പാഴാക്കുന്ന സംസ്‌കാരം

കെ.പി സല്‍വ No image

''നിങ്ങള്‍ വിറക് ഉപയോഗിക്കാറുണ്ടോ?'' അധ്യാപിക സുഹൃത്തിന്റെ അത്ഭുതം കലര്‍ന്ന ചോദ്യം. ഒരേക്കര്‍ പറമ്പിന് നടുവില്‍ എല്ലാ സൗകര്യങ്ങളും കുട്ടികളുമടങ്ങുന്ന വീട്. അധ്യാപക ദമ്പതികള്‍. ഓലയും മടലും ഉണക്ക മരങ്ങളും തൊടിയില്‍ സമൃദ്ധമായുണ്ട്. പക്ഷേ, അവര്‍ വിറക് ഉപയോഗിക്കാറില്ല. ആരെങ്കിലും ചോദിച്ചാല്‍ കൊടുക്കും. അല്ലെങ്കില്‍ അവിടെ കിടന്ന് നശിക്കും. ഈസികുക്കും ഓവനും കെറ്റലും ഗിഫ്റ്റായി കിട്ടി. ഗ്യാസും കുളിവെള്ളം ചൂടാക്കാന്‍ വാട്ടര്‍ ഹീറ്ററും വാങ്ങി. 'വിറകിനേക്കാള്‍ സൗകര്യവും എളുപ്പവും ഇതല്ലേ' വളരെ സ്വാഭാവികമായി തന്നെ അവര്‍ ചോദിച്ചു. കറന്റ് ചാര്‍ജ് വര്‍ധന, ഉയര്‍ന്ന ഇന്ധന വില, കാലാവസ്ഥാ വ്യതിയാനം, ജല ദൗര്‍ലഭ്യം എന്നിവയെക്കുറിച്ചൊന്നുമറിയാത്തവരല്ല ഇവര്‍. മറിച്ച്, അവക്കൊന്നും പ്രോജക്റ്റ് സെമിനാര്‍ വിഷയങ്ങള്‍ക്കപ്പുറം മാര്‍ക്ക് നല്‍കാത്തവരാണ്.
വമ്പന്‍ കല്ല്യാണങ്ങളിലും പാര്‍ട്ടികളിലും പാഴായിപ്പോവുന്ന ഭക്ഷണത്തെക്കുറിച്ചും വസ്ത്രത്തെക്കുറിച്ചുമൊക്കെ നമ്മള്‍ വാചാലരാവാറുണ്ട്. എന്നാല്‍ നിത്യജീവിതത്തില്‍ പാഴായിപ്പോകുന്ന അധ്വാനവും വിഭവവുമൊക്കെ ഗണിച്ചു നോക്കിയാല്‍ പാഴാക്കിക്കളയാന്‍ വേണ്ടിയാണോ നമ്മള്‍ ജീവിക്കുന്നതെന്ന് പോലും തോന്നിപ്പോവും. പത്താം ക്ലാസ് കഴിഞ്ഞ മിടുക്കന്മാരുടെ ക്യാമ്പ് നടക്കുകയാണ്. ജലക്ഷാമത്തെക്കുറിച്ച് സ്റ്റേജില്‍ നിന്നും ചോദ്യം വന്നു. വിദ്യാര്‍ഥികളുടെ അറിവ് വിളിച്ചറിയിച്ചുകൊണ്ട് ആഗോള വിവരങ്ങള്‍ വരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മറുപടികള്‍ വന്നു. ''പൈപ്പില്‍ നിന്നും വുളു എടുക്കുമ്പോള്‍ നിങ്ങളില്‍ എത്ര പേര്‍ താഴെ പാത്രം വെക്കാറുണ്ട്?'' പരിപൂര്‍ണ നിശ്ശബ്ദത. ആവശ്യം കണക്കാക്കിയല്ല നമ്മള്‍ പൈപ്പില്‍ നിന്നും വെള്ളമെടുക്കുന്നത്. പൈപ്പിനനുസരിച്ചാണ്. ധാരാളം വെള്ളം വരുന്നുവെങ്കില്‍ അത് മുഴുവന്‍ ഉപയോഗിക്കും. കുറച്ചേ വരുന്നുള്ളൂവെങ്കില്‍ നമുക്കത് തികയുകയും ചെയ്യും. അംഗസ്‌നാനം ചെയ്യുന്നത് ജലാശയത്തില്‍ നിന്നാണെങ്കില്‍ പോലും മിതമായ വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന് പഠിപ്പിച്ച നബിയോരുടെ അനുയായികള്‍ എത്ര ഗാലന്‍ വെള്ളമാണ് വൂളൂ എടുക്കുമ്പോള്‍ മാത്രം പാഴാക്കുന്നത്. പള്ളികളില്‍ പൈപ്പുകള്‍ സംവിധാനിച്ച വിധം ശ്രദ്ധിച്ചാല്‍ മതി ആ വിഷയത്തില്‍ നമ്മുടെ അശ്രദ്ധ മനസ്സിലാക്കാന്‍. ഇത് തന്നെയാണ് കുളിക്കുമ്പോഴും പാത്രം കഴുകുമ്പോഴുമൊക്കെ നമുക്ക് സംഭവിക്കുന്നത്. പണ്ടൊരിക്കല്‍ ഹജ്ജിന് പോവാനുള്ള സാധനങ്ങളുടെ കൂടെ ഒരു ചെറിയ കിണ്ടി (മൂളി)യും എടുത്തുവെച്ചു ഒരു വല്ല്യുമ്മ. ''എന്തിനാ വല്ലിമ്മാ കിണ്ടി, അവടെ നെറച്ചും പൈപ്പ്ണ്ടാവും.'' എന്ന് പറഞ്ഞ് അത് മാറ്റിവെച്ചു പേരക്കുട്ടി. ''പൈപ്ങ്ങന്ന് ഒളു എട്ത്താല് തെല്ലോം വെള്ളം ബേണ്ടി വരൂലേ?'' എന്നായിരുന്നു വല്ല്യുമ്മയുടെ സംശയം. ഇതാണ് സൂക്ഷ്മത, തഖ്‌വ.
കേരളത്തിന്റെ വികസനവും പരിസ്ഥിതിയുമൊക്കെ ചര്‍ച്ച ചെയ്യുന്ന ഒരു അകവാതില്‍ സദസ്സ്. ഉച്ചക്ക് രണ്ട് മണി, പത്തിരുപത് പേരുണ്ടാവും. ജനലുകളൊക്കെ അടച്ച് ഭദ്രമാക്കി കര്‍ട്ടണിട്ട ആ റൂമില്‍ എട്ട് ലൈറ്റും ആറ് ഫാനും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. കാറ്റും വെളിച്ചവും കടക്കാത്ത കെട്ടിടങ്ങളുണ്ടാക്കി പട്ടാപകല്‍ പോലും ഫാനും ലൈറ്റും പ്രവര്‍ത്തിപ്പിക്കുന്നവരായിരിക്കുന്നു നമ്മള്‍. ഒരു റൂമിലേക്ക് കയറുമ്പോള്‍ ഫാനും ലൈറ്റുമിടാന്‍ എല്ലാവരും ശ്രദ്ധിക്കും. എന്നാല്‍ തിരികെയിറങ്ങുമ്പോള്‍ ഓഫാക്കല്‍ ആരുടെയും ബാധ്യതയാവുന്നില്ല. ആരും കാണാനും കേള്‍ക്കാനുമില്ലാത്ത ചിരിച്ചും കരഞ്ഞും സംസാരിച്ചും പാടിയും ഇരിക്കുന്ന പെട്ടികള്‍ നമ്മെ അസ്വസ്ഥമാക്കുന്ന കാഴ്ചയല്ലാതായിരിക്കുന്നു. പ്രേത പിശാചുക്കള്‍ ഒഴിഞ്ഞു പോവാനായിരിക്കണം രാത്രി കാലങ്ങളില്‍ വീടുകളും ആരാധനാലയങ്ങളുമൊക്കെ വെള്ളിവെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്നത്. അകവും പുറവും നിറയെ വെളിച്ചം വേണമെന്ന് തീരുമാനിക്കുമ്പോള്‍ എത്ര വൈദ്യുതിയാണ് നഷ്ടപ്പെടുന്നത്. ''സര്‍ക്കാറിന്റെതല്ലേ നമുക്കെന്ത് ചേതം'' എന്ന ചോദ്യവും ''പൈസ കൊടുത്തിട്ടല്ലേ പിന്നെന്താ'' എന്ന ഭാവവും പങ്കുവെക്കുന്നത് ഒരേ വികാരമാണ്. വില