ആസാമി പെണ്‍കുട്ടി

ഡോ.ബാസില്‍ യൂസഫ് ശാന്തപുരം No image

ആസാം കലാപബാധിതര്‍ക്ക് വൈദ്യസഹായം നല്‍കാന്‍ എത്തിക്കല്‍ മെഡിക്കല്‍ ഫോറം ഡോക്ടര്‍മാരുടെയും വളണ്ടിയര്‍മാരുടെയും കൂടെ ഗുവാഹത്തിയിലേക്ക് പുറപ്പെടുമ്പോള്‍ അത് പുതിയ അനുഭവങ്ങള്‍ പഠിപ്പിക്കുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല.
ആവശ്യത്തിന് ഭക്ഷണം കിട്ടാതെ, ഏതെങ്കിലും സന്നദ്ധസംഘടനകളുടെ സഹായവും പ്രതീക്ഷിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് ഞങ്ങള്‍ നിയോഗിക്കപ്പെട്ടത്. മരുന്നുപെട്ടികള്‍ അടങ്ങുന്ന ഞങ്ങളുടെ വാഹനം ക്യാമ്പിലെത്തിയപ്പോള്‍ സന്തോഷത്തോടെ കുട്ടികള്‍ ഞങ്ങളുടെ അടുത്തേക്ക് ഓടിവന്ന് കൂടെയുള്ളവരോടായി വിളിച്ചു പറഞ്ഞു. 'ഭക്ഷണം വന്നേ...'”
കലാപസമയത്ത് ജീവനും കൊണ്ടോടിയവരാണവര്‍. വസ്ത്രം മാറാന്‍ പോയിട്ട് വയറു നിറക്കാന്‍ പോലും കഴിവില്ലാത്തവര്‍! ഇനി എവിടേക്ക് പോകുമെന്നാലോചിച്ച് ഉത്തരം കിട്ടാത്തവര്‍!
ആവശ്യത്തിന് ഭക്ഷണവും, പോഷണവും ലഭിക്കാത്തതുകൊണ്ട് ക്വാഷിയോര്‍ക്കര്‍, മരാസ്മസ് തുടങ്ങിയ, സോമാലിയയിലും ഏത്യോപ്യയിലും കാണുന്ന രോഗങ്ങള്‍ അവിടെ സാധാരണയാണ് അവരുടെ ഉന്തിയ വയറുകളും, തള്ളിയ കണ്ണുകളും, മനസ്സില്‍ ഇപ്പോഴും അവശേഷിക്കുന്നു. മരുന്നു കുറിച്ചു കൊടുത്തപ്പോള്‍ ഓരോ ഗ്ളാസ് പാലും മുട്ടയും കഴിക്കാന്‍ പറയണമെന്ന് തോന്നി. പക്ഷേ, എങ്ങനെ കിട്ടാന്‍...? ആര് കൊടുക്കും? ചെറിയ സ്കൂളുകളിലെ ഇടുങ്ങിയ കെട്ടിടങ്ങളിലാണ് നൂറുകണക്കിനാളുകളെ താമസിപ്പിച്ചിരിക്കുന്നത്. അവിടത്തെ ഗ്രൌണ്ടില്‍ കെട്ടിയ ടാര്‍പ്പോളിന്‍ ടെന്റുകളില്‍ വേറെയും കുറെ കുടുംബങ്ങള്‍.…
മഴ പെയ്താല്‍ ഈ ടെന്റുകളില്‍ വെള്ളം കയറും. ഈ വെള്ളത്തിലാണ് അവര്‍ തുമ്മുന്നതും തുപ്പുന്നതും, അലക്കുന്നതുമെല്ലാം. ആരോഗ്യമുള്ളവര്‍ക്കു പോലും രോഗം ഉറപ്പുനല്‍കുന്ന പാര്‍പ്പിടങ്ങള്‍. ക്യാമ്പിനുള്ളില്‍ വൈദ്യുതിയോ വെളിച്ചമോ ഇല്ല. നേരം ഇരുട്ടിയാല്‍ പിന്നെ കാളരാത്രിയാണ്. മരുന്നും ഡോക്ടര്‍മാരും ഉണ്ടായിട്ടും വെളിച്ചമില്ലാത്തതിനാല്‍ പലപ്പോഴും പരിശോധന നിറുത്തിവെക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. കര്‍ഫ്യൂ തുടങ്ങുന്നതിനാല്‍ പുറത്തുപോയ ആണുങ്ങളെല്ലാം രാത്രിയില്‍ ക്യാമ്പുകളില്‍ തിരിച്ചെത്തുന്നു. സ്ഥലപരിമിതി ഏറ്റവും രൂക്ഷമാവുന്നത് അപ്പോഴാണ്. സന്ധ്യയായാല്‍ ഇരുട്ടും ചൂടും വിശപ്പും കാരണം അന്തരീക്ഷം പിഞ്ചുപൈതങ്ങളുടെ ദീനരോദനത്താല്‍ മുഖരിതമാകും.
