നോമ്പിന്റെ മതകീയ വൈവിധ്യങ്ങള്‍

കെ.സി.വര്‍ഗീസ് No image

"നോമ്പനുഷ്ഠിക്കുന്നവന്‍ സദാനേരവും സ്വര്‍ഗത്തിലാകുന്നു. നോമ്പ് നല്ലതാകുന്നു. സ്നേഹം കൂടാതെ ഒരുവന്‍ നോമ്പു നോല്‍ക്കുന്നുവെങ്കില്‍ അവന്റെ നോമ്പ് വ്യര്‍ഥമാകുന്നു. പ്രാര്‍ത്ഥന സ്നേഹിക്കപ്പെട്ടതാകുന്നു. സ്നേഹം അതിനെ കരകേറ്റുന്നില്ലെങ്കില്‍ അതിന്റെ ചിറക് ബലഹീനമാ കുന്നു.'' (ഓര്‍ത്തഡോക്സ് സുറിയാനി, ക്രിസ്ത്യാനി കളുടെ പ്രഭാത നമസ്കാരത്തില്‍ നിന്നുളള ഉദ്ധരണി) ലോകത്തിലെ പരിഷ്കൃത മതങ്ങളുടെ പട്ടിക പിന്നോട്ടു വായിച്ചാല്‍ പ്രായക്രമം അനുസരിച്ച് യുവത്വം നിലനില്‍ക്കുന്ന മതം ഇസ്ലാമാണ്. തൊട്ടുപിറകിലായി ക്രിസ്തുമതം, സൌരാഷ്ട്രമതം, യഹൂദമതം, ഹിന്ദുമതം തൊട്ടുതൊട്ടു നിലകൊ ള്ളുന്നു. ചരിത്രത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നവ, ചരിത്രത്തില്‍ നിന്നു തിരോഭവിച്ചവ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായും മതങ്ങളെ തരം തിരിക്കാവുന്നതാണ്. ഇതില്‍ ഒടുവില്‍പറഞ്ഞ ചരിത്രത്തില്‍ നിന്നു തിരോഭവിച്ച മതങ്ങളെത്തേടി ഗവേഷണ ബുദ്ധ്യാ സഞ്ചരിച്ചവര്‍ കണ്ടെത്തിയത് ഏറ്റവും പ്രാചീനമായ മതസങ്കല്‍പങ്ങള്‍ക്ക് രൂപം നല്‍കിയത് പുരാതന ഈജിപ്താണെന്നാണ്.
തുടക്കത്തില്‍ ക്രിസ്തുമതം മറ്റേതൊരു മതവും പോലെ തികച്ചും പൌരസ്ത്യമായ ഉളളടക്ക ത്തോടുകൂടിയതായിരുന്നു. എന്നാല്‍ ആദ്യത്തെ അഞ്ച് നൂറ്റാണ്ട് പിന്നിട്ടതോടെ സ്ഥിതിഗതികളാകെ മാറി. ക്രിസ്തുമതം പൂര്‍ണമായും പാശ്ചാത്യവല്‍ക്കരിക്കപ്പെട്ടു. കേവലം പ്രാദേശികമെന്നതിലുപരി പാശ്ചാത്യപൌര സ്ത്യ വ്യത്യാസങ്ങള്‍ സ്ഥിതിചെയ്യുന്നത് ജീവിതത്തോ ടുളള അടിസ്ഥാന സമീപനങ്ങളിലാണ്. ജീവിതത്തോടു പൊതുവെ രണ്ടുതരം സമീപനങ്ങളാണ് പ്രകടമായി ക്കാണുന്നത്. 1) ഉപാസനാധിഷ്ഠിത സമീ പനം(ഉല്ീശീിേമഹ മുുൃീമരവ) 2) ഉപഭോഗാധിഷ്ഠിത സമീപനം(ഇീിൌാലൃശശെേര മുുൃീമരവ) ഇസ്ലാം ഉള്‍പ്പെടെയുളള പൌരസ്ത്യ മതധാര ഇവയില്‍ ആദ്യത്തെ സമീപനത്തിന്റെ പ്രാധാന്യത്തെ ഉയര്‍ത്തിപ്പിടിച്ചിരുന്നു. സത്യാന്വേഷണ വ്യഗ്രതയുടെ ഫലമായി മനുഷ്യന്‍ കൈവരിച്ച ശാസ്ത്രീയ നേട്ടങ്ങളെപ്പോലും, ഉപഭോഗപരതക്കൂന്നല്‍ നല്‍കുന്ന സാങ്കേതിക വിദ്യ റാഞ്ചിയെടുക്കുകയും- ഉപാസനാ പ്രധാനമായ ആദ്ധ്യാത്മിക ജീവിതത്തിനു വലിയ ഭീഷണി ഉയര്‍ത്തുകയും ചെയ്തുപോരുന്നു. ഈ പശ്ചാത്തലത്തിലാണ് മറ്റൊരു റംസാന്‍ മാസം കൂടി സമാഗതമായിരിക്കുന്നത്.
