വൈവിധ്യമാര്‍ന്ന നോമ്പനുഭവങ്ങള്‍

ഷാനവാസ്

ആരാമം മിക്ക ലക്കങ്ങളും വായിക്കാറുണ്ട്. ജൂലൈ ലക്കമാണ് ഈ കുറിപ്പിനാധാരം. റമദാനെ കുറിച്ച അറിവ് പലതരത്തിലാണ്. ചിലരതിനെ ആത്മീയമായി എടുക്കുമ്പോള്‍ മറ്റു ചിലര്‍ ഭക്ഷ്യമേളയായി മാറ്റുന്നു. റമദാന്‍ പടച്ചവനിലേക്ക് കൂടുതല്‍ അടുക്കാനുള്ള സന്ദര്‍ഭമായി ഉപയോഗപ്പെടുത്തണം.
വ്യത്യസ്ത രാജ്യങ്ങളിലെയും ഇതരമതസ്ഥരുടെയും വൈവിധ്യമാര്‍ന്ന നോമ്പനുഭവങ്ങള്‍ വായനക്കാരിലേക്ക് എത്തിച്ച ആരാമം വളരെ നന്നായി. 'ദഫ് മുട്ടിയൊരു അത്താഴ വിരുന്ന്' എന്ന ലേഖനത്തില്‍ ആ രാജ്യത്തെ നോമ്പ,് നമസ്കാരം എന്നിവ വിലയിരുത്തിയത് രസകരമായി. പതിവ് ശൈലിയില്‍ നിന്നും മാറിയുള്ള ഇത്തരം വ്യത്യസ്തതയാര്‍ന്ന വിഷയങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
ഷാനവാസ്
തൃപ്രയാര്‍
രചനകള്‍ കൂട്ടി വായിക്കുമ്പോള്‍
ഓരോ മാസവും ആരാമത്തിലെ വിഭവങ്ങള്‍ കൂടുതല്‍ നന്നാകുന്നു. ജൂണ്‍ ലക്കത്തില്‍ എന്‍.പി.ഹാഫിസ് മുഹമ്മദ് എഴുതിയ 'ആത്മബന്ധത്തിന്റെ ശാരീരിക വഴികള്‍' വളരെ നന്നായി. തിരക്കുകളില്‍ ഉഴലുന്ന സമൂഹത്തിന് ഇതൊരു വഴികാട്ടിയാകട്ടെ. ഡോ: സമീര്‍ യൂനുസ് എഴുതിയ, 'കുടുംബം തകര്‍ക്കുന്നത് ദാമ്പത്യ പ്രശ്നങ്ങളല്ല' എന്ന ലേഖനവും ഏറെ ചിന്തനീയമാണ്. നിസ്സാര കാര്യങ്ങള്‍ക്കു വേണ്ടി വിവാഹമോചനം നടത്തുന്നവര്‍ ഈ രണ്ട് രചനകളും കൂട്ടിവായിക്കേണ്ടതാണ്.
ഷിഫ
ശ്രീകാര്യം
ഇനിയും മെച്ചപ്പെടേണ്ടതുണ്ട്
ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ 'ഓര്‍മയുടെ ഓളങ്ങളില്‍' എന്ന പംക്തി ശ്രദ്ധേയവും ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്രദവുമാണ്. പക്ഷേ, ഒരു വനിതാ പ്രസിദ്ധീകരണത്തില്‍ ഇത് വെളിച്ചം കാണുന്നതിലെ യുക്തി എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.
'കണ്ണടകളില്ലാതെ' കെ.പി സല്‍വ എഴുതുന്ന കോളം ഇസ്ലാമിസ്റ്് ഫെമിസത്തിന്റെ പുതിയ വാതായനങ്ങള്‍ തുറക്കുകയാണ്. പുരുഷ സമൂഹത്തെ ശത്രു പക്ഷത്ത് നിര്‍ത്തിയുള്ള മൂര്‍ച്ചയേറിയ തൂലിക നീതി പൂര്‍ണമാവേണ്ടതുണ്ട്.
ഉള്ളടക്കത്തിലും രൂപകല്‍പനയിലും ആരാമം ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. ആഴവും തനിമയുമുള്ള ലേഖനങ്ങളും ഇനിയും വരാന്‍ ആഗ്രഹിക്കുന്നു.
മാജിദ
അത്തോളി
ജീവിതം കൊണ്ട് 
സന്ദേശം നല്‍കിയവള്‍
കൈയില്‍ കിട്ടുന്നതെല്ലാം ഒഴിവനുസരിച്ച് വായിക്കുന്ന ഒരാളാണു ഞാന്‍. ഈ എഴുത്തെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് ജൂണ്‍ ലക്കം ആരാമത്തില്‍ വന്ന ഡോ: സമീര്‍ യൂനുസ് എഴുതിയ, 'കുടുംബം തകര്‍ക്കുന്നത് ദാമ്പത്യ പ്രശ്നങ്ങളല്ല' എന്ന ലേഖനമാണ്. 
