ലിപിയില്ലാത്ത വാക്കും ജീവിതവും

മുഹമ്മദ് ശമീം No image

ബ്യാരി എന്ന ഭാഷ ഔപചാരികമായി നിലവിലുള്ള ഒന്നല്ല. എന്നാല്‍ ആ ഭാഷ സംസാരിക്കുന്ന സമൂഹം തങ്ങളുടേത് ഒരു പ്രത്യേക ഭാഷയും സംസ്‌കാരവുമാണെന്ന് വിശ്വസിക്കുന്നു. കൂടുതലും കച്ചവടക്കാരടങ്ങുന്ന ബ്യാരി സമൂഹത്തില്‍ കാര്യമായ സാമ്പത്തിക പ്രശ്‌നങ്ങളൊന്നുമുണ്ടെന്ന് തോന്നുന്നില്ല. തിരിച്ചറിയപ്പെടുക, സംബോധന ചെയ്യപ്പെടുക എന്നത് ഓരോ സമൂഹത്തെയും സംബന്ധിച്ചേടത്തോളം പ്രധാനമാണ്. ഒരു വിഭാഗം എന്ന നിലക്ക് മുഖ്യധാരയുടെ ഭാഗമായിത്തീരാന്‍ അതനിവാര്യമാണ്. വംശ-ഭാഷ-ലൈംഗിക ന്യൂനപക്ഷ സ്വത്വങ്ങള്‍ അന്നിലക്ക് സംബോധന ചെയ്യപ്പെടുന്നില്ല എന്നത് ഇക്കാലത്തും മനുഷ്യസമൂഹം നേരിടുന്ന പ്രതിസന്ധിയാണ്.
ബ്യാരി മലയാളത്തിന്റെ ഒരു ഉപഭാഷ (dialect) ആണെന്നു പറയാം. എന്നാല്‍ സ്വന്തമായി ലിപിയില്ലാത്ത ബ്യാരി എഴുതുന്നത് കന്നടയിലാണ്. മലയാളത്തിനും കന്നടക്കും പുറമെ അറബി, തുളു, കൊങ്കിണി, കൊടവ, ഉര്‍ദു തുടങ്ങിയവ കൂടി ഉള്‍ച്ചേര്‍ന്നുകൊണ്ടാണ് ബ്യാരി ഭാഷ (ബ്യാരി ബാഷെ) രൂപപ്പെടുന്നത്. ബ്യാരി എന്ന പദം വന്നത് 'ബഹ്ഹാരി' എന്ന അറബി പദത്തില്‍ നിന്നാവാം. സമുദ്രവ്യാപാരി എന്നാണ് ഇതിന്റെ അര്‍ത്ഥം. സമുദ്രവ്യാപാരികളായ അറബികളുമായുളള, തദ്ദേശീയരുടെ സാംസ്‌കാരികവും ജനിതകവുമായ കൂടിച്ചേരലിന്റെ ചിത്രം കൂടിയുണ്ടിതില്‍. കര്‍ണാടകത്തിലെയും കേരളത്തിലെയും തീരദേശ മുസ്‌ലിംകള്‍ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പൈതൃകത്തിനും അന്തസ്സാര്‍ന്ന ചരിത്ര പാരമ്പര്യത്തിനും അവകാശികളാണ്. വടക്കന്‍ കര്‍ണാടകത്തിലെ നവായത്തുകള്‍ക്കും തെക്കന്‍ കര്‍ണാടകത്തിലും കാസര്‍ക്കോടു ജില്ലയുടെ വടക്കു ഭാഗത്തും അധിവസിക്കുന്ന ബ്യാരികള്‍ക്കും വടക്കന്‍ കേരളത്തിലെ മാപ്പിളമാര്‍ക്കും തനത് രീതികളും സമ്പ്രദായങ്ങളുമുണ്ട്. അതോടൊപ്പം ഈ ഓരോ സമൂഹത്തിനകത്തും വൈവിധ്യമാര്‍ന്ന വഴിത്തിരിവുകളുമുണ്ട്.
