നിര്‍വൃതി നല്‍കുന്ന തീരുമാനങ്ങള്‍

ശൈഖ് മുഹമ്മദ് കാരകുന്ന്‌ No image

മനസ്സോ ശരീരമോ പ്രധാനം? രണ്ടും പ്രധാനമാണ്. എന്നാല്‍ കൂടുതല്‍ പ്രധാനം മനസ്സിനാണ്. തീരുമാനങ്ങള്‍ എടുക്കുന്നത് അതാണ്. ശരീരം അത് നടപ്പാക്കുകയാണ് ചെയ്യുന്നത്. ചിത്രം വരക്കുന്നത് കൈകളാണെങ്കിലും അത് തീരുമാനിക്കുന്നത് മനസ്സാണ്. നാവ് പാടുന്നതും മനസ്സിന്റെ തീരുമാനമനുസരിച്ചാണ്. മനസ്സിന്റെ ശക്തിയാണ് ശരീരത്തിന്റെ കരുത്തിനേക്കാള്‍ പ്രധാനം. ശാരീരികേച്ഛകളെ മനസ്സിന് നിയന്ത്രിക്കാന്‍ സാധിക്കണം.
മനസ്സ് എത്തുന്നിടത്ത് ശരീരം എത്തണമെന്നില്ല. നമുക്ക് വീട്ടിലിരുന്ന് മനസ്സിനെ ഡല്‍ഹിയിലേക്കും അമേരിക്കയിലേക്കും മാത്രമല്ല സ്വര്‍ഗത്തിലേക്കും നരകത്തിലേക്കും പദാര്‍ഥ ലോകത്തിനുമപ്പുറമുള്ള പ്രപഞ്ചനാഥനിലേക്കും പറഞ്ഞയക്കാന്‍ സാധിക്കും.
നമ്മുടെ ഭാഗഥേയം തീരുമാനിക്കുന്നത് മനസ്സിന്റെ തീരുമാനങ്ങളാണ്. നന്മയും തിന്മയും ശരിയും തെറ്റും നീതിയും അനീതിയും ധര്‍മവും അധര്‍മവുമൊക്കെ സംഭവിക്കുന്നത് മനസ്സിന്റെ തീരുമാനമനുസരിച്ചാണ്. അതിനാല്‍ നമ്മുടെ തീരുമാനങ്ങള്‍ വളരെ പ്രധാനമാണ്. ഏറ്റവും ശരിയായ തീരുമാനമെടുക്കാന്‍ പലപ്പോഴും നമുക്ക് സ്വയം കഴിയണമെന്നില്ല. അതിന് അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും അനിവാര്യമാണ്. അതിനാണല്ലോ തീരുമാനങ്ങള്‍ സ്വേച്ഛപ്രകാരമാവാതിരിക്കാനും അല്ലാഹുവിന്റെ മാര്‍ഗദര്‍ശനത്തിന്റെ വെളിച്ചത്തിലാവാനും നാം സദാ പ്രാര്‍ഥിക്കുന്നത്.
ജോലിയുമായി ബന്ധപ്പെട്ട് അതിപ്രധാനമായ മൂന്ന് തീരുമാനങ്ങളെടുക്കാന്‍ അല്ലാഹു എന്നെ അനുഗ്രഹിച്ചു. അതു മൂന്നും ഇന്നും നിര്‍വൃതി നല്‍കുന്ന ഓര്‍മകളായി അനുഭവപ്പെടുന്നു. ഹൈദരാബാദില്‍ നടന്ന സമ്മേളനത്തിനിടെ സൈനബുല്‍ ഗസ്സാലിയുമായി അഭിമുഖം നടത്താന്‍ ഡക്കാന്‍ ഇന്റര്‍ കോണ്ടിനെന്റ് ഹോട്ടലില്‍ ചെന്നപ്പോള്‍ അവിടെ കുവൈത്തിലെ മുസ്തഫാ ത്വഹാനുമുണ്ടായിരുന്നു. അന്ന് അദ്ദേഹം ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് ഫെഡറേഷന്‍ ഓഫ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്റെ (ഇഫ്‌സോ) സെക്രട്ടറി ജനറലായിരുന്നു. ഞാന്‍ നേരത്തെ വിവര്‍ത്തനം ചെയ്ത 'വഴിയടയാളങ്ങളു'ള്‍പ്പെടെ ചില പുസ്തകങ്ങള്‍ 'ഇഫ്‌സോ' മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഞങ്ങള്‍ക്കിടയില്‍ കത്തിടപാടുമുണ്ടായിരുന്നു. അതിനാല്‍ നേരില്‍ കാണുന്നത് ആദ്യമായിട്ടാണെങ്കിലും പേരു പറഞ്ഞപ്പോഴേക്കും മനസ്സിലായി. ദീര്‍ഘകാലമായി പരിചയമുള്ള കൂട്ടുകാരനെപ്പോലെ അദ്ദേഹം അടുത്തിടപഴകി. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം ചോദിച്ചു. 'ഇഫ്‌സോയുടെ ചില പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്ന ജോലി ഏറ്റെടുക്കാമോ?'
