ഒരു നോമ്പ് മലേഷ്യയിലുമാവാം

ഹിബ അഷ്റഫ് No image

മലേഷ്യന്‍ ജനസംഖ്യയിലെ അറുപത് ശതമാനത്തോളം വരുന്ന മുസ്ലിംകള്‍ റമദാനെ അങ്ങേയറ്റത്തെ പ്രതീക്ഷയോടെയാണ് സ്വാഗതം ചെയ്യുന്നത്. ആഴ്ചകള്‍ക്ക് മുന്‍പെ നോമ്പിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. പള്ളികള്‍ വൃത്തിയാക്കിയും പെയിന്റടിച്ചും പല നിറത്തിലുള്ള ലൈറ്റുകള്‍ തൂക്കിയും അലങ്കരിക്കും. നമ്മുടെ നാട്ടില്‍ നിന്നും വ്യത്യസ്തമായി റമദാനിന്റെ ആരംഭം എന്നായിരിക്കുമെന്ന് ഒരു തര്‍ക്കത്തിനും വഴിവെക്കാതെ ഗവണ്‍മെന്റ് നേരത്തെ തന്നെ തീരുമാനിച്ച് അറിയിച്ചിട്ടുണ്ടാവും.
റമദാനിലെ ദിനരാത്രങ്ങള്‍ കൂടുതല്‍ ഇബാദത്തുകള്‍ക്ക് ചെലവഴിക്കാനായി ഓരോരുത്തരും അവരുടെ ദൈനംദിന കാര്യങ്ങള്‍ പുനഃക്രമീകരിക്കും. ജോലി സമയങ്ങളെല്ലാം നേരത്തെ തുടങ്ങി നേരത്തെ അവസാനിപ്പിക്കുന്ന രൂപത്തിലായിരിക്കും.
പള്ളികളില്‍ തറാവീഹ് നമസ്കാരത്തിന് ഇമാമത്ത് നില്‍ക്കാന്‍ വേണ്ടി ആളുകളെ അറബ് രാജ്യങ്ങളില്‍ നിന്നാണ് കൊണ്ടുവരുന്നത്. പ്രത്യേകിച്ച് മക്കയില്‍ നിന്നും മദീനയില്‍ നിന്നും. 20 റക്അത്താണ് നമസ്കാരം. വലിയ പള്ളികളില്‍ ഒരു ദിവസം ഒരു ജുസ്അ് എന്ന ക്രമത്തിലാണ് തറാവീഹ് നമസ്കാരത്തില്‍ ഖുര്‍ആന്‍ ഓതുന്നത്. ദൈര്‍ഘ്യമേറിയ ഈ നമസ്കാരത്തില്‍ യാതൊരു അതൃപ്തിയും പ്രയാസവും പ്രകടിപ്പിക്കാതെ സ്ത്രീകളും കുട്ടികളുമടക്കം ക്ഷമയോടെ പങ്കെടുക്കുന്നതായി കാണാം. സുബ്ഹി നമസ്കാരത്തിന് പോലും വയസ്സായ സ്ത്രീകളടക്കം ബൈക്കുകളിലും മറ്റുമായി എത്തുന്നു. പ്രായവും ലിംഗവും ഇവിടെ ഒന്നിനും തടസ്സമല്ല.
അത്താഴത്തിന് ശേഷം ഉറങ്ങുന്ന പതിവ് മലേഷ്യക്കാര്‍ക്കില്ല. ളുഹര്‍ സമയം വീട്ടമ്മമാരെല്ലാം അടുത്തുള്ള പള്ളികളില്‍ ഒരുമിച്ചിരുന്ന് ഖുര്‍ആന്‍ ഓതുകയും പരസ്പരം ഓതിക്കേള്‍പ്പിക്കുകയും തെറ്റുതിരുത്തലുകള്‍ നടത്തുകയും ചെയ്യുന്നു. ജോലിക്കാരായ സ്ത്രീകള്‍ ഒഴിവുദിനങ്ങളില്‍ ഭര്‍ത്താക്കന്മാരെയും കുട്ടികളെയും കൂട്ടിവരുന്നു. പുരുഷന്മാര്‍ പൊതുവെ തറാവീഹ് നമസ്കാരത്തിന് ശേഷമാണ് ഇത് ചെയ്യുന്നത്. 'തദുര്‍റുസുല്‍ ഖുര്‍ആന്‍' എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.
മലേഷ്യക്കാര്‍ പൊതുവെ ഭക്ഷണപ്രിയരാണെങ്കിലും നോമ്പുതുറക്കുവേണ്ടി വിഭവസമൃദ്ധവും ആഢംബര പൂര്‍ണവുമായ ഭക്ഷണങ്ങളുണ്ടാക്കി അടുക്കളയില്‍ എരിഞ്ഞു തീരുന്ന സ്വഭാവം ഇവര്‍ക്കില്ല. നമ്മുടെ സ്ത്രീകള്‍ രാവിലെ മുതല്‍ എന്തൊക്കെ ഭക്ഷണമുണ്ടാക്കണമെന്നാലോചിച്ച് മഗ്രിബ് വരെ പലതരത്തിലുള്ള പത്തിരികളും കറികളുമുണ്ടാക്കി അടുക്കളയില്‍ വീര്‍പ്പുമുട്ടുമ്പോള്‍ മലേഷ്യന്‍ സ്ത്രീകള്‍ നോമ്പുതുറ ഒരു ചോറിലൊതുക്കി കിട്ടുന്ന സമയമത്രയും ആരാധനയില്‍ മുഴുകുന്നു. എല്ലാവരെയും വീട്ടിലേക്ക് ക്ഷണിച്ച് നോമ്പുതുറപ്പിക്കുന്ന രീതിയും മലേഷ്യക്കാര്‍ക്കില്ല. ഭക്ഷണമുണ്ടാക്കി അയല്‍പക്ക വീടുകളിലെത്തിക്കുകയും പള്ളികളിലേക്ക് ക്ഷണിച്ച് അവിടെ നോമ്പുതുറ ഒരുക്കുന്ന രീതിയുമാണുള്ളത്. നോമ്പുതുറ സ്ത്രീകള്‍ക്ക് ഒരു പ്രയാസമേ അല്ല. പള്ളികളില്‍ ഇഷ്ടം പോലെ ഭക്ഷണം വിതരണം ചെയ്യുന്നു. ഇതില്‍ പ്രധാനപ്പെട്ട ഒരിനമാണ് 'ബുബുര്‍ ലാംബുക്ക്' എന്നറിയപ്പെടുന്ന നോമ്പുതുറക്കഞ്ഞി. മഗ്രിബ് ബാങ്ക് കൊടുത്ത ഉടനെയുള്ള ഒന്നാംഘട്ട നോമ്പുതുറ അതുകഴിഞ്ഞുള്ള രണ്ടാംഘട്ട തുറ എന്ന രീതികളൊന്നും ഇവിടെയില്ല.
ബാങ്ക് കൊടുത്ത ഉടനെ തന്നെ എല്ലാവരും ആവശ്യമുള്ള ഭക്ഷണം കഴിച്ച് നമസ്കാരത്തിന് പള്ളിയില്‍ എത്തുന്നു. ഇവര്‍ തറാവീഹിന് ശേഷമേ പള്ളിയില്‍ നിന്ന് പുറത്ത് പോകാറുള്ളൂ. മഗ്രിബ് നമസ്കാരം വരെ ഇവര്‍ അല്ലാഹുവിനെ സ്മരിച്ചും ആത്മീയ കാര്യങ്ങള്‍ സംസാരിച്ചും സമയം ചെലവഴിക്കുന്നു. ഇതിനെ 'തദ്കിറ' എന്നാണ് ഇവര്‍ വിളിക്കുന്നത്.
തറാവീഹിന് ശേഷം 'മൊരെ' എന്ന പേരിലറിയപ്പെടുന്ന മുത്താഴ ഭക്ഷണം വിതരണം ചെയ്യപ്പെടുന്നു. ചില വീട്ടുകാര്‍ വീടുകളില്‍ നിന്ന് കൊണ്ടുവന്ന് പള്ളിയില്‍ ഒരുമിച്ചിരുന്നു കഴിക്കുന്ന ഭക്ഷണമാണിത്.
എല്ലാ മുക്കുമൂലകളിലും ടെന്റ് കെട്ടി വില്‍പന നടത്തുന്ന ഭക്ഷണചന്തകള്‍ മലേഷ്യയില്‍ റമദാന്റെ പ്രത്യേകതയാണ്. 'പസാര്‍ റമദാന്‍' എന്ന പേരിലാണിത് അറിയപ്പെടുന്നത്. നോമ്പുതുറക്കാവശ്യമായ പലതരം ഭക്ഷണസാധനങ്ങളാല്‍ വര്‍ണശഭളമാണിത്. കുട്ടികളെ സംബന്ധിച്ചിടത്തോളം ഇതൊരു ഉത്സവം തന്നെയാണ്. അസര്‍ നമസ്കാരത്തിന് ശേഷം സ്ത്രീകളടക്കം എല്ലാവരും ഈ ചന്തകളിലേക്കൊഴുകുന്നു. നോമ്പു തുറക്കാനുള്ള എല്ലാ ആവേശവും സന്തോഷവും ഇവിടെ പ്രകടമാകുന്നു. മഗ്രിബിന് ശേഷം ഈ ചന്ത അവസാനിക്കും. ബാക്കി വരുന്ന ഭക്ഷണ സാധനങ്ങള്‍ അടുത്തുള്ള പള്ളികളില്‍ വിതരണം ചെയ്യുന്നു. ജോലിക്കാരായ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ ഭക്ഷണച്ചന്ത ഒരനുഗ്രഹം തന്നെ.
കുട്ടികളില്‍ അധികപേരും നോമ്പ് മുപ്പതും എടുക്കുന്നവരാണ്. നന്നേ ചെറിയ കുട്ടികള്‍ തുടര്‍ച്ചയായി നോമ്പെടുത്താല്‍ ക്ഷീണിച്ചു പോകുമെന്ന വേവലാതിയൊന്നും ഉമ്മമാരില്‍ കാണാറില്ല. റമദാനെ ഗൌരവമായി സമീപിക്കാന്‍ ഉമ്മമാര്‍ മക്കളെ നന്നായി പ്രോത്സാഹിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.
ഒരാള്‍ യാത്ര പോവുകയാണെങ്കിലോ മറ്റേതെങ്കിലും നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇറങ്ങിത്തിരിക്കുകയോ ആണെങ്കില്‍ മലേഷ്യക്കാരുടെ ദാനശീലം വെളിവാകും. റമദാനില്‍ അതങ്ങേയറ്റമാകും. അതുകൊണ്ട് തന്നെ യത്തീമുകള്‍ക്കും വൃദ്ധന്മാര്‍ക്കും റമദാന്‍ സമൃദ്ധകാലമാണ്.
റമദാനിലെ അവസാനത്തെ പത്തിലേക്ക് കടക്കുമ്പോഴേക്കും എല്ലാവരും പെരുന്നാളിനെ വരവേല്‍ക്കാനുള്ള തിടുക്കത്തിലായിരിക്കും. 'ബാലെ കംബോംഗ്' എന്നറിയപ്പെടുന്ന ഓരോരുത്തരുടെയും ഗ്രാമങ്ങളിലേക്കുള്ള തിരിച്ചുപോക്ക് പ്രധാനപ്പെട്ട ഒരിനമാണ്. ചെറുകുടുംബമായി ജീവിക്കുന്ന ഓരോരുത്തരും അവരവരുടെ മാതാപിതാക്കളുടെ അടുത്തേക്ക് പെരുന്നാള്‍ ആഘോഷിക്കാനുള്ള തിരിച്ചു പോക്കാണിത്. മാതാപിതാക്കളുടെ മനസ്സില്‍ നൂറ് പെരുന്നാളുകള്‍ ഒരുമിക്കുന്ന മുഹൂര്‍ത്തവുമാണത്.
ഇവിടെ പെരുന്നാളുകള്‍ക്ക് വേണ്ടിയാണ് വീടുകള്‍ മോടി പിടിപ്പിക്കുന്നത്. വീടിന്റെ അകവും പുറവും പെയിന്റടിച്ചും വൃത്തിയാക്കിയും കര്‍ട്ടനും ഫര്‍ണിച്ചറും പുതിയത് മാറ്റിയിട്ടും വീടുകള്‍ അലങ്കരിക്കുന്നു. ചിലര്‍ വീടിനു ചുറ്റും അലങ്കാര വിളക്കുകള്‍ ഘടിപ്പിക്കുന്നത് കാണാം. ഗ്രാമവാസികള്‍ റമദാനിന്റെ അവസാനത്തെ പത്തില്‍ വീടിനുചുറ്റും മണ്ണെണ്ണ വിളക്കുകള്‍ വടിയില്‍ നാട്ടി പെരുന്നാളിനെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്നത് കാണാം. ഗ്രാമങ്ങളിലാണ് ഇതിന്റെ എല്ലാ പകിട്ടും ദര്‍ശിക്കാനാവുക. കുട്ടികള്‍ വലിയൊരു തുക തന്നെ പടക്കം പൊട്ടിക്കാനായി ചെലവഴിക്കുന്നു. പെരുന്നാളിന്റെ മുമ്പത്തെ രാത്രി ഇശാഅ് നമസ്കാരാനന്തരം പുരുഷന്മാരും കുട്ടികളും സംഘമായി ചുറ്റുവട്ടത്തെ എല്ലാ വീടുകളിലും തക്ബീര്‍ ചൊല്ലിക്കൊണ്ട് കയറിയിറങ്ങുകയും ആശംസകള്‍ കൈമാറുകയും ചെയ്യുന്നു. ഓരോ വീട്ടുകാരും ഇവര്‍ക്ക് ഭക്ഷണം ഒരുക്കുകയും കുട്ടികള്‍ക്ക് കാശ് കൊടുക്കുകയും ചെയ്യുന്നു.
'ഈദുല്‍ ഫിത്ര്‍' ശവ്വാല്‍ ഒന്ന് മുതല്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന ആഘോഷമാണിവിടെ. 'ഓപണ്‍ ഹൌസ്' എന്ന പേരിലറിയപ്പെടുന്ന ഈ ആഘോഷ സമ്പ്രദായത്തില്‍ വീടുകളെല്ലാം അതിഥികള്‍ക്കായി തുറന്നിടും. ആര്‍ക്കും എപ്പോഴും കയറിച്ചെല്ലാം. ചിലര്‍ പ്രത്യേക ദിവസത്തേക്ക് എല്ലാവരെയും ക്ഷണിച്ചുകൊണ്ട് വിപുലമായ ചടങ്ങുകള്‍ നടത്തുന്നു. പരമ്പരാഗത ഭക്ഷണമാണ് നല്‍കുന്നത്. ഇതിലെ പ്രധാനപ്പെട്ട ഒരിനം 'കുയെ' എന്നറിയപ്പെടുന്ന ബിസ്കറ്റുകളും കേക്കുകളുമാണ്. ഇത് സ്ത്രീകള്‍ വീട്ടില്‍ വെച്ച് റമദാനില്‍ തന്നെ തയ്യാറാക്കി വെച്ചിട്ടുണ്ടാവും. വരുന്ന ആര്‍ക്കും ഇത് കഴിക്കല്‍ നിര്‍ബന്ധമാണ്. മാര്‍ക്കറ്റിലും ഇത് സുലഭമാണ്. അവിടെ ഇതിന്റെ പ്രത്യേകം സ്റാളുകള്‍ തന്നെ കാണും. പല രൂപത്തിലും വര്‍ണത്തിലുമുള്ള ഇവ ബോക്സുകളിലാക്കി വെച്ചത് കാണേണ്ടതു തന്നെ. 'ഓപണ്‍ ഹൌസ്' സമ്പ്രദായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം 'ഈദി' നല്‍കല്‍ കുട്ടികളെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ ഒന്നാണ്. വീട്ടില്‍ വരുന്ന കുട്ടികള്‍ക്കുള്ള പെരുന്നാള്‍ പൈസയാണിത്. ഓരോ കുടുംബവും അവരവരുടെ വരുമാനമനുസരിച്ച് ഒരു തുക 'ഈദി' കൊടുക്കാനായി നീക്കിവെച്ചിട്ടുണ്ടായിരിക്കും. ഈദ് മുബാറക് എന്നെഴുതിയ പ്രത്യേക കവറുകളിലാണ് ഇത് കൊടുക്കുന്നത്. ശവ്വാല്‍ കഴിയുമ്പോഴേക്കും കുട്ടികളുടെ പേഴ്സ് നിറഞ്ഞിട്ടുണ്ടാകും.
(മലേഷ്യന്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിനിയാണ് ലേഖിക)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top