നിന്നേടത്തു നിന്നു പോകുന്ന സമൂഹത്തിനകത്തും നൈതികമായ ഒരു പാട് പ്രശ്‌നങ്ങളുണ്ടാവുന്നു. പ്രശ്‌നങ്ങളെ പ്രശ്‌നങ്ങളായി അഭിമുഖീകരിക്കുന്നതിനു പകരം സമൂഹ മുഖ്യധാര കൂടുതല്‍ അകറ്റുന്നതിനുളള അവസരങ്ങളായി അവയെ മാറ്റിയെടുക്കുന്നതോടെ പരസ്പര വിശ്വാസം നഷ്ടപ്പെടുകയാണ് ചെയ്യുക. ഇതില്‍ നിന്നും വ്യത്യസ്തമായ ഒരനുഭവമായിത്തീര്‍ന്നു കെ.പി. സുവീരന്റെ ‘ബ്യാരി’ എന്ന സിനിമ. ബ്യാരി സമൂഹത്തിലൂടെ, പ്രത്യേകിച്ച് ബ്യാരി സ്ത്രീ സമൂഹത്തിലൂടെ തികഞ്ഞ വിവേചന ബുദ്ധിയോടെ സഞ്ചരിക്കുകയാണ് സുവീരന്റെ ക്യാമറ. മാറ്റി നിര്‍ത്തപ്പെടുന്ന ഓരോ സമൂഹവും പൊതുവായ പുരുഷാധിപത്യ ഘടനക്ക് വഴങ്ങുന്നതോടെ സ്ത്രീ ഇരട്ട വിവേചനത്തിനിരയായിത്തീരുകയാണല്ലോ. തിര്‍ത്തും മതബദ്ധമായ ഒരു സമൂഹം നിലനിര്‍ത്തിപ്പോരുന്ന അധീശഘടനയെ വിചാരണവിധേയമാക്കുമ്പോഴും മതത്തിന്റെ വിമോചനാത്മകമായ സാധ്യതകള്‍ അറിഞ്ഞോ അറിയാതെയോ ചിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്നതായി കാണാം.
നാദിറ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് സുവീരന്‍ സഞ്ചരിക്കുന്നത്. മതനിഷ്ഠയുളള കുട്ടിയാണ് നാദിറ. അവളുടെ ഉപ്പയുടെ വാക്കുകളില്‍ ഒരൊറ്റ വഖ്ത് നിസ്‌കാരവും റമദാനിലെ ഒറ്റ നോമ്പും ഖദാ ആക്കാത്ത, ഖുര്‍ആന്‍ തണ്ണി തണ്ണി പോലെ ഓതുന്ന ഒരുവള്‍. പ്രായപൂര്‍ത്തിയായെന്ന താക്കീത് അവള്‍ക്കു കിട്ടുന്നേടത്ത് കഥയാരംഭിക്കുന്നു. ഒളിച്ചിരുന്നേടത്തു വെച്ച് കൂട്ടുകാരന്‍ നവാസുമായുളള ഒരടിപിടിക്കിടയിലാണ് ആ മഹാസംഭവം. ചോര കണ്ട് ബേജാറായി ഉമ്മയെ വിളിച്ചുകൊണ്ടോടിയ നാദിറ വീട്ടിലെത്തിയപ്പോള്‍ ബാപ്പയുടെ കൂടെ കുറേയാളുകള്‍. അവരൊക്കെച്ചേര്‍ന്ന് തന്റെ 'മംഗലം' നിശ്ചയിച്ചതായി അവള്‍ ഉമ്മയില്‍ നിന്നറിഞ്ഞു.
