ഏഴ് പെണ്‍കുട്ടികള്‍ 

റഹ്മാന്‍ മുന്നൂര് No image

കാഴ്ച അഞ്ച്
സലാഹുദ്ദീന്‍ അയ്യൂബി സൈനിക ക്യാമ്പില്‍ പടയാളികളോടൊപ്പം സുബ്ഹി നമസ്കരിച്ച ശേഷം ചെറിയൊരു പ്രഭാഷണം നടത്തി. പരലോകത്തെക്കുറിച്ചും ദൈവമാര്‍ഗത്തില്‍ ജീവത്യാഗം ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലത്തെക്കുറിച്ചുമൊക്കെയാണ് അതിലദ്ദേഹം പറഞ്ഞത്. പ്രാര്‍ത്ഥന കഴിഞ്ഞ് മുഖം തടവി പോകാനായി എഴുന്നേറ്റ അദ്ദേഹം പിന്‍നിരയില്‍നിന്ന് അലിയ്യുബ്നു സുഫ്യാന്‍ തന്റെ അടുത്തേക്ക് നടന്നു വരുന്നത് കണ്ട് അവിടെത്തന്നെ നിന്നു. അ.സുഫ്യാന്‍ അടുത്തെത്തി സലാം പറഞ്ഞു. ഇരുവരും അല്പനേരം ആശ്ളേഷബദ്ധരായി നിന്നശേഷം:
സ.അ. അലിസുഫ്യാന്‍, എന്തൊക്കെയാണ് കൈറോയിലെ വിശേഷങ്ങല്‍?
അ.സു. എല്ലാം നാം ഉദ്ദേശിച്ച പോലെത്തന്നെ നീങ്ങുന്നുണ്ട്.
നമസ്കാരം കഴിഞ്ഞ് പടയാളികള്‍ അവരവരുടെ കര്‍ത്തവ്യങ്ങള്‍ ലക്ഷ്യമാക്കി പല ദിശകളിലായി പിരിഞ്ഞു. സലാഹുദ്ദീനും അലി സുഫ്യാനും സംസാരിച്ചു കൊണ്ട് കൂടാരത്തിനടുത്തെത്തി.
സ.അ. നാജിയും അദ്റൂശും വധിക്കപ്പെട്ട സാഹചര്യത്തില്‍ സുഡാനി സേന ഇനിയൊരു കലാപത്തിന് മുതിരുമെന്ന് കരുതുന്നുണ്ടോ?
അ.സു: നമ്മുടെ കണക്ക് കൂട്ടല്‍ അനുസരിച്ച് കലാപം നടക്കാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ നാളെയും കഴിഞ്ഞ് മറ്റന്നാള്‍ അത് സംഭവിക്കും. നാജിയുടെ രഹസ്യ സന്ദേശത്തില്‍ കുറിച്ച തിയ്യതി അനുസരിച്ച്.
ഒരു ഭടന്‍ കുതിരപ്പുറത്ത് ഓടി വന്നു. അയാള്‍ സലാം പറഞ്ഞുകൊണ്ട് കുതിരപ്പുറത്ത്നിന്നും ചാടിയിറങ്ങി.
ഭടന്‍: കൂടാരത്തില്‍ താന്‍ പാര്‍പ്പിച്ച ഏഴു പെണ്‍കുട്ടികളില്‍ ഒരാള്‍ അപ്രത്യക്ഷയായിരിക്കുന്നു. ഇന്നലെ രാത്രിയില്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഫഖ്റുല്‍മിസ്രിയെയും കാണുവാനില്ല.
