ഭൂമിയിലെ സ്വര്‍ഗം തേടി

ശബ്ന പള്ളിയേടത്ത് No image

എല്ലാ വര്‍ഷവും ഞങ്ങള്‍ കുടുംബസമേതം എവിടേക്കെങ്കിലും യാത്ര നടത്തുക പതിവാണ്. ഇത്തവണ ആഗ്ര, ഡല്‍ഹി, അമൃത്സര്‍ വഴി കാശ്മീരിലേക്കായിരുന്നു പോയത്. മാതാപിതാക്കളും സഹോദരങ്ങളും മക്കളുമൊക്കെയായി പതിനാല് പേരുണ്ടായിരുന്നു സംഘത്തില്‍. പഞ്ചാബില്‍ ജോലിചെയ്യുന്ന സഹോദരനും ഭാര്യയും ഇരട്ടക്കുട്ടികളുമായി ആഗ്രയില്‍ വന്ന് ഞങ്ങളെ കാത്തിരുന്നു.
രണ്ട് ദിവസം ആഗ്രയില്‍ ചെലവഴിച്ച്, താജ്മഹലും ആഗ്രാകോട്ടയും സിക്കന്ദറും രാധാസ്വാമിയുടെ ദയാല്‍ ബാഗും ഇത്തിമാദുദൌലയുടെ ശവകുടീരവുമൊക്കെ കണ്ടു മനം നിറച്ചാണ് ഡല്‍ഹിയിലെത്തിയത്.
ചേതോഹരം മാത്രമായിരുന്നില്ല ആഗ്രയിലേയും ഡല്‍ഹിയിലേയും കാഴ്ചകള്‍; അവിടങ്ങളിലെ ചരിത്രശേഷിപ്പുകള്‍ ഏതൊരു ഇന്ത്യക്കാരനെയും അഭിമാന പുളകിതനാക്കുകതന്നെ ചെയ്യും.
ചരിത്രത്തിന്റെ ശബ്ദവും വെളിച്ചവും
ചെങ്കോട്ടയിലെ 'ലൈറ്റ് ആന്റ് സൌണ്ട് ഷോ' കാണേണ്ടതും കേള്‍ക്കേണ്ടതുമാണ്. ഹിന്ദിയിലും ഇംഗ്ളീഷിലുമായി എന്നും രണ്ട് ഷോകളാണുള്ളത്. 1628-ല്‍ ഷാജഹാന്‍, ഷാജഹാനാബാദ് എന്ന പേരില്‍ നഗരം പണിതത് മുതല്‍ സ്വാതന്ത്യ്രം ലഭിക്കുന്നത് വരെയുള്ള നൂറ്റാണ്ടുകളുടെ ചരിത്രമാണ് ശബ്ദവും വെളിച്ചവുമായി നമ്മുടെ മുമ്പിലൂടെ കടന്നു പോകുന്നത്. മധ്യകാല ഇന്ത്യാ ചരിത്രത്തിലെ മുഗള്‍ സാമ്രാജ്യത്തിന്റെ ഉയര്‍ച്ചയും തളര്‍ച്ചയും പതനങ്ങളും വിശദമായി ഉപ്പ വിവരിച്ചു തന്നതിനാല്‍ ഈ ലൈറ്റ് ആന്റ് സൌണ്ട് ഷോ നല്ല ഒരനുഭവമായി.
വീട്ടില്‍ നിന്ന് കേള്‍ക്കാറുള്ള ഉറുദു കവി മിര്‍സാഗാലിബിന്റെ ഗസലുകള്‍ സാന്ദര്‍ഭികമായി അവതരിപ്പിക്കപ്പെട്ടപ്പോള്‍ വല്ലാത്ത അനുഭൂതിയായിരുന്നു. മുഗള്‍ സാമ്രാജ്യത്തിലെ അവസാനത്തെ ചക്രവര്‍ത്തി ബഹദൂര്‍ഷാ സഫറിന്റെ ആസ്ഥാന കവികളില്‍ പ്രമുഖനായ മിര്‍സാ ഗാലിബ് കണ്‍മുമ്പില്‍ നിന്നാണ്
"ദിലേ നാദാന്‍ തുഝേ ഹുവാ ക്യാഹെ
ആഖിര്‍ ഇസ് ദര്‍ദ് കി ദവാ ക്യാഹെ?''
