സ്ത്രീ സുരക്ഷക്ക് 'നിര്‍ഭയ'

അഷ്‌റഫ് കാവില്‍ No image

സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കേണ്ടത് പരിഷ്‌കൃത സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ സംസ്‌കാര സമ്പന്നമെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ പോലും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. 2012-ല്‍ പതിനൊന്ന് മാസത്തിനിടയില്‍ മാത്രം വിവിധ കുറ്റകൃത്യങ്ങള്‍ക്കിരയായി കൊല്ലപ്പെട്ടത് 371 സ്ത്രീകളാണ്. സ്ത്രീകള്‍ക്ക് നേരെ പ്രതിദിനം 20 കുറ്റകൃത്യങ്ങളാണ് ഇന്ന് പോലീസ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്.
നിര്‍ഭയ
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് സര്‍ക്കാര്‍ രൂപം നല്‍കിയ പദ്ധതിയാണ് 'നിര്‍ഭയ'. സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി ചെയര്‍മാനായുള്ള സമിതി പദ്ധതിക്ക് നേതൃത്വം നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനായും ജില്ലാ കലക്ടര്‍ വൈസ് ചെയര്‍മാനായുമുള്ള ജില്ലാതല നിര്‍ഭയ കമ്മറ്റികള്‍ സംസ്ഥാന തലത്ത് പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞു. വനിതാകമ്മീഷന്റെ നിലവിലുള്ള ജാഗ്രതാ സമിതികളാണ്, നിര്‍ഭയയുടെ പഞ്ചായത്ത്- നഗരസഭാതല സമിതികള്‍. സ്ത്രീകള്‍ അനുഭവിക്കുന്ന ഏതുതരം പീഡനങ്ങള്‍ക്കും, ജാഗ്രതാ സമിതികളെ സമീപിച്ച് പരിഹാരം തേടാം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സര്‍ക്കാറിതര സന്നദ്ധ സംഘടനകള്‍, സ്വയം സഹായ സംഘടനകള്‍, ജനമൈത്രീ പോലീസ്, റസിഡന്റസ് അസോസിയേഷന്‍ തുടങ്ങിയവയുടെ സഹായത്തോടെ, ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍, ലൈംഗിക പീഡനങ്ങള്‍ക്കിരയാവുന്നവരെ രക്ഷപ്പെടുത്തല്‍, അവരുടെ സംരക്ഷണം, പുനരധിവാസം തുടങ്ങിയവയാണ് നിര്‍ഭയയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. പദ്ധതിയുടെ ഭാഗമായി, ലൈംഗിക പീഡനത്തിന് വിധേയരാകുന്നവര്‍ക്ക് മനഃശാസ്ത്രപരമായ കൗണ്‍സലിംഗും വൈദ്യ സഹായവും നിയമ സഹായവും നല്‍കും. പീഡനത്തിനിരയായവരെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് 'ക്രൈസിസ് സെല്ലുകള്‍' ആരംഭിക്കും. കുറ്റകൃത്യങ്ങള്‍ നടക്കുന്നതോ നടക്കാനിടയുള്ളതോ ആയ ഇടങ്ങള്‍ കണ്ടെത്തി, അവിടെ പ്രത്യേക നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.
ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ തലവനായ സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ലൈംഗിക വാണിഭ വിരുദ്ധ സ്‌ക്വാഡുകള്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തന സജ്ജമാക്കും. ലൈംഗിക വാണിഭം, ലൈംഗിക ചൂഷണം എന്നിവയെക്കുറിച്ച് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ സ്‌ക്വാഡുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കും. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും യാത്രാ വേളയിലുണ്ടാകുന്ന അതിക്രമങ്ങള്‍ നിരീക്ഷിക്കാന്‍, ബസ്റ്റാന്റുകളിലും റെയില്‍ വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കും. വാര്‍ത്താ മാധ്യമങ്ങളുമായി സമ്പര്‍ക്കമുണ്ടാകാതെയും സ്വകാര്യത സംരക്ഷിച്ചും, ലൈംഗിക പീഡനങ്ങള്‍ക്ക് ഇരകളായവരെ പരിപാലിക്കും.
ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ താമസ സൗകര്യം ഉറപ്പ് വരുത്തുന്നതിനായി നിര്‍ഭയ കെയര്‍ ഹോമുകള്‍ സ്ഥാപിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിര്‍ഭയ ഹോമുകള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. പീഡനം അനുഭവിച്ച സ്ത്രീകള്‍ക്ക്, വരുമാന ദായക സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും സാമ്പത്തിക സഹായവും നല്‍കും. സൗജന്യ വൈദ്യ ചികിത്സയും മരുന്നുകളും ലഭ്യമാക്കാന്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ അനുവദിക്കും.
ലൈംഗിക അതിക്രമവും ചൂഷണവും നടത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും അതില്‍ നിന്ന് പീഡനത്തിന് വിധേയരാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ആവശ്യമായ നിയമ പരിഷ്‌കാരത്തിന് 'നിര്‍ഭയ' നടപടികള്‍ സ്വീകരിച്ചിരിക്കും. ലൈംഗിക പീഡന കേസുകളുടെ വേഗത്തിലുള്ള നടത്തിപ്പിനായി വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യമുള്ള അതിവേഗ കോടതികളും പ്രത്യേക കോടതികളും സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. നിര്‍ഭയ പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന 'കോര്‍പ്ലസ് ഫണ്ടില്‍' നിന്ന് ലൈംഗിക പീഡനത്തിനിരയാകുന്നവര്‍ക്ക്, വൈദ്യ പുനരധിവാസത്തിനും, യാത്രാ ചെലവിനും മറ്റ് അടിയന്തിര ആവശ്യത്തിനും സാമ്പത്തിക സഹായം ലഭിക്കുകയും ചെയ്യും.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും തടയുന്നതിന് നിരവധി നിയിമങ്ങള്‍ നിലവിലുണ്ട്. ഇത്തരം സ്ത്രീ സംരക്ഷണ നിയമങ്ങളുടെ ഫലമായ നിര്‍വഹണം ഉറപ്പുവരുത്തുക എന്നതും നിര്‍ഭയയുടെ ലക്ഷ്യമാണ്. എന്നാല്‍, നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പിലാകണമെങ്കില്‍ സ്ത്രീകള്‍ ഇത്തരം നിയമങ്ങളെക്കുറിച്ച് ബോധവതികളാകേണ്ടതുണ്ട്. ചില പ്രധാന സ്ത്രീ സുരക്ഷാ നിയമങ്ങളുടെ പ്രസക്ത ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.
ഭ്രൂണ പരിശോധനയും ഗര്‍ഭഛിദ്രവും
ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തി വിവരം ഗര്‍ഭിണിയെയോ ബന്ധുക്കളെയോ അറിയിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. ആവര്‍ത്തിച്ചാല്‍ ശിക്ഷ അഞ്ചുവര്‍ഷം വരെ തടവും അമ്പതിനായിരം രൂപ പിഴയുമാണ്.
1971-ല്‍ പ്രാബല്യത്തില്‍ വന്ന ഗര്‍ഭഛിദ്ര നിയമ (മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട്) പ്രകാരം സ്ത്രീയെ ഗര്‍ഭഛിദ്രത്തിന് ബലമായി നിര്‍ബന്ധിക്കുന്നത് കുറ്റകൃത്യമാണ്. പന്ത്രണ്ട് ആഴ്ചവരെ എത്തിയ ഗര്‍ഭം അലസിപ്പിക്കുന്നതിന് ഒരു ഡോക്ടറുടേയും അതിനുമുകളില്‍ രണ്ട് ഡോക്ടര്‍മാരുടേയും ഉപദേശം ആവശ്യമാണ്. ഇരുപത് ആഴ്ച കഴിഞ്ഞാല്‍ ഗര്‍ഭഛിദ്രം നടത്താന്‍ പാടില്ല. ഗര്‍ഭം ഗര്‍ഭിണിയുടെയോ ഗര്‍ഭസ്ഥ ശിശുവിന്റെയോ ജീവനോ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനോ അപകടമാണെങ്കിലോ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പരാജയപ്പെട്ടത് മൂലമോ ബലാല്‍സംഗം മൂലമോ ആണ് ഗര്‍ഭധാരണമെങ്കില്‍ മാത്രമേ നിയമം ഗര്‍ഭഛിദ്രത്തിന് അനുവദിക്കുന്നുള്ളൂ.