ഇന്ന് പലരുടെയും കുടുംബം തകര്‍ക്കുന്നത് ദാമ്പത്യ പ്രശ്നങ്ങളല്ല. മറിച്ച്, അവരുടെ 'ഞാന്‍' എന്ന മനോഭാവമാണ്. ഞാന്‍ ചെയ്യുന്നതും പറയുന്നതും മാത്രമാണ് ശരി എന്ന മനോഭാവം മാറണം. സ്വയം ഒരു വിലയിരുത്തലിന് ആരും തയ്യാറാകുന്നില്ല. ഞാന്‍ പത്തൊമ്പത് വര്‍ഷം ഒരു പെണ്‍കുട്ടിയുടെ കൂടെ സന്തോഷത്തോടെ ജീവിച്ച വ്യക്തിയാണ്. കൂടാതെ ഒരു മുന്‍കോപക്കാരനും. എന്നാല്‍ ജീവിത പങ്കാളി എന്റെ ഈ സ്വഭാവം മനസ്സിലാക്കി വളരെ സൌമ്യമായി സ്നേഹത്തോടെ എന്റെ കൂടെ ജീവിച്ചു മരിച്ചുപോയി. (ഇന്നാ ലില്ലാഹ്) രണ്ടു മക്കളെയും എനിക്കു നല്‍കിയിട്ടാണ് അവള്‍ പോയത്. അവള്‍ ജീവിതം കൊണ്ട് ഒരു സന്ദേശം എനിക്കു നല്‍കിയിരുന്നു. അവളെനിക്കു നല്‍കിയ സന്ദേശം മുറുകെപ്പിടിച്ചുകൊണ്ട് തന്നെ ഞാനിന്ന് മറ്റൊരു പെണ്ണിന്റെ കൂടെ സന്തോഷത്തോടെ ജീവിക്കുന്നു. എന്റെ ഇപ്പോഴത്തെ ഭാര്യയുടെ ഭര്‍ത്താവും അവള്‍ക്ക് രണ്ട് കുട്ടികളെ നല്‍കി ഈ ലോകത്തോട് വിടപറഞ്ഞതാണ്. അവള്‍ മുന്‍കോപക്കാരിയാണ്. ഇന്ന് ഞാനും എന്റെ ഭാര്യയും കുട്ടികളും സന്തോഷത്തോടെ കഴിയാന്‍ കാരണം എന്റെ ആദ്യഭാര്യയുടെ ജീവിതം കൊണ്ട് ഞാന്‍ പഠിച്ച പാഠമാണ്.
അവളെ പൂര്‍ണമായി മനസ്സിലാക്കാന്‍ ഞാന്‍ മറ്റൊരാളെ വിവാഹം കഴിച്ചു ജീവിക്കേണ്ടി വന്നു. രണ്ട് കൈകള്‍ ഒരുമിച്ചു വീശുമ്പോഴാണ് ശബ്ദമുണ്ടാകുന്നത്. ക്ഷമിക്കാനും പൊറുക്കാനും തയ്യാറുള്ളവര്‍ക്ക് ജീവിതം സന്തുഷ്ടമായിരിക്കും. 
സൈനുദ്ദീന്‍ കെ.ടി
വെങ്ങാട്
ആ വിളി ശരിയല്ല
ജൂലായ് ലക്കം ശൈഖ് മുഹമ്മദ് കാരകുന്നിന്റെ 'യുവജന മുന്നേറ്റത്തിലെ മറക്കാനാവാത്ത അധ്യായം' നന്നായി. ലേഖനത്തില്‍ ജഅ്ഫ്ഫറുബ്നു ത്വയ്യാര്‍ എന്നെഴുതിയത് പിശകാണ്. ജഅ്ഫറുത്ത്വയ്യാര്‍ എന്നോ, ജഅ്ഫഫറുബ്നു അബീത്വാലിബ് എന്നോ ആണ് എഴുതേണ്ടത്. കെ.സി അബ്ദുല്ല മൌലവിയെ കെ.സി സാഹിബ് എന്നു വിളിക്കുന്ന പ്രയോഗം റീഡബിളല്ല.