എന്ന് ഹൃദയത്തില്‍ തൊട്ടുകൊണ്ട് പാടുന്നതെന്ന് തോന്നിപ്പോയി.
പുരാവസ്തുവകുപ്പിന്റെ ഉടമസ്ഥതയിലുള്ള നിരവധി പള്ളികളിലൊന്നായ ചെങ്കോട്ടയിലെ മോതി മസ്ജിദില്‍ നിന്ന് ബാങ്കൊലി കേള്‍ക്കുക ഈ ഷോയുടെ വേളയില്‍ തികച്ചും നിഷേധാത്മകമാണ്. സംഗീതത്തിന്റെയും കലയുടെയും മയ്യിത്ത് ഖബറടക്കാന്‍ പോകുന്ന ചിത്രീകരണം കൂടിയാകുമ്പോള്‍ ചിത്രം പൂര്‍ത്തിയാവുന്നു.
അന്തഃപുരത്തിലെ നര്‍ത്തകിമാരുടെ ചൊല്‍പടിക്കനുസരിച്ച് രാജ്യത്തെ വിലപിടിപ്പുള്ളതെന്തും കാഴ്ചവെച്ച, സ്ഥാനമാനങ്ങള്‍ കനിഞ്ഞരുളിയ ചക്രവര്‍ത്തിമാരില്‍ പെട്ട മുഹമ്മദ് ഷായുടെ കാലത്ത് പേര്‍ഷ്യക്കാരനായ നാദിര്‍ഷായുടെ പടയോട്ടം തൊട്ടടുത്ത ചാന്ദ്നീ ചൌക്കിലെത്തിയെന്ന് കാവല്‍ക്കാരന്‍ വന്നുപറയുമ്പോള്‍ 'അന്ദുസ് ദില്ലി ദൂര്‍ ദസ്ത്' (ഇല്ല, ഡല്‍ഹി ഇനിയും എത്രയോ അകലെയാണ്) എന്ന് മദ്യലഹരിയില്‍ പറഞ്ഞ് മോഹാലസ്യപ്പെടുന്ന ചക്രവര്‍ത്തിയുടെ ശബ്ദം ആരുടെയും കണ്ണു നനക്കും. ഇന്ത്യ ഭരിച്ച മുസ്ലിം ഭരണാധികാരികളുടെ ഈ അവസ്ഥ ആരേയും ഇരുത്തി ചിന്തിപ്പിക്കും. മയൂര സിംഹാസനവും കോഹിന്നൂര്‍ രത്നവും 700 കോടി രൂപയുടെ മോചനദ്രവ്യവുമായാണ് അന്ന് നാദിര്‍ഷാ ഡല്‍ഹി വിട്ടത്. പലതും വേണ്ട പോലെ സംരക്ഷിക്കപ്പെടുന്നില്ലെന്നാണ് അനുഭവം. ഗ്വാളിയോറിലും ഝാന്‍സായിലുമൊക്കെ ഇടിഞ്ഞു പൊളിഞ്ഞ ചരിത്രപ്രസിദ്ധമായ കോട്ടകളുടെ അവശിഷ്ടങ്ങള്‍ ട്രെയിന്‍ യാത്രക്കിടയില്‍ നമുക്ക് കാണാനാവും.
