അന്യം നിന്നുപോയ മുത്തശ്ശിക്കഥകള്‍

ലസിജ എം.എ No image

ഇടയന്‍ ആവുന്നത്ര ഉച്ചത്തില്‍ നിലവിളിച്ചു. പുലിവരുന്നേ... ഓടിവരണേ... രക്ഷിക്കണേ...
അടിവാരത്തിലെ ജനങ്ങളും കാട്ടിലെ പണിക്കാരും നിലവിളി കേട്ടു. എന്നാല്‍ ഇപ്രകാരം ആരും ഓടിച്ചെന്നില്ല. കുറച്ചു ദിവസായി അവന്‍ നമ്മളെ കളിപ്പിക്കുന്നു. കുസൃതി. അവര്‍ പറഞ്ഞു. നിസ്സഹായനായ ഇടയനെ അന്ന് പുലി വകവരുത്തി.
നോക്കൂ ഒരു നുണവരുത്തിയ വിന. അതോണ്ട് ന്റെ കുട്ട്യോള് തമാശക്ക് പോലും കള്ളം പറയരുത്. കള്ളം പറയുന്നവര് സത്യം പറഞ്ഞാലും ആരും വിശ്വസിക്കില്ല. മുത്തശ്ശി കഥപറഞ്ഞു നിര്‍ത്തി. കുട്ടികള്‍ ദീര്‍ഘനിശ്വാസം വിട്ടു.
കഥ കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരുമില്ല. പ്രത്യേകിച്ച് കുട്ടികള്‍. ഉണ്ണാനും ഉറങ്ങാനുമെന്ന പോലെ ഏതു വികൃതി രാമന്മാരും എത്ര സമയം വേണമെങ്കിലും കഥ കേള്‍ക്കാനായി ഇരുന്നു തരും. കഥ പറയുന്ന മുത്തശ്ശിമാരും സാകൂതം കേട്ടിരിക്കുന്ന കുട്ടികളും മുമ്പൊക്കെ വീടുകളിലെ കാഴ്ചയായിരുന്നു. വളരുന്ന പ്രായത്തില്‍ കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും ഭാഷാവികാസത്തിനും ഭാവനക്കും പ്രചോദനമേകുന്ന മുത്തശ്ശിക്കഥകള്‍ തലമുറകള്‍ കൈമാറിവന്ന സമ്പത്തു പോലെയായിരുന്നു. മുത്തഛനും മുത്തശ്ശിയും പേരക്കിടാങ്ങളും തമ്മിലുള്ള ബന്ധം അര്‍ച്ചനീയാനുഭൂതിയാണ്. കുട്ടികളെ പിറകെ നടന്നു ശാസിക്കാനും അവരുടെ വലുതും ചെറുതുമായ സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവെക്കാനും ആശ്വസിപ്പിക്കാനും അംഗീകരിക്കുവാനുമെല്ലാം അവര്‍ കാണിക്കുന്ന ഉത്സാഹം ഒന്നു വേറെ തന്നെയാണ്. ഒരുപക്ഷേ, സ്വന്തം മക്കളെ വളര്‍ത്തുമ്പോള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍ കാരണം പ്രകടമാക്കാന്‍ കഴിയാതെ പോയ സ്‌നേഹവാത്സല്യങ്ങള്‍ പേരക്കിടാങ്ങളുടെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ അവരെ പ്രേരിപ്പിക്കുന്നു. അവരില്‍ നിന്നാണ് കുട്ടിയുടെ സ്വഭാവ രൂപീകരണത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നത്.
ഇന്നത്തെ അണുകുടുംബ സംവിധാനത്തില്‍ കുട്ടികള്‍ തീര്‍ത്തും അനാഥരാണ്. ജോലിക്കാരായ മാതാപിതാക്കളും അവരുടെ തിരക്കില്‍ പെട്ട് ഞെരിപിരി കൊള്ളുന്ന മക്കളും യാന്ത്രികമെന്നതു പോലെ ദിനരാത്രങ്ങള്‍ തള്ളിനീക്കുകയാണ്. ഇതില്‍ നിന്നും രക്ഷ നേടാന്‍ കുട്ടികള്‍ ടി.വിയും കമ്പ്യൂട്ടറും ആശ്രയിക്കുന്നു. ഇവരുടെ അമിതോപയോഗം കുട്ടികളുടെ മസ്തിഷ്‌കത്തെ സാരമായി ബാധിക്കുന്നു. ഇത് അവരില്‍ വൈകാരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ശ്രദ്ധക്കുറവും മറവിയും അക്രമവാസനയുമെല്ലാം ഈ കുരുന്നുകളെ വേട്ടയാടും.
