പൂക്കള്‍ വസന്തമൊരുക്കുമ്പോള്‍ നേട്ടം കൊയ്ത് ഹെലന്‍ ഡേവി

കെ.എസ് വിജയന്‍ No image

പുഷ്പ കൃഷിയില്‍ വര്‍ണവസന്തം വിരിയിച്ച് ആന്തൂറിയവും ഓര്‍ക്കിഡുമെല്ലാം നട്ടു വളര്‍ത്തിയപ്പോള്‍ വീട്ടമ്മയായ ഹെലന്‍ ഡേവിക്ക് അതൊരു അലങ്കാരം മാത്രമല്ല മികച്ച വരുമാന മാര്‍ഗവുമായി. വൈപ്പിന്‍ കരയില്‍ നിന്ന് വിവാഹിതയായി ത്രിപ്പൂണിത്തറ ടൌണിലെ മാര്‍ത്തോട്ടത്ത് വീട്ടിലെത്തിയ ഹെലന്‍ ഡേവി വീട്ടുവളപ്പിലൊരുക്കിയ അലങ്കാര പൂകൃഷി നഗരത്തില്‍ തന്നെ ശ്രദ്ധേയ സംരംഭമാകുകയായിരുന്നു. ഓര്‍ക്കിഡ്, ആന്തൂറിയം ചെടികളില്‍ വൈവിധ്യമാര്‍ന്ന മുപ്പതോളം ഇനങ്ങള്‍ കൃഷി ചെയ്യുന്നതോടൊപ്പം പൂക്കളും ചെടികളും വില്‍പന നടത്തിയും ഹെലന്റെ തൃപ്പൂണിത്തറയിലെ 'ഗ്ളോറിയ ബയോടെക്ക്' എന്ന സ്ഥാപനം വിജയപാതയില്‍ മുന്നേറുകയാണ്. കുട്ടിക്കാലം മുതല്‍ പൂക്കളോടുള്ള ഇഷ്ടം മനസ്സില്‍ കാത്തു സൂക്ഷിച്ച ഹെലന്‍ വളരുന്തോറും അതിന്റെ സാക്ഷാത്ക്കാരത്തിനായി പ്രയത്നിച്ചത്തിന്റെ ഫലമാണ് 'ഗ്ളോറിയോ ബയോടെക്ക്'. ഏതാനും ഇനം ആന്തൂറിയം ചെടികള്‍ നട്ടാരംഭിച്ച പുഷ്പകൃഷി വൈവിധ്യവത്ക്കരിച്ച് ഓര്‍ക്കിഡ് ഉള്‍പ്പെടെ ഒട്ടനേകം ഇനങ്ങളിലായി ഏതാവശ്യക്കാര്‍ക്കും വേണ്ട അറേഞ്ച്ഡ് ഫ്ളവേഴ്സ് വിതരണത്തിന് തയ്യാറാക്കുന്നതില്‍ പതിനാലു കൊല്ലത്തെ കഠിന പരിശ്രമവും അനുഭവപാഠവും നിരീക്ഷണവും കൊണ്ട് ഈ വീട്ടമ്മ പ്രാപ്തയായിരിക്കുന്നു.
പൂക്കളുടെ ഗുണമേന്മ ഉറപ്പാക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാന്‍ ഈ വീട്ടമ്മ തയ്യാറല്ല. അതുകൊണ്ടു തന്നെയാണ് കൊച്ചി റിഫൈനറി അടക്കമുള്ള നിരവധി സ്ഥാപനങ്ങളും പള്ളികളും സ്വകാര്യ വ്യക്തികളുമെല്ലാം പൂക്കള്‍ക്ക് വേണ്ടി 'ഗ്ളോറിയ ബയോടെക്കി'ലെത്തുന്നത്. ഉപഭോക്താക്കളുടെ സംതൃപ്തിയും വിശ്വാസവുമാണ് കൂടുതല്‍ ഉത്തരവാദിത്തത്തോടെ പുഷ്പാലങ്കാരങ്ങള്‍ വ്യാപരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഹെലന്‍ ഡേവി പറയുന്നു. വിവാഹാവശ്യങ്ങള്‍ക്കും പള്ളി അലങ്കാരങ്ങള്‍ക്കും എമര്‍ജന്‍സിയായി മരണാവശ്യങ്ങള്‍ക്കും കല്ലറകളില്‍ വെക്കുന്നതിനും മറ്റുമായി ഹെലന്റെ പൂക്കള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.
