ആതിഖ

അബ്ദുല്ല നദ്‌വി കുറ്റൂര്‍ No image

പ്രമുഖ സ്വഹാബി വനിതയും ഉമര്‍ (റ)ന്റെ രണ്ടാം ഭാര്യയുമായ ആതിഖയുടെ മുഴുവന്‍ പേര് ആതിഖ ബിന്‍ത് സൈദ് ഇബ്‌നു അംറ് ഇബ്‌നു നുഫൈല്‍ എന്നാണ്. ഉമ്മുകുല്‍സ് എന്നാണ് മാതാവിന്റെ പേര്. ആതിഖ ഇസ്‌ലാമിന്റെ പ്രാരംഭദശയില്‍ തന്നെ ഇസ്‌ലാം സ്വീകരിച്ചിരുന്നു. പിന്നീട് പ്രവാചകനുമായി അനുസരണ പ്രതിജ്ഞ നടത്തുകയും വളരെയേറെ ത്യാഗമനുഷ്ഠിച്ച് മദീനയിലേക്ക് ഹിജ്‌റ പോവുകയും ചെയ്തു. അവരെ ആദ്യം വിവാഹം ചെയ്തത് പ്രഥമ ഖലീഫ അബൂബക്കറിന്റെ മകന്‍ അബ്ദുല്ലയായിരുന്നു. ബുദ്ധിമതിയും സുശീലയുമായ ആതിഖയെ അബ്ദുല്ല അത്യധികം സ്‌നേഹിച്ചിരുന്നു. ആതിഖ അബ്ദുല്ലയെയും അകമഴിഞ്ഞ് സ്‌നേഹിച്ചു. ഭാര്യയോടുള്ള അമിതമായ അനുരാഗം അബ്ദുല്ലയെ കര്‍മരംഗത്ത് നിഷ്‌ക്രിയനാക്കുന്നുണ്ടെന്ന് അബൂബക്കറിന് ആക്ഷേപമുണ്ടായിരുന്നു. തനിക്ക് ശേഷം ആരുമായും വിവാഹത്തിലേര്‍പ്പെടരുതെന്ന വ്യവസ്ഥയില്‍ അബ്ദുല്ല ആതിഖക്ക് അല്‍പം ഭൂമി നല്‍കുകയും ചെയ്തിരുന്നു. അതിനിടയിലാണ് അബ്ദുല്ല ത്വാഇഫ് യുദ്ധത്തില്‍ രക്തസാക്ഷിയായത്. പ്രിയതമന്റെ വേര്‍പാടില്‍ ദുഃഖിച്ച് അനുരാഗത്തിന്റെ തീവ്രതയില്‍ പ്രണയബന്ധിതയായ ആതിഖ ഒരു കവിതാ ശകലം ആലപിച്ചു. ''ജീവിത കാലം മുഴുവന്‍ എന്റെ ഹൃദയത്തില്‍ നിറയെ തീരാ ദുഃഖവുമായി നിനക്ക് വേണ്ടി കഴിയും ഞാന്‍. എന്റെ ശരീരം പൊടിപുരണ്ടതുമായിരിക്കും'' എന്ന് അര്‍ഥം വരുന്ന ഈരടികളാണ് അവര്‍ ആലപിച്ചത്. ഇങ്ങനെ അബ്ദുല്ലയുടെ വേര്‍പാടില്‍ മനംനൊന്ത് കഴിയുന്ന ആതിഖയെ വിവാഹം കഴിക്കാന്‍ പലരും ശ്രമിച്ചെങ്കിലും ആതിഖ അതെല്ലാം നിരസിക്കുകയായിരുന്നു. രണ്ടാം ഖലീഫ ഉമര്‍ ഇബ്‌നു ഖതാബ് (റ) വിവാഹാഭ്യര്‍ഥനയുമായി അവരെ സമീപിച്ചപ്പോഴും അവര്‍ ആദ്യം അത് നിരസിക്കുകയാണ് ചെയ്തത്. ''അല്ലാഹു അനുവദിച്ച ഒരു കാര്യം മഹതി എന്തിന് നിഷിദ്ധമാക്കുന്നു?'' ഉമര്‍ സമര്‍ത്ഥമായി അവരെ നേരിട്ടു. സ്വത്ത് അബ്ദുല്ലയുടെ കുടുംബത്തിന് തിരിച്ചു നല്‍കി താനുമായി വിവാഹബന്ധത്തിലേര്‍പ്പെടാന്‍ ഉമര്‍ ആതിഖയോട് അഭ്യര്‍ഥിച്ചു. അങ്ങനെ ഉമറുമായുള്ള അവരുടെ വിവാഹം നടന്നു.