രാത്രി ചാന്ദ്നി ചൌക്കിലൂടെ നടക്കുമ്പോള്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ അന്തഃപുര സ്ത്രീകള്‍ക്ക് ഷോപ്പിംഗ് നടത്താന്‍ വേണ്ടിയായിരുന്നു ഈ കച്ചവടത്തെരുവ് സ്ഥാപിച്ചതെന്ന ചരിത്രബോധം അത്ഭുതമാണ് ഉണ്ടാക്കിയത്. അന്ന് വൈദ്യുതി വെട്ടമില്ലാതിരുന്നിട്ടും കണ്ണാടിക്കൂടുകളില്‍ പ്രതിഫലിക്കുന്ന വര്‍ണവൈവിധ്യമുള്ള വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന ആ ചൌക്കിന് ചാന്ദ്നീ ചൌക്ക് (പൂനിലാ തെരുവ്) എന്ന് പേരിട്ടവന്റെ ഭാവനയെക്കുറിച്ച് അസൂയ തോന്നി. സ്ത്രീകള്‍ക്ക് മാത്രമായിരുന്നു അന്ന് ഈ ചന്തയിലേക്ക് പ്രവേശനമുണ്ടായിരുന്നത്. അവര്‍ രാവേറെ ചെല്ലുന്നതുവരെ തങ്ങള്‍ക്കാവശ്യമുള്ള സൌന്ദര്യവര്‍ധക വസ്തുക്കളും മറ്റും ക്രയവിക്രയം ചെയ്തു. മഞ്ചലുകളും കുതിരവണ്ടികളും തെരുവിന്റെ കവാടത്തിന് പുറത്ത് നിര്‍ത്തി, തോഴികളോടൊപ്പം ചുറ്റിനടന്നു അവര്‍ സാധനങ്ങള്‍ വാങ്ങി.
ഡല്‍ഹി മെട്രോ ട്രെയിന്‍ രാത്രി താമസസ്ഥലത്തേക്ക് തിരിക്കുമ്പോള്‍ ഒറ്റക്കും കൂട്ടായും ഷോപ്പിംഗിന് വരുന്ന യുവതികളും മധ്യവയസ്കരും ആധുനിക വേഷവിധാനങ്ങളോടെ ട്രെയിനില്‍ ഇരിക്കുന്നത് കണ്ടു. നൂറ്റാണ്ട് മുമ്പ് അന്തഃപുര സ്ത്രീകളുടെ ചായം തേച്ച ചുണ്ടുകളും കവിളുകളും പൂക്കള്‍ തുന്നിയ ഉടയാടകളും ഇന്നത്തെ യുവതികളുടെ സൌന്ദര്യവര്‍ധക വസ്തുക്കളുപയോഗിച്ച മുഖവും വെറുതെ താരതമ്യം ചെയ്തുനോക്കി. ഏതാനും മിനുട്ടുകള്‍ക്കകം മെട്രോ ട്രെയിന്‍ ഞങ്ങളുടെ സ്റേഷനില്‍ എത്തിയപ്പോഴാണ് ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നത്.
പഞ്ചാബില്‍
പിറ്റേന്ന് രാത്രിയിലാണ് ഫിറോസ്പൂരിലേക്ക് യാത്ര തിരിച്ചത്. അവിടെയാണ് സഹോദരന് ജോലി. അവന്റെ വീട്ടില്‍ രണ്ടു ദിവസം തങ്ങിയപ്പോള്‍ പഞ്ചാബിന്റെ ഗ്രാമീണ സൌന്ദര്യം ആസ്വദിക്കാന്‍ വേണ്ടത്ര സമയം ലഭിച്ചു. നല്ല അധ്വാനശീലരായ സിക്കുകാര്‍ പഞ്ചാബിന്റെ ഓരോ ഇഞ്ചു സ്ഥലത്തും ഗോതമ്പും കരിമ്പും മറ്റു നിരവധി കാര്‍ഷിക ഉല്‍പന്നങ്ങളും വിളയിക്കുന്നു. വിദേശത്ത്, പ്രത്യേകിച്ച് അമേരിക്ക, കാനഡ, ബ്രിട്ടണ്‍ തുടങ്ങിയ പാശ്ചാത്യ നാടുകളില്‍ ജോലി ചെയ്യുന്ന സിക്കുകാര്‍ കൃഷിയിറക്കാനും കൊയ്തെടുക്കാനും വേണ്ടി ലീവെടുത്ത് നാട്ടില്‍ വരുമത്രെ. സ്വയം ട്രാക്ടറും യന്ത്രങ്ങളും ഉപയോഗിച്ച് കൊയ്ത്തിനും മെതിക്കുമൊക്കെ അധ്വാനശീലരായ മധ്യവയസ്കര്‍ പോലും രംഗത്തുണ്ട്. ഒരു പക്ഷേ ഇന്ത്യയില്‍ മറ്റെങ്ങുമില്ലാത്ത സുഭിക്ഷയാണ് പഞ്ചാബിലുള്ളതെന്ന് മനസ്സിലാക്കാം.