റംസാന്‍ നോമ്പുള്‍പ്പെടെയുളള പല ഇസ്ലാമിക് ആചാരാനുഷ്ഠാനങ്ങളുടെയും പൂര്‍വരൂപം പൌരസ്ത്യ സഭാ പാരമ്പര്യങ്ങളില്‍ നിന്നു കണ്ടെടുക്കാനാകും.
അഞ്ചുതവണ നമസ്കാരം നിഷ്ഠയോടെ യുളള ഉപവാസം, വിഗ്രഹരഹിതമായ ആരാധന ഈവക വിഷയങ്ങളിലെല്ലാം പൌരസ്ത്യ സഭകള്‍ക്ക് ഏറെ അടുപ്പമുളളത് ഇസ്ലാമി നോടാണ്. പാശ്ചാത്യക്രിസ്തുമത സങ്കല്‍പ ങ്ങളുമായി യാതൊരു പൊരുത്തവും ഇല്ലാത്ത കോപ്റ്റിക്ക്- അഥവാ അലക്സാഡ്രിയന്‍ സഭയുടെ ആചാരാനുഷ്ഠാനങ്ങളോടും വിശ്വാസസങ്ക ല്‍പങ്ങളോടും ഏറെ അടുത്തു നില്‍ക്കുന്ന ഒരു ക്രൈസ്തവസഭാ വിഭാഗം നമ്മുടെ കേരളത്തില്‍ അനേകം നൂറ്റാണ്ടുകളായി പ്രബലമാണ്. അന്ത്യേക്യന്‍ യാക്കോബായ, സുറിയാനി, ഓര്‍ത്തഡോക്സ് മലങ്കര എന്നൊക്കെ ചില പ്രാദേശികമായ സംഘടനാ വ്യത്യാസങ്ങളോടെ നിലനില്‍ക്കുന്ന ഈ സുറിയാനി സമൂഹത്തിനു അവരുടെ മൌലികമായ ഒരു ദൈവശാസ്ത്രവും ആരാധനാ ശൈലിയും ഉണ്ട്. അതിനു പാശ്ചാത്യ റോമന്‍കത്തോലിക്കാ രീതികളോടുളള തിനേക്കാള്‍ നൂറിരട്ടി അടുപ്പം ഇസ്ലാമിക്ക് ദൈവശാ സ്ത്രത്തോടും ആചാരാനുഷ്ഠാനങ്ങളോടുമാണ്. പോര്‍ച്ചുഗീസുകാര്‍ ഇവിടെ വരുമ്പോള്‍ പൂര്‍ണമായും അറബി സ്വാധീനങ്ങള്‍ക്കു വഴങ്ങിയ ഒരു സുറിയാനി സഭയാണുണ്ടാ യിരുന്നത്. വിഗ്രഹരഹിതവും, മുസ്ലിം വാസ്തു ശില്പ ശൈലി പിന്തുടര്‍ന്നു നിര്‍മ്മിച്ചവയുമായ പളളികളും അറബി മാതൃകയില്‍ തൊപ്പിയും താടിയും കുപ്പായവും ഒക്കെയുളള കുടുംബ ജീവിതം നയിച്ചിരുന്ന വൈദികരും ഉണ്ടായിരുന്ന ഈ സഭയെ പോര്‍ട്ടുഗീസുകാര്‍ കണ്ടത് ഇസ്ലാമി ന്റെ തന്നെ മറ്റൊരു വകഭേദമായായിരുന്നു.
