ആ കരാര്‍ നടപ്പാക്കപ്പെട്ടിരുന്നെങ്കില്‍!

ശൈഖ് മുഹമ്മദ് കാരകുന്ന് No image

എന്റെ പരിമിതമായ അറിവനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ ഇസ്‌ലാമിക പ്രവര്‍ത്തനം നടക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണ് കേരളം. ഇവിടെ ഇരുപതിനായിരത്തിലേറെ മദ്രസകളുണ്ട്. നൂറുകണക്കിന് ഉന്നത ഇസ്‌ലാമിക വിദ്യാസ്ഥാപനങ്ങളുണ്ട്. ധാരാളം മത സംഘടനകളുണ്ട്. അവക്കെല്ലാം യുവജന വിഭാഗങ്ങളും വിദ്യാര്‍ഥി സംഘടനകളുമുണ്ട്. അവയുടെ കീഴില്‍ കൊല്ലം തോറും ആയിരക്കണക്കിന് മതപരിപാടികള്‍ നടക്കുന്നു. സ്റ്റഡീക്ലാസുകളും പൊതു പ്രഭാഷണങ്ങളും സംഘടിപ്പിക്കപ്പെടുന്നു. ഖുര്‍ആന്‍ പഠനത്തിന് ധാരാളം വേദികള്‍ പ്രവര്‍ത്തിക്കുന്നു. ഒട്ടേറെ ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു. പുസ്തകങ്ങള്‍ക്കും പ്രസാധനാലയങ്ങള്‍ക്കും പഞ്ഞമില്ല. ഈ എല്ലാ അര്‍ഥത്തിലും കേരളത്തിലെ മതപ്രബോധന, പ്രവര്‍ത്തനരംഗം സജീവമാണ്. ഇതിനായി കൊല്ലംതോറും കോടിക്കണക്കിന് രൂപ ചെലവഴിക്കപ്പെടുന്നു. എന്നിട്ടും സമൂഹത്തില്‍ അതിനനുസൃതമായ സദ്ഫലം കാണപ്പെടുന്നില്ല. ആരാധനാനുഷ്ഠാനങ്ങളില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. എങ്കിലും സമുദായത്തെ പൊതുവിലും യുവവിഭാഗത്തെ വിശേഷിച്ചും സംസ്‌കരിക്കുന്നതിലും മൂല്യനിഷ്ഠമാക്കുന്നതിലും കാര്യമായ നേട്ടം കൈവരിക്കാനായിട്ടില്ല. ചെലവഴിക്കപ്പെടുന്ന പണത്തിന്റെയും അധ്വാനത്തിന്റെയും വെളിച്ചത്തില്‍ പരിശോധിച്ചാല്‍ ഫലമൊട്ടും തൃപ്തികരമല്ല. എന്താണിതിന് കാരണം?
