ബീയ്യമ്മക്കും ഒത്തിരി പറയാനുണ്ട്...

ബി.പി ബിശാറ മുജീബ് No image

പരപ്പനങ്ങാടിയിലേക്ക് വണ്ടി കയറുമ്പോള്‍ മഅ്ദനിയുടെ കൂടെ പരപ്പന അഗ്രഹാര ജയിലില്‍ നിരപരാധിയായിട്ടും ശിക്ഷിക്കപ്പെടുന്ന സക്കരിയ്യയുടെ ഉമ്മയെ എങ്ങനെ അഭിമുഖീകരിക്കും എന്നായിരുന്നു ചിന്ത. കാരണം ഞാനും ഒരു ഉമ്മയാണ്. കൈ വളരുന്നോ കാല്‍ വളരുന്നോ എന്ന് നോക്കി വളര്‍ത്തിയ എന്റെ മക്കള്‍ക്ക് 19 വയസ്സാകുമ്പോള്‍ ഏതോ പോലീസുകാര്‍ വന്ന് കുറ്റവാളിയെന്ന് മുദ്ര കുത്തിയാല്‍ എന്തായിരിക്കും എന്നാലോചിച്ചപ്പോള്‍ തന്നെ ഹൃദയമിടിപ്പ് കൂടി. അപ്പോള്‍ തന്നെ മക്കളെ വിളിച്ച് സംസാരിച്ചപ്പോഴാണ് സമാധാനമായത്. പുത്തന്‍പീടികയില്‍ ഓട്ടോയിറങ്ങി വാണിയംപറമ്പത്ത് കോണിയത്ത് വീടിന്റെ മുമ്പിലിറങ്ങിയപ്പോള്‍ എല്ലാം ഉള്ളിലൊതുക്കി ചിരിച്ചുകൊണ്ട് ബീയ്യമ്മ അവിടെത്തന്നെ ഉണ്ടായിരുന്നു. ചിരി മറന്ന് കരഞ്ഞ് തളര്‍ന്ന് വാടിയ മുഖം പ്രതീക്ഷിച്ച എനിക്ക് സമാധാനമായി. കൈ കൊടുത്ത് കയറുമ്പോഴേക്കും 'മക്കളെ ക്ഷീണിച്ചോ, ഭക്ഷണം കഴിച്ചൊ' എന്നെല്ലാം അന്വേഷിച്ചു കഴിഞ്ഞിരുന്നു. 'എനിക്ക് നാല് മക്കളാ. ചെറിയവനാ സകരിയ്യ. അവനെയാ പോലീസ് പിടിച്ചുകൊണ്ടുപോയി ജയിലിലിട്ടത്' എന്നുപറഞ്ഞുകൊണ്ടാണ് ഇരിക്കാന്‍ കസേര നീക്കിത്തന്നത്. 
