ഇന്ന് ഞാന്‍ നാളെ നീ

സൂഫിയ മഅ്ദനി/ഫൌസിയ ഷംസ് No image

ഓരോ മനുഷ്യാവകാശ ദിനങ്ങളും കടന്നുപോകുമ്പോള്‍ മനസ്സില്‍ ഒരുപാട് വിഹ്വലതകളാണുയരാറുള്ളത്. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും വിധ്വംസക പ്രവര്‍ത്തനത്തിലെയും പ്രതികളെന്ന് ആരോപിക്കപ്പെടുന്നവര്‍. ആ പഴിയും കേട്ട് എല്ലാവിധ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട് കാരാഗ്രഹത്തിലടക്കപ്പെട്ടവര്‍. അവര്‍ക്കും ഉണ്ടാകില്ലേ ഒരു കുടുംബവും കുട്ടികളും. അവരെ ഓര്‍ത്ത് സങ്കടപ്പെടുന്ന ഭാര്യയും അമ്മയും പെങ്ങളുമായി ഒരുപാട് സ്ത്രീ ജീവിതങ്ങളില്ലേ. ഭര്‍ത്താവുണ്ടായിരിക്കെ 'വിധവ'യാകേണ്ടി വരുന്നവള്‍. പിതാവുണ്ടായിരിക്കെ 'അനാഥത്വം' പേറേണ്ടി വരുന്ന മക്കള്‍. മക്കളുണ്ടായിരിക്കെ അത്താണി നഷ്ടപ്പെട്ട അമ്മമാര്‍. ഹതഭാഗ്യരായിപ്പോയ ഈ സ്ത്രീ ജീവിതങ്ങളെക്കുറിച്ച ഓര്‍മകളില്‍ എപ്പോഴും വിങ്ങലായി നിന്നത് സൂഫിയ എന്ന യുവതിയായ സ്ത്രീയിലും അവരുടെ മക്കളെ കുറിച്ചുള്ള ഓര്‍മകളിലുമായിരുന്നു. അവരായിരുന്നുവല്ലോ ഭരണകൂടം നീതികേട് കാട്ടിയ മനുഷ്യന്റെ ഭാര്യ. അവര്‍ക്കുമുണ്ടല്ലോ പിതൃലാളനയേല്‍ക്കാതെ വളരുന്ന മക്കള്‍. ഈ ചിന്തയായിരുന്നു അവരുടെ ഭര്‍ത്താവിനെ വിചാരണത്തടവുകാരനായി ജയിലിലടച്ചതിന് ശേഷം അവരെ കാണണമെന്നുള്ള ആഗ്രഹത്തിനു പിന്നില്‍.
ഒരഭിമുഖത്തിന് ആവശ്യപ്പെട്ടപ്പോള്‍ എപ്പോള്‍ വേണമെങ്കിലും വന്ന് കാണാമെന്ന മറുപടിയായിരുന്നു ലഭിച്ചിരുന്നത്. അങ്ങനെയാണ് താനും ഭര്‍ത്താവും ഒരിക്കലും തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും മര്‍ദിതന്റെയും പീഡിതന്റെയും വിഷമം കാണാന്‍ കഴിയാത്ത സമുദായ സ്നേഹിയായ ഒരാളുടെ ഭാര്യയായതുകൊണ്ടു മാത്രമാണ് ഇതൊക്കെയും സഹിക്കേണ്ടി വരുന്നതെന്നും ഉറച്ചുവിശ്വസിക്കുന്ന, എല്ലാം ദൈവത്തിലര്‍ പ്പിച്ച് നീതി പുലരുന്ന നാളേക്കായി കാത്തിരിക്കുന്ന സൂഫിയയെന്ന വീട്ടമ്മയെ കാണാനായി പോയത്.
നീതി ചോദിക്കുന്ന ഒരു പെണ്ണി ന്റെ ഉള്‍ക്കരുത്തും വിനയവുമുള്ള ആ മുഖഭാവത്തില്‍ നിന്നും മനസ്സിന്റെ വിങ്ങലുകള്‍ രോഗിയാക്കിത്തീര്‍ത്തിരിക്കുന്നു എന്ന് എളുപ്പത്തില്‍ വായിച്ചെടുക്കാം. കുടിക്കാന്‍ ജ്യൂസ് തന്ന് ളുഹര്‍ നമസ്കരിച്ചതിനു ശേഷം സംസാരിക്കാമെന്ന് പറഞ്ഞ്അവര്‍ പോയി. തന്നോട് ഒരുപാടുപേര്‍ അഭിമുഖം നടത്തിപ്പോയിട്ടുണ്ട്. പക്ഷേ എല്ലാമറിയാവുന്ന ദൈവത്തിനല്ലാതെ തന്നെ സഹായിക്കാന്‍ ആര്‍ക്കുമാവില്ലെന്ന വിശ്വാസമുള്ള അവര്‍ അവന്റെ മുന്നില്‍ തന്റെ വേദനകളെ ഇറക്കിവെച്ച് വരുമ്പോള്‍ നേരം ഒരുപാടായി. മഅ്ദനിയെയും കുടുംബത്തെയും കുറിച്ച് പത്രങ്ങളില്‍ വായിച്ച, ചാനലുകളില്‍ കണ്ട കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പതിയെ മനസ്സുതുറന്നവര്‍ പറഞ്ഞു: 'എന്നെ സൃഷ്ടിച്ച നാഥനാണ് സത്യം. ഞാനും അദ്ദേഹവും ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും ഇങ്ങനെ...' കണ്ണുകള്‍ ഇറുക്കിയടച്ച് എല്ലാം വിധിയാണെന്ന അര്‍ഥത്തില്‍ നെടുവീര്‍പ്പുയര്‍ന്നപ്പോള്‍ ഞാനുമൊരു പെണ്ണായതുകൊണ്ടായിരിക്കാം എന്റെ മനസ്സിലെവിടെയോ ഒരു നീറ്റല്‍. മെല്ലെ കുടുംബത്തെക്കുറിച്ചറിയാന്‍ ഞാന്‍ ശ്രമിച്ചു.
മഅ്ദനിയെന്ന ഭര്‍ത്താവുമൊത്തുള്ള ദാമ്പത്യത്തില്‍ ഒന്നിച്ചു ജീവിച്ച, അല്ല, സമൂഹം അവരെ ഒന്നിച്ചു ജീവിക്കാനനുവദിച്ച വര്‍ഷങ്ങള്‍ നന്നേ ചുരുങ്ങിയതാണെങ്കിലും അത് സന്തോഷത്തിന്റെതായിരുന്നു. അവരുടെ ഓരോ വാക്കിലും അതു പൂത്തു നില്‍ക്കന്നുണ്ടായിരുന്നു.