കൊടുക്കുന്നതിനേ 'വെല' കല്‍പ്പിക്കേണ്ടതുള്ളൂ എന്ന് വെച്ചാല്‍ വിലമതിച്ചിട്ടില്ലാത്തവയുടെ വില എങ്ങനെ വിലയിരുത്തും. ഒരു വസ്തു/കാര്യം അങ്ങനെയായിത്തീരാന്‍ ചെലവഴിക്കേണ്ടി വന്ന ഊര്‍ജം, വിഭവങ്ങള്‍ എന്നിവ കണക്കിലെടുത്താവണം അതിന്റെ മൂല്യം നിര്‍ണയിക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ ലോകോല്‍പത്തിയോളം നീളും എല്ലാത്തിന്റെയും മൂല്യം. ഒരു കടലാസ് അങ്ങനെയായിത്തീരാന്‍ വേണ്ട വിഭവങ്ങളും അധ്വാനവും ഒന്ന് തിട്ടപ്പെടുത്തി നോക്കൂ. മുളയും ചെറുമരങ്ങളും വെട്ടാനും ഫാക്ടറികളിലേക്കെത്താനും പള്‍പ്പാക്കി പേപ്പറാക്കി മാറ്റാനുമുള്ള ചെലവായിരിക്കും എളുപ്പം പിടികിട്ടുന്നത്. മുളയും മരങ്ങളും ഭൂമിയില്‍ നിന്ന് വലിച്ചെടുത്ത പോഷകം, തൊഴിലാളികള്‍ ചെലവഴിച്ച ഊര്‍ജം, അതിന് വേണ്ടി അവര്‍ കഴിച്ച ഭക്ഷണം, അതുണ്ടാക്കാന്‍ കര്‍ഷകന്‍ ചെലവഴിച്ച ഊര്‍ജവും വിഭവങ്ങളും, അത് ശേഖരിക്കാന്‍ അവര്‍ ചെലവഴിച്ച ഭക്ഷണം... തുടങ്ങി യന്ത്ര സാമഗ്രികള്‍, വാഹനങ്ങള്‍, കെട്ടിടങ്ങള്‍ എന്നിങ്ങനെ ഓരോന്നിനും ആവശ്യമായ അധ്വാനവും വിഭവങ്ങളും ആലോചിച്ചാല്‍ എവിടെയെത്തും. ഒരു റസീപ്റ്റിന്റെ പുറംഭാഗം പോലും വെറുതെ കളയാന്‍ കഴിയില്ല.
പണ്ടൊക്കെ പാഴ് കടലാസ് കൊണ്ടായിരുന്നു കുട്ടികള്‍ തോണിയും വിമാനവുമൊക്കെ ഉണ്ടാക്കാറ്. ഇന്ന് നോട്ടുബുക്കില്‍ നിന്ന് ചീന്താനാണെളുപ്പം. എ ഫോര്‍ ഷീറ്റുകളാണ് മറ്റൊന്ന്. സ്‌കൂളില്‍ പ്രവര്‍ത്തനങ്ങള്‍ സമര്‍പ്പിക്കുന്നത് ഒരു രൂപക്ക് മൂന്നെണ്ണം കിട്ടുന്ന ഈ പേപ്പറുകളിലാണ്. റഫ് എഴുതാതെ അതിലേക്ക് നേരിട്ടെഴുതുമ്പോള്‍ തെറ്റുവന്നാല്‍ ആ പേപ്പറങ്ങ് ഒഴിവാക്കും. എഴുതിയാല്‍ തന്നെയും ഒരു പുറത്ത് മാത്രം. ഇത്ര കട്ടിയും വിലയും കൂടിയ പേപ്പറുകള്‍ സെമിനാര്‍, പ്രൊജക്റ്റ്, പോര്‍ട്ട് ഫോളിയോ പേപ്പറുകള്‍ക്കാവശ്യമുണ്ടോ? പരീക്ഷാ പേപ്പര്‍ രണ്ട് വശത്തും എഴുതാമെങ്കില്‍ ഇതും ആയിക്കൂടെ. പിടിപാടുള്ള അധ്യാപകര്‍ ഇക്കാര്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കട്ടെ. നോട്ടീസുകളും പോസ്റ്ററുകളും 1000 എണ്ണം അച്ചടിക്കുന്നതിനും 2000 എണ്ണം അച്ചടിക്കുന്നതിനും