ഒന്നു പരിചയപ്പെട്ടതിനുശേഷം മുഖവുരയില്ലാതെ പറഞ്ഞുതുടങ്ങി. അഞ്ച് വര്‍ഷത്തോളമായി എന്റെ മോന്‍ പോയിട്ട്. ഇക്കഴിഞ്ഞ മാസം 27-നാണ് ഞാനാദ്യമായി അവനെ കാണാന്‍ പോയത്. അവനാകെ ക്ഷീണിച്ച് വിളറി ഇരുണ്ടിരിക്കുന്നു. ഭക്ഷണമൊന്നും ശരിക്ക് കിട്ടാത്തതിനാലാവാം വയറിനും തൊലിക്കും പ്രശ്നമാണ്. നല്ലതലവേദന ഉണ്ടാവാറുണ്ടെന്നും പറഞ്ഞിരുന്നു. കണ്ണട വെച്ചിട്ടുണ്ട്. അടുത്ത് നിന്നിരുന്ന മൂത്തമകന്‍ സിറാജിനെ ചൂണ്ടി ഉമ്മ പറഞ്ഞു. ഇവരൊക്കെ ഇടക്കിടക്ക് അവനെ കാണാന്‍ പോകും. എന്നെ കൊണ്ട്പോവില്ല. ഇപ്പോള്‍ അവന്‍ തന്നെ പറഞ്ഞയച്ചു. ഉമ്മ വരണം, കരയരുത്, കരഞ്ഞാ വിഷമമാവും എന്നൊക്കെ. അങ്ങനെയാ ഞാന്‍ പോയത്. കണ്ടപ്പോള്‍ വിറച്ച് സ്തംഭിച്ചുപോയി. മൂന്ന് മണിക്കൂറോളം അവിടെ നിന്നിട്ടും എന്റെ കുട്ടിയോട് കാര്യമായൊന്നും പറയാന്‍ കഴിഞ്ഞില്ല. അവനെ കണ്ട് പൂതി തീര്‍ന്നില്ല. തിരിച്ചുപോരുന്നതിനിടക്ക് ഉമ്മ മഅ്ദനിയെ കാണണമെന്ന് പറഞ്ഞതനുസരിച്ച് അവിടെയെത്തി. കണ്ണിന്റെ കാഴ്ച പോയിട്ടും വീല്‍ചെയറിലിരുന്ന് സംസാരിച്ച ഉസ്താദിന്റെ ഉറപ്പുള്ള വാക്കുകള്‍ കേട്ടപ്പോള്‍ അത്ഭുതം തോന്നി. പരീക്ഷണങ്ങള്‍ മൂന്ന് രീതിയില്‍ അഭിമുഖീകരിക്കുന്നവരുടെ ഉപമ പറഞ്ഞ് സമാധാനിപ്പിച്ചു. ഉമ്മ പ്രാര്‍ത്ഥിക്കുമ്പോള്‍ മറക്കരുതെന്നും പറഞ്ഞു. മനസ്സിലുള്ള വലിയ സങ്കടങ്ങളൊക്കെ പെറുക്കിക്കൂട്ടിയെടുത്ത് മഅ്ദനിക്കു മുമ്പില്‍ ഉരുക്കിയൊഴുക്കിയാണ് തിരിച്ചു കയറിയത്.
സകരിയ്യക്ക് കഴിക്കാനിഷ്ടമുള്ള സാധനങ്ങള്‍ വീട്ടിലുണ്ടാക്കുമ്പോള്‍ ഉമ്മാക്ക് തൊണ്ട വരളും. ഒന്നും വായില്‍ വെക്കാന്‍ തോന്നില്ല. പെരുന്നാളിന് പുതിയ പാന്റും കുപ്പായവുമൊക്കെ ഇട്ട് നടക്കാന്‍ സകരിയ്യാക്ക് വല്യ ഇഷ്ടമായിരുന്നെന്ന് പറയുമ്പോള്‍ അവര്‍ വല്ലാണ്ടായി. ലാന്റ് ഫോണിലേക്ക് ആഴ്ചയിലൊരിക്കല്‍ വിളിക്കാറുള്ള അവന്‍ ഒരിക്കല്‍ മാന്തള്‍ കറിവെച്ചതും ഉണക്ക അയലയും അവിലും കൂരം വറുത്തതും അച്ചാറുമെല്ലാം കൊടുത്തയക്കാന്‍ പറഞ്ഞിരുന്നു.