കൊച്ചി റിഫൈനറിയില്‍ മത്സരസ്വഭാവമുള്ള കരാര്‍ പ്രകാരമാണ് അഞ്ചുകൊല്ലമായി ഹെലന്‍ പുഷ്പാലങ്കാരങ്ങള്‍ എത്തിച്ചു കൊടുക്കുന്നത്. 250 രൂപ വിലയുള്ള 20 ഫ്ളവര്‍ പോട്ടുകള്‍ (അറേഞ്ച്ഡ് ഫ്ളവേഴ്സ്) ഒരാഴ്ചയില്‍ രണ്ടു ഘട്ടങ്ങളിലായി വിതരണം ചെയ്തു വരുന്നതാണ് പ്രധാന രീതി. ശാസ്ത്രീയമായ പൂ കൃഷിയിലും പുഷ്പാലങ്കാരത്തിലും കൃഷിവകുപ്പിന്റെ പരിശീലനമുള്‍പ്പെടെയുള്ള അനുഭവ സമ്പത്തുമായി പതിനേഴായിരം രൂപയുടെ സര്‍ക്കാര്‍ ധനസഹായവുമായാണ് ഹെലന്‍ ആന്തൂറിയം കൃഷി തുടങ്ങുന്നത്. ഇതോടൊപ്പം തന്നെ കൂണ്‍ കൃഷിയിലും വെര്‍മി കമ്പോസ് നിര്‍മാണത്തിലും ഹെലന്‍ മുന്‍നിരയിലുണ്ട്. പുഷ്പകൃഷിക്ക് ജൈവവളമാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. സ്വന്തം ആവശ്യത്തിന് വളം ലഭ്യമാകുന്നതോടൊപ്പം ജൈവ വളം വിറ്റും വരുമാനമാര്‍ഗം ഉണ്ടാക്കുന്നു. രണ്ടു മാസം കൂടുമ്പോള്‍ 750 കിലോ ജൈവ വളമാണ് ഹെലന്റെ വെര്‍മി കമ്പോസ്റ് ടാങ്കില്‍ നിന്നും കിട്ടുന്നത്. കിലോക്ക് പത്തുരൂപാ നിരക്കില്‍ ഇത് വില്‍ക്കുന്നതിനും ഹെലന് സ്വന്തം കടയുണ്ട്.
പുഷ്പകൃഷിക്കാവശ്യമായ ചെടികള്‍ ബാഗ്ളൂരില്‍ നിന്നാണ് വാങ്ങുന്നത്. ഒരു ടിഷ്യൂ ബോട്ടിലില്‍ പതിനഞ്ച് ചെടികളുണ്ടാവും. അമ്പതിനായിരം ബോട്ടിലുകള്‍ ബുക്ക് ചെയ്ത് ഘട്ടം ഘട്ടമായിട്ടാണ് ലഭിക്കുന്നത്. ഒരു ടിഷ്യൂ ബോട്ടിലിന്റെ വില 150 രൂപ യാണ്. പോളി ട്രേകളില്‍ നില്‍ക്കുന്ന ചെടി രണ്ടു മാസങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി നാലു പ്രാവശ്യം പറിച്ചു നട്ടാണ് ചെടിച്ചട്ടിയിലേക്ക് ഒടുവില്‍ മാറ്റി നടുന്നത്. ഈ ഘട്ടം മുഴുവന്‍ പോളി ടെന്റിനകത്ത് തന്നെയാണ് ചെടികള്‍ വളരുക. പ്രത്യേക രീതിയില്‍ ആഴ്ചയില്‍ ഒരു തവണ നനക്കണം. ചകിരിച്ചോറും മണലും വെര്‍മി കമ്പോസ്റും ചേര്‍ന്ന മിശ്രിതം നിറച്ച ചട്ടിയിലാണ് നടുന്നത്. പൂവിടുന്ന 2500 ലധികം ചെടികളാണ് ഹെലന്റെ തോട്ടത്തിലുള്ളത്. ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ട്രോപ്പിക്കല്‍ റെഡ് (രക്തനിറം), കോണ്ടറാസ്, അഗ്നിഹോത്രി, ലിമാ വൈറ്റ്, ഹവായ് ഓറഞ്ച്, മിസോറി ഗ്രീന്‍, പിസ്റാഷെ ഗ്രീന്‍ എന്നിങ്ങനെ ഒട്ടേറെ ഇനം ആന്തൂറിയവും ഡെന്‍ഡ്രോബിയം, ഒന്‍സീഡിയം തുടങ്ങിയ നിരവധി ഓര്‍ക്കിഡുകളും ഹെലന്‍ ഡേവിയുടെ പൂന്തോട്ടങ്ങളില്‍ വര്‍ണ വസന്തം തീര്‍ക്കുന്നു.
