യുക്തിവാദികളുമായി മുഖാമുഖം

ശൈഖ് മുഹമ്മദ് കാരകുന്ന് No image

ഇന്ന് ലോകമാകെ മാറിയിരിക്കുന്നു. പിന്നിട്ട നൂറ്റാണ്ടും പുതിയ നൂറ്റാണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കഴിഞ്ഞ നൂറ്റാണ്ട് ശാസ്ത്രത്തിന്റേതായിരുന്നു. ഏതൊരു കാര്യവും ശാസ്ത്രീയമെന്ന് പറഞ്ഞാല്‍ കുറ്റമറ്റതെന്ന കാഴ്ചപ്പാടാണ് നിലനിന്നിരുന്നത്. ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തതെന്ന ബോധവും. ഇന്ന് അത് അടിമുടി മാറിയിരിക്കുന്നു. ശാസ്ത്രം വിചാരണ ചെയ്യപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. അത് മനുഷ്യനെന്ത് നല്‍കിയെന്ന ചോദ്യം വളരെ ശക്തമായി ഉയര്‍ത്തപ്പെട്ടു കൊണ്ടിരിക്കുന്നു.
ശാസ്ത്രം പുരോഗതി പ്രാപിച്ചു. സാങ്കേതിക വിദ്യ സമൃദ്ധമായി. അവ രണ്ടും ജീവിത സൌകര്യങ്ങള്‍ ഗണ്യമായി വര്‍ധിപ്പിച്ചു. ഒട്ടേറെ ഭൌതിക സൌകര്യങ്ങളൊരുക്കി. മറുഭാഗത്ത് മനുശ്യരാശിയെ ഒന്നാകെ കൊന്നൊടുക്കുന്ന നശീകരണായുധങ്ങളും ഉണ്ടാക്കി. അവയിന്ന് ലക്ഷക്കണക്കിന് നിരപരാധികളായ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കുന്നു. അത് തടയാനാവശ്യമായ ബോധമോ വികാരമോ വളര്‍ത്താന്‍ ശാസ്ത്രത്തിനോ സാങ്കേതിക വിദ്യക്കോ കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ മനുഷ്യസ്നേഹികള്‍ ശാസ്ത്രത്തെ വാഴ്ത്തുക മാത്രമല്ല, ഇകഴ്ത്തുകയും ചെയ്യുന്നു. അത് സൃഷ്ടിച്ച നാഗരികത നാശത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു. സംസ്കാരം നിശിത വിമര്‍ശനങ്ങളേറ്റു വാങ്ങിക്കൊണ്ടിരിക്കുന്നു. കെ.പി രാമനുണ്ണി ഉയര്‍ത്തിയ ചോദ്യം അദ്ദേഹത്തിന്റേതു മാത്രമല്ല, ഈ കാലഘട്ടത്തിന്റെ ഒന്നായുള്ള പൊതുചോദ്യവും അന്വേഷണവുമാണ്. "ഇത്ര പഞ്ചപുഛത്തോടെ ആദരിക്കപ്പെടാന്‍ ആധുനിക ലോകത്തിന്റെയും ആധുനിക മാനവ സംസ്കൃതിയുടെയും ബാലന്‍സ് ഷീറ്റില്‍ എന്താണ് ബാക്കിയുള്ളത്? തൊടുന്നിടത്തെല്ലാം മുടിഞ്ഞുകൊണ്ടിരിക്കുന്ന ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളോ? ബുദ്ധിപരവും ആത്മീയവുമായ ആനന്ദം പടിപടിയായി നഷ്ടപ്പെട്ട് ഭൂമിയുടെ കലവറകളെ തിന്നും തൂറിയും വെറുതെ ഉപയോഗിക്കുക മാത്രം ചെയ്യുന്ന കമ്പോള മനുഷ്യരോ?''