സ.അ: ഇന്നലെ കാലത്ത് നമ്മുടെ ഭടന്മാര്‍ കൊണ്ടുവന്നവരാണ് ആ പെണ്‍കുട്ടികള്‍. അഞ്ച് പുരുഷന്മാരും ഉണ്ടായിരുന്നു അവരുടെ കൂടെ. അലക്സാണ്ട്രിയയിലേക്ക് പോകുന്ന കച്ചവടക്കാരെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. പെണ്‍കുട്ടികള്‍ കുരിശു പടയാളികളുടെ കപ്പലില്‍ നിന്ന് രക്ഷപ്പെട്ടു വന്നവരാണത്രെ. നമ്മുടെ സംരക്ഷണത്തില്‍ ഏല്‍പിച്ചിരിക്കുകയാണ് അവരെ. അഞ്ച് ചെറുപ്പക്കാര്‍ വേറെയുമുണ്ട്. അവര്‍ ഇവരുടെ കൂട്ടത്തിലുള്ളവരാണെന്ന് തോന്നുന്നില്ല. താങ്കള്‍ എത്തിയ ശേഷം വിശദമായി ചോദ്യം ചെയ്യാമെന്ന് കരുതിയതാണ്.
അ.സു: ~ഏഴു പെണ്‍കുട്ടികളില്‍ ഒരാള്‍ അപ്രത്യക്ഷയായത് വലിയ പ്രശ്നമല്ല. പക്ഷേ,അവളുടെ കൂടെ നമ്മുടെ ഒരു ഭടനും കൂടി പോയിട്ടുണ്ടെങ്കില്‍ കാര്യം ഗുരുതരമാണ്. എവിടെയാണ് പെണ്‍കുട്ടികളെ താമസിപ്പിച്ചിരിക്കുന്നത്? അവരെ ഉടന്‍ തന്നെ ചോദ്യം ചെയ്യണം.
കാഴ്ച ആറ്
സലാഹുദ്ദീനും അലിയ്യുബ്നു സുഫ്യാനും പെണ്‍കുട്ടികളുടെ കൂടാരത്തിനു മുമ്പില്‍. ബഹാഉദ്ദീന്‍ ഇബ്നു ശദ്ദാദും ഏതാനും ഭടന്മാരും കൂടെയുണ്ട്.
സ.അ: ഈ പെണ്‍കുട്ടികളോടൊപ്പം ഉണ്ടായിരുന്ന അഞ്ച് കച്ചവടക്കാരെ ഉടനെ കണ്ടെത്തി ഇവിടെ ഹാജറാക്കണം. ഇന്നലെ അവര്‍ താമസിച്ചിരുന്ന സ്ഥലം അറിയാമല്ലോ.ആവശ്യമായ ഭടന്മാരെയും കൂട്ടി ഉടന്‍ പുറപ്പെട്ടു കൊള്ളുക.
ഒരു ഭടന്‍: ശരി, അമീര്‍, ഞാനിതാ പുറപ്പെട്ടു കഴിഞ്ഞു.
ഭടന്മാര്‍ രണ്ടുപേരും ഒരു കുതിരപ്പുറത്ത് ചാടിക്കയറി ഓടിപ്പോകുന്നു. സലാഹുദ്ദീനും അലിയ്യുബ്നു സുഫ്യാനും ബഹാഉദ്ദീന്‍ ശദ്ദാദും പെണ്‍കുട്ടികളുടെ കൂടാരത്തിലേക്ക് പ്രവേശിച്ചു. അവരെകണ്ട് പെണ്‍കുട്ടികള്‍ ഭയത്തോടും ആദരവോടും കൂടി എഴുന്നേറ്റ് നിന്നു. അലിയ്യുബ്നു സുഫ്യാന്‍ അറയില്‍നിന്നും വാള്‍ ഊരിയെടുത്ത് അത് ഓരോ പെണ്‍കുട്ടിയുടെയും തലക്കുമീതെ ചൂണ്ടിക്കൊണ്ട് ഒന്ന്, രണ്ട് എന്ന് ആറുവരെ എണ്ണി.
അ.സു: ഏഴാമത്തെ പെണ്‍കുട്ടി എവിടെ?
പെണ്‍കുട്ടികള്‍ അവര്‍ക്ക് മനസ്സിലാവാത്ത ഭാഷയില്‍എന്തോ പറഞ്ഞു.
അ.സു: അറബിഭാഷ നിങ്ങള്‍ക്ക് അറിയില്ല അല്ലേ? ശരി, അറിയുമോ എന്ന് ഞാനൊന്ന് പരിശോധിക്കട്ടെ.