വിവാഹത്തെക്കുറിച്ചും,‘സെക്‌സിനെക്കുറിച്ചുമൊക്കെ നാദിറയെക്കാള്‍ വിവരമുണ്ട് നവാസിന്. മുമ്പ് നിന്നെ കെട്ടിക്കോളാം എന്നു പറഞ്ഞ അവനെ അവള്‍ തന്റെ ജ്ഞാനം വിളമ്പി നിശബ്ദനാക്കിയിരുന്നു. പെണ്‍കുട്ടികളെപ്പോലെയല്ല ആണ്‍കുട്ടികള്‍. അവര്‍ക്ക് പുതിയാപ്പിളയാകാന്‍ ‘'ബെല്യ' ആളാവണം. വലിയ വയറും മീശയുമൊക്കെ വരണം. എന്നാല്‍ അതിനപ്പുറമൊന്നും അവള്‍ക്കറിഞ്ഞുകൂടാ. നവാസാകട്ടെ, ബശീറാക്കാന്റെയും ആയിശാത്തന്റെയും ആദ്യരാത്രി ഒളിഞ്ഞുനോക്കിയിട്ടുമുണ്ട്. പുതിയാപ്പിള തന്റെ കഴുത്ത് പിടിച്ചമര്‍ത്തുമെന്നും കുപ്പായം വലിച്ചുകീറുമെന്നുമൊക്കെ അവനില്‍ നിന്നറിഞ്ഞ നാദിറ വിഹ്വലയായി.
മതവും രതിയും യഥാര്‍ത്ഥത്തില്‍ പെണ്ണിന്റെ സാധ്യതകളാണ്. സമൂഹം അവയും പുരുഷാധീശത്വം അടിച്ചേല്‍പ്പിക്കാനുളള ഉപകരണങ്ങളാക്കി മാറ്റി. വിവാഹം, കുടുംബം, ദൗത്യനിര്‍ണയം, ലിംഗപരമായ തൊഴില്‍ വിഭജനം എന്നിവയിലെല്ലാം അധികാരം പിടിച്ചടക്കല്‍, നിലനിര്‍ത്തല്‍, വര്‍ധിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് പാട്രിയാര്‍ക്കി പ്രയോഗിക്കുന്ന രാഷ്ട്രീയ തന്ത്രത്തിന്റെ അന്തര്‍ധാരകളുണ്ടെന്ന, റാഡിക്കല്‍ ഫെമിനിസ്റ്റുകളുടെ വാദം സത്യമായിത്തീരുന്നതങ്ങനെയാണ്. പടച്ചോന്‍ പെണ്ണിനെ ഉണ്ടാക്കിയത് ആണിനെ സേവിക്കാന്‍ വേണ്ടിയാണെന്ന് നാദിറയുടെ ഉമ്മ അവളെ പഠിപ്പിക്കുന്നുണ്ട്.
മുത്ത്വലാഖും ചടങ്ങുവിവാഹവുമൊക്കെയാണ് ബ്യാരി സിനിമയുടെയും നാദിറയുടെ ജീവിതത്തിന്റെയും പ്രധാന പശ്ചാത്തലങ്ങള്‍. ഇത്തരം പ്രമേയപ്രതിപാദനങ്ങളോട് അവയുടെ പരിചരണ രീതിയുടെ വൈകല്യം കൊണ്ടോ അല്ലാതെയോ മുസ്‌ലിംകള്‍ക്ക് തോന്നാറുളള അസ്വസ്ഥത സുവീരന്റെ സിനിമയോടും തോന്നാനിടയില്ല. ബ്യാരി മുസ്‌ലിം സമൂഹത്തിന്റെ നന്മകള്‍ സിനിമ തിരിച്ചറിയുന്നുണ്ട്. സുവീരന്റെ സിനിമ ക്രിയാത്മകമായ സമീപനം വച്ചുപുലര്‍ത്തുന്നു. ആചാരബദ്ധതയിലും നിയമാക്ഷര വ്യഗ്രതയിലുമകപ്പെട്ടുപോയ ഒരു സമൂഹത്തിലെ അനൈതികതയെ അതിനിശിതമായിത്തന്നെ പക്ഷേ, അത് സമീപിക്കുന്നുമുണ്ട്.