സകരിയ്യ അറസ്റ് ചെയ്യപ്പെട്ട വിവരം മാധ്യമങ്ങളിലൊന്നും വന്നിരുന്നില്ല. പുറത്തറിയിച്ച് വലിയ കോലാഹലമായിക്കഴിഞ്ഞാല്‍ മോചിപ്പിക്കാനുള്ള സാധ്യത അടയുമെന്ന് കുടുംബത്തെ പോലീസ് വിശ്വസിപ്പിച്ചിരുന്നു. സാമൂഹിക പ്രവര്‍ത്തകര്‍ മഅ്ദനിയെ സന്ദര്‍ശിക്കാനായി ജയിലിലെത്തിയപ്പോള്‍ അദ്ദേഹമാണ് നിരപാധിയായിട്ടും തന്നെപ്പോലെ ശിക്ഷിക്കപ്പെടുന്ന ചെറുപ്പക്കാരനെക്കുറിച്ച് അവരോട് പറഞ്ഞത്. തനിക്ക് വേണ്ടി ചെയ്തിട്ട് പ്രത്യേകിച്ച് കാര്യമില്ലെന്നും എങ്ങനെയെങ്കിലും അവനെ മോചിപ്പിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ആക്ടിവിസ്റും മാധ്യമപ്രവര്‍ത്തകയുമായ എം. ജിഷ 'സകരിയ്യ എന്ന 19-കാരനെ തീവ്രവാദിയാക്കിയ വിധം' എന്ന ലേഖനം വാരാദ്യമാധ്യമത്തില്‍ എഴുതിയത്.
2009 ഫെബ്രുവരി അഞ്ചിനാണ് സക്കരിയ്യയെ കര്‍ണാടക പോലീസ് പിടിച്ചുകൊണ്ട് പോയത്. അറസ്റ് ചെയ്യുന്നതിന്റെ ഒരാഴ്ച മുമ്പ് ഒരാള്‍ വന്ന് വീടന്വേഷിച്ചിരുന്നു. രണ്ടാമത്തെ മകന്‍ ശരീഫ് ഉമ്മറത്ത് ആരോടാണ് സംസാരിക്കുന്നതെന്നറിയാന്‍ അടുക്കളയില്‍ നിന്ന് പുറത്തേക്കെത്തി നോക്കിയ ഉമ്മയോട് സകരിയ്യ പാസ്പോര്‍ട്ട് എടുത്തിട്ടുണ്ടോ എന്നയാളന്വേഷിച്ചു. ഇല്ല എന്നു പറഞ്ഞപ്പോള്‍ ഫോണ്‍ നന്നാക്കാനാണ്, മൊബൈല്‍ നമ്പര്‍ തരണമെന്ന് പറഞ്ഞു. അതുകൊടുക്കുകയും ചെയ്തു. സകരിയ്യ രാത്രി വീട്ടിലെത്തിയപ്പോള്‍ തിരൂര്‍ കടയിലും തന്നെ അന്വേഷിച്ച് ആരോ വന്നിരുന്നതായി ഉമ്മയോട് പറഞ്ഞിരുന്നു. നിങ്ങള്‍ വീട്ടില്‍ ചെന്നന്വേഷിച്ചിട്ട് എന്റെ ഉമ്മ ഇന്നലെ ഉറങ്ങിയിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ 'ഉമ്മയോട് ഉറങ്ങാന്‍ പറ, ഒരു പ്രശ്നവുമില്ല' എന്നായിരുന്നു മറുപടി. അതിനുശേഷം നാലാമത്തെ ദിവസം കടയിലേക്ക് പോയ അവനെ മൂന്നാലാള്‍ക്കാര്‍ വന്ന് നിര്‍ബന്ധിച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. വിവരമറിഞ്ഞപ്പോള്‍ ഉമ്മയും ചില ബന്ധുക്കളും ചേര്‍ന്ന് അന്നത്തെ തിരൂരങ്ങാടി എം.എല്‍.എയും അയല്‍വാസിയുമായ അബ്ദുറബ്ബിനെ ചെന്നു കാണുകയും അദ്ദേഹം ഒരുപാട് പേരെ വിളിച്ചു നോക്കുകയും ചെയ്തു. എങ്കിലും വ്യക്തമായ ഒരു വിവരവും എവിടെ നിന്നും ലഭിച്ചില്ല. അടുത്ത ദിവസം പത്രങ്ങളില്‍ നിന്നാണ് ബാംഗ്ളൂര്‍ സ്ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് കര്‍ണാടക പോലീസാണ് സകരിയ്യയെ അറസ്റ് ചെയ്തതെന്ന് അറിഞ്ഞത്. ആ വിവരം മാത്രം മൂന്നാം ദിവസം അവന്‍ തന്നെ ലാന്റ് ഫോണിലേക്ക് വിളിച്ചുപറയുകയും ചെയ്തു.