അത് കേട്ടപ്പോഴും അവര്‍ അവരുടെ ഭാഷയില്‍ എന്തോ പറഞ്ഞു. അലിയ്യുബ്നു സുഫ്യാന്‍ അവരുടെ അടുത്തേക്ക് അല്‍പം നീങ്ങി നിന്നു ഭടന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി
അ.സു: ഇവരുടെ വസ്ത്രങ്ങള്‍ വലിച്ചു കീറി അവരെ പൂര്‍ണ നഗ്നരായി നിര്‍ത്തുക.
ആറു പെണ്‍കുട്ടികളും ഞെട്ടി പിറകോട്ടു മാറി. അത് കണ്ട് എല്ലാവരും ഉറക്കെ ചിരിച്ചു.
അ.സു: അപ്പോള്‍ അറബി കേട്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും. അതു പോരാ സംസാരിക്കാന്‍ കഴിയുമോ എന്നുകൂടി അറിയണമല്ലോ... ഹും. ഇബ്നു ശദ്ദാദ്, താങ്കള്‍ തന്നെ .. ഇവരെ നഗ്നരാക്കൂ. ഇബ്നു ശദ്ദാദ് രണ്ടടി മുന്നോട്ട് വെച്ചു
പെണ്‍കുട്ടികള്‍ ദയനീയഭാവത്തില്‍ കൈകള്‍ കൂപ്പി കുനിഞ്ഞ്
'അരുത്, ഞങ്ങളെ അപമാനിക്കരുത്'
അ.സു: അങ്ങനെ വാ. ഇനി നല്ല കുട്ടികളായി പറയൂ. എവിടെ നിങ്ങളുടെ ഒരു കൂട്ടുകാരി.
പെ.കു: ഞങ്ങള്‍ക്കറിയില്ല. തീര്‍ച്ചയായും ഞങ്ങള്‍ കണ്ടിട്ടില്ല.
അ.സു. അപ്പോള്‍ നിങ്ങള്‍ സത്യം പറയുകയില്ല. മരുന്ന് അതുതന്നെ പ്രയോഗിക്കണമെന്നര്‍ഥം.
പെ.കു: സത്യമാണ് ഞങ്ങള്‍ പറയുന്നത്. രാത്രി ഞങ്ങള്‍ ഉറങ്ങുന്ന സമയത്താണ് ഇവിടെ നിന്നും ഇറങ്ങിയത്. അവളെ കാണാത്തതില്‍ ഞങ്ങളും പരിഭ്രമത്തിലാണ്.
ബ.ശ. അലി സുഫ്യാന്‍, ഇവര്‍ സത്യം പറയുമെന്ന് തോന്നുന്നില്ല. എനിക്ക് വിട്ടു തരൂ, ഞാന്‍ പറയിപ്പിക്കാം.
സ.അ: ഇന്നലെ നിങ്ങള്‍ പറഞ്ഞതെല്ലാം ഞങ്ങള്‍ വിശ്വസിച്ചു. അതെല്ലാം പച്ചക്കള്ളമായിരുന്നുവെന്ന് ഇപ്പോള്‍ നിങ്ങള്‍ തന്നെ സമ്മതിച്ചുകഴിഞ്ഞു. ഇനി സത്യം പറയാതെ നിങ്ങള്‍ക്ക് രക്ഷയില്ല, മര്യാദക്ക് പറഞ്ഞോളൂ. കൂടാരത്തില്‍ നിന്നും പുറത്തിറങ്ങിയ ശേഷം എവിടേക്കാണ് അവള്‍ പോയത്.
ഒരു പെണ്‍കുട്ടി: അപ്പുറത്തെ കൂടാരത്തിലേക്ക്. ആ തടവുകാരെ പാര്‍പ്പിച്ച...
