ആ ചതിക്കുഴികള്‍ അവള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല

സ്വാലിഹ No image

അവളുടെ കത്ത് തുടങ്ങുന്നത് ഇങ്ങനെയാണ്: ജീവിക്കാന്‍ അര്‍ഹതയില്ലാത്ത ഒരു സ്ത്രീയാണ് ഞാന്‍. ഖബറിലിറങ്ങിക്കിടക്കുകയല്ലാതെ ഇനി എനിക്ക് വേറെ മാര്‍ഗമില്ല. എന്റെ ഭര്‍ത്താവ് നല്ലൊരു മനുഷ്യനാണ്, ഭക്തനാണ്, ജീവിതവിശുദ്ധിയുള്ളവനാണ്. അദ്ദേഹത്തെപ്പോലെ ഒരാളുടെ ഭാര്യയായിരിക്കാന്‍ എനിക്ക് യാതൊരു അര്‍ഹതയുമില്ല. എന്റെ ജീവിതം ആകെ കെട്ടുപോയിരിക്കുന്നു. മലിനമായിരിക്കുന്നു... എന്റെ ഉമ്മ എന്നെ പ്രവസിച്ചില്ലായിരുന്നെങ്കില്‍... അതെ, ഞാന്‍ ഓരോ നിമിഷവും മരണം ആഗ്രഹിച്ചുകൊണ്ടിരിക്കുകയാണ്. ആ ദുര്‍വൃത്തിയെക്കുറിച്ച് ആലോചിക്കുമ്പോഴേക്ക് ഞാനാകെ തളരുന്നു. ഈ ലോകത്ത് നിന്ന് എങ്ങനെയെങ്കിലുമൊന്ന് രക്ഷപ്പെട്ടാല്‍ മതിയെനിക്ക്. എത്രതന്നെ സ്വയം ശപിച്ചിട്ടും എനിക്ക് സ്വസ്ഥത കിട്ടുന്നില്ല. ആത്മഹത്യ ചെയ്യാന്‍ ഞാന്‍ പലതവണ ഗൗരവത്തില്‍ ആലോചിച്ചതാണ്. എന്റെ പേരില്‍ രണ്ട് വന്‍പാപങ്ങള്‍ വരുമല്ലോ എന്ന ഭീതി കൊണ്ട് മാത്രമാണ് ഞാനത് ചെയ്യാതിരുന്നത്. ദുര്‍വൃത്തി എന്ന പാപവും ആത്മഹത്യ എന്ന പാപവും.
ഒരു കൂട്ടുകാരിയെ കാണാന്‍ പോയത് മുതലാണ് എന്റെ ദുരിതപര്‍വം തുടങ്ങുന്നത്. അവള്‍ സ്ഥിരമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാറുണ്ട്, മറ്റുള്ളവരുമായി ചാറ്റ് ചെയ്യുന്ന പതിവുമുണ്ട്. നെറ്റിന്റെ ലോകത്തെക്കുറിച്ച് അവളെന്നോട് വളരെ ആവേശത്തോടെ സംസാരിക്കുമായിരുന്നു. എനിക്കുമതില്‍ താല്‍പര്യം തോന്നിത്തുടങ്ങി. ആ വിസ്മയ ലോകത്തേക്ക് കടക്കാന്‍ എനിക്കും ധൃതിയായി. അതിനുള്ള വിദ്യകളൊക്കെ പഠിപ്പിച്ച് തരാമെന്ന് അവളും ഏറ്റു.
ഒരു മാസത്തിനകം ഒരുപാട് ഇന്റര്‍നെറ്റ് അറിവുകള്‍ ഞാന്‍ സമ്പാദിച്ചെടുത്തു. അതിന്റെ നല്ലതും വൃത്തികെട്ടതുമായ അറകളിലേക്ക് ഞാന്‍ കടന്നുചെന്നു. സൈറ്റുകളുടെ കയ്പും മധുരവും നന്മയും പൊല്ലാപ്പുമെല്ലാം അവളെന്നെ പഠിപ്പിച്ചു. ഇ-മെയില്‍ ചെയ്യാനും മറ്റുള്ളവരുമായി ചാറ്റ് ചെയ്യാനും അങ്ങനെയാണ് ഞാന്‍ അറിവ് നേടിയത്. തുടക്കത്തില്‍ നെറ്റ് വഴി എന്റെ കൂട്ടുകാരികളുമായി മാത്രമേ ഞാന്‍ ബന്ധപ്പെടാറും സംസാരിക്കാറുമുണ്ടായിരുന്നുള്ളൂ. പയ്യെ പയ്യെ അത്തരം നിയന്ത്രണങ്ങളില്‍ നിന്നും നിഷ്ഠകളില്‍ നിന്നും ഞാന്‍ തെന്നിമാറാന്‍ തുടങ്ങി. എന്റെ കൂട്ടുകാരികളുടെ കൂട്ടുകാരികളുമായും പിന്നെ ഒരു പരിചയമേ ഇല്ലാത്ത സ്ത്രീകളുമായും ഞാന്‍ സംസാരിക്കുമെന്നായി. ഒടുവിലത് അന്യ പുരുഷന്മാരുമായുള്ള, പ്രത്യേകിച്ച് യുവാക്കളുമായുള്ള ചാറ്റിംഗിലുമാണ് കലാശിച്ചത്.
