പ്രസക്തിയേറുന്ന സാമൂഹ്യ മാധ്യമങ്ങള്‍

കെ.എ. നാസര്‍ No image

സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടത്തിന് വമ്പിച്ച തോതില്‍ പ്രചരണം നേടിയ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് നാം. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുമൊക്കെ ആശയ വിനിമയത്തിനുള്ള ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി. ഞൊടിയിടയില്‍ ആശയ വിനിമയം നടക്കാവുന്ന തരത്തില്‍ ആഗോള ഗ്രാമത്തെ ചുരുക്കിക്കൂട്ടാവുന്ന വിധം നമ്മള്‍ നില്‍ക്കുന്ന ഇടം, സമയം എന്നിവ മൊബൈല്‍ ഫോണുകളിലെ ഇന്റര്‍നെറ്റ് സൗകര്യത്തിന് പ്രശ്‌നമല്ലാതായിരിക്കുന്നു. നിങ്ങള്‍ എപ്പോഴൊക്കെ ഔട്ട് ഓഫ് കവറേജ് ഏരിയ ആവുന്നുണ്ടോ അപ്പോഴൊക്കെ 'ഈ ലോകത്തു' നിന്ന് ബന്ധം നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുപോകുന്നു എന്നാണ് പുതിയ ലോകക്രമത്തിന്റെ താളം പറഞ്ഞുതരുന്നത്.
വര്‍ത്തമാനകാലത്തെ സോഷ്യല്‍ മീഡിയ ഫേസ് ബുക്കും, ട്വിറ്ററും, യൂ ട്യൂബും, ബ്ലോഗുമെല്ലാം ചേര്‍ന്ന സ്വന്തം പ്രസാധനാലയങ്ങളാണ്. എല്ലാ പൗരന്മാരെയും ജേര്‍ണലിസ്റ്റുകളായിട്ടാണ് സോഷ്യല്‍ മീഡിയ കാണുന്നത്. തനിക്ക് താല്‍പര്യമുള്ള ഏത് വാര്‍ത്തയും ദൃശ്യവും ലോകത്തോട് പറയാന്‍ ഒരാളുടെയും അനുവാദമോ എഡിറ്റിംഗോ ആവശ്യമില്ല. മാധ്യമങ്ങളുടെ പക്ഷം ചേരലില്ലാത്ത കൃത്യവും വസ്തുനിഷ്ഠവുമായ വാര്‍ത്തകളും ചിത്രങ്ങളും കൈമാറാന്‍ സോഷ്യല്‍ മീഡിയകള്‍ വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. അതുകൊണ്ടാണ് മുഖ്യധാരാ മാധ്യമങ്ങള്‍ക്കു പോലും സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവരുന്ന നേര്‍കാഴ്ചകള്‍ അവഗണിക്കാന്‍ സാധിക്കാത്ത വിധം പ്രസക്തവും ശക്തവുമായിത്തീരുന്നത്. ജനങ്ങളില്‍ നിന്ന് ജനങ്ങളിലേക്കാണ് സോഷ്യല്‍ മീഡിയ ആശയ കൈമാറ്റം നടത്തുന്നത്. ഇങ്ങനെ സംഭവിക്കുമ്പോള്‍ മാധ്യമങ്ങളുടെ പക്ഷം ചേരലും വെട്ടിമാറ്റലും അപഹാസ്യമായിത്തീരുന്നു. കലാപങ്ങളുടെയും അതിക്രമങ്ങളുടെയും ചിത്രങ്ങള്‍ വളച്ചൊടിച്ച് പ്രസിദ്ധീകരിക്കുമ്പോള്‍ ജനങ്ങള്‍ അവരുടെ സൈബര്‍ ഫോണിലും മറ്റും പകര്‍ത്തിയെടുത്ത യഥാര്‍ഥ ദൃശ്യങ്ങളെ എങ്ങനെ തള്ളിക്കളയാന്‍ സാധിക്കും? അതുകൊണ്ടാണ് വര്‍ത്തമാന കാലത്ത് ചൂടേറിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ ഇടയായിത്തീരുന്നത്.