കോണ്‍വെന്റ് സ്കൂളുകള്‍ വഴി അടിച്ചേല്‍പിക്കപ്പെട്ട നിര്‍ബന്ധ ഇംഗ്ളീഷ് വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസ രംഗത്ത് പാശ്ചാത്യ ക്രൈസ്തവമാതൃകകള്‍ക്ക് പരക്കെ ലഭിച്ച അംഗീകാരവും നിമിത്തമാകാം മതാത്മക ചിന്തകള്‍ ചെറുപ്പക്കാരുടെ ഇടയില്‍ നിന്നു തുടച്ചു മാറ്റപ്പെട്ടു. സെക്കുലര്‍, മതേതരത്വം, ആധുനികത തുടങ്ങിയ പരികല്‍പനകളുടെ മറവില്‍ മനുഷ്യര്‍ പൊതുവെ യാന്ത്രിക ഭൌതിക വാദികളായി മാറി. ഈ സാഹചര്യത്തിലും മുസ്ലിം സഹോദരങ്ങള്‍ വര്‍ഷംതോറും കൃത്യമായി റംസാന്‍ വ്രതം അനുഷ്ഠിക്കുന്നു എന്നതും, ആത്മീയമായി നവീകരിക്കപ്പെടുന്നു എന്നതും മറ്റു മതവിഭാഗങ്ങള്‍ ആദരവോടെ കാണേണ്ടതുണ്ട്. ഒപ്പം അവര്‍ക്കു നഷ്ടപ്പെട്ട മതപൈതൃകങ്ങളിലെ നോമ്പനുഷ്ഠാനത്തിന്റെ ചരിത്രപശ്ചാത്തലം മനസ്സിലാക്കുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
നോമ്പിന്റെ വിശദമായ ചരിത്രപശ്ചാത്തലം അന്വേഷിച്ചു ചെല്ലുമ്പോള്‍ ലോകത്തിലെ ഒട്ടുമിക്ക ആദ്ധ്യാത്മിക പാരമ്പര്യങ്ങളും ഈജിപ്ഷ്യന്‍ അഥവാ കോപ്റ്റിക് മത പാരമ്പര്യങ്ങളോട് ഏറെ കടപ്പെട്ടിരിക്കുന്നു എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
നമ്മുടെ ആര്‍ഷസംസ്കൃതിയില്‍ ഈശ്വരാധന പോലും ബ്രാഹ്മണര്‍ക്കു മാത്രമായി പരിമതപ്പെടുത്തിയിരുന്നു. ആര്‍ഷപാര മ്പര്യത്തിലെ സമുന്നതമായ ഈശ്വര പൂജയായി കരുതിയിരുന്നത് ഏറെ സങ്കീര്‍ണമായ തപസ്സ് അനുഷ്ഠിക്കലായിരുന്നു. ഭക്ഷണപാനീയങ്ങളില്‍ നിന്നു മാത്രമല്ല ബാഹ്യലോകത്തിന്റെ സര്‍വാഹ്ളാദാനുഭവങ്ങളില്‍ നിന്നും സമ്പൂര്‍ണമായി പിന്‍വാങ്ങി തികച്ചും പ്രതികൂലമായ സാഹചര്യങ്ങളെപ്പോലും അനുകൂലമായി മാറ്റാനുളള കഠിനാധ്വാനമായിട്ടാണ് താപസവൃത്തിയെ ചിത്രീകരിക്കുന്നത്. തപസ്സിന്റെ നിര്‍ദ്ദിഷ്ഠഘട്ടം പിന്നിടുമ്പോള്‍ ഇഷ്ടദേവത പ്രത്യക്ഷപ്പെടുകയും ചോദിക്കുന്ന വരങ്ങളത്രയും കൊടുത്തനുഗ്രഹിക്കുകയും ചെയ്യുകയായിരുന്നു പതിവ്. ഇങ്ങനെ തപോസിദ്ധി നേടിയ ആചാര്യന്മാരെ സാധാരണജനങ്ങള്‍ ഭയഭക്തിയാദരവുക ളോടെ കണ്ടിരുന്നെങ്കിലും അവരുടെ ഭക്തിയനുഷ്ഠാ നങ്ങള്‍ കേവലം ലളിതമായ ചില അനുഷ്ഠാനങ്ങളില്‍ പരിമിതപ്പെട്ടിരുന്നു.
ഏറെക്കുറെ ഇതുതന്നെയായിരുന്നു യഹൂദ മത പാരമ്പര്യങ്ങളിലെയും സ്ഥിതി. ഉപവാസവും വ്രതാനുഷ്ഠാനവും അവരിലെ സമുന്നത വ്യക്തികള്‍ മാത്രം ഐച്ഛികമായി അനുഷ്ഠിച്ചുപോന്നു. മോശ പര്‍വത മുകളില്‍ ദൈവിക പ്രത്യക്ഷപ്പെടലിനുവേണ്ടി വ്രതനിഷ്ഠ യിലും ധ്യാനത്തിലും മുഴുകിക്കഴിയുമ്പോള്‍ മലയടിവാര ത്തില്‍ ജനം പുരോഹിതനായ അഹരോന്റെ നേതൃത്വത്തില്‍ സ്വര്‍ണം കൊണ്ടുണ്ടാക്കിയ കാളക്കുട്ടിയുടെ പ്രതിമയുടെ മുമ്പില്‍ തിന്നുകുടിച്ചു മദിച്ചു നൃത്തം ചെയ്യുകയും- കാളക്കുട്ടിയെ ആരാധിക്കുകയും ആയിരുന്നു. ഇവിടെ മുതല്‍ തന്നെ ശക്തമായ ഒരു പ്രവാചകധാരയും പ്രബലമായ ഒരു പുരോഹിത ധാരയും എന്ന നിലയില്‍ സെമറ്റിക്ക് മതധാര വേര്‍പിരിയുന്നത് കാണാം. പ്രവാചകമതം എക്കാലത്തും പുരോഹിത മതവുമായി ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടുകൊണ്ടാണ് വളര്‍ന്നു വികസിച്ചത്- മോശയില്‍ തുടങ്ങി യേശുവിലൂടെ തുര്‍ന്നു മുഹമ്മദ് നബിയിലെത്തുന്നതോടെ മതത്തിലെ പ്രവാചകധാര ശക്തമായ ഒരു ആത്മീയധാരയായി വികസിക്കുന്നത് കാണാം. ആധുനിക ഇസ്ലാം ഈ ജനകീയ ആത്മീയ തയുടെ പ്രകടിത രൂപമാണ്. കൃത്യമായും ചിട്ടയായും ആവര്‍ത്തിക്കപ്പെടുന്ന ഇസ്ലാമിന്റെ വാര്‍ഷിക വ്രതാനുഷ്ഠാനത്തെ മുഴുവന്‍ ലോകത്തിനു ബാധകമായ ഒരു ആത്മീയ മാതൃകയുടെ വിളമ്പരപ്പെടുത്തലായി കരുതാവുന്നതാണ്.