എന്റെ ഭര്‍ത്താവ് അധിക സമയവും സുഹൃത്തുക്കളുമൊന്നിച്ച് വീടിന് വെളിയില്‍ എവിടെയോ ആയിരിക്കും. അദ്ദേഹം തിരക്ക് പിടിച്ച ഒരു ബിസിനസുകാരനാണ്. അദ്ദേഹത്തിന്റെ അഭാവം എന്നില്‍ ഒരു പ്രണയ വൈകാരിക ശൂന്യത ഉണ്ടാക്കിയിരുന്നു. അത് പൂരിപ്പിക്കാനുള്ള ശ്രമത്തിലാവാം ഞാന്‍ ഇന്റര്‍നെറ്റിനെ പ്രണയിച്ചു പോയത്. ഒട്ടുമിക്ക സമയവും വീട്ടിന് പുറത്ത് കഴിയുന്നതിന്റെ പേരില്‍ ഞാന്‍ ഭര്‍ത്താവിനോട് നീരസത്തോടെ സംസാരിക്കാറുമുണ്ടായിരുന്നു. ഭാര്യ എന്ന നിലക്കുള്ള അവകാശങ്ങള്‍ വകവെച്ച് തരാത്തതിന്റെ പേരില്‍ കലഹിച്ചിട്ടുമുണ്ട്. അദ്ദേഹത്തെ എന്നിലേക്ക് അടുപ്പിക്കാന്‍ സകല പൊടിക്കൈകളും പ്രയോഗിക്കും. ഫോണ്‍ ചെയ്ത് ശല്യപ്പെടുത്തും. പ്രേമ ലേഖനങ്ങള്‍ അയക്കും. അണിഞ്ഞൊരുങ്ങി ശൃംഗാരവതിയായിട്ടാണ് ഞാനദ്ദേഹത്തെ സ്വീകരിക്കുക. മെഴുകുതിരികള്‍ കത്തിച്ച് വെക്കും. ഞങ്ങളുടെ കിടപ്പറയില്‍ നല്ല വാസനപ്പൂക്കള്‍ വിതറിയിടും. അദ്ദേഹത്തെ ചുറ്റിപ്പറ്റി മാത്രമായിരുന്നു എന്റെ ചിന്തകളെല്ലാം.
ഇപ്പോള്‍ അദ്ദേഹം വീട് വിട്ടിറിങ്ങുന്നതോ എന്നില്‍ നിന്ന് അകന്ന് നില്‍ക്കുന്നതോ എന്നെ ഒരു നിലക്കും ബാധിക്കുന്നില്ല. അദ്ദേഹം വീട്ടില്‍ നിന്നൊന്ന് ഇറങ്ങിക്കിട്ടിയിരുന്നെങ്കില്‍, അദ്ദേഹം എന്റെ കണ്‍വെട്ടത്ത്് വരാതിരുന്നെങ്കില്‍ എന്നാണ് ഇപ്പോഴത്തെ എന്റെ ചിന്ത. നെറ്റ് തുറക്കുക, അന്യ പുരുഷന്മാരുമായി കൊഞ്ചുക-ഇതില്‍ മാത്രമായിരിക്കുന്നു എന്റെ ശ്രദ്ധ. ഞാന്‍ കുട്ടികളുടെ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കാതായി. അവരെ അവരുടെ പാട്ടിന് വിട്ടു. വീട് വിട്ട് ഞാന്‍ ഒരിടത്തേക്കും പോകാതായി. കൂട്ടുകുടുംബങ്ങളെ സന്ദര്‍ശിക്കുന്ന പതിവും നിര്‍ത്തി. ഇന്റര്‍നെറ്റില്‍ അന്യരുമായി പ്രത്യേകിച്ച് അന്യ പുരുഷന്മാരുമായി സംസാരിച്ചിരിക്കല്‍ മാത്രമായി ഏക ഹോബി.
ദിനങ്ങള്‍ കൊഴിഞ്ഞു വീഴവെ ഞാന്‍ ഇന്‍ര്‍നെറ്റിന്റെ അഡിക്റ്റായി മാറുകയായിരുന്നു. അതില്‍ നിന്ന് മാറിനില്‍ക്കാന്‍ എനിക്ക് കഴിയാതെയായി. ഭര്‍ത്താവ് വീട്ടിലേക്ക് വരുന്ന സമയം എനിക്കറിയാം. ആ സമയം നോക്കി ഞാന്‍ കമ്പ്യൂട്ടര്‍ ഓഫാക്കും. അദ്ദേഹം ഉറങ്ങിക്കഴിഞ്ഞാല്‍ ഒച്ചയുണ്ടാക്കാതെ പോയി കമ്പ്യൂട്ടര്‍ തുറക്കും. അദ്ദേഹം ഉണരുന്നതിന് മുമ്പേ ഓഫാക്കി കിടക്കയില്‍ വന്ന് കിടക്കുകയും ചെയ്യും.
