കൗമാരം പ്രശ്‌നങ്ങളുടെ കാലം

ഡോ: ജൗഹറ ഷറഫ്‌ No image

ബാല്യത്തില്‍ നിന്നും യൗവനത്തിലേക്ക് കടക്കുന്നതിന്റെ മുന്നോടിയാണ് കൗമാരം. ജീവിതത്തിലെ നിര്‍ണായകമായ ഘട്ടമാണിത്. കുട്ടിയുമല്ല മുതിര്‍ന്നവനുമല്ല. ഒരര്‍ഥത്തില്‍ അനാഥമായൊരു പ്രായമാണിത്. മാതാപിതാക്കള്‍ കുട്ടികളെപ്പോലെ താലോലിക്കുകയും താന്‍ വളര്‍ന്നുവെന്ന് കുട്ടികള്‍ ധരിക്കുകയും ചെയ്യുന്ന പ്രായം.
ലൈംഗിക പക്വത അല്ലെങ്കില്‍ ഋതുവാകുന്ന അവസ്ഥ പ്രാപിക്കുമ്പോഴാണ് ഒരു കുട്ടി കൗമാരപ്രായത്തിലെത്തുന്നത്. ഏകദേശം 11 വയസ്സു മുതല്‍ 18 വയസ്സു വരെയുള്ള കാലഘട്ടമാണ് കൗമാരപ്രായമായി കണക്കാക്കുന്നത്. ജനസംഖ്യയുടെ 30 ശതമാനം കൗമാരക്കാരാണ്.
കൗമാരത്തില്‍ ശാരീരിക വളര്‍ച്ച അതിന്റെ ഉന്നതിയില്‍ എത്തിച്ചേരുമ്പോള്‍ രൂപത്തിലും, ഭാവത്തിലും, ഉയരത്തിലും, ഭാരത്തിലും വര്‍ധനവ് ഉണ്ടാവുന്നു. ആന്തരികാവയവങ്ങള്‍ വളരുകയും ഗ്രന്ഥികള്‍ സജീവമാകുകയും ചെയ്യുന്നു. ഹോര്‍മോണുകളുടെ വ്യതിയാനം, മൂലമുണ്ടാകുന്ന വൈകാരിക മാറ്റങ്ങള്‍ അവരെ സംഭ്രാന്തരാക്കുന്നു. ഉത്കണ്ഠ, ഭയം, സ്‌നേഹം, ഇണയെ തേടാനുള്ള ത്വര തുടങ്ങിയ വികാരങ്ങള്‍ പ്രകൃതിജന്യമായി കൂടെയുണ്ടാകുന്നു. കൗമാരം സാമൂഹിക ബന്ധങ്ങളുടെയും സമ്പര്‍ക്കങ്ങളുടെയും കാലമായതിനാല്‍ എതിര്‍ലിംഗങ്ങളോട് താല്‍പര്യമുണരുന്നു. കുടുംബബന്ധങ്ങളെക്കാളും മാതാപിതാക്കളെക്കാളും സുഹൃത്തുക്കള്‍ക്ക് പ്രാധാന്യം നല്‍കുന്ന കാലമാണിത്. നല്ല സുഹൃത്തുക്കളെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ കൗമാരകാലം സന്തോഷകരവും വിജയകരവുമാക്കാം.
പ്രമേഹം, പ്രഷര്‍ തുടങ്ങിയ രോഗങ്ങളുടെ തുടക്കം പലപ്പോഴും കൗമാരകാലത്താകാം. പാരമ്പര്യമായി അത്തരം രോഗമുള്ള കുടുംബത്തിലെ കൗമാരക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. പകര്‍ച്ചവ്യാധികളും കൗമാരക്കാര്‍ക്ക് വരാന്‍ സാധ്യതയേറെയാണ്.
