സൌഭാഗ്യങ്ങളുടെ കോഡ് നമ്പര്‍

മമ്മു കണിയാത്ത് No image

ഇത്തരം അനുഭവങ്ങള്‍ ഒരു പക്ഷേ നിങ്ങള്‍ക്കുമുണ്ടായിരിക്കും. ഇല്ലെങ്കില്‍ കാത്തിരിപ്പുണ്ടെന്ന് തീര്‍ച്ച.
രാവിലെ വന്ന ഒരു ഫോണ്‍ കോള്‍:
"ഹലോ സര്‍...
ഞാന്‍ ഗജേന്ദ്ര എന്ന കമ്പനിയില്‍ നിന്നുമാണ് വിളിക്കുന്നത്.
എന്താ സാറിന്റെ പേര്...
ജോലി...?
വയസ്സ്... വൈഫിന്റെ പേര്...''
അങ്ങനെ നീളുന്നു അന്തമായ അന്വേഷണത്തിന്റെ ഇവന്മാര്‍ പെണ്‍സ്വരം.
'സര്‍...
ഞങ്ങളുടെ ഒരു ഷോറൂം കടവന്ത്രയില്‍ പ്രവര്‍ത്തനമാരംഭിക്കുകയാണ്.
ഉല്‍ഘാടനത്തിന്റെ ഭാഗമായി കപ്പിള്‍സിനെ ഉദ്ദേശിച്ചൊരു നറുക്കെടുപ്പുണ്ട്... പ്ളീസ്,
താങ്കളുടെ മൊബൈല്‍ നമ്പര്‍ പറയൂ...
ഗിഫ്റ്റ് കിട്ടിയാല്‍ അറിയിക്കാം സര്‍...
നന്ദി സര്‍...''
പറഞ്ഞു കേട്ട ബ്രാന്റ് നെയിം.
വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍, സ്പെയര്‍ പാര്‍ട്സ് തുടങ്ങിയ ഉല്‍പന്നങ്ങളുടെ ഉല്‍പാദകരുടേതുതന്നെ,
പിറ്റേന്ന് മൊബൈലിലേക്ക് വിളിക്കുന്നു.
തേനൂറും കിളിമൊഴി:
"ഹലോ സര്‍...
മമ്മുസാറിന് ഗിഫ്റ്റ് ലഭിച്ചിട്ടുണ്ട്. കണ്‍ഗ്രാജുലേഷന്‍സ്...
ബീവി മാഡവുമായി കടവന്ത്രയിലെ ഓഫീസില്‍ വന്ന് ഗിഫ്റ്റ് വാങ്ങണം...
അറിയാലോ, കപ്പിള്‍സിനെ ഉദ്ദേശിച്ചുള്ള പദ്ധതിയായതിനാല്‍ മാഡത്തെ തീര്‍ച്ചയായും കൂട്ടണം...''
"സര്‍ രണ്ടു മണിക്കെത്തിയാല്‍ മൂന്നരക്കു മടങ്ങാം. ഒറ്റപ്പൈസ പോലും തരണ്ട...''
"നിങ്ങളിതൊക്കെ പറയും...
വന്നു കഴിയുമ്പോഴായിരിക്കും കൊലച്ചതിയറിയുക...
ഏതായീ പുതിയ തട്ടിപ്പ്. എന്താണാവോ, ഗിഫ്റ്റ്...?''
"കെണിയൊന്നുമില്ല...
ഗിഫ്റ്റൊരു കിച്ചണ്‍ സെറ്റാണ്...''
ഞാന്‍ ഫോണ്‍ കട്ടാക്കി.
വീട്ടുകാരിക്കൊരു മനമിളക്കം...
"ഒന്നവിടെ വരെ പോയാലെന്താ...
ഒരു കറക്കം...''
ഒരു കൌതുകം എനിക്കുമുണ്ടായി.
പറ്റിപ്പിന്റെ പുതിയ മുഖം കിട്ടുമല്ലോ...
ഞങ്ങളെത്താമെന്നാദ്യമേറ്റു.