നാലു മാസം കൊണ്ട് ഒട്ടു വളരെ പുരുഷന്മാരുമായി ഞാന്‍ സൗഹൃദം സ്ഥാപിച്ചു. അതിലൊരാള്‍ തേന്‍പുരട്ടിയ വാക്കുകള്‍ കൊണ്ട് എന്നെ വല്ലാതെ വശീകരിച്ചുകളഞ്ഞു. അയാളുടെ എഴുത്തിന് എന്തൊരു വശ്യത. നെറ്റ് വഴി സംസാരിച്ച് കൂടേ എന്നയാള്‍. ഞാന്‍ സമ്മതിച്ചില്ല. പക്ഷേ ഒടുവില്‍ ഞാന്‍ വഴങ്ങി. എന്തൊരു മാസ്മരിക വശ്യതയാണ് മാഡത്തിന്റെ ശബ്ദത്തിന് എന്നാണ് അയാള്‍ പറഞ്ഞത്. സത്യം പറഞ്ഞാല്‍ അയാളുടെ ശബ്ദത്തില്‍ ഞാനും വീണു പോയിരുന്നു. ഓരോ തവണയും വിചാരിക്കും, മതി അയാളോട് സംസാരിച്ചത്. പക്ഷേ പിന്നെയും പിന്നെയും അയാളുടെ സംസാരം കേള്‍ക്കാന്‍ ഞാന്‍ നെറ്റിലേക്ക് ഊളിയിട്ടുകൊണ്ടിരുന്നു. അയാളുടെ ശബ്ദത്തിലും വാക്കുകളിലും ഞാന്‍ അത്രയധികം അഡിക്റ്റായിപ്പോയിരുന്നു. ഒരു ദിവസം പത്ത് മണിക്കൂര്‍ വരെ ഞാന്‍ അയാളുമായി സംസാരിച്ചിരുന്നു പോയിട്ടുണ്ട്.
എന്റെ ചാറ്റിംഗ് സുഹൃത്തുമായുള്ള ബന്ധം മുറുകിക്കൊണ്ടിരുന്നു. നെറ്റില്‍ സംസാരിക്കുമ്പോള്‍ ശബ്ദം ക്ലിയറാകുന്നില്ലെന്ന് പറഞ്ഞ് അയാള്‍ എന്റെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടു. നമ്പര്‍ തരില്ലെന്ന് ഞാന്‍ തീര്‍ത്തു പറഞ്ഞെങ്കിലും അയാള്‍ മാന്ത്രിക വാക്കുകളെറിഞ്ഞ് എന്നെ വീണ്ടും വീഴ്ത്തിക്കളഞ്ഞു. പിന്നെ എന്റെ സെല്‍ ഫോണിലായിരുന്നു അയാളുടെ പുന്നാരം പറച്ചില്‍. എന്നെ നേരില്‍ കാണണമെന്നായി അയാളുടെ അടുത്ത ആവശ്യം. അപ്പോഴും ഞാന്‍ അതൊരിക്കലും ഈ ജന്മത്തില്‍ നടക്കില്ലെന്ന് ആണയിട്ട് പറഞ്ഞു. അയാള്‍ക്ക് എന്നെ കാണാനുള്ളതിനേക്കാള്‍ ആഗ്രഹം അയാളെ കാണാന്‍ എനിക്കുണ്ടായിരുന്നിട്ടും ഒരു തരം പ്രലോഭനത്തിനും ഞാന്‍ വഴങ്ങിയില്ല. അപ്പോള്‍ ഭീഷണിയുടെ സ്വരത്തിലായി സംസാരം. ഇതുവരെ ഞങ്ങള്‍ നടത്തിയ സംഭാഷണങ്ങളെല്ലാം അയാള്‍ റെക്കാര്‍ഡ് ചെയ്തിട്ടുണ്ടെന്നും താന്‍ പറഞ്ഞത് കേട്ടില്ലെങ്കില്‍ അതിന്റെ സിഡി എന്റെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും കൂട്ടുകാരികള്‍ക്കും അയച്ചുകൊടുക്കുമെന്നും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ പരസ്യപ്പെടുത്തുമെന്നും അയാള്‍ കര്‍ക്കശമായി ഓര്‍മപ്പെടുത്തി. എന്റെ നാവും കൈയും ബുദ്ധിയുമെല്ലാം ചലനമറ്റുപോയി. എന്താണ് ചെയ്യേണ്ടതെന്ന് യാതൊരു രൂപവുമില്ല. ഞാന്‍ അപ്പോള്‍ തന്നെ ഫോണ്‍ വെച്ചു. ചുറ്റുമുള്ളതെല്ലാം കറങ്ങിത്തിരിയുന്നത് പോലെ. ഭൂമി വാ പിളര്‍ന്ന് എന്നെയങ്ങ് വിഴുങ്ങിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോയി.