സി.മുഹമ്മദ് 
കരുവാരക്കുണ്ട്
ഊന്നുവടി ആവശ്യമില്ല
'കണ്ണടകളില്ലാതെ' എന്ന പംക്തിയെക്കുറിച്ചുള്ള എന്റെ കുറിപ്പിന് ജൂലൈ ലക്കം ആരാമത്തില്‍ വന്ന മറുകുറിപ്പ് വായിച്ചു. ആചാരങ്ങളും അനാചാരങ്ങളും വേര്‍തിരിച്ച് കാണണം. ഇസ്ലാമിക അടിസ്ഥാനങ്ങള്‍ക്ക് വിരുദ്ധമല്ലാത്ത, സമൂഹം ആചരിച്ചുപോരുന്ന രീതികള്‍ ഇസ്ലാമിക ദൃഷ്ട്യാ നിഷിദ്ധമല്ല. സമൂഹം ഒന്നടങ്കം ആചരിച്ചുപോന്ന രീതിയെ തകര്‍ത്ത് തല്‍സ്ഥാനത്ത് സമൂഹത്തിന് അസ്വീകാര്യമായ മറ്റൊരു രീതിയെ പ്രതിഷ്ഠിക്കുന്നത് കൊണ്ട് എന്ത് വിപ്ളവമാണ് സാധിക്കുന്നത്. ഇത് പറയുമ്പോള്‍ 'സാമൂഹിക സ്ഥാനങ്ങള്‍ വാഴുന്നവര്‍' പോലുള്ള അമൂര്‍ത്ത പ്രതീകങ്ങളെ സൃഷ്ടിച്ച് അതിന് തടയിടാനുള്ള ശ്രമമാണ് യഥാര്‍ഥ സാമര്‍ഥ്യം. മുസ്ലിം സ്ത്രീകള്‍ക്ക് കേരളത്തിലുണ്ടായിട്ടുള്ള പുരോഗതി സ്ത്രീകള്‍ മാത്രം ഉള്‍ക്കൊളളുന്ന കൂട്ടായ്മയുടെ പ്രവര്‍ത്തന ഫലമായി ഉണ്ടായതല്ല. സ്ത്രീകളും പുരുഷന്മാരും ഉള്‍ക്കൊള്ളുന്ന ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ശ്രമഫലമാണ്. എല്ലാ വിഷയങ്ങളിലും സ്ത്രീകളെയും പുരുഷന്മാരെയും പരസ്പരം ശത്രുക്കളെ പോലെ വീക്ഷിക്കുന്നത് ശരിയല്ല. 
ഇന്ത്യന്‍ മുസ്ലിംകളില്‍ ബഹുഭൂരിഭാഗവും ഏക ഭാര്യത്വം സ്വീകരിക്കുന്നവരാണ്. അതിനാല്‍ ജീവിതാന്ത്യം വരെ തങ്ങളുടെ ദാമ്പത്യം സന്തുഷ്ടമാക്കുന്നതിനാവശ്യമായ പ്രായവ്യത്യാസം ഇണകള്‍ കാംക്ഷിക്കുന്നു.
ഒന്നര നൂറ്റാണ്ടോളമായി നിലനില്‍ക്കുന്ന ഒരാശയമാണ് ഫെമിനിസം. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യം വരെ സ്ത്രീകളുടെ ഗുണങ്ങള്‍ സൂചിപ്പിക്കാനുള്ള ഒരു വാക്കായിരുന്നു ഫെമിനിസം. ഇതിന്റെ മൊത്തത്തിലുള്ള നിര്‍വചനമനുസരിച്ച് ഓരോ സ്ത്രീയും പുരുഷനും തുല്യരായാണ് സൃഷ്ടിക്കപ്പെടുന്നത്- തൊഴില്‍ രംഗത്തും പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും. ആധുനിക ഫെമിനിസ്റുകള്‍ സ്ത്രീപുരുഷാന്തരം തന്നെ നിഷേധിക്കുന്നു. സ്ത്രീകളുടെ ധര്‍മമായ ഗൃഹഭരണവും സന്താന പരിപാലനവും നിരുത്സാഹപ്പെടുത്തുകയും സ്ത്രീകള്‍ പുരുഷന്മാരുടെ കര്‍മ മേഖലകള്‍ ഏറ്റെടുക്കുന്നതിന് പ്രോത്സാഹിക്കുകയും ചെയ്യുന്നു. പരമ്പരാഗത വിവാഹരീതികളെ തിരസ്കരിക്കുന്നു. സ്ത്രീ പുരുഷ പ്രകൃതിയെയും വേദഗ്രന്ഥങ്ങളിലൂടെ അവതീര്‍ണമായ സ്ത്രീപൂരുഷ ധര്‍മങ്ങളെയും തള്ളിക്കളയുകയും ചെയ്യുന്നു. 
പുരുഷനും സ്ത്രീക്കും ദൈവദത്തമായ ചില ദൌത്യങ്ങളുണ്ട്. സ്ത്രീയുടെ ദൌത്യം പുരുഷന് നിര്‍വഹിക്കാനില്ല. മറിച്ചും. ഫെമിനിസ്റുകള്‍ ഇത് അംഗീകരിക്കുന്നില്ല. ഇസ്ലാമിക പ്രത്യയശാസ്ത്രത്തിന് നിലനില്‍ക്കാന്‍ ഒരു ഊന്ന് വടിയുടെ ആവശ്യമില്ല. മറ്റൊരു ഭൌതികാശയത്തിനുള്ളില്‍ അതിനെ തിരുകിക്കയറ്റേണ്ട ഗതികേടുമില്ല. അതുകൊണ്ട് തന്നെ 'ഇസ്ലാമിക് ഫെമിനിസം, ഇസ്ലാമിസ്റ് ഫെമിനിസം' എന്നിത്യാദി പ്രയോഗങ്ങള്‍ 'ഇസ്ലാമിക് കമ്യൂണിസം' എന്ന് പറയുന്നതുപോലെ വര്‍ജിക്കേണ്ടതാണ്. 
അബ്ദുള്ള 
ചാവക്കാട്

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top