'സാധ്യമാം വിധം നിര്‍വഹിക്കാം' ഞാന്‍ അറിയിച്ചു.
എന്ത് ശമ്പളം വേണമെന്ന ചോദ്യത്തിന് മൗനം പാലിച്ചപ്പോള്‍ സ്‌കൂളില്‍ നിന്ന് ലഭിക്കുന്ന വേതനം എത്ര എന്ന് അന്വേഷിച്ചു. അതിന്റെ ഇരട്ടി തരാമെന്നും ജോലി വീട്ടിലിരുന്നു നിര്‍വഹിച്ചാല്‍ മതിയെന്നും അറിയിച്ചു. അപ്പോള്‍ തന്നെ കോണ്‍ട്രാക്റ്റില്‍ ഒപ്പുവെച്ചു. അങ്ങനെ ഇഫ്‌സോയുടെ പുസ്തകങ്ങളുടെ വിവര്‍ത്തന ജോലിയില്‍ ഏര്‍പ്പെട്ടു. അതിനായി സ്‌കൂളില്‍ നിന്ന് ലീവെടുത്തു. ദീര്‍ഘമായ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കുന്നത് രണ്ടാം തവണയായിരുന്നു. നേരത്തെ അടിയന്തരാവസ്ഥകാലത്ത് വിദ്യാര്‍ഥി പ്രവര്‍ത്തനങ്ങള്‍ക്കായും ലീവെടുത്തിരുന്നു.
ഇഫ്‌സോയുടെ ജോലിയില്‍ പ്രവേശിച്ച് ഏറെ കഴിയും മുമ്പെ ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗത്വം ലഭിച്ചു. 1982 ജനുവരിയില്‍. മൂന്ന് മാസത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 1982 ഏപ്രിലില്‍ ശൂറാ അംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നാലുമാസം കഴിഞ്ഞപ്പോഴേക്കും ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ശൂറാ തീരുമാനം വന്നു. ശൂറാ അംഗങ്ങളുള്‍പ്പെടെ സംഘടനാ നേതൃത്വത്തിലുള്ളവര്‍ വിദേശ ശമ്പളം സ്വീകരിക്കാന്‍ പാടില്ല. അതിനാല്‍ ഒന്നുകില്‍ ശൂറാ അംഗത്വം രാജിവെക്കണം; അല്ലെങ്കില്‍ വിദേശ ജോലി ഒഴിവാക്കണം. അന്ന് ഞങ്ങള്‍ രണ്ടു പേരാണ് വിദേശ വേതനം സ്വീകരിക്കുന്നവരായി സംസ്ഥാന ശൂറായില്‍ ഉണ്ടായിരുന്നത്. എനിക്ക് തീരുമാനമെടുക്കാന്‍ ഒട്ടും പ്രയാസപ്പെടേണ്ടി വന്നില്ല. വിദേശ ജോലി രാജിവെച്ചു. പ്രസ്ഥാനപ്രവര്‍ത്തകര്‍ വിശ്വസിച്ചേല്‍പ്പിച്ച ഉത്തരവാദിത്തത്തില്‍ തുടര്‍ന്നു. സ്‌കൂള്‍ ജോലിയിലേക്ക് തിരിച്ചുപോയി.