ശാസ്ത്രത്തിന്റെ പേരില്‍ പടിഞ്ഞാറ് വളര്‍ത്തിയെടുത്ത യുക്തി ചിന്തയും ചരിത്രത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്. കേവല യുക്തിക്ക് ഇന്ന് ഒട്ടും പ്രസക്തിയില്ല. മനുഷ്യ സമൂത്തിന് ഒന്നും നല്‍കാന്‍ കേവല യുക്തിക്ക് സാധിച്ചിട്ടില്ലെന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. യുക്തി കൊണ്ട് എല്ലാറ്റിനെയും കീറി മുറിക്കാമെന്നും വിശകലനം ചെയ്യാമെന്നുമുള്ള മിഥ്യാബോധം ബാധിച്ചവരിന്ന് കുറ്റിയറ്റു പോയിരിക്കുന്നു. കേവല ബുദ്ധികൊണ്ടും യുക്തികൊണ്ടും ഒന്നിനെയും നിര്‍വചിക്കാനാവില്ലെന്ന വസ്തുത ഇന്ന് സുസമ്മതമായിരിക്കുന്നു. സ്നേഹത്തെപ്പോലും യുക്തി കൊണ്ട് വിശകലനം ചെയ്യാനാവില്ല. നാം ഇണകളെയും മാതാപിതാക്കളെയും മക്കളെയും സഹോദരീ സഹോദരന്മാരെയും സുഹൃത്തുക്കളെയും നാടിനെയും നാട്ടുകാരെയും പുഷ്പങ്ങളെയും പഴങ്ങളെയും പ്രപഞ്ചത്തിലുള്ള മറ്റു പലതിനെയും സ്നേഹിക്കുന്നു. ഇവയോരോന്നിനെയും സ്നേഹിക്കുന്നത് വ്യത്യസ്ത രൂപത്തിലും അളവിലുമാണ്. അതിനെ യുക്തിയുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കാനോ വിവേചിക്കാനോ അളക്കാനോ കണക്കാക്കാനോ ആര്‍ക്കും സാധ്യമല്ല. മനുഷ്യന്‍ തന്നെ കേവലയുക്തിക്ക് വിധേയനല്ലെന്നതാണ് വസ്തുത.
അതുകൊണ്ടു തന്നെ യുക്തി ചിന്തക്ക് മേധാവിത്തമുണ്ടായിരുന്ന കാലം വളര്‍ത്തിയെടുത്ത ലോകം കോലം കെട്ടതാണ്. രാമനുണ്ണിയുടെ തന്നെ ഭാഷയില്‍ പടിഞ്ഞാറന്‍ "യുക്തിയുടെ പ്രയോഗങ്ങളെല്ലാം ആര്‍ത്തിയൊടുങ്ങാത്ത തരിശുകളിലല്ലേ കലാശിച്ചു കൊണ്ടിരിക്കുന്നത്? മുതലാളിത്തമായാലും കമ്യൂണിസമായാലും പുരോഗതിയുടെ ലക്ഷണമായി കണ്ടത് അളവറ്റ സാമ്പത്തിക വികസനമായിരുന്നു. പരിസ്ഥിതി ശാസ്ത്രപരമായ പുതിയ വെളിച്ചങ്ങള്‍ ഈ സങ്കല്‍പത്തിന്റെ മിഥ്യയെ നമുക്കു മുമ്പില്‍ തുറന്നിടുന്നു. ആധുനികമായ മനുഷ്യ സംസ്കൃതിയുടെ ദിശ തന്നെ പാടെ പാളിപ്പോയിട്ടില്ലേ എന്ന് ഞെട്ടലുകളോടെ നാം ഓര്‍ത്തുപോകുന്നു.''
അതിനാലിന്ന് കേവല യുക്തിയെക്കാള്‍ ആത്മീയത പ്രസക്തമായിരിക്കുന്നു. ശാസ്ത്രത്തിന്റെ മേല്‍ക്കോയ്മ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. മാര്‍ക്സിനെക്കാള്‍ മൌദൂദി ശ്രദ്ധേയനായിരിക്കുന്നു. യുക്തിയൊരുക്കിയ മുതലാളിത്തത്തെക്കാളും കമ്യൂണിസത്തെക്കാളും ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിരിക്കുന്നു.