ആസാമില്‍ എന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയത് അവിടത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന യാതനകളും അവയെ നേരിടാന്‍ അവര്‍ കാണിച്ച ആത്മധൈര്യവുമാണ്.
നൂറോ ഇരുനൂറോ പേരെ കൊള്ളിക്കാവുന്ന കൊച്ചു ബില്‍ഡിംഗുകളില്‍ കുത്തിനിറച്ചിരിക്കുന്നത് ആയിരങ്ങളെ! അവര്‍ക്ക് പ്രാഥമികാവശ്യത്തിനായി ഒന്നോ രണ്ടോ കക്കൂസുകള്‍ മാത്രം. ഇവിടെയും ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നത് സ്ത്രീകള്‍ തന്നെയാണ്. ഗര്‍ഭിണികളുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. എന്നിട്ടും തങ്ങള്‍ക്കു കിട്ടിയ പരിമിതമായ സൌകര്യങ്ങളില്‍ സന്തോഷത്തോടെ ജീവിക്കുന്ന അവരെ കണ്ടപ്പോള്‍ അത്ഭുതം തോന്നി.
സ്ത്രീകള്‍ അപ്പോഴും തങ്ങളുടെ കുട്ടികളുടെ കാര്യങ്ങളായിരുന്നു ശ്രദ്ധിച്ചിരുന്നത്. സാരിയുടെ ഒരറ്റം നിലത്തുവിരിച്ച് അതില്‍ തന്റെ പൊന്നോമനയെ കിടത്തി കളിപ്പിക്കുന്നവര്‍, ഈ തിരക്കിനിടയിലും കുഞ്ഞിന് പാലൂട്ടുന്നവര്‍! വീടിന്റെ മുറ്റത്ത് കുട്ടികളെ കിടത്തി അവര്‍ക്ക് വീശികൊടുക്കുന്നവര്‍, ഇതെല്ലാം കാണുമ്പോള്‍ അവരിലെ അമ്മ എന്ന വികാരത്തെ അറിയാതെ നമിക്കുന്നുണ്ടായിരുന്നു.