കൗമാരക്കാരെ ഏറെ അലട്ടുന്ന പ്രശ്‌നമാണ് 'സൗന്ദര്യബോധം.' മുഖക്കുരു അതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നു. ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനം സ്‌നേഹഗ്രന്ഥികളില്‍ തടസ്സമുണ്ടാക്കുന്നതിനാലാണ് മുഖക്കുരു ഉണ്ടാകുന്നത്. ചെറിയ അളവില്‍ എല്ലാവരിലും കാണാമെങ്കിലും കുറച്ചു പേര്‍ക്കെങ്കിലും ഇതൊരു വലിയ പ്രശ്‌നമായി മാറുന്നു. കൈകള്‍ കൊണ്ട് കുരുകള്‍ കുത്തിപ്പൊട്ടിക്കുന്നത് പാട് വരാന്‍ കാരണമാകും. മാര്‍ക്കറ്റില്‍ ലഭ്യമായ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നതും വിപരീത ഫലങ്ങളാണുണ്ടാക്കുക. ഗുരുതരമാണെങ്കില്‍ ഡോക്ടറുടെ സേവനം തേടേണ്ടതാവശ്യമാണ്. ഇതൊരു ചെറിയ കാര്യമാണെന്നും തികച്ചും സ്വാഭാവികം മാത്രമാണെന്നും കുറച്ചുവര്‍ഷങ്ങള്‍ കൊണ്ടതിനെ അതിജീവിക്കുമെന്നും മനസ്സിലാക്കിയാല്‍ അതേപറ്റിയുള്ള മനഃപ്രയാസം കുറക്കാനും ആത്മവിശ്വാസത്തോടെ മറ്റുള്ളവരെ നേരിടാനും കഴിയും.
സ്വന്തം ശരീരത്തിന്റെ കുറവുകളെക്കുറിച്ച് ആലോചിച്ച് വ്യാകുലപ്പെടുന്നത് കൗമാരകാലത്ത് വളരെ സാധാരണമാണ്. വണ്ണം കൂടിയെന്നും കുറഞ്ഞെന്നും, വെളുപ്പ് കൂടിയെന്നും കുറഞ്ഞെന്നും ഓര്‍ത്ത് വിഷമിക്കുക സാധാരണം. വണ്ണം കൂടിയെന്ന ധാരണയില്‍ ആഹാരം കഴിക്കാതിരിക്കുക പെണ്‍കുട്ടികളുടെ പതിവാണ്. അതുപോലെ വണ്ണം കൂട്ടാന്‍ വേണ്ടി കലോറി കുറഞ്ഞ 'ഫാസ്റ്റ്ഫുഡ്' ശീലമാക്കുന്നതും നല്ലതല്ല. വളരുന്ന കാലഘട്ടത്തില്‍ സമീകൃതാഹാരം കഴിക്കേണ്ടതത്യാവശ്യമാണ്.
മാസമുറയും അതിനോടനുബന്ധിച്ചുള്ള യഥാര്‍ഥങ്ങളും അയഥാര്‍ഥങ്ങളുമായ പ്രശ്‌നങ്ങള്‍ പെണ്‍കുട്ടികളെ വ്യാകുലപ്പെടുത്താറുണ്ട്. മുമ്പൊക്കെ 14-15 വയസ്സോടെയാണ് ആര്‍ത്തവം ആരംഭിച്ചിരുന്നത്. മാറിയ ജീവിതരീതിയുടെയും ഭക്ഷണക്രമത്തിന്റെയും മാനസിക സംഘര്‍ഷങ്ങളുടെയുമെല്ലാം ഫലമായി 10-11 വയസ്സാകുമ്പോഴേക്ക് ആര്‍ത്തവം ആരംഭിക്കുന്ന സ്ഥിതിയാണിപ്പോള്‍. ആദ്യകാലങ്ങളില്‍ ക്രമം തെറ്റിയതും ഒന്നോ രണ്ടോ ദിവസങ്ങളോ, അല്ലെങ്കില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നതോ ആയ മാസമുറ സ്വാഭാവികമാണ്. ആ വിവരം അറിയാമെന്നുണ്ടെങ്കില്‍ അനാവശ്യമായ ആകാംക്ഷ ഒഴിവാക്കാം. രക്തംപോക്ക് നീണ്ടു നില്‍ക്കുകയാണെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.