അറബ് ജനതയുടെ അടക്കിപ്പിടിച്ച അമര്‍ഷത്തിന്റെ ശക്തി പുറംലോകത്തേക്ക് ലാവ കണക്കെ പ്രവഹിച്ചതിന്റെ മുഖ്യ ചാലകശക്തി ഫേസ്ബുക്കിലൂടെ പുറത്തുവന്ന സത്യസന്ധമായ വാര്‍ത്തകളാണ്. മുല്ലപ്പൂ വിപ്ലവത്തിന്റെ ചുടുകാറ്റ് പിന്നീട് ആഞ്ഞുവീശിയ ഈജിപ്തില്‍ അസ്മ മഹ്ഫൂസ് എന്ന സ്ത്രീ ചരിത്രപരമായ വമ്പിച്ച മാറ്റത്തിനാണ് തുടക്കമിട്ടത്. അവര്‍ ഫേസ്ബുക്കിലിട്ട വീഡിയോ ക്ലിപ്പിന്റെ ഉള്ളടക്കം ഇങ്ങനെ വായിക്കാം ''ആര്‍ക്ക് വേണമെങ്കിലും എന്റെ കൂടെ കൂടാം. എന്നെ അവര്‍ കൊല്ലണമെങ്കില്‍ കൊല്ലട്ടെ. എന്തുതന്നെ വന്നാലും ഞാന്‍ തഹ്‌രീര്‍ സ്‌ക്വയറില്‍ നിലയുറപ്പിക്കും.'' ഏകാധിപത്യ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ തുറന്നുകാട്ടാന്‍ സോഷ്യല്‍ മീഡിയകള്‍ വഹിച്ച പങ്ക് ചില്ലറയല്ല. ബ്ലൂടൂത്തുകള്‍ വഴി ഇത്തരം ക്രൂരകൃത്യങ്ങളുടെ തനിപകര്‍പ്പുകള്‍ ലക്ഷക്കണക്കിന് മനുഷ്യ ഹൃദയങ്ങളിലേക്കാണ് പകര്‍ത്തപ്പെട്ടത്. ഈജിപ്തിലെ തഹ്‌രീര്‍ ചത്വരം അവനവന്റെ വീട്ടുമുറ്റം പോലെ സുപരിചിതവും പ്രസക്തവുമാക്കിയത് സിറ്റിസണ്‍ ജേര്‍ണലിസത്തിന്റെ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗിച്ചതിലൂടെയാണ്. ലിബിയ, യമന്‍, സിറിയ എന്നിവിടങ്ങളിലെ ജനലക്ഷങ്ങളെയും തെരുവിലിറക്കിയത് ഇന്റര്‍നെറ്റ് എന്ന നൂതന മാധ്യമത്തിന്റെ ശക്തമായ ഇടപെടല്‍ കൊണ്ടാണെന്ന് കാണാം. മുതലാളിത്തത്തിനെതിരെ രൂപം കൊണ്ട കൂട്ടായ്മ ഫേസ്ബുക്കിലൂടെ നടത്തിയ ആഹ്വാനമാണ് ലോക വ്യാപാര കേന്ദ്രമായ ന്യൂയോര്‍ക്കിലെ ലിബര്‍ട്ടി പ്ലാസയിലേക്ക് ഒരു കൂട്ടം യുവാക്കളെ നയിച്ചത്.
ഫേസ്ബുക്ക് ഒരാള്‍ക്കൂട്ടമാണ്. 800 മില്യന്‍ ആളുകളാണ് ഫേസ്ബുക്കിന്റെ ശക്തി. അഥവാ ലോകത്ത് ഏറ്റവും വലിയ മൂന്നാമത്തെ രാജ്യത്തിന് സമാനമായ ഒരു സാങ്കല്‍പ്പിക രാജ്യം. ഈജിപ്തില്‍ ഹുസ്‌നി മുബാറക് സ്ഥാനഭ്രഷ്ടനായ ദിവസം ഡല്‍ഹിയിലെ സുഹൃത്ത് അനൂപ് കുമാര്‍ ഫേസ്ബുക്കിലെഴുതിയതിങ്ങനെ. ''നല്ലത് വരട്ടെ, ഇന്ന് മനസ്സിലായി, അടിച്ചമര്‍ത്തുന്ന ഒരു സര്‍ക്കാറിനെ നേരിടാന്‍ അടിച്ചമര്‍ത്തുന്ന ഒരു സമൂഹത്തെ നേരിടുന്നതിനേക്കാള്‍ എളുപ്പമാണെന്ന്. ആദ്യത്തേതിനെ വെറും മുപ്പത് വര്‍ഷം കൊണ്ട് തോല്‍പ്പിക്കാം.'' ഇങ്ങനെ തനിക്ക് നേരെന്ന് തോന്നിയ കാര്യങ്ങള്‍ സധൈര്യം വിളിച്ചുപറയാന്‍ സോഷ്യല്‍ മീഡിയ തുറന്നുവെക്കുന്ന സാധ്യതകള്‍ ചെറുതല്ല. ഇത്തരം അനുകൂല സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിലാണ് മികച്ചു നില്‍ക്കേണ്ടത്.
============================