ഞാന്‍ 1993 ആഗസ്റ് 5-ാം തീയതി 18-ാമത്തെ വയസ്സിലാണ് വിവാഹിതയായത്. ഉസ്താദിന്റെ ജീവിതം തിരക്കു പിടിച്ചതും സംഘ ര്‍ഷഭരിതവുമായിരുന്നെങ്കിലും ഒരുമിച്ച് ജീവിച്ച കാലം അല്ലാഹു വിന്റെ അനുഗ്രഹത്താല്‍ വളരെ സന്തോഷകരവും സംതൃപ്തവു മായിരുന്നു. ഞാന്‍ ജനിച്ചതും വളര്‍ന്നതും സ്കൂള്‍ വിദ്യാഭ്യാസം നടത്തിയതുമെല്ലാം കൊല്ലം ജില്ലയിലെ ഓച്ചിറയിലാണ്. ഉസ്താ ദിന്റെ ജന്മനാടിനും അന്‍വാര്‍ശ്ശേ രിക്കുമടുത്ത് 15 കി. മീറ്ററിനുള്ളി ലുള്ള സ്ഥലമാണ് ഓച്ചിറ.
സ്കൂള്‍ പഠനത്തിനു ശേഷം കായംകുളത്ത് പെണ്‍കുട്ടികള്‍ക്കാ യി മാത്രം നടത്തപ്പെടുന്ന ഹസ്സനിയ്യ ബനാത്ത് അറബിക് കോളേജില്‍ രണ്ട് വര്‍ഷം പഠനം നടത്തി. അവി ടെ പഠിച്ചു കൊണ്ടിരുന്നപ്പോഴാണ് ഉസ്താദുമായുള്ള വിവാഹാലോചന വരുന്നതും വിവാഹം നടക്കുന്നതും. എന്റെ പിതാവ്...
പിതാവിനെ കുറിച്ചുളള ഓര്‍മകളില്‍ വാക്കുകള്‍ മുറിഞ്ഞുപോയെങ്കിലും മെല്ലെ അവര്‍ തുടര്‍ന്നു. എന്റെ പിതാവ് മരുതവന ഇബ്റാ ഹിം കുട്ടി ഹാജി നല്ല മതനിഷ്ഠ പുലര്‍ത്തുന്ന, സാധുക്കളെ സഹായിക്കുന്ന ആളായിരുന്നു. ഉസ്താദ് കോയമ്പത്തൂര്‍ ജയിലി ലായിരിക്കുമ്പോഴാണ് ബാപ്പ അല്ലാഹുവിലേക്ക് യാത്രയായത്. ളുഹാ നമസ്കരിച്ചു കൊണ്ടിരിക്കെ സുജൂദിലായ നിലയിലാണ് ബാപ്പ മരണപ്പെട്ടത്. ബാപ്പ രണ്ട് വിവാ ഹം കഴിച്ചതില്‍ രണ്ടാമത്തെതാണ് എന്റെ ഉമ്മ. ഉമ്മയില്‍ ഞങ്ങള്‍ ആറു മക്കളാണ്. ഒരാണും അഞ്ചു പെണ്ണും. ഞാന്‍ മൂന്നാമത്തെ യാളാണ്. സഹോദരിമാര്‍ എല്ലാ വരും ദീനീ സ്ഥാപനത്തില്‍ പഠനം നടത്തിയവരാണ്. സഹോദരന്‍ വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാ ക്കിയ, മതപഠന രംഗത്ത് നദ്വി ബിരുദം എടുത്ത ആളാണ്. ഇപ്പോള്‍ മദീനയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നു. എന്റെ വിവാഹം കഴിഞ്ഞ് അഞ്ചാമത്തെ വര്‍ഷമാണ് 1998-മാര്‍ച്ച് മാസത്തില്‍ കോയമ്പത്തൂര്‍ കേസില്‍ പ്രതി ചേര്‍ത്ത് ഉസ്താദിനെ അറസ്റ് ചെയ്യുന്നത്. അന്ന് മൂത്ത മകന്‍ ഉമര്‍ മുഖ്താറിന് മൂന്നേ മുക്കാല്‍ വയസ്സായിരുന്നു. ഇളയവന്‍ സലാ ഹുദ്ദീന്‍ അയ്യൂബി ആറു മാസം പ്രായമുള്ള കൈകുഞ്ഞായിരുന്നു.
ഉസ്താദ് ഒരു പ്രസംഗ പരിപാ ടിക്ക് പോയി തിരികെയെത്തി ഭക്ഷണം കഴിക്കാനിരിക്കുമ്പോഴാ ണ് പോലീസെത്തുന്നതും അദ്ദേഹ ത്തെ അറസ്റ് ചെയ്യുന്നതും. "1992-ലെ ഒരു പ്രസംഗത്തിന്റെ പേരില്‍ കോഴിക്കോട് സി.ജെ.എം കോടതി യുടെ ഒരു വാറന്റ് ഉണ്ട്, നാളെ രാവിലെ കോടതിയില്‍ ഹാജരായി ജാമ്യമെടുത്ത് തിരികെ വരാം.'' എന്നു പറഞ്ഞാണ് പോലീസ് അദ്ദേ ഹത്തെ കൂട്ടിക്കൊണ്ടു പോയത്. പക്ഷേ പിറ്റെ ദിവസം അന്ന് ഞങ്ങള്‍ താമസിച്ചിരുന്ന വീട്ടില്‍ വലിയ പോലീസ് സംഘം വന്ന് വീടാകെ പരിശോധിക്കുകയും ഉസ്താദ് ഫോണ്‍നമ്പറുകള്‍ എഴുതി വെക്കുന്ന ഡയറിയും അദ്ദേഹത്തിനു വന്ന കത്തുകളും മറ്റും എടുത്തു കൊണ്ടുപോവു കയും അദ്ദേഹത്തെ കോയമ്പത്തൂര്‍ കേസില്‍പെടുത്തി കോയമ്പത്തൂര്‍ ജയിലിലടക്കുകയും ചെയ്തു. പിന്നീടുള്ള ഒന്‍പതര വര്‍ഷത്തെ ജീവിതം തികച്ചും സംഘര്‍ഷഭ രിതമായിരുന്നു.
