കര്‍മനിരതമായ പ്രവാസി കൂട്ടായ്മകള്‍

ഉമ്മു ഹനാന്‍ No image

നാട്ടില്‍ നിന്ന് ഹജ്ജിന് പോകുന്നവര്‍ക്ക് സേവനം ചെയ്യുന്നവരില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് പ്രവാസി മലയാളികള്‍. വിശിഷ്യാ തീര്‍ഥാടകര്‍ വന്നിറങ്ങുന്ന ജിദ്ദയിലേയും പുണ്യഭൂമികളായ മക്ക, മദീന എന്നിവിടങ്ങിളിലേയും പ്രവാസികള്‍. ഹജ്ജ് കാലമെത്തുന്നതോടെ നാട്ടിലുള്ളവര്‍ തീര്‍ഥാടകരെ യാത്രയാക്കുന്ന സേവന പ്രവര്‍ത്തനങ്ങളിലാണ് മുഴുകുന്നതെങ്കില്‍, അവരെ മറുനാട്ടില്‍ സ്വീകരിച്ച് കര്‍മങ്ങള്‍ കഴിഞ്ഞ ശേഷം നാട്ടിലേക്ക് കയറ്റി വിടുന്നതുവരെയുള്ള രണ്ട് മാസക്കാലം അഹോരാത്രം പണിയെടുക്കുന്നവരാണ് ഇക്കൂട്ടര്‍.
അതിനാല്‍ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ ഇതിനകം മറുനാട്ടിലെ മലയാളികള്‍ക്കിടയിലും സജീവമായിക്കഴിഞ്ഞു. ജിദ്ദ-മക്ക-മദീന ഹജ്ജ് വെല്‍ഫെയര്‍ ഫോറം എന്നിങ്ങനെയാണിവ അറിയപ്പെടുന്നത്. മത-സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ എല്ലാ സംഘടനകളും ഒത്തുചേര്‍ന്നുള്ള ഒരു ഐക്യവേദി കൂടിയാണ് മൂന്നിടത്തും ഈ കൂട്ടായ്മകള്‍. ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സൗരഭ്യം പരത്തുന്ന മാതൃക കൂട്ടായ്മയാണിവ. ഹാജിമാര്‍ എത്തുന്നതിനു മുമ്പു തന്നെ ഒരു പൊതുസ്ഥലത്ത് എല്ലാ സംഘടനകളെയും വിളിച്ചു കൂട്ടി ഭാരവാഹികളുടെ തെരഞ്ഞെടുപ്പും വിവിധ സേവന വകുപ്പുകളുടെ രൂപീകരണവുമാണ് ആദ്യം നടക്കുന്നത്. റിസപ്ഷന്‍, താമസം, ലഗേജ്, ഡിപ്പാര്‍ച്ചര്‍, മെഡിക്കല്‍, മിസ്സിംഗ് ഹാജീസ്- എന്നീ വകുപ്പുകളാണ് മുഖ്യമായും പ്രവര്‍ത്തിക്കുക. ഹജ്ജ് കമ്മിറ്റിയുടെ മലയാളി തീര്‍ഥാടകര്‍ കഴിഞ്ഞ കുറെ വര്‍ഷം മദീന എയര്‍പോര്‍ട്ട് വഴിയാണ് പുണ്യഭൂമിയില്‍ ഇറങ്ങിയിരുന്നത്. പ്രവാചക നഗരിയില്‍ എട്ട് ദിവസം താമസിച്ച് മക്കയിലേക്ക് പോകുന്ന ഇവരെ മദീന എയര്‍പോര്‍ട്ടിലെത്തി സ്വീകരിക്കുന്നതില്‍ മദീന ഹജ്ജ് മിഷനോടൊപ്പം, മദീന ഹജ്ജ് വെല്‍ഫെയര്‍ ഫോറം പ്രവര്‍ത്തകരും പങ്കുചേര്‍ന്നുകൊണ്ടിരിക്കുന്നു. മറുനാട്ടിലെത്തുന്ന തീര്‍ഥാടകര്‍ക്ക്, അവിടെ ഇറങ്ങുമ്പോഴേക്കും മലയാളത്തില്‍ സ്വീകരണം ലഭിക്കുന്നതും ആശ്വാസ വചനങ്ങള്‍ കേള്‍ക്കുന്നതും സന്തോഷകരമായ അനുഭവമാകാറുണ്ട്. മദീന കാരക്കയും ജ്യൂസും നല്‍കിയായിരുന്നു ഈ സ്വീകരണം. പിന്നെ ബസ്സുകളില്‍ കയറി എയര്‍പോര്‍ട്ടില്‍ നിന്ന് നേരെ താമസ സ്ഥലത്തേക്ക്. അവിടെ സഹായത്തിന് അക്കമഡേഷന്‍ വിഭാഗം