സഫലമോ ഈ ജീവിതം 

എ.യു റഹീമ ടീച്ചര്‍ No image

നിറയെ ഫലങ്ങള്‍ കായ്ച്ചു തൂങ്ങിയ ഒരു മരംപോലെ അയാളിരുന്നു. ചലിക്കുന്ന കണ്ണുകള്‍ മാത്രമാണ് അതൊരു മനുഷ്യനാണെന്ന് വിളിച്ചോതുന്നത്. ഇടക്കിടെ ഉതിര്‍ക്കുന്ന ചുടുനിശ്വാസത്തിന് ഒരു പ്രദേശത്തെ മുഴുവന്‍ ശാന്തിയും തകര്‍ക്കുന്ന തീഷ്ണതയുണ്ട്. ഈച്ചയും ഉറുമ്പും ശരീരത്തില്‍ യഥേഷ്ടം വിഹരിക്കുന്നു. കൈയുയര്‍ത്തി തങ്ങളെ ആട്ടിപ്പായിക്കാനോ ഞെരിച്ചു കൊല്ലാനോ അയാളുടെ കൈകള്‍ക്കാവില്ല. കനം വെച്ച് തടിച്ചു തൂങ്ങുന്ന അരിമ്പാറക്കൂട്ടങ്ങള്‍ അയാളുടെ ശരീരം മുഴുവനും വ്യാപിച്ചു കിടക്കുന്നു. അതിനിടയിലെ വിടവുകളില്‍ ക്ഷുദ്രജീവികളുടെ കടിയേറ്റ് രക്തം തിണര്‍ത്തു കിടക്കുന്നുണ്ട്. കരിമ്പാറക്കൂട്ടങ്ങളില്‍ നിന്നും പാമ്പുകള്‍ തല നീട്ടുന്നതു പോലെ ശരീരത്തിലെ അരിമ്പാറകള്‍ക്കിടയില്‍ നിന്നും നീണ്ടു വളരുന്ന അരിമ്പാറകള്‍ കൈകളിലും കാലുകളിലും അയാളെ ഭാരപ്പെടുത്തുന്നുണ്ട്.
"എന്നു മുതലാണ് ഈ അസുഖം തുടങ്ങിയത്?''
"}ഞാന്‍ സുന്ദരനായ ഒരു യുവാവായിരുന്നു. മുഖത്ത് ചെറിയൊരു അരിമ്പാറ വന്നു. എന്റെ സൌന്ദര്യബോധം ഉണര്‍ന്നു. ഞാനൊരു ഡോക്ടറെ കണ്ടു. അദ്ദേഹം ഒരു മരുന്ന് തന്നു. ഞാനത് കഴിച്ചു. അധിക നാള്‍ കഴിഞ്ഞില്ല, മുഖത്തുണ്ടായിരുന്നതുപോലുള്ള അരിമ്പാറകള്‍ ശരീരം മുഴുവനും വ്യാപിക്കാന്‍ തുടങ്ങി. മാത്രമല്ല, അതൊക്കെ ചിതമ്പലുപോലെ തടിച്ചു കനം വെച്ചും വന്നു!''
"പിന്നെ ഡോക്ടറെ കണ്ടില്ലേ?''
"ആ ഡോക്ടറെ പിന്നെ കണ്ടില്ല. മറ്റൊരു ഡോക്ടറെ കണ്ടു. പുരട്ടാന്‍ മരുന്നു തന്നു. പക്ഷേ എനിക്ക് ഭയമായിരുന്നു. ഒരു മരുന്ന് കഴിച്ചതിന്റെ വിന ഇതാണെങ്കില്‍...!'' അയാള്‍ അര്‍ധോക്തിയില്‍ നിര്‍ത്തി.
ഇദ്ദേഹം ഞാന്‍ നേരിട്ടു കണ്ട ഒരു രോഗിയല്ല. 'കൃപ' പാലിയേറ്റീവ് ക്ളിനിക്കിന്റെ സേവനവും അയാള്‍ക്ക് കിട്ടിയില്ല. എന്റെ ഒരു സുഹൃത്തും ഫോട്ടോഗ്രാഫറുമായ വിജയന്‍ എനിക്കു തരാന്‍ എടുത്തുകൊണ്ടു വന്നതാണ് ഇയാളുടെ ഫോട്ടോ. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ അന്വേഷണ ഫലമായി ലഭ്യമായതാണ്.
"എവിടെ നിന്നാണ് ഇദ്ദേഹത്തെ കണ്ടുമുട്ടിയത്?'' ഞാന്‍ വിജയനോട് ചോദിച്ചു.
