമറിയാവുന്ന കുടുംബകാര്യങ്ങളാവാം. ഒരാള്‍ മാത്രം വാ തുറന്നുള്ള അടിച്ചേല്‍പ്പിക്കലാവരുത്. ഒരാള്‍ പറയുമ്പോള്‍ മറ്റുള്ളവര്‍ ശ്രദ്ധയോടെ കേട്ടുമനസ്സിലാക്കണം. കേട്ടുകഴിയുമ്പോള്‍ മറ്റേയാള്‍ക്ക് പറയാനുള്ള അവസരമുണ്ടാവണം. സരസഭാഷണം ആര്‍ക്കുമിഷ്ടമാവും. തമാശകള്‍ക്കൊണ്ട് അതിഥികളെ വിരുന്നൂട്ടുന്നവരുമുണ്ട്. പരദൂഷണമോ, മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങളോ വിളമ്പിക്കൊണ്ടിരിക്കുന്നത് നല്ല അതിഥികളുടെയും ആതിഥേയരുടെയും ലക്ഷണമല്ല. അത് പിന്നീട് പറയുന്നവരെ തിരിച്ചടിക്കാനുമിടയുണ്ട്. മൃദുല ശബ്ദത്തിലും വിനയത്തോടെയുമുള്ള ഭാഷണമാവും കൂടുതല്‍ ഇഷ്ടപ്പെടുക. പറയുന്നതിലിഴുകിച്ചേരുന്നത്, പറയുന്നതിനനുസരിച്ചുള്ള ഭാവം സ്വരൂപിക്കുന്നത്, ശരീരഭാഷ പറയുന്നതിനോട് പൊരുത്തപ്പെട്ടുകിടക്കുന്നത് കേള്‍ക്കുന്നവരെ കൂടുതല്‍ അടുപ്പിക്കും. മുറിവേല്‍പ്പിക്കുന്ന വാക്കുകള്‍ അതിഥിയോ ആതിഥേയരോ ഉപയോഗിക്കാതിരിക്കുന്നതാണ് വിവേകം.
അതിഥികള്‍ക്കിടയിലെ വിഭജനം ചിലപ്പോള്‍ ആവശ്യമാണ് താനും. ആതിഥേയരേക്കാള്‍ താഴെ ശ്രേണിയിലോ പദവിയിലോ ഉള്ളവര്‍ അതിഥികളായെത്തുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കേണ്ടതുണ്ട്. ആതിഥ്യ മര്യാദകളില്‍ വര്‍ഗീകരണം അലിഞ്ഞില്ലാതാവുന്നു. വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെടുന്നവരെ അവരുടെ വിശ്വാസാചാരങ്ങളെ മാനിച്ചുകൊണ്ടാവണം ഉപചരിക്കേണ്ടത്. അതിഥികളുടെ അന്നേരത്തെ മാനസികാവസ്ഥയും നേരവും നോക്കിയാവണം വാക്കുകളും വിഭവങ്ങളും നല്‍കേണ്ടത്. അതിഥികളും പലവിധ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആതിഥേയരുടെ മാനസികവും സാമൂഹികവുമായ അവസ്ഥകള്‍ പരിഗണിച്ചാവണം അതിഥികള്‍ പെരുമാറേണ്ടത്.
അതിഥികള്‍ വിലപ്പെട്ട സമ്പാദ്യമാണെന്ന് അവര്‍ നമ്മുടെ വീടും കുടുംബവും ഇഷ്ടപ്പെടുമ്പോള്‍ ആതിഥേയര്‍ക്ക് തിരിച്ചറിയാനാവും. അതിഥികള്‍ എത്തുന്നത് അപ്പോള്‍ ഒരു ആവശ്യമായി മാറും. അതിഥികള്‍ ഒരാഘോഷമായിത്തീരും. ആതിഥേയര്‍ക്ക് ഒരതിഥി ഭാരമില്ലാതാവുമെങ്കില്‍, ആഹ്ലാദകരമായ ഒരനുഭവമായി തീരുന്നുവെങ്കില്‍ സഫലമായ ഒത്തു ചേരലായത് ഭവിക്കുന്നു, ഇരുപക്ഷത്തിനും.
ശസ്ത്രക്രിയ
1. കൊച്ചുവീടാണെങ്കിലും അതിഥികള്‍ക്കിരിക്കാന്‍ വൃത്തിയും വെടിപ്പുമുള്ള ഒരിടമുണ്ടാവണം. വരാന്തയില്‍ ഒരു പായയെങ്കിലുമിടാന്‍ കഴിഞ്ഞാല്‍ മതി.
2. അതിഥികള്‍ വ്യത്യസ്ത തലങ്ങളില്‍ പെടുന്നവരാണ്. അതനുസരിച്ചുള്ള സ്വീകരണവും പെരുമാറ്റവും തന്നെയാണ് അതിഥികള്‍ പ്രതീക്ഷിക്കുന്നതും. ഉത്സവകമ്മറ്റിക്ക് വേണ്ടി സംഭാവന പിരിക്കാനെത്തുന്നവരെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോകേണ്ടതില്ല. അടുത്ത ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കോലായില്‍ തന്നെ ഇരുത്തുകയുമരുത്.
3. അതിഥികളെത്തുമ്പോള്‍ അത്ര അത്യാവശ്യമല്ലാത്ത ജോലിയിലോ ഏര്‍പ്പാടിലോ ആണെങ്കില്‍ അത് നിര്‍ത്തുക. അല്‍പനേരം നീണ്ടുനില്‍ക്കുന്ന അത്യാവശ്യ കാര്യങ്ങളിലാണെങ്കില്‍, അതിഥികളെ അതറിയിച്ച്, അത് എത്രയും വേഗം പൂര്‍ത്തീകരിക്കുക.
4. അതിഥികളുടെ മുഖത്ത് നോക്കി സംസാരിക്കുക. മുഖഭാവം ഭാഷണത്തിന്റെ സ്വീകാര്യത കൂട്ടുന്നു.
5. വിനയത്തോടെയുള്ള വര്‍ത്തമാനം പറച്ചില്‍ കൂടുതല്‍ സ്വീകരിക്കപ്പെടുന്നു. അത് ആതിഥേയരുടെ ഹൃദയം സ്പര്‍ശിക്കാനവസരമേകുന്നു. അനൗപചാരികത ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ കമ്പില്‍ പിടിച്ചുള്ള ഭാഷണം ഉചിതമല്ല.
6. അതിഥികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മാനിച്ചു കൊണ്ടുള്ള ഭാഷണമാണ് ഫലപ്രദം. ഇരുവര്‍ക്കും താല്‍പര്യമുള്ള, ഉപദ്രവകരമല്ലാത്ത വര്‍ത്തമാനം പറച്ചിലാണ് അതിഥികളും ആതിഥേയരും നടത്തേണ്ടത്.
7. കുടിക്കുവാനോ തിന്നുവാനോ ഉള്ള ഒരു വിഭവം നല്‍കുന്നത് അതിഥികളുടെ പ്രാധാന്യം, സമയം എന്നിവ പരിഗണിച്ചാവണം. പകല്‍ മുഴുനീളെ വീട്ടിലുണ്ടാവുന്നവരോ, പ്രധാന ഭക്ഷണത്തിനെത്തുന്നവരോ ആയ അതിഥികള്‍ നേരത്തെ അറിയിച്ച് വരുന്നുവെങ്കില്‍ ഭക്ഷണ വിഭവങ്ങളൊരുക്കുന്നത് കുറെയൊക്കെ നേരത്തെ ചെയ്തുവെക്കുക.
8. അതിഥികളെ അപഹസിക്കുകയോ അപമാനിക്കുകയോ ചെയ്യുന്ന ഭാഷണം നടത്തരുത്. കേള്‍ക്കാനാശിക്കാത്ത സംഭവങ്ങള്‍ പറയരുത്. മറ്റുള്ളവര്‍ അതിഥികളെക്കുറിച്ച് പറഞ്ഞ വിമര്‍ശനങ്ങളോ കുറ്റപ്പെടുത്തലുകളോ ഒഴിവാക്കുന്നതാണുചിതം.
9. അതിഥികള്‍ക്കുള്ള ഇടം എപ്പോഴും വെടിപ്പുള്ള താവണം, ഭംഗിയുള്ളതും നേരത്തെ അറിയിച്ചു വരുന്ന, വീടിനുള്ളില്‍ എവിടെയും പെരുമാറാന്‍ അവകാശമുള്ള അതിഥികളെത്തും മുമ്പെ വീടകം വൃത്തിയാക്കിവെക്കണം. നല്ല വിരിപ്പ് വിരിച്ചും, വീടകം ഭംഗിയാക്കിയും കാത്തിരിക്കുക.
10. ഔപചാരികമായ സാഹചര്യങ്ങളിലെത്തുന്ന അതിഥികളേട് അതാത് സന്ദര്‍ഭങ്ങളുടെ മര്യാദയനുസരിച്ച് പെരുമാറുക. ജോലിയിടങ്ങളിലെത്തുന്ന അതിഥികള്‍ ഔപചാരികമായ സ്വീകരണവും പെരുമാറ്റവുമാണ് പ്രതീക്ഷിക്കാനിടയുള്ളത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top