മുസ്ലിം പെണ്ണിന്റെ വേഷം: വര്‍ത്തമാനവും രാഷ്ട്രീയവും

കെ.പി സല്‍വ No image

ഒരു വിഭാഗമെന്ന നിലയില്‍ മറ്റേത് സ്ത്രീഗണങ്ങളെക്കാളും മുസ്ലിം സ്ത്രീ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മത/ മതേതര വൃത്തങ്ങളില്‍ മുസ്ലിം സ്ത്രീ ചര്‍ച്ച ചെയ്യപ്പെടുന്നിടത്തൊക്കെ അവളുടെ വേഷം മുഖ്യ വിഷയമായി വരികയും ചെയ്യുന്നുണ്ട്. മുസ്ലിം പുരുഷന്‍ സ്ത്രീയെ അടിച്ചമര്‍ത്തുന്നതിന്റെ അടയാളമായും മുസ്ലിം സ്ത്രീയുടെ സ്വാതന്ത്യ്രത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും പ്രകടനമായും വേഷം അവതരിപ്പിക്കപ്പെടുന്നുണ്ട്. ഇസ്ലാമോഫോബിയ കനം വെക്കുമ്പോഴാണ് ഒരേ സമയം ആക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതീകമായി മുസ്ലിം സ്ത്രീയുടെ വേഷം മാറുന്നത്.
ഇസ്ലാമിക നവോഥാന പ്രസ്ഥാനങ്ങളാണ് കേരളത്തില്‍ ഇസ്ലാമിക വസ്ത്രധാരണം വ്യാപകമാക്കിയത്. ഗള്‍ഫ് ബന്ധമാണ് ഇവിടെ പര്‍ദയും മഫ്തയും സ്വീകാര്യമാക്കിയത്. അതിനു മുമ്പ് ഉയര്‍ന്ന കുടുംബങ്ങളിലെ സ്ത്രീകള്‍ ബുര്‍ഖ ധരിച്ചിരുന്നു. അതുകൊണ്ടൊക്കെ തന്നെ കേരളത്തിലെ സ്ത്രീകള്‍ ഹിജാബും പര്‍ദയും ധരിക്കുന്നത് അടിച്ചമര്‍ത്തലിന്റെയോ തെരഞ്ഞെടുപ്പിന്റെയോ ഭാഗമായല്ല. സാമ്പ്രദായിക ശീലങ്ങളുടെ ഭാഗമായാണ്. ഇടക്കിടെ തലമറക്കല്‍ വിവാദം ഉയരുമ്പോഴും വിശ്വാസംകൊണ്ട് ജീവിതം പുതുക്കുന്നവര്‍ക്കല്ലാതെ തങ്ങളുടെ കുടുംബത്തിനും സമുദായത്തിനും മഹല്ല് സംഘടനാ സ്ഥാപനങ്ങള്‍ക്കും അകത്ത്; ഹിജാബ് അണിയുന്നവര്‍ക്ക് അത് പ്രയാസമോ ആത്മവിശ്വാസമോ അല്ല. എന്നിട്ടും മുസ്ലിം സ്ത്രീയുടെ ഇതര ജീവിതാവസ്ഥകള്‍, സാമൂഹ്യ പദവി, ആവിഷ്കാരങ്ങള്‍, അനുഭവങ്ങള്‍, ഇടപെടലുകള്‍, ഇടം കണ്ടെത്തലുകള്‍ എന്നിവയൊന്നും ചര്‍ച്ച ചെയ്യാതെ അവരുടെ സമരമുഖം വസ്ത്രത്തിലേക്ക് ചുരുക്കപ്പെടുന്നത് ആഴത്തില്‍ വിശകലനം ചെയ്യപ്പെടേണ്ടതാണ്. ഇവിടെ പല വഴികളിലൂടെ വന്നു ചേര്‍ന്നിട്ടുള്ള ഈ വസ്ത്ര കേന്ദ്രീകരണം കേരളീയ മുസ്ലിം സ്ത്രീ ജീവിതത്തില്‍ ഉണ്ടാക്കിയിട്ടുള്ള ചില സമീപനങ്ങള്‍ വിശകലനം ചെയ്യുകയാണിവിടെ.