പ്രശസ്തമായ സുവര്‍ണ ക്ഷേത്രം കാണാനാണ് രാവിലെ യാത്ര തിരിച്ചത്. പിന്‍ഭാഗത്ത് കിടന്നുറങ്ങാനും ഒന്നിച്ചു കളിക്കാനും പറ്റിയ പ്രത്യേക പ്ളാറ്റ്ഫോമും മുന്‍വശത്ത് സീറ്റുകളുമുള്ള പ്രത്യേകതരം വണ്ടിയായിരുന്നു യാത്രക്കായി വാടകക്കെടുത്തത്. വയലേലകളുടെ ഇടയിലൂടെയുള്ള റോഡില്‍ അതിവേഗം ഓടുന്ന വണ്ടിയില്‍ നിന്നുള്ള കാഴ്ച ചേതോഹരമായിരുന്നു.
ഞങ്ങള്‍ ഖാദിയാന്‍ എന്ന ഗ്രാമത്തിലെത്തി. പുതിയ പ്രവാചകത്വ വാദിയുമായി ബന്ധപ്പെട്ട് കേട്ടിരുന്നെങ്കിലും നേരില്‍ കാണാമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങളുടെ വണ്ടിക്ക് കടക്കാനുള്ള വീതി അഹമ്മദി മൊഹല്ലയിലെ ഗല്ലികള്‍ക്കുണ്ടായിരുന്നില്ല. ഞങ്ങള്‍ ഇറങ്ങി നടന്നു. ഇടുങ്ങിയ ഗല്ലികള്‍ക്കിരുഭാഗത്തും സിക്കുകാരുടെ കച്ചവട സ്ഥാപനങ്ങളായിരുന്നു. ഉത്തരേന്ത്യന്‍ ഗല്ലികളുടെ വൃത്തികേടുകള്‍ക്ക് ഇവിടെയും കുറവൊന്നുമുണ്ടായിരുന്നില്ല.
അഹമ്മദികളുടെ പള്ളികളും പാര്‍പ്പിടവുമൊക്കെയുള്ള മൊഹല്ല ആള്‍പ്പാര്‍പ്പില്ലാത്ത വിധം മൂകമായി കണ്ടു. അപരിചിതരാണെന്ന് മനസ്സിലാക്കി ചിലര്‍ ഞങ്ങളെ റിസപ്ഷനിലേക്കാനയിച്ചു. ഒരു കാശ്മീരിയെ ഗൈഡായി തന്നു. കേരളത്തില്‍ നിന്ന് പോലും മൃതദേഹങ്ങള്‍ മറവുചെയ്യാന്‍ കൊണ്ടുപോകുന്ന സ്വര്‍ഗീയ ശ്മശാനം (ബഹ്ശ്മീ മഖ്ബറ) സുന്ദരമായ ഒരു പാര്‍ക്ക് പോലെ സംരക്ഷിച്ചു പോരുന്നു. അവിടെ മാത്രമാണ് ഞങ്ങള്‍ അല്‍പനേരം ചെലവഴിച്ചത്. പൂന്തോട്ടവും മാവുകളടക്കമുള്ള തണല്‍മരങ്ങളും നിറഞ്ഞ ആ ഖബര്‍സ്ഥാനിലാണ് ഖാദിയാനികളുടെ പ്രവാചകനും ഖലീഫമാരുമൊക്കെ നിദ്ര കൊള്ളുന്നത്. ചില ഖബറുകള്‍ കാണിച്ചു തന്ന് അവ മലയാളികളുടെതാണെന്ന് ഗൈഡ്പറഞ്ഞു. മീസാന്‍ കല്ലില്‍ അവരുടെ പേരും ഊരുമൊക്കെ ഭംഗിയായി എഴുതിവെച്ചിരുന്നു. ഉള്ളത് പറയാമല്ലോ, വടക്കേ ഇന്ത്യയിലെ പല സ്ഥലങ്ങളിലും കാണാവുന്ന ഖബര്‍ പൂജ, അന്തവിശ്വാസാധിഷ്ഠിത കര്‍മങ്ങള്‍ ഒന്നും ഇവിടെ കാണാന്‍ സാധിച്ചില്ല. അങ്ങനെ ഒരു സാധ്യത പേടിച്ചാണത്രെ ഖാദിയാനിയുടെയും കുടുംബത്തിന്റെയും മറ്റു പ്രമുഖരുടെയും ഖബറുകള്‍ പ്രത്യേകം ഗ്രില്ലിട്ട് പൂട്ടിയിരിക്കുന്നത്.
