ചാരസുന്ദരി

റഹ്മാന്‍ മുന്നൂര് No imageചിത്രീകരണം: നൗഷാദ് വെള്ളിലശ്ശേരി

കാഴ്ച പതിമൂന്ന്
മരുഭൂമി മധ്യത്തില്‍ വിരുന്നിനുവേണ്ടി പ്രത്യേകം സജ്ജമാക്കിയ മൈതാനം. മുകളില്‍, തെളിഞ്ഞ ആകാശത്ത് പൂര്‍ണ ചന്ദ്രന്‍ ജ്വലിച്ചു നില്‍ക്കുന്നു. താഴെ, മണലില്‍ നിരനിരെ നാട്ടിയ ഒരായിരം പന്തങ്ങള്‍ നക്ഷത്രങ്ങളെ പോലെ മിന്നി. നിലാവും പന്തങ്ങളും ചേര്‍ന്നൊരുക്കിയ പ്രകാശപ്രളയത്തില്‍ മരുഭൂമി പാല്‍കടലായി. വെളിച്ചത്തിനുമേല്‍ വെളിച്ചം എന്ന് പറഞ്ഞപോലെ.
ആ പ്രകാശപ്രളയത്തില്‍ മുങ്ങിക്കുളിച്ച് രണ്ടായിരത്തോളം പടയാളികള്‍ സഫ്ഫുകളായി ഇരുന്നു. അവര്‍ക്ക് മുമ്പില്‍, അമീര്‍ നാജിയും മറ്റു പ്രമുഖരും അവരവരുടെ ഇരിപ്പിടങ്ങളില്‍ ഉപവിഷ്ടരായിരിക്കുന്നു.  സലാഹുദ്ദീന്‍ അയ്യൂബിയുടെ ആഗമനം പ്രതീക്ഷിച്ചിരിക്കുകയാണ് അവര്‍.
പൊടുന്നനെ മൈതാനത്തിന്റെ ഒരറ്റത്ത് നിന്ന് വിളംബരക്കാരന്റെ ശബ്ദം മുഴങ്ങി.
'ഇസ്‌ലാമിന്റെ കാവല്‍ ഭടനും ഈജിപ്തിന്റെ ഗവര്‍ണറും സര്‍വ സൈന്യാധിപനുമായ അമീര്‍ സലാഹുദ്ദീന്‍ ഇബ്‌നു യൂസുഫ് അല്‍അയ്യൂബി ഇതാ സമാഗതനായിരിക്കുന്നു.
അതോടെ അന്തരീക്ഷം ഭേദിച്ചുകൊണ്ട് ''സലാഹുദ്ദീന്‍ അയ്യൂബി സിന്ദാബാദ്''എന്ന മുദ്രാവാക്യം ഉയര്‍ന്നു.
 മൈതാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നീണ്ടുകിടന്ന ചുവപ്പ് പരവതാനിയിലൂടെ, തന്റെ വിശ്വസ്തനായ സഹായി അലിയ്യുബ്‌നു സുഫ്‌യാന്റെ കൂടെ അമീര്‍ സലാഹുദ്ദീന്‍ നൃത്തവേദിയുടെ മുമ്പിലേക്ക് നടന്നു നീങ്ങി. ഇരുവശങ്ങളില്‍ നിന്നും ഭടന്മാര്‍ പൂക്കള്‍ വാരിയെറിഞ്ഞും സുഗന്ധങ്ങള്‍ തളിച്ചും അദ്ദേഹത്തെ ആവേശപൂര്‍വം വരവേറ്റു.
അവര്‍ സദസ്സിന്റെ മുന്നിലെത്തി. അമീര്‍ നാജിക്കും മറ്റു പ്രമുഖര്‍ക്കും ഹസ്തദാനം ചെയ്ത ശേഷം തങ്ങള്‍ക്കു വേണ്ടി പ്രത്യേകം ഒരുക്കിയ  ഇരിപ്പിടങ്ങളില്‍ ഉപവിഷ്ടരായി.