ശരിക്കുള്ള ആര്‍ത്തവ ചക്രം 28 ദിവസമാണെങ്കിലും 21 മുതല്‍ 40 ദിവസം വരെയുള്ള ആര്‍ത്തവചക്രം (Menstrual cycle) സ്വാഭാവികമാണ്. ആര്‍ത്തവത്തോടനുബന്ധിച്ച് വ്യത്യസ്ത ആളുകളില്‍ വ്യത്യസ്തങ്ങളായ രോഗലക്ഷണങ്ങള്‍ പ്രകടമാണ്. ചിലര്‍ക്ക് യാതൊരു അസ്വസ്ഥതയുമില്ലാതെ വളരെ സുഗമമായി ആര്‍ത്തവം നടക്കാറുണ്ട്. ഇതിന് മുന്നോടിയായുള്ള ദേഷ്യം, സങ്കടം, ശ്രദ്ധയില്ലായ്മ, ഉത്കണ്ഠ (Premenstrual Disorder) എന്നിവ തികച്ചും സ്വാഭാവികമാണ്. ചിലരില്‍ ആര്‍ത്തവം കഴിഞ്ഞുള്ള ദിവസങ്ങളിലും ഇതുപോലുള്ള ലക്ഷണങ്ങള്‍ പ്രകടമാണ്. ഹോര്‍മോണ്‍ വ്യതിയാനം മൂലമാണ് ഇതെല്ലാം സംഭവിക്കുന്നത്. ആര്‍ത്തവത്തോടനുബന്ധിച്ചുണ്ടാവുന്ന ചെറിയ അസ്വസ്ഥതകള്‍ക്ക് വേദനസംഹാരികളെയും മറ്റു പാര്‍ശ്വഫലങ്ങളുണ്ടാക്കുന്ന മരുന്നുകളെയും ആശ്രയിക്കുന്നത് ശരിയല്ല. ഈ ബുദ്ധിമുട്ടുകള്‍ കുറക്കാനാവശ്യമായ സ്വാഭാവിക രീതിയാണ് ആദ്യം ചെയ്യേണ്ടത്. അതുകൊണ്ടൊന്നും കുറയുന്നില്ലെങ്കിലേ മരുന്നുകളെ ആശ്രയിക്കേണ്ടതുള്ളൂ. ഇത്തരം കാര്യങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് ഒരു ധാരണ ഉണ്ടാക്കി കൊടുക്കേണ്ടത് മാതാക്കളുടെ കടമയാണ്.
ശാരീരിക ശുചിത്വം (പ്രത്യേകിച്ചും - ലൈംഗികാവയവങ്ങളുടെയും സ്തനങ്ങളുടെയും) വളരെ പ്രധാനമാണ്. 10-12 വയസ്സാകുമ്പോഴേ ഇതിനെക്കുറിച്ച് ബോധവാന്മാരായിരിക്കണം. ശുചിത്വക്കുറവുമൂലമുള്ള ഫംഗസ്ബാധ കൗമാരത്തില്‍ വളരെ സാധാരണമാണ്. കക്ഷങ്ങളെയും തുടയിടുക്കുകളെയുമാണ് ഇത് കാര്യമായി ബാധിക്കുന്നത്.
ജനനേന്ദ്രിയങ്ങള്‍ വികാസം പ്രാപിക്കുന്നതോടൊപ്പം ലൈംഗികമായ വികാര വിചാരങ്ങള്‍ മനസ്സില്‍ തോന്നുക സ്വാഭാവികമാണ്. എന്നാല്‍ സമൂഹം അംഗീകരിക്കാത്ത ബന്ധമോ, കൃത്യമോ നടന്നുപോയാല്‍ നമ്മുടെ ഭാവിജീവിതത്തിലും, സാമൂഹിക ജീവിതത്തിലും അത് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതിനാല്‍ അത്തരം വിചാരങ്ങളെ നിയന്ത്രിച്ച് മനസ്സിനെ ക്രിയാത്മകമായ മറ്റു വഴികളിലേക്ക് തിരിച്ചു വിടാന്‍ കഴിയണം. ഇത്തരം തെറ്റുകളിലേക്ക് നയിക്കാനിടവരുന്ന സാഹചര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ ശ്രമിക്കണം. നിയന്ത്രണാതീതമായ എന്തെങ്കിലും തെറ്റുകളില്‍ ചെന്നുപെടാന്‍ ഇടയായാല്‍ ഉടന്‍ തന്നെ മാതാപിതാക്കളുടെയോ മറ്റു മുതിര്‍ന്നവരുടെയോ ശ്രദ്ധയില്‍പെടുത്തണം.