ആ പിശാച് എന്നെ വിടാനുള്ള ഭാവമില്ലായിരുന്നു. പിന്നെ അയാള്‍ എനിക്കൊരു മെസ്സേജ് അയച്ചു. ഭീഷണിപ്പെടുത്തിയതിലൊക്കെ ക്ഷമ ചോദിച്ചുകൊണ്ട്. എന്നോടുള്ള ഭ്രാന്തമായ സ്‌നേഹം കൊണ്ടാണ് അങ്ങനെ പൊട്ടിത്തെറിച്ച് പോയതെന്നും അയാളെന്നെ വിശ്വസിപ്പിച്ചു. പ്രേമഭാജനത്തെ ആരെങ്കിലും ഉപദ്രവിക്കുമോ? അങ്ങനെ വിചാരിക്കുന്നതേ തെറ്റ്. പിന്നെയും പിന്നെയും കാണണം, കാണണം എന്ന് തന്നെ അയാള്‍ പറഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ ഒരിക്കലും സംഭവിച്ചുകൂടാത്തത് സംഭവിച്ചു. ഞാന്‍ അയാളെ കാണാന്‍ തന്നെ തീരുമാനിച്ചു.
പിന്നെ അയാള്‍ എന്നെ അവഗണിക്കുന്ന ഭര്‍ത്താവിനെക്കുറിച്ച് കുത്തി കുത്തി ചോദിച്ചു. ഭര്‍ത്താവിനെക്കുറിച്ച് വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന തരത്തിലുള്ള സംസാരമായിരുന്നു. തന്റെ പ്രേമപാരവശ്യത്തെക്കുറിച്ചും ലൈംഗിക കരുത്തിനെക്കുറിച്ചും അയാള്‍ സംസാരിച്ചുകൊണ്ടിരുന്നു. ആയിടക്കാണ് ഭര്‍ത്താവിന് ഒരു യാത്ര വേണ്ടി വന്നത്. ഇത് തന്നെ അവസരം എന്ന് ഞാന്‍ മനസ്സില്‍ കരുതി. അപ്പോഴും മനസ്സില്‍ വല്ലാത്ത പേടിയും അസ്വസ്ഥതയുമുണ്ടായിരുന്നു. തന്റെ രക്ഷിതാവ് വിലക്കിയ വന്‍ പാപത്തിലേക്കല്ലേ താന്‍ നടന്നടുക്കുന്നത്. ഏതായാലും ഞങ്ങള്‍ സംഗമിക്കുന്നത് എന്റെ വീട്ടില്‍ വെച്ച് തന്നെയാകണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. മറ്റൊരിടത്ത് അയാളെ ഒറ്റക്ക് ചെന്ന് കാണാന്‍ ഞാന്‍ തയാറല്ല. അയാളത് സമ്മതിക്കുകയും ചെയ്തു.
ഈ ഉപാധിയോടെയാണ് അയാളെ സ്വികരിക്കാനായി ഞാന്‍ തൊട്ടടുത്ത തെരുവിലേക്ക് ചെന്നത്. അപ്പോഴുണ്ട് അയാളവിടെ കാറിന്റെ ഡോറും തുറന്ന് പിടിച്ച് നില്‍ക്കുന്നു. വീട്ടില്‍ വെച്ച് സംസാരിക്കാമെന്നല്ലേ നാം പറഞ്ഞത്. ഇത് ഉപാധിക്ക് വിരുദ്ധമാണ്. ഞാന്‍ കാറില്‍ കയറുന്നില്ല. അതിനെന്താ നാം വീട്ടിലേക്കാണല്ലോ പോകുന്നത് എന്ന് പറഞ്ഞ് അയാളെന്നെ കാറില്‍ പിടിച്ച് കയറ്റി. കാര്‍ ചലിക്കാന്‍ തുടങ്ങി. എന്റെ മനസ്സ് പേടിച്ച് പിടക്കാനും. ഒരു അന്യപുരുഷനോടൊപ്പം ഇതു പോലെ ഞാനൊരിക്കലും ഒറ്റക്ക് യാത്ര ചെയ്തിട്ടില്ല.