ക്രിസ്തുമതത്തിലെ നോമ്പനുഷ്ഠാനം - ചരിത്രവും പശ്ചാത്തലവും
ക്രൈസ്തവ സഭകളില്‍ പ്രധാനമായി ആണ്ടില്‍ അഞ്ചു നോമ്പുകളാണ് അനുഷ്ഠിക്കപ്പെടുന്നത്. ഇതില്‍ തന്നെ ഏറെ പ്രധാനപ്പെട്ടതായി കണക്കാക്കുന്നത് ഈസ്ററിനു തൊട്ടുപിറകിലുളള 50 ദിവസങ്ങള്‍ കണക്കാക്കിയുളള അമ്പതു നോമ്പ് അഥവാ വലിയ നോമ്പാണ്. യേശുക്രിസ്തുവിന്റെ പരസ്യ ജീവിതകാലത്തെ പ്രവൃത്തികളും ജീവിതാന്ത്യത്തില്‍ സംഭവിച്ചതായി സുവിശേഷങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന കുരിശുമര ണവും ഈ നോമ്പിലെ പ്രധാന ധ്യാന വിഷയങ്ങളാണ്. യഹൂദരുടെ പെസഹാചരണത്തിന്റെ നവീകരിക്കപ്പെട്ട രൂപമായ ക്രൈസ്തവ പെസഹായും ഈ നോമ്പിന്റെ അവസാന ആഴ്ചയിലെ വ്യാഴാഴ്ച ദിവസം ഭക്തിയാദരവുകളോടെ ക്രൈസ്തവ സഭകള്‍ കൊണ്ടാടുന്നു. പെസഹ എന്ന വാക്കിന്റെ അര്‍ത്ഥം കടന്നുപോകല്‍ (ുമ ീ്ലൃ) എന്നാണ്. ഈജിപ്തില്‍ അടിമകളായിക്കഴിഞ്ഞിരുന്ന ഇസ്രയേല്യരുടെ ഭവനങ്ങളുടെ കട്ടിലപ്പടികളില്‍ ആചാരപരമായി അറക്കപ്പെട്ട ആടിന്റെ രക്തം അടയാളമായി പതിപ്പിച്ച സംഭവമാണ് പെസഹാ സംഭവത്തിന്റെ മുഖ്യ ഇതിവൃത്തം. ദിവസം പട്ടണത്തിലെ ഒരു രഹസ്യ സങ്കേതത്തില്‍ (മര്‍ക്കോസിന്റെ മാളിക) ഒത്തുകൂടി. അന്നേ ദിവസം മൃഗങ്ങളുടെ രക്തം ചിന്തിയുള്ള പെസഹാചരണത്തിനന്ത്യം കുറിക്കുകയായി രുന്നു.പകരം മുന്തിരിച്ചാറും ഗോതമ്പപ്പവും അടിസ്ഥാന വിഭവങ്ങളാക്കിയുളള ഒരു പുതിയതരം പെസഹാ ഭക്ഷണം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ദിവസങ്ങള്‍ക്കകം സംഭവിക്കാനിരിക്കുന്ന തന്റെ വധത്തെ പ്രതികാത്മകമായി സൂചിപ്പിച്ചു കൊണ്ട് അപ്പത്തെ തന്റെ ശരീരമായും വീഞ്ഞിനെ തന്റെ രക്തമായും സങ്കല്‍പിച്ചുകൊണ്ട് യേശു വാഴ്ത്തി വിഭജിച്ചു അത് ശിഷ്യന്മാര്‍ക്കു നല്‍കി. ഒപ്പം ഗുരുവിന്റെ കാലു ശിഷ്യന്മാര്‍ കഴുകുക എന്ന സമ്പ്രദായത്തിനു മാറ്റം വരുത്തി. ശിഷ്യന്മാരുടെ കാല് ഗുരു കഴുകുക എന്ന വിപ്ളവകരമായ ഒരു മാതൃകയും യേശു ലോകത്തിനു കാണിച്ചുകൊടുത്തു. നിങ്ങളില്‍ നേതാവായിരിക്കുന്നവന്‍ സേവകനെപ്പോലെയും സേവകന്‍ നേതാവിനെപ്പോലെയും മാറുക എന്ന യേശു സന്ദേശം അന്ന് നിലവിലിരുന്ന ലോകക്രമത്തെ എറെക്കുറെ തല കീഴ്മറിക്കുന്നതായിരുന്നു. ഈ മാതൃക പിന്‍പറ്റി യേശുവിന്റെ അനുയായികള്‍ രൂപപ്പെടുത്തിയ സഭാസംവിധാനങ്ങള്‍ പില്‍ക്കാലത്ത് വ്യവസ്ഥാപിത തത്വങ്ങളുടെ ചെളിക്കുണ്ടില്‍ പതിക്കുകയായിരുന്നു.