പുഷ്പകൃഷിയുടെ ആരംഭകാലത്ത് പൂക്കളുടെ വിപണി ലഭ്യമാക്കുന്നതിലുണ്ടായ പരിചയക്കുറവ് നഷ്ടമുണ്ടാക്കിയെങ്കിലും അനുഭവ പാഠമുള്‍ക്കൊണ്ട് ആന്തൂറിയം സൊസൈറ്റികളുമായും കൃഷിഭവനുമായും കൃഷിക്കാരുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചതോടെ വിപണി സാധ്യതയും പ്രശ്നമല്ലാതായി. പൂക്കളുടെ ഇഞ്ച് വലുപ്പം കണക്കിയാണ് വില. ഏഴ് ഇഞ്ചോളം വരുന്ന വലിയ പൂക്കള്‍ക്ക് പതിനഞ്ചു രൂപ വില കിട്ടും. ചെറിയ പൂവിന് രണ്ടു രൂപയാണ് വില. പൂക്കള്‍ വിടര്‍ന്ന് രണ്ടാഴ്ച കഴിഞ്ഞാല്‍ മുറിച്ചെടുക്കാം. പുഷ്പങ്ങള്‍ അറേഞ്ച് ചെയ്തു കൊടുക്കുന്നതോടൊപ്പം ചെടികളുടെ വില്‍പനയുമുണ്ട്. ഒന്നിന് അമ്പത് രൂപ മുതലാണ് വില.
പൂകൃഷി നടത്താന്‍ ഒരുക്കിയ പ്ളാസ്റിക്ക് ടെന്റിനകത്തു തന്നെ പ്രത്യേകം സൌകര്യപ്പെടുത്തി ഹെലന്‍ കൂണ്‍ കൃഷിയും ചെയ്യുന്നുണ്ട്. പ്രതിദിനം കിട്ടുന്ന അഞ്ച് കിലോ കൂണ്‍ ആവശ്യക്കാര്‍ക്ക് നല്‍ക്കാന്‍ തികയാത്ത അവസ്ഥയാണ് പലപ്പോഴും. ഒരു കിലോക്ക് 200 രൂപയാണ് ഇതിന്റെ വില. കൂണ്‍ മാത്രമല്ല അത്യാവശ്യം വേണ്ട കാബേജ് കോളിഫ്ളവര്‍, തക്കാളി തുടങ്ങിയ പച്ചക്കറികളും ഇടക്കിടെ ഹെലന്‍ കൃഷിചെയ്യുന്നു. ഇതോടൊപ്പം കളര്‍ മെഴുകുതിരിയുടെ നിര്‍മാണത്തിലും ഹെലന്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. വീട്ടുജോലികള്‍ തീര്‍ത്ത ശേഷമാണ് ഹെലന്‍ കൃഷി നടത്താന്‍ സമയം കണ്ടെത്തുന്നത്. അലങ്കാര പുഷ്പങ്ങള്‍ രാത്രിയിലാണ് തയ്യാറാക്കുന്നത്. അതിനാല്‍ ചിലപ്പോള്‍ അര്‍ധരാത്രി വരെ നീണ്ടുനില്‍ക്കും. 2008-ല്‍ എറണാകുളത്ത് നടന്ന സംസ്ഥാന അഗ്രി-ഫെയറില്‍ ചെടികളും പൂക്കളും പ്രദര്‍ശിപ്പിച്ച് ആറിനങ്ങളില്‍ ഹെലന്‍ഡേവി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഇപ്പോള്‍ സമയക്കുറവ് മൂലം പ്രദര്‍ശനങ്ങള്‍ക്കൊന്നും എത്താന്‍ കഴിയാറില്ലെന്ന് അവര്‍ പറയുന്നു. കൃഷിഭവന്‍ സംഘടിപ്പിക്കുന്ന ക്ളാസുകളില്‍ കര്‍ഷകര്‍ക്കുവേണ്ടി അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള അവസരങ്ങള്‍ ഹെലന്‍ ഡേവി പാഴാക്കാറില്ല. സമയക്കുറവ് മൂലം അതും നിലച്ചു. ബിസിനസുകാരനായ കര്‍ത്തേടത്ത് ഡേവിയാണ് ഭര്‍ത്താവ്. കോളേജ് വിദ്യാര്‍ഥികളായ ഡിവിന്‍, ഡെല്‍വിന്‍ എന്നിവര്‍ മക്കളാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top