കുട്ടികല്ല്യാണം വേണ്ട
പെണ്‍കുട്ടിയുടെ കുറഞ്ഞ വിവാഹപ്രായം 18 വയസ്സും ആണ്‍കുട്ടിയുടേത് 21- ഉം ആണ്. ഈ പ്രായത്തിന് മുമ്പുള്ള വിവാഹം കുറ്റകൃത്യമാണ്. പതിനെട്ട് വയസ്സിനു താഴെ പ്രായമുള്ള പെണ്‍കുട്ടിയെ മുതിര്‍ന്ന പുരുഷന്‍ കല്ല്യാണം കഴിച്ചാല്‍ രണ്ട് വര്‍ഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ശൈശവവിവാഹം നടത്തിക്കൊടുക്കുന്ന മാതാപിതാക്കള്‍ക്കും കൂട്ടുനില്‍ക്കുന്ന വര്‍ക്കും ഇതേ ശിക്ഷ തന്നെ കിട്ടും. ശൈശവ വിവാഹത്തെ പറ്റി പരാതി നല്‍കേണ്ടത് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് പ്രൊജക്ടിലെ ശിശു വികസന പദ്ധതി ഓഫീസര്‍ക്കാണ്.
സ്ത്രീധനം ചോദിച്ചാല്‍
സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ പതിനയ്യായിരം രൂപയോ സ്ത്രീധനത്തുകയോ ഏതാണോ കൂടുതല്‍ ആ തുക പിഴയോ ലഭിക്കുന്ന കുറ്റകൃത്യമാണ്. വിവാഹം നടന്ന് ഏഴ് വര്‍ഷത്തിനുള്ളില്‍ അസ്വാഭാവിക സാഹചര്യത്തില്‍ സ്ത്രീ മരിക്കാനിടയാവുകയും ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുക്കളോ സ്ത്രീധനത്തിന് വേണ്ടി നടത്തിയ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തുകയും ചെയ്താല്‍ അത് ഇന്ത്യന്‍ ശിക്ഷാ നിയമം 304 ബി പ്രകാരം സ്ത്രീധന മരണമാണ്. പ്രതികള്‍ക്ക് ജീവപര്യന്തം വരെ ജയില്‍ ശിക്ഷ ലഭിക്കും.
ഗാര്‍ഹിക പീഡനം തടയാന്‍
ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതാണ് 2005-ലെ ഗാര്‍ഹിക പീഡനനിയമം. പീഡനത്തിനിരയാവുന്ന സ്ത്രീകള്‍ക്ക് താമസം, സംരക്ഷണം, ജീവനാംശം, നഷ്ടപരിഹാരം, കുട്ടികളുടെ സംരക്ഷണം എന്നിവക്കുള്ള കോടതി ഉത്തരവ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവോ 20000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും. സിവില്‍ സ്റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് പരാതി നല്‍കേണ്ടത്.
തൊഴില്‍ സ്ഥലത്തെ സുരക്ഷ
1997 ആഗസ്റ്റ് 13-ന് വിശാഖ കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായം തൊഴില്‍ സ്ഥലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ലൈംഗിക പീഡനങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷക്കും സംരക്ഷണത്തിനുമുള്ള മാര്‍ഗ രേഖകള്‍ തൊഴില്‍ സ്ഥാപനങ്ങള്‍ വിജ്ഞാപനം ചെയ്തിരിക്കണം. സ്വകാര്യ തൊഴിലുടമകള്‍ക്കും ഈ വിധി ബാധകമാണ്. മേലുദ്യോഗസ്ഥരില്‍ നിന്നോ സഹപ്രവര്‍ത്തകരില്‍ നിന്നോ ഉള്ള ലൈംഗിക പീഡനങ്ങള്‍, ലൈംഗിക ചുവയുള്ള വാക്ക്, നോട്ടം, സ്പര്‍ശം, അശ്ലീല സാഹിത്യ പ്രദര്‍ശനം. തുടങ്ങിയവയില്‍ നിന്ന് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഈ നിയമത്തിലൂടെ സാധിക്കും. ഒരു സ്ത്രീ നേതൃത്വം നല്‍കുന്ന പകുതിയിലധികം അംഗങ്ങളും സ്ത്രീകളായിരിക്കുന്ന സമിതിയെ അന്വേഷിക്കാന്‍ നിയോഗിക്കണമെന്നും സുപ്രീം കോടതിയുടെ വിധിന്യായത്തില്‍ നിര്‍ദേശമുണ്ട്.