നിരന്തരം പോലീസുകാരുടെ വരവും പോക്കും മക്കളെയുമെടുത്ത് കോയമ്പത്തൂര്‍ സേലം ജയിലി ലേക്കുള്ള യാത്രയും കടുത്തസാ മ്പത്തിക പ്രതിസന്ധിയുമൊക്കെയായി വളരെയധികം വിഷമം സഹിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ അല്ലാഹുവിലുള്ള ഉറച്ച വിശ്വാസവും പ്രതീക്ഷയും കൊണ്ട് തളര്‍ന്നുപോകാതെ പിടിച്ചു നിന്നു. ഓരോ പ്രാവശ്യവും ഉസ്താ ദിനെ ജയിലില്‍ സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹം നല്‍കുന്ന ഉപദേശവും അവിടുന്ന് ഇടക്കിടെ അയക്കുന്ന കത്തുകളും കരുത്തോടെ പിടിച്ചു നില്‍ക്കുന്നതിനുള്ള ഊര്‍ജം പകരു ന്നതായിരുന്നു. കോയമ്പത്തൂര്‍ ജയിലി ലടക്കപ്പെട്ട ശേഷം ആദ്യ സന്ദര്‍ശന ത്തില്‍ തന്നെ ഉസ്താദ് എന്നോട് പറഞ്ഞത് സൈനബുല്‍ ഗസ്സാലിയുടെ ജയിലനുഭവങ്ങള്‍ വായിക്കാനാ യിരുന്നു. അത് വായിച്ചപ്പോള്‍ എനിക്കു ണ്ടായ മനക്കരുത്ത് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ആദ്യ സമയങ്ങളില്‍ മക്കള്‍ക്കൊന്നും മനസ്സിലായിരുന്നില്ല. എല്ലാം മനസ്സിലായിത്തുടങ്ങിയപ്പോള്‍ എല്ലാറ്റിനോടും അവരും പൊരുത്ത പ്പെടുകയായിരുന്നു. ഇളയ മകന്‍ ബാപ്പച്ചിയെ തിരിച്ചറിഞ്ഞ് തുടങ്ങുന്നത് തന്നെ ജയിലഴികള്‍ക്കുള്ളില്‍ വെച്ചായി രുന്നു.
ഇപ്പോഴിതാ വീണ്ടും ഇങ്ങനെ.... ഒരു കുറ്റവും ചെയ്യാത്ത ഒരു മനുഷ്യ നെ കൃത്രിമമായി പടച്ചുണ്ടാക്കിയ സാക്ഷിമൊഴികളുടെ പേരു പറഞ്ഞ് അറസ്റ് ചെയ്യുക. എന്നിട്ട് ജാമ്യമോ ശരിയായ ചികിത്സപോലുമോ നല്‍കാ തെ തടവറയിലിടുക. ആയുസ്സും ആ രോഗ്യവും ജീവിതവുമെല്ലാം തകര്‍ത്ത ശേഷം നിരപരാധിയാണെന്ന് പറഞ്ഞ് പുറത്തു വിടുക. ജാമ്യാപേക്ഷ വിചാര ണ കോടതിയും കര്‍ണാടക ഹൈകോട തിയും തള്ളിയ ശേഷം സുപ്രീം കോടതിയെ സമീപിച്ചു. ആദ്യം ജാമ്യാ പേക്ഷ വന്നത് ജസ്റിസ് മാര്‍ക്കണ്ഡേയ കട്ജു, ജ്ഞാനസുധാ മിശ്ര എന്നിവരട ങ്ങിയ രണ്ടാം ബെഞ്ചിന്റെ മുന്നിലായി രുന്നു. പ്രമുഖ സീനിയര്‍ അഭിഭാഷ കനായ ശാന്തി ഭൂഷനായിരുന്നു ഞങ്ങള്‍ക്ക് വേണ്ടി ഹാജരായത്. ഒന്‍പതര കൊല്ലം കോയമ്പത്തൂര്‍ ജയിലിലടച്ച ശേഷം നിരപരാധിത്വം വ്യക്തമാക്കി പുറത്തു വന്നതും ജയിലിലടക്കുമ്പോള്‍ 100 കിലോയില ധികം ശരീര ഭാരമുള്ള ആരോഗ്യമുള്ള ആളായിരുന്നുവെന്നും ജയില്‍ മോചി തനാകുമ്പോള്‍ നിരവധി രോഗങ്ങള്‍ ക്കടിപ്പെട്ട് 48 കിലോ ശരീര ഭാരമുള്ള അവസ്ഥയിലായിരുന്നുവെന്നതും ജീവിതത്തില്‍ ഒരിക്കല്‍പോലും പോയിട്ടില്ലാത്ത 'കുടക്' എന്ന സ്ഥലത്ത് പോയി ഗൂഢാലോചന നടത്തിയെന്ന കെട്ടിച്ചമച്ച മൊഴി യുടെ പേരിലാണ് അറസ്റ് ചെയ്ത തെന്നും ജയില്‍ മോചിതനായ ശേഷം ബി കാറ്റഗറി സെക്യൂരിറ്റി യോടെ 24 മണിക്കൂറും പോലീസ് സംരക്ഷണത്തില്‍ ഉണ്ടായിരുന്ന ആള്‍ മറ്റൊരു സ്റേറ്റിലെ കുഗ്രാമ ത്തില്‍ പോയി ഗൂഢാലോചന നടത്തിയെന്ന പച്ചക്കള്ളം പറഞ്ഞ് ജയിലിലടച്ചിരിക്കുന്നതിന്റെ നീതികേട് ശക്തമായി കോടതിയെ ബോധ്യപ്പെടുത്തിയപ്പോള്‍ ജസ്റിസ് മാര്‍ക്കണ്ഡേയ കഡ്ജു ഓപ്പണ്‍ കോടതിയില്‍ തന്നെ പറഞ്ഞു. 