പെട്ടെന്ന്, ഇരുവശങ്ങളില്‍ നിന്ന് നാലു പടക്കുതിരകള്‍  അവരുടെ മുമ്പിലേക്ക് കുതിച്ചുവന്നു. ഓരോന്നിന്റെയും പുറത്ത് ആയുധധാരികളായ ഓരോ പടയാളികള്‍ ഇരുന്നിരുന്നു. കുതിരകള്‍ സലാഹുദ്ദീന്റെ തൊട്ടുമുമ്പില്‍ വന്നുനിന്ന് മുന്‍കാലുകള്‍ ഉയര്‍ത്തി പിന്‍കാലുകളില്‍ ബാലന്‍സ് ചെയ്ത് നിന്ന് അദ്ദേഹത്തിന് അഭിവാദ്യമര്‍പ്പിച്ചു. പിന്നെ ഭടജനങ്ങളുടെ ഭാഗത്തേക്ക് തിരിഞ്ഞുനിന്ന് അതാവര്‍ത്തിച്ചു. കുതിരകളുടെ അഭിവാദ്യത്തിന് മറുപടിയായി ഉച്ചത്തില്‍ കരഘോഷമുയര്‍ന്നു.
അതോടെ  പടയാളികളുടെ കായികാഭ്യാസ പ്രകടനങ്ങള്‍ക്ക് തുടക്കമായി. വിസ്മയിപ്പിക്കുന്ന ആയോധന വിദ്യകളും അമ്പരപ്പിക്കുന്ന മെയ്യഭ്യാസങ്ങളും ഉദ്വേഗം ജനിപ്പിക്കുന്ന മല്ല യുദ്ധങ്ങളും അവര്‍ കാഴ്ച വെച്ചു. ഭടജനങ്ങള്‍ അവരെ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. അമീര്‍ നാജിയുടെ മുഖത്ത് അഭിമാനത്തിന്റെ തിളക്കം. സലാഹുദ്ദീന്റെ മുമ്പില്‍ തന്റെ പട്ടാളത്തിന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ച് വെറുതെ ഒന്ന് ഞെളിയുക മാത്രമായിരുന്നില്ല അയാളുടെ ലക്ഷ്യം. മറിച്ച് തന്റെ സൈനിക ശക്തി കാണിച്ച് അദ്ദേഹത്തെ ഒന്ന് വിരട്ടുകയെന്ന ഗൂഢമായ മറ്റൊരുദ്ദേശ്യം കൂടി നാജിക്ക് ഉണ്ടായിരുന്നു.
സൈനികരുടെ ഓരോ അഭ്യാസപ്രകടനങ്ങളെയും സലാഹുദ്ദീന്‍ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. നാജിയെ അത് അഭിമാന പുളകിതനാക്കി.
നാജി: എന്തു പറയുന്നു അമീര്‍, നമ്മുടെ പട്ടാളത്തെപ്പറ്റി?
സ.അ: നല്ല മിടുക്കും മെയ്കരുത്തുമുള്ള പടയാളികള്‍. മികച്ച പരിശീലനമാണ് താങ്കള്‍ അവര്‍ക്ക് നല്‍കിയിരിക്കുന്നത്.
നാജി: രണ്ടായിരം പടയാളികളേ ഇവിടെ വന്നിട്ടുള്ളൂ. മൊത്തം അമ്പതിനായിരമുണ്ട്. എല്ലാവരും ഇത് പോലെ മിടുക്കരാണ്. ഏത് യുദ്ധവും ഇവര്‍ അനായാസം ജയിക്കും.
സ.അ: ജയിക്കണം. അതാണല്ലോ സൈന്യത്തിന്റെ കര്‍ത്തവ്യം.
നാജി: കുരിശു യോദ്ധാക്കളെ നേരിടാന്‍ നമുക്ക് ഈ സൈന്യം തന്നെ അധികമാണ്.
സ.അ: താങ്കളുടെ സൈന്യം സുശക്തമാണെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. ഫക്ഷേ, ആയോധനപാടവം കൊണ്ട്  മാത്രം ഒരു സൈന്യത്തിനും യുദ്ധങ്ങള്‍ ജയിക്കുക സാധ്യമല്ല. അതിന്  പതറാത്ത ആത്മവീര്യം ആവശ്യമാണ്.
നാജി: ആത്മവീര്യത്തിലും ഒട്ടും പിറകിലല്ല നമ്മുടെ സൈന്യം.
സ.അ: സന്തോഷം. നമുക്ക് കാണാമല്ലോ.
അഭ്യാസപ്രകടനങ്ങള്‍ക്ക് വിരാമം കുറിച്ച് സൈനികര്‍ പിന്‍വാങ്ങി.സദ്യക്ക് സമയമായതായി വിളംബരമുയര്‍ന്നു. സൈനികര്‍ ഇരിപ്പിടങ്ങളില്‍ നിന്ന് ഉത്സാഹത്തോടെ ചാടിയെണീറ്റു.