അമൃതസരസ്സില്‍
ഞങ്ങള്‍ക്ക് ഉച്ചയാവാറാവുമ്പോഴേക്ക് അമൃത സരസ്സില്‍ എത്തണം. തിരിച്ചു നടന്ന് വണ്ടിയില്‍ കയറി. യാത്ര തുടര്‍ന്ന് അമൃതസരസ്സില്‍ ആദ്യം പോയത് ജാലിയന്‍ വാലാബാഗിലേക്കായിരുന്നു. 1919-ല്‍ ഈ മൈതാനത്ത് വെച്ചാണ് ബ്രിട്ടീഷ് കമാന്റര്‍ കേണല്‍ ഡയറിന്റെ നേതൃത്വത്തില്‍ നിരായുധരായ ഇന്ത്യക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. രക്തസാക്ഷികളുടെ കിണര്‍ ഇപ്പോഴും സന്ദര്‍ശകരുടെ കണ്ണു നനയിച്ചുകൊണ്ട് ഇന്ത്യന്‍ സ്വാതന്ത്യ്രസമര ചരിത്രത്തിന്റെ മൂകസാക്ഷിയായി നിലകൊള്ളുന്നു.
അവിടെ നിന്ന് നടന്നെത്താനുള്ള ദൂരത്താണ് സിക്കുകാരുടെ ഏറ്റവും വലിയ ഗുരുദ്വാരാ സുവര്‍ണ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കാലുകള്‍ കഴുകി പുരുഷന്മാരടക്കം തലമറച്ചുവേണം അതിനകത്തു പ്രവേശിക്കാന്‍. ചുറ്റും ഭക്തി സാന്ദ്രമായ അന്തരീക്ഷമാണ്. ഗ്രന്ഥ സാഹിബിലെ പഞ്ചാബി ഈരടികള്‍ ആലാപനം ചെയ്തുകൊണ്ടിരിക്കുന്നു. നാലുഭാഗത്തും വെള്ളം നിറഞ്ഞു നില്‍ക്കുന്നതിന്റെ മധ്യത്തിലായി പ്രധാന ക്ഷേത്രവും ചുറ്റുമുള്ള ക്ഷേത്രഭാഗത്ത് ഒരോ മുറികളിലും ഗ്രന്ഥ സാഹിബും ജനം സഖിയും വായിച്ചുകൊണ്ടിരിക്കുന്ന പൂജാരികളെയും കാണാം. നിവേദ്യം നല്‍കുന്ന കേന്ദ്രങ്ങളും ഇവിടെയുണ്ട്. ഒരു തരം മരത്തില്‍ പിടിച്ച് കരഞ്ഞുകൊണ്ടിരിക്കുന്ന സിഖുകാരോട് ഇതിന്റെ പ്രാധാന്യത്തെപ്പറ്റി ചോദിച്ചെങ്കിലും കരച്ചിലിനിടയില്‍ അവര്‍ പറഞ്ഞത് മനസ്സിലായില്ല. ഇന്ദിരാഗാന്ധിയുടെ കാലത്ത് നടന്ന ബ്ളൂസ്റര്‍ ഓപ്പറേഷന്റെ അടയാളങ്ങള്‍ കാണിച്ചു തന്ന തലപ്പാവുകാരന് പതിറ്റാണ്ടുകള്‍ക്ക് ശേഷവും രോഷവും സങ്കടവും അടക്കാനാവുന്നില്ല. അകാല്‍ തക്തിന് അന്നേറ്റ വെടിയുണ്ടകളുടെ ദ്വാരങ്ങള്‍ അതേപടി നിലനിര്‍ത്തിയിരിക്കുകയാണിപ്പോഴും. അത് കണ്ട് കരയുന്ന കാഴ്ച ഹൃദയ ഭേദകമാണ്.