'ഇതൊരു കെട്ടിച്ചമച്ച കേസാണെ ന്നാണ് മനസ്സിലാകുന്നത്. പോലീസ് വിചാരിച്ചാല്‍ ഏതൊരാളിനെതി രെയും ഇതുപോലെ കള്ളത്തെളി വുകളുണ്ടാക്കി ജയിലിലടക്കാം. ഡോക്ടര്‍ ബിനായക് സെന്നിന്റെത് പോലെ ഒരു കെട്ടിച്ചമച്ച കേസാണി തെന്നാണ് മനസ്സിലാകുന്നത്. ഞാനീ കേസില്‍ ജാമ്യം അനുവദിക്കാന്‍ പോവുകയാണ്.'' പക്ഷേ കര്‍ണാടക ഗവണ്‍മെന്റിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അന്ത്യാര്‍ജുന 'ഗുജറാ ത്തില്‍ ആളുകളെ ബോംബ് വെച്ചു കൊന്ന കേസിലുള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്' തുടങ്ങി ഒട്ടനവധി കള്ളങ്ങള്‍ പറഞ്ഞപ്പോള്‍ ജസ്റിസ് ജ്ഞാനസുധാ മിശ്ര ജാമ്യം കൊടുക്കാന്‍ തയ്യാറല്ല എന്ന സമീപനം സ്വീകരിച്ചു. അങ്ങനെ രണ്ട് ജഡ്ജിമാരുടെയിടയില്‍ വ്യത്യസ്താ ഭിപ്രായം വന്നതിനാല്‍ കേസ് ചീഫ് ജസ്റിസിന്റെ ബെഞ്ചിലേക്ക് റഫര്‍ ചെയ്തു. ശേഷം ഏകദേശം ഒരു വര്‍ഷത്തോളം സുപ്രീം കോടതിയിലെ വിവിധ ബെഞ്ചുകളില്‍ കേസ് മാറിമാറി വന്നു കൊണ്ടേയി രുന്നു. അവസാനം ജസ്റിസ് സദാശിവം ജസ്റിസ് ചെലമേശ്വര്‍ എന്നിവരുടെ ബെഞ്ചില്‍ കേസ് വന്നു. ജാമ്യാപേക്ഷയില്‍ കേസ് വാദിക്കാനായി സീനിയര്‍ അഭിഭാഷകരായ സുശീല്‍കുമാര്‍, ജവഹര്‍ ഗുപ്ത (ഇദ്ദേഹം മുന്‍ കേരള ചീഫ് ജസ്റിസ് ആണ്) എന്നിവരെയാണ് ഏല്‍പിച്ചിരുന്നത്. അവര്‍ രണ്ടാളും കോടതിയില്‍ വാദത്തിനായി എഴുന്നേറ്റപ്പോഴേ ജസ്റിസ് സദാശിവം പറഞ്ഞു "ഈ കേസില്‍ ജാമ്യം നല്‍കാന്‍ കോടതി ഉദ്ദേശിക്കുന്നില്ല അതുകൊണ്ട് ജാമ്യത്തെക്കുറിച്ച് സംസാരിക്കണ്ട. ചികിത്സയുടെ കാര്യമോ മറ്റോ പറയാനുണ്ടെങ്കില്‍ പറയുക'' എന്ന്.
നമ്മള്‍ സാധാരണക്കാരില്‍ സാധാരണക്കാരായ ആളുകളില്‍ നിന്നും പിരിച്ച ലക്ഷങ്ങള്‍ ഫീസ് കൊടു ത്ത് ഏര്‍പ്പാടാക്കിയ വക്കീലന്മാര്‍ കോടതിയിലെഴു ന്നേറ്റ് നില്‍ക്കുമ്പോഴേക്കും നമുക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പോലും തയ്യാറാവാതെ ജാമ്യം തരാനുദ്ദേശിക്കുന്നില്ല എന്ന് പ്രഖ്യാപിക്കുന്ന അവസ്ഥയില്‍ നമ്മളെപ്പോലുള്ള സാധാരണ മനുഷ്യര്‍ക്ക് എന്താണ് ചെയ്യാന്‍ പറ്റുക? രോഗിയാണെന്നും വീല്‍ചെയറില്‍ ചലിക്കുന്നയാ ളാണെന്നും പറഞ്ഞപ്പോഴുണ്ടായ ജഡ്ജിമാരുടെ കമന്റ് "വീല്‍ചെയറിലിരുന്ന് അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയുന്ന വരുണ്ട്'' എന്നാണ്. നമ്മുടെ രാജ്യത്തെ നിലവിലുള്ള ഭരണ സംവിധാനങ്ങളുടെ പോരായ്മയാണിത്.
ജുഡീഷ്യറിയില്‍ വിശ്വാസം ഇല്ലാതായിട്ടൊന്നുമില്ല. കോടതിയില്‍ നിന്ന് നീതി വൈകിയാണെങ്കിലും കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. പക്ഷേ ഉസ്താദിന്റെ കാര്യത്തിലും മറ്റു പല പീഡിതരുടെ കാര്യത്തിലും ഒരു മുന്‍വിധിയോടെയുള്ള സമീപനം ജുഡീഷ്യറിയെയും ബാധിച്ചിരിക്കുന്നുവെന്നത് ഖേദകരമായ സംഗതിയാണ്. കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ധാരാളം ഉണ്ടാവുന്നു. ആഗോള തീവ്രവാദിയാണ് ഭീകരവാദിയാണ് എന്നാണ് പ്രചരണം. തീവ്രവാദിയായി ഒരാള്‍ മുദ്രവെക്കപ്പെട്ടാല്‍ അവര്‍ സര്‍വ മേഖലകളിലും പലതും അനുഭവിക്കേണ്ടി വരും. ഏറ്റവും വലിയ ശിക്ഷ മഅ്ദനി തീവ്രവാദിയാണ് എന്ന് മുദ്രവെച്ച് ഉപദ്രവിക്കുന്നത് തന്നെയാണ്.