സ.അ: അവരുമായി നിങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് നേരത്തേ ഞാന്‍ സംശയിച്ചിരുന്നു. അതുകൊണ്ടാണ് അവരുടെ അടുത്ത് തന്നെ നിങ്ങളുടെ കൂടാരം സ്ഥാപിച്ചത്, പക്ഷേ നിങ്ങള്‍ മിടുക്കികളാണ്. ഞങ്ങളുടെ കണ്ണുവെട്ടിച്ച് ഞങ്ങളുടെ ഒരു ഭടനെയും കൊണ്ട് കടന്നു കളഞ്ഞല്ലോ.
അ.സു: ഇവരെ ഇനി പിന്നീട് ചോദ്യം ചെയ്യാം. വരൂ, നമുക്ക് ആ ഭടന്മാരുടെ അടുത്തേക്ക് പോകാം. അവര്‍ അവിടെ നിന്നും ഇറങ്ങി തടവുകാരുടെ കൂടാരത്തിലേക്ക് നടന്നു.
തടവുകാരുടെ കൂടാരത്തില്‍
അ.സു: അപ്പുറത്തെ കൂടാരത്തില്‍ നിന്ന് ഒരു പെണ്‍കുട്ടി രാത്രി അപ്രത്യക്ഷയായിട്ടുണ്ട്. രാത്രി അവള്‍ ഇവിടെ വന്നിരുന്നുവെന്ന് അവളുടെ കൂട്ടുകാരികള്‍ പറഞ്ഞു. എന്തിനാണ് അവള്‍ ഇവിടെ വന്നത്? എവിടേക്കാണ് അവള്‍ പോയത്? ഈ തിരോധാനത്തില്‍ നിങ്ങള്‍ക്കുള്ള പങ്കെന്താണ്. ഒന്നും മറച്ചു വെക്കാതെ സത്യസന്ധമായി പറഞ്ഞാല്‍ നിങ്ങള്‍ക്ക് രക്ഷയുണ്ട്.
കൂട്ടത്തില്‍ ഒരു തടവുകാരന്റെ കഴുത്തില്‍ വാള്‍ അമര്‍ത്തിപ്പിടിച്ച്...
പറയൂ, അവള്‍ ഇവിടെ വന്നിട്ട് ആരോടാണ് സംസാരിച്ചത്?
തടവുകാരന്‍ മറ്റൊരു തടവുകാരന്റെ നേരെ വിരല്‍ ചൂണ്ടി
ഇതാ, ഇയാളോടാണ് സംസാരിച്ചത്.
അലിയ്യുബ്നു സുഫ്യാന്‍ അയാളെ വിട്ട്, അയാള്‍ വിരല്‍ ചൂണ്ടിയ തടവുകാരന്റെ അടുത്തേക്ക് നീങ്ങി.
അ.സു: എന്താ നിന്റെ പേര്?
തടവുകാരന്‍: ക്രിസ്റഫര്‍
അ.സു: ആ പെണ്‍കുട്ടിയെ നീ അറിയുമോ?
ക്രി. അറിയാം. എന്റെ പെണ്‍കൂട്ടുകാരിയാണ്. ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്ണ്.
അ.സു: എന്തിനാണ് അവള്‍ ഇവിടെ വന്നത്?
ക്രി: ഇന്നലെ അമീറിന്റെ മുമ്പില്‍ ഹാജരാക്കപ്പെട്ട സമയത്ത് വേദനകൊണ്ട് ഞാന്‍ ഉറക്കെ കരഞ്ഞിരുന്നു. അതിന് കാരണമറിയാനായി വന്നതാണ്.
അ.സു: എന്തിനാണ് നീ കരഞ്ഞത്? നിന്റെ പരിക്കെന്താണ്? കാണട്ടെ.
ക്രിസ്റഫര്‍: പരിക്ക് കാണിച്ചു കൊടുക്കാനാവാതെ പരുങ്ങി.
അ,സു: അപ്പോള്‍ പരിക്കൊന്നുമില്ല. അവളെ നിന്റെ അടുത്തേക്ക് വരുത്താനുള്ള അടവായിരുന്നു ആ കരച്ചില്‍ അല്ലേ:
(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top