കാഴച പതിനാല്
മദ്യക്കോപ്പകള്‍ കൈയില്‍ പിടിച്ച് വരിവരിയായി നില്‍കുന്ന പടയാളികള്‍ക്കിടയിലൂടെ വിളമ്പുകാര്‍ മണ്‍കുടങ്ങളുമായി ഓടി നടന്ന് മദ്യം നിറച്ച് കൊടുക്കുകയാണ്. ആര്‍ത്തിയോടെ വീണ്ടും വീണ്ടും മദ്യം വാങ്ങിക്കുടിക്കുന്ന പടയാളികളുടെ തിക്കും തിരക്കും. അത് പതുക്കെ പതുക്കെ കശപിശയായി വളരുന്നു. നാജിയും മറ്റു പടത്തലവന്മാരും പടയാളികളെ അടക്കിയിരുത്താന്‍ പാടുപെടുന്നു. സലാഹുദ്ദീനും അലിയ്യുബ്‌നു സുഫ്‌യാനും അല്‍പം ദൂരെ മാറി നിന്ന് പടയാളികളുടെ ആക്രാന്തങ്ങള്‍ വീക്ഷിക്കുയാണ്.
അ.സു: ഹൗ! എന്തൊരാക്രാന്തം. ക്ഷമയും അച്ചടക്കവും ഒട്ടുമില്ലാത്ത വര്‍ഗം. ഈ പട്ടാളത്തെകൊണ്ട് ഒരു യുദ്ധവും ജയിക്കാനാവില്ല.
സ.അ: അവരെ പഴിച്ചിട്ട് കാര്യമില്ല. അവര്‍ക്ക് കിട്ടിയ പരിശീലനത്തിന്റെ കുഴപ്പമാണ്. ശരിയായ ശിക്ഷണം കൊടുത്ത് അവരെ നല്ല വഴിയിലേക്ക് കൊണ്ടുവരണം.
. കാഴ്ച പതിനഞ്ച്
നൃത്തവേദിയുടെ മുമ്പില്‍ കൊളുത്തിയിട്ട തിരശ്ശീല സാവധാനം ഇരുവശങ്ങളിലേക്കും ചുരുണ്ടൊതുങ്ങി. വേദിയുടെ ഒത്ത നടുക്ക് അസാധാരണ വലിപ്പമുള്ള മനോഹരമായൊരു പൂമൊട്ട്. രണ്ട് കോമള രൂപിണികളായ യുവതികള്‍ അലസമായ ചുവടുവെപ്പുകളോടെ പ്രവേശിച്ച്, പൂമൊട്ടിന്റെ അടുത്ത് വന്നു നിന്ന് അതിന്റെ ഇതളുകള്‍ ഓരോന്നായി സാവധാനത്തില്‍ വിടര്‍ത്തി. ഒരു യുവതിയുടെ അഴകുറ്റ മുഖം അതില്‍ തെളിഞ്ഞുവന്നു.  ഹൃദ്യമായൊരു മന്ദസ്മിതത്തോടെ അവള്‍ എഴുന്നേറ്റപ്പോള്‍ കാണികള്‍ അത്യുച്ചത്തില്‍ കൈയടിച്ചു. അവള്‍ കൈകള്‍ ഉയര്‍ത്തി എല്ലാവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചു.
നാജിയുടെ മുഖത്ത് ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും തിളക്കം. സലാഹുദ്ദീന്‍ അയ്യൂബിയുടെ അടുത്തേക്ക് നീങ്ങിയിരുന്നുകൊണ്ട് അദ്ദേഹം പറഞ്ഞു:
നാജി: ദകൂയി എന്നാണ് അവളുടെ പേര്.
സ.അ: കൊട്ടാരം നര്‍ത്തകിയാണല്ലേ?
നാജി: അടുത്തിടെ വന്നതാണ്. ഞാന്‍ വാങ്ങിയതാണ്, അലക്‌സാണ്ട്രിയയിലെ ഒരു കച്ചവടക്കാരനില്‍ നിന്ന്.
സ.അ: അഴകുള്ള പെണ്‍കുട്ടി.
നാജി: നല്ല ഗായികയാണ്. സംഭാഷണമോ അതിമധുരം. കേട്ടാല്‍ ആരും മതിമറന്ന് ഇരുന്നു പോകും.