എല്ലാ കാര്യങ്ങളിലും സിനിമ കൃത്യമായ ഒതുക്കം പാലിക്കുന്നതായി കാണാം. നാടകീയ സന്ദര്‍ഭങ്ങളൊരു പാടുണ്ട് കഥയില്‍. എന്നാല്‍ സിനിമയില്‍ നാടകീയത നാലയലത്തു പോലും കടന്നുവരാതെ സൂക്ഷിക്കാന്‍ സുവീരനു സാധിച്ചു. സ്ഥിരം ദുഃഖപുത്രി പാറ്റേണിലല്ല നാദിറ എന്ന കഥാപാത്രത്തിന്റെ അവതരണം. വളരെ ശ്രദ്ധാപൂര്‍വമാണ് കാസ്റ്റിംഗ് പോലും. നാദിറയുടെ രണ്ട് പ്രായഘട്ടങ്ങള്‍ അവതരിപ്പിക്കുന്ന മല്ലിക, അശ്വതി എന്നിവര്‍ തമ്മിലും നവാസായി വരുന്ന പ്രജീഷ്, സുദര്‍ശന്‍ എന്നിവര്‍ തമ്മിലുമുള്ള രൂപസാദൃശ്യമുള്‍പ്പെടെയുളള കാര്യങ്ങള്‍ നമ്മുടെ ശ്രദ്ധയില്‍ വരും. ഒരു പച്ചമനുഷ്യന്റെ നിസ്സഹായതയും വില്ലത്തരവും മാമുക്കോയയില്‍ (നാദിറയുടെ പിതാവ്) പ്രകടമാണ്. റശീദായി വന്ന, ചിത്രത്തിന്റെ നിര്‍മാതാവു കൂടിയായ അല്‍താഫ് ഹുസൈനും മികച്ച പ്രകടനം കാഴ്ചവെച്ചു.
സുവീരന്റെ തിരക്കഥ കഥാപാത്രങ്ങള്‍ക്കെല്ലാം സ്വാതന്ത്ര്യവും ഉന്നതവുമായ വ്യക്തിത്വം നല്‍കുന്നു. അഭിനേതാക്കള്‍ അതിനൊത്തുയരുകയും ചെയ്തു. സന്ദര്‍ഭത്തിനു യോജിച്ച ഫ്രെയിമുകള്‍ കൊണ്ട് ക്യാമറാമാന്‍ മുരളീകൃഷ്ണന്‍ സുവീരനെ നന്നായി സഹായിച്ചു. പ്രകൃതിയുടെ ജാലകപ്പഴുതുകളിലൂടെയാണ് പലപ്പോഴും നാം കഥാപാത്രങ്ങളെ കാണുന്നത്. ചന്ദ്രന്റെ പശ്ചാത്തല സംഗീതവും കൃത്യമായ അനുഭൂതിയും അവബോധവും സൃഷ്ടിക്കുന്നതായി.
വിവാഹം കഴിഞ്ഞ് നാദിറ ഭര്‍തൃവീട്ടിലേക്ക് പോയ ശേഷം അവളുടെ നാട്ടില്‍ നടന്നൊരു സംഭവത്തിന് അനിയത്തി ജമീല ദൃക്‌സാക്ഷിയാകുന്നുണ്ട്. പൊതുവഴിയില്‍ വെച്ചൊരാള്‍ അയാളുടെ ഭാര്യയെ ചീത്ത പറയുകയും അടിക്കുകയും ചെയ്തു. കൂടിനിന്ന ആളുകളുടെ മുന്നില്‍ വെച്ച് അയാളവളെ മൂന്നുവട്ടം ത്വലാഖ് ചൊല്ലി. അപ്പോളാ സ്ത്രീ വിലപിക്കുന്നത് ‘'യാ അല്ലാഹ്.. നന്റെ (എന്റെ) മക്കളെ ഗതിയെന്ത്‌റേ..' എന്നാണ്. ഇനിയാ മക്കള്‍ക്കു വേണ്ടി ഉഴറേണ്ടതും യത്‌നിക്കേണ്ടതും അവരാണ്. കുടുംബം സ്ത്രീക്കും ഭാവിതലമുറക്കും നല്‍കുന്ന സുരക്ഷിതത്വത്തെപ്പറ്റി വാചാലരാവാത്ത മതനേതാക്കളില്ല. എന്നിട്ടും ഇത്തരം സന്ദര്‍ഭങ്ങളില്‍ അതൊന്നും പ്രാവര്‍ത്തികമായിക്കാണാറുമില്ല. കയ്യൂര്‍ ചീമേനിയില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതപ്രദേശത്തെ ഒരു വീട്ടിലേക്ക് ചെന്നതോര്‍മ വരുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകളായ രണ്ട് കുട്ടികളും ഉമ്മയും. കുട്ടികള്‍ക്ക് രോഗം വന്ന് കുറേ ചികില്‍സിച്ചിട്ടും ഭേദമാകാതെ വന്നതോടെ 'മാപ്പിള എളക്കിച്ചാടീറ്റ് പോയി'. എന്നു വെച്ചാ ഇട്ടെറിഞ്ഞു പോയി. മക്കളെ‘'എളക്കിച്ചാടി പോ'കാന്‍ ഉമ്മക്ക് പറ്റുന്നില്ലെന്നത് അവളില്‍ മറ്റൊരു തരം നിസ്സഹായത സൃഷ്ടിക്കുന്നു. ത്വലാഖ് എന്നു മൂന്നുവട്ടം അലറുമ്പോള്‍ ചുറ്റിലും കൂടിനിന്നിരുന്ന പുരുഷന്മാരുടെ നിസ്സംഗത നമ്മെ ഭയപ്പെടുത്തിക്കളയും. സ്ത്രീകള്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. ഭയപ്പാടോടെ തിരിഞ്ഞോടിയ ജമീല, ഉമ്മയോട് ചേര്‍ന്ന് കുറേ കരഞ്ഞു.