ആ പിശാച് എന്തൊരു വേഗത്തിലാണ് കാര്‍ ഓടിക്കുന്നത്! ഏതോ ഇരുണ്ട ഗല്ലികളിലൂടെയാണല്ലോ ഇവന്‍ വണ്ടിയോടിക്കുന്നത്! എങ്ങോട്ടാണിത്? ഞാന്‍ പറയുന്നതൊന്നും അയാള്‍ കേള്‍ക്കുന്നേ ഉണ്ടായിരുന്നില്ല. ഏതോ ഒരു ഒഴിഞ്ഞ മരുപ്രദേശത്താണ് ഞങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നത്. പിശാചിന്റെ മുഖഭാവങ്ങളുമായി വേറെ മൂന്നു പേരും അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. രക്ഷിക്കണേ എന്ന് ഞാന്‍ അലറിക്കരഞ്ഞു. പക്ഷേ എന്റെ നിലവിളി കേള്‍ക്കാന്‍ പരിസരത്തൊന്നും ഒരാളും ഉണ്ടായിരുന്നില്ല. നിങ്ങള്‍ക്കുമുണ്ടല്ലോ ഉമ്മമാരും പെങ്ങമ്മാരും, അവരെ ഓര്‍ത്തെങ്കിലും എന്നെ നശിപ്പിക്കരുത്. ഞാന്‍ അവരുടെ കാല് പിടിച്ച് കേണു. നിന്നെപ്പോലൊരുത്തിയെ ഞങ്ങളുടെ ഉമ്മപെങ്ങന്മാരുമായി ചേര്‍ത്ത് പറയുന്നോ? പിന്നെ പുളിച്ച തെറികളുടെ പൂരം.. അവരുലൊരുത്തന്‍ എന്റെ മുഖത്ത് ആഞ്ഞടിച്ചു... കാട്ടുമൃഗങ്ങളെപ്പോലെ അവരെന്റെ മേല്‍ ചാടി വീണു... അവരുടെ കൂര്‍ത്തുമൂര്‍ത്ത തേറ്റകള്‍ക്കും നഖങ്ങള്‍ക്കുമിടയില്‍ നിസ്സഹയായ ഒരു ഇരയായി ഞാന്‍.. മൃഗങ്ങള്‍ പോലും ഇത്ര മൃഗീയമായി ഇരകളെ കടിച്ച് കീറുമെന്ന് ഞാന്‍ കരുതുന്നില്ല... പനിച്ച് തുള്ളും പോലെ എന്റെ ശരീരം അടിമുടി വിറക്കാന്‍ തുടങ്ങി.. പിന്നെ നടന്നതൊന്നും എനിക്ക് ഓര്‍മയില്ല.
ബോധം വീഴുമ്പോള്‍ ഞാന്‍ കണ്ണ് കെട്ടിയ നിലയില്‍ എന്റെ കാറില്‍ തളര്‍ന്നിരിക്കുകയായിരുന്നു. എന്നോട് സ്‌നേഹം നടിച്ച ആ പിശാചിനെ കാണാന്‍ തൊട്ടടുത്ത തെരുവിലേക്ക് ഞാന്‍ വന്നിരുന്നത് എന്റെ കാറെടുത്തിട്ടായിരുന്നു. ആ കാറിലാണ് ഞാന്‍ ഇപ്പോള്‍ ഇരിക്കുന്നത്. ഞാന്‍ കണ്ണിന്റെ കെട്ടഴിച്ചു. ശരീരമൊന്നാകെ കൊത്തിപ്പറിക്കുന്ന വേദന. എനിക്കെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞെന്ന് ഞാന്‍ ഒരു ഞെട്ടലോടെ അറിഞ്ഞു. ഞാന്‍ നേരെ വീട്ടിലേക്ക് തിരിച്ചു.
ഭര്‍ത്താവിനെയോ മക്കളെയോ അഭിമുഖീകരിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ഞാന്‍ മുറിക്കകത്ത് അടച്ച് പൂട്ടിയിരുന്നു. മക്കള്‍ എന്റെ ചുറ്റിലും വന്നങ്ങനെ നില്‍ക്കും. അവരുടെ മുഖങ്ങള്‍ ആകെ അസ്വസ്ഥമായിരുന്നു. ഞാന്‍ മനസ്സില്‍ പറഞ്ഞു: മക്കളേ, നിങ്ങളുടെ അസ്വസ്ഥതയും സഹതാപവുമൊന്നും ഞാന്‍ അര്‍ഹിക്കുന്നില്ല. നിങ്ങളെത്ര നിഷ്‌കളങ്കര്‍, പരിശുദ്ധര്‍. നിങ്ങളുടെ പാപിയായ ഉമ്മ നിങ്ങളുടെ അഭിമാനവും മാന്യതയും പിച്ചിച്ചീന്തിയിരിക്കുന്നു.
ഭര്‍ത്താവ് യാത്ര കഴിഞ്ഞ് തിരിച്ച് വന്നു. എന്റെ ഈ അവസ്ഥ കണ്ട് അദ്ദേഹം ഉടനെ എന്നെ ആശുപത്രയില്‍ എത്തിച്ചു. അദ്ദേഹത്തെ വഞ്ചിച്ചവളല്ലേ ഞാന്‍. ഇത്തരം യാതൊരു പരിഗണനയും ശുശ്രൂഷയും ഞാന്‍ അര്‍ഹിക്കുന്നില്ല. എന്റെ മനസ്സ് വേദന കൊണ്ട് പുളഞ്ഞു. സുഖമാവുന്നത് വരെ ഞാനെന്റെ വീട്ടുകാരുടെ അടുത്ത് പോയി നിന്നോട്ടെ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. എന്റെ പാരവശ്യങ്ങളെല്ലാം കണ്ട് അദ്ദേഹം ഉടനടി സമ്മതിച്ചു. കുടുംബവീട്ടിലേക്ക് പോകുന്ന വഴിയേ അദ്ദേഹം എന്താണ് കാര്യമെന്ന് തിരക്കിയെങ്കിലും ഞാനൊന്നും തുറന്ന് പറഞ്ഞില്ല.
കുടുംബ വീട്ടിലെത്തിയപ്പോള്‍ അവരും അദ്ദേഹത്തോടാണ് ചോദിക്കുന്നത്, എന്താണ് അവള്‍ക്ക് പറ്റിയതെന്ന്. ആ പാവത്തിനുണ്ടോ വല്ലതും അറിയുന്നു! ആ രഹസ്യം ഞാന്‍ എന്റെ മനസ്സില്‍ തന്നെ സൂക്ഷിച്ചു. സ്വസ്ഥമായി മനസ്സില്‍ സൂക്ഷിക്കാന്‍ പറ്റുന്ന വല്ല സംഗതിയുമാണോ? അതവിടെ കിടന്ന് വിങ്ങിപ്പൊട്ടാന്‍ തുടങ്ങി. ഞാന്‍ സ്വയം ചോദിച്ചു: ആ നരാധമന് എങ്ങനെ ഇത്ര എളുപ്പത്തില്‍ എന്നെ കെണിയില്‍ വീഴ്ത്താന്‍ കഴിഞ്ഞു? ആ ചെന്നായയുടെ മധുര വര്‍ത്തമാനങ്ങളെല്ലാം ഞാന്‍ അപ്പടി എങ്ങനെ വിശ്വസിച്ചു? അല്ലാഹു എനിക്ക് അനുഗ്രഹിച്ചു നല്‍കിയ ഹലാലായ ബന്ധം വിട്ട്-ഭര്‍ത്താവ് എനിക്ക് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്നത് ശരി- ഈ പിശാചുക്കള്‍ക്ക് എങ്ങനെ ഞാന്‍ സ്വയം എറിഞ്ഞ് കൊടുത്തു? ഇതുപോലൊരു മണ്ടത്തരം, ബുദ്ധിശൂന്യത ഇനി പറ്റാനുണ്ടോ?
ഭര്‍ത്താവുമായി വിവാഹബന്ധം വേര്‍പ്പെടുത്തുക. ഇതല്ലാത്ത മറ്റൊരു മാര്‍ഗവും എത്ര ആലോചിച്ചിട്ടും മനസ്സില്‍ തെളിഞ്ഞു വരുന്നില്ല. ഇങ്ങനെയൊക്കെ വഞ്ചിച്ചിട്ട് ഇനിയും അദ്ദേഹത്തോടൊപ്പം കഴിയുന്നത് ശരിയല്ല. ഞാന്‍ ഭര്‍ത്താവിനെ വിളിച്ച് വരുത്തി വിവാഹമോചനം ആവശ്യപ്പെട്ടു. ഉണ്ടായ കാര്യങ്ങളൊക്കെ അദ്ദേഹത്തോട് പറയുകയും ചെയ്തു. പക്ഷേ അദ്ദേഹം എന്നെ വിവാഹമോചനം ചെയ്യാന്‍ തയാറല്ല. എന്നെ സ്‌നേഹിക്കുന്നുവെന്നും കഴിഞ്ഞതൊക്കെ മാപ്പാക്കിയിരിക്കുന്നുവെന്നും പറയുന്നു. ഇനി ഇതുപോലുള്ള കാര്യങ്ങളില്‍ കുടുങ്ങിപ്പോകുന്നത് ശ്രദ്ധിച്ചാല്‍ മതി. ഈ നീച വൃത്തി ചെയ്തവന്റെ ഫോണ്‍ നമ്പറും അദ്ദേഹം ആവശ്യപ്പെടുന്നു. അത്തരക്കാരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണം.
ഭര്‍ത്താവിന്റെ ഈ നിലപാട് എന്നെ കൂടുതല്‍ കഷ്ടത്തിലാക്കുകയാണ്. സദ്‌വൃത്തനായ ആ മനുഷ്യന്റെ ഭാര്യയായിരിക്കാനുള്ള യോഗ്യത തനിക്കില്ലെന്ന് മനസ്സ് പറഞ്ഞുകൊണ്ടിരിക്കുന്നു. ഞാന്‍ രോഗിയായി കിടപ്പാണ്. ഈ രോഗത്തില്‍നിന്ന് ഞാന്‍ രക്ഷപ്പെടുമെന്ന് എനിക്ക് പ്രതീക്ഷയില്ല. രക്ഷപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുമില്ല. ഭര്‍ത്താവുമൊന്നിച്ചുള്ള തുടര്‍ ജീവിതം എനിക്ക് സങ്കല്‍പ്പിക്കാനേ കഴിയുന്നില്ല. ഞാന്‍ എന്ത് ചെയ്യണം? ആ പിശാചിന്റെ ഫോണ്‍ നമ്പര്‍ ഞാന്‍ ഭര്‍ത്താവിന് കൈമാറണോ? അയാളെന്റെ ഭര്‍ത്താവിനെ അപകടപ്പെടുത്തുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അത് മറ്റൊരു ദുരന്തമാവില്ലേ?