വാഗാ അതിര്‍ത്തിയില്‍
അമൃതസരസ്സില്‍ നിന്ന് നേരെ പോയത് ഇന്ത്യാ പാകിസ്താന്‍ അതിര്‍ത്തിയായ വാഗയില്‍ സൂര്യാസ്തമയ സമയത്ത് നടക്കുന്ന 'പതാക താഴല്‍' പരിപാടി കാണാനാണ.് ഏതാണ്ട് ആയിരം പേര്‍ക്കിരിക്കാവുന്ന ഗാലറിയില്‍ ഒരിഞ്ച് സ്ഥലമില്ല. ഹിന്ദുസ്ഥാനും പാകിസ്താനും വിപരീതപദങ്ങളാണെന്ന് ആരോ തമാശയായി പറഞ്ഞത് യഥാര്‍ഥത്തില്‍ ശരിയാണെന്ന് തോന്നുന്ന തരത്തിലാണ് അവിടെ പരിപാടി നടക്കുന്നത്. തങ്ങളുടെ ദേശസ്നേഹം പ്രകടിപ്പിക്കാനെന്ന വ്യാജേന മറുപക്ഷത്തെ പ്രകോപിപ്പിക്കും വിധമുള്ള അഭ്യാസങ്ങളും ആക്രോശങ്ങളും നടത്തുകയാണ്. ഒപ്പം ചില ദേശീയ ഭ്രാന്തന്മാരെ ത്രിവര്‍ണപതാകയേന്തി നെടുനീളം ഒടിക്കാനും അവരെ കൈയടിച്ചും മുദ്രാവാക്യം മുഴക്കിയും പ്രോത്സാഹിപ്പിക്കാനും സേനാംഗങ്ങള്‍ നിര്‍ദേശിക്കുന്നു. ഇന്ത്യയിലെയും പാകിസ്താനിലെയും സിവിലിയന്മാര്‍ എന്നും ഇത് കാണാനായി വാഗയിലെത്തുന്നു. ഇത് എത്രയും വേഗം നിര്‍ത്തുന്നുവോ അത്രയും സൌഹാര്‍ദത്തിന് മുതല്‍ക്കൂട്ടാവുമെന്ന് കണ്ടുനിന്നവരിലെ വിവേകശാലികള്‍ പറയുന്നു. പക്ഷേ ഇത് വെറും ബാഹ്യപ്രകടനം മാത്രമാണെന്നും രണ്ടു സൈനിക വിഭാഗങ്ങളും ഏറെ സൌഹൃദത്തോടെയാണ് പെരുമാറുന്നതെന്നും ഒരു സൈനികോദ്യോഗസ്ഥന്‍ ഞങ്ങളോട് പറഞ്ഞത് നേരാകട്ടെ എന്നാശിച്ചുപോയി.
കാശ്മീരിലേക്ക്
ഒരുപാട് തവണ സ്വപ്നം കണ്ട ഇന്ത്യയിലെ ഏറ്റവും സുന്ദരമായ പ്രദേശത്തേക്കാണ് തുടര്‍ന്നുള്ള യാത്ര. 'ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അതിതാണ്' എന്ന് പറഞ്ഞത്, ഏറെക്കുറെ സത്യമാണെന്ന് അവിടം കണ്ടപ്പോള്‍ തോന്നിപ്പോയി.