മാതൃകായോഗ്യമായ നേതൃത്വത്തിന്റെ അഭാവം, ആസൂത്രണത്തിന്റെ കുറവ ്, പ്രവര്‍ത്തനങ്ങളിലെ അശാസ്ത്രീയത തുടങ്ങി നിരവധി കാരണങ്ങളുണ്ടാവാം. എന്നാല്‍ ഏറ്റവും പ്രധാനകാരണം മതസംഘടനകള്‍ക്കിടയിലെ ഭിന്നതയും ശത്രുതയും അനാരോഗ്യകരമായ പരസ്പര മത്സരവുമാണ്. ചെലവഴിക്കപ്പെടുന്ന അധ്വാനത്തിന്റെയും സമ്പത്തിന്റെയും സമയത്തിന്റെയും നല്ലൊരു പങ്ക് പാഴായി പോവുകയാണ്. പല സംഘടനകളും സ്വന്തം അനുയായികളെ വളര്‍ത്താനും ഉയര്‍ത്താനും സംസ്‌കരിക്കാനും ശ്രമിക്കുന്നതിലേറെ ശ്രദ്ധയും ഊന്നലും നല്‍കുന്നത് മറ്റുള്ളവരെ വിമര്‍ശിക്കാനും ആക്ഷേപിക്കാനും ശകാരിക്കാനും അവരുടെ കുറ്റങ്ങളും കുറവുകളും കണ്ടെത്താനുമാണെന്ന് പ്രസിദ്ധീകരണങ്ങളുടെ പേജുകളും സ്റ്റേജുകളിലെ പ്രസംഗങ്ങളും പരിശോധിക്കുന്ന ഏവര്‍ക്കും ബോധ്യമാകും. സംഘടനാനേതാക്കള്‍ക്കും പണ്ഡിതന്മാര്‍ക്കും ഏറ്റവും കൂടുതല്‍ ബേജാറ് സ്വന്തം അണികള്‍ പിഴക്കുന്നതിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിലും അങ്ങനെ നരകത്തില്‍ പോകുന്നതിലുമല്ല; മറിച്ച് മറ്റ് സംഘടനയിലെ പ്രവര്‍ത്തകര്‍ പിഴക്കുന്നതിലും ശിക്ഷാര്‍ഹരാവുന്നതിലുമാണെന്ന് നമ്മുടെ നാട്ടിലെ മത പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചാല്‍ മനസ്സിലാവും.
ഇതില്‍ എന്നെ ഏറെ ദുഃഖിപ്പിക്കുന്നതും അസ്വാസ്ഥ്യപ്പെടുത്തുന്നതും നിര്‍ബന്ധിതാവസ്ഥയിലാണെങ്കിലും എനിക്കും ഒട്ടേറെ അധ്വാനവും ശ്രമവും സമയവും ശ്രദ്ധയും ഈ വിവാദങ്ങളില്‍ വിനിയോഗിക്കേണ്ടിവന്നു എന്നതാണ്. ഐ.പി.എച്ച് പ്രസിദ്ധീകരിച്ച എന്റെ ആദ്യ പുസ്തകം പോലും ഇസ്‌ലാമിക പ്രസ്ഥാനത്തിനെതിരെ ഒരു മതസംഘടന നടത്തിയ കടുത്ത വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ്- ''തെറ്റിധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി.''
ഈ പുസ്തകം പുറത്തിറങ്ങിയ സമയത്തു തന്നെ വിവാദവും വിമര്‍ശനവും അവസാനിപ്പിക്കാനുള്ള സുവര്‍ണാവസരം രൂപപ്പെട്ടു വന്നിരുന്നു. 1979-മാര്‍ച്ച് 8,9,10,11 തിയ്യതികളില്‍ കേരള നദ്്‌വത്തുല്‍ മുജാഹിദീന്റെ സംസ്ഥാന സമ്മേളനം പുളിക്കലില്‍ സംഘടിപ്പിക്കപ്പെട്ടു. എല്ലാവിധ സജ്ജീകരണങ്ങളോടെയും വളരെ വിപുലമായ നിലയില്‍ നടത്തപ്പെട്ട പരിപാടിയായിരുന്നു. സംഘാടകര്‍ 'റാബിത്വതുല്‍ ആലമുല്‍ ഇസ്‌ലാമി' (മുസ്‌ലിം വേള്‍ഡ് ലീഗ്)യുടെ പ്രതിനിധിയെ ക്ഷണിച്ചിരുന്നു. റാബിത്വ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര നേതൃത്വത്തെ ചുമതലപ്പെടുത്തി. അതനുസരിച്ച് ജമാഅത്തെ ഇസ്‌ലാമി തമിഴ്‌നാട് അമീര്‍ ഇഅ്ജാസ് അഹ്മദ് അസ്‌ലം സാഹിബിനെ റാബിത്വയുടെ പ്രതിനിധിയായി പുളിക്കല്‍ സമ്മേളനത്തിലേക്ക് അയച്ചു. അടിയന്തരാവസ്ഥയിലും തുടര്‍ന്നും ജമാഅത്തിനെ നിശിതമായി വിമര്‍ശിക്കുകയും ശക്തമായി എതിര്‍ക്കുകയും ചെയ്തുകൊണ്ടിരുന്ന മുജാഹിദ് നേതൃത്വത്തിന് ഇതൊട്ടും ഇഷ്ടപ്പെട്ടില്ല. അവര്‍ ഇഅ്ജാസ് അസ്‌ലം സ്വാഹിബിനെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതില്‍ വിമ്മിഷ്ടം പ്രകടിപ്പിച്ചു. സമ്മേളനത്തില്‍ സംബന്ധിക്കാനെത്തിയ സൗദി അറേബ്യയില്‍ തന്നെ ദാറുല്‍ ഇഫ്ത്വായുടെ പ്രതിനിധികളും പ്രമുഖ പണ്ഡിതന്മാരുമായ ശൈഖ് അബ്ദുല്ലാ ഇബ്രാഹീം ഫന്‍ദൂഖും ശൈഖ് ഉമര്‍ മുഹമ്മദ് ഫുല്ലാത്തയും വിവരമറിഞ്ഞ് പ്രശ്‌നത്തില്‍ ഇടപെട്ടു.
ജമാഅത്തും മുജാഹിദും തമ്മില്‍ ഇത്ര രൂക്ഷമായ ഭിന്നതയുള്ളതായി അവരുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. അതിനാലവര്‍ ഇരു വിഭാഗത്തെയും അവര്‍ താമസിക്കുന്ന കോഴിക്കോട്ടെ സീക്വീന്‍ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തി. കേരളാ നദ്‌വത്തുല്‍ മുജാഹിദീനെ പ്രതിനിധീകരിച്ച് അതിന്റെ പണ്ഡിതഘടനയായ കേരള ജംഇയ്യത്തു ഉലമായുടെ പ്രസിഡണ്ടായിരുന്ന മര്‍ഹൂം കെ. ഉമര്‍ മൗലവിയും ജമാഅത്തെ ഇസ്‌ലാമിയെ പ്രിതിനിധീകരിച്ച് അന്നത്തെ സംസ്ഥാന അമീര്‍ ടി.കെ. അബ്ദുല്ല സാഹിബുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സൗദി അറേബ്യയിലെ മദീനാ യൂണിവേഴ്‌സിറ്റി അധ്യാപകനായിരുന്ന മര്‍ഹൂം ശൈഖ് അബ്ദുസ്സ്വമദുല്‍ കാതിബും ടൊറണ്ടോ ഇസ്‌ലാമിക് സെന്റര്‍ ഡയറക്ടറായിരുന്ന ടി.കെ ഇബ്രാഹീം സാഹിബും ചര്‍ച്ചയില്‍ സാക്ഷികളും പങ്കാളികളുമായിരുന്നു. അബ്ദുസ്സ്വമദുല്‍ കാതിബ് കെ.എം മൗലവിയുടെ മകനും ടി.കെ ഇബ്രാഹീം സാഹിബ് ശാന്തപുരം ഇസ്‌ലാമിയാ കോളേജ് പൂര്‍വവിദ്യാര്‍ഥിയുമാണ്. ''എന്താണ് ജമാഅത്തെ ഇസ്‌ലാമിയുമായുള്ള പ്രധാന ഭിന്നതയെന്ന്'' ശൈഖ് ഫുല്ലാത്തയും ശൈഖ് ഫന്‍ദുഖും ഉമര്‍ മൗലവിയോട് ചോദിച്ചു. അതിന് അദ്ദേഹം അറിയിച്ചു. ''ഇബാദത്തിന് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി നല്‍കിയ അര്‍ഥവും വിശദീകരണവും തെറ്റാണ്. അതിനാല്‍ ഭിന്നത തൗഹീദിലാണ്.''