ചില ഓര്‍പ്പെടുത്തലുകള്‍ മാത്രം
സഹോദരീ, താങ്കള്‍ക്കും കുടുംബത്തിനും വന്നു ഭവിച്ച ഈ ദുരന്തത്തിന്റെ മുറിവുകളില്‍ ഉപ്പു പുരട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ താങ്കള്‍ക്കും താങ്കളെപ്പോലുള്ള മറ്റു സഹോദരിമാര്‍ക്കും ഉപകാരപ്പെടുമെന്ന പ്രതീക്ഷയില്‍ ചില കാര്യങ്ങള്‍ ഓര്‍മപ്പെടുത്തുക മാത്രം ചെയ്യുന്നു.
തീ പൊള്ളിക്കുമെന്ന് ഉറപ്പുണ്ടായിട്ടും അത് കൈയില്‍ കോരിയെടുത്താല്‍ എങ്ങനെയുണ്ടാവും? അതാണ് ഇവിടെ സംഭവിച്ചത്. തിന്മയാണെന്ന് ഉറപ്പുണ്ടായിട്ടും അതില്‍ സ്വയം ചെന്നങ്ങ് ചാടി. ദുരന്തത്തിന്റെ ഈ തീപ്പൊരികളില്‍ നിന്ന് സ്വയം രക്ഷ നേടാന്‍ സഹോദരിക്ക് സാധിക്കേണ്ടതായിരുന്നു. ആദ്യമായി ഉണര്‍ത്താനുള്ളത് കൂട്ടുകാരെ തെരഞ്ഞെടുക്കുന്ന കാര്യമാണ്. തിന്മയുടെ കൂട്ടുകെട്ട് നാം ഒഴിവാക്കിയേ മതിയാവൂ. നന്മയുടെ ആളുകളായിരിക്കണം എപ്പോഴും നമ്മുടെ സുഹൃത്തുക്കള്‍, അവര്‍ നമ്മെ അത്രയൊന്നും രസിപ്പിച്ചില്ലെങ്കില്‍ പോലും. ഖുര്‍ആന്‍ പറഞ്ഞു: ''താങ്കളുടെ നാഥന്റെ പ്രീതി പ്രതീക്ഷിച്ച് രാവിലെയും വൈകുന്നേരവും അവനോട് പ്രാര്‍ഥിച്ച് കൊണ്ടിരിക്കുന്നവരോടൊപ്പം നീ നിന്റെ മനസ്സിനെ ഉറപ്പിച്ചുനിര്‍ത്തുക. ഇഹലോക ജീവിത്തിന്റെ മോടി തേടി നിന്റെ കണ്ണുകള്‍ അവരില്‍ നിന്ന് തെറ്റിപ്പോകാതിരിക്കട്ടെ''(അല്‍ കഹ്ഫ:് 28).
സഹോദരി ചെയ്തിരിക്കുന്നത് പാപമാണ്. പാപത്തെ പ്രവാചകന്‍ ഇങ്ങനെ നിര്‍വചിച്ച് തന്നിട്ടുണ്ട്: ''നിന്റെ മനസ്സില്‍ കുത്തലുണ്ടാക്കുന്ന പ്രവൃത്തിയേതോ അത്. ആ കൃത്യം ജനങ്ങള്‍ അറിയുന്നതിനെ നീ വെറുക്കുകയും ചെയ്യുന്നു.''(മുസ്‌ലിം) ചാറ്റ് ചെയ്യുന്നത് ഭര്‍ത്താവ് അറിയാതിരിക്കാന്‍ ഒളിച്ചും പാത്തുമാണല്ലോ സഹോദരി അത് ചെയ്തിരുന്നത്.
ഭര്‍ത്താവ്, കുട്ടികള്‍, സ്വന്തത്തിന്റെ അഭിമാനം... ഇങ്ങനെ വീട്ടില്‍ മൂല്യവത്തായ എന്തൊക്കെയുണ്ടോ അതെല്ലാം ഈ പിശാചിന് വേണ്ടി അടിയറ വെക്കുകയാണ് താങ്കള്‍ ചെയ്തത്. തനിക്ക് വലിയൊരു ഉത്തരവാദിത്തമുണ്ടെന്നും അത് നിര്‍വഹിക്കാത്ത പക്ഷം രക്ഷിതാവിന്റെ മുമ്പില്‍ ഉത്തരം പറയേണ്ടിവരുമെന്നുമുള്ള ബോധത്താല്‍ മനസ്സിനെ സദാ ജാഗ്രത്തായി നിര്‍ത്തേണ്ടിയിരുന്നു. പ്രവാചകന്‍ പറഞ്ഞു: ''നിങ്ങളെല്ലാവരും അധികാരികളും തങ്ങളുടെ പ്രജകളെക്കുറിച്ച് ചോദിക്കപ്പെടുന്നവരുമാണ്.... സ്ത്രീ അവളുടെ വീട്ടിന്റെ ചുമതലക്കാരിയാണ്. അതെക്കുറിച്ച് അവള്‍ വിചാരണ ചെയ്യപ്പെടാതിരിക്കില്ല'' (ബുഖാരി, മുസ്‌ലിം).
തേന്‍ പുരട്ടിയ വാക്കുകള്‍, പിന്നെ തേന്‍ പുരട്ടിയ സംസാരം... ഇതിലൊക്കെ വീണുപോയി എന്നാണല്ലോ പറഞ്ഞത്. യഥാര്‍ഥത്തിലത് തേന്‍ പുരട്ടിയതായിരുന്നില്ല. പിശാച് മനുഷ്യനെ വഴിതെറ്റിക്കുന്നതിന്റെ രീതിയാണത്. തിന്മയിലേക്ക് പോകുന്നതിന്റെ ഓരോ കാല്‍വെപ്പും വളരെ മനോഹരമാണെന്ന് പിശാച് തോന്നിപ്പിക്കും. ഖുര്‍ആന്‍ പറഞ്ഞു: ''സത്യവിശ്വാസികളേ, നിങ്ങള്‍ പിശാചിന്റെ കാല്‍പ്പാടുകള്‍ പിന്‍പറ്റരുത്. ആരെങ്കിലും പിശാചിന്റെ കാല്‍പ്പാടുകള്‍ പിന്‍പറ്റുകയാണെങ്കില്‍ അറിയുക: നീചവും നിഷിദ്ധവും ചെയ്യാനായിരിക്കും പിശാച് കല്‍പ്പിക്കുക.''(അന്നൂര്‍: 21) ഇരയെ ഘട്ടം ഘട്ടമായി തന്നിലേക്ക് വലിച്ചടുപ്പിക്കുകയാണ് പിശാച് ചെയ്യുക.
താങ്കളുടെ ഒന്നാമത്തെ ചോദ്യത്തിന് എനിക്ക് ശരിയായിത്തോന്നുന്ന മറുപടി ഇതാണ്: എല്ലാം തുറന്ന് പറഞ്ഞ ശേഷവും ഭര്‍ത്താവ് ആത്മാര്‍ഥമായി തന്നെയാണ് മാപ്പ് തരുന്നതെങ്കില്‍, ഭര്‍ത്താവുമൊന്നിച്ച് തുടര്‍ന്നും ജീവിക്കാന്‍ കഴിയുമെന്ന് താങ്കള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍, പിശാചിന്റെ ദുര്‍ബോധനങ്ങള്‍ക്ക് ഇനി അടിപ്പെടില്ല എന്നുറപ്പുണ്ടെങ്കില്‍ ദാമ്പത്യ ബന്ധം തുടരുക. രണ്ടാമത്തെ ചോദ്യം ആ പിശാചിന്റെ നമ്പര്‍ ഭര്‍ത്താവിന് കൈമാറണമോ എന്നായിരുന്നല്ലോ. കൈമാറണം എന്നാണ് എനിക്ക് പറയാനുള്ളത്. അത്തരം പിശാചുക്കളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണം. സ്ത്രീകളെ കെണിയില്‍ പെടുത്തി ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്ന അത്തരക്കാരെ സൈ്വരവിഹാരം നടത്താന്‍ ഒരിക്കലും അനുവദിച്ചുകൂടാ.
ഈ ദുരന്തത്തിന് മറ്റൊരു കാരണക്കാരന്‍ കൂടിയുണ്ട്, ഭര്‍ത്താവ്! ഭാര്യയെ തീര്‍ത്തും അവഗണിച്ചുകൊണ്ടായിരുന്നല്ലോ അദ്ദേഹത്തിന്റെ നടപ്പ്. എപ്പോഴും അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ പണികള്‍, ബിസിനസ്. ഭാര്യ വഴിത്തെറ്റിയതിന് ഇതൊന്നും ന്യായീകരണമല്ലെങ്കിലും ഭര്‍ത്താക്കന്മാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ അവഗണനയും ഇതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.
സംഭവിച്ചതേതായാലും മഹാ കുറ്റം തന്നെ. പക്ഷേ സംഭവിച്ചു പോയി. അതോടെ അത് അവസാനിച്ചു. നമ്മള്‍ വിചാരിച്ചാല്‍ അത് മായ്ച് കളയാന്‍ പറ്റുമോ? അതിന്റെ കണക്ക് അല്ലാഹുവിങ്കലേക്ക് വിടുക. നിരന്തരം പാപമോചനത്തിന് തേടുകയല്ലേ നമ്മുടെ മുമ്പില്‍ മാര്‍ഗമുള്ളൂ. കൂടുതല്‍ പുണ്യ കര്‍മങ്ങള്‍ ചെയ്ത് രക്ഷിതാവുമായി ബന്ധം ഊട്ടിയുറപ്പിക്കുക.
അവന്റെ കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിക്കുക. അല്ലാഹുവാണല്ലോ നമ്മോട് പറഞ്ഞിട്ടുള്ളത്: ''തങ്ങളോട് തന്നെ അതിക്രമം കാണിച്ച എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശരാവരുത്. സംശയം വേണ്ട, അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തുതരുന്നവനാണ്. ഉറപ്പായും അവന്‍ ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്'' (അസ്സുമര്‍. 53)
വിവ: സ്വാലിഹ

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top