"ഞാനെന്റെ സുഹൃത്തിന്റെ കല്യാണത്തിന് വീഡിയോ പിടിക്കാന്‍ തമിഴ്നാട്ടില്‍ പോയതാണ്. പാലക്കാടിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തി പ്രദേശത്ത് ഒരു കടത്തിണ്ണയിലിരിക്കുന്നത് യാദൃശ്ചികമായി കണ്ടു. കണ്ടപ്പോള്‍ ഞങ്ങളുടെ വാഹനം നിര്‍ത്തി അയാള്‍ക്കരികിലെത്തി. അയാള്‍ക്കെന്തെങ്കിലും ചികിത്സയോ സഹായമോ ചെയ്തു കൊടുക്കാന്‍ കഴിഞ്ഞെങ്കിലോ എന്ന് കരുതി.''
"അയാളെപ്പറ്റി കൂടുതല്‍ അറിയാന്‍ ശ്രമിച്ചില്ലെ?''
"ഞങ്ങള്‍ ഒരു പരിപാടിക്ക് പോവുകയായിരുന്നല്ലോ. തിരിച്ചുവരുമ്പോള്‍ ഇറങ്ങി വിശദമായി അറിയാമെന്ന് കരുതി. പക്ഷേ തിരിച്ചു വരുമ്പോള്‍ അയാളെ അവിടെ കണ്ടില്ല. കടക്കാരന്‍ പറഞ്ഞു വടിയും കുത്തി വേച്ചുവേച്ച് അയാള്‍ എങ്ങോട്ടോ നടന്നുപോയെന്ന്. അയാളിവിടെയിരിക്കുമ്പോള്‍ കടയിലാരും കയറുന്നില്ല...!
എന്റെ സുഹൃത്ത് നല്ലൊരു കാരുണ്യപ്രവര്‍ത്തകനാണ്. അദ്ദേഹത്തിനായ വിധം ജനസേവനം നടത്തുന്നവനാണ്. അതുകൊണ്ട് എന്നെ ഇടക്കിടക്ക് വിളിക്കുകയോ എന്റെ ക്ളിനിക്കിലേക്ക് രോഗികളെ പറഞ്ഞുവിടുകയോ ചെയ്യാറുണ്ട്. ഞാന്‍ ആ മനുഷ്യനെപ്പറ്റി മാത്രം ചിന്തിച്ചു കൊണ്ടിരുന്നു.
"എങ്ങനെ അയാള്‍ ഭക്ഷണം കഴിക്കുന്നു?''
എന്റെ സുഹൃത്ത് പറഞ്ഞു, "ഞാനയാള്‍ക്ക് അല്‍പം പണം വെച്ചു നീട്ടി. പക്ഷേ കൈ ഉയര്‍ത്തി അത് വാങ്ങാന്‍ അയാള്‍ക്ക് കഴിയുമായിരുന്നില്ല. അയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഞാനതു നിക്ഷേപിച്ചു. നിസ്സഹായതയോടെ അയാള്‍ തന്റെ പോക്കറ്റിലേക്കു തന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു. കാരണം, പോക്കറ്റില്‍ നിന്നും ആ പണം എടുക്കുവാനോ അറപ്പില്ലാതെ ആര്‍ക്കെങ്കിലും അതെടുത്ത് പകരമെന്തെങ്കിലും അയാള്‍ക്ക് നല്‍കുവാനോ കഴിയുമെന്ന് തോന്നുന്നില്ല...!'' എന്റെ സുഹൃത്ത് എനിക്കു നല്‍കിയ ഈ ചിത്രത്തിലേക്കു തന്നെ നോക്കിയിരുന്നപ്പോള്‍ എന്റെ ഉള്ള് ഉരുകിപ്പോയി.
അയാളുടെ ശരീരത്തില്‍ ഒരു കൊതുക് കടിച്ചാല്‍ കൈ ഉയര്‍ത്തി അതിനെ ഓടിക്കാന്‍പോലും കഴിയുകയില്ലല്ലോ. എന്തെങ്കിലും ഭക്ഷണം കിട്ടിയാല്‍ അത് വാരിത്തിന്നാന്‍ പറ്റുമോ? വിണ്ടുകീറിയ ഇടങ്ങളില്‍ വിരലുകൊണ്ടൊന്നു തലോടാന്‍പോലും പറ്റാതെ... എന്തൊരു നിസ്സഹായതയാണിത്!
ആ കണ്ണുകളിലേക്കൊന്ന് ഉറ്റുനോക്കൂ, അവ നമ്മോടെന്തൊക്കെയോ പറയുന്നില്ലേ?