സകരിയ്യക്ക് നാലുവയസ്സുള്ളപ്പോഴാണ് കൂടരഞ്ഞിയില്‍ ഉണക്കമീന്‍ കച്ചവടം നടത്തിയിരുന്ന ഉപ്പ കുഞ്ഞുമുഹമ്മദ് അറ്റാക്ക് വന്ന് മരിച്ചത്. പിന്നീട് അവനെയും ജ്യേഷ്ഠസഹോദരങ്ങളായ സിറാജിനെയും ശരീഫിനെയും ബുഷ്റയെയുമെല്ലാം നാട്ടില്‍കൊണ്ടുവന്ന് സംരക്ഷിച്ച് വളര്‍ത്തിയതും പഠിപ്പിച്ചതും ജോലി ശരിയാക്കിയതുമെല്ലാം ബീയ്യുമ്മയുടെ സഹോദരന്മാരാണ്. ഇപ്പോള്‍ സിറാജും ശരീഫും ഗള്‍ഫിലാണ്. ഉള്ളതെല്ലാം വിറ്റുപെറുക്കിയും കടം വാങ്ങിയും അമ്മാവന്മാരുടെ സഹായത്താലും സഹോദരിയെ കല്യാണം കഴിച്ചയച്ചു. പരപ്പനങ്ങാടി വിവേകാനന്ദയില്‍ പ്ളസ്ടു പഠനം പൂര്‍ത്തിയാക്കിയ സകരിയ്യ ബീ.കോമിന് ചേര്‍ന്നെങ്കിലും ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ പഠനം നിര്‍ത്തി തിരൂരിലെ മെറിറ്റ് ഇന്‍സ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തില്‍ ആറുമാസത്തെ മൊബൈല്‍ ടെക്നോളജി കോഴ്സിനു ചേര്‍ന്നു. പെട്ടെന്ന് ജോലി ശരിയാക്കി കുടുംബത്തെ സഹായിക്കണമെന്നായിരുന്നു അവന്റെ ഉള്ളില്‍. കോഴ്സ് കഴിയാറായപ്പോള്‍ തന്നെ പലരോടും എവിടെയെങ്കിലും ഒഴിവുണ്ടെങ്കില്‍ പറയണമെന്ന് ഏല്‍പിച്ചിരുന്നു. അങ്ങനെയാണ് അയല്‍വാസിയായ അബ്ദുറഹീം എന്ന അഫ്താബ് തന്റെ അളിയന്‍ ഷറഫുദ്ദീന്റെ കടയില്‍ ഒഴിവുണ്ടെന്ന് അറിയിച്ചത്. 40 ദിവസത്തോളം അവിടെ ജോലി നോക്കിയെങ്കിലും യാത്രാക്ളേശവും ശമ്പളമില്ലായ്മയും മൂലം അതു മതിയാക്കി. എന്നും ഉച്ചക്ക് കഴിക്കാനുള്ള ചോറ് പാത്രത്തിലാക്കിയതും പോകാനുള്ള ചെലവായി 50 രൂപയും കൂടി കൊടുക്കുമ്പോള്‍ ഉമ്മ മകനോട് പറയും; 'ഇനി നിര്‍ത്തിക്കള, അടുത്തെവിടെയെങ്കിലും നോക്കാ'മെന്ന്. പിന്നീട് മറ്റൊരു കടയിലും പോയിനോക്കിയെങ്കിലും ഇത്തരം കാരണങ്ങളാല്‍ അതും ഒഴിവാക്കി. മൂന്നാമതായി തിരൂരിലെ മറ്റൊരു കടയില്‍ പോയിത്തുടങ്ങിയപ്പോഴാണ് അവന്‍ ഉമ്മയോട് പറഞ്ഞത്; ഇനി അമ്പതോ അറുപതോ മിച്ചം വെച്ച് വീടെടുത്ത ലോണ്‍ അടച്ചുതീര്‍ക്കാനാവും എന്ന്.