ശിശുവിദ്യാഭ്യാസത്തിന് പുതിയ മുഖം നല്‍കിയ ഡോക്ടര്‍ മറിയ മോണ്ടിസോറി പറയുന്നു. ''സങ്കല്‍പങ്ങള്‍ ക്രിയാത്മക ശക്തികളാണ്. യഥാര്‍ഥ സംഭവങ്ങളെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ക്ക് മനുഷ്യ ജീവിതത്തിന് ഒരുപാട് സംഭാവനകള്‍ നല്‍കാന്‍ കഴിയും. അവ കഥകളാകുമ്പോള്‍ അവയില്‍ പ്രാവര്‍ത്തികമായ ഗുണപാഠങ്ങളുണ്ടാവും. എന്നാല്‍ ഫാന്റസി കഥകള്‍ ഉപയോഗശൂന്യമായ മനസിന്റെ അതിരില്ലാത്ത അലക്ഷ്യമായ അലച്ചിലാണ്. അസംഭവ്യങ്ങളായ ഇത്തരം ചിന്തകള്‍ക്ക് നമ്മുടെ ദൈനംദിന ജീവിതത്തിന് ഒന്നും നല്‍കാനില്ല. മറിച്ച് അത് മനസ്സിനെ യാഥാര്‍ഥ്യങ്ങളില്‍ നിന്നും ഓളിച്ചോടാന്‍ പ്രേരിപ്പിക്കും.'' ഇത്തരം അര്‍ഥശൂന്യങ്ങളായ ഫാന്റസി കഥകളാണ് കാര്‍ട്ടൂണുകളുടെയും ഗെയിമുകളുടെയും രൂപത്തില്‍ നമ്മുടെ പിഞ്ചോമനകളെ അകത്തളങ്ങളില്‍ തളച്ചിടുന്നത്.
പട്ടം പറത്തിയും കുട്ടിയും കോലും കളിച്ചും ഊഞ്ഞാലാടിയും കളിവീടു കെട്ടിയും വേനല്‍മഴയില്‍ തുള്ളിച്ചാടിയുമൊക്കെ ബാല്യകാലമാസ്വദിക്കുന്ന കുട്ടികള്‍ക്ക് അറിയാതെ പകര്‍ന്നു കിട്ടുന്നത് ക്ഷമയും സഹകരണവും ജയപരാജയങ്ങളും നിറഞ്ഞ പച്ചയായ ജീവിതാനുഭവങ്ങളാണ്. കൂടെ മെച്ചപ്പെട്ട ആരോഗ്യവും രോഗപ്രതിരോധശേഷിയും.
തന്റെ കുട്ടിക്ക് നല്ലൊരു ഭാവി ഉണ്ടാവണമെന്നാഗ്രഹിക്കുന്ന രക്ഷിതാക്കള്‍ അവരെ തുറന്നു വിടട്ടെ. പരിധി ലംഘിക്കാതെയുള്ള വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കട്ടെ. ടിവിക്കും കമ്പ്യൂട്ടറിനും പകരം ഒഴിവുനേരങ്ങളില്‍ പുസ്തകങ്ങളാവട്ടെ അവരുടെ ചങ്ങാതിമാര്‍. ആത്മവിശ്വാസവും ധൈര്യവും നല്‍കുന്ന കുട്ടികളും നന്മയുടെ നിറവും ആഹ്ലാദവും തുടിക്കുന്ന കഥകളും ബാല്യങ്ങള്‍ക്ക് തിളക്കമേകുന്നു.
മാതാപിതാക്കള്‍ ദേഷ്യപ്പെടുമ്പോള്‍ അഭയം പ്രാപിക്കാനും തന്റെ സംശയങ്ങളും വിശേഷങ്ങളും ക്ഷമയോടെ പങ്കുവെക്കാനും മടിയില്‍ കിടത്തി കഥപറയാനും മുത്തശ്ശി മാരില്ലാത്ത കുട്ടികള്‍ സ്വന്തം വീട്ടില്‍ ഒറ്റപ്പെട്ടു പോകും. അതിനാല്‍ തിരക്കിട്ട ജീവിതത്തിനിടയിലും തന്റെ മക്കളെ സ്‌നേഹിക്കാനും അവരുടെ മനസ്സു മനസ്സിലാക്കി പെരുമാറാനും രക്ഷിതാക്കള്‍ക്കു കഴിയണം. ഒഴിവു സമയങ്ങള്‍ കണ്ടെത്തി അത് കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ക്രിയാത്മകമായി അവരോടൊത്ത് ചെലവഴിക്കാന്‍ ശ്രമിക്കുകയും വേണം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top