എത്ര വലിയ പ്രശ്‌നമായാലും അത് മാതാപിതാക്കളോട് തുറന്നു പറയാനുള്ള സാഹചര്യം വീട്ടില്‍ സൃഷ്ടിക്കപ്പെടുന്നത് പ്രശ്‌നപരിഹാരത്തിന് ഏറെ സഹായിക്കും. കാര്യങ്ങള്‍ മനസ്സിലാക്കിയ ശേഷം നല്ല വശങ്ങള്‍ക്ക് കുട്ടിയെ അഭിനന്ദിക്കുകയും ശരിയല്ലാത്തത് എന്തൊക്കെ, എന്തുകൊണ്ട് എന്ന് വിശദീകരിച്ച് കൊടുക്കുകയും വേണം. പകരം 'നീ കുട്ടിയാണ്, നിനക്കൊന്നും അറിഞ്ഞു കൂടാ' എന്ന അടഞ്ഞ സമീപനം കുട്ടിയെ നിഷേധിയാക്കും.
മാതാപിതാക്കളുടെ സമീപനം പരസ്പരവിരുദ്ധമാകാന്‍ പാടില്ല. ശിക്ഷണസമീപന രീതികളിലുള്ള അവരുടെ അഭിപ്രായവ്യത്യാസം കുട്ടികളടുത്തില്ലാത്തപ്പോള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം. മാതാപിതാക്കള്‍ നല്‍കുന്ന പരസ്പര വിരുദ്ധ നിര്‍ദേശങ്ങള്‍ കുട്ടിയുടെ വ്യക്തിത്വ വികാസത്തെയും അവരുടെ തീരുമാനമെടുക്കാനുള്ള കഴിവിനെയും പ്രതികൂലമായി ബാധിക്കും. കുട്ടിക്ക് പറയാനുള്ളത് കേള്‍ക്കുകയും മനസ്സിലാക്കുകയും വേണം.
സ്വന്തം ശരീരത്തിനും മനസ്സിനുമുണ്ടാകുന്ന വ്യതിയാനങ്ങള്‍ അത്ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന ഒരു കാലമാണ് കൗമാരം.
താന്‍ മറ്റുള്ളവരുടെ മുന്നില്‍ ആകര്‍ഷണമാകണമെന്നുള്ള ബോധം സ്വയം ഉടലെടുക്കുമ്പോള്‍ എന്തു വിക്രിയങ്ങളും കാട്ടിക്കൂട്ടാന്‍ ഒരുമ്പെടുന്നു. ഇത് എന്റെ പ്രായത്തിന്റെ തകരാറാണെന്ന് ബോധ്യപ്പെടുമ്പോള്‍ അതില്‍ നിന്ന് മോചനവും ലഭിക്കുന്നു. അല്ലെങ്കില്‍ ഒരു തരത്തിലുള്ള കോംപ്ലക്‌സുകള്‍ വേട്ടയാടപ്പെടുകയും മാനസിക വൈഷമ്യങ്ങള്‍ ഉണ്ടാവുകയും ലഹരികള്‍ക്ക് വിധേയമാവുകയും ചെയ്യുന്നു. ഫ്രോയിഡ് ഇതിനെക്കുറിച്ച് പറഞ്ഞത് ''അടിച്ചമര്‍ത്തപ്പെട്ട ലൈംഗിക വികാരങ്ങളുടെ ഉണര്‍വ് കൗമാരത്തില്‍ സ്വതന്ത്രയായി തീരുമ്പോള്‍ ഉണ്ടാവുന്നു.'' അനാവശ്യമായ പ്രയാസങ്ങളും ഉത്കണ്ഠകളും വിളിച്ചു വരുത്തുന്ന ആപത്തുകളില്‍ നിന്നുണരാന്‍ ലൈംഗിക വിദ്യാഭ്യാസം അത്യാവശ്യമാണ്. എന്നാല്‍ ഇത് ഒരു മനഃശാസ്ത്രജ്ഞന്റെയോ ഒരു മനഃശാസ്ത്രജ്ഞന്റെ കീഴില്‍ അറിവു നേടിയ അധ്യാപകരുടെയോ നിയന്ത്രണത്തിലായിരിക്കണം.