ക്യാമ്പുകളില്‍ ഒരുപാടു ഗര്‍ഭിണികളെ ഞങ്ങള്‍ കണ്ടു. വൈദ്യപരിശോധന പോയിട്ട്, പോഷകാഹാരം പോലും നേരെ ചൊവ്വെ ലഭിക്കാത്ത അവരുടെ അടുത്തെത്തിയപ്പോള്‍ അവര്‍ ആനന്ദാശ്രുക്കള്‍ പൊഴിച്ചത് തികച്ചും സ്വാഭാവികം. എ.കെ.47 തോക്കുമായി കാവല്‍ നില്‍ക്കുന്ന കോയമ്പത്തൂരുകാരന്‍ പട്ടാളക്കാരനോട് ഈ ഗര്‍ഭിണികളുടെ ദുരവസ്ഥ വിവരിച്ചപ്പോള്‍ ഇങ്ങനെ മറുപടി കിട്ടി -'ജനസംഖ്യ വര്‍ദ്ധിപ്പിക്കലാണ് ഇവരുടെ മുഖ്യവിനോദം. അതാണ് ഇവിടത്തെ പ്രധാന പ്രശ്നവും. ഗര്‍ഭിണികളെ ശ്രദ്ധിക്കാനാരുമില്ലെന്ന് വന്നാല്‍ അവരെക്കൊണ്ടുള്ള ശല്യം ഒരല്‍പം കുറഞ്ഞു കിട്ടും.'
മറ്റൊരു ദിവസം ക്യാമ്പിലെത്തിയപ്പോള്‍ ഞങ്ങളെ സ്വീകരിക്കാനൊരു പുതിയ അതിഥിയുമുണ്ടായിരുന്നു. അന്നു രാവിലെ പ്രസവിച്ചു വീണ ഒരു പിഞ്ചുബാലിക. ആ കുഞ്ഞിനു സഹായം നല്‍കുന്നതിനുള്ള സംവിധാനം പോലും അവിടെയുണ്ടായിരുന്നില്ല.
ബിലാസിപാഠയിലെ ക്യാമ്പിലാണ് ഏറ്റവും ദാരുണദൃശ്യങ്ങള്‍ കാണാനിടയായത്. കലാപകേന്ദ്രമായ കൊക്രജറില്‍ നിന്നുള്ളവരാണ് ആ ക്യാമ്പിലുള്ളവര്‍ മുഴുവന്‍. അവിടത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉറങ്ങാന്‍ കഴിയുന്നില്ലത്രെ. അവരാണല്ലോ കലാപത്തെ ഏറ്റവും രൂക്ഷമായി കണ്ടവരും അനുഭവിച്ചവരും. പിന്നെയെങ്ങനെയാണവര്‍ക്ക് സ്വസ്ഥമായി ഉറങ്ങാനാവുക?
തങ്ങളുടെ വേണ്ടപ്പെട്ടവര്‍ കണ്‍മുമ്പില്‍ പിടഞ്ഞു മരിക്കുന്നത് കണ്ട അവരുടെ സമനില തെറ്റിയിട്ടുണ്ടോ എന്ന് സംശയിച്ചുപോയി. അപ്പോഴും സ്ത്രീകളുടെ പരാതി തങ്ങളുടെ വിശക്കുന്ന വയറിനെക്കുറിച്ചോ തളര്‍ന്ന ശരീരത്തെക്കുറിച്ചോ ആയിരുന്നില്ല, മറിച്ച് ചുരത്താത്ത മാറിടത്തെക്കുറിച്ചും പനിക്കുന്ന മക്കളെക്കുറിച്ചുമായിരുന്നു. സ്വന്തം കാര്യമെന്തായാലും വേണ്ടില്ല, തന്റെ അരുമക്കിടാങ്ങള്‍ പട്ടിണി കിടക്കരുതെന്ന അമ്മയുടെ സവിശേഷവികാരം കണ്ടറിഞ്ഞതിനാലാവണം അന്ന് ഞാന്‍ എന്റെ ഉമ്മയെ വിളിച്ച് ഒരുപാടു തവണ കരഞ്ഞുപോയി. മാതാവിന്റെ കാലിനടിയില്‍ സ്വര്‍ഗം കൊണ്ടുവെച്ചതിന്റെ രഹസ്യവും അന്നാണ് ബോധ്യപ്പെട്ടത്.