ദലിത് പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ ഐക്യവും അവരുടെ അവകാശ സംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടവുമാണ് ഉസ്താദ് ഉയര്‍ത്തിക്കൊണ്ടു വന്നത്. ഒപ്പം മുസ്ലിം ജനതയില്‍ മതമൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും നിരന്തരമായ പ്രഭാഷണത്തിലൂടെ ഉസ്താദ് ശ്രമിച്ചുകൊണ്ടി രുന്നു. അധികാര മനോഭാവത്തില്‍ പോയിരുന്നുവെങ്കില്‍ മഅ്ദനി ഒരിക്കലും ജയിലില്‍ അടക്കപ്പെടില്ലായിരുന്നു. അധികാരം വേണമെങ്കില്‍ അങ്ങനെയാകാമായിരുന്നു. അതിനൊക്കെ പ്രാപ്തനായ ഒരാളായിരുന്നു. എപ്പോഴും മറ്റുള്ളവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടണമെന്നായിരുന്നു. അതുകൊണ്ടാണ് ഇത്രയും വിഷമമുണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
കോയമ്പത്തൂര്‍ ജയില്‍വാസ കാലത്ത് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പി.ഡി.പി കൂടുതല്‍ ശക്തമായിരുന്നു. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ആര്‍ക്കും വ്യക്തമായി നല്‍കിയിരുന്നുമില്ല. അതുകൊണ്ട് രാഷ്ട്രീയ ലാഭം ലക്ഷ്യം വെച്ചുകൊണ്ട് ഓരോ പാര്‍ട്ടികളും പിന്തുണയുമായി വന്നിരുന്നു. മാറിമാറി കേരളത്തിലെ രണ്ടു മുന്നണികളും പി.ഡി.പി.യുടെ സഹായം സ്വീകരിച്ചിട്ടുണ്ട്. രണ്ടു മുന്നണികളും അവരുടെ ഭരണകാലത്ത് പി.ഡി.പിയെ വഖഫ് ബോര്‍ഡ്, ഹജ്ജ് കമ്മിറ്റി തുടങ്ങിയ സമിതികളില്‍ അംഗങ്ങളാക്കുകയും പാര്‍ട്ടി പ്രതിനിധികളെ പബ്ളിക് പ്രോസിക്യൂട്ടര്‍ പോലുള്ള സ്ഥാനങ്ങളിലേക്ക് പരിഗണിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ജയില്‍ മോചിതനായ ശേഷം ഇടതുപക്ഷത്തിന് വ്യക്തമായ പിന്തുണയുമായി ഉസ്താദും പാര്‍ട്ടിയും മുന്നോട്ട് പോയതിനാല്‍ കോണ്‍ഗ്രസ്സും ലീഗുമെല്ലാം ശത്രുപക്ഷത്തായി. ഉസ്താദിന്റെ രണ്ടാം ജയില്‍വാസം പലരും ആഗ്രഹി ക്കുന്നുണ്ടെന്നാണ് മനസ്സിലാവുന്നത്. ഇടതുപക്ഷമാകട്ടെ പി.ഡി.പി അവരോടൊപ്പം നിന്നപ്പോള്‍ ശത്രുക്കളും ചില മാധ്യമങ്ങളും കൂടി അഴിച്ചുവിട്ട തീവ്രവാദപ്രചരണവും അവരുടെയിടയില്‍ തന്നെയുണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളുമൊക്കെ കാരണം ഉസ്താദിന്റെ കാര്യത്തില്‍ രംഗത്തു വന്നാല്‍ അവരുടെ മറ്റു ചില വോട്ടുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന ഭയത്താലാകാം നിസ്സംഗത പുലര്‍ത്തുന്നതായാണ് കാണുന്നത്.
മുമ്പ് യു.ഡി.എഫ് അധികാരത്തില്‍ വന്ന തെരഞ്ഞെ ടുപ്പില്‍ കഴക്കൂട്ടം, കുന്ദമംഗലം സീറ്റുകള്‍ പി.ഡി.പിക്ക് നല്‍കു കയും പി.ഡി.പി നിര്‍ദേശിച്ചവരെ അവിടെ സ്ഥാനാര്‍ഥി കളാക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരസ്യമായി തന്നെ പി.ഡി.പിയും എല്‍.ഡി.എഫും തമ്മില്‍ സഹകരണം ഉണ്ടായപ്പോള്‍ അതുവഴി കേരളത്തില്‍ പി.ഡി.പിക്ക് വ്യക്തമായൊരു മുന്നേറ്റം ഉണ്ടാകുമെന്ന സാഹചര്യം വന്നു. ഞാന്‍ ഒരുറച്ച മുസ്ലിം ആണ്. എന്ന് പറയുന്ന മഅ്ദനി നേതൃത്വം കൊടുക്കുന്ന ഒരു പ്രസ്ഥാനത്തിന് കേരളത്തില്‍ ഒരു സാധ്യത വരുന്നതിനെ തടുക്കുവാന്‍ സംഘപരിവാര ത്തോടൊപ്പം മുസ്ലിം രാഷ്ട്രീയ പാര്‍ട്ടിയും മറ്റെല്ലാ മാധ്യമങ്ങളും ഒരുപോലെ ശ്രമിക്കുന്ന താണ് നാം കണ്ടത്. ആ കൂട്ടായ്മയുടെ ബലിയാടാകുകയായിരുന്നു ഉസ്താദ്. അങ്ങനെയാണ് അദ്ദേഹത്തിന്റെ ഈ ജയില്‍ വാസം രൂപപ്പെടുന്നത്. അന്നത്തെ കൂട്ടായ്മയി ലെ പലരും അദ്ദേഹം പുറത്തു വരാതിരിക്കാന്‍ ഇപ്പോഴും ശ്രമിക്കുന്നുണ്ടാകാം.
മഅ്ദനി ജയിലില്‍ പോകുന്നതിനുമുമ്പ് പറഞ്ഞ കുറെ കാര്യങ്ങളുണ്ട്. അതെല്ലാം ഇപ്പോഴും അങ്ങനെതന്നെയുണ്ട്. അന്ന് ആളുകള്‍ പറഞ്ഞു, മഅ്ദനി പ്രസംഗിക്കുന്നതുകൊണ്ടാണ് കലാപമുണ്ടാകുന്നതെന്ന്. മഅ്ദനി ജയിലില്‍ ആയപ്പോഴെല്ലെ ഗുജറാത്ത്കലാപം. ഇന്ത്യകണ്ട ഏറ്റവും വലിയ കലാപമായിരുന്നില്ലേ അത.് എന്താണോ മഅ്ദനി ഭയപ്പെട്ടത് അതാണ് ഗുജറാത്ത് കലാപം. ഇതുപോലെ മുസ്ലിംകള്‍ക്കും മറ്റ് പിന്നോക്കക്കാര്‍ക്കും ഇന്ത്യയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിന്റെ ഒരു ചിത്രം മഅ്ദനി നേര ത്തെ പറഞ്ഞു. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പ്രാവര്‍ത്തികമാവുകയാണ്. അതങ്ങനെത്തന്നെയേ സംഭവിക്കൂ. അനീതി എക്കാലവും അതിന്റെ ഭീകരതയോടെ നടമാടിക്കഴിഞ്ഞേ അടങ്ങൂ.