"മനുഷ്യാ, നീ ഒന്നുമല്ല, നിന്റെ ജീവനും ജീവിതവും നിന്റേതല്ല. അത് മറ്റേതോ ശക്തിസ്രോതസ്സില്‍ നിന്നും നിനക്ക് ഔദാര്യമായി നല്‍കപ്പെട്ടതാണ്. അതുവെച്ച് നീയേറെ അഹങ്കരിക്കല്ലെ! അതുവെച്ച് നീ ആരെയും വേദനിപ്പിക്കല്ലെ, അതിനു വേണ്ടി നീ അര്‍ഹതയില്ലാത്തത് തട്ടിയെടുക്കല്ലെ, നിനക്ക് ആരുടെയെങ്കിലും ശക്തമായ പിന്തുണയുണ്ടെങ്കിലും നീ ആരെയും ഒറ്റിക്കൊടുക്കല്ലെ, അധികാരക്കൊതി മൂത്ത് നീ ആരെയും സ്ഥാനഭ്രഷ്ടനാക്കല്ലെ, ഞാനിതാ ആര്‍ക്കും ഒരു ദ്രോഹവും ഇതുവരെ ചെയ്തിട്ടില്ല. എന്നിട്ടും എനിക്കെന്റെ ജീവിതം ഉപയോഗശൂന്യമായിപ്പോയിരിക്കുന്നു. അതിപ്പോള്‍ എനിക്കും നിങ്ങള്‍ക്കുമുള്ള ഈ ഭൂമുഖത്തെ ഒരു ദൃഷ്ടാന്തം മാത്രമാണ്. ജീവന്റെയും ജീവിതത്തിന്റെയും ഉടമസ്ഥന്‍ അവശേഷിപ്പിച്ച ദൃഷ്ടാന്തം. അതുകൊണ്ട് നിരര്‍ഥകമായ ഒരു ജീവിതത്തിനു വേണ്ടി വിലപ്പെട്ട നിന്റെ സമയം പാഴാക്കല്ലെ. എനിക്ക് ഈ ലോകത്ത് ഒരു ജീവിതം കിട്ടിയില്ല. ഇവിടെ ഒരു ജീവിതം ആഘോഷിക്കുന്ന നിങ്ങളത് പാഴാക്കിക്കളയല്ലെ...!!''
അതെ! അറിവും ആരോഗ്യവും നല്‍കി അനുഗ്രഹിച്ച സ്രഷ്ടാവിനോട് നന്ദിയുള്ളവന്‍, ഭൌതിക താല്‍പര്യങ്ങള്‍ക്കായി ജീവിതം പാഴാക്കില്ല. സമ്പത്തും സന്താനങ്ങളും വെറും അലങ്കാരങ്ങള്‍ മാത്രമാണ് എന്ന് തിരിച്ചറിയുന്ന മനുഷ്യന്‍ പിന്നെ അതിനും അതിനപ്പുറത്തുമുള്ള അധികാര- സ്ഥാനമോഹങ്ങള്‍ക്ക് വശംവദനാകില്ല. നിത്യ ദാരിദ്യ്രം വേട്ടയാടുന്നവന് നിരാശ ബാധിക്കില്ല ഈ മനുഷ്യനെ കാണുമ്പോള്‍. അധ്വാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് കായിക ശേഷി ഉപയോഗപ്പെടുത്തി ദാരിദ്യ്രത്തെ മറികടക്കാന്‍ ശ്രമിക്കും. കുരുടനും ഊമയും ബധിരനും മുടന്തനും വിരൂപിയും എല്ലാം ഈ മനുഷ്യനെക്കാള്‍ എത്രയോ സുന്ദരനായിരിക്കും!
സഹോദരങ്ങളെ, ആരാണ് കൂടുതല്‍ ഭയപ്പെടേണ്ടത്? ജീവിതത്തില്‍ നാം പരീക്ഷണങ്ങളെ നേരിട്ടിട്ടുണ്ടോ?
'ആരോഗ്യമൊരനുഗ്രഹം
ദാതാവിന്നൌദാര്യം,
അവന്‍ നല്‍കിയ പണയ വസ്തു'
ആ പണയ വസ്തു തിരിച്ചെടുക്കുന്നതിനു മുമ്പ് അനുവദിക്കപ്പെട്ട എല്ലാ സ്വാതത്യ്രവുമുപയോഗിച്ച് മനുഷ്യ നന്മക്കായി ഉപയോഗപ്പെടുത്തുന്നിടത്തല്ലേ നമ്മുടെ വിജയം?

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top