അസാന്മാര്‍ഗിക ജീവിതം
1986-ല്‍ നിലവില്‍ വന്ന ഈ നിയമപ്രകാരം ഏതെങ്കിലും വീടോ സ്ഥലമോ മുറികളോ ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ചാല്‍ അവ വേശ്യാലയമായി കണക്കാക്കും. വേശ്യാലയം നടത്തുന്നത് രണ്ടുവര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്ന കുറ്റകൃത്യമാണ്. പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ഉപയോഗിച്ചുള്ള വേശ്യാവൃത്തിക്ക് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ഇതിന് സ്ത്രീകളെ പ്രലോഭിപ്പിക്കുകയും വേശ്യാലയങ്ങളിലേക്ക് സ്ത്രീകളെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നത് ഏഴ് വര്‍ഷം വരെ കഠിനശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണെങ്കില്‍ പതിനാലുവര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കും.
അശ്ലീല ചിത്രീകരണം
1986-ലെ സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കല്‍ നിരോധന നിയമപ്രകാരം പരസ്യം, പ്രസിദ്ധീകരണം, ലഘുലേഖ, ചിത്രങ്ങള്‍ തുടങ്ങിയവ വഴി സ്ത്രീയുടെ രൂപമോ ശരീരമോ ഏതെങ്കിലും അവയവ ഭാഗമോ അശ്ലീലമായോ നിന്ദ്യമായോ അപകീര്‍ത്തികരമായോ സമൂഹത്തിന്റെ സാന്മാര്‍ഗികതയെ ഹനിക്കുന്ന വിധത്തിലോ ചിത്രീകരിക്കുന്നത് കുറ്റകൃത്യമാണ്. സ്ത്രീകളെ അശ്ലീലമായി ചിത്രീകരിക്കുന്ന അശ്ലീല പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കുന്നതും പ്രചരിപ്പിക്കുന്നതും ഏഴുവര്‍ഷം വരെ തടവുശിക്ഷയും അമ്പതിനായിരം രൂപവരെ പിഴയും ലഭിക്കുന്ന കുറ്റമാണ്. പൊതു സ്ഥലത്ത് അശ്ലീല വാക്കുകള്‍ പറയുകയോ അശ്ലീല കൃത്യങ്ങള്‍ കാണിക്കുകയോ ചെയ്ത് സ്ത്രീകളെ അപമാനിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. സ്ത്രീയുടെ മാന്യതക്ക് കോട്ടം തട്ടുന്ന വിധം വാക്കുകള്‍ ഉച്ചരിക്കുകയോ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുകയോ ആംഗ്യം കാണിക്കുകയോ ചെയ്യുന്നവര്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം 509 പ്രകാരം ഒരുവര്‍ഷംവരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും.