നേരത്തെ പറഞ്ഞ ഈ കൂട്ടുകെട്ടിന്റെ ശ്രമഫലമായാണ് എന്നെയും കളമശ്ശേരി കേസില്‍ കുടുക്കി അറസ്റ് ചെയ്തത്. എന്നെ കേസില്‍ ആറാം പ്രതിയാക്കിയത് ചില മാധ്യമങ്ങളാണ്. ശേഷമാണ് പോലീസ് പ്രതി ചേര്‍ക്കുന്നത്. പോലീസ് പറഞ്ഞത് പത്രങ്ങളി ല്‍ വന്നുവെന്നതിനപ്പുറം മാധ്യമങ്ങള്‍ പറഞ്ഞ ത് പോലീസ് ചെയ്തു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. അതിന്റെ ഭാഗമായിരുന്നു അന്നത്തെ ഓരോ ചാനല്‍ വാര്‍ത്തയും. മഅ്ദനിയുടെ ഭാര്യയായതു കൊണ്ടു മാത്രമാണ് ഞാനതില്‍ പ്രതിയായത്. സത്യത്തില്‍ ഞാനത് അറിഞ്ഞത് തന്നെ പത്രത്തില്‍ നിന്നാണ്.
ഒരു വിഭാഗം പത്ര മാധ്യമങ്ങള്‍ എന്റെയും കുടുംബത്തിന്റെയും നിരപരാധിത്വം കണ്ടിട്ടും കണ്ണടച്ചു. അതിന്നും തുടരുന്നുമുണ്ട്. പക്ഷേ അതെന്നെ തളര്‍ത്തുന്നില്ല. അവരെന്താണ് അങ്ങനെ ചെയ്യുന്നതെന്ന് ആശങ്കപ്പെടാന്‍ മെനക്കെടാറുമില്ല. ആ ഭാഗത്തു നിന്ന് അങ്ങനെയേ ഉണ്ടാവൂ എന്നറിയാം. മര്‍ദ്ദിതര്‍ക്കെതിരെ നീ ങ്ങുന്ന ഒരു വിഭാഗം എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. നമ്മുടെ മുന്‍ഗാമികള്‍ അനുഭവിച്ച ത്യാഗവും വേദനയും ഇതിനേക്കാള്‍ വലുതായിരുന്നല്ലോ. കോടതിയിലേക്ക് കൊണ്ടുപോകുന്ന സമയത്ത് ഒരു ചാനല്‍ വാര്‍ത്ത പുറത്തുവിട്ടു. 'എന്നെ ചോദ്യം ചെയ്തു. ഞാന്‍ കുറ്റം സമ്മതിച്ചു ഇന്നയിന്ന ആളുകളോട് ബന്ധം ഉണ്ടായിരുന്നു' എന്നൊക്കെ.
ഉസ്താദ് സാധാരണക്കാരന്റെ മനസ്സില്‍ നേടിയെടുത്ത സ്നേഹവും ഇഷ്ടവും വളരെ വലുതാണ്. പാവങ്ങളായ സാധാരണ ജനങ്ങളുടെ വിശുദ്ധിയുള്ള സ്നേഹവും ഈ പ്രതിസന്ധി ഘട്ടങ്ങളില്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ധാരാളമായി ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. എന്നെയും കുടുംബത്തെയും സത്യമറിഞ്ഞ് സ്നേഹിക്കുന്ന ഒരു വിഭാഗം ഉണ്ട്. ഞാനും കുടുംബവും അനുഭവിക്കുന്ന വിഷമം സ്വന്തം വിഷമമായി കണ്ട് ഒരുപാടാളുടെ സഹായം അല്ലാഹു എനിക്ക് തന്നിട്ടുണ്ട്. അതില്‍ മത ജാതി വ്യത്യാസമില്ല. പക്ഷേ അവര്‍ സാധാരണക്കാരാണ്. മനുഷ്യന്‍ എന്ന ഒരൊറ്റ പരിഗണന മാത്രമേ ഉള്ളൂ. നമ്മളോട് ചോദിക്കുമ്പോള്‍ വിഷമമാകുമോ എന്ന് കരുതി ചോദിക്കാതെ നില്‍ക്കുന്നവരുണ്ട്. ആ ഒരു കൂട്ടായ്മയുടെ ഭാഗമാണ് ജസ്റിസ് ഫോര്‍ മദനി ഫോറം രൂപീകരിച്ചതും നടത്തിക്കൊണ്ടുപോകുന്നതും. അതുകൊണ്ടു തന്നെ മറ്റു പലര്‍ക്കുമെന്ന പോലെ സമൂഹത്തിലെ ഒറ്റപ്പെടലിന്റെ വേദന എനിക്കും മക്കള്‍ക്കും കൂടുതല്‍ അനുഭവിക്കേണ്ടി വന്നിട്ടില്ല.
സത്യം പുലരാനാഗ്രഹിക്കുന്ന, രാഷ്ട്രീയത്തിനും സംഘടനകള്‍ക്കും അതീതമായി നിരവധി സാധാരണ ജനങ്ങളുടെ പിന്തുണ ഞങ്ങള്‍ക്ക് എപ്പോഴും കിട്ടിയിട്ടുണ്ട്. ഉസ്താദിന്റെ ഈ രണ്ടാം ജയില്‍വാസ സമയത്തും പി.ഡി.പി, ജമാഅത്തെ ഇസ്ലാമി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളുടെ ചുമതലയില്‍ രൂപീകൃതമായ 'ജസ്റിസ് മഅ്ദനി ഫോറ'ത്തിന്റെ പൂര്‍ണ ശ്രദ്ധയും സഹായവും കേസു കാര്യങ്ങളിലും കുടുംബകാര്യങ്ങളിലുമെല്ലാം ഉണ്ടാകാറുണ്ട്.