2008-ല്‍ ബാംഗ്ളൂരില്‍ നടന്ന ബോംബ് സ്ഫോടനത്തിനുപയോഗിച്ച മൈക്രോചിപ്പുകളും ടൈമറുകളും 12-ാം പ്രതി ഷറഫുദ്ദീനുമായി ചേര്‍ന്ന് നിര്‍മിച്ചു എന്നതാണ് സകരിയ്യക്കെതിരെയുള്ള കുറ്റം. കൊണ്ടോട്ടിയിലെ ഷറഫുദ്ദീന്റെ കടയില്‍ വെച്ചാണിതുണ്ടാക്കിയതെന്നാണ് പോലീസ് പറയുന്നത്. 40 ദിവസം മാത്രം അവിടെ നിന്നത് ഇതിനാണെന്നും അവര്‍ പറയുന്നു. കൂടാതെ സകരിയ്യയുടെ ഫോണ്‍ ആയിടക്ക് കണ്ണൂരിലും കറങ്ങിയതിന് തെളിവുണ്ടെന്ന് അവര്‍ പറയുന്നു. അതിനെക്കുറിച്ച് സിറാജ് പറയുന്നതിങ്ങനെ, താന്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയപ്പോള്‍ ചില കൂട്ടുകാരോടൊപ്പം ഫിറ്റിംഗ്സ് വര്‍ക്കിന് തളിപ്പറമ്പിനടുത്ത് പോയിരുന്നു. അന്ന് സകരിയ്യയുടെ സിം കാര്‍ഡാണ് തന്റെ ഫോണിലുപയോഗിച്ചിരുന്നത്. പാകിസ്ഥാനില്‍ നിന്ന് കാശിപ്പോഴും വരാറില്ലേ എന്ന ചോദ്യത്തിന് എന്ത് അടിസ്ഥാനമാണുള്ളതെന്ന് ഇപ്പോഴും ഇവര്‍ക്ക്മനസ്സിലായിട്ടില്ല.
കുറ്റപത്രത്തില്‍ സകരിയ്യയുടെ പേര് ചേര്‍ത്തിട്ടില്ല. കര്‍ണാടക പോലീസ് സാക്ഷികളായി രണ്ട് പേരെയാണ് ഹാജരാക്കിയിട്ടുള്ളത്. ഷറഫുദ്ദീന്റെ സഹോദരന്‍ നിസാമുദ്ദീനും പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി നിസാമുദ്ദീനും. ഷറഫുദ്ദീനെ അറസ്റുചെയ്തതിനു ശേഷം അവന്റെ ഫോണ്‍ സഹോദരന്‍ നിസാമുദ്ദീന്റെ കൈയിലായിരുന്നതിനാല്‍ പോലീസ് തേടിയെത്തി. കന്നടയിലെഴുതിയ സ്റേററ്മെന്റിനടിയില്‍ ഒപ്പുവെക്കാന്‍ പറഞ്ഞതല്ലാതെ മറ്റൊന്നും അയാള്‍ക്കറിയില്ല. അവന്റെ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് തെളിയിക്കാനാണിതെന്നാണ് പോലീസ് ധരിപ്പിച്ചിരുന്നത്. എന്നാല്‍ ഷറഫുദ്ദീനും അഫ്താബും സകരിയ്യയും പലപ്പോഴും ഒന്നിച്ച് കൂടി ചില ബുക്കുകള്‍ വായിച്ച് പ്രോഗ്രാം തയ്യാറാക്കിയിരുന്നെന്നും അതെന്തിനായിരുന്നെന്ന് തനിക്കറിയില്ല എന്നുമായിരുന്നു അതിലടങ്ങിയിരുന്നത്. ഹരിദാസിന്റെ മൊഴിയും പരസ്പര വിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്ന് വ്യക്തമായിട്ടുണ്ട്.
ബീയ്യമ്മയുടെ മക്കളൊന്നും അമിതമായി കമ്പനികൂടി നടക്കുന്നവരല്ല. അനാഥരായ അവരെ അമ്മാവന്മാര്‍ നല്ല അടക്കത്തോടെ വളര്‍ത്തിയതാണ്. ജോലി കഴിഞ്ഞാലുടനെ നേരത്തെ തിരിച്ചെത്താറായിരുന്നു പതിവ്. അയല്‍പക്കക്കാര്‍ക്കും അതെല്ലാം അറിയാം. എങ്കിലും അവനെ കൊണ്ടുപോയതിനു ശേഷം നാട്ടുകാര്‍ക്കിടയില്‍ ഞങ്ങള്‍ തീവ്രവാദികളായി. അയലത്തുള്ളവര്‍ക്ക് വരെ മിണ്ടാന്‍ മടി. അവരെ പറഞ്ഞിട്ടെന്തു കാര്യം? നാളെ തീവ്രവാദികളോട് കൂട്ടുകൂടിയെന്ന് പറഞ്ഞ് തങ്ങളെയും പിടിച്ചുകൊണ്ടുപോകുമെന്ന് അവര്‍ക്കും പേടി തോന്നിയിട്ടുണ്ടാകും. ആ ദിനങ്ങളില്‍ ഞാന്‍ ചെവികള്‍ അടച്ചാണ് ജീവിച്ചത് എന്ന് ബീയ്യമ്മ പറയുന്നു. മക്കള്‍ക്ക് വന്ന കല്ല്യാണങ്ങളൊക്കെ മുടങ്ങിപ്പോയി. അവസാനം മൂത്ത മകന്‍ സിറാജിന് കുടുംബത്തെ കുറിച്ച് നന്നായി അറിയുന്ന വീട്ടില്‍ നിന്ന് മൂന്ന് മാസം മുമ്പ് വിവാഹം ശരിയായി.
സകരിയ്യയുടെ കഥ മാധ്യമ ലോകത്ത് വെളിച്ചം കണ്ടതോടെ സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും നാട്ടുകാരുമടങ്ങുന്നവര്‍ ചേര്‍ന്ന് 'ഫ്രീ സകരിയ്യ ആക്ഷന്‍ ഫോറം' രൂപീകരിച്ചു. അതോടെ കാര്യങ്ങളുടെ നിജസ്ഥിതി ആളുകള്‍ അറിഞ്ഞു തുടങ്ങി. ഇടപഴകാന്‍ ഭയന്നിരുന്നവരൊക്കെ അടുത്തു. ഇതു വരെ സ്വന്തം വീട് അടച്ചിട്ട് സഹോദന്മാരുടെ കൂടെയായിരുന്ന ബീയ്യമ്മ ഇപ്പോള്‍ മോന്റെയും മരുമകളുടെയും കൂടെ വീട്ടിലേക്ക് തന്നെ എത്തി.