ഇതിനിടെ റശീദുമായി ഉടക്കിയ നാദിറയുടെ ഉപ്പ തന്ത്രത്തില്‍ അവളെ വീട്ടിലേക്ക് കൊണ്ടുവരികയും നാട്ടിലെ ധനാഢ്യനായ സലീമിന് അവളിലുളള താല്‍ പര്യം മനസ്സിലാക്കി, കളളം പറഞ്ഞ് റശീദിനെക്കൊണ്ടവളെ ത്വലാഖ് ചൊല്ലിക്കുകയും ചെയ്തു. തന്റെ ജീവിതം മറ്റുളളവര്‍ തീരുമാനിക്കുകയാണെന്ന അറിവ് അവളെ അസ്വസ്ഥയാക്കി. അവളുടെ പ്രതിഷേധത്തിനു മുന്നില്‍ പരാജിതനായ ഉപ്പ റശീദിനെക്കൊണ്ടുതന്നെ വീണ്ടും അവളുടെ വിവാഹം കഴിപ്പിക്കാനുളള ശ്രമം നടത്തിയപ്പോഴാണ് ചിരപുരാതനമായ അടുത്ത പ്രശ്‌നം. ത്വലാഖ് ചൊല്ലി വേര്‍പിരിഞ്ഞ പെണ്ണുമായി വീണ്ടും വിവാഹം സാധിക്കണമെങ്കില്‍ മറ്റൊരാള്‍ അവളെ വിവാഹം ചെയ്ത് ഒരു ദിവസമെങ്കിലും ഒരുമിച്ച് കഴിഞ്ഞ ശേഷം ബന്ധം വേര്‍പ്പെടുത്തണമെന്ന നിയമം. നിയമം നിയമമാണ്. മൂന്നാലാളുകള്‍ വിചാരിച്ചാലൊന്നും മാറ്റാന്‍ പറ്റില്ലെന്ന് പളളിയിലെ ഖത്വീബ് വിധിയും പറഞ്ഞു. നാദിറയെ ചടങ്ങിനൊരു വിവാഹം കഴിപ്പിച്ച് മൊഴിചൊല്ലിച്ച ശേഷം വീണ്ടും വിവാഹം കഴിക്കാന്‍ റശീദ് തയ്യാറായി. റശീദ് തന്നെ ഇപ്പോഴും സ്‌നേഹിക്കുന്നുണ്ടെന്ന അറിവ് നാദിറയെ വളരെ സന്തോഷിപ്പിച്ചെങ്കിലും പിന്നാലെയുളള കളികള്‍ അവളെ അസ്വസ്ഥയാക്കി.