വൈഫിനു സുഖമില്ലെന്നു പറഞ്ഞു
പിന്നെ ഒഴിയാനും നോക്കി.
"താങ്കള്‍ വരുമെന്ന ഉറപ്പിന്മേല്‍ ഞാന്‍ പ്രോഗ്രാം അറേഞ്ച് ചെയ്തതല്ലേ... തീര്‍ച്ചയായും എത്തണം... പ്ളീസ്...''
ഒപ്പം, എത്തിയാല്‍ സ്വയം പരിചയപ്പെടുത്തേണ്ട ഒരു കോഡ് നമ്പറും,
കടവന്ത്രയില്‍ വള്ളോല്‍ റോഡിലെ ഓഫീസില്‍ ചെന്നെത്താനുള്ള വഴിയും റും നമ്പറും പറഞ്ഞു തന്നു. തുടര്‍ന്ന് പുറപ്പെടുന്ന വിവരവും ഞങ്ങളറിയിച്ചു. സ്ഥലത്തെത്തി ഒരു ബില്‍ഡിങ്ങിന്റെ മുകളില്‍ നന്നേ സൂക്ഷിച്ചു നോക്കിയാല്‍ മാത്രം കാണാവുന്ന ഗജേന്ദ്ര ബോര്‍ഡ് കണ്ടെത്തി,
ഒരു വലിയ വേദിയും ആള്‍ക്കൂട്ടവുമൊക്കെയാണ് ഉള്ളിലെ പ്രതീക്ഷാ ചിത്രം.
അവിടെ രണ്ടേ രണ്ടാളുകള്‍ മാത്രം, ഞങ്ങളെ പ്രതീക്ഷിച്ചെന്ന മട്ടില്‍. ഞാന്‍ കോഡ് നമ്പര്‍ അറിയിച്ചു. ഇത് ഗജേന്ദ്ര...?
അതെ... വരു...ഇരിയ്ക്കൂ...
ഏതോ പരീക്ഷക്കെത്തിയ പോലെ ഒരു ചോദ്യപേപ്പര്‍ തന്നു- പൂരിപ്പിച്ചു കൊടുക്കാന്‍.
പേര്, വയസ്സ്, ജോലി, വരുമാനം ഇത്യാദി തന്നെ യായിരുന്നു വിവര ശേഖരണം...
പിന്നെ,
തൊട്ടടുത്ത- കുറെ കൂടി വിശാലമായൊരു മുറിയിലേക്ക് ഞങ്ങളെ ആനയിച്ചു.
വട്ടമേശകള്‍... ചുറ്റിലും കസേരകള്‍...
അവിടെയും രണ്ടോ മൂന്നോ പേര്‍ മാത്രം. ഞങ്ങളെപ്പോലെ മറ്റൊരിരയെയും കണ്ടില്ല.
ഒന്നിലേക്ക് ഞങ്ങളെ ക്ഷണിച്ചിരുത്തിയിട്ട് ഒരാള്‍.
"ആരു വഴിയാണ് നിങ്ങളിവിടെ എത്തിയെന്നാ പറഞ്ഞെ?''
"അതറിയില്ല... ഒരു പെണ്‍ ശബ്ദമാണ് ഞങ്ങള്‍ക്കേതോ ഗിഫ്റ്റ് കീട്ടീന്നും പറഞ്ഞ് വിളിച്ചിട്ടുള്ളത്...''
"കോഡ് നമ്പര്‍ വഴിയാണു സര്‍''
അവരെത്തിയിട്ടുള്ളത്...''
ഒരുവന്‍ ഇടക്കു കയറി പറയുന്നു.
"ഗിഫ്റ്റൊക്കെ
ശരിതന്നെ. ഒന്നു ചോദിക്കട്ടെ: നിങ്ങള്‍ ഗാജേന്ദ്ര ഇന്‍വെസ്റ് മെന്റിനെ കുറിച്ച് കേട്ടിട്ടുണ്ടോ...?
എന്താണഭിപ്രായം...?
"അറിയാത്തൊരു കാര്യത്തെക്കുറിച്ച് എന്തു പറയാന്‍...?''