ബലാല്‍സംഗത്തിന്റെ ശിക്ഷ
ഇന്ത്യന്‍ ശിക്ഷാ നിയമം 375-ാം വകുപ്പ് പ്രകാരം ഒരു പുരുഷന്‍ സ്ത്രീയുടെ സമ്മതമില്ലാതെ, ലൈംഗിക വേഴ്ച നടത്തിയാല്‍ അത് ബലാല്‍സംഗമാണ്. ഇനി സ്ത്രീയുടെ സമ്മതത്തോടെയാണെങ്കിലും ആ സമ്മതം നേടിയത് ഭീഷണിപ്പെടുത്തിയോ വിവാഹം കഴിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചോ ലഹരി പദാര്‍ഥങ്ങള്‍ കൊടുത്തോ ആണെങ്കിലും ബലാല്‍സംഗത്തിന്റെ പരിധിയില്‍ വരും. ബുദ്ധിസ്ഥിരത ഇല്ലാത്തതുകൊണ്ടോ പ്രത്യാഘാതങ്ങള്‍ ഉള്‍ക്കൊള്ളാത്തതുകൊണ്ടോ ലഭിച്ച സമ്മതപ്രകാരമുള്ള ലൈംഗിക വേഴ്ചയും കുറ്റകരമാണ്. പതിനാറുവയസ്സിനു താഴെ പ്രായമുള്ള പെണ്‍കുട്ടിയുമായുള്ള ലൈംഗിക ബന്ധം അവളുടെ സമ്മതത്തോടെയാണെങ്കിലും ബലാല്‍സംഗമാണ്. ഏഴുവര്‍ഷത്തില്‍ കുറയാത്ത തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ജയില്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, പൊതുജന സേവകര്‍, ആശുപത്രി ജീവനക്കാര്‍, പോലീസ് എന്നിവര്‍ അവരുടെ ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി ബലാല്‍സംഗം നടത്തിയാല്‍ ജീവപര്യന്തം വരെ ജയില്‍ ശിക്ഷ ലഭിക്കും. ഗര്‍ഭിണിയെയും പന്ത്രണ്ടു വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെയും ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും ചെയ്യുന്നത് ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
പൂവാല ശല്യത്തിന്
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന നിത്യ പീഡനമാണ് പൂവാല ശല്യം. പൊതുസ്ഥലങ്ങളില്‍ അശ്ലീലമോ അസഭ്യമോ പറഞ്ഞ് സ്ത്രീകളെ കമന്റടിച്ചാല്‍ മൂന്ന് മാസം വരെ ജയില്‍ ശിക്ഷ നല്‍കാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതുകൊണ്ട് മാത്രം പ്രയോജനമില്ലെന്നാണ് അനുഭവം. അതിനാല്‍ പൂവാലശല്യം തടയാന്‍ ഒരു ഏകീകൃത നിയമം വേണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നു. നിയമ നിര്‍മാണം നടത്തുന്നതുവരെ പൂവാലശല്യം തടയുന്നതിന് സുപ്രീം കോടതി സുപ്രധാന നിര്‍ദേശങ്ങള്‍ ഒരു വിധിന്യായത്തിലൂടെ പുറപ്പെടുവിച്ചിട്ടുണ്ട്. അതുപ്രകാരം എല്ലാ സംസ്ഥാന സര്‍ക്കാറുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും പൂവാലശല്യം തടയാന്‍ നടപടികള്‍ സ്വീകരിക്കണം. യൂണിഫോം ധരിക്കാതെ വനിതാ പോലീസിനെ ബസ്സ്റ്റാന്റ്, റെയില്‍വേസ്റ്റേഷന്‍, സിനിമാ തിയേറ്ററുകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങ്ള്‍, പാര്‍ക്കുകള്‍, കടല്‍ത്തീരങ്ങള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ നിയോഗിക്കണം. വിദ്യാലയങ്ങള്‍, ആരാധനാ കേന്ദ്രങ്ങള്‍, തിയേറ്ററുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ്‌സ്റ്റോപ്പുകള്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പൂവാലശല്യം തടയുന്നതിനുള്ള നടപടികള്‍ അടിയന്തരമായി കൈകൊള്ളണം.
ബസ്സ് യാത്രക്കിടയില്‍ പൂവാലശല്യം ഉണ്ടായതായി സ്ത്രീ പരാതിപ്പെട്ടാല്‍ ഡ്രൈവര്‍ ഉടനെ തന്നെ ബസ്സ് തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ എത്തിക്കണം. വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പോലും പോലീസിന് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താം. വാഹനം പോലീസ്‌സ്റ്റേഷനില്‍ കൊണ്ടുപോകാന്‍ ഡ്രൈവര്‍ വിസമ്മതിക്കുന്ന പക്ഷം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യേഗസ്ഥര്‍ക്ക് പ്രസ്തുത ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കാമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പൂവാലശല്യം ശ്രദ്ധയില്‍ പെട്ടാല്‍ മറ്റു യാത്രക്കാര്‍ക്കും പോലീസില്‍ അറിയിക്കാം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top