ഇവിടെയാണ് മതനിയമവും സമുദായത്തിന്റെ നിയമവും തമ്മിലുളള വൈരുദ്ധ്യങ്ങളെപ്പറ്റി നമുക്ക് ചിന്തിക്കേണ്ടി വരുന്നത്. സോപാധികവും അതിസങ്കീര്‍ണവുമായ പ്രക്രിയയാണ് ഖുര്‍ആനില്‍ വിവാഹമോചനം. ഖുര്‍ആനിലെ മൂന്നു ത്വലാഖ് സമുദായത്തിന്റെ മുത്ത്വലാഖല്ല. ഒരുമിച്ച് മൂന്നു തുപ്പു തുപ്പുന്നതിനെ (റശീദിന്റെ ഉമ്മയുടെ പ്രയോഗമാണ്) പ്രവാചകന്‍ വിലക്കിയിട്ടുണ്ട്. ഒരുമിച്ച് ജീവിക്കാന്‍ പറ്റാതെ വരുന്നവര്‍ക്ക് മൂന്ന് അവസരം നല്‍കുന്നതാണ് മൂന്ന് ത്വലാഖ്. അഥവാ ത്വലാഖ് ഒന്നാമത്തേതും രണ്ടാമത്തേതും സംഭവിച്ചു കഴിഞ്ഞാലും വീണ്ടും ഒരുമിച്ചു ചേരാനുളള അവസരമാണത്. വേര്‍പെടുത്താനുള്ള വ്യഗ്രതയല്ല, ഒരുമിച്ചു ചേര്‍ക്കാനുളള താല്‍പര്യമാണ് ഇതിലുളളത്. നിശ്ചിത കാലാവധിക്കു മുമ്പാണെങ്കില്‍ ത്വലാഖ് റദ്ദു ചെയ്യാം. മൂന്നാമതും വേര്‍പെടല്‍ സംഭവിക്കുകയാണെങ്കില്‍ പിന്നെയവര്‍ക്കു തമ്മില്‍ വിവാഹം കഴിക്കാനനുവാദമില്ലെന്നതാണ് ഖുര്‍ആന്റെ നിലപാട്. ഈ മൂന്നു വിവാഹമോചനവും സംഭവിക്കുന്നതിനു മുമ്പ് ഒരുപാടു നിബന്ധനകള്‍ പൂര്‍ത്തീകരിക്കാന്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നുണ്ട്. ഇവയില്‍ പലതും പൂര്‍ത്തീകരിച്ചെന്നുറപ്പുവരുത്തേണ്ടത് സമുദായത്തിന്റെയും ബാധ്യതയാണ്. ഇത് പൂര്‍ത്തികരിക്കാതെയാണ് നേതാക്കന്മാരും പുരോഹിതന്മാരും നിയമം പഠിപ്പിക്കുന്നത്.
മൂന്നു ത്വലാഖുകള്‍ സംഭവിച്ചു കഴിഞ്ഞാല്‍ ഉണ്ടാകുന്ന വിലക്കിന് നല്‍കപ്പെട്ട ഒരിളവു മാത്രമാണ് ആ പെണ്ണ് മറ്റൊരാളെ വിവാഹം കഴിച്ച് അതും പരാജയപ്പെടുകയാണെങ്കില്‍ ആദ്യഭര്‍ത്താവിന് അവളെ വിവാഹം കഴിക്കാമെന്നത്. ഇത്തരത്തില്‍ ഭദ്രമായൊരു നിയമവ്യവസ്ഥയെയാണ് പുരോഹിതന്മാര്‍ മുത്ത്വലാഖും ചടങ്ങു വിവാഹവുമാക്കി മാറ്റിമറിച്ചത്.
നവാസ് വീണ്ടും നാദിറയുടെ ജീവിതത്തിലേക്കു കടന്നുവരികയാണ്. വകതിരിവില്ലാത്ത പ്രായത്തില്‍ നാദിറയുമൊത്തുളള ആദ്യരാത്രി സ്വപ്നം കണ്ടവനാണെങ്കിലും ഇപ്പോള്‍ പേരിനൊരു രാത്രി നിര്‍വികാരനായി കഴിച്ചു കൂട്ടണമെന്നാണ് കരാര്‍. ഈ കരാര്‍ നിയമവിരുദ്ധമാണെന്നു തിരിച്ചറിയുന്നു നാദിറ. ഇപ്പോളവള്‍ നിയമത്തെ അവള്‍ക്കു വേണ്ടി വായിക്കുകയാണ്. നരകത്തിലെ തീയെ പേടിക്കുന്നവളാണവള്‍. റശീദും ഉപ്പയും മൗലവിയുമെല്ലാം ആളെ കാണിക്കാന്‍ നിയമം പാലിക്കുന്നവരാണ്. എന്നാല്‍ അവള്‍ അങ്ങനെയല്ല. ഇത്ര നാളുമവള്‍ 'ആ റബ്ബ് കാട്ടിയ തിരുവേ നടന്നേ, ഇന്നും (ഇനിയും) അങ്ങനവേന്‍ നടക്കറേ.' നവാസും നാദിറയും തമ്മില്‍ നരകത്തെയും നിയമത്തെയും കുറിച്ചുളള സംവാദം നടന്നു.