മുസ്ലിം സ്ത്രീ സ്വത്വത്തെ അളക്കാന്‍ വേഷമല്ലാതെ മറ്റ് സവിശേഷ മാനകങ്ങള്‍ ഉണ്ടായി വന്നിട്ടില്ല. അടിസ്ഥാനപരമായി അവരുടെ സ്വത്വ ആവിഷ്കാരങ്ങളും അവയുടെ മാനകങ്ങളും ഉണ്ടായി വരേണ്ടത് ദൈവീക പ്രാതിനിധ്യം എന്ന പദവിയില്‍ നിന്നുമാണ്. വസ്ത്രമെന്ന മാനകം ഊക്കോടെ ഉയര്‍ത്തി വെക്കുമ്പോള്‍ മറ്റ് ആവിഷ്കാരങ്ങളും മാനകങ്ങളും ഉണ്ടാവാതിരിക്കുക എന്ന അസന്തുലിതത്വം സംഭവിച്ചു.
ആണിന്റെയും പെണ്ണിന്റെയും ശരീരത്തിന് ലൈംഗികമായ എന്തെങ്കിലും ധര്‍മമുണ്ടെങ്കില്‍ അത് കുടുംബത്തിനകത്താണ്. പൊതു ഇടങ്ങളില്‍ പോസറ്റീവായി ഒന്നും ചെയ്യാനില്ലാത്ത ശരീര സൌന്ദര്യത്തെ മറച്ചുവെക്കുക എന്നതാണ് ഇസ്ലാമിക വസ്ത്രത്തിന്റെ ആത്മാവ്. സാമൂഹിക ഇടപെടലുകള്‍ എളുപ്പമാക്കാന്‍, വ്യക്തികളോടുള്ള ആദരവും സദാചാര ഭദ്രതയും ഉറപ്പാക്കുക എന്നതാണ് അത് ലക്ഷ്യമിടുന്നത്. അതിന് ഒരു പ്രത്യേക രീതിയിലോ നിറത്തിലോ ഉള്ള വസ്ത്രം വേണമെന്നില്ല. ശരീരഭാഗങ്ങള്‍ മറയുന്നതും അലങ്കാരങ്ങള്‍ വെളിപ്പെടുത്താത്തതുമാവണമെന്നേയുള്ളൂ. അയവുള്ളതും നിഴലിക്കാത്തതുമായ വസ്ത്രങ്ങളെല്ലാം മാന്യമായതാണ്. മുഖമടക്കം മറയുന്ന കറുത്ത വസ്ത്രം പേര്‍ഷ്യന്‍ ബൈസാന്റിയന്‍ സംസ്കാരത്തിന്റെതാണെന്ന് പ്രശസ്ത ഖുര്‍ആന്‍ വിവര്‍ത്തകന്‍ മര്‍ഡ്യൂക് പിക്താള്‍ നിരീക്ഷിച്ചിട്ടുണ്ട്. ഇസ്ലാമിക ലോകത്ത് ഏറെ പ്രചാരം നേടിയ പേര്‍ഷ്യന്‍ രീതികളിലൊന്നായിരിക്കണം പര്‍ദയും. ഇസ്ലാമിക നാഗരികതകള്‍ പ്രതിരോധത്തിലൂന്നിയപ്പോള്‍ അത് സ്വത്വ പ്രതീകമായി മാറിയിരിക്കാം.