ഒരു മിനുട്ടില്‍ സൈബര്‍ ലോകത്ത് സംഭവിക്കുന്നത് 

ഒരു മിനുട്ടിനുള്ളില്‍ സൈബര്‍ ലോകത്ത് എന്ത് നടക്കുന്നു എന്നത് മനുഷ്യജീവിതം ഇന്റര്‍നെറ്റുമായി എത്രത്തോളം ഇഴകി ചേര്‍ന്നിരിക്കുന്നു എന്നതിന്റെ തെളിവായി കണക്കാക്കാം. സോഷ്യല്‍ നെറ്റ്വര്‍കിംഗ്, ബ്ളോഗിംഗ്, ഇ-മെയിലിംഗ്, ഫോട്ടോ ഷെയറിംഗ്, സെര്‍ച്ചിംഗ് എന്നിങ്ങനെയുള്ള മേഖലകളിലാണ് സൈബര്‍ ലോകത്തെ ഉപയോക്താക്കള്‍ വിഹരിക്കുന്നത്. 'ഗോ ഗ്ളോബ് ഡോട്ട് കോം' എന്ന വെബ് പോര്‍ട്ടല്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ഏറെ കൌതുകം പകരുന്നതാണ്. ഗൂഗിള്‍ എന്ന സെര്‍ച്ച് എഞ്ചിന്‍ ഉപയോഗിക്കുന്നവരുടെ എണ്ണം മിനുട്ടില്‍ ഇരുപത് ലക്ഷത്തില്‍ അധികമാണ്. സെക്കന്റില്‍ ലക്ഷം പേര്‍ സന്ദര്‍ശിക്കുന്ന വേദിയാണ് ഫേസ്ബുക്ക്. ഒരു മിനുട്ടില്‍ അറുപത് ലക്ഷം പേര്‍ ഫേസ്ബുക്ക് ലോഗിന്‍ ചെയ്ത് തങ്ങളുടെ 'കൂട്ടുകാരു'മായി ആശയ വിനിമയം നടത്തുന്നു. അവിടെ ലൈക്കടിക്കുന്നവരുടെ എണ്ണമാകട്ടെ മിനുട്ടില്‍ മൂന്ന് ലക്ഷവും. മൈക്രോ ബ്ളോഗിംഗ് സൈറ്റായ ട്വിറ്ററില്‍ വന്ന് നിറയുന്ന ട്വീറ്റുകളുടെ എണ്ണം മിനുട്ടില്‍ ഒരു ലക്ഷത്തില്‍ അധികമാണ് പോലും. മാത്രവുമല്ല ഓരോ മിനുട്ടിലും ചുരുങ്ങിയത് 32 പേരെങ്കിലും ട്വിറ്ററില്‍ പുതുതായി വന്നുചേരുകയും ചെയ്യുന്നു.
ഫോട്ടോ ഷെയറിംഗ് സൈറ്റായ ഫ്ളിക്കറില്‍ മിനുട്ടില്‍ വന്നുനിറയുന്ന ഫോട്ടോകളുടെ എണ്ണം മൂവായിരത്തില്‍ അധികമാണ്. അപ്ലോഡ് ചെയ്യപ്പെടുന്ന ഫോട്ടോകള്‍ കാണാനെത്തുന്ന പ്രേക്ഷകരുടെ എണ്ണം രണ്ടു കോടിയിലധികമാണ്. ഇ-മെയില്‍ വിലാസം വഴി ഓരോ മിനുട്ടിലും രണ്ടു കോടി മെയിലുകളാണ് കൈമാറിക്കൊണ്ടിരിക്കുന്നത്. വിക്കിപീഡിയയില്‍ മിനുട്ടില്‍ ആറു പേജുകളെങ്കിലും പുതുതായി ചേര്‍ക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇ-കൊമേഴ്സ് സൈറ്റായ 'ആമസോണ്‍' മിനുട്ടില്‍ 4230 രൂപയുടെ കച്ചവടം നടത്തുമ്പോള്‍ ഐ ഫോണ്‍, ബ്ളാക്ക് ബെറി, ആന്‍ഡോയിഡ് ഫോബുകളുടെ അമ്പതിനായിരം ആപ്ളിക്കേഷനുകളാണ് മിനുട്ടില്‍ ഡൌണ്‍ലോഡ് ചെയ്യുന്നത്. എന്തിനേറെ മിനുട്ടില്‍ ആറര ലക്ഷം ജി.ബി ഡാറ്റ നെറ്റിലൂടെ ഇടതടവില്ലാതെ പ്രവഹിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് കണക്ക്. ഗൂഗിളിന്റെ വീഡിയോ പങ്കിടല്‍ സൈറ്റായ യൂ ട്യൂബില്‍ നാനൂറ് കോടി വീഡിയോകള്‍ കാണുന്നുവെന്നാണ് റോയിറ്റേഴ്സ് വാര്‍ത്താ ഏജന്‍സി നല്‍കുന്ന വിവരം. ഇപ്പോള്‍ ഓരോ മിനുട്ടിലും അറുപത് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോകളാണ് യൂ ട്യൂബിലെത്തുന്നത്. ഈ കണക്ക് പ്രകാരം ഒരു ദിവസം യൂ ട്യൂബിലെത്തുന്ന മുഴുവന്‍ വീഡിയോകളും കണ്ടുതീര്‍ക്കാന്‍ ഏതാണ്ട് പത്തുവര്‍ഷമെങ്കിലും വേണ്ടിവരും!


kanvr2@gmail.com

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top