അലിയ്യുബ്‌നു സുഫ്‌യാന്‍ നാജി കേള്‍ക്കാതെ സലാഹുദ്ദീന്റെ കാതില്‍ മന്ത്രിച്ചു.
അ.സു: നാജിയെ അവള്‍ മയക്കും. അതുറപ്പ്.
സലാഹുദ്ദീന്‍ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. നാജി പിന്നെയും എന്തോ പറയാന്‍ തുനിഞ്ഞു. അപ്പോഴേക്കും ദകൂയി പാടാന്‍ തുടങ്ങി. സദസ്സ് പെട്ടെന്ന് നിശബ്ദമായി. ദകൂയിക്കൊപ്പം മറ്റു രണ്ടു യുവതികളും അടിവെച്ച് നൃത്തം തുടങ്ങി. സാംരംഗിയുടെയും ഷഹനായിയുടെയും പശ്ചാത്തല സംഗീതം അതിന് കൊഴുപ്പ് പകര്‍ന്നു. ഇരു വശങ്ങളിലൂടെ ഇരുപതോളം യുവതികള്‍ കൈകളില്‍ ദഫ്ഫുകളുമായി പ്രവേശിച്ച് വേദിയുടെ പിന്‍നിരയില്‍ വരിവരിയായി നിന്ന് ദഫ്ഫടിച്ച് അവര്‍ക്ക് പിന്തുണ നല്‍കി.
ദകൂയിയുടെ മാദക സൗന്ദര്യവും കാമോദ്ദീപകമായ അംഗ ചലനങ്ങളും കാണികളായ പടയാളികളെ ഉത്തേജിതരാക്കി. നേരത്തെ തന്നെ മദ്യലഹരിയായിരുന്ന അവര്‍ ആര്‍ത്ത്  വിളിച്ചും ചൂളമടിച്ചും ഇളകി മറിഞ്ഞു. നാജിയും മറ്റു ഉദ്യോഗസ്ഥരും ഹരം പിടിച്ച് നൃത്തം ആസ്വദിക്കുകയാണ്. സലാഹുദ്ദീനും അലിയ്യുബ്‌നു യൂസുഫും വിസ്മയപൂര്‍വം ആ കാഴ്ച നോക്കി നിന്നു.
സ.അ: മദ്യവും മദിരാക്ഷിയും ഒത്തുചേര്‍ന്നാല്‍ പിന്നെ അവ ഉണ്ടാക്കാത്ത നാശങ്ങളില്ല. കൊടും പിശാചുക്കളാണ് രണ്ടും.
അ.സു: ഞാന്‍ ആലോചിക്കുകയാണ്. ഈ പട്ടാളക്കാരുടെ കൈകളില്‍ സ്ത്രീകള്‍ എങ്ങനെ സുരക്ഷിതരായിരിക്കും? ഇവര്‍ കടന്നുചെല്ലുന്ന പട്ടണങ്ങളില്‍ എന്തൊക്കെ അതിക്രമങ്ങളായിരിക്കും ജനങ്ങള്‍ക്ക് നേരിടേണ്ടി വരിക?
സ.അ: എന്തായാലും കാണേണ്ടത് കണ്ടു. അറിയേണ്ടത് അറിയുകയും ചെയ്തു. ഇനി നമുക്ക് പോകാം.
സലാഹുദ്ദീനും അലിയ്യുബ്‌നു സുഫ്‌യാനും പോകാനായി എഴുന്നേറ്റു.
നാജി: അമീര്‍ പോവുകയാണോ? എന്തേ ഇത്ര പെട്ടെന്ന്?
സ.അ: ഒന്നുമില്ല. കൂടാരത്തില്‍ ചെന്നിട്ട് ചില ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട്. നൃത്തവും സംഗീതവും തുടരട്ടെ. സുബ്ഹിക്ക് വീണ്ടും കാണാം. അസ്സലാമു അലൈക്കും.
നാജി: വ അലൈക്കുമുസ്സലാം.
സലാഹുദ്ദീനും അലിയ്യുബ്‌നു സുഫ്‌യാനും കൂടാരം ലക്ഷ്യമാക്കി നടന്നു.