വലിയ നോമ്പ് കഴിഞ്ഞാല്‍ ഏറെ പ്രാധാന്യ ത്തോടെ ക്രിസ്ത്യാനികള്‍ ആചരിക്കുന്ന മറ്റൊരു നോമ്പ് യേശുവിന്റെ ജനനപ്പെരുന്നാളെന്ന നിലയില്‍ പില്‍ക്കാലത്ത് പാശ്ചാത്യസഭകളില്‍ വലിയ ഒരാഘോഷമായി മാറിയ ക്രിസ്തുമസ്സിന്റെ തൊട്ടുപിന്നിലുളള 25 ദിവസങ്ങളില്‍ (ഡി:1-24) ആചരിക്കുന്ന ഇതുപത്തിയഞ്ചു നോമ്പാണ്. ഈ നോമ്പിനും അതിനോടനുബന്ധിച്ചുളള പെരുന്നാ ളിനും, സെമറ്റിക്ക് പാരമ്പര്യങ്ങളുമായോ ബൈബിള്‍ പാഠങ്ങളുമായോ കാര്യമായ ബന്ധമൊന്നുമില്ല. ക്രിസ്തുമതം റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി അംഗീകരിക്കപ്പെട്ടു ദീര്‍ഘകാലം കഴിഞ്ഞപ്പോള്‍ പാശ്ചാത്യനാടുകളില്‍ സൂര്യദേവന്റെ പിറന്നാള്‍ ദിനമായി കൊണ്ടാടിയിരുന്ന ഡിസംബര്‍ 25 യേശുക്രിസ്തുവിന്റെ ജന്മദിനമായി പരിവര്‍ ത്തനപ്പെടുകയായിരുന്നു. ആദ്യത്തെ അഞ്ചുനൂറ്റാ ണ്ടുകളില്‍ പൌരസ്ത്യ സഭകളില്‍ ഇങ്ങനെ ഒരുത്സവം നിലവിലില്ലായിരുന്നു.
അഞ്ചുനോമ്പുകളില്‍ രണ്ടും യേശുവിനോടു ബന്ധപ്പെടുത്തി ആചരിക്കുമ്പോള്‍, ഒരെണ്ണം പഴയ നിയമപാരമ്പര്യങ്ങളോടു കണ്ണിചേര്‍ക്കപ്പെട്ടി രിക്കുന്നു. അതാണ് മൂന്നു നോമ്പ്, അമ്പതുനോ മ്പിനു രണ്ടാഴ്ച മുമ്പുളള തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് മൂന്നു നോമ്പാചരിക്കുന്നത്. ബൈബിളിലും ഖുര്‍-ആനിലും പരാമര്‍ശിച്ചിട്ടുളള യോനാനബി എന്ന പ്രവാചകന്‍ ദിവസങ്ങള്‍ തുടര്‍ച്ചയായി ഒരു വലിയ മത്സ്യത്തിന്റെ ഉദരത്തില്‍ സുരക്ഷിതമായി വസിച്ചുകൊണ്ട് നാലാം ദിവസം നിനവയുടെ (പേര്‍ഷ്യ) തീരത്ത് സുരക്ഷിതമായി നിക്ഷേപിക്കപ്പെട്ട സംഭവമാണ് മൂന്ന് നോമ്പു ദിവസങ്ങളില്‍ ക്രിസ്ത്യാ നികള്‍ അനുസ്മരി ക്കുന്നത്. ദൈവനിയോഗപ്രകാരം- നിനവയിലേക്കു പോകണ്ടിയിരുന്ന പ്രവാചകന്‍ സ്വന്തം ഇഷ്ടപ്രകാരം സൈപ്രസിലേക്കു കപ്പല്‍ കയറുന്നതും രാത്രി കടല്‍ ഇളകിയപ്പോള്‍ കപ്പല്‍ പ്രമാണി ആരുടെ നിമിത്തമാണ് കടല്‍ക്ഷോഭിച്ചത് എന്നറിയാന്‍ യാത്രക്കാരുടെ പേരെഴുതി നറുക്കിട്ടു. നറുക്കു യോനാപ്രവാചകനു വീഴുകയും അദ്ദേഹത്തെ കടലില്‍ തളളിയിട്ടപ്പോള്‍ കടല്‍ ശാന്തമാകുകയും ചെയ്തു. പക്ഷെ പ്രവാചകനെ ഏറ്റുവാങ്ങാന്‍ തയ്യാറായി ഒരു വലിയ മത്സ്യത്തെ ദൈവം കടലില്‍ സജ്ജമാക്കി നിര്‍ത്തിയിരുന്നു. മനുഷ്യരുടെ ഈ ലോകജീവിതം ദൈവനിയോഗത്തിനും ദൈവിക ഇച്ഛക്കും വിരുദ്ധമായി തിരിയുന്നതാണ് മനുഷ്യര്‍ ക്കനുഭവിക്കേണ്ടി വരുന്ന സര്‍വ ദുരന്തങ്ങള്‍ക്കും കാരണമെന്ന സന്ദേശമാണ് യോനാ പ്രവാചകന്റെ അത്ഭുതകരമായ രക്ഷപെടലും അദ്ദേഹം മുഖേന നിനവാ പട്ടത്തിനുണ്ടായ രക്ഷയും എന്ന സന്ദേശം ഉള്‍ക്കൊളളാനാണ് മൂന്നു ദിവസത്തെ ഈ നോമ്പ് ക്രിസ്ത്യാനികളെ ആഹ്വാനം ചെയ്യുന്നത്.
മറ്റു രണ്ടു നാസ്യകളില്‍ ഒന്ന് ആഗസ്ത് 1 മുതല്‍ 15 വരെ ദിവസങ്ങളില്‍ യേശുവിന്റെ അമ്മയായ മറിയത്തിന്റെ സ്മരണയെ മുന്‍നിറുത്തി ആചരിക്കുന്ന നോമ്പാണ്. മറ്റേത്- ജൂണ്‍ 16 മുതല്‍ 29 വരെ യേശുവിന്റെ 12 ശിഷ്യന്മാരെ അനുസ്മരിച്ചു നടത്തി വരുന്ന ശ്ളീഹാ നോമ്പാണ്. ഇതിനൊക്കെ പുറമെ എല്ലാ ആഴ്ചയിലും ബുധന്‍, വെള്ളി ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കണമെന്നും സഭ ശഠിക്കുന്നു.
ഈപ്പറഞ്ഞതത്രയും നോമ്പു സംബന്ധിച്ച സഭയുടെ വിധി. വിശ്വാസികളില്‍ എത്ര പേര്‍ ഏതൊ ക്കെ തരത്തില്‍ ഈ നോമ്പകളാചരിക്കുന്നു എന്നു പരിശോധിച്ചാല്‍ ഫലം വളരെ ശോചനീയമായിരിക്കും. സൂര്യാസ്തമനം വരെ ഭക്ഷണപാനീയങ്ങള്‍ വര്‍ജി ക്കുക, അതിനുശേഷവും എല്ലാവിധ മാംസാഹാ രങ്ങളും വര്‍ജ്ജിക്കുക, ലൈംഗിക ബന്ധങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുക ഇവയൊക്കെയാണ് നോമ്പുകാലത്ത് വിശ്വാസികള്‍ പാലിച്ചിരിക്കേണ്ട നിഷ്ഠകള്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ ഭക്ഷണ കാര്യത്തില്‍ ഇളവുണ്ട്. ഈ ദിവസങ്ങളിലല്ലാതെ മറ്റു ദിവസങ്ങളില്‍ പള്ളികളില്‍ കുര്‍ബാനയര്‍പ്പണം പാടില്ലെന്നാണ് പൌരസ്ത്യസഭകളിലെ വ്യവസ്ഥ. പാശ്ചാത്യസഭകള്‍ നോമ്പ് എന്ന സങ്കല്‍പത്തെ പൊതുവെ പുഛത്തോടെയാണ് കാണുന്നത്. പാശ്ചാത്യ സ്വാധീനത്തില്‍ മുഴുകി അനുനിമിഷം സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന പൌരസ്ത്യ സഭകളിലും നോമ്പും വ്രതാനുഷ്ഠാ നങ്ങളും ഒന്നും പ്രായോഗികമല്ലെന്ന ഉദാരതാ സമീപനം പ്രബലപ്പെട്ടുകൊണ്ടിരി ക്കുകയാണ്.