അപ്പോള്‍ ദാറുല്‍ ഇഫ്ത്വാ പ്രതിനിധികള്‍ ചോദിച്ചു: ''വിഷയം വളരെ മൗലികവും പ്രധാനവുമായതിനാല്‍ ശൈഖ് അബ്ദുല്‍ അസീസ്ബ്‌നു അബ്ദുല്ലാഹിബ്‌നു ബാസിന്റെ നേതൃത്വത്തില്‍ ലോക പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെ. അങ്ങനെ എടുക്കുന്ന തീരുമാനം ഇരു കൂട്ടര്‍ക്കും സമ്മതവും സ്വീകാര്യവുമാണോ?''
ഇരുവിഭാഗവും അതംഗീകരിച്ചു. അങ്ങനെ അപ്പോള്‍ തന്നെ കരാര്‍ എഴുതി. കേരള നദ്‌വത്തുല്‍ മുജാഹിദീനെ പ്രതിനിധീകരിച്ച് അതിന്റെ പണ്ഡിത സംഘടനാ പ്രസിഡണ്ട് കെ. ഉമര്‍ മൗലവിയും ജമാഅത്തെ ഇസ്‌ലാമിയെ പ്രിതിനിധീകരിച്ച് സംസ്ഥാന അമീര്‍ ടി.കെ അബ്ദുല്ല സാഹിബും അതില്‍ ഒപ്പുവെച്ചു. സാക്ഷികളായി ദാറുല്‍ ഇഫ്ത്വാ പ്രതിനിധികളും അബ്ദുസ്സ്വമദുല്‍ കാതിബും ടി.കെ ഇബ്രാഹീം സാഹിബും.
തുടര്‍ന്ന് കരാറിന്റെ കോപ്പിയെടുത്ത് ഓരോന്ന് മുജാഹിദും ജമാഅത്തും സൂക്ഷിക്കാനും ഒറിജിനല്‍ ദാറുല്‍ ഇഫ്ത്വാ പ്രതിനിധികള്‍ക്ക് നല്‍കാനുമായി കെ. ഉമര്‍ മൗലവി സാഹിബിനെ ഏല്‍പ്പിച്ചു. നിര്‍ഭാഗ്യവശാല്‍ അത് വെളിച്ചം കാണുകയോ അതിന്റെ കോപ്പി ജമാഅത്ത് നേതൃത്വത്തിനും ഒറിജിനല്‍ ദാറുല്‍ ഇഫ്ത്വാ പ്രതിനിധികള്‍ക്കും ലഭിക്കുകയു ണ്ടായില്ല. മാത്രമല്ല; ബഹുമാന്യനായ ഉമര്‍ മൗലവി സാഹിബ് ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സ്ഥാനം രാജിവെക്കുകയും ചെയ്തു. അതിന് അദ്ദേഹം പറഞ്ഞ കാരണം ഇങ്ങനെ: 'പരസ്യ വിമര്‍ശനങ്ങള്‍ ഒഴിവാക്കി കഴിയുന്നതും സൗഹാര്‍ദപരമായി ഇരുകൂട്ടരും പ്രവര്‍ത്തിക്കണമെന്ന് അവര്‍ ഏകോപിച്ച് എന്നോട് ആവശ്യപ്പെട്ടു. ശൈഖ് ഇബ്‌നു ബാസിന്റെ ഫത്‌വാ ബന്ധപ്പെട്ട വിഷയത്തില്‍ ലഭിച്ചാല്‍ അത് പ്രകാരം പ്രവര്‍ത്തിക്കാമെന്ന് പറഞ്ഞപ്പോള്‍ അതിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യാമെന്ന് ശൈഖുമാര്‍ സമ്മതിച്ചു. അങ്ങനെ സൗഹാര്‍ദം നിലനില്‍ക്കത്തക്ക വിധം മുന്നോട്ട് പോകാന്‍ ഉതകുന്ന ഒരു കരാര്‍ ഉണ്ടാക്കുകയും ജമാഅത്ത് നേതാക്കളും ഞാനും അതില്‍ ഒപ്പുവെക്കുകയും ചെയ്തു. ഈ സംഭവം കെ.എന്‍.എം നേതൃത്വത്തില്‍ വലിയ അലോസരമുണ്ടാക്കി. ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ടായിരിക്കെ നേതൃത്വവുമായി ആലോചിക്കാതെ ഇത്തരമൊരു കരാറില്‍ ഒപ്പുവെച്ചതില്‍ അവരെന്നെ ശക്തിയായി കുറ്റപ്പെടുത്തി. ആ കുറ്റപ്പെടുത്തലില്‍ കഴമ്പുണ്ടെന്ന് എനിക്കും തോന്നി. എ.പി അബ്ദുല്‍ ഖാദര്‍ മൗലവിയാണ് എനിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത്. സംഘടനാവൈഭവത്തില്‍ അക്കാലത്ത് തന്നെ അദ്ദേഹം മികവ് പുലര്‍ത്തിയിരുന്നു. ഞാന്‍ സംഘടനക്ക് ഒരു ഭാരവും മുന്നോട്ടുള്ള ഗമനത്തിനും ചട്ടവട്ടങ്ങള്‍ക്കും തടസ്സവുമാകുന്നുവെന്ന സൂചനയാണ് എ.പിയും മറ്റുള്ളവരും നല്‍കുന്നതെന്ന് എനിക്ക് ബോധ്യമായി. ഞാന്‍ എന്റെ പ്രിയപ്പെട്ട പ്രസ്ഥാനത്തിന് ചുമക്കാന്‍ കഴിയാത്ത ഒരു ഭാരമാകരുതെന്ന് തീരുമാനിച്ചു. സംഘടനയില്‍ ഭാരവാഹിയാവുന്നതിന് ഞാന്‍ കൊള്ളുകയില്ലെന്ന് സ്വയം മനസ്സിലാക്കി. ജംഇയ്യത്തുല്‍ ഉലമായുടെ അധ്യക്ഷപദവി ഒഴിയാന്‍ ഞാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും എന്റെ സുഹൃത്തുക്കള്‍ അത് അനുകൂലിക്കുകയും ചെയ്തു. ഞാന്‍ സ്ഥാനമൊഴിഞ്ഞു.'' (ഓര്‍മയുടെ തീരത്ത് കെ. ഉമര്‍ മൗലവിയുടെ ആത്മകഥ പേജ്: 525,526)
അതോടെ കേരള മുസ്‌ലിം ചരിത്രത്തില്‍ വമ്പിച്ച നേട്ടവും സദ്ഫലവുമുണ്ടാക്കുമായിരുന്ന കരാര്‍ ചരിത്രത്തിന്റെ ഭാഗമായി. സമുദായത്തിന്റെയും ദീനിന്റെയും വളര്‍ച്ചക്കും ഉയര്‍ച്ചക്കും വിജയത്തിനും നേട്ടത്തിനും ഉപയോഗിക്കാമായിരുന്ന അനേകായിരം മണിക്കൂറുകളും നിരവധി പേരുടെ അധ്വാനവും വമ്പിച്ച സമ്പത്തും പാഴാകുന്നത് ഒഴിവാക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെട്ടു. മുസ്‌ലിം നവോഥാനത്തിന് വമ്പിച്ച മുതല്‍കൂട്ടാകുമായിരുന്ന രണ്ട് മഹദ് സംഘടനകളുടെ ഒരുപാട് ശ്രദ്ധയും ശ്രമങ്ങളും പാഴാകുന്നതിന് അറുതി വരുത്താനുള്ള സന്ദര്‍ഭം ഇല്ലാതായി. അതുകൊണ്ടു തന്നെ കേരള മുസ്‌ലിം ചരിത്രത്തിലെ തുല്യതയില്ലാത്ത നഷ്ടങ്ങളില്‍ ഒന്നാണ് ആ കരാറിന്റെ ദാരുണമായ അന്ത്യം!

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top