ഇതിന്റെ ഏറ്റവും വലിയ ദൂഷ്യം ഈ രീതിക്ക് പുറത്തുള്ളവരെ, അവരുടെ പ്രയത്നങ്ങളെ, പ്രശ്നങ്ങളെ കൂടി ഉള്‍ക്കൊണ്ട് മുസ്ലിം സ്ത്രീയെന്ന വിശാല ഗണം ഉണ്ടാവുന്നില്ല എന്നതാണ്. ഹിജാബണിഞ്ഞ മുസ്ലിം സ്ത്രീയിടങ്ങളെ മുഖ്യധാര അവഗണിക്കുന്നു എന്നതിന്റെ മറ്റൊരു വശമാണിത്. ഒരൊറ്റ സമ്പ്രദായത്തെ കുറ്റമറ്റതായി കണ്ടാല്‍ പുതുതായി വരുന്നതിനെയെല്ലാം നിരാകരിക്കേണ്ടി വരും. ഇത് നമ്മുടെ സംസ്കാരത്തെയും ചിന്തകളെയും കെട്ടിനിര്‍ത്തും. ലക്ഷ്യം തന്നെ ഫാഷന്‍ ആവുന്നതും എല്ലാ ഫാഷനുകളോടും മുഖം തിരിക്കുന്നതും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണ്. വിപണിയാണ് ഫാഷന്‍ കൊണ്ടുവരുന്നതെങ്കിലും അവയില്‍ ചിലത് കൂടുതല്‍ സൌകര്യപ്രദമായിരിക്കാം. ചിലത് കാലാവസ്ഥയോട് യോജിച്ചതായിരിക്കാം. ഉപയോഗിക്കാന്‍ എളുപ്പമുള്ളതാവാം. എണ്ണമറ്റ രീതിയില്‍ രൂപമാറ്റങ്ങള്‍ വന്നിട്ടും ചുരിദാര്‍ മത-പ്രായ- വര്‍ഗ ഭേദമന്യെ സ്വീകരിക്കപ്പെട്ടതിനും ഇന്നും നില നില്‍ക്കുന്നതിനും കാരണമിതാണ്. ഫാഷനാണ് എന്നതിന്റെ പേരിലോ ഒരിക്കല്‍ വിമര്‍ശിച്ചു പോയി എന്നതിന്റെ പേരിലോ നിരാകരിക്കേണ്ടതില്ല. അത് ഇസ്ലാമിക വസ്ത്ര സങ്കല്‍പവുമായി ഒത്തുപോവുമോ എന്നേ നോക്കേണ്ടൂ. ഉദാ: സ്ളിറ്റുള്ള ചുരിദാര്‍. പര്‍ദയെപോലെ സ്ളിറ്റുള്ള ചുരിദാറും മാന്യമായും അശ്ളീലമായും അണിയാം. പക്ഷേ ആദ്യത്തേത് ഏത് വിധത്തിലായാലും പര്‍ദയായത് കൊണ്ട് അംഗീകരിക്കാമെന്നും രണ്ടാമത്തേത് സ്ളിറ്റുള്ളതു കൊണ്ട് ഇസ്ലാമിന് പുറത്താണെന്നും തീരുമാനിക്കാമോ? ഇതുപോലെത്തന്നെയാണ് പാന്റ്സ്, ജീന്‍സ്, കുര്‍ത്ത എന്നിവയുടെയൊക്കെ കാര്യം.
ബഹുസ്വരതയെ കൈവിട്ട് വസ്ത്രം ഏകമാനമായപ്പോള്‍ വിപണി അതിനെ കൈകാര്യം ചെയ്തതാണ് ഇതിലെ ഏറ്റവും പ്രകടമായ ചൂഷണം. പുതിയ തലമുറ ആണ്‍ശരീരത്തിന്റെ ബ്യൂട്ടിഫിക്കേഷനില്‍ പോലും വിപണി ആണ്‍പെണ്‍ അന്തരം സമര്‍ഥമായി ഉപയോഗിക്കുന്നുണ്ട്. ചെരിപ്പ്, ബാഗ്, തൂവാല, വാച്ചിന്റെ സ്ട്രാപ്പ്, കുട തുടങ്ങിയവയുടെ ഉപയോഗത്തില്‍ ലിംഗഭേദമില്ല. എന്നാല്‍ അവയുടെ വലിപ്പവും നിറവും ആകൃതിയും നോക്കി നമുക്ക് ആണും പെണ്ണും തിരിക്കാം. പെണ്ണുങ്ങളുടേത് എപ്പോഴും ഭംഗിയുള്ളതും ഇമ്പമുള്ളതും മെലിഞ്ഞതും ചെറുതുമൊക്കെയായിരിക്കും. പുരുഷന്മാരുടേത് കരുത്തും ബലമുള്ളതും പരുക്കനും വലുതുമൊക്കെ ആയിരിക്കും. വസ്ത്രവുമതെ. സ്ത്രീകളുടേത് നിറങ്ങള്‍ കൊണ്ടും അലഞൊറികള്‍ കൊണ്ടും സമ്പന്നമായിരിക്കും. ശരീരത്തോട് ചേര്‍ന്നതും ലാസ്യതയും അഴകും വിരിഞ്ഞു നില്‍ക്കുന്നതുമായിരിക്കും. ആണുങ്ങളുടേതാകട്ടെ, നിറങ്ങളുടെ ഘോഷയാത്രയില്ല, ഞൊറിയലകള്‍ ഒട്ടുമില്ല. കട്ടിയുള്ളതും അയഞ്ഞതുമായിരിക്കും. കാറ്റ് കടക്കുന്നതും കൈകാലുകള്‍ക്ക് എളുപ്പം ചലിക്കാവുന്നതും ധാരാളം കീശകളുള്ളതു കൊണ്ട് കൈകള്‍ സ്വതന്ത്രവുമായിരിക്കും. ബസ്സില്‍ കയറുമ്പോഴറിയാം, കീശയില്ലാത്തതിന്റെ പ്രയാസം. ഒരു കൈയില്‍ ബാഗ്, മറു കൈയില്‍ പേഴ്സ്, ഇനിയുമൊരു കൈ കൊണ്ട് മഫ്തയോ ദുപ്പട്ടയോ ശരിയാക്കണം. ബസ്സില്‍ പിടിക്കണം. ടിക്കറ്റെടുക്കണം, ബാക്കി തിരികെ വെക്കണം, ഒക്കത്ത് ഒരു കുട്ടി കൂടിയുണ്ടെങ്കില്‍ ഗംഭീരമായി. എന്നിട്ട് പറയും പെണ്ണുങ്ങള്‍ വേഗത്തില്‍ കയറില്ല, വേഗമിറങ്ങില്ല, ബ്രേക്കിട്ടാല്‍ ഒന്നാകെ വീഴും എന്നൊക്കെ. മഴ പെയ്യുമ്പോഴും ഓടുമ്പോഴും ബസ്സ് കയറുമ്പോഴുമൊക്കെ ക്രമീകരണങ്ങള്‍ നടത്താന്‍ പ്രയാസമുള്ളവയാണ് സ്ത്രീകളുടെ വസ്ത്രങ്ങള്‍. പെണ്ണുടുപ്പുകളില്‍ കീശ അശ്ളീലമാണ്. ഇനി മൊബൈല്‍ ഫോണിടാന്‍ പാകത്തില്‍ തുന്നിയാല്‍ പോലും ആരും കാണാത്തിടത്തായിരിക്കും. ചുരുക്കത്തില്‍ പെണ്ണുങ്ങളുടെ സൌന്ദര്യമോ എളുപ്പമോ കാലാവസ്ഥയോ ഒന്നുമല്ല വിപണി പരിഗണിക്കുന്നത്. സ്ത്രീ സൌന്ദര്യത്തിനും ശരീരത്തിനും മിഴിവും പൊലിവും നല്‍കാനാണ്. ഇതുതന്നെയല്ലെ ഇന്നത്തെ പര്‍ദ, ഹിജാബ് പരസ്യങ്ങളിലും കാണുന്നത്. 'ഇസ്ലാമിന്റെ വസ്ത്ര സങ്കല്‍പം', 'കുലീന സ്ത്രീകളുടെ തെരഞ്ഞെടുപ്പ്' എന്നൊക്കെ അവകാശപ്പെടുമ്പോഴും പര്‍ദ കടയുടെയും സ്വര്‍ണ കടയുടെയും മോഡലുകള്‍ക്ക് പോലും ഒരേ ഛായയും ഭാവവുമാണ്. തങ്കനൂല്‍ തുന്നിച്ചേര്‍ത്ത 40000 രൂപയുടെ പര്‍ദയും ഈ 'കുലീനത'ക്കും 'ഇസ്ലാമി'നും അകത്ത് വരും.
പ്ളെയിന്‍ ഗ്ളാസ്:
പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ പുരുഷ മേധാവിത്വത്തിനെതിരെ ശബ്ദമുയര്‍ത്തി സസ്പെന്‍ഷനൊക്കെ വാങ്ങി ഇറങ്ങിപ്പോന്ന സ്ത്രീയാണ് വയനാട്ടിലെ വിനയ പോലീസ്. അയവുള്ള പാന്റ്സും ഷര്‍ട്ടുമാണ് അവരുടെ വേഷം. അവരുടെ ഫുള്‍സൈസ് ഫോട്ടോയും 'കുലീന സ്ത്രീകളുടെ' പര്‍ദ പരസ്യവും അടുത്ത് വെച്ച് നോക്കിയാല്‍ മനസ്സിലാവും, ഏതാണ് ഇസ്ലാമിന്റെ വസ്ത്ര സങ്കല്‍പത്തോട് നീതി പുലര്‍ത്തുന്നത് എന്ന്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top