"സര്‍... സാരമില്ല... സര്‍ പോളിസി എടുത്താലും ഇല്ലെങ്കിലും പറഞ്ഞോട്ടെ...'' പത്തുവര്‍ഷം കൊണ്ട് പത്തുലക്ഷം രൂപയടക്കുമ്പോള്‍ ഇരുപത്തേഴു ലക്ഷമായി തിരിച്ചുകിട്ടുന്നതിന്റെ മായാജാലങ്ങള്‍...
മറ്റൊരുത്തന്റെ പ്രകടനമായിരുന്നു പിന്നീട്. "കോഡ് നമ്പര്‍ കിട്ടുകയെന്നത് അത്യപൂര്‍വ്വമായ സന്ദര്‍ഭമാണ്.
വര്‍ഷത്തില്‍ നിസ്സാരമായേ കമ്പനിയിതു പുറപ്പെടുവിക്കൂ. കോഡ് നമ്പര്‍ ലഭ്യമാകുന്നവര്‍ക്ക്. ഓഫറുകള്‍ ഇപ്പറഞ്ഞതൊന്നുമല്ല...''
പിന്നെ കാടുകയറ്റം തുടങ്ങിയപ്പോള്‍ അവനെ ചെകിട്ടത്തടിക്കാനാണ് തോന്നിയത്. പക്ഷേ ഞാനത് അക്ഷരത്തിലാക്കി:
"ആളുകളെ കെണിവെച്ചു പിടിച്ചാണോ ഇത്തരം ക്ളാസുകള്‍ നടത്തേണ്ടത്...?''
"അയ്യോ... സര്‍''
സര്‍ കേട്ടിട്ടില്ലേ... ഗജേന്ദ്ര, അത്തരമൊരു കറക്കുകമ്പനിയല്ല...''
"അയ്കോട്ടെ...
ഞങ്ങളാലോചിക്കട്ടെ... പിന്നീടറിയിക്കാം... ധൃതിയുണ്ട്...''
"പക്ഷേ അതുപറ്റില്ല സര്‍...
ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ആക്റ്റീവ് ആക്കിയാലേ ഈ കോഡ് നമ്പറിന് വാല്യൂ കിട്ടു...''
തട്ടിപ്പിന് എന്തെല്ലാം തന്ത്രങ്ങള്‍... പക്ഷേ ഞങ്ങള്‍ക്കതില്‍ പരാതിയില്ല. കാരണം, അറിഞ്ഞു കൊണ്ടുതന്നെ തലവെച്ചു കൊടുത്തവരാണല്ലോ ഞങ്ങള്‍...
ഒടുവില്‍ പ്രാസംഗികന്‍ കൂട്ടത്തിലൊരാളോട് പറയുന്നു: 'ഇവര്‍ക്കൊരു നല്ല ഗിഫ്റ്റ് തന്നെ എടുത്തു കൊടുത്തേക്കൂന്ന്...'
ഗിഫ്റ്റ് പാക്കും കൊണ്ട് ഞങ്ങള്‍ തടിതപ്പി. അതിനുള്ളിലെന്താണെന്നറിയാനുള്ള ആകാംക്ഷയായിരുന്നു, മടക്കയാത്രയില്‍ മുഴുവനും.
വീടെത്തി.
ഒരു കണക്കിന് പാക്കറ്റ് കീറിപ്പൊളിച്ചു. അച്ചാറെടുക്കാന്‍ പാകത്തില്‍ ആറ് കുഞ്ഞു ബൌളുകള്‍...
എം.ആര്‍.പി അന്‍പത് രൂപ. ഞങ്ങള്‍ക്ക് വണ്ടിക്കൂലിമാത്രം നൂറ് രൂപ ചെലവ്. എങ്ങനെയുണ്ട് കച്ചവടം.
ഇതറിയാനും അറീക്കാനും തന്നെയായിരുന്നു ഞങ്ങളുടെ പുറപ്പാട്. അതുകൊണ്ട് നഷ്ടമില്ല.
ഒരു പെണ്‍ വിളി ഇതുപോലെ നിങ്ങള്‍ക്കും വരും...
ജാഗ്രത!

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top