ശ്രീനഗറിലെ മൂന്ന് ദിവസത്തെ യാത്രക്ക് തുടക്കമിടുമ്പോള്‍ സൈനിക വാഹനങ്ങളും ചെക്ക് പോയിന്റുകളുമാണ് ശ്രീ നഗറിന്റെ ശാപമെന്ന് തോന്നി. ഏറെ സമയമെടുത്തു ഊരും പേരും സന്ദര്‍ശനോദ്ദേശ്യവുമൊക്കെ ചോദിച്ചറിഞ്ഞ് കേരളീയനാണെന്ന് മനസ്സിലാക്കിയതോടെ താമസസ്ഥലത്തേക്ക് കൃത്യമായി വഴി പറഞ്ഞു തരാന്‍ അവര്‍ ഉത്സാഹം കാണിച്ചു. ബി.എസ്.എഫിന്റെ ഇന്‍സ്പെക്ഷന്‍ കോട്ടേഴ്സ് പട്ടാളകാമ്പിന്റെ ഉള്ളിലായിരുന്നു. അത് ഗുണവും അതിലേറെ പ്രയാസവും സൃഷ്ടിച്ചു.
ഏ.സി റൂമുകളില്‍ തണുപ്പ് വല്ലാതെ വീശിയില്ല. വീട്ടില്‍നിന്ന് വിട്ട് മൂന്നാഴ്ച കഴിഞ്ഞതോടെ ഉത്തരേന്ത്യന്‍ ഭക്ഷണത്തിന്റെ രുചിഭേദമായിരിക്കാം, മൂന്നരവയസ്സായ മകന്‍ രാത്രി ഉറങ്ങാന്‍ നേരത്ത് ഒരു പ്രസ്താവന നടത്തി. 'രാവിലെ എനിക്ക് ഇഡ്ലിയും സാമ്പാറും മതി. വേറെന്ത് തന്നാലും ഞാന്‍ തിന്നൂല.'
ഗുല്‍മാര്‍ഗിലേക്കാണ് ഡ്രൈവര്‍ വണ്ടി വിട്ടത്. വഴിക്ക് ഹോട്ടലുകള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ബ്രേക്ക്ഫാസ്റ് ലഭിക്കുക, ബേക്കറികളിലാണെന്ന് ആരോ പറഞ്ഞറിഞ്ഞ് അടുത്ത് കണ്ട ബേക്കറിയിലേക്ക് കയറി. ഗുല്‍മാര്‍ഗിനടുത്തെത്തുന്തോറും ഒന്ന് രണ്ട് വാഹനങ്ങള്‍ തിരിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടു. അവയുടെ മേല്‍ഭാഗത്ത് മഞ്ഞ് കട്ടപിടിച്ച് കിടന്നിരുന്നു. 'നിങ്ങള്‍ കാശ്മീരിലേക്ക് പോവുകയാണോ ഈ കുട്ടികളെയും സ്ത്രീകളെയും കൊണ്ട്' എന്ന് പലരും ഞങ്ങളോട് ചോദിച്ചിരുന്നു. കാശ്മീര്‍ യാത്ര വലിയ റിസ്കാണെന്ന് കരുതുന്നവരാണ് ഏറെ പേരും. ചെന്നു കാണുമ്പോഴാണ് അവിടം ഒരു പ്രശ്നവുമില്ലെന്നും അല്ലറ ചില്ലറ പ്രശ്നങ്ങള്‍ പട്ടാളക്കാര്‍ ഉണ്ടാക്കുന്നതാണെന്നും തിരിച്ചറിയുക. അല്‍പം മുന്നോട്ട് ചെന്നപ്പോള്‍ ഇനിയും മുന്നോട്ട് പോകണമെങ്കില്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ വൂളന്‍ വസ്ത്രങ്ങളും ഷൂസും ധരിക്കണമെന്നും വണ്ടി മാറണമെന്നും പറഞ്ഞുകൊണ്ട് പലരും വന്നു. വേഷം മാറിയപ്പോഴേക്കും മഞ്ഞു വീഴ്ച തുടങ്ങിയിരുന്നു. മഞ്ഞു പെയ്തിറങ്ങിയതോടെ കുരങ്ങന്മാരും പക്ഷികളും കെട്ടിപ്പിടിച്ചും കൊക്കുരുമ്മിയും തണുപ്പകറ്റാന്‍ ശ്രമിക്കുന്നത് കാണാമായിരുന്നു. ഗുല്‍മാര്‍ഗിന്റെ അടുത്തെത്തിയപ്പോഴേക്കും വണ്ടി കേടായി. അതു വഴി തിരിച്ചുപൊയ്ക്കൊണ്ടിരുന്ന വണ്ടിയില്‍ ഉപ്പയേയും ഉമ്മയേയും കുട്ടികളേയും റൂമിലെത്തിച്ചു. കുറെ നാള്‍ കോവളത്ത് കച്ചവടം നടത്തിയിരുന്നുവെന്നും കേരളത്തില്‍ നിന്നുവന്ന അതിഥികളോട് ചെയ്യുന്ന ഉപകാരമാണെന്നും പറഞ്ഞ് ഡ്രൈവര്‍ പൈസ വാങ്ങാന്‍ കൂട്ടാക്കിയില്ല.
പ്രവാചകന്‍ തിരുമേനിയുടെ മുടി സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന് പറയപ്പെടുന്ന പള്ളിയിലാണ് പിന്നീട് ഞങ്ങള്‍ പോയത്. റബീഉല്‍ അവ്വല്‍ മാസത്തില്‍ ഈ മുടി പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കാറുണ്ട്. ഏതാണ്ട് 25 അടി ഉയരത്തിലായി സൂക്ഷിച്ചുവെച്ച പേടകത്തിലാണ് ഇതുള്ളത്. കാശ്മീരില്‍ ഏറെ ആകര്‍ഷണീയമായി തോന്നുന്നത് അവിടുത്തെ പൈന്‍ മരങ്ങളാണ്. മേല്‍ഭാഗം കൂര്‍ത്ത് സ്തൂപം പോലെ നിരന്നു നില്‍ക്കുന്ന മരങ്ങള്‍ ചിലപ്പോള്‍ മഞ്ഞില്‍ മൂടിനില്‍ക്കുന്നത് കാണാം. ഇവകൊണ്ടാണ് ക്രിക്കറ്റ് ബാറ്റുകള്‍ നിര്‍മിക്കുന്നത്. നിരവധി ഫാക്ടറികള്‍ കാശ്മീര്‍ താഴ്വരയില്‍ കാണാം. നാലുനില കെട്ടിടങ്ങളുടെ ഉയരത്തില്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ പിന്നിട്ട ബാറ്റുകള്‍ അടുക്കിവെച്ചത് യാത്രക്കിടെ കാണാനായി. മടക്കയാത്ര അമൃത്സര്‍ കൊച്ചുവേളി പ്രതിവാര എക്സ്പ്രസിലായിരുന്നു. ഏറെക്കുറെ ഡല്‍ഹിയിലെത്തുവോളം തിരക്കില്ലാത്തതിനാല്‍ യാത്രാവലോകനത്തിന് സൌകര്യം ലഭിച്ചു. ഗുല്‍മാര്‍ഗിലെ മഞ്ഞുകേളിയും ചെങ്കോട്ടയിലെ ലൈറ്റ് ആന്റ് സൌണ്ട് ഷോയുമായിരുന്നു കൂടുതല്‍പേര്‍ക്കും ഇഷ്ടമായത്. എന്നാല്‍ എല്ലാ സന്തോഷങ്ങളും കെടുത്തിക്കളയുന്ന വാര്‍ത്തയായിരുന്നു ഞങ്ങളെ കാത്തിരുന്നത്. എല്ലാമെല്ലാമായ പ്രിയ ഭര്‍തൃപിതാവിന്റെ മരണവാര്‍ത്തയറിഞ്ഞ് അദ്ദേഹത്തിനു വേണ്ടിയുള്ള പ്രാര്‍ഥനയുമായാണ് ഞങ്ങള്‍ മടങ്ങിയത്.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top