ഒരേസമയം കുട്ടിയും മുതിര്‍ന്ന വ്യക്തിയും സമ്മേളിച്ചിരിക്കുന്ന വ്യക്തിത്വമാണ് കൗമാരകാലം. സമയാസമയം പോലെ അവരിലെ മുതിര്‍ന്ന വ്യക്തിക്ക് സ്വാതന്ത്ര്യവും, കുട്ടിക്ക് സ്വാന്ത്വനവും സുരക്ഷിതത്വവും നല്‍കിയാലേ ഈ കാലയളവ് വിജയകരമായി കടന്നുപോകാന്‍ അവര്‍ക്ക് കഴിയുകയുള്ളൂ. വീട്ടില്‍ നിന്നും വേണ്ട രീതിയിലുള്ള സ്വാതന്ത്ര്യവും സുരക്ഷിതത്വവും കിട്ടിയില്ലെങ്കില്‍ ചീത്ത ശീലങ്ങള്‍ക്കടിപ്പെട്ടു പോകാന്‍ സാധ്യതയുണ്ട്.
വളര്‍ച്ചയുടെ ഈ പ്രായത്തില്‍ ശാരീരികവളര്‍ച്ചക്കുതകുന്ന സന്തുലിതമായ ഭക്ഷണം അവര്‍ക്കാവശ്യമാണ്. ശൈശവത്തിലെന്ന പോലെ കൗമാരത്തിലും ശ്രദ്ധാപൂര്‍വം ഭക്ഷണം തെരഞ്ഞെടുക്കണം. ധാരാളം ഊര്‍ജ്ജം, മാംസ്യം, വൈറ്റമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ ക്രമമായും മതിയായ അളവിലും ഉണ്ടായിരിക്കണം. ധാരാളം വെള്ളം കുടിക്കണം. ശരിയായ വ്യായാമവും വിശ്രമവും വേണം.
കുട്ടിയോടുമാത്രം സ്‌നേഹം പ്രകടിപ്പിച്ചാല്‍ പോര. മാതാപിതാക്കള്‍ തമ്മിലുള്ള സൗഹൃദവും കുട്ടിക്ക് ബോധ്യപ്പെടണം. ആവശ്യത്തിനും അനാവശ്യത്തിനും കുട്ടികളെ ശിക്ഷിക്കരുത്. ക്രൂരമായ ശിക്ഷാരീതികള്‍ കുട്ടികളുടെ സ്വഭാവരൂപീകരണത്തെയും ആത്മവിശ്വാസത്തെയും ബാധിക്കും. എത്ര തിരക്കുള്ള മാതാപിതാക്കളായാലും അവര്‍ ഓരോ ദിവസവും കുട്ടികളുമായി നിശ്ചിത സമയം ഇടപഴകുന്നുവെന്ന് ഉറപ്പുവരുത്തണം.
കുട്ടിയെ ഒരു വ്യക്തിയായി പരിഗണിച്ച് അവര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കണം. കൗമാരക്കാരായ കുട്ടികള്‍ക്ക് സങ്കോചമോ ഉള്‍ഭയമോ ഇല്ലാതെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള കുടുംബ സാഹചര്യം മാതാപിതാക്കള്‍ സൃഷ്ടിക്കണം.
ഇത്തിരി അലസത, കുറച്ച് ഉറക്കക്കൂടുതല്‍, ഉത്തവാദിത്വക്കുറവ് ഇതൊക്കെ കൗമാരത്തിന്റെ പ്രത്യേകതയാണ്. അതൊന്നും അവരുടെ കുറ്റമല്ല എന്ന് മനസ്സിലാക്കി അവരെ സ്‌നേഹവൂര്‍വം നല്ല മാര്‍ഗത്തിലേക്ക് നയിക്കുകയെന്നത് മാതാപിതാക്കളുടെ കടമയാണ്.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top