ആ ക്യാമ്പിലെ എട്ട് വയസ്സുകാരി പെണ്‍കുട്ടി റജീനത്ത് ഖാതൂമിനെ ഇപ്പോഴും ഓര്‍ക്കുന്നു. എല്ലാ അസുഖങ്ങളും കേട്ടുകഴിഞ്ഞ് മരുന്നുകുറിക്കാന്‍ നേരം ഞാന്‍ വീണ്ടും ചോദിച്ചു. ഇനിയെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്ന്. വയറിലമര്‍ത്തിക്കൊണ്ട് അവള്‍ ഒരു പുതിയ ബുദ്ധിമുട്ടുകൂടി പറഞ്ഞു - “'വിശപ്പ്!'
ബംഗാളി ആസാമി ഭാഷകളായിരുന്നു അവര്‍ സംസാരിച്ചിരുന്നത്. അത് ഹിന്ദിയിലേക്ക് കൂട്ടത്തിലെ ആണുങ്ങള്‍ തര്‍ജമ തരാറായിരുന്നു പതിവ്. സ്ത്രീകള്‍ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ ദ്വിഭാഷിയോട് പറയാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ അവര്‍ നിന്ന് പരുങ്ങുന്നുണ്ടായിരുന്നു. ഒരു വനിത വളണ്ടിയര്‍ ഞങ്ങളോടൊപ്പം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അപ്പോഴാണ് അനുഭവിച്ചറിഞ്ഞത്.
ക്യാമ്പിലെ ഏറ്റവും വേദനാജനകമായ അനുഭവം 12 വയസ്സുകാരനായ മുഹമ്മദ് അബിജൂദ്ദീന്‍ ഷെയ്ഖിന്റെതായിരുന്നു. വെടിവെപ്പിനിടെ മുറ്റത്തു കളിച്ചു കൊണ്ടിരിക്കുകയായിരുന്ന അവന്റെ കാലിലേറ്റ വെടിയുണ്ട, തുടയെല്ല് തുളച്ചുകയറി ഇടുപ്പെല്ലില്‍ ചെന്ന് പതിച്ചു. ജീവന്‍ തിരിച്ചുകിട്ടിയ ആ ബാലന് ഇനി ചലനം വലിയ കമ്പികളുടെ സഹായത്താല്‍ മാത്രമേ സാധ്യമാകൂ. അവിടെ പതിച്ച വെടിയുണ്ട പുറത്തെടുക്കാനുമാകില്ല. കാലാകാലം അവന്‍ അതും പേറി കലാപത്തിന്റെ രക്തസാക്ഷിയാകുമെന്ന സത്യം ഞെട്ടലുളവാക്കി. ഒരു വേദനസംഹാരിയുടെ കുറിപ്പ് കാണിച്ച് അവന്റെ ഉമ്മ ദയനീയമായി ആ മരുന്നുകള്‍ എന്റെയടുത്തുണ്ടോയെന്ന് തിരക്കി. കാര്യം കൂടുതലന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു -സര്‍ജറി കഴിഞ്ഞ് ആശുപത്രിയില്‍ നിന്നും സൌജന്യമായി തന്ന മരുന്നുകളാണിവ. ഇനി അത് പണം കൊടുത്ത് വാങ്ങിക്കണം. വേദന കാരണം രാത്രിയില്‍ അവന്‍ പുളയുന്നത് കാണാനാവുന്നില്ല.
പരിചയപ്പെട്ടതു മുതല്‍ നിത്യവും അവനെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. മഹാന്മാരുടെ യാതനകളും അവരുടെ ഉയര്‍ച്ചയുടെ പടവുകളും പറഞ്ഞ് കൊടുത്തപ്പോള്‍ അവന് കുറേ ആത്മധൈര്യം കിട്ടിയതായി തോന്നി. യാത്ര പറയാന്‍ കഴിയാത്തതിനാല്‍ നാളെ വരാമെന്ന് പറഞ്ഞാണ് അവിടെ നിന്ന് പിരിഞ്ഞത്.