ലോകത്തെവിടെയും മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരയാകുന്നത് കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. }ഞാനും അങ്ങനെ തന്നെ. ഭര്‍ത്താവുണ്ടായിരിക്കെ... പിതാവുണ്ടായിരിക്കെ... യഥാര്‍ഥത്തില്‍ ഇത് സമൂഹം ഉണ്ടാക്കിത്തന്ന ഗതികേടാണ്. അല്ലാഹു വിചാരിച്ചതേ നടക്കൂ. ക്ഷമയാണ് പ്രധാനം. നീതി ചെയ്യേണ്ടവര്‍ നമുക്കെതിരെ അനീതി ചെയ്യുമ്പോള്‍ നമുക്കെന്ത് ചെയ്യാന്‍ പറ്റും? അല്ലാഹുവിന്റെ കോടതിയിലേ ഇതിനൊക്കെ പരിഹാരമുണ്ടാവുകയുള്ളൂ. മക്കള്‍ ചെറുതായിരിക്കുമ്പോള്‍ ബാപ്പയെ ചോദിക്കുന്നത് മാത്രമല്ലല്ലോ പ്രശ്നം. എന്തെല്ലാം കാര്യങ്ങള്‍ ഏറ്റെടുക്കണം. ഒരു കുടുംബത്തിന്റെ നാഥനെയാണല്ലോ തടവിലിട്ടത്. ഉസ്താദിന്റെ സാന്നിധ്യത്തില്‍ മക്കളുടെ പഠനവും ജീവിതവുമൊന്നും രൂപപ്പെടുത്താന്‍ പറ്റുന്നതു പോലെ എനിക്ക് ഒറ്റക്ക് കഴിയില്ല. പക്ഷേ ഉസ്താദിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് കുട്ടികളെ മതരംഗത്തും അക്കാദമിക് പഠനരംഗത്തും കഴിയുന്നത്ര ശ്രദ്ധിച്ച് മുന്നോട്ട് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. മൂത്ത മകന്‍ വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കി ഹാഫിള് ആയ ശേഷം എസ്.എസ്.എല്‍.സി എഴുതി ജയിച്ച് ഇപ്പോള്‍ മതപഠനവും പ്ളസ്വണ്‍ പഠനവും ഒന്നിച്ച് നടത്തിക്കൊണ്ടിരിക്കുന്നു. രണ്ടാമത്തെയാള്‍ സ്കൂള്‍ പഠനവും ഖുര്‍ആന്‍ ഹിഫ്ള് പഠനവും ഒരുമിച്ച് നടത്തിക്കൊണ്ടിരിക്കുന്നു. അവരുടെ നല്ല ഭാവിക്കു വേണ്ടിയും സ്വാലിഹായ മക്കളാവാന്‍ വേണ്ടിയും എല്ലാ ആരാമം വായനക്കാരും ദുആ ചെയ്യണമെന്നഭ്യര്‍ഥിക്കുന്നു. വനിതാ സംഘടനകളും മാഗസിനുകളുമൊന്നും നീതി പുലര്‍ത്തിയെന്ന അഭിപ്രായമില്ല. എന്നാല്‍ ഉസ്താദിന്റെ കഴിഞ്ഞ ജയില്‍വാസ കാലത്തും ഇപ്പോഴും ജമാഅത്തിന്റെയും വനിതാ വിഭാഗത്തിന്റെയും ആരാമത്തിന്റെയും ഭാഗത്തു നിന്ന് ആശ്വാസകരമായ സമീപനം ഉണ്ടായിട്ടുണ്ടെന്നത് നന്ദിപൂര്‍വം ഓര്‍ക്കുന്നു.
ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴാണ് കര്‍ണാടക ഹൈകോടതി ഉസ്താദിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധി വന്നിരിക്കുന്നത്. നീതി നിഷേധത്തിന്റെ അനുഭവങ്ങളില്‍ ഒരു പുതിയ അധ്യായം കൂടി ചേര്‍ന്നിരിക്കുന്നു. സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമ്പോള്‍ അര്‍ഹമായ ചികിത്സ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ആ നിര്‍ദ്ദേശങ്ങളൊന്നും ബാംഗ്ളൂര്‍ ജയിലധികൃതരോ ഗവണ്‍മെന്റോ പാലിക്കാത്തതിനാല്‍ ഇപ്പോള്‍ ഉസ്താദിന്റെ ആരോഗ്യാവസ്ഥ വളരെ പരിതാപകരമാണ്. അദ്ദേഹത്തിന്റെ വലതു കണ്ണിന് കാഴ്ചശേഷി ഒട്ടുമില്ലാത്ത അവസ്ഥയാണ്. ഇടതു കണ്ണിന് വളരെ നേരിയ കാഴ്ച മാത്രമാണുള്ളത്. ഡയബറ്റിക് ന്യൂറോപ്പതി കാരണം ഇടതു കാലിന് നേരത്തെതന്നെ ശക്തമായ മരവിപ്പുണ്ടായിരുന്നു. ഇപ്പോള്‍ വലതുകാലിന്റെ മുറിച്ചു മാറ്റപ്പെട്ടതിന്റെ മുകള്‍ഭാഗം ശക്തമായി മരവിക്കുകയും ഉള്‍ഭാഗത്ത് ശക്തമായ വേദനയും അസ്വസ്ഥതയും അനുഭവപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. കിഡ്നി സംബന്ധമായ രോഗം കാരണം കാലിലും മറ്റും നീരു വെച്ചുകൊണ്ടിരിക്കുന്നു. സെര്‍വിക്കല്‍ സ്പോണ്ടിലോസിസ് കാരണമുള്ള പിടലി വേദനയും ഡിസ്ക് പ്രൊളാപ്സ് കാരണമുള്ള നടുവേദനയും അസുഖമായി തുടങ്ങിയിരിക്കുന്നു. ഒരു രോഗത്തിനും ശരിയായ ചികിത്സ നല്‍കുന്നില്ല. ഇടക്കിടെ വന്‍ പോലീസ് സാന്നിധ്യത്തില്‍ ഏതെങ്കിലും ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ കൊണ്ടുപോകും. വേദനസംഹാരിയോ മറ്റെന്തെങ്കിലും ഗുളികകളോ നല്‍കും. എന്നിട്ട് ആശുപത്രികളില്‍ കൊണ്ടുപോയി എന്ന് രേഖകളുണ്ടാക്കും. ഒരിടത്തു നിന്നും അര്‍ഹമായ ചികിത്സ കിട്ടുന്നില്ല.