എന്നാല്‍ ഒട്ടും വൈകാതെ തന്നെ ജമാഅത്തെ ഇസ്‌ലാമി കേരള ശൂറാ യോഗം 1983 ഫെബ്രുവരി 19,20 തിയ്യതികളില്‍ സംസ്ഥാന സമ്മേളനം നടത്താന്‍ തീരുമാനിച്ചു. മലപ്പുറത്തിനടുത്ത മക്കരപ്പറമ്പിലായിരിക്കണമെന്ന് നിശ്ചയിക്കപ്പെട്ടു. സമ്മേളനത്തില്‍ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ ഒരു ഡസണ്‍ പുസ്തകങ്ങളെങ്കിലും പ്രസിദ്ധീകരിക്കണമെന്ന് തീരുമാനിച്ചു. അതിന്റെ പ്രായോഗികതയെ സംബന്ധിച്ച ചര്‍ച്ചയുടെ ഒടുവിലെത്തിയ തീരുമാനം ഞാന്‍ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നായിരുന്നു. അതിനാല്‍ വീണ്ടും സ്‌കൂളില്‍ നിന്നും ലീവെടുത്തു. 1982 ഡിസംബറില്‍ ഐ.പി.എച്ചിന്റെ ഡയറക്ടറായി ചുമതല ഏറ്റെടുത്തു. പുസ്തകപ്രസാധന രംഗത്ത് ഒട്ടും പരിചയമില്ലാത്ത എന്നെ സംബന്ധിച്ചേടത്തേളം ഒരു വലിയ വെല്ലുവിളി തന്നെയായിരുന്നു പുതിയ ചുമതല. ഞാന്‍ ഉത്തരവാദിത്തം ഏല്‍ക്കുമ്പോള്‍ 139 പുസ്തകങ്ങളാണ് ഐ.പി.എച്ച് പ്രസിദ്ധീകരിച്ചിരുന്നത്. ചെറുപ്പക്കാരായ കൂട്ടുകാരുടെ അതിരുകളില്ലാത്ത സഹായ സഹകരണത്തോടെ ഐ.പി.എച്ചിന്റെ മുഖഛായ മാറ്റാന്‍ തീരുമാനിച്ചു. ജമാഅത്ത് നേതൃത്വം അതിന് കലവറയില്ലാത്ത പിന്തുണ നല്‍കുകയും ചെയ്തു.
ഐ.പി.എച്ചിന്റെ ഡയറക്ടര്‍ എന്ന നിലയില്‍ ശമ്പളം സ്വീകരിക്കേണ്ടതില്ലെന്നും സ്ഥാപനത്തിന്റെ ജോലികളെല്ലാം സേവനമായി ചെയ്യാമെന്നും തീരുമാനിച്ചു. സ്വന്തം രചനകള്‍ക്ക് ഐ.പി.എച്ച് മറ്റു ഗ്രന്ഥകാരന്മാര്‍ക്ക് നല്‍കുന്ന റോയല്‍റ്റി സ്വീകരിക്കാമെന്ന വ്യവസ്ഥ അംഗീകരിച്ചു. നാലഞ്ചു വര്‍ഷം ഈ നില തുടര്‍ന്നു. സ്ഥാപനത്തിന്റെ ഡയറക്ടറായി ജോലി ചെയ്യവെ ഇങ്ങനെ ചെയ്യുന്നത് പില്‍കാലത്ത് വിമര്‍ശനങ്ങള്‍ക്ക് കാരണമായേക്കാം എന്ന് ചില ആത്മസുഹൃത്തുക്കള്‍ ശ്രദ്ധയില്‍ പെടുത്തി.