നോമ്പാചരണത്തിന്റെ ആത്മീയവശം
സാമാന്യജനങ്ങളെ സംബന്ധിച്ചിടത്തോളം നോമ്പ് സുപ്രധാനമായ ഒരു അദ്ധ്യാത്മിക പരിശീലന പദ്ധതികൂടിയാണ്. മനുഷ്യന്റെ യുക്തിഹീനമായ പ്രവണതകളെ ശുദ്ധീകരിച്ചു പുറത്തുകളയാനുളള ധാര്‍മികമായ സ്വഭാവമുളള പഠനശാഖയായി തന്നെ പുരാതന സംസ്കാരങ്ങള്‍ വ്രതാനുഷ്ഠാനങ്ങളെ കണക്കാക്കിയിരുന്നു. ദൈവികപദ്ധതികളുടെ ജീവിക്കുന്ന സാക്ഷിയായി തീരാനുളള പരിശീലനമാണ് അദ്ധ്യാത്മിക ശിക്ഷണം. ശിക്ഷണം കേവലം അറിവു തേടല്‍ മാത്രമല്ല. ഓരോ വ്യക്തിയും തന്റെ ഭൌതിക ജീവിതത്തിന്റെയെന്ന പോലെ ആത്മീയജീവിതത്തിന്റെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശീലിക്കേണ്ടതുണ്ട്. ഈ ലോകത്തില്‍ ഒരു പുണ്യജീവിതം നയിക്കുന്നതിനു പര്യാപ്തമായ പരിശീലനം നോമ്പ് അനുഷ്ഠിക്കുന്നതിലൂടെ കൈവരും എന്നാണ് സങ്കല്‍പം. വികാരപരമായ മനുഷ്യപ്രകൃതിയുടെ മേല്‍ പരിപൂര്‍ണ നിയന്ത്രണം എന്നാണിതു കൊണ്ടര്‍ത്ഥമാക്കുന്നത്. ഏതുതരം വിപരീത സാഹചര്യങ്ങളും ഒരു വ്യക്തിയെ അയാളുടെ ലക്ഷ്യത്തില്‍ നിന്നു വ്യതിചലിപ്പിച്ചു കൂടാ എന്നതാണ് ഇത്തരം പരിശീലന പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം.
ആത്മീയ ജീവിതത്തില്‍ വിജയം വരിക്കാന്‍ ഇച്ഛിക്കുന്ന വ്യക്തി, അവന്റെ സഹജമായ വികാര പ്രകൃതിയുടെ മേല്‍ വിജയം നേടേണ്ടത് അനിവാര്യമാണ്. പ്രാര്‍ത്ഥന, നോമ്പ്, സകാത്ത്, തീര്‍ത്ഥാടനം ഇവയുടെ ഒക്കെ അനന്തരഫലങ്ങളെ പാരത്രിക ജീവിതത്തിനുളള കരുതല്‍ ധനമായി വിശേഷിപ്പിക്കുന്നത് ആത്മീയതയുടെ സങ്കുചിതമായ പഠിപ്പിക്കലാണ്. ആത്മീയാനുഷ്ഠാനങ്ങളിലൂടെ പരലോകജീവിതത്തെ മാത്രമല്ല നമ്മുടെ ഇഹലോക ജീവിതത്തെയും ധന്യമാക്കാന്‍ കഴിയുമെന്നാണ് ഇതു സംബന്ധിച്ച ആധുനിക പഠനങ്ങള്‍ തെളിയിച്ചിരിക്കു ന്നത്. ആത്മീയ പരിശീലനത്തിലൂടെ ഒരു വ്യക്തി കൈവരിക്കേണ്ട പത്ത് നേട്ടങ്ങളെ ഈജിപ്ഷ്യന്‍ മിസ്റിക്കുകള്‍ അക്കമിട്ടു പറയുന്നുണ്ട്. പരിശുദ്ധ റംസാന്‍ വ്രതാനുഷ്ഠാനത്തിന്റെ ദിവസങ്ങളില്‍ ഈ നേട്ടങ്ങള്‍ ഏതളവില്‍ കൈവരിക്കാന്‍ കഴിഞ്ഞു എന്നൊരാത്മപരിശോധന നടത്താന്‍ ആ പത്തു നേട്ടങ്ങളുടെ പട്ടിക പരിശോധിക്കുന്നത് നന്നായിരി ക്കും.