എങ്കിലും ചില ഓര്‍മകള്‍ എന്നും നോവിക്കാറുണ്ടെന്ന് ഉമ്മ പറയുന്നു. രാവും പകലും എത്തിയിരുന്ന പോലീസിനോട് എന്തിനാണ് ഇങ്ങനെ അന്വേഷിച്ച് വരുന്നത് നിങ്ങള്‍ക്കും മക്കളില്ലേ എന്ന് ചോദിച്ചപ്പോള്‍ 'നിങ്ങളുടെ മകന്‍ കുറ്റം ചെയ്തിട്ടല്ലേ, മറ്റാരുടെയും മക്കളെ ഇങ്ങനെ പിടിച്ചില്ലല്ലോ' എന്നായിരുന്നു മറുപടി. മകന്റെ വാര്‍ത്ത വന്ന പത്രങ്ങള്‍ മറ്റുള്ളവര്‍ ഉമ്മയെ കാണിക്കാറില്ലായിരുന്നു. ഒരിക്കലവന്‍ തലകറങ്ങി വീണതും നാല് ദിവസം ആശുപത്രിയില്‍ അഡ്മിറ്റായതും ഉമ്മ തന്നെയാണ് പത്രത്തില്‍ ആദ്യം വായിച്ചത്.
സക്കരിയ്യയുടെ അമ്മാവന്റെ മകനും അടുത്ത സുഹൃത്തുമായ ശുഐബ് ആണ് അവനുവേണ്ടി ഓടിക്കൊണ്ടിരുന്നത്. ഇടക്കിടക്ക് ജയിലില്‍ പോയി കാണുകയും നിയമപരമായ ഉപദേശങ്ങള്‍ തേടുകയും ചെയ്ത് ശുഐബ് സജീവമാണ്. ബി.കോം പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച സകരിയ്യയോട് ജയിലില്‍ വെച്ച് അതു തുടരാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആദ്യം താല്‍പര്യം കാണിച്ചിരുന്ന അവന്‍ ഇപ്പോള്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടു എന്നാണ് പറഞ്ഞത്. ഇപ്പോഴവന്‍ കേസിന്റെ വരും വരായ്കകളെ കുറിച്ച് ചിന്തിക്കുന്നതിനാലാവാം. കൂടാതെ മഅ്ദനിക്കു വേണ്ടി ഒരുപാട് വ്യക്തികളും സംഘടനകളും ശ്രമിച്ചിട്ടും ചികിത്സ പോലും ലഭ്യമാക്കാന്‍ സാധിക്കാതെ വരുന്നത് നേരിട്ടു കാണുന്നതുകൊണ്ടുമാവാമെന്നാണ് ശുഐബ് വിചാരിക്കുന്നത്.
മഅ്ദനിയും സകരിയ്യയും അതുപോലെ നിരപരാധികളായി ജയിലിലടക്കപ്പെട്ടവരുമെല്ലാം യഥാര്‍ഥത്തില്‍ ഭാഗ്യവാന്മാരാണ്. അവര്‍ പാപങ്ങളൊന്നും ചെയ്യുന്നില്ലല്ലോ. അവരിലെ തിന്മകളത്രയും മാഞ്ഞുപോയിട്ടുമുണ്ടാകും. സിറാജ് ആശ്വസം കാണുന്നത് ഇങ്ങനെയാണ്.
കുറെ പറഞ്ഞ് വലിയൊരു നെടുവീര്‍പ്പോടെ എണീറ്റ ഉമ്മയോട് ഇനി ഞങ്ങള്‍ ഇറങ്ങട്ടെ എന്ന് പറഞ്ഞപ്പോള്‍ ഉമ്മ ചോദിച്ചു; മാധ്യമത്തിലും ചന്ദ്രികയിലും തേജസ്സിലുമൊക്കെ എന്റെ മോനെ കുറിച്ച് എഴുതി. ഇനി നിങ്ങളും എഴുതും. ഇതുകൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ? നിങ്ങള്‍ എല്ലാം പറഞ്ഞാല്‍ എന്റെ മോനെ അവര്‍ തുറന്നുവിടുമോ? ഏതായാലും വായിക്കുന്നവരെല്ലാം ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നുണ്ടാകും. അല്ലേ?

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top