ഈ വിവരണങ്ങളൊക്കെ കാണിച്ചും സുപ്രീംകോടതി പറഞ്ഞ ചികിത്സ ലഭിക്കുന്നില്ലെന്നും ജയിലില്‍ നിന്ന് വന്‍ പോലീസ് സന്നാഹത്തോടെ ആശുപത്രികളില്‍ കയറ്റിയിറക്കി ചികിത്സ നാടകം കാണിക്കുകയാണെന്നും ആയതിനാല്‍ ഒരു മൂന്നു മാസത്തേക്കെങ്കിലും സ്വതന്ത്രമായി ചികിത്സ നടത്താന്‍ താല്‍ക്കാലിക ജാമ്യമെങ്കിലും നല്‍കണമെന്നുമാവശ്യപ്പെട്ട് കര്‍ണാടക ഹൈകോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് ഇപ്പോള്‍ തള്ളിയത്. ആവശ്യമായ ചികിത്സ കിട്ടാത്തതു കൊണ്ട് കാഴ്ച നഷ്ടപ്പെട്ടതുള്‍പ്പെടെ മുഴുവന്‍ കാര്യങ്ങളും രേഖാമൂലം കോടതിയെ അറിയിച്ചുവെങ്കിലും സുപ്രീംകോടതി പറഞ്ഞ എല്ലാ ചികിത്സയും ലഭ്യമാക്കിയതായാണ് മനസ്സിലാകുന്നത് എന്നു പറഞ്ഞുകൊണ്ടാണ് ഹൈകോടതിയിലും പെറ്റീഷന്‍ തള്ളിയത്. മഅ്ദനിയുടെ കണ്ണുകളുടെ കാഴ്ചശക്തി ഇല്ലാതായിട്ടു പോലും നീതിപീഠങ്ങള്‍ കണ്ണുകള്‍ തുറക്കുന്നില്ല. ഇങ്ങനെ ഒരു നിരപരാധിയായ മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്നതുകൊണ്ട് രാജ്യത്തിനും ഇവിടുത്തെ കോടതികള്‍ക്കുമൊക്കെ എന്തു ഗുണമാണുണ്ടാകുന്നതെന്ന് മനസ്സിലാകുന്നില്ല. എല്ലാം അറിയുന്ന അല്ലാഹുവിന്റെ കോടതിയില്‍ നിന്ന് പൂര്‍ണനീതി ലഭിക്കുമെന്നുള്ള ഉറച്ച വിശ്വാസവും അവന്റെ കാരുണ്യത്തിലുള്ള ഉറച്ച പ്രതീക്ഷയും കൊണ്ട് ഞങ്ങള്‍ മുന്നോട്ട് നീങ്ങുന്നു.
ഭാര്യ എന്നതിലുപരി അന്യായമായ പീഡനം അനുഭവിക്കുന്ന ഒരു മനുഷ്യനോട്കാണിക്കുന്ന അനീതിയുണ്ടല്ലോ അതിനെതിരെയാണ് ഞാന്‍ നീതിപീഠത്തോട് കനിവ് അഭ്യര്‍ഥിക്കുന്നത്.
ക്ഷമിക്കുക. ക്ഷമയോടെ കാത്തിരിക്കുക. എന്നെയും കുടുംബത്തെയും സംബന്ധിച്ചിടത്തോളം അത് മാത്രമേ കഴിയൂ. എല്ലാവരുടെയും ജീവിതത്തില്‍ പല പരീക്ഷണങ്ങളും ഉണ്ടാകും. എന്റെ കാര്യത്തില്‍ ഇതാകും. അത് ക്ഷമയോടെ സഹിക്കാനുള്ള കരുത്തിനു വേണ്ടിയാണ് ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നത്. അന്തിമ വിജയം ഞങ്ങള്‍ക്കുതന്നെയായിരിക്കും. എല്ലാം അറിയാവുന്ന റബ്ബാണല്ലോ. എന്റെ ഒരവസ്ഥ തന്നെ നോക്കൂ ഒരു സ്ത്രീ ഇങ്ങനെ അക്രമം ചെയ്യുമെന്ന് സമൂഹം എങ്ങനെയാണ് വിശ്വസിക്കുന്നത്? മഅ്ദനിയെ തകര്‍ക്കുക. അത് മാത്രമാണ് ലക്ഷ്യം. അതിനുവേണ്ടിയാണ് എന്നെയും കേസില്‍ ഉള്‍പ്പെടുത്തിയത്. അതുകൊണ്ടാണ് കുടുംബത്തെ ഒന്നാകെ ടാര്‍ഗറ്റ് ചെയ്യുന്നത്. എറണാകുളം ജില്ല വിട്ടുപോകാന്‍ എനിക്കാവില്ല. ജാമ്യത്തിന്റെ കണ്ടീഷനാണത്.
ഞങ്ങള്‍ സത്യവിശ്വാസികളാണ്. ഞങ്ങള്‍ ജീവിതത്തില്‍ കാര്യമായ നന്മകളൊന്നും ചെയ്തിട്ടില്ല, നാളെ അല്ലാഹുവിന്റെ കോടതിയില്‍ രക്ഷപ്പെടാന്‍. പക്ഷേ ഈ അന്യായമായ ജയില്‍ വാസവും മാനസികവും ശാരീരികവുമായ പീഢനങ്ങളും ഞങ്ങള്‍ക്ക് സ്വര്‍ഗത്തിലേക്കുള്ള വഴി അല്ലാഹു തുറന്നുതരുമെന്നാണെന്റെ വിശ്വാസം. വേറൊന്നിനോടും തുലനം ചെയ്യാന്‍ കഴിയാത്ത കടുത്ത പീഡനമാണ് ഞങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ വിഷയത്തെ വിശ്വാസം കൊണ്ട് മാത്രമേ തരണം ചെയ്യാന്‍ കഴിയൂ. ഞങ്ങള്‍ പരലോകത്തില്‍വിശ്വസിക്കുന്നവരാണ്. യാതൊരു സംശയവുമില്ല. ഇതെല്ലാം നാളെ അല്ലാഹുവിന്റെ കോടതിയില്‍ വിചാരണ ചെയ്യപ്പെടുന്നതാണ്. നാളെ പരലോകത്ത്, അല്ലാഹുവിന്റെ കോടതിയില്‍, ഞാന്‍ കുറച്ചു നേതാക്കന്മാരെ നിര്‍ത്തും. എന്നിട്ട് ഞാന്‍ പറയും.... അവര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ സങ്കടപ്പെട്ടുകൊണ്ട് നിര്‍ത്തി.
മര്‍ദ്ദിതന്റെ പ്രാര്‍ഥനക്കിടയില്‍ ദൈവത്തിങ്കല്‍ യാതൊരു മറയുമില്ലെന്നാണ്. നാളെ സൂഫിയ ആരെയായിരിക്കും അല്ലാഹുവിന്റെ കോടതിയില്‍ ഹാജരാക്കുക? എന്തായിരിക്കും അവര്‍ക്കെതിരെ പറയുക?

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top