മറ്റൊരു കുട്ടിയുടെ കാലില്‍ വെട്ടേറ്റത് കണ്ടു. അവളും മുത്തച്ഛനും നില്‍ക്കുമ്പോഴാണ് അക്രമികള്‍ ആഞ്ഞടുത്തത്. വെട്ടേറ്റല്ലോ എന്നല്ല മറിച്ച് മുത്തച്ഛന്‍ മരിച്ചുപോയല്ലോ എന്നാണവളുടെ സങ്കടം.
ക്യാമ്പിനിടെ ഒരു മാതാവ് എന്നോട് ക്ഷോഭിക്കുകയുണ്ടായി. നേരം വളരെ ഇരുട്ടിയതിനാലും വൈദ്യുതി ഇല്ലാത്തതിനാലും ആ ക്യാമ്പില്‍ നിന്നും അവിടത്തെ മുഴുവന്‍ പേരെയും പരിശോധിക്കുന്നതിനു മുന്‍പ് പരിശോധന നിര്‍ത്തി പോരേണ്ടിവന്നു. നാളെ വരാമെന്ന് പറഞ്ഞിട്ടും കൈയില്‍ കുഞ്ഞുമായി നില്‍ക്കുന്ന ആ അമ്മക്ക് സമ്മതമായില്ല. ബംഗാളി ഭാഷയില്‍ അവര്‍ രൂക്ഷമായി എന്നെ ചീത്തവിളിച്ചു. അവസാനം മെഴുകുതിരി വെട്ടത്തില്‍ ആ കുട്ടിയെക്കൂടി പരിശോധിച്ചാണ് ഞങ്ങള്‍ മടങ്ങിയത്. സ്വന്തം ചികിത്സക്കാണെങ്കില്‍ അവര്‍ ഇത്രയും ക്ഷോഭിക്കില്ല എന്ന തിരിച്ചറിവായിരുന്നു ഈ സാഹചര്യത്തെ നേരിടാന്‍ വെളിച്ചം പകര്‍ന്നത്.
ഇത്രയും വലിയ ആരോഗ്യ പ്രതിസന്ധി നേരിടുന്ന ഈ വിഭാഗത്തിന് സര്‍ക്കാര്‍ വൈദ്യസഹായം വളരെ വിരളമായേ ലഭിക്കുന്നുള്ളു. ഏതോ ഒരു ക്യാമ്പില്‍ ഒരു ഗവണ്‍മെന്റ് നഴ്സിനെ കാണാനിടയായി. അവരുടെ കൈവശം ചുരുക്കം ചില മരുന്നുകള്‍ മാത്രമാണുണ്ടായിരുന്നത്.
പത്ത് ദിവസത്തെ ക്യാമ്പ് കഴിയുമ്പോള്‍ അഞ്ചു ശതമാനം അഭയാര്‍ഥികളെ പോലും ചികിത്സിക്കാന്‍ ഞങ്ങള്‍ക്കായില്ലല്ലോ എന്ന വിഷമമായിരുന്നു മനസ്സു നിറയെ. ഇതുപോലൊരു വിധി മറ്റാര്‍ക്കും നല്‍കരുതെന്ന പ്രാര്‍ഥനയും.
ഇവിടത്തെ യാതനകള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളാകയാല്‍ ഒരു ലേഡി ഡോക്ടറുടേയും വനിത വളണ്ടിയര്‍മാരുടേയും സേവനം അനിവാര്യമാണെന്ന് തോന്നി. ആരെങ്കിലും ഇതിനായി മുന്നോട്ട് വന്നിരുന്നെങ്കില്‍ എന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ ക്യാമ്പിലെ റുബിന ബീഗം എന്ന അഭയാര്‍ഥിയുടെ വാക്കുകള്‍ കാതില്‍ മുഴങ്ങുന്നുണ്ടായിരുന്നു. 'മരിച്ചവര്‍ രക്ഷപ്പെട്ടു, അല്ലാത്തവര്‍ കഷ്ടപ്പെട്ടു.'

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top