ജഹന്നമിലെ തീയില്‍ നിന്നവളെ മോചിപ്പിക്കാന്‍, അവളിലേക്കു പെയ്തിറങ്ങി അവളെ ശുദ്ധീകരിക്കാന്‍ നവാസിനു കഴിയണം. തന്റെ അടുത്തേക്കു വരാനും തന്നെ ഇറുകെപ്പുണരാനും തന്നില്‍ മുത്തമിടാനും എല്ലാവരും കൊതിക്കുന്ന ആ വിഷയത്തെ തന്നില്‍ പ്രാവര്‍ത്തികമാക്കാനും അവള്‍ നവാസിനോടാവശ്യപ്പെട്ടു. ചെറുപ്പത്തില്‍ ഒളിച്ചുകളിക്കിടയില്‍ തന്റെ ശരീരത്തില്‍ കുസൃതി കാണിക്കാന്‍ തുനിഞ്ഞ നവാസിനെ ജഹന്നമിലെ തീയുടെ കാര്യം പറഞ്ഞു കൊണ്ടു തന്നെയാണ് അവള്‍ തടഞ്ഞിരുന്നത്.
‘അല്‍ ഹംദുലില്ലാഹ്.’ ആകെ പുത്തുലഞ്ഞ് മിഴികള്‍ പാതി കൂമ്പിക്കൊണ്ടവള്‍ അല്ലാഹുവിനെ സ്തുതിച്ചു. ‘ബിസ്മില്ലാഹി, അല്ലാഹുമ്മ ജന്നിബിനശ്ശയ്ത്വാന വ ജന്നിബിശ്ശയ്ത്വാന മിമ്മാ റസഖ്തനാ’.* അവളുടെ പ്രാര്‍ത്ഥനയും കിതപ്പും ആകാശത്തേക്കുയര്‍ന്നു. അത് മഴയായി ഭൂമിയിലേക്കു പെയ്തിറങ്ങുന്നേടത്ത് സുവീരന്റെ സിനിമ അവസാനിക്കുന്നു. രതി ഉപാസനയും അതിന്റെ സീല്‍ക്കാരം മന്ത്രോച്ചാരണവുമായി മാറുന്ന ഒരു മതത്തിന്റെ യാഥാര്‍ത്ഥ്യവും സാധ്യതയും അവള്‍ തിരിച്ചറിയുകയാണെന്നു വേണം കരുതാന്‍. അനൈതികമായ ആചാരങ്ങളെ ലൈംഗികതകൊണ്ട് ചെറുക്കുകയും. ആ മണിയറയില്‍ അവള്‍ക്കായിരുന്നു മുന്‍കൈയും മേല്‍ക്കൈയും. അവളുടെ ഭാവപ്പകര്‍ച്ചകള്‍ അമ്പരപ്പോടെയാണ് നവാസ് നോക്കിക്കാണുന്നത്.
മനുഷ്യബന്ധങ്ങളെക്കുറിച്ച വര്‍ത്തമാനവും ഒരു സംസ്‌കാരത്തിന്റെ പഠനവുമായിത്തീരുന്നു ബ്യാരി സിനിമ. ഒപ്പം ഒരു പ്രതീക്ഷയും.

(*ദമ്പതിമാര്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഉരുവിടേണ്ടതെന്ന് നബിവചനങ്ങളില്‍ പഠിപ്പിക്കപ്പെട്ട വാചകം.)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top