എന്നാല്‍ പിന്നിട്ട നൂറ്റാണ്ടിന്റെ രണ്ടാം പാതിയിലെ സ്ഥിതി തീര്‍ത്തും വ്യത്യസ്തമായിരുന്നു. ലോകത്ത് പൊതുവിലും കേരളത്തില്‍ പ്രത്യേകിച്ചും യുക്തിവാദികള്‍ രംഗം കൈയടക്കാന്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളിലേറെയും അവരെയാണ് പിന്തുണച്ചിരുന്നത്. സെമിനാറുകളിലും സിമ്പോസിയങ്ങളിലും അവരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. അവര്‍ മതത്തോട് ഇടതടവില്ലാതെ ഏറ്റുമുട്ടിക്കൊണ്ടിരുന്നു. മാനവ ജീവിതത്തെ ഒന്നായി കൈകാര്യം ചെയ്യുന്നത് ഇസ്ലാമായതിനാല്‍ യുക്തിവാദികളുടെ എതിര്‍പ്പും വിമര്‍ശനവും കൂടുതലും അതിന്റെ നേരെയായിരുന്നു. അവര്‍ അല്ലാഹുവിനെ നിഷേധിച്ചു. പ്രവാചകനെ പരിഹസിച്ചു. പരലോകത്തെ തള്ളിപ്പറഞ്ഞു. സ്വര്‍ഗനരകങ്ങളെ കളിയാക്കി. ഇസ്ലാമിക ജീവിത ക്രമത്തെയും നിയമ വ്യവസ്ഥയെയും രൂക്ഷമായി ആക്ഷേപിച്ചു. വിശുദ്ധ ഖുര്‍ആനെയും പ്രവാചക ചര്യയെയും ശകാരിച്ചു.
മുസ്ലിം സമുദായം യുക്തിവാദികളുടെ ശക്തമായ വിമര്‍ശനങ്ങള്‍ക്കു മുമ്പില്‍ പകച്ചു നിന്നു. മതപണ്ഡിതന്മാരും സമുദായ നേതാക്കളും ഒന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചു. വിദ്യാസമ്പന്നരായ പലരും ക്ഷമാപണ ശൈലിയില്‍ സംസാരിച്ചു. ഇതൊക്കെയും സമുദായത്തെ അപകര്‍ഷതാബോധത്തിലകപ്പെടുത്തി. മതനിരാസപരവും നിഷേധപരവുമായ കമ്യൂണിസത്തിന്റെ നിറസാന്നിധ്യവും ആധിപത്യവും യുക്തിവാദികള്‍ക്ക് ആവേശവും കരുത്തും പകരുകയും ചെയ്തു. ആരാധനാലയങ്ങളില്‍ പോവുകയോ പ്രാര്‍ഥനകളില്‍ പങ്കാളിയാവുകയോ മതചടങ്ങുകള്‍ സ്വീകരിക്കുകയോ ചെയ്യുന്ന കമ്യൂണിസ്റ്റുകാരെ അക്കാലത്ത് കാണുമായിരുന്നില്ല. ഉണ്ടെങ്കില്‍ തന്നെ അത്യപൂര്‍വം. ഈ അവസ്ഥ മുസ്ലിം സമുദായത്തിലും മതനിരാസപരവും നിഷേധപരവുമായ ചിന്ത വളര്‍ത്തി, അത് സമുദായ നേതൃത്വത്തില്‍ നിരാശ പടര്‍ത്തുകയും ചെയ്തു.
സാഹചര്യത്തിന്റെ അനിവാര്യത മനസ്സിലാക്കി ജമാഅത്തെ ഇസ്ലാമി അതിന്റെ ചിന്തയും നാവും പേനയും യുക്തിവാദത്തിനെതിരെ സമര്‍ഥമായി ഉപയോഗിച്ചു. 'പ്രബോധന'ത്തില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ് കനപ്പെട്ട പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മുഹമ്മദ് ഖുതുബിന്റെ 'തെറ്റിദ്ധരിക്കപ്പെട്ട മത'വും ഒ. അബ്ദുറഹ്മാന്‍ സാഹിബിന്റെ 'ഇസ്ലാമും യുക്തിവാദികളും' യുക്തിവാദത്തിന്റെ മുനയൊടിക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചു. 'യുക്തിവാദികളും ഇസ്ലാമും' മുസ്ലിം സമുദായത്തിന് വലിയ തോതില്‍ ആത്മ വിശ്വാസം പകര്‍ന്നു നല്‍കി. യുക്തിവാദികളുടെ ഇസ്ലാം വിമര്‍ശനത്തെ ഫലപ്രദമായി പ്രതിരോധിച്ചു.
സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍ ജമാഅത്ത് ധാരാളം സെമിനാറുകളും സിമ്പോസിയങ്ങളും ചര്‍ച്ചാ ക്ളാസ്സുകളും പൊതുയോഗങ്ങളും സ്റഡീ ക്ളാസ്സുകളും സംഘടിപ്പിച്ചു. യുക്തിവാദികളെ പ്രതിരോധിക്കുന്നതില്‍ പരിമിതമായിരുന്നില്ല ജമാഅത്തിന്റെ പരിപാടികള്‍. അത് യുക്തിവാദികളുടെ നേരെ ശക്തമായ കടന്നാക്രമണം നടത്തി. യുക്തിവാദത്തെ ബുദ്ധിപരമായും പ്രാമാണികമായും സയുക്തം നേരിട്ടു. അങ്ങനെ അവരെ നിരായുധരാക്കാനും നിശബ്ദരാക്കാനും ഒട്ടൊക്കെ പ്രസ്ഥാനത്തിനു സാധിച്ചു. ആയിരക്കണക്കിന് ചെറുപ്പക്കാരെ ഇസ്ലാമില്‍ ഉറപ്പിച്ചു നിര്‍ത്താനും നൂറു കണക്കിന് ആളുകളെ യുക്തിവാദത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കാനും അതിനവസരം ലഭിച്ചു. സര്‍വോപരി സമുദായത്തില്‍ വമ്പിച്ച തോതില്‍ ആത്മവിശ്വാസം വളര്‍ത്തി. ഇസ്ലാമിന്റെ സാധ്യതയും സാധുതയും തെളിയിച്ചു കാണിച്ചതിനാല്‍ സമുദായത്തിന്റെ ആത്മവിശ്വാസവും ആത്മാഭിമാനവും ഗണ്യമായി വര്‍ധിച്ചു. ഇതിലൊക്കെയും നേരിയ പങ്കെങ്കിലും വഹിക്കാന്‍ സാധിച്ചുവെന്നത് സന്തോഷവും സംതൃപ്തിയും നല്‍കുന്ന ധന്യമായ ഓര്‍മകളാണ്. അല്ലാഹു എല്ലാം സ്വീകരിച്ച് മഹത്തായ പ്രതിഫലം നല്‍കട്ടെയെന്നാണ് പ്രാര്‍ഥന.
ഒരനുഭവം ഇവിടെ കുറിക്കട്ടെ. കോഴിക്കോട് ജില്ലയിലെ ഫറോക്കില്‍ വെച്ചു നടന്ന യുക്തിവാദികളുമായുള്ള സിമ്പോസിയം. ഇസ്ലാം വിരുദ്ധചേരിയെ പ്രതിനിധീകരിച്ചത് യു. കലാനാഥനും അബ്ദുല്‍ അലിയുമായിരുന്നു. ഇസ്ലാമിക പക്ഷത്ത് ഒ. അബ്ദുറഹ്മാന്‍ സാഹിബും ഈയുള്ളവനും. സിമ്പോസിയം ഏകദേശം അഞ്ചര മണിക്കൂര്‍ നീണ്ടു നിന്നു. സദസ്സില്‍ ധാരാളം യുക്തിവാദികളുമുണ്ടായിരുന്നു. കൂട്ടത്തില്‍ യുക്തിവാദി സംഘം ജില്ലാ വൈസ് പ്രസിഡണ്ടായ ഡോക്ടറും. പരിപാടി മറ്റുപലരെയുമെന്ന പോലെ ഡോക്ടറെയും അഗാധമായി സ്വാധീനിച്ചു. അദ്ദേഹം ദൈവവിശ്വാസിയും മതാനുയായിയുമാകാന്‍ ഒട്ടും താമസിച്ചില്ല. ഫറോക്കിലെ സിമ്പോസിയം തന്നെ മതവിശ്വാസിയാക്കി മാറ്റിയ സംഭവം ഡോക്ടര്‍ തന്നെ 'മാധ്യമം' വാര്‍ഷികപ്പതിപ്പില്‍ തുറന്നെഴുതുകയുണ്ടായി. അക്കാലത്തെ ഇത്തരം പരിപാടികളിലൂടെ യുക്തിവാദത്തിന്റെ വഴികേടില്‍ നിന്ന് ഇസ്ലാമിന്റെ വിശുദ്ധിയിലേക്ക് കടന്നു വന്ന പലരെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ച് കണ്ടുമുട്ടാറുണ്ട്. ജീവിതത്തിലെ ഏറ്റവും ധന്യമായ അനുഭവവും അതുതന്നെ. എല്ലാം അല്ലാഹു തനിക്ക് പ്രിയപ്പെട്ട പ്രവര്‍ത്തനങ്ങളായി സ്വീകരിച്ച് അംഗീകരിച്ചെങ്കില്‍.  

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top