വിധവാ സംരക്ഷണം മുസ്‌ലിംകളുടെ സാമൂഹ്യ ബാധ്യതയും വിധവാ വിവാഹം ഇസ്‌ലാമില്‍ പുണ്യകരവുമാണെന്ന അവബോധമാണ് ഉമറിനെ ആതിഖയെ വിവാഹം കഴിക്കാന്‍ പ്രേരിപ്പിച്ചത്. ഉമര്‍ പള്ളിയുടെ മിഹ്‌റാബില്‍ വെച്ച് മരണപ്പെടുന്നത് വരെ ആതിഖ ഉമറിന്റെ ഭാര്യയായി തുടരുകയും ചെയ്തു. എന്നാല്‍ ഉമറിന്റെ മരണ ശേഷം സ്വഹാബി പ്രമുഖനായ സുബൈര്‍ ഇബ്‌നു അവ്വാം ആതിഖയെ വിവാഹം കഴിച്ചു. സുബൈറും രക്തസാക്ഷിയായപ്പോള്‍ നാലാം ഖലീഫ അലി വിവാഹാഭ്യര്‍ഥനയുമായി ആതിഖയെ സമീപിച്ചു. പക്ഷേ, ഇനിയൊരു വിവാഹം വേണ്ടെന്ന് പറഞ്ഞ് അവര്‍ ആ അഭ്യര്‍ഥന നിരസിക്കുകയായിരുന്നു.
ഭക്തിയുടെ നിറകുടമായ ആതിഖ ഇസ്‌ലാമിക ശാസനകള്‍ പാലിക്കുന്നതിലും കര്‍മ നിഷ്ഠയിലും പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. അഞ്ച് നേരത്തെ നമസ്‌കാരം കൃത്യമായി പള്ളിയില്‍ പോയി ജമാഅത്തായി നിര്‍വഹിക്കാന്‍ നിഷ്‌കര്‍ഷത പുലര്‍ത്തി എന്നത് ആതിഖയുടെ ജീവചരിത്രത്തില്‍ തിളങ്ങുന്ന ഒരധ്യായമാണ്. അഞ്ച് നേരവും കൃത്യമായി ആതിഖ പള്ളിയില്‍ പോകുന്നതിനോട് ഉമറിന് വിയോജിപ്പുണ്ടായിരുന്നു. അല്ലാഹുവിന്റെ അടിമകളായ സ്ത്രീകള്‍ക്ക് പള്ളികള്‍ നിഷേധിക്കരുത് എന്ന പ്രബലമായ പ്രവാചക വചനം ഉള്ളത് കൊണ്ടാവാം ഉമര്‍ ഒരിക്കല്‍ പോലും ആതിഖയോട് പള്ളിയില്‍ പോകരുതെന്ന് നേരിട്ട് പറഞ്ഞിരുന്നില്ല. ഉമര്‍ പള്ളിയില്‍ പോകരുതെന്ന് നേരിട്ട് പറയട്ടെ, ഭര്‍ത്താവ് എന്ന നിലയിലും ഖലീഫ എന്ന നിലയിലും അദ്ദേഹത്തിന് എന്നോട് പറയാന്‍ അധികാരമുണ്ടല്ലോ എന്ന മനോഭാവം മൂലം ഉമര്‍ മരിക്കുന്നത് വരെ ആതിഖ പള്ളിയില്‍ പോക്ക് തുടരുകയും ചെയ്തിരുന്നു. ഹിജാബിന്റെ ആയത്ത് ഇറങ്ങിയ ശേഷം സ്ത്രീകള്‍ പള്ളിയില്‍ പോയിട്ടില്ല എന്നൊരു വാദം നിലവിലുണ്ട്. അവര്‍ക്ക് ആതിഖയുടെ പ്രസ്തുത സംഭവം നല്ല മറുപടിയാണ്.
സുബൈര്‍ ആതിഖയെ വിവാഹം കഴിക്കുമ്പോള്‍ ഉമറില്‍ നിന്നുള്ള അനുഭവം ഉണ്ടാവരുതെന്ന് കരുതിയാവാം സുബൈറിനോട് എന്നെ പള്ളിയില്‍ പോകാന്‍ അനുവദിക്കണമെന്ന വ്യവസ്ഥ വിവാഹത്തിന് മുമ്പ് ആതിഖ മുന്നോട്ട് വെച്ചത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top