അതോടെ ഐ.പി.എച്ചിനുള്ള സൗജന്യ സേവനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമായി. അതോടെ സ്വയം രചിക്കുകയോ വിവര്‍ത്തനം ചെയ്യുകയോ ചെയ്യുന്ന പുസ്തകങ്ങള്‍ക്ക് പ്രതിഫലമായി ഒന്നും സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. തുടര്‍ന്നുള്ള ഇരുപത് വര്‍ഷത്തിനിടയില്‍ സ്വന്തമായി രചിച്ച 43 കൃതികളും മൂന്ന് വിവര്‍ത്തന പുസ്തകങ്ങളും പ്രതിഫലമൊന്നും നല്‍കാതെ ഐ.പി.എച്ചിലൂടെ സമൂഹത്തിന് സമര്‍പ്പിക്കാന്‍ സാധിച്ചു. അല്ലാഹു ഇതൊക്കെയും സല്‍കര്‍മമായും അവന്റെ മാര്‍ഗത്തിലുള്ള ജിഹാദായും സ്വീകരിച്ച് പരലോകത്ത് മഹത്തായ പ്രതിഫലം നല്‍കട്ടെ എന്നാണ് പ്രാര്‍ഥന. വായനക്കാരോടുള്ള എന്റെ വിനീതമായ അഭ്യര്‍ഥനയും അതിനായി പ്രാര്‍ഥിക്കണമെന്നാണ്.
ഐ.പി.എച്ചില്‍ നിന്ന് ശമ്പളം സ്വീകരിക്കാമെന്ന് തീരുമാനിക്കപ്പെട്ടതോടെ രണ്ടിലൊന്ന് തെരഞ്ഞെടുക്കാന്‍ പ്രസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. ഒന്നുകില്‍ സ്‌കൂളില്‍ നിന്നും കിട്ടുന്ന ശമ്പളം സ്വീകരിക്കാം, അല്ലെങ്കില്‍ ജമാഅത്തിന്റെ ശമ്പള ഘടന അംഗീകരിക്കാം. സ്‌കൂളിലെ ശമ്പളഘടന സ്വീകരിക്കുക എന്നതിന്റെ അര്‍ഥം എന്നേക്കാള്‍ എത്രയോ കൊല്ലം പ്രസ്ഥാനത്തിന് സേവനമര്‍പ്പിച്ച ബഹുമാന്യരായ ടി.കെ അബ്ദുല്ല സാഹിബും അബ്ദുല്‍ അഹദ് തങ്ങളും ടി. മുഹമ്മദ് സാഹിബും ഇസ്ഹാഖലി മൗലവിയും വാങ്ങുന്നതിനേക്കാള്‍ ശമ്പളം ഞാന്‍ സ്വീകരിക്കുകയെന്നതാണ്. അതുകൊണ്ട് തന്നെ അത് വേണ്ടെന്ന് തീരുമാനിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ ശമ്പള സ്‌കെയില്‍ മതിയെന്ന് അറിയിച്ചു. അങ്ങനെ 2010-ല്‍ അറുപതാമത്തെ വയസ്സില്‍ റിട്ടയര്‍ ചെയ്യുന്നത് വരെ ആ നില തുടര്‍ന്നു. വീടിന്റെ വളരെ അടുത്തുള്ള ഹൈസ്‌കൂളില്‍ നിന്നും ലഭിക്കുന്നതിന്റെ മൂന്നില്‍ രണ്ടില്‍ കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്തുകൊണ്ടിരുന്നപ്പോള്‍ എന്നോട് എല്ലാ അര്‍ഥത്തിലും സഹകരിച്ച കുടുംബിനിയോടും കുട്ടികളോടുമുള്ള കടപ്പാട് വളരെ വലുതാണ്. അവര്‍ പൂര്‍ണമായും പിന്തുണച്ചില്ലായിരുന്നുവെങ്കില്‍ ഇത്തരം തീരുമാനങ്ങളെടുക്കാന്‍ ഒരിക്കലും സാധിക്കുമായിരുന്നില്ല. കോളേജില്‍ നിന്ന് എന്നെക്കാള്‍ എത്രയോ കൂടുതല്‍ ശമ്പളം സ്വീകരിച്ചിരുന്ന പ്രൊഫസര്‍ സിദ്ധീഖ് ഹസ്സന്‍ സാഹിബ് പ്രാസ്ഥാനികാവശ്യത്തിന് ലീവെടുത്തപ്പോഴും ജമാഅത്തിന്റെ ശമ്പള സ്‌കെയിലനുസരിച്ചാണ് വേതനം പറ്റിയിരുന്നത്. അദ്ദേഹത്തെ അപേക്ഷിച്ച് എന്റെത് എത്രയോ നിസ്സാരം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top