ചെലവില്‍ വലിയ വ്യത്യാസം വരുന്നില്ല. പേപ്പറിന്റെയും മഷിയുടെയും നിലവാരമനുസരിച്ചുള്ള ചെറിയ മാറ്റമേ വരൂ. അതുകൊണ്ട് ആവശ്യത്തെയോ പാഴ്‌ചെലവിനെയോ പരിഗണിക്കാതെ ചെലവാകുന്ന കാശ് മാത്രം പരിഗണിച്ച് എല്ലാവരും കൂടുതല്‍ എണ്ണം അച്ചടിക്കാന്‍ താല്‍പര്യപ്പെടുന്നു. ബാക്കി വരുന്ന പോസ്റ്ററുകളും നോട്ടീസുകളും സംഘാടകരുടെ വീടുകളിലും ഓഫീസുകളിലും അന്ത്യവിശ്രമം കൊള്ളും. കുട്ടികള്‍ ചിത്രം വരച്ചും അടുപ്പില്‍ തീ പിടിപ്പിച്ചും തീട്ടം കോരിയും തീരാനാണ് പിന്നീട് ഈ പ്രബുദ്ധ കടലാസുകളുടെ യോഗം. വിപ്ലവ യുവജന പരിസ്ഥിതി വിദ്യാര്‍ഥി സംഘടനകളും മത സാംസ്‌കാരിക സംഘടനകളുമെല്ലാം ഇക്കാര്യത്തില്‍ ഒരു പോലെയാണ്.
ഭക്ഷണം കഴിക്കുന്നിടത്തുമുണ്ട് പാഴാവല്‍. പാത്രം തുടച്ച് കഴിക്കുന്ന ശീലം നമ്മില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. മീനും ഇറച്ചിയും മാംസള ഭാഗം മാത്രം കഴിക്കുക, അച്ചാറിന്റെയും ഉപ്പേരിയുടെയും അടിയിലുള്ള ചോറ് ബാക്കി വെക്കുക, കുട്ടികള്‍ക്ക് ആവശ്യത്തിലധികം വിളമ്പുക, കറിയിലെ കഷ്ണങ്ങള്‍ മാറ്റിവെക്കുക തുടങ്ങിയവയെല്ലാം പാഴാവുന്ന വഴികളാണ്. കണ്ണൂര്‍ക്കാരി ഒരു റൈഹാനയുണ്ടായിരുന്നു ഞങ്ങളുടെ ഹോസ്റ്റലില്‍. മുട്ടയുള്ള ദിവസം മാത്രം അവളുടെ പ്ലേറ്റില്‍ ബാക്കിയുണ്ടാവും, മുട്ടത്തോട്. ഇതാണ് റസൂല്‍ പഠിപ്പിച്ച രീതി.
വസ്ത്രങ്ങളാണ് പാഴായിപ്പോകുന്ന മറ്റൊരു വകുപ്പ്. ഇല്ലാതാകുമ്പോഴല്ല നമ്മള്‍ പുതിയത് വാങ്ങുന്നത്. ആഘോഷങ്ങള്‍, യാത്രകള്‍ തുടങ്ങി കാശുണ്ടെങ്കില്‍ വാങ്ങിപ്പോകുന്ന ഒന്നായി മാറിയിരിക്കുന്നു വസ്ത്രങ്ങള്‍. (വസ്ത്രത്തിന് നിസാബ് നിശ്ചയിക്കാഞ്ഞത് നന്നായി, വാങ്ങാനും ആളുണ്ടാകുമായിരുന്നില്ല) എണ്ണത്തിലെ ആധിക്യം, യൂണിഫോം സമ്പ്രദായം, പഴകിയാലും ചീത്തയാവാത്ത തുണി, വീട്ടിനകത്തും പുറത്തും വ്യത്യസ്ത വസ്ത്രങ്ങള്‍ ധരിക്കുന്ന ശീലം-എല്ലാം വസ്ത്രം കുമിഞ്ഞു കൂടാന്‍ കാരണമാവുന്നു. പര്‍ദകളൊന്നും പഴകിയാല്‍ അകത്തിടാനോ നിലം തുടക്കാനോ പറ്റില്ല. കോട്ടണ്‍ വസ്ത്രങ്ങള്‍ ഒരു പരിധിവരെ പരിഹാരമാണ്. ദ്രവിച്ചു പോകാത്തവയെ എന്തു ചെയ്യണമെന്നാലോചിക്കുന്നത് നന്നായിരിക്കും.