കാഴ്ച പതിനാല്
നൃത്ത വേദിക്ക് പുറത്ത് കാത്തുനിന്ന കുതിരകളുടെ അടുക്കല്‍ അവരെത്തി. അവര്‍ കുതിരപ്പുറത്ത്  കയറാന്‍ ഒരുങ്ങവെ നാജി ധൃതിപ്പെട്ടു  അവിടേക്കു വന്നു. അലിയ്യുബ്‌നു സുഫ്‌യാന്‍ അദ്ദേഹത്തെ കണ്ടു.
അ.സു: ദേ... നാജി.
സലാഹുദ്ദീന്‍ നാജിയെ കണ്ട് ജിജ്ഞാസപ്പെട്ട,്
സ.അ: ഓ. എന്താവും കാര്യം?
നാജി അപ്പോഴേക്കും അവരുടെ അടുത്തെത്തി.
നാജി: അമീര്‍ ഒരു പ്രധാനകാര്യം പറയാന്‍ മറന്നു.
സ.അ: പറയൂ.എന്താണ്?
നാജി: ആ നര്‍ത്തകിയില്ലേ? ദകൂയി, അവള്‍ക്ക് അടിയന്തരഹമായി താങ്കളെ ഒന്ന് കാണണം. ഇന്ന് രാത്രി തന്നെ.കൂടാരത്തിലേക്ക് വരാന്‍ അവള്‍ താങ്കളുടെ സമ്മതം ചേദിച്ചിരിക്കുന്നു.
 അ.സു:  രാത്രി പറ്റുകയില്ല.നാളെ രാവിലെ വന്ന് കാണാന്‍ പറയൂ.
നാജി: അവള്‍ പറയുന്നത് ഇന്ന് രാത്രി തന്നെ  കാണണം എന്നാണ.് അതിന് കുഴപ്പമെന്നുമില്ല. അവള്‍ നല്ല കുട്ടിയാണ.്താങ്കളുടെ വലിയ ആരാധകയാണ്. നടപടി ദൂഷ്യങ്ങള്‍ ഒന്നുമില്ല. എനിക്ക് നന്നായറിയാം. അവളെയും അവളുടെ കുടുംബത്തെയും.  
സ.അ: എന്തായാലും നാളെ വരാന്‍ പറയൂ.
നാജി: അവള്‍ വല്ലാതെ നിര്‍ബന്ധം പിടിക്കുന്നു ഇന്ന് രാത്രി തന്നെ കാണണമെന്ന്. താണുകേണു പറഞ്ഞപ്പോള്‍ ഞാനങ്ങു വാക്കുകൊടുത്തു പോയി.
സ.അ: എന്താണ് അവള്‍ക്ക് പറയാനുള്ളത്?
നാജി: അത് ഞാന്‍ ചോദിച്ചില്ല. അവള്‍ പറഞ്ഞുമില്ല. ഒരുപക്ഷേ, വളരെ ഗൗരവപ്പെട്ട കാര്യമാവാം. ഇന്ന് രാത്രി തന്നെ പറയേണ്ടതാവാം.
സ.അ: ശരി, നൃത്തപരിപാടി കഴിഞ്ഞ ശേഷം അവളോട് കൂടാരത്തിലേക്ക് വരാന്‍ പറയുക.
നാജി: നന്ദി അമീര്‍. എന്നാല്‍ ഞാന്‍ പോകട്ടെ.
സലാഹുദ്ദീന് ഹസ്തദാനം ചെയ്ത് നാജി പോകുന്നു. ഒരു ഘോരയുദ്ധം ജയിച്ച ആഹ്ലാദമുണ്ട് അയോളുടെ മുഖത്ത്. സലാഹുദ്ദീനും അലിയ്യുബ്‌നു സുഫ്‌യാനും കുതിരപ്പുറത്ത് കയറി കൂടാരത്തിലേക്ക്.