കാത്തുനില്‍പ്പുണ്ടാവും. ഓരോ കവര്‍ നമ്പറിലുള്ള അഞ്ച് പേരില്‍ മൂന്ന് പേരെ ഒരു റൂമിലും മറ്റ് രണ്ട് പേരെ കെട്ടിടത്തിന്റെ മറ്റൊരു നിലയില്‍ വേറൊരു റൂമിലും താമസിപ്പിക്കുന്നതു പോലുള്ള വിഷയങ്ങളില്‍ ഇടപെട്ട് അവരെ ഒന്നിച്ച് താമസിക്കാന്‍ സംവിധാനം ഒരുക്കിക്കൊടുക്കുന്നതും മറ്റും വെല്‍ഫെയര്‍ ഫോറം പ്രവര്‍ത്തകരാണ്. പുണ്യ ഭൂമികളിലെത്തിയ ശേഷം രോഗം കലശമാവുന്നവര്‍ക്ക് സഹായം ചെയ്യുന്ന വിംഗാണ് മെഡിക്കല്‍. ഡോക്ടര്‍ക്കും ഹാജിക്കുമിടയില്‍ ഭാഷാ തടസ്സമാവാതിരിക്കാന്‍ വേണ്ടി മെഡിക്കല്‍ വിംഗിലെ വളണ്ടിയര്‍മാര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്താറുണ്ട്.
തീര്‍ഥാടകര്‍ മരണപ്പെടുമ്പോള്‍ അവരെ പുണ്യനാട്ടില്‍ ഖബറടക്കാന്‍ രേഖകള്‍ ശേഖരിക്കപ്പെടുന്നതിലും ഈ കൂട്ടായ്മകള്‍ സഹായം ചെയ്യുന്നുണ്ട്. ഇങ്ങനെ അന്നം തേടി തങ്ങള്‍ പോയ നാട്ടില്‍ തിരക്കുകള്‍ക്കിടയില്‍ ഒഴിവുസമയം കണ്ടെത്തിയും പ്രധാന ദിവസങ്ങളില്‍ ജോലിയില്‍ നിന്നും ലീവെടുത്തും ഹാജിമാര്‍ക്ക് സേവനം ചെയ്യുന്ന മലയാളികള്‍ നൂറുകണക്കിനുണ്ട്. മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളില്‍. പുറമെ റിയാദ്, ദമ്മാം തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും ഈ സേവനത്തില്‍ പങ്ക് ചേരാന്‍ അനവധി പേര്‍ എത്തിക്കൊണ്ടിരിക്കും. അവധി ലഭിക്കുന്ന ബലിപെരുന്നാള്‍ സുദിനങ്ങളെ വരെ ത്യജിച്ച് അറഫയിലും മിനയിലും കിലോമീറ്ററുകള്‍ ഹാജിമാര്‍ക്കൊപ്പം സേവന നിരതയായി ഓടി നടക്കുന്ന ഈ മലയാളി യുവത്വം കര്‍മഭൂമിയിലെ ഉത്തമ വാഗ്ദാനങ്ങളാണ്. ദൈവിക പ്രതിഫലം മാത്രം കാംക്ഷിച്ചാണ് ഈ കൂട്ടായ്മകള്‍ ഹജ്ജ് കാലങ്ങളില്‍ സജീവമാകുന്നത്.
കുടുംബത്തോടൊപ്പം ഈ സ്ഥലങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ പുണ്യസ്ഥലങ്ങളില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളിലേക്ക് തങ്ങളുടെ ഭാര്യമാരെയും സേവനത്തിനായി അയക്കുന്നുണ്ട്. ഇങ്ങനെ മക്കയിലും മദീനയിലും ഹജ്ജ് സേവനങ്ങള്‍ ചെയ്യുന്ന നിരവധി സഹോദരിമാരുണ്ട്. രോഗിയായി കിടക്കുന്ന സ്ത്രീകള്‍ക്ക് താമസസ്ഥലത്ത് നിന്ന് കഞ്ഞി പാകം ചെയ്ത് എത്തിക്കുന്നവര്‍, മദീന റൗദയില്‍ പോകുമ്പോള്‍ മസ്ജിദുനബവിക്കകത്ത് വഴികാട്ടികളായി കൂടെ പോകുന്നവര്‍ തുടങ്ങി നിരവധി മേഖലകളില്‍ മലയാളികളായ സഹോദരിമാരുടെ സേവനം പുണ്യഭൂമികയിലും സജീവമായുണ്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top