റീഫില്‍ ചെയ്യാന്‍ കഴിയാത്ത പേനകള്‍, പെട്ടെന്ന് പൊട്ടുന്ന, പുതുമ നഷ്ടപ്പെടുന്ന ഫാന്‍സി ആഭരണങ്ങള്‍, കളിപ്പാട്ടങ്ങള്‍ ഒക്കെയുണ്ടാക്കുന്ന പാഴ് സംസ്‌കാരം നമ്മള്‍ ബോധപൂര്‍വം ശ്രമിച്ചെങ്കിലേ മാറുകയുള്ളൂ.
പാഴാവാതെ ശ്രദ്ധിക്കുമ്പോള്‍ ഒന്നാമതായി നാം സൂക്ഷ്മതയുള്ളവരാവുകയാണ്. സൂക്ഷ്മത തഖ്‌വയാണ്. എല്ലാം ദൈവീകമാണെന്നും എല്ലാത്തിനും കണക്ക് ബോധിപ്പിക്കേണ്ടി വരുമെന്ന സൂക്ഷ്മത. 2. സാമൂഹ്യബോധം വളര്‍ന്നു ശക്തിപ്പെടുന്ന എനിക്ക് എന്റെത് എന്ന ചെറുതില്‍ നിന്ന് എല്ലാവരുടേതും എന്ന വലുതിലേക്കെത്തുന്നു. 3. ഉപയോഗം കുറയുന്നു. കൈയിലുള്ളതിനെ പരമാവധി ഉപയോഗിക്കുമ്പോള്‍ ഉപഭോഗത്തിന്റെ തോതും അതുവഴി മലിനീകരണവും കുറയും. 5. പാഴാക്കാതിരിക്കുക എന്നത് വലിയൊരു സ്വദഖയാണ്. ഒരു യൂണിറ്റ് വൈദ്യുതിയോ ഒരു ബക്കറ്റ് വെള്ളമോ കടലാസോ സ്വദഖ ചെയ്യുന്നവയില്‍ ഉള്‍പ്പെടാറില്ല. എന്നാല്‍ തനിക്കുപയോഗിക്കാവുന്ന, തന്റെ അധീനത്തില്‍ വരുന്ന വിഭവങ്ങളെ പൊതു സമൂഹത്തിന്റെയും പ്രകൃതിയുടെയും നന്മയെ മുന്‍നിര്‍ത്തി മാറ്റിവെക്കുമ്പോള്‍ അതെല്ലാം സ്വദഖയായി മാറുന്നു.
പ്ലെയിന്‍ ഗ്ലാസ്
കോഴ്‌സിന്റെ ഭാഗമായി പാഴ് വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച വസ്തുക്കള്‍ കാണിച്ചു തരികയായിരുന്നു അധ്യാപക വിദ്യാര്‍ഥി. പോളിത്തീന്‍ കവര്‍ കൊണ്ട് മെടഞ്ഞുണ്ടാക്കിയ ബലമുള്ള കയര്‍ നന്നായി തോന്നി. നീലയും കറുപ്പും കവറുകള്‍ മാത്രമായിരുന്നു അവള്‍ ഉപയോഗിച്ചിരുന്നത്. ''ഒരേ കളര്‍ കിട്ടാന്‍ കുറെ ബുദ്ധിമുട്ടിയിട്ടുണ്ടാവും അല്ലേ?''
''ഏയ്, കടയില്‍ നിന്നും രണ്ട് പാക്കറ്റ് വാങ്ങിച്ചു.''
ഇതാണ് മലയാളി.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top