കാഴ്ച പതിനഞ്ച്
കൂടാരത്തിലെത്തിയ സലാഹുദ്ദീന്‍ അസ്വസ്ഥനാണ്. വിരുന്നിന്റെ വേദിയില്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ അദ്ദേഹത്തിന് വിശ്വസിക്കാനേ ആവുന്നില്ല. ഇസ്‌ലാമിന്റെ കാവല്‍ക്കാരാകേണ്ട മുസ്‌ലിം സൈന്യത്തിന്റെ ജീര്‍ണിപ്പ് താന്‍ പ്രതീ
ക്ഷിച്ചതിലും അപ്പുറമാണ്. ഈ സൈന്യത്തെയും കൊണ്ട് എങ്ങനെയാണ് കുരിശുപടയെ നേരിടുക? ഇതാണ് അദ്ദേഹത്തെ മഥിക്കുന്ന ദുഃഖം. അദ്ദേഹം ബൂട്ടുകള്‍ അഴിച്ച് ഒരു മൂലയിലേക്ക് എറിഞ്ഞു. വാള്‍ അരയില്‍ നിന്നൂരി കൂടാരത്തിന്റെ ചുമരില്‍ തൂക്കിയിട്ടു. തലപ്പാവ് എടുത്ത് പീഠത്തില്‍ വെച്ചു. അലിയ്യുബ്‌നു സുഫ്‌യാന്‍ തോല്‍പാത്രത്തില്‍ നിന്ന് വെള്ളമെടുത്ത് രണ്ടു കോപ്പകളില്‍ നിറച്ചു. അതിലൊന്ന് സലാഹൂദ്ദീന് നീട്ടി. അതു വാങ്ങി വലിച്ചു കുടിച്ച് കോപ്പ വീണ്ടും നീട്ടിക്കാണിച്ചു. വെള്ളം കോപ്പയിലേക്ക് പകരുന്നതിനിടയില്‍ അലിയ്യുബ്‌നു സുഫ്‌യാന്‍ അഭിപ്രായപ്പെട്ടു.
അ.സു: പട്ടാളത്തില്‍ ഒരു ശുദ്ധീകരണം അത്യാവശ്യമാണ്. ഒന്നുകില്‍ നാജിയെ നിലനിര്‍ത്തിക്കൊണ്ട്. അല്ലെങ്കില്‍ അയാളെ പുറത്താക്കിക്കൊണ്ട്. രണ്ടായാലും വേണ്ടില്ല.
സ.അ: രണ്ടുമല്ലാത്ത മൂന്നാമതൊരു മാര്‍ഗമില്ലേ?
അ. സു: എന്റെ തലയില്‍ ഒന്നും തോന്നുന്നില്ല...
സ.അ: ഒരാശയം തോന്നുന്നു.  
അ.സു: എന്താണ്?
സ.അ: നമ്മുടെ ഈജിപ്ഷ്യന്‍ സൈന്യം നിലവില്‍ വന്ന ശേഷം നാജിയുടെ സുഡാനി സൈന്യത്തെ അതില്‍ ലയിപ്പിക്കുക്കുക.
അ.സു: അങ്ങനെ നമ്മുടെ സൈന്യത്തിലൂടെ സുഡാനി സൈന്യത്തെ സംസ്‌കരിക്കുക. ഒപ്പം നാജിക്ക് സുഡാനി സൈന്യത്തിന്റെ മേലുള്ള അധികാരം ഇല്ലാതാക്കുകയും. നല്ല ആശയം. ഒരു വെടിക്ക് രണ്ട് പക്ഷി.
സ.അ: ദൈവഭയവും ആത്മവീര്യവുമുള്ള സൈന്യത്തെയാണ് നമുക്ക് ആവശ്യം. പുതുതായി റിക്രൂട്ട് ചെയ്യുന്ന പടയാളികള്‍ക്ക് ആയോധന പരിശീലനത്തോടൊപ്പം ഇസ്‌ലാമിക ശിക്ഷണം കൂടി നല്‍കുവാന്‍ ഏര്‍പ്പാട് ചെയ്യണം. അല്‍ അസ്ഹര്‍ സര്‍കലാശാലയിലെ  പണ്ഡിതന്മാരുടെ സേവനം അതിനായി ഉപയോഗപ്പെടുത്തണം.  പണ്ഡിതന്മാരുടെയും സൂഫി വര്യന്മാരുടെയും സഹകരണവും ഉപദേശങ്ങളും നമുക്ക് വിലപ്പെട്ടതാണ്.
അ.സു: ശരി അമീര്‍. എല്ലാം ഏര്‍പ്പാട് ചെയ്യാം.  എന്നാല്‍ ഞാന്‍ വരട്ടെ.
 സലാഹുദ്ദീന്‍: ശരി. ആ നര്‍ത്തകി പെണ്‍കുട്ടി വന്നാല്‍  അകത്തേക്ക് കടത്തിവിടാന്‍ പാറാവുകാരോട് പറയുക.
അലിയ്യുബ്‌നു സുഫ്‌യാന്‍ സലാം ചൊല്ലി പുറത്ത് കടന്നു.
                
                (തുടരും)
    
    

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top