1) ചിന്തയുടെ - അഥവാ വിചാരങ്ങളുടെ നിയന്ത്രണം
2) പ്രവര്‍ത്തിയുടെ നിയന്ത്രണം
3) ഉദ്ദേശലക്ഷ്യങ്ങളില്‍ ഉറച്ചു നില്‍ക്കുക
4)ഇപ്പോഴത്തേതിലും ഉന്നതമായ ആദര്‍ശലക്ഷ്യ ങ്ങളുമായി സാമ്യം പ്രാപിക്കല്‍
5)നമ്മുടെ ജീവിതത്തില്‍ ഒരുന്നത ലക്ഷ്യം പുലര്‍ത്തുന്നുവെന്നു നമ്മളെയും മറ്റുളളവരെയും ബോദ്ധ്യപ്പെടുത്തുക
6) ആത്മീയ സത്യങ്ങളിലേക്കുളള ഉള്‍ക്കാഴ്ച പ്രാപിക്കല്‍
7)നമുക്കെതിരായി മറ്റു വ്യക്തികള്‍ തെറ്റുചെയ്യു മ്പോള്‍ അവരോട് അമര്‍ഷം പ്രകടിപ്പിക്കാതി രിക്കാനുളള കഴിവ് ആര്‍ജിക്കല്‍. ആത്മീയതയുടെ ഭാഷയില്‍ ധീരത എന്നതു കൊണ്ടര്‍ഥമാക്കുന്നത് ഈ കഴിവിനെയാണ്.
8) താന്‍ സ്വയം പഠിക്കുന്നവനും മറ്റുളളവരെ പഠിപ്പിക്കാന്‍ യോഗ്യനുമാണെന്ന ആത്മാഭിമാനം വര്‍ധിപ്പിക്കല്‍
9) മുന്‍വിധികളില്‍ നിന്നു മുക്തിനേടി പുതിയ അറിവുകളെ ഉള്‍ക്കൊളളാനുളള സന്നദ്ധത പ്രാപിക്കല്‍
10) ജീവിതത്തില്‍ ഏതു സമയവും സംഭവിച്ചേ ക്കാവുന്ന ഏതുമാറ്റങ്ങളേയും സന്തോഷത്തോടെ സ്വീകരിക്കുന്നതിനു കഴിവുനേടല്‍
ഈജിപ്ഷ്യന്‍ മരുഭൂമിയിലെ സന്യാസിമാ രെന്നതുപോലെ ഭാരതീയ ഋഷീശ്വരന്മാരും ഏറെ അധ്വാനിച്ചു ദീര്‍ഘകാലം തപസ്സനുഷ്ഠിച്ച് സ്വാംശീകരിച്ച ആത്മീയ സാധനകളുടെ സംഗ്രഹ മാണ് മേല്‍പ്പറഞ്ഞ പ്രമാണങ്ങള്‍. ഈ പത്തുപ്രമാ ണങ്ങളുടെ മറ്റൊരു രൂപമാണ് ദൈവം മോശയ്ക്കു തൌറാത്തിലൂടെ നല്‍കിയ പത്തുകല്‍പ്പനകള്‍. ആ പത്തു കല്‍പനകളെ യേശുക്രിസ്തു സുവിശേഷ ങ്ങളില്‍ (ഇഞ്ചില്‍) മനുഷ്യരാശിയുടെ സൌകര്യാര്‍ഥം കൂടുതല്‍ ലളിതവത്കരിച്ചു. രണ്ടെണ്ണമാക്കി സംഗ്രഹിച്ചു. 1) ദൈവത്തെ മാത്രം ആരാധിക്കുക. 2) നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക. ഇവയാണ് ആ രണ്ടെണ്ണം. മനുഷ്യ ചരിത്രത്തിലെ സവിശേഷ മുഹൂര്‍ത്തത്തിലാണ് പ്രവാചകന്‍ മുഹമ്മദ് മുഖേന മേല്‍ സൂചിപ്പിച്ച പ്രമാണങ്ങളുടെ വിപുലീകരിച്ചതും ഒപ്പം ലളിതവത്കരിച്ചതുമായ തത്വങ്ങള്‍ പരിശുദ്ധ ഖുര്‍ആനിലൂടെ ലേകത്തിന് നല്‍കിയത്. ബുദ്ധിപരമായ ഔന്നിത്യം പ്രാപിച്ചവര്‍ മാത്രമല്ല ഏതു നിലവാരത്തിലുളള ഏതു മനുഷ്യരും ആദ്ധ്യാത്മിക ജീവിതത്തിന്റെ ആഹ്ളാദാനുഭവങ്ങള്‍ അനുഭവിക്കാന്‍ പ്രാപ്തിനേടണം എന്ന സന്ദേശം പരിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നു. ഇതിനായി ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്ന സുപ്രധാനമായ ഒരു മാര്‍ഗമാണ് റംസാന്‍ മാസത്തിലെ മുറതെറ്റാതെയുളള വ്രതാനുഷ്ഠാനം. ആ വിശുദ്ധ ദിവസങ്ങളിലേക്കു പ്രവേശിക്കുന്ന മുസ്ലിം സഹോദരങ്ങള്‍ക്